ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Sunday, April 05, 2015

ബി.ടെക്കുകാരന്‍റെ വിഷമം ബി.ടെക്കുകാരനേ മനസ്സിലാവൂ എന്‍റെ പുണ്യാളാ... :-)

'ഒരു വടക്കന്‍ സെല്‍ഫി' കണ്ടതിനു ശേഷം ഞാന്‍ എന്‍റെ ബന്ധുമിത്രാദികളില്‍ നിന്നും ഏറ്റവും കൂടുതല്‍ നേരിട്ട ചോദ്യം ഇതാണ് : "വന്നു വന്ന് ബാങ്കിലെ ഒരു form fill ചെയ്യാന്‍ പോലും അറിയാത്തവരാണോ ബി.ടെക്കുകാര്‍???". ഇതിനു ഞാന്‍ മറുപടി നല്‍കിയത് മൂന്ന് ബാങ്ക് അക്കൌണ്ടുകള്‍ handle ചെയ്യുന്ന ആളാണ്‌ ഞാന്‍ എന്നാണ്.ഇതുമായി ബന്ധപ്പെട്ട് എനിക്ക് വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ ഒരു അനുഭവം ഞാന്‍ പങ്കു വെക്കാം.
ബി.ടെക്കിന് പഠിക്കുന്ന സമയത്ത് എന്തോ ടെസ്റ്റിന് apply ചെയ്യാന്‍ ഒരു D.D എടുക്കാന്‍ ഞാന്‍ ബാങ്കിലെത്തി. ആലുവ S.B.I ബാങ്കില്‍ നിന്നാണ് D.D എടുക്കുന്നത്‌. ആ സമയത്ത് എനിക്ക് ബാങ്ക് അക്കൌണ്ട് ഇല്ലാത്തത് കൊണ്ട് തന്നെ ബാങ്കിങ്ങിലെ പദങ്ങള്‍ എനിക്കത്ര പരിചിതമല്ല.ഓരോ വരിയും വളരെ വളരെ ശ്രദ്ധിച്ചും സംശയിച്ചും ആണ് ഞാന്‍ ഫില്‍ ചെയ്യുന്നത്. അവിടിരിക്കുന്ന തട്ടമിട്ട ക്ലാര്‍ക്കിനോട് ഒരുപാട് തവണ ഞാന്‍ സംശയം ചോദിച്ചു. ആ സമയത്ത് ബാങ്കില്‍ നല്ല തിരക്കുണ്ടായിരുന്നെങ്കിലും അവര്‍ ഒരു ചെറുചിരിയോടെ, വളരെ വ്യക്തമായി എന്‍റെ ഓരോ സംശയങ്ങള്‍ക്കും മറുപടി നല്‍കി. ഞാനാകട്ടെ പുതിയ പുതിയ സംശയങ്ങളുമായി അവരെ ബുദ്ധിമുട്ടിച്ചു കൊണ്ടേയിരുന്നു. ഒടുവില്‍ ഒരു വിധത്തില്‍ ഞാന്‍ ഫോം ഫില്‍ ചെയ്തു തീര്‍ത്തു. നേരത്തെ പറഞ്ഞ ക്ലാര്‍ക്കിന്‍റെ അടുത്ത് തന്നെ D.D. എടുക്കാന്‍ ചെന്നു. form check ചെയ്യുന്നതിനിടെ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവര്‍ എന്നോടൊരു ചോദ്യം : "ഇയാള് ബി.ടെക്ക്. ആണല്ലേ?"
ഞാന്‍ ആകെ അന്തം വിട്ടു. എന്‍റെ പേരോ നാളോ ഒന്നും പറയാതെ തന്നെ എന്‍റെ qualification അവര്‍ ഇങ്ങോട്ട് ചോദിക്കുന്നു. മുഖത്തുള്ള അന്ധാളിപ്പ് മറച്ചു കൊണ്ട് ഞാന്‍ ചോദിച്ചു: "എങ്ങനെ മനസ്സിലായി?"
അവര്‍ ആക്കിയ ഒരു ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു. "അല്ല, ബി.ടെക്കുകാര്‍ക്ക് മാത്രേ ഇത്രേം സംശയം ഉണ്ടാകാറുള്ളൂ...!!!"
ഞാന്‍ ആകെ ഇളിഭ്യനായി. ശേ, ആകെ നാണം കേട്ടല്ലോ. എന്നാലും ആ ക്ലാര്‍ക്ക് ആളൊരു ഫീകരി തന്നെ. ഒരു പതിനഞ്ചു മിനിറ്റ് നേരത്തെ പരിചയം കൊണ്ട് എന്‍റെ degree ഏതാണെന്ന് കണ്ടു പിടിച്ചല്ലോ. കഥ അവിടെ തീര്‍ന്നില്ല. D.D. തരാന്‍ നേരത്ത് അവര്‍ ഒരു കാര്യം കൂടി പറഞ്ഞു. അതാണ്‌ ഒടുക്കത്തെ ട്വിസ്റ്റ്. അവരും ഒരു ബി.ടെക്കുകാരി ആയിരുന്നു. അല്ലെങ്കിലും ഒരു ബി.ടെക്കുകാരന്‍റെ വിഷമം വേറൊരു ബി.ടെക്കുകാരനല്ലേ കൃത്യമായി മനസ്സിലാകൂ. ജോലി കിട്ടി കുറച്ചു നാള് കഴിയുന്നത് വരെ വളരെ സംശയിച്ചാണത്രേ അവരും ഇങ്ങനുള്ള കാര്യങ്ങള്‍ deal ചെയ്തിരുന്നത്. പയ്യെ പയ്യെ ഇങ്ങനുള്ള കാര്യങ്ങളില്‍ വൈദഗ്ദ്ധ്യം നേടിയെന്ന്‍ മാത്രം. ഒരു വിടര്‍ന്ന പുഞ്ചിരിയോടെ അവരത് പറയുമ്പോള്‍ എന്‍റെ ചമ്മല്‍ നല്ലൊരു ചിരിക്ക് വഴിമാറി..!!!

Friday, April 03, 2015

'ആരാധന'

സ്നേഹമാം ദൈവമേ,
ഹൃദയമാം കോവിലില്‍,
ദേഹത്തിന്‍ ദാഹമായ്
ആരാധന...ആരാധന...

നിബിഡമാം വനമിതില്‍,
ഒഴുകിടും പുഴയിതില്‍,
ആശയായ് പായ്മരം,
പ്രാര്‍ത്ഥന എന്‍ തുണ...

കരയെ തേടി അലയും ദേഹം,
ഉയിരും നിനക്കായ്‌ ഉരുകുന്നു...
വീണ മീട്ടും വിരല്‍പോലെ
നിന്‍സ്പര്‍ശനം സംഗീതാത്മകം...

സുക്കര്‍ബര്‍ഗണ്ണനൊരു തുറന്ന കത്ത്...

എത്രയും ബഹുമാനപെട്ട മോന്തപുസ്തക മൊയലാളി സുക്കര്‍ബര്‍ഗ് മാമന്‍ അറിയുവാന്‍ വേണ്ടി ഒരു പാവം ഓണ്‍ലൈന്‍ വിപ്ലവകാരി എഴുതുന്നത്‌.

എന്‍റെ പൊന്നു ചേട്ടാ, എന്നെ ഇങ്ങനെ ബ്ലോക്ക്‌ ചെയ്തിട്ട് ഒരു കാര്യവും ഇല്ല. നിങ്ങള്‍ എന്‍റെ People YOU may know ലിസ്റ്റില്‍ സുന്ദരികളായ പെണ്‍കുട്ടികളുടെ അക്കൗണ്ട്‌ കാണിക്കുന്നത് നിറുത്തിയാല്‍ അല്ലാതെ ഞാന്‍ നന്നാവൂല. അല്ലതെ മുപ്പതു ദിവസത്തേക്ക് ചുമ്മാ ബ്ലോക്കിയാല്‍ അത് കഴിഞ്ഞാല്‍ ഞാന്‍ പിന്നേം റിക്വസ്റ്റ് അയക്കും. അല്ലെങ്കില്‍ ചേട്ടന്‍ ഒരു പണി ചെയ്യ് എന്‍റെ റിക്വസ്റ്റ് സ്വീകരിക്കാത്തവരെ ഒക്കെ ബ്ലോക്ക്‌ ചെയ്യ്. ഇങ്ങനെ നിങ്ങള്‍ ഇനിയും വീണ്ടും വീണ്ടും റിക്വസ്റ്റ് ബ്ലോക്കാന്‍ ആണ് ഉദ്ദേശം എങ്കില്‍ ഞാന്‍ ഈ പരിപാടി ഇവിടെ വച്ച് നിര്‍ത്തും. പിന്നെ നിങ്ങള്‍ ശ്രീകൃഷ്ണപുരത്തൂടെ പഴയ കുപ്പിയും പാട്ടയും പെറുക്കാന്‍ വരേണ്ടി വരും. എന്തിനാ മൊയലാളി വെറുതെ പ്രശനം ഉണ്ടാക്കുന്നത്. ഒരു പാലം ഇട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ വേണ്ടേ???

എന്ന് സ്വന്തം,
സനീഷ് പുത്തൂരത്ത്,
ഓണ്‍ലൈന്‍ വിപ്ലവകാരി,
ഒപ്പ്: http://saneeshputhurath.blogspot.in

തിരശ്ശീലയില്‍ : Take 5 - പഴയ ട്രാക്കില്‍ 'എന്നും എപ്പോഴും'

ഏറെക്കാലത്തിനു ശേഷം ടിക്കറ്റ് കൌണ്ടറിലേക്ക് ഇടിച്ചു കയറി കാണേണ്ടി വന്ന സിനിമാനുഭവം ആണ് 'എന്നും എപ്പോഴും' എനിക്ക് സമ്മാനിച്ചത്‌. ഫീല്‍ ഗുഡ് സിനിമകളുടെ അപ്പോസ്തലന്‍ എന്ന സ്ഥാനത്തിന് ഇളക്കം തട്ടാതെ, സുരക്ഷിതമായ പഴയ ട്രാക്കിലൂടെ തന്നെ വണ്ടി ഓടിച്ചുകൊണ്ട് ഈ വിഷുക്കാലം സ്വന്തമാക്കുകയാണ് സത്യന്‍ അന്തിക്കാട്‌.
പഴയ നടന്‍ 'ഡിസ്ക്കോ' രവീന്ദ്രന്‍റെ കഥയ്ക്കോ എഴുത്തില്‍ തിരിച്ചെത്തിയ രഞ്ജന്‍ പ്രമോദിന്‍റെ തിരക്കഥയ്ക്കോ പ്രത്യേകിച്ച് പുതുമയൊന്നും അവകാശപ്പെടാനില്ല. സാധാരണ അന്തിക്കാട് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ചായാഗ്രഹണം നീല്‍ ഡി കുഞ്ഞയെ എല്പ്പിച്ചതും കഥാപശ്ചാത്തലം ഗ്രാമങ്ങളില്‍ നിന്നും നഗരത്തിലേക്ക് പറിച്ചു നട്ടതും അധികം മൈലേജ് ഒന്നും സിനിമക്ക് നല്കുന്നില്ല. വിനീത്.എന്‍.പിള്ള (മോഹന്‍ലാല്‍) എന്ന അലസനായ ജേണലിസ്റ്റ്, ഒരു കുഞ്ഞുമായി ഒറ്റയ്ക്ക് കഴിയുന്ന അഡ്വ: ദീപയുടെ അഭിമുഖത്തിന് ശ്രമിക്കുന്നതും അവരുടെ സ്വകാര്യജീവിതത്തിലേക്ക് കടന്നു ചെല്ലുന്നതും ആണ് കഥാഗതി. എന്തു കൊണ്ട് താന്‍ 'എന്നും എപ്പോഴും' പ്രേക്ഷകരുടെ ഇടയില്‍ താരരാജാവായി തുടരുന്നു എന്ന് അയത്ന ലളിതമായ അഭിനയത്തിലൂടെ മോഹന്‍ലാല്‍ എന്ന പ്രതിഭ കാണിച്ചു തരുന്നു. ഡബ്ബിങ്ങിലെ പിഴവുകളും അഭിനയത്തില്‍ അവിടവിടെയായി നിഴലിക്കുന്ന കൃത്രിമത്വവും ഒഴിച്ചു നിര്‍ത്തിയാല്‍ മഞ്ജു വാര്യരും സാമാന്യം ഭേദപ്പെട്ട രീതിയില്‍ പ്രകടനം നടത്തിയിട്ടുണ്ട്. ലെന, ഇന്നസെന്‍റ് തുടങ്ങി സ്ക്രീനില്‍ തെളിയുന്ന എല്ലാവരും നല്ല രീതിയില്‍ തങ്ങളുടെ കഥാപാത്രങ്ങളെ ഭംഗിയാക്കിയിരിക്കുന്നു. മോഹന്‍ലാലിന്‍റെ സന്തതസഹചാരികളായ ജേക്കബ് ഗ്രിഗറി, മിനോണ്‍ എന്നിവരുടെ പ്രകടനം എടുത്ത് പറയേണ്ടതാണ്. ഹാസ്യരംഗങ്ങളിലെ ടൈമിംഗ് ഒരുപാട് കയ്യടി നേടുന്നുണ്ട്. മോഹന്‍ലാല്‍-മഞ്ജു വാര്യര്‍-സത്യന്‍ അന്തിക്കാട്-രഞ്ജന്‍ പ്രമോദ് കൂട്ടുകെട്ടിന്‍റെ സിനിമ എന്ന രീതിയില്‍ പൂര്‍ണമായ അര്‍ത്ഥത്തില്‍ തൃപ്തി നല്‍കില്ലെങ്കിലും കുറഞ്ഞ പക്ഷം മോഹന്‍ലാലിന്‍റെ രസികന്‍ ഭാവങ്ങള്‍ക്ക് വേണ്ടി കുടുംബസമേതം ഒന്നിച്ചിരുന്നു കണ്ടു കയ്യടിക്കാവുന്ന ഒരു ചിത്രം തന്നെ ആണ് 'എന്നും എപ്പോഴും'.

Theatre : Priya, Palakkad
Status : 60%
Show : Holiday, Matinee
Rating : 7.5/10

Thursday, April 02, 2015

തിരശ്ശീലയില്‍ : Take 4 - ഒരു കിടുക്കന്‍ സെല്‍ഫി

തൊണ്ണൂറുകളുടെ തുടക്കത്തില്‍ തൊഴില്‍രഹിതരുടെ കഥ നര്‍മത്തില്‍ പൊതിഞ്ഞവതരിപ്പിച്ചു കൊണ്ട് ഒരുപാട് ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ ശ്രീനിവാസന്‍ ടച്ച്‌ മകന്‍ ആവാഹിക്കുന്ന കാഴ്ച ആണ് ഈ വിഷുക്കാലത്തെ എന്‍റെ ആദ്യതിരശ്ശീലാനുഭവം. ഒരു മേമ്പൊടിക്ക് വേണ്ടി ആയിരുന്നു ശ്രീനിവാസന്‍ തൊഴില്‍രഹിത യുവത്വത്തെ ഉപയോഗിച്ചതെങ്കില്‍ വിനീ
ത് ശ്രീനിവാസന്‍ മലര്‍വാടി ആര്‍ട്സ് ക്ലബ്ബ്, തട്ടത്തിന്‍ മറയത്ത് തുടങ്ങി 'ഒരു വടക്കന്‍ സെല്‍ഫി' വരെ കഥപറച്ചിലില്‍ മുഖ്യമായും ഉപയോഗിച്ചത് ഈ വിഭാഗത്തെ ആണ്. അത്രയൊന്നും കെട്ടുറപ്പില്ലാത്ത കഥ വളരെ തന്ത്രപരമായ തിരക്കഥാ രചനയിലൂടെ മറികടക്കുന്ന മികവ് ഇവിടെയും ആവര്‍ത്തിക്കപ്പെട്ടു. അത് ഒരു തുടക്കക്കാരന്‍റെ പതര്‍ച്ചകള്‍ ഏതുമില്ലാതെ, കയ്യടക്കത്തോടെ സംവിധാനം ചെയ്യുന്നതില്‍ പുതുമുഖസംവിധായകന്‍ പ്രജിത്ത് വിജയിച്ചിരിക്കുന്നു എന്ന് നിസംശയം പറയാം. ജോമോന്‍റെ ചായാഗ്രഹണവും രഞ്ജന്‍ എബ്രഹാമിന്‍റെ എഡിറ്റിങ്ങും മികവ് പുലര്‍ത്തി. ഷാന്‍ റഹ്മാന്‍റെ കൈകളില്‍ സംഗീത-പശ്ചാത്തലസംഗീത വിഭാഗം ഭദ്രമായിരുന്നു. പക്ഷെ, ഗാനങ്ങള്‍ പലതും അസ്ഥാനത്ത് കയറി വന്നില്ലേ എന്നൊരു സംശയം ബാക്കി. അഭിനേതാക്കളില്‍ അജു വര്‍ഗീസും വിജയരാഘവനും കയ്യടി നേടി മുന്നേറി. ഹസ്യരംഗങ്ങളില്‍ തന്‍റേതായ കയ്യൊപ്പ് ഈ ചിത്രത്തിലും അജു പതിപ്പിക്കുന്നു. നിവിന്‍ പോളി തന്‍റെ സേഫ് സോണ്‍ വിട്ടു പുറത്തു പോകാത്ത കഥാപാത്രങ്ങളെ തിരഞ്ഞെടുത്ത് അത് വൃത്തിയായി അവതരിപ്പിച്ചു കൊണ്ട് ഒരു വിജയ ചിത്രം കൂടി തന്‍റെ ബാലന്‍സ് ഷീറ്റില്‍ കയറ്റുന്നു. വിനീത് ശ്രീനിവാസന്‍ അഭിനയത്തിന്‍റെ കാര്യത്തില്‍ മുന്‍കാല ചിത്രങ്ങളില്‍ നിന്നും ഏറെ മുന്നോട്ടു പോയതും പരാമര്‍ശിക്കപ്പെടേണ്ടതാണ്. ക്ലൈമാക്സിനോടടുപ്പിച്ചുള്ള രംഗങ്ങളില്‍ ഒരല്‍പം പുറകോട്ടു പോയതൊഴിച്ചാല്‍ പുതുമുഖ നായിക മഞ്ജിമയും ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു. നര്‍മരംഗങ്ങള്‍ കയ്യടക്കിയ ആദ്യ പകുതിയും കഥാഗതിയിലേക്ക് ചേര്‍ന്ന് നില്‍ക്കുന്ന രണ്ടാം പകുതിയും എന്ന് ചിത്രത്തെ വേര്‍തിരിക്കാം. വളരെ പ്രധാനപ്പെട്ട ചില സന്ദേശങ്ങള്‍ കൈമാറിക്കൊണ്ടാണ് സിനിമ അവസാനിക്കുന്നത്. ചുരുക്കത്തില്‍, ഉള്ളു തുറന്നു ചിരിക്കാന്‍ ഒരുപാട് ഇടനല്‍കുന്ന ഒരു കിടുക്കന്‍ സെല്‍ഫി തന്നെ ആണ് വിനീത് ശ്രീനിവാസനും സുഹൃത്തുക്കളും നമുക്ക് നല്‍കുന്നത്.

Theatre : Vettu Road Harisree, Trivandrum
Status : 30%
Show : Working Day, Matinee
Rating : 7/10

Friday, March 13, 2015

കേരളാ ബഡ്ജറ്റ്-ഒരു ഒറ്റവരി അവലോകനം

അടി, ഇടി, വെടി, കുത്ത്, കടി, അവസാനം ഒരു ലഡ്ഡുവും!!!
അതായിരുന്നു 2015ലെ അവതരിപ്പിച്ച അല്ലെങ്കില്‍ അവതരിപ്പിച്ചു എന്നവകാശപ്പെടുന്ന കേരള ബഡ്ജറ്റ്!!!

[കടപ്പാട്: കലപില]

Tuesday, March 10, 2015

എന്‍റെ ഗുരുവായൂരപ്പാ...!!!

വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു ചിങ്ങമാസത്തിലെ പൂരാടം. മലബാറിലെ, കുറച്ചൂടെ വ്യക്തമായി പറഞ്ഞാല്‍ കോഴിക്കോട്ടെ ഒരു കോളേജിലെ ഓണാഘോഷത്തിന്‍റെ ഭാഗമായി എഴുത്തുകാരുടെ ഒരു ചെറിയ ഒത്തുകൂടല്‍., അല്ലറ ചില്ലറ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവക്കേണ്ടതുള്‍പ്പെടെ ഒട്ടേറെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. ഒരു സുഹൃത്ത് ഇങ്ങനൊരു സംഭവം നടക്കുന്ന കാര്യം പറഞ്ഞു. ഞാനും ചെന്ന്, ഒന്നുമില്ലെങ്കിലും നാളെ ഇവരില്‍ ചിലരെങ്കിലും എന്തെങ്കിലും കാര്യങ്ങള്‍ക്ക് ഉപകരിച്ചാലോ..!!!

അങ്ങനെ കാഴ്ചക്കാരില്‍ ഒരാളായി ഞാനും. കോഴിക്കോട് നഗരത്തിന്‍റെ വികസനം മുതല്‍ ആഗോള സാമ്പത്തിക മാന്ദ്യം വരെ ഒരു മാതിരി പെട്ട എല്ലാ കാര്യങ്ങളിലും അവിടെ കൂടി നിന്നവര്‍ക്ക് അഭിപ്രായം ഉണ്ടായിരുന്നു, വീക്ഷണവും വിചാരവും ഉണ്ടായിരുന്നു. "എനിക്ക് വ്യക്തമായ ധാരണയില്ല" എന്ന നിഷ്പക്ഷതയെക്കാള്‍ "എന്‍റെ അഭിപ്രായം" എന്ന ദൃഡത ആണ് അവിടെ കൂടി നിന്നവരുടെ ഭാഷണങ്ങളില്‍ തെളിഞ്ഞു കത്തിയത്. അവിടെ വന്നവരില്‍ ഭൂരിഭാഗം പേരും അന്ന് രാത്രി കോഴിക്കോടിന്‍റെ തണുപ്പും ചൂടും ചൂരും ചന്തവും അറിഞ്ഞ് ഈ നഗരത്തിന്‍റെ ആഥിതേയത്വം സ്വീകരിച്ച് ഇവിടെ രാവുറങ്ങി പിറ്റേന്ന് പുലര്‍ന്ന്‍ മാത്രം നഗരത്തോട് വിട പറയാന്‍ തീരുമാനിച്ചവര്‍., ഒരാളൊഴികെ. ഒരു പാവം കോളേജ് അദ്ധ്യാപകന്‍., പേര് ചിലരെങ്കിലും അറിയുന്നതാകയാല്‍ പറയാന്‍ നിര്‍വാഹമില്ല. കാര്യം കോളേജ് അദ്ധ്യാപകന്‍ ഒക്കെ ആണെങ്കിലും നമ്മള്‍ വിചാരിക്കുന്നത്ര പ്രായം ഒന്നും ഇല്ല. ഭാര്യ ആദ്യപ്രസവത്തിന് തയ്യാറെടുക്കുന്നു. അത് കൊണ്ടാകണം ആള് ഇടയ്ക്കിടെ വീട്ടിലേക്കു വിളിച്ചു നോക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന് ഒന്ന് ഗുരുവായൂര് പോകണം. രാവിലെ നേരത്തെ തൊഴുത് തിരിച്ചു വീട്ടിലും എത്തണം. ടി.വി.യില്‍ സ്റ്റാര്‍ സിങ്ങര്‍ തുടങ്ങേണ്ട സമയം ആയിരിക്കുന്നു. എന്നിട്ടും ഇവിടെ ചര്‍ച്ചകളുടെ എലിമിനേഷന്‍ ഇനിയും തുടങ്ങിയിട്ടില്ല. എനിക്കും മടുത്തു തുടങ്ങി. അങ്ങ് അമേരിക്കയില്‍ ഒബാമ എന്തെങ്കിലും കാട്ടിക്കൂട്ടണതിന് ഇവിടെ മൈക്കിന്‍റെ മുന്നില്‍ കിടന്ന് തൊണ്ട പൊട്ടിചിട്ടെന്ത് കാര്യം എന്ന് ചോദിക്കാന്‍ തോന്നി. ചില സമയത്ത് നമ്മുടെ സാഹിത്യകാരന്മാരുടെ പ്രസംഗം ചില രാഷ്ട്രീയക്കാരുടെ മൈതാനപ്രസംഗത്തെക്കാള്‍ കഷ്ടം ആണ്...!!! ഞാന്‍ പ്രസംഗിച്ചു കഴിഞ്ഞാലും ചിലര്‍ക്കെങ്കിലും ഇങ്ങനെ തോന്നിയിട്ടുണ്ടാകാം, എന്താ ചെയ്യാ, സാഹചര്യങ്ങളുടെ സമ്മര്‍ദം. എന്തായാലും ഞാനും സുഹൃത്തും അവിടെ നിന്നും ഇറങ്ങാന്‍ തീരുമാനിച്ചു. സുഹൃത്തും ഞാനും രണ്ടു വഴിക്കാണ്. എനിക്ക് തൃശ്ശൂര് പോയിട്ട് ചില ചുറ്റിക്കളികള്‍ ഉള്ളത് കൊണ്ട് ഞാന്‍ സുഹൃത്തിനോട്‌ യാത്ര പറഞ്ഞു. അവനാണേല്‍ മുക്കം ഭാഗത്തേക്കാണ് പോകേണ്ടത്. അപ്പോഴാണ്‌ ഞാന്‍ നേരത്തെ പറഞ്ഞ മാഷ്‌ ഒരു വണ്ടി കാത്തുനില്‍ക്കുന്ന കണ്ടത്. മൂപ്പര് ഗുരുവായൂര് പോവാണ് എന്നും ബസ്‌ സ്റ്റാന്‍ഡ്‌ വരെ ഒന്നിച്ചു വണ്ടിയില്‍ പോകാം എന്നും പറഞ്ഞു. എന്നിട്ട് ഭാര്യയുടെ ഗര്‍ഭം ഉള്‍പ്പെടെ ഉള്ള സകലമാന വിശേഷങ്ങളും പറഞ്ഞു. വണ്ടി വന്നു, കേറി അവിടെ എത്തുന്ന വരെ അദ്ദേഹം ഒരുപാട് കാര്യങ്ങളെ കുറിച്ച് സംസാരിച്ചു. എന്തിനെ കുറിച്ച് ചോദിച്ചാലും വായിച്ചതോ നേരിട്ട് അറിഞ്ഞതോ ആയ ഉദാഹരണങ്ങള്‍ വച്ച് സംസാരിക്കുന്ന ഒരു ബുദ്ധി ജീവി. വേഷത്തിലും ഭാവത്തിലും സൌമ്യന്‍, യാതൊരു വിധ ജാടകളും ഇല്ലാത്ത ഒരു മാന്യന്‍.,.
അദ്ദേഹം എന്നെ സ്റ്റാന്‍ഡില്‍ എത്തിച്ചു. എനിക്ക് നാട്ടിലേക്ക് പോകാന്‍ അധികം വണ്ടികള്‍ ഒന്നും ഇല്ലാത്തതിനാല്‍ അദ്ദേഹത്തെ യാത്രയാക്കാന്‍ നിക്കാതെ ഞാന്‍ മുന്നില്‍ വന്നു കിടന്ന ബസ്സില്‍ മടങ്ങാന്‍ തീരുമാനിച്ചു. ഇത്രയും സംഭവങ്ങള്‍ ഒരു സത്യന്‍ അന്തിക്കാട് സിനിമ പോലെ മനോഹരം. ഇനി വരാന്‍ പോകുന്നത് ഒരു ട്വിസ്റ്റ്‌ ആണ്. ഒരു ഒന്നൊന്നര ട്വിസ്റ്റ്‌.

നമ്മുടെ നായകന്‍ ആ സ്റ്റാന്‍ഡില്‍ വച്ച് ഒരു സ്ത്രീയെ പരിചയപ്പെട്ടു. അവരിരുവരുടെയും ലക്ഷ്യ സ്ഥാനങ്ങള്‍ ഒന്നായത് കൊണ്ട് ഒരേ ബസ്സില്‍ യാത്ര തിരിച്ചു. വണ്ടി ഗുരുവായൂര്‍ എത്തുമ്പോ നേരം വെളുത്തിട്ടില്ല. അവിടവിടെയായി പത്ര കെട്ടുകള്‍ വന്നു വീണു തുടങ്ങുന്നേ ഉള്ളൂ. ഇന്നലെയുടെ അടയാളങ്ങള്‍ പതിച്ച്, വര്‍ത്തമാനത്തില്‍ നിന്നും ഭാവിയിലേക്ക് സഞ്ചരിക്കുന്ന ലോകത്തില്‍ ഭൂതകാലത്തെ ഓര്‍മിപ്പിക്കാന്‍ ഉതകുന്ന കറുത്ത അക്ഷരങ്ങള്‍ നിറഞ്ഞ താളുകള്‍.

സഞ്ചാര സ്വാതന്ത്ര്യം ഏറെയുള്ള നാടാണ് നമ്മുടേത്‌. നമ്മുടെ കഥയിലെ ട്വിസ്റ്റ്‌ ഈ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒരു നടപടി ആണ്. ഒപ്പം സഞ്ചരിച്ചു എന്ന കുറ്റത്തിന് അവരിരുവരെയും പോലീസ് പൊക്കി. ഗുരുവായൂര്‍ സ്റ്റാന്‍ഡില്‍ വച്ചാണ് സംഭവം. അവിടെ ബസ്‌ ഇറങ്ങിയ നമ്മുടെ കഥാപാത്രങ്ങള്‍ ആ സ്ത്രീയെ പിക്ക് ചെയ്യാന്‍ വരാം എന്നേറ്റ സുഹൃത്തിനെ കാത്ത് നില്‍ക്കുമ്പോഴാണ് കേരള പോലീസ് അവരുടെ "തൊഴില്‍ ധര്‍മം" നിര്‍വഹിച്ചത്. "ഞങ്ങള്‍ സുഹൃത്തുക്കള്‍ ആണ്" എന്ന മറുപടി ബോധിപ്പിക്കാന്‍ തെളിവുകള്‍ ഒന്നും തന്നെ അവരുടെ കയ്യില്‍ ഉണ്ടായിരുന്നില്ല. അവസാനം ഗുരുവായൂരുള്ള പരിചയക്കാര്‍ ഇടപ്പെട്ടാണ് ഇരുവരെയും രക്ഷിച്ചത്‌. ഇക്കണക്കിന് യാത്രയില്‍ കൂടെയുള്ളത് ഭാര്യ ആണെന്ന് തെളിയിക്കാന്‍ Marriage Certificate, പെങ്ങളോ അമ്മയോ ആണ് എന്ന് തെളിയിക്കാന്‍ ഫാമിലി ഫോട്ടോ, അങ്ങനെ എന്തെല്ലാം തെളിവായി നല്‍കേണ്ടി വരും എന്‍റെ ഗുരുവായൂരപ്പാ...!!!

എന്‍റെ കൂടെ സഞ്ചരിച്ചിട്ടുള്ള എല്ലാ പെണ്‍സുഹൃത്തുക്കള്‍ക്കും സമര്‍പ്പണം, നല്ല നമസ്കാരം... :-)

[അനുഭവം സുഹൃത്ത്‌ പങ്കു വച്ചതാണ്, പേര് പറയാന്‍ നിര്‍വാഹം ഇല്ല, ക്ഷമിക്കുക...]

ഭക്ഷണവും ഭരണകൂടവും...

ഒരു ജനത എന്ത് കഴിക്കരുതെന്ന് തീരുമാനിക്കുന്നതിനു മുന്‍പ് ഒരു ഭരണകൂടം ചെയ്യേണ്ടിയിരുന്നത്, പ്രസ്തുത ജനത മുഴുവന്‍ മുടങ്ങാതെ വല്ലതും കഴിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുകയായിരുന്നു..!!!