ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Friday, March 13, 2015

കേരളാ ബഡ്ജറ്റ്-ഒരു ഒറ്റവരി അവലോകനം

അടി, ഇടി, വെടി, കുത്ത്, കടി, അവസാനം ഒരു ലഡ്ഡുവും!!!
അതായിരുന്നു 2015ലെ അവതരിപ്പിച്ച അല്ലെങ്കില്‍ അവതരിപ്പിച്ചു എന്നവകാശപ്പെടുന്ന കേരള ബഡ്ജറ്റ്!!!

[കടപ്പാട്: കലപില]

Tuesday, March 10, 2015

എന്‍റെ ഗുരുവായൂരപ്പാ...!!!

വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു ചിങ്ങമാസത്തിലെ പൂരാടം. മലബാറിലെ, കുറച്ചൂടെ വ്യക്തമായി പറഞ്ഞാല്‍ കോഴിക്കോട്ടെ ഒരു കോളേജിലെ ഓണാഘോഷത്തിന്‍റെ ഭാഗമായി എഴുത്തുകാരുടെ ഒരു ചെറിയ ഒത്തുകൂടല്‍., അല്ലറ ചില്ലറ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവക്കേണ്ടതുള്‍പ്പെടെ ഒട്ടേറെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. ഒരു സുഹൃത്ത് ഇങ്ങനൊരു സംഭവം നടക്കുന്ന കാര്യം പറഞ്ഞു. ഞാനും ചെന്ന്, ഒന്നുമില്ലെങ്കിലും നാളെ ഇവരില്‍ ചിലരെങ്കിലും എന്തെങ്കിലും കാര്യങ്ങള്‍ക്ക് ഉപകരിച്ചാലോ..!!!

അങ്ങനെ കാഴ്ചക്കാരില്‍ ഒരാളായി ഞാനും. കോഴിക്കോട് നഗരത്തിന്‍റെ വികസനം മുതല്‍ ആഗോള സാമ്പത്തിക മാന്ദ്യം വരെ ഒരു മാതിരി പെട്ട എല്ലാ കാര്യങ്ങളിലും അവിടെ കൂടി നിന്നവര്‍ക്ക് അഭിപ്രായം ഉണ്ടായിരുന്നു, വീക്ഷണവും വിചാരവും ഉണ്ടായിരുന്നു. "എനിക്ക് വ്യക്തമായ ധാരണയില്ല" എന്ന നിഷ്പക്ഷതയെക്കാള്‍ "എന്‍റെ അഭിപ്രായം" എന്ന ദൃഡത ആണ് അവിടെ കൂടി നിന്നവരുടെ ഭാഷണങ്ങളില്‍ തെളിഞ്ഞു കത്തിയത്. അവിടെ വന്നവരില്‍ ഭൂരിഭാഗം പേരും അന്ന് രാത്രി കോഴിക്കോടിന്‍റെ തണുപ്പും ചൂടും ചൂരും ചന്തവും അറിഞ്ഞ് ഈ നഗരത്തിന്‍റെ ആഥിതേയത്വം സ്വീകരിച്ച് ഇവിടെ രാവുറങ്ങി പിറ്റേന്ന് പുലര്‍ന്ന്‍ മാത്രം നഗരത്തോട് വിട പറയാന്‍ തീരുമാനിച്ചവര്‍., ഒരാളൊഴികെ. ഒരു പാവം കോളേജ് അദ്ധ്യാപകന്‍., പേര് ചിലരെങ്കിലും അറിയുന്നതാകയാല്‍ പറയാന്‍ നിര്‍വാഹമില്ല. കാര്യം കോളേജ് അദ്ധ്യാപകന്‍ ഒക്കെ ആണെങ്കിലും നമ്മള്‍ വിചാരിക്കുന്നത്ര പ്രായം ഒന്നും ഇല്ല. ഭാര്യ ആദ്യപ്രസവത്തിന് തയ്യാറെടുക്കുന്നു. അത് കൊണ്ടാകണം ആള് ഇടയ്ക്കിടെ വീട്ടിലേക്കു വിളിച്ചു നോക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന് ഒന്ന് ഗുരുവായൂര് പോകണം. രാവിലെ നേരത്തെ തൊഴുത് തിരിച്ചു വീട്ടിലും എത്തണം. ടി.വി.യില്‍ സ്റ്റാര്‍ സിങ്ങര്‍ തുടങ്ങേണ്ട സമയം ആയിരിക്കുന്നു. എന്നിട്ടും ഇവിടെ ചര്‍ച്ചകളുടെ എലിമിനേഷന്‍ ഇനിയും തുടങ്ങിയിട്ടില്ല. എനിക്കും മടുത്തു തുടങ്ങി. അങ്ങ് അമേരിക്കയില്‍ ഒബാമ എന്തെങ്കിലും കാട്ടിക്കൂട്ടണതിന് ഇവിടെ മൈക്കിന്‍റെ മുന്നില്‍ കിടന്ന് തൊണ്ട പൊട്ടിചിട്ടെന്ത് കാര്യം എന്ന് ചോദിക്കാന്‍ തോന്നി. ചില സമയത്ത് നമ്മുടെ സാഹിത്യകാരന്മാരുടെ പ്രസംഗം ചില രാഷ്ട്രീയക്കാരുടെ മൈതാനപ്രസംഗത്തെക്കാള്‍ കഷ്ടം ആണ്...!!! ഞാന്‍ പ്രസംഗിച്ചു കഴിഞ്ഞാലും ചിലര്‍ക്കെങ്കിലും ഇങ്ങനെ തോന്നിയിട്ടുണ്ടാകാം, എന്താ ചെയ്യാ, സാഹചര്യങ്ങളുടെ സമ്മര്‍ദം. എന്തായാലും ഞാനും സുഹൃത്തും അവിടെ നിന്നും ഇറങ്ങാന്‍ തീരുമാനിച്ചു. സുഹൃത്തും ഞാനും രണ്ടു വഴിക്കാണ്. എനിക്ക് തൃശ്ശൂര് പോയിട്ട് ചില ചുറ്റിക്കളികള്‍ ഉള്ളത് കൊണ്ട് ഞാന്‍ സുഹൃത്തിനോട്‌ യാത്ര പറഞ്ഞു. അവനാണേല്‍ മുക്കം ഭാഗത്തേക്കാണ് പോകേണ്ടത്. അപ്പോഴാണ്‌ ഞാന്‍ നേരത്തെ പറഞ്ഞ മാഷ്‌ ഒരു വണ്ടി കാത്തുനില്‍ക്കുന്ന കണ്ടത്. മൂപ്പര് ഗുരുവായൂര് പോവാണ് എന്നും ബസ്‌ സ്റ്റാന്‍ഡ്‌ വരെ ഒന്നിച്ചു വണ്ടിയില്‍ പോകാം എന്നും പറഞ്ഞു. എന്നിട്ട് ഭാര്യയുടെ ഗര്‍ഭം ഉള്‍പ്പെടെ ഉള്ള സകലമാന വിശേഷങ്ങളും പറഞ്ഞു. വണ്ടി വന്നു, കേറി അവിടെ എത്തുന്ന വരെ അദ്ദേഹം ഒരുപാട് കാര്യങ്ങളെ കുറിച്ച് സംസാരിച്ചു. എന്തിനെ കുറിച്ച് ചോദിച്ചാലും വായിച്ചതോ നേരിട്ട് അറിഞ്ഞതോ ആയ ഉദാഹരണങ്ങള്‍ വച്ച് സംസാരിക്കുന്ന ഒരു ബുദ്ധി ജീവി. വേഷത്തിലും ഭാവത്തിലും സൌമ്യന്‍, യാതൊരു വിധ ജാടകളും ഇല്ലാത്ത ഒരു മാന്യന്‍.,.
അദ്ദേഹം എന്നെ സ്റ്റാന്‍ഡില്‍ എത്തിച്ചു. എനിക്ക് നാട്ടിലേക്ക് പോകാന്‍ അധികം വണ്ടികള്‍ ഒന്നും ഇല്ലാത്തതിനാല്‍ അദ്ദേഹത്തെ യാത്രയാക്കാന്‍ നിക്കാതെ ഞാന്‍ മുന്നില്‍ വന്നു കിടന്ന ബസ്സില്‍ മടങ്ങാന്‍ തീരുമാനിച്ചു. ഇത്രയും സംഭവങ്ങള്‍ ഒരു സത്യന്‍ അന്തിക്കാട് സിനിമ പോലെ മനോഹരം. ഇനി വരാന്‍ പോകുന്നത് ഒരു ട്വിസ്റ്റ്‌ ആണ്. ഒരു ഒന്നൊന്നര ട്വിസ്റ്റ്‌.

നമ്മുടെ നായകന്‍ ആ സ്റ്റാന്‍ഡില്‍ വച്ച് ഒരു സ്ത്രീയെ പരിചയപ്പെട്ടു. അവരിരുവരുടെയും ലക്ഷ്യ സ്ഥാനങ്ങള്‍ ഒന്നായത് കൊണ്ട് ഒരേ ബസ്സില്‍ യാത്ര തിരിച്ചു. വണ്ടി ഗുരുവായൂര്‍ എത്തുമ്പോ നേരം വെളുത്തിട്ടില്ല. അവിടവിടെയായി പത്ര കെട്ടുകള്‍ വന്നു വീണു തുടങ്ങുന്നേ ഉള്ളൂ. ഇന്നലെയുടെ അടയാളങ്ങള്‍ പതിച്ച്, വര്‍ത്തമാനത്തില്‍ നിന്നും ഭാവിയിലേക്ക് സഞ്ചരിക്കുന്ന ലോകത്തില്‍ ഭൂതകാലത്തെ ഓര്‍മിപ്പിക്കാന്‍ ഉതകുന്ന കറുത്ത അക്ഷരങ്ങള്‍ നിറഞ്ഞ താളുകള്‍.

സഞ്ചാര സ്വാതന്ത്ര്യം ഏറെയുള്ള നാടാണ് നമ്മുടേത്‌. നമ്മുടെ കഥയിലെ ട്വിസ്റ്റ്‌ ഈ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒരു നടപടി ആണ്. ഒപ്പം സഞ്ചരിച്ചു എന്ന കുറ്റത്തിന് അവരിരുവരെയും പോലീസ് പൊക്കി. ഗുരുവായൂര്‍ സ്റ്റാന്‍ഡില്‍ വച്ചാണ് സംഭവം. അവിടെ ബസ്‌ ഇറങ്ങിയ നമ്മുടെ കഥാപാത്രങ്ങള്‍ ആ സ്ത്രീയെ പിക്ക് ചെയ്യാന്‍ വരാം എന്നേറ്റ സുഹൃത്തിനെ കാത്ത് നില്‍ക്കുമ്പോഴാണ് കേരള പോലീസ് അവരുടെ "തൊഴില്‍ ധര്‍മം" നിര്‍വഹിച്ചത്. "ഞങ്ങള്‍ സുഹൃത്തുക്കള്‍ ആണ്" എന്ന മറുപടി ബോധിപ്പിക്കാന്‍ തെളിവുകള്‍ ഒന്നും തന്നെ അവരുടെ കയ്യില്‍ ഉണ്ടായിരുന്നില്ല. അവസാനം ഗുരുവായൂരുള്ള പരിചയക്കാര്‍ ഇടപ്പെട്ടാണ് ഇരുവരെയും രക്ഷിച്ചത്‌. ഇക്കണക്കിന് യാത്രയില്‍ കൂടെയുള്ളത് ഭാര്യ ആണെന്ന് തെളിയിക്കാന്‍ Marriage Certificate, പെങ്ങളോ അമ്മയോ ആണ് എന്ന് തെളിയിക്കാന്‍ ഫാമിലി ഫോട്ടോ, അങ്ങനെ എന്തെല്ലാം തെളിവായി നല്‍കേണ്ടി വരും എന്‍റെ ഗുരുവായൂരപ്പാ...!!!

എന്‍റെ കൂടെ സഞ്ചരിച്ചിട്ടുള്ള എല്ലാ പെണ്‍സുഹൃത്തുക്കള്‍ക്കും സമര്‍പ്പണം, നല്ല നമസ്കാരം... :-)

[അനുഭവം സുഹൃത്ത്‌ പങ്കു വച്ചതാണ്, പേര് പറയാന്‍ നിര്‍വാഹം ഇല്ല, ക്ഷമിക്കുക...]

ഭക്ഷണവും ഭരണകൂടവും...

ഒരു ജനത എന്ത് കഴിക്കരുതെന്ന് തീരുമാനിക്കുന്നതിനു മുന്‍പ് ഒരു ഭരണകൂടം ചെയ്യേണ്ടിയിരുന്നത്, പ്രസ്തുത ജനത മുഴുവന്‍ മുടങ്ങാതെ വല്ലതും കഴിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുകയായിരുന്നു..!!!