ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Saturday, October 19, 2013

കൂകിപ്പായും തീവണ്ടി...

പുറത്ത് നിന്നും അകത്തേക്ക് പ്രതീക്ഷയോടെ വീശുന്ന ഒരു കൈ അല്ലെങ്കില്‍
കൈകള്‍, അകത്ത് കണ്ണ് തുടക്കുന്ന, അല്ലെങ്കില്‍ വീശിക്കാണിക്കുന്ന മറ്റൊരു കൈ(കള്‍)- ഓരോ തീവണ്ടി യാത്രയും ആരംഭിക്കുന്നത് ഇങ്ങനെ ആണ്. ദുരിതം പേറുന്ന നാട്ടില്‍ നിന്നുള്ള രക്ഷയോ ദുരിതത്തിന്‍റെ നടുവിലേക്കുള്ള പ്രവസമോ ആണ് അതിന്‍റെ ഒടുക്കം. വഴിയിലെ മരങ്ങളെ, മണ്ണിനെ, മഴമേഘങ്ങളെ എല്ലാം തലോടി പുഴയും മഴയും കടന്ന് കൂകി പായുന്ന തീവണ്ടി. പണ്ടത്തെ പുകവലിയന്‍ ഡീസല്‍ എന്‍ജിനുകള്‍ പിന്‍വലിക്കപ്പെട്ടതോടെ വേഗത കൂടിയ ഉശിരന്‍ ശകടങ്ങളായി അവ മാറി. പുറമേ നില്‍ക്കുന്നവന്‍ നോക്കുമ്പോള്‍ ദുരിതമെങ്കിലും അകത്ത് ഒരുപാട് നല്ല നിമിഷങ്ങള്‍ സമ്മാനിച്ചാണ് ഓരോ വണ്ടിയും യാത്ര അവസാനിപ്പിക്കുന്നത്. ഇണക്കവും പിണക്കവും പറഞ്ഞു കൊണ്ടും തമാശകളും കയ്യില്‍ കരുതിയ പൊതികളും പങ്കു വച്ചും പാട്ട് പാടിയും കഥകള്‍ പറഞ്ഞും പ്രണയത്തിന്‍റെ ഏകാധിപത്യവും സൌഹൃദത്തിന്‍റെ ജനാധിപത്യവും അനുഭവിച്ചും ആണ് ഓരോ ബോഗിയും കടന്ന് പോകുന്നത്. ഒരുപിടി നല്ല ഓര്‍മകളെയും പരിചയങ്ങളെയും ഓര്‍മപ്പെടുത്തലുകളെയും കാഴ്ച വക്കുന്ന ഒരുപാട് നല്ല യാത്രകള്‍, യാത്രികര്‍.

പല സ്റ്റേഷനില്‍ നിന്നും കയറുന്ന, പല സ്റ്റേഷനില്‍ ഇറങ്ങാന്‍ പോകുന്ന, പല ലക്ഷ്യങ്ങളുള്ള, ജനതതി...
അവരില്‍ സുഹൃദ് സംഘങ്ങള്‍ ഉണ്ട്, കമിതാക്കള്‍ ഉണ്ട്, സഹോരങ്ങള്‍ ഉണ്ട്, കുടുംബങ്ങള്‍ ഉണ്ട്, ഒരേ സ്ഥലത്ത് ജോലി ചെയ്യുന്നവരും ജോലി തേടുന്നവരും ഉണ്ട്. ചിരപരിചിതര്‍ എന്ന് തോന്നുമെങ്കിലും അപരിചിതമായ ഒറ്റയാള്‍ മുഖങ്ങളും ഉണ്ട്. ഇവര്‍ക്കിടയിലൂടെ ജീവിതത്തിന്‍റെ നീണ്ട നാഴികയില്‍ പാട്ട് പാടിയും ചായയും കാപ്പിയും കുടിവെള്ളവും പകര്‍ന്നു നല്‍കിയും വിശപ്പിനുള്ള ഉപായങ്ങള്‍ കൈമാറിയും നടന്നു നീങ്ങുന്നവരെയും കാണാം.

ലേഡീസ് കമ്പാര്‍ട്ട്മെന്‍റ് സ്വാതന്ത്ര്യത്തിന്‍റെ ലോകമാണ്. കിടന്നുറങ്ങുമ്പോള്‍ പോലും ആ സ്വാതന്ത്ര്യം അനുഭവിക്കാം. ജനറല്‍ കംപാര്‍ട്ടുമെന്‍റില്‍ പാലിക്കേണ്ട ചിട്ടവട്ടങ്ങളൊന്നും ലേഡീസ് കംപാര്‍ട്ടുമെന്‍റിന് ബാധകമല്ല. അത് സ്ത്രീകളുടെ മാത്രം സാമ്രാജ്യമാണ്. ഇത് പോലെ സ്ത്രീക്കു സ്വാതന്ത്ര്യമനുഭവിക്കാവുന്നയിടം വേറെ എവിടെയാണുള്ളത്?

പ്രണയിക്കാന്‍ ട്രെയിന്‍ പോലെ സൗകര്യപ്രദമായ മറ്റൊരു സ്ഥലം ഇല്ലത്രെ. അനുഭവസ്ഥര്‍ പറയുന്നു, എനിക്കറിയില്ല...!!!
"അത്ര തിരക്കൊന്നുമില്ലാത്ത ഒരു സ്റ്റേഷനില്‍ നിന്ന് ഒരു പെണ്‍കുട്ടി കയറി എതിര്‍വശത്ത് വന്നിരിക്കുന്നു. ആദ്യമത്ര കാര്യമാക്കിയില്ലെങ്കിലും സ്ഥിരമായപ്പോള്‍ വെറുതെയൊന്നു ശ്രദ്ധിച്ചു. കണ്ണുകള്‍ തമ്മിലുടക്കി കൊളുത്തിവലിച്ചു. പല ദിവസങ്ങളില്‍ ഇതു തുടര്‍ന്നു. ഒടുവില്‍ ഒരു ദിവസം ഒരു ചിരിയമ്പെയ്തു നോക്കി. അമ്പുകൊണ്ട് പെണ്ണിന്‍റെ ചുണ്ടിലും ചെറുചിരി. പിറ്റേന്ന് മുതല്‍ :ആ: സ്റ്റേഷന്‍ വരെ ട്രെയിനിന് വേഗത കുറവും, അവിടം മുതല്‍ വേഗത കൂടുതലും അനുഭവപ്പെട്ടു. അവളുടെ സ്റ്റേഷന് മുമ്പ് എതിര്‍ സീറ്റില്‍ ഇരിക്കാന്‍ വന്ന വൃദ്ധനോട് ശണ്ഠകൂടി. പ്രണയിച്ച് പ്രണയിച്ച് ഒടുവില്‍..."
ഇങ്ങനെ എത്രയെത്ര പ്രണയങ്ങള്‍ നെഞ്ചിന്‍കൂടിനുള്ളിലൊതുക്കിയാണ് ട്രെയിന്‍ നീങ്ങുന്നത്.?
യുവതികളുടെ ഭാഗം നിന്നു കൊണ്ട് പറഞ്ഞാല്‍ വേര്‍പിരിയലിന്‍റെ വേദന സമ്മാനിച്ചുകൊണ്ടാണ് ചിലപ്പോള്‍ :അവന്‍: പോകുന്നത്. നെറ്റിയില്‍ തുറിച്ച തീക്കണ്ണുമായി അവന്‍ മെല്ലെ ഇഴഞ്ഞിഴഞ്ഞ് വരും. മിണ്ടിയാല്‍ കരഞ്ഞുപോകുന്ന ഒരു ആകുലത സമ്മാനിച്ച് വേര്‍പിരിയലിന്‍റെ അനിവാര്യതയായി അവന്‍ കാത്തു കിടക്കും, തൊണ്ടയില്‍ തടഞ്ഞ വിമ്മിട്ടം ബാക്കിയാക്കി. ചേര്‍ത്തു പിണഞ്ഞ കൈകളെ നിര്‍ദ്ദാക്ഷിണ്യം വേര്‍പെടുത്തി അവന്‍ മുന്നോട്ടു പോകും.
കൈവീശലുകളെ കണ്ണീരിലാഴ്ത്തി ആരൊക്കെയോ പിന്നിലേക്ക് മറയുന്നത് അവന്‍ ശ്രദ്ധിക്കുകയേയില്ല. മറ്റുള്ളവരുടെ നൊമ്പരങ്ങള്‍ക്ക് തെല്ലും പരിഗണന നല്‍കാതെ ചൂളംകുത്തി താളമടിച്ച് അവനങ്ങനെ പൊയ്ക്കൊണ്ടേയിരിക്കും.
ചില അപൂര്‍വ്വ നൊമ്പരങ്ങളുടെ കഥയും പറയാനുണ്ട്. ട്രെയിന്‍ യാത്രകള്‍ക്ക് ഇവയ്ക്കൊക്കെയും പ്രണയത്തിന്‍റെ ലാഞ്ചനയുണ്ട്. ഒരു മണിക്കൂര്‍ യാത്രയ്ക്കിടയില്‍ മനസ്സുകൊണ്ട് ഒരു പെണ്‍കുട്ടിയെ തീവ്രമായി പ്രണയിച്ച് ഒടുവില്‍ തനിച്ചാക്കി എവിടെയോ അവള്‍ ഇറങ്ങിപ്പോയപ്പോള്‍, അതുവരെ ഒന്നും മിണ്ടാതെ ഒന്നു നോക്കുകപോലും ചെയ്യാതെ ഇരുന്നവള്‍ 'ഞാന്‍ പോട്ടെ' എന്ന മട്ടില്‍ വാതില്‍ക്കല്‍ നിന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ അനുഭവിച്ച നൊമ്പരം, ആദ്യമായും അവസാനമായുമുള്ള കാഴ്ച, ഇനിയൊരിക്കലും കാണുകയില്ലെന്നറിയുമ്പോഴുള്ള വിങ്ങല്‍- ഇതൊക്കെ ട്രെയിന്‍ യാത്ര സമ്മാനിക്കുന്നവയാണ്. എന്തൊക്കെ കാഴ്ചാനുഭവങ്ങളാണ് ട്രെയിന്‍ യാത്ര നമുക്ക് നല്‍കുന്നത്. വാതില്‍ക്കലെ കമ്പിക്കുള്ളില്‍ പിടിച്ച് പുറത്തേക്ക് നോക്കി നില്‍ക്കുമ്പോള്‍ ഒരു കാല്പനികഭാവമാണ് മനസ്സിന്. കായലുകള്‍ക്കും പുഴകള്‍ക്കുംമീതെ ആകാശയാത്ര ചെയ്യുന്ന അനുഭവം. ഉള്‍നാടന്‍ പ്രഭാതങ്ങളിലൂടെ നീണ്ടു കയറിപ്പോകുമ്പോഴുണ്ടാകുന്ന സുഖം അവര്‍ണ്ണനീയമാണ്.
ജീവിതത്തില്‍ ചിരിക്കാന്‍ മറന്ന് അധ്വാനത്തിന്‍റെ ആകുലത കലര്‍ന്ന മുഖവുമായി ആയിരത്തൊന്ന് ഫലിതങ്ങള്‍ വില്‍ക്കാന്‍ വരുന്നവര്‍ വെറുതെ മറിച്ചുനോക്കുന്ന ഭാവത്തില്‍ പകുതിയോളം ഫലിതങ്ങളും വായിച്ചിട്ട് വേണ്ട എന്നു പറയുന്നവര്‍. ഏതോ വടക്കേ ഇന്ത്യന്‍ കുടുംബം കുറേ സംഗീതോപകരണങ്ങള്‍ നിരത്തിവെച്ച് 'പര്‍ദേശി പര്‍ദേശി ജാനാ നഹി' പാടുന്നു. വിശപ്പിന്‍റെ വേദന കലര്‍ന്ന പാട്ടിന് അസാധ്യ മധുരം.
:അഴകാന നീളെ വരും
കുളിരാനാ പാടി വരും.
കണ്ണാടി പോലെ വരും
റോണികുട്ടാ....................:
എന്ന ഇന്നസെന്‍റിന്‍റെ പാട്ട് ട്രെയിന്‍ കാണുമ്പോഴേ ഓര്‍മ്മ വരും. ട്രെയിന്‍ യാത്രയിലെ രസങ്ങള്‍ നമുക്ക് അനുഭവ വേദ്യമാക്കിത്തന്ന നമ്പര്‍ 20 മദ്രാസ് മെയിലിലാണ് ഇന്നസെന്‍റ് ഇങ്ങനെ പാടിപ്പോയത്. ട്രെയിന്‍ യാത്രയുടെ രസമറിഞ്ഞ ആരും ഇങ്ങനെ പാടിപ്പോകുമെന്നതാണ് സത്യം.
ഒരു ട്രെയിന്‍ യാത്ര നൂറുകണക്കിന് അനുഭവങ്ങളാണ് നമുക്ക് നല്‍കുന്നത്. ഒരിക്കലും മറക്കാനാവാത്ത യാത്രാനുഭവങ്ങളാണ് രണ്ടു നൂല്‍പ്പാലങ്ങളിലൂടെ മൈലുകളോളം ഇങ്ങനെ ഉരുണ്ടുപോവുക എന്നതു തന്നെ എത്ര കൗതുകകരമാണ്. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പാടത്തിന്‍റെ അങ്ങേക്കരയിലുള്ള മലയുടെ അടിവാരത്തിലൂടെ പുകപറത്തി ചൂളം കുത്തി പാഞ്ഞുപോകുന്ന തീവണ്ടി കാണുമ്പോള്‍ കൗതുകം തോന്നുന്ന ആ കുട്ടിത്തം നിങ്ങളില്‍ ഇപ്പോഴുമുണ്ടെങ്കില്‍ ട്രെയിന്‍ യാത്രകള്‍ നിങ്ങള്‍ക്കു സമ്മാനിക്കുന്ന കൗതുകത്തിനും അതിരുണ്ടാകില്ല...