ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Thursday, September 19, 2013

ഞാനുണ്ടായിരിക്കെ അവൻ ഉണ്ട്‌ എന്നതിനു എനിക്കെന്തിനാ ഇനി മറ്റു തെളിവുകൾ..??

[എഴുതിയത് : സിദ്ദിക്ക് കിഴക്കേതില്‍']

ബസ്‌ സ്റ്റാന്‍ഡില്‍ കൂട്ടുകാരനെ കാത്തിരിക്കുമ്പോൾ ഒരു കയ്യില്ലാത്ത ചെറിയ

പെൺകുട്ടി യാചിച്ച്‌ മുന്നിലേക്ക്‌ വന്നു. ദൈവം എത്ര ക്രൂരൻ!

രണ്ടുകണ്ണും കാണാത്ത ഒരു പിഞ്ചുകുഞ്ഞ്‌ അമ്മയുടെ മടിയിൽ ഇരിക്കുന്നു. ആ
കാഴ്ച്ച കണ്ട്‌ എന്‍റെ ഹൃദയം പിടഞ്ഞു. ദൈവം എത്ര മോശം!

സുന്ദരിയായിരുന്ന സുഹൃത്തിന്‍റെ പിഞ്ചോമന ഞങ്ങളെവിട്ടു പിരിഞ്ഞുപോയി. ദൈവം
ഇല്ലായെന്ന് എനിക്കുറപ്പായി!

ഫേസ്ബുക്കിൽ കാണുന്ന ചില പോസ്റ്റുകളാണിതൊക്കെ. ഇത്തരം പോസ്റ്റുകൾക്ക്‌
ഇഷ്ട്ടക്കാരും പ്രോൽസാഹകരും ഒരുപാട്‌ ഉണ്ടുതാനും..

ഒരാൾക്ക്‌ എന്തൊക്കെ എത്രയൊക്കെ അളവിൽകൊടുക്കണമെന്ന് നല്ല നിശ്ചയമുള്ളവനാണു
ദൈവം. അതിനനുസരിച്ച്‌ കൃത്യമായ അളവിൽ അതവൻ കൊടുക്കും. അതവന്‍റെ ക്രൂരതക്കുള്ള
തെളിവല്ല. അതവന്‍റെ വിശാലമായ കാരുണ്യമാണ്.

എനിക്കറിയാം സംസാരത്തിൽ വിക്കുള്ള ഒരുത്തനെ. വിക്കുണ്ടായിട്ടും മറ്റുള്ളവരെ
പരിഹസിക്കുക എന്നത്‌ അവന്‍റെ ഒരു ഹോബിയാണ്. പലപ്പോഴും ഞാൻ ആലോചിക്കാറുണ്ട്‌
ഇവനു വിക്കുകൂടി ഇല്ലായിരുന്നെങ്കിൽ ഇവനെ സഹിക്കാൻ മറ്റുള്ളവർക്ക്‌
കഴിയില്ലായെന്ന്.

നല്ലപ്പോലെ സംസാരിക്കാൻ കഴിയാത്ത ഒരുത്തനേയും അറിയാം. എന്നാൽ അവൻ പറയുന്ന
വാക്കുക്കൾ അധികവും തെറികളാണ്. അവന്‍റെ ആ തെറിവാക്കുകൾ കേൾക്കുമ്പോഴൊക്കെ
തോന്നാറുണ്ട്‌ ഇവനെങ്ങാനും നല്ലപ്പോലെ സംസാരിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ
മനുഷ്യർക്ക്‌ ഇവൻ അസഹനീയമാകുമായിരുന്നു എന്ന്.

ഗോവിന്ദച്ചാമിമാർക്ക്‌ രണ്ട്‌ കൈകൾക്കൂടി കൊടുത്തിരുന്നുവെങ്കിൽ
എന്താകുമായിരുന്നു?!

അതാണുകാര്യം. ആർക്കേലും വല്ല കുറവുമുണ്ടെങ്കിൽ അത്‌ ദൈവത്തിന്‍റെ കാരുണ്ണ്യമാണ്. വിശാലമായ കാരുണ്ണ്യം. ആ കാരുണ്ണ്യം അവൻ
കാണിച്ചില്ലായിരുന്നുവെങ്കിൽ ഈ ഭൂമിയിലെ ജീവിതം വളരെ പ്രയാസകരമാകുമായിരുന്നു.
അവനറിയുന്നപോലെ കാര്യങ്ങൾ നമുക്കറിയില്ലല്ലോ?

ദൈവത്തെ ശപിച്ച്‌ ക്രൂരനെന്ന് മുദ്ര കുത്തുന്നവർക്ക്‌ മറ്റുള്ളവർക്ക്‌ എന്തേലും കൊടുക്കാൻ കഴിയുമോ?! ഇങ്ങനെ വലിയ വായിൽ സംസാരിക്കാനും പോസ്റ്റിടാനും
അല്ലാതെ. കഴിയില്ല!! ഇനി,
എന്തേലും ഒരു കുറവു മാത്രമാണു ചൂണ്ടിക്കാണിക്കാനുള്ളത്‌. മറ്റല്ലാ
അനുഗ്രഹങ്ങളും ദൈവം കൊടുത്തിട്ടും ഉണ്ട്‌. അതൊന്നും അവരോ നമ്മളോ ഉണ്ടാക്കിയതും
അല്ല. എന്നിട്ടും ആ കുറഞ്ഞ ഒന്നിന്‍റെ പേരിൽ ശപിക്കുകയാണു. ക്രൂരനാണു എന്ന്
വിലയിരുത്തുകയാണു. തന്ന ഒരുപാട്‌ അനുഗ്രഹത്തിന്‍റെ പേരിൽ സ്തുതിക്കുകയല്ല.!!

അതും ഒരുപാട്‌ പോസിറ്റിവ്‌ ചിന്തകളും കാഴ്ച്ചപ്പാടുകളും ഉള്ളവരാണു ഈ ഒരു വിഷയം
വരുമ്പോൾ അതിവേഗം നെഗറ്റീവ്‌ ചിന്തയിലേക്ക്‌ പോകുന്നത്‌..

ദൈവത്തിനു ഏറ്റവും ഇഷ്ട്ടമുള്ളവരെ അവൻ അവന്‍റെ അടുക്കലേക്ക്‌ പെട്ടന്ന് തിരികെ
വിളിക്കും. അത്‌ അവന്‍റെ ഇഷ്ട്ടംകൊണ്ടാ. അവർക്കവൻ അവന്‍റെ അടുക്കൽ എല്ലാ
സ്ഥാനമാനങ്ങളും നൽകുന്നു. അതുകൊണ്ടു പിഞ്ചുകുഞ്ഞിന്‍റെ തിരികെ വിളി ക്രൂരതയല്ല.
ഭാഗ്യമാണു മഹാഭാഗ്യം. എതായാലും ജനിച്ചവരൊക്കെ മരിക്കണം. അപ്പോൾ പിന്നെ
കുഞ്ഞായിരിക്കുമ്പോൾ തന്നെ അവന്‍റെ അടുക്കലേക്ക്‌ അവൻ തിരികെ വിളിക്കുന്നതല്ലേ
നല്ലത്?!

എതായാലും
ഇങ്ങനെയൊക്കെ പറയാനും വിലയിരുത്താനും നീയാരാടാ എന്നു ചിലർക്കെങ്കിലും തോന്നാം.

അവരോട്‌.

എനിക്ക്‌ ഇങ്ങനെയൊക്കെ വിലയിരുത്താനേ കഴിയൂ. ഇങ്ങനെയല്ലങ്കിൽ ഞാൻ
ഞാനല്ലാതായിത്തീരണം. എനിക്കൊരിക്കലും ഞാനല്ലാതാകാൻ കഴിയില്ലല്ലോ?...

ഇനി ചിലർക്ക്‌ ചോദിക്കാനുണ്ടാകും ദൈവം ഉണ്ടോ എന്ന്?

അവരോട്‌

ഞാനുണ്ടായിരിക്കെ അവൻ ഉണ്ട്‌ എന്നതിനു എനിക്കെന്തിനാ ഇനി മറ്റു തെളിവുകൾ....

:) :) :)

Monday, September 16, 2013

"436421"ലേക്കുള്ള ആദ്യത്തെ ഫോണ്‍വിളി

ഇന്നലെ രാവിലെ മുതല്‍ മൊബൈല്‍ ഫോണ്‍ നിര്‍ത്താതെ ചിലച്ചു കൊണ്ടിരിക്കുകയാണ്. അഴിമതി നടത്തി ചുളുവിലക്ക് വാങ്ങിയ സ്പെക്ട്രത്തിന് യഥാര്‍ത്ഥ വില നല്‍കാന്‍ നിശ്ചയിച്ച കോടതിയോടുള്ള കലിപ്പ് സാധാരണക്കാരന്‍റെ നെഞ്ചത്തോട്ട് തീര്‍ക്കുന്ന മൊബൈല്‍ കമ്പനികള്‍ തിരുവോണത്തിന് സൗജന്യ എസ്.എം.എസ്. അനുവദിക്കാത്തതു കൊണ്ട് ഉത്രാടത്തിനേ ഓണാശംസകള്‍ അയച്ച് ഓണം ആഘോഷിക്കുകയാണ് മലയാളികള്‍.,. അങ്ങനെ വെറുതെ ഇരുന്നപ്പോഴാണ് എന്‍റെ ആദ്യത്തെ മൊബൈല്‍ കോള്‍ ആരുടേതാണ് എന്ന് ഓര്‍ത്തത്‌.,. ആദ്യമായി എസ്.എം.എസ്. അയച്ചത് ഹരികൃഷ്ണന്‍ എന്ന പേരുള്ള എന്‍റെ ചേട്ടന്‍റെ സുഹൃത്താണ്, അച്ഛന്‍ ഇപ്പോഴും ഉപയോഗിച്ചു കൊണ്ടിരിക്കുന്ന നമ്പറിലേക്ക്. HK എന്ന പേരിലാണ് അന്ന് അച്ഛന്‍റെ ഫോണില്‍ സേവ് ചെയ്തിരുന്നത്. HK അയച്ചിരുന്ന ടെക്സ്റ്റ് ഗ്രാഫിക്സ് മെസേജുകള്‍ അന്ന് ഭയങ്കര കൗതുകം ആയിരുന്നു കേട്ടോ. ആദ്യത്തെ കോള്‍ പക്ഷെ ആരുടേതാണ് എന്ന് ഓര്‍മയില്ല.

അപ്പൊ പിന്നെ ലാന്‍ഡ്‌ ലൈന്‍ കോള്‍ ആരുടേതാണ് എന്ന് ഓര്‍ത്തു നോക്കി. അച്ഛന്‍റെ ഒരേ ഒരു പെങ്ങളുടെ ഒരേ ഒരു ഭര്‍ത്താവ് രാജന്‍ മാമയുടെ തറവാട് വീട്ടിലേക്കായിരുന്നു എന്‍റെ ആദ്യത്തെ കോള്‍., നമ്പര്‍ വരെ ഇപ്പോഴും ഓര്‍മയുണ്ട്-"436421". അന്ന് വീട്ടില്‍ ഫോണില്ല. അച്ഛന്‍റെ ഓഫീസില്‍ ഫോണ്‍ ഉണ്ട്. പക്ഷെ, ചെല്ലുമ്പോഴൊക്കെ ആരെങ്കിലുമൊക്കെ വിളിച്ചു കൊണ്ടിരിക്കുകയായിരിക്കും. ഒരു ചുവന്ന നിറത്തിലുള്ള കറക്കി വിളിക്കുന്ന ടൈപ്പ് ഫോണ്‍..,. വീട്ടില്‍ ഫോണ്‍ ഇല്ലാത്തോണ്ട് വായനശാലയുടെ അടുത്തുള്ള എസ്.ടി.ഡി. ബൂത്തില്‍ നിന്നാണ് പുറത്തേക്കുള്ള ഫോണ്‍ വിളി. നമ്പര്‍ ഡയല്‍ ചെയ്താ അപ്പുറത്ത് ഫോണ്‍ ട്രിംഗ് ട്രിംഗ് എന്ന് അടിചോണ്ടിരിക്കും. പിന്നെ ആരെങ്കിലും വന്ന് കോള്‍ എടുക്കും. ഹലോ എന്ന് പറയും. അപ്പൊ നമ്മളും ഹലോ പറയണം. പിന്നെ കാര്യം പറയണം. ഈ വക 'നിയമങ്ങള്‍' ഒക്കെ ഞാന്‍ കണ്ടു പഠിച്ചിരുന്നു. നിയമങ്ങള്‍ എന്ന് ഞാന്‍ പറയാന്‍ കാരണം ഉണ്ട്. അങ്ങനെ ഒക്കെ ക്രമത്തില്‍ ചെയ്തില്ലെങ്കില്‍ ഫോണ്‍ വിളി വര്‍ക്ക് ചെയ്യില്ല എന്നായിരുന്നു എന്‍റെ ധാരണ. ഇങ്ങനെ രാജമ്മാമയുടെ കൂടെ പുറത്തു പോകുമ്പോ ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. ഗ്രൗണ്ടില്‍ മോഹനന്‍ മാമയുടെ മകന്‍ ഹരിയേട്ടന്‍ വലിയ ഫുട്ബാള്‍ കൊണ്ട് കളിക്കുന്ന കാണാം, വായനശാലയിലെ പ്രായമായ പലരെയും കാണാം. പിന്നെ രാജമ്മാമ സ്കൂളിന്‍റെ മുന്നിലുള്ള സേതുവേട്ടന്‍റെയും രാധ ചേച്ചിയുടെയും കടകളില്‍ നിന്നും വല്ല മിട്ടായി, ബാലരമ, ഇത്യാദി അല്‍കുല്‍ത്ത് ഐറ്റംസ് ഒക്കെ മേടിച്ചു തരുകേം ചെയ്യും. മറിച്ച് എന്‍റെ അച്ഛന്‍റെ കൂടെ ആണെങ്കില്‍ റോഡ്‌ ക്രോസ് ചെയ്യുമ്പോഴും നടക്കുമ്പോഴും ഒരു റഫറിയെ പോലെ അച്ഛന്‍ കൂടെ കാണും. ഒരു വരയിലൂടെ നടക്കുന്ന പോലെ നടക്കണം. ഒന്നും മേടിച്ചു തരുകേം ഇല്ല. പഴയ റഫറി സ്വഭാവത്തിന് ഇപ്പോഴും ഒരു മാറ്റവുമില്ല കേട്ടോ. ആ എസ്.ടി.ഡി. ബൂത്തില്‍ രണ്ട് ഫോണ്‍ ഉണ്ട്. ചുവന്ന ഒരെണ്ണം ഒരു ചതുര കൂട്ടിനുള്ളില്‍ വച്ചിരിക്കും. വല്ല രഹസ്യവും ആണ് പറയേണ്ടതെങ്കില്‍ അതില്‍ കേറി നിന്ന് വിളിക്കാം.
പുറത്തു വെളുത്ത നിറത്തിലുള്ള ബീട്ടെല്‍ കമ്പനിടെ ഒരു ഫോണും ഉണ്ട്. നമ്മള്‍ നമ്പര്‍ ഒരു ബുക്കില്‍ എഴുതണം.[അതാണ്‌ ഡയറക്ടറി എന്നാണ് ഞാന്‍ കൊറേ കാലം വിചാരിച്ച് കൊണ്ടിരുന്നത്] അവിടെ ഇരിക്കുന്ന പ്രായമായ ആള് ആ നമ്പര്‍ ഡയല്‍ ചെയ്തു തരണോ എന്ന് ചോദിക്കും. ഒന്നുകില്‍ പുള്ളി ഡയല്‍ ചെയ്തു തരും, അല്ലെങ്കില്‍ നമ്മള് ഡയല്‍ ചെയ്യണം. ഇതൊക്കെ ഞാന്‍ പല തവണയായി കണ്ടുപിടിച്ച കാര്യങ്ങള്‍ ആണ്. അങ്ങനെ രാജമ്മാമടെ കൂടെ ഒരു തവണ ഫോണ്‍ ചെയ്യാന്‍ പോയി. നമ്പര്‍ മൂപ്പര് ഒറ്റക്ക് ഡയല്‍ ചെയ്തു. ആറക്ക നമ്പര്‍ എവിടെയും നോക്കാതെ ഡയല്‍ ചെയ്യുന്ന രാജമ്മാമ ആളൊരു പയങ്കരന്‍ തന്നെ എന്ന് ഞാന്‍ മനസ്സില്‍ ഓര്‍ത്തു. അന്നത്തെ എസ്.ടി.ഡി. ബൂത്തുകള്‍ക്ക് ഒരു പ്രത്യേകത ഉണ്ട്. ഫോണ്‍ വിളിച്ചു കിട്ടിയില്ലെങ്കിലും കാശ് കൊടുക്കണം. ഓണ്‍ലൈന്‍ ടിക്കറ്റ് കാന്‍സല്‍ ചെയ്താലും നമ്മള് റെയില്‍വേക്ക് കാശ് കൊടുക്കുന്നില്ലേ, അത് പോലെ. അത് പറ്റിക്കല്‍ പരിപാടി ആണെന്ന് അന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. ഞങ്ങടെ മുന്‍പ് വിളിച്ച ആള്‍ക്ക് നമ്പര്‍ ഡയല്‍ ചെയ്തു കൊടുക്കുകയാണ് ഉണ്ടായത്. നമ്പര്‍ ഡയല്‍ ചെയ്ത് കഴിഞ്ഞ് "ഇതൊക്കെ എന്ത്" എന്ന മട്ടില്‍ ഫോണ്‍ കൈമാറുന്ന കടയുടമയുടെ മുഖത്തെ ഐതിഹാസിക ഭാവം കാണാന്‍ തന്നെ നല്ല രസം ആയിരുന്നു. അത് പോലൊക്കെ ഞാന്‍ ഡയല്‍ ചെയ്യുന്ന ദിവസം സ്വപ്നം കണ്ടു ഞാന്‍ പിന്നീട് പല തവണ കോരിത്തരിച്ചു പോയിട്ടുണ്ട്. ഇതിപ്പോ രാജമ്മാമ ഒറ്റക്ക് റിസീവര്‍ എടുത്ത്, നമ്പര്‍ എവിടെയും നോക്കാതെ, ആരുടേയും സഹായമില്ലാതെ ഡയല്‍ ചെയ്ത് വിളിച്ചിരിക്കുന്നു. ഞാന്‍ ആകെ അന്തം വിട്ട് അങ്ങനെ ഇരുന്നു. ഹൊ, എന്നാലും ഈ രാജമ്മാമയുടെ ഒരു മിടുക്കേ...!!!
മൂപ്പര് ഒരു തവണ നമ്പര്‍ ഡയല്‍ ചെയ്തു, ഫോണ്‍ ആരും എടുത്തില്ല. ഫോണ്‍ റിംഗ് ചെയ്യുന്നുണ്ട് എന്ന് പറഞ്ഞു. അത് എന്താണ് സംഭവം എന്നൊന്നും മനസ്സിലായില്ലെങ്കിലും ഞാന്‍ എല്ലാം മനസ്സിലായി എന്ന അര്‍ത്ഥത്തില്‍ തലയാട്ടി. വീണ്ടും ഡയല്‍ ചെയ്തു, ഇത്തവണയും എടുത്തില്ല. മൂന്നാമത്തെ വിളിയില്‍ മുത്തശ്ശന്‍ ഫോണ്‍ എടുത്തു. മുത്തശ്ശന്‍ ഫോണ്‍ റിംഗ് ചെയ്യുമ്പോ ദൂരെ എവിടെങ്കിലും ആണെങ്കില്‍ ഇങ്ങനെ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കും. "ദാ വരണൂ","കെടന്ന് ചെലക്കാതെ" എന്നൊക്കെ. നമ്മള് പറഞ്ഞത് ഫോണ്‍ കേള്‍ക്കും അതുമല്ലെങ്കില്‍ അപ്പുറത്തെ ആള് ഇതെല്ലാം അറിയുന്നുണ്ട് എന്നാണ് ധാരണ. ഞാന്‍ രാജമ്മാമ ചെയ്യണ ഓരോ കാര്യവും സാകൂതം വീക്ഷിച്ചു. അതിന്‍റെ ഇടയില്‍ സെക്കണ്ട് കാണിക്കുന്ന മെഷീനും നോക്കുന്നുണ്ട്. സംസാരം ഒരു രണ്ടു മൂന്ന് മിനിറ്റ് കടന്ന് പോയി. കൂടെ സനീഷ് ഉണ്ടെന്ന് പറഞ്ഞു. എന്നോട് ഫോണ്‍ വേണോ എന്ന് ചോദിച്ചു. ഞാന്‍ വേണമെന്നോ വേണ്ടെന്നോ പറഞ്ഞില്ല. രാജമ്മാമ ഫോണ്‍ എടുത്ത് കയ്യില്‍ തന്നു. ഫോണ്‍ എന്നത് കൊണ്ട് ഉദ്ദേശിച്ചത് റിസീവറിനെയാണ് കേട്ടോ. എന്‍റെ ശബ്ദം കേക്കുമോ, അവിടുന്നുള്ള ശബ്ദം കേക്കുമോ, എങ്ങനെ ഫോണ്‍ പിടിക്കും, ഫോണ്‍ തെറ്റി പിടിച്ചാല്‍ ഷോക്ക് അടിക്കുമോ എന്നിങ്ങനെ ഒരുപാട് സംശയങ്ങള്‍ മനസ്സില്‍ ഉണ്ട്. എങ്കിലും ഫോണ്‍ ഞാന്‍ മേടിച്ചു. എന്തായാലും ഞാന്‍ ആ പ്രായത്തിനിടെ അത്രയും സന്തോഷം അനുഭവിച്ച സന്ദര്‍ഭങ്ങള്‍ കുറവായിരുന്നു. നല്ല നീട്ടി ഒരു ഹലോ പറഞ്ഞു. നമ്മളായിട്ട് തുടക്കം മോശമാക്കരുതല്ലോ? മുത്തശ്ശന്‍ പൊതുവേ ഉറക്കെ സംസാരിക്കുന്ന ആളാണ്‌. ഫോണ്‍ എടുത്താലും അങ്ങനെ തന്നെ. എന്‍റെ ആദ്യത്തെ ഫോണ്‍ വിളി ആണ്. അപ്പൊ ഞാന്‍ വിചാരിച്ചു ഫോണില്‍ ഇങ്ങനെ സംസാരിക്കണം എന്ന്. ഞാനും എന്‍റെ പരമാവധി ശബ്ദം പുറത്തെടുത്തു. രാജമ്മാമക്ക് കാര്യം മനസ്സിലായി, മൂപ്പര് എന്നെ നോക്കി ചിരിച്ച് കൊണ്ടിരുന്നു. ഞാന്‍ രാവിലെ കഴിച്ച ദോശയുടെ സ്വാദിന്‍റെ കാര്യം മുതല്‍ ക്രാങ്ങാട്ടെ പശു അനിയത്തി റീനയെ കുത്താന്‍ ഓടിച്ച കാര്യം അടക്കം ആ പഞ്ചായത്തിലെ എന്‍റെ നാവില്‍ വന്ന എല്ലാ കാര്യങ്ങളും മുത്തശ്ശനോട് വിശദീകരിച്ചു കൊണ്ടിരുന്നു. മൂപ്പര് എല്ലാം ക്ഷമയോടെ കേട്ടു. അവിടെ വേറെ ആരും ഇല്ലാത്തോണ്ട് ഞാന്‍ ഫോണ്‍ വിളിക്കാന്‍ പ്രാപ്തി നേടിയ കാര്യം വിളിച്ചറിയിക്കാന്‍ വേറെ ആരെയും കിട്ടിയില്ല. എന്തായാലും സംഭവം കലക്കി. ഫോണ്‍ ഞാന്‍ വീണ്ടും രാജമ്മാമക്ക് കൊടുത്തു. രാജമ്മാമ ഫോണ്‍ കട്ട് ചെയ്ത് റിസീവര്‍ പഴയ പോലെ വച്ചു. ഒരു അഭ്യാസിയുടെ പ്രകടനം കാണുന്ന പോലെ ഞാന്‍ ഇതും അത്ഭുതത്തോടെ വീക്ഷിച്ചു. കടയുടമ എന്നെ മിടുക്കന്‍ എന്ന് വിളിച്ചപ്പോ ഞാന്‍ ആകെ വിജ്രുംഭിച്ചു പോയി. "അടങ്ങ്‌ മോനേ അടങ്ങ്‌'' എന്ന് ഞാന്‍ എന്നോട് തന്നെ മന്ത്രിച്ചു. അവിടുന്ന് ഇറങ്ങുമ്പോ സച്ചിന്‍റെ വിക്കറ്റ് എടുത്താ മലിംഗ കാണിക്കണ പോലെ വഴിക്കുള്ള സ്കൂള്‍ ഗ്രൗണ്ട് മൊത്തം ഒരു റൗണ്ട് ഓടിയാലോ എന്ന് വരെ ആലോചിച്ചു. ഞാന്‍ വീട്ടില്‍ എത്തി. എന്തോ ഭയങ്കരമായ കാര്യം സാധിച്ച പോലെ എല്ലാരേം വിളിച്ച് കാര്യം പറഞ്ഞു. ഞാന്‍ എന്നെ കൊണ്ട് തോറ്റ് എന്ന മട്ടില്‍ ഞാന്‍ കാര്യങ്ങള്‍ അവതരിപ്പിച്ചു. പിന്നെ പതിവ് പോലെ എല്ലാം കഴിഞ്ഞ് റീനയെ സാമാന്യം ഭേദപ്പെട്ട രീതിയില്‍ ചൊറിഞ്ഞു. നിനക്ക് ഇതൊന്നും അറിയില്ലല്ലോ എന്ന് പറഞ്ഞ് അവളെ കളിയാക്കി കരയിച്ചു. ഇതിന്‍റെ പേരിലും കൂടി ഒരു കുത്തിതിരിപ്പ് ഉണ്ടാക്കിയപ്പോ ഉള്ള സമാധാനം, ഹോ...!! എന്‍റെ ശിവനേ, അതൊന്നു വേറെ തന്നെ ആണേ. വീട്ടില്‍ ലാന്‍ഡ്‌ ഫോണ്‍ കണക്ഷന്‍ എടുത്ത് എല്ലാരും ഫോണ്‍ വിളിക്കാന്‍ പഠിക്കണ വരെ ഞാന്‍ ഇത് ഭയങ്കര സംഭവമായി കൊട്ടിഘോഷിച്ചു നടന്നു...!!!

ഇന്ന് ഈ പോസ്റ്റ്‌ എഴുതുമ്പോ ഞാന്‍ ആദ്യമായി വിളിച്ച മുത്തശ്ശന്‍ ജീവനോടെ ഇല്ല. നമ്പര്‍ ആറക്കത്തില്‍ നിന്നും ഏഴക്കം ആയിരിക്കുന്നു. ആ പഴയ എസ്.ടി.ഡി.ബൂത്ത്‌ ഉടമയും ആ കടയും ഇന്നില്ല. ആലോചിക്കുമ്പോള്‍ അന്ന് സംഭവിച്ച കാര്യങ്ങള്‍ എല്ലാം ഒരു ചെറുചിരിയോടെ മാത്രേ ഓര്‍ക്കാന്‍ പറ്റൂ. മൊബൈല്‍ ഫോണ്‍ യുഗത്തില്‍ എത്തി നില്‍ക്കുമ്പോഴും ആദ്യത്തെ ഫോണ്‍ വിളി എന്തായാലും ഒരു സുഖമുള്ള ഓര്‍മ തന്നെ ആണേ...!!

Saturday, September 14, 2013

'തിരശീലയില്‍::' : Take 2 - ദൈവത്തിന് പോലും വേണ്ടാത്ത "ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ്"

കെട്ടുറപ്പില്ലാത്ത തിരക്കഥ, ഒരു മികച്ച നടനെ എങ്ങനെ ഉപയോഗിക്കണം എന്നറിയാത്ത സംവിധായകന്‍, ഇതിനിടയില്‍ ഉഴറുന്ന മമ്മൂട്ടി എന്ന മഹാനടന്‍-'- ചുരുങ്ങിയ വാക്കുകളില്‍ ഇതാകുന്നു 'ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ്' എന്ന പുതിയ മമ്മൂട്ടി ചിത്രം. 'കുഞ്ഞനന്തന്‍റെ കട' എന്ന വിസ്മയത്തില്‍ നിന്നും മമ്മൂട്ടി നിസ്സഹായന്‍ ആകുന്ന പുറംകാഴ്ച ആണ് ക്ലീറ്റസില്‍ എത്തി നില്‍ക്കുമ്പോള്‍ കാണാനാകുന്നത്.

സിനിമ തുടങ്ങുന്ന രംഗം മുതല്‍ ഒട്ടൊന്നുമല്ല മനുഷ്യന്‍റെ ക്ഷമ ഈ ചിത്രം പരിശോധിക്കുന്നത്. വികലമായ ദൃശ്യചിത്രീകരണവും അതിലും വികലമായ രംഗക്രമീകരണവും കാഴ്ച്ചയുടെ ഒഴുക്കിനെ സാമാന്യം ഭേദപ്പെട്ട രീതിയില്‍ തടസ്സപ്പെടുത്തുന്നു. ജമ്പ് കട്ട്, ഡിസോള്‍വ്, 180 ഡിഗ്രി,30 ഡിഗ്രി തുടങ്ങി എഡിറ്റിംഗ്-കാമറ സങ്കേതങ്ങളുടെ ഉള്ളറിവ് പുതുമുഖസംവിധായകന്‍ ആയ മാര്‍ത്താണ്ടന് ഇല്ലാതെ പോയി, അതറിഞ്ഞ് ഈ അപകടം ഒഴിവാക്കാനുള്ള സാമാന്യബോധം മമ്മൂട്ടിക്കും. അങ്ങനെ ചിത്രീകരിക്കാന്‍ മാത്രം വിശദമായ കഥയോ സന്ദര്‍ഭങ്ങളോ ഇല്ലാത്തത് കൊണ്ട് ഇതൊന്നും വിഷയമേ ആകുന്നില്ല എന്ന് മാത്രം.

പറയത്തക്ക സസ്പെന്‍സോ, ചിരിക്കാനുള്ള മേമ്പൊടികളോ, വികാരനിര്‍ഭര രംഗങ്ങളോ ഒന്നുമില്ലാത്ത ഒരു ദുരന്ത ചിത്രമായി ഇത് പര്യവസാനിചില്ലെങ്കില്‍ മലയാള പ്രേക്ഷക സമൂഹത്തിന്‍റെ ആസ്വാദന നിലവാരത്തിന് സംഭവിച്ച വൈകല്യം എന്ന് പറഞ്ഞു മാത്രമേ നിശ്വസിക്കാന്‍ കഴിയൂ. റിലീസ് ചെയ്തു രണ്ടാം ദിവസമായ ഇന്ന് തന്നെ പ്രേക്ഷകപങ്കാളിത്തം തിയേറ്ററിന്‍റെ മൂന്നിലൊന്ന് പോലും ഇല്ലാത്തത് ഒരു നേര്‍രേഖ തന്നെയാണ്.

എഴുതിപ്പിടിക്കാന്‍ മേന്മകള്‍ ഒന്നും പ്രത്യേകിച്ച് ഇല്ലാത്തതിനാല്‍ ഈ ചെറിയ കുറിപ്പ് ഇവിടെ അവസാനിപ്പിക്കുന്നു.

വാല്‍കഷണം: സിനിമ തിരഞ്ഞെടുക്കുന്നതില്‍ മകന്‍ കാണിക്കുന്ന സൂക്ഷ്മത എങ്കിലും മമ്മൂട്ടി കാണിച്ചില്ലെങ്കില്‍ ക്ലീറ്റസ്സുമാര്‍ ഇനിയും കടല് കടന്ന് വരും, കുഞ്ഞനന്തന്മാര്‍ വല്ലപ്പോഴും കട തുറന്ന് ലാഭം നേടുന്നത് കാത്ത് പ്രേക്ഷകര്‍ കാത്ത് നില്‍ക്കേണ്ടിയും വരും.

Sunday, September 01, 2013

ഡാഷനോവ...

[സിനിമാ പാരദൈസോ ഗ്രൂപ്പില്‍ ഗോകുല്‍ ദിനേശ് ഇട്ട കമന്‍റ് യഥാതഥമായി പോസ്റ്റുന്നു...]

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ നിര്‍മാതാവിന്‍റെ സ്ഥാനത്ത് ആന്‍റണി പെരുമ്പാവൂരിന്‍റെ പേരും വെച്ച് ലാലേട്ടന്‍ തന്നെ നിര്‍മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഡാഷനോവ. ഇതെന്ത് ഡാഷിലെ പേരാണ് എന്ന് അത്ഭുതപ്പെടുന്ന ആരാധകരോട് സംവിധായകനായ റേഷന്‍ ആന്‍ഡ്രൂസിന് ഒന്നേ പറയാനുള്ളൂ- "പോയി പണി നോക്കടാ ഡാഷുകളേ" എന്നായിരിക്കും അത് എന്ന് നിങ്ങള്‍ ഒരിക്കലും കരുതരുത്. തികച്ചും ന്യൂമറോളജി പ്രകാരം സെറ്റ് ചെയ്തിരിക്കുന്ന പേരാണിത്. അല്ലാതെ ഇതിന് പിന്നില്‍ യാതൊരു ദുരുദ്ദേശവും "ഇല്ലാതില്ല". പതിവുപോലെ ആശിര്‍വാദ് സിനിമാസിന്‍റെ ഈ ചിത്രത്തിലും കേരളത്തിലെ ബ്രഹ്മാണ്ട നായകന്‍ ലാലേട്ടന്‍ തന്നെ നായകനാവുന്നു...

മധുരയിലെ പൂ മാര്‍ക്കറ്റിലെ പ്രശസ്ത പൂ കച്ചവടക്കാരനാണ് ഡാഷനോവ എന്നറിയപ്പെടുന്ന ദാമോദരന്‍.,. തന്‍റെ ലോഡുമായി ഷോര്‍ണൂര്‍ റെയില്‍ വേ സ്റ്റേഷനില്‍ എത്തുന്ന ദാമുവിനെ കാണാന്‍ നാട്ടിലുള്ള പൂക്കാരികള്‍ കുട്ടയും പൊക്കി പിടിച്ചു സ്റ്റേഷനില്‍ നില്‍ക്കുന്നിടത്താണ് സിനിമ തുടങ്ങുന്നത്. പിച്ചി , കനകാമ്പരം തുടങ്ങിയ പൂക്കള്‍ക്ക് അന്താരാഷ്‌ട്ര വിപണിയില്‍ ഭയങ്കര ഡിമാന്‍റ് ആയതിനാല്‍ പൂക്കള്‍ വിറ്റ് വിറ്റ് ഡാഷനോവ ഒരു ഭയങ്കര പണക്കാരന്‍ ആയിത്തീരുകയാണ്. പ്രണയം പുള്ളീടെ ഒരു വീക്നെസ് ആയതുകൊണ്ട് ഒരിക്കല്‍ ചന്തക്ക് പോയവഴിക്കു വാങ്ങിയ പ്രണയ ഫിലോസഫി പുസ്തകം പുള്ളി മനപ്പാഠമാക്കുന്നു. അതില്‍ നിന്നും വാരി വിതറിയ പ്രണയ ഫിലോസഫികള്‍ കേട്ട് അന്നാട്ടിലെ മൈല്‍ കുറ്റികള്‍ വരെ മയങ്ങിപ്പോയിട്ടുണ്ട് എന്നാണ് ഐതീഹ്യം. സ്ത്രീകളെ ഉപയോഗിക്കുക, ഉപയോഗം കഴിഞ്ഞ ശേഷം ടിഷ്യൂ പേപ്പര്‍ പോലെ വലിച്ചെറിയുക', എന്നതാണ് ഡാഷനോവയുടെ നയം. ഇതറിയാവുന്ന പണക്കാരായ സ്ത്രീകള്‍ പുള്ളി ഏതൊക്കെ നാട്ടില്‍ പോയാലും കൂടെ പോവുകയും പാവപ്പെട്ടവരായ സ്ത്രീകള്‍ പുള്ളി തങ്ങളുടെ നാട്ടിലേക്ക് വരുന്നതും കാത്ത് തങ്ങള്‍ക്കു റേഷന്‍ കിട്ടുന്ന വെളിച്ചെണ്ണ ദിവസവും കണ്ണില്‍ ഒഴിച്ച് കാത്തിരിക്കുകയും ചെയ്യും. ഒരിക്കല്‍ കൂത്താട്ടുകുളത്ത് പൂ വില്ക്കാന്‍ പോയപ്പോള്‍ കൂത്താട്ടുകുളം അമ്മിണി എന്ന ടീനേജ് സുന്ദരിയില്‍ ആകൃഷ്ടന്‍ ആവുന്നു...

പക്ഷെ ഡാഷനോവയുടെ ഫിലോസഫിക്ക് കൌണ്ടര്‍ ഫിലോസഫി പറയുന്ന അമ്മിണിയില്‍ നോവ ആസക്തന്‍ ആകുന്നു. അമ്മിണിയെ വളക്കാന്‍ വേണ്ടി ഡാഷനോവ അമ്മിണി നാടോടി നൃത്തം പഠിപ്പിക്കുന്ന രാജാപ്പാട്ട് ഡാന്‍സ് സെന്‍ററില്‍ ജോയിന്‍ ചെയ്യുന്നു. വളരെ വേഗം തന്നെ നാടോടി നൃത്തം പഠിച്ചെടുത്ത് ഒരു "ഹൊയ്" യും വിട്ടിരിക്കുന്ന ഡാഷനോവയെ അമ്മിണിക്കും ഇഷ്ടപ്പെടുന്നു. പക്ഷെ ഡാഷനോവ ഒരു കൊച്ചു കുഞ്ഞാലിക്കുട്ടി ആണെന്ന് അറിയാവുന്ന അമ്മിണിയുടെ അമ്മാവന്‍ ഉല്‍ല്‍പലാക്ഷന്‍ മുതലാളി ആ ബന്ധത്തെ ആദ്യം ശക്തമായി എതിര്‍ക്കുന്നു. എന്നാല്‍ ഇനിമുതല്‍ അമ്മിണി ഒഴികെ ബാക്കിയുള്ള എല്ലാ സ്ത്രീകളെയും ഓള്‍ ഇന്ത്യന്‍സ് ആര്‍ മൈ ബ്രദേഴ്സ് ആന്‍ഡ്‌ "യുവര്‍ സിസ്റ്റേഴ്സ്" എന്ന കണ്ണോടെ മാത്രമേ താന്‍ നോക്കിക്കാണൂ എന്നുള്ള ഡാഷനോവയുടെ ഉറപ്പിന്‍മേല്‍ അമ്മാവന്‍ കീഴടങ്ങുന്നു. തന്‍റെ പ്രണയം അമ്മിണിയോടു തുറന്നു പറയാന്‍ പോകുന്ന വേളയില് ആ നിമിഷത്തില് അമ്മിണി കൂത്താട്ടുകുളം ജങ്ക്ഷനില്‍ ചാപ്ലി ബിജു എന്ന ഗുണ്ടാത്തലവന്‍റെ പെട്ടി ഓട്ടോ ഇടിച്ചു മരിച്ചു പോകുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഒരു കല്യാണം കൂടാന്‍ കൂത്താട്ടുകുളത്ത് എത്തുന്ന ഡാഷനോവ അറിയുന്നു കിളിമാനൂര്‍ കൊട്ടരത്തിലെ കിരീടവും ചെങ്കോലും അടിച്ചുമാറ്റാന്‍ ചാപ്ലി ബിജുവും കൂട്ടരും പ്ലാന്‍ ഇടുന്നെന്ന് .കരടി സൈമണ്‍ , ഓന്ത് ഗോപാലന്‍ , തീക്കൊള്ളി രാജപ്പന്‍ എന്നിവര്‍ക്ക്, യഥാക്രമം പറവൂര്‍ ശാന്ത, വടുതല വല്‍സല, കോതമംഗലം കുമാരി എന്നീ ടീനേജ് സുന്ദരികളെ ലൈന്‍ ആക്കി കൊടുക്കുന്നു ഡാഷനോവ. ഈ സുന്ദരികളുടെ വലയില്‍ വീഴുന്ന കാമുകന്മാരെ നോക്കി കൊഞ്ഞനം കുത്തിക്കൊണ്ട് ഡാഷനോവ ഒരു പാട്ട് പാടുന്നു. "ഓമന ചേച്ചി ഉമ്മ വെക്കുമ്പോള്‍ ഇഷ്ട നോവാണ് പ്രണയം"...
ശേഷമുള്ള ത്രസിപ്പിക്കുന്ന രംഗങ്ങള്‍ പറയാനോ കേള്‍ള്‍ക്കാനോ എനിക്കും നിങ്ങള്‍ക്കും ത്രാണി ഇല്ലാത്തതിനാല്‍ ശേഷം സ്ക്രീനില്‍,..!!!

ഈ ചിത്രത്തിന് വല്ല മുന്‍കാല ചിത്രങ്ങളുമായി സാമ്യം തോന്നുകയാണെങ്കില്‍ അത് തികച്ചും മനപ്പൂര്‍വം മാത്രം. ജീവിച്ചവരോ ജീവിച്ചിരിക്കുന്നവരോ ജീവിക്കാന്‍ പോകുന്നവരോ അതുമല്ലെങ്കില്‍ ഇനി ജീവിക്കാന്‍ സാധ്യത ഇല്ലാത്തവരുമായി വല്ല സാദൃശ്യം തോന്നുകയാണെങ്കില്‍ അതും മനപ്പൂര്‍വം തന്നെ.