ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Friday, November 01, 2024

അങ്ങനൊരു നുണയൻ Text Book Author ആവുന്ന വിധം...

"ഒന്ന് പോടാ, നുണ പറയാതെ..."

ഞാൻ Text Book എഴുതുന്നു ന്ന് പറഞ്ഞപ്പോ അച്ഛൻ ആദ്യം പറഞ്ഞ Comment ഇതായിരുന്നു.

അതിലും വലിയ കളിയാക്കൽ ഒന്നും എവിടെ നിന്നും കിട്ടാൻ സാധ്യതയില്ലാത്ത

കൊണ്ട് ഞാൻ ഈ കാര്യം പിന്നീട് അധികം ആരോടും പങ്കുവെച്ചില്ല.

പക്ഷേ ആ കളിയാക്കൽ എനിക്ക് തന്നത് വലിയൊരു തിരിച്ചറിവായിരുന്നു.

ഒരു ശരാശരി വിദ്യാർഥി (അങ്ങനെ തന്നെ വിശേഷിപ്പിക്കണം, കാരണം ഞാൻ പഠിച്ച

ഒരു ക്ലാസിലും അധ്യാപകൻ വിദൂര ഭാവിയിൽ ഓർത്തിരിക്കുന്ന

ഒരു വിദ്യാർത്ഥിയാണ് ഞാനെന്ന ഒരു അഹങ്കാരവും എനിക്ക് തോന്നിയിട്ടില്ല)

എന്നെങ്കിലും ഒരു പാഠപുസ്തകം എഴുതും എന്ന ആത്മവിശ്വാസം

അത്തരം ഒരു വിദ്യാർത്ഥിയുടെ രക്ഷിതാക്കൾക്ക് സ്വാഭാവികമായും ഉണ്ടാവില്ലല്ലോ.

എന്റെ പരിമിതികളെ കുറിച്ചുള്ള ഏറ്റവും വലിയ തിരിച്ചറിവും

അല്ലെങ്കിൽ തിരിച്ചറിവുകളിൽ ഒന്നും അത് തന്നെയാണ്.

ഈ കമൻറ് പറഞ്ഞ ശേഷം ഓരോ തവണ അച്ഛൻ മുറിയിൽ വരുമ്പോഴും

അലസമായി ഞാൻ ഉപേക്ഷിച്ച, വായിക്കാത്ത പുസ്തകങ്ങൾ നിറഞ്ഞ ഷെൽഫും

പുസ്തകങ്ങൾ കുത്തിനിറച്ചു വച്ചിരിക്കുന്ന (സാധാരണ എല്ലാവരും തുണിനിറയ്ക്കാൻ

ഉപയോഗിക്കുന്ന) അലമാരയും ചൂണ്ടിക്കാട്ടി അച്ഛൻ പറഞ്ഞു കൊണ്ടിരുന്നത്

ഒന്ന് പുസ്തകം അടുക്കി വെക്കാൻ പോലും അറിയാത്തവൻ ആണ് പുസ്തകം എഴുതണം

എന്ന ആഗ്രഹവുമായി നടക്കുന്നതെന്നായിരുന്നു. വല്ലാത്തൊരു ഹരം തന്നെ, അല്ലെ!


അതൊരിക്കലും ഒരു അതിശയോക്തി ആയിരുന്നില്ല.

എന്നെ കുറിച്ചുള്ള ഏറ്റവും കൃത്യമായ വിലയിരുത്തൽ ആയിരുന്നു

അല്ലെങ്കിൽ കാഴ്ചപ്പാടായിരുന്നു. ശരിയാണ്, ഒരു കാര്യത്തിലും അടുക്കും ചിട്ടയും

കാത്തുസൂക്ഷിക്കാത്ത ഒരാൾ ഒരു സുപ്രഭാതത്തിൽ ഒരു പുസ്തകം

അതും വിദ്യാർത്ഥികൾ പഠിക്കണം എന്ന ആഗ്രഹത്തിൽ വാങ്ങിക്കുന്ന

ഒരു ടെക്സ്റ്റ് പുസ്തകം എഴുതുന്നത് ഒരിക്കലും ചിന്തിക്കാൻ പോലും പറ്റില്ലല്ലോ.

പിന്നെ ഞാൻ എങ്ങനെ അച്ഛനെ മാത്രം കുറ്റം പറയും!

എങ്കിലും എന്റെ ആത്മവിശ്വാസം കൂടുതൽ ആയത് കൊണ്ടോ

അല്ലെങ്കിൽ ഒരു കൈയബദ്ധം കൊണ്ടോ ഞാനെൻറെ വളരെ അടുത്ത

സുഹൃത്തുക്കളുമായി മാത്രം ഈ വിവരം പിന്നെയും പങ്കുവെച്ചു.

അവരുടെയും പ്രതികരണവും മറിച്ചായിരുന്നില്ല.

"പുസ്തകം പ്രസിദ്ധീകരിച്ച ശേഷമോ അല്ലെങ്കി ISBN നമ്പർ പോലെ ശക്തമായ

എന്തെങ്കിലും തെളിവ് ലഭിച്ചശേഷം മാത്രമോ ഇത് മറ്റുള്ളവരോട് പറഞ്ഞാൽ മതി"

എന്നായിരുന്നു മിക്കവരും നൽകിയ ഉപദേശം. അവരും സമ്മാനിച്ചത് നിരാശ തന്നെ!

എന്നാൽ എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം അതിനിടയ്ക്ക് സംഭവിച്ചു. വർഷങ്ങൾക്കുശേഷം മാത്രം ഞാൻ സംസാരിച്ച ഒരുപക്ഷേ വഴിവിളക്ക് എന്ന് ഇതുവരെയുള്ള യാത്രയിൽ എനിക്ക് വിശേഷിപ്പിക്കാവുന്ന എഞ്ചിനീയറിംഗ് ഡിഗ്രി സമയത്തെ രമ്യ ടീച്ചർ ഞാൻ നേടിയ രണ്ട് Patent പോലുള്ള നേട്ടങ്ങളെ കുറിച്ച് വളരെ അഭിമാനം പ്രകടിപ്പിക്കുകയും  എന്റെ കഴിവിൽ അളവിൽ കവിഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. ഒരുപക്ഷേ, ആ രാത്രിയാവണം എനിക്ക് ഇനിയും ഒരുപാട് മുന്നോട്ട് പോകാൻ പറ്റുമെന്ന് തോന്നിപ്പിച്ച സമയം. എന്റെ സഹജമായ മടി കൊണ്ടും ജോലിത്തിരക്കിന്റെ അല്ലെങ്കിൽ ലഭിക്കുന്ന കൂലിയോട് സ്വാഭാവികമായും കാണിക്കേണ്ട ആത്മാർത്ഥതയുടെ ഭാഗമായും മറ്റ് പല കാരണങ്ങൾ കൊണ്ടും ടെക്സ്റ്റ് പുസ്തകത്തിൽ ഞാൻ എഴുതിയ ഭാഗത്തിന്റെ മാത്രം കമ്പൈലേഷൻ അഥവാ എഡിറ്റിംഗ് നീണ്ടു പോയി. കൂടെയുള്ള മറ്റ് എഴുത്തുകാർ മിക്കവരും തന്നെ ഇതിനു മുൻപ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചവർ ആയതുകൊണ്ട് അവർക്ക് പ്രത്യേകിച്ച് ധൃതി ഒന്നും കണ്ടതുമില്ല. എങ്കിലും അവർ ഒരു കാര്യം ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു. അവരെല്ലാം കാത്തിരിക്കുന്നത് എന്റെ പേരിലുള്ള പുസ്തകം യാഥാർത്ഥ്യമാകാൻ കൂടെ നിൽക്കുന്നുവെന്ന ചാരിതാർത്ഥ്യം നിറവേറ്റാൻ വേണ്ടിയാണ്. ഒരു കലണ്ടർ വർഷം രണ്ടു Patent നേടിയ ആദ്യ ബാങ്കർ കാണിച്ച വലിയ അധ്വാനം അവരെ ഓരോ നിമിഷവും പ്രചോദിപ്പിക്കുന്നതാണെന്നും അത് ഒരു നേട്ടത്തിലേക്ക് വേഗത്തിൽ എത്താൻ ഞാനും കൂടി പരിശ്രമിക്കേണ്ടതുണ്ടെന്നും അവർ ഇടക്കിടെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. എനിക്ക് ഒരു തരത്തിലും അവർ തരുന്ന ടൈംലൈൻ പാലിക്കാൻ സാധിക്കാതെ വന്നപ്പോൾ എന്റെ ഭാഗം അവരെല്ലാം കൈകാര്യം ചെയ്യുകയും കാര്യമായി എഡിറ്റിംഗ് ഒന്നുമില്ലാതെ തന്നെ മുന്നോട്ടു പോകാവുന്ന വിധം എൻ്റെ വിഷയവും ഞാൻ പറഞ്ഞിരിക്കുന്ന ഭാഷയും Clear ആണ് എന്ന് പറയുകയും അല്ലെങ്കിൽ അങ്ങനെ ഒരു ധൈര്യം നൽകുകയും ചെയ്തു. ഈ ഘട്ടത്തിൽ ഞാൻ നന്ദി പറയേണ്ട പല വിഭാഗം ആളുകൾ ഉണ്ട്. ഒന്ന് എന്നെ സാങ്കേതിക വിഷയങ്ങൾ പഠിപ്പിച്ച എൻജിനീയറിങ് കോളേജിലെ അധ്യാപകരാണ്, രണ്ട് എന്നെ ഭാഷ കൈകാര്യം ചെയ്യാൻ പഠിപ്പിച്ച ഭാഷാധ്യാപകർ ആണ്. മലയാളം മീഡിയം വിദ്യാർത്ഥിയായിരുന്ന ഞാൻ പഠിച്ചത് മുഴുവൻ സർക്കാർ സംവിധാനങ്ങളുടെ സഹായത്തോടെ നിലനിൽക്കുന്ന വിദ്യാലയങ്ങളിൽ മാത്രമായിരുന്നു. പൂർണമായും Exam Merit നൽകുന്ന ആനുകൂല്യങ്ങൾ മാത്രമാണ് എനിക്ക് എല്ലായിടത്തും ലഭിച്ചിട്ടുള്ളത്. അതിനപ്പുറത്തേക്ക് എന്റെ കയ്യിൽ അത്യാവശ്യത്തിന് പണമുണ്ട് എന്നതുകൊണ്ട് അച്ഛനും അമ്മയും എന്നെ ഒരു സ്ഥാപനത്തിലും പണം വാരി എറിഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചില്ല എന്നുള്ളത് തീർത്തും സന്തോഷകരമായ കാര്യം തന്നെ. എന്നെ പഠിപ്പിച്ച ഭാഷാ അധ്യാപകരുടെ മികവിന് ഞാൻ കടപ്പെട്ടിരിക്കുന്നത് പ്രത്യേകിച്ച് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ ഞാൻ കാണിക്കുന്ന നൈപുണ്യത്തിനാണ്. (അങ്ങനെ ഒരു നൈപുണ്യം എനിക്കുണ്ടെങ്കിൽ!) അത് പൂർണമായും എന്നെ പഠിപ്പിച്ച അധ്യാപകരുടെ മികവുകൊണ്ട് മാത്രമാണ്. കൂടാതെ അധ്യാപകനായിരുന്ന സമയത്ത് ഒരു അധ്യാപകൻ എന്ന നിലയിൽ ഒരുപാട് പരിമിതികൾ ഉള്ള ആളായിരുന്നിട്ടും അത്രയൊന്നും മികച്ച അധ്യാപകൻ അല്ലാതിരുന്നിട്ടും എനിക്ക് ഒരുപാട് പരിഗണന  തന്ന എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഞാൻ പഠിപ്പിച്ച ഓരോ വിദ്യാർത്ഥികളും കൂടെ ജോലി ചെയ്ത അധ്യാപകരും അനധ്യാപകരും ആയിട്ടുള്ള സഹപ്രവർത്തകരും ഒക്കെ ചേർന്ന വിഭാഗം ആളുകളും പൊതുവിൽ നന്ദി അർഹിക്കുന്നു. തീർച്ചയായും, ചിലരുടെ പേര് ഈ അവസരത്തിൽ ഞാൻ പറയാതിരുന്നാൽ അത് ഞാൻ ഒരു വിദ്യാർത്ഥി എന്ന നിലയിലും അധ്യാപകൻ എന്ന നിലയിലും കേവലം ഒരു മനുഷ്യൻ എന്ന നിലയിലും എന്നോട് തന്നെ ചെയ്യുന്ന ഏറ്റവും വലിയ നിന്ദ ആയിരിക്കും. നഴ്സറിയിൽ എന്നെ പഠിപ്പിച്ച രമ ടീച്ചറും ഗീത ടീച്ചറും തൊട്ട് ഞാൻ അവസാനം പഠിപ്പിച്ച ക്ലാസിലെ ഏറ്റവും അവസാന നമ്പർ വിദ്യാർത്ഥി വരെ ഉള്ള ഓരോരുത്തരും പരാമർശം അർഹിക്കുന്നുണ്ട്. എങ്കിലും എന്റെ എഞ്ചിനീയറിനോടുള്ള താല്പര്യം ഏറ്റവും കൂടുതൽ വളർത്തിയ വിനീത ടീച്ചർ ഓരോ ക്ലാസ്സിലും എന്നെ കണക്ക് പഠിപ്പിച്ച ഞാൻ കണ്ടിട്ടുള്ള ഏറ്റവും മികച്ച ഗണിത അധ്യാപകരായിട്ടുള്ള കോഴിശ്ശേരി രാമകൃഷ്ണൻ മാഷ്, ശ്രീധരൻ മാഷ്, ശങ്കര നാരായണൻ മാഷ്, സവിത ടീച്ചർ, സുധ ടീച്ചർ, സാവിത്രി ടീച്ചർ, ലീലാവതി ടീച്ചർ, സീന ടീച്ചർ, ആര്യ ടീച്ചർ തുടർന്ന് എഞ്ചിനീയറിങ്ങിന് എന്നെ പഠിപ്പിച്ച, ഒരു അധ്യാപകൻ ആകണമെന്ന് ആഗ്രഹം ഉള്ളിൽ ജനിപ്പിച്ച രമ്യ ടീച്ചർ, CETയിലെ അധ്യാപകരായ രാജശ്രീ ടീച്ചർ (മുൻ KTU VC), നിസാർ സാർ, അബ്ദുൽ സലിം സാർ, ദീപ സബിത ടീച്ചർ, എന്റെ Thesis ഗൈഡ് ആയിരുന്ന റമീസ് സാർ, അർബുദത്തെ തുടർന്ന് അന്തരിച്ച (ആ സമയത്തെ HoD ആയിരുന്ന) അജീന ടീച്ചർ അങ്ങനെ എന്നെ പഠിപ്പിച്ച മികവുറ്റ അധ്യാപകരുടെ ഒരു നീണ്ട നിര തന്നെ പരാമർശം അർഹിക്കുന്നു. വിനോദ് പാതാരി എന്ന പേര് ഒരു കമ്പ്യൂട്ടർ എഞ്ചിനീയർ ആവണമെന്ന എന്റെ ആഗ്രഹത്തെ ബലപ്പെടുത്തി. ഒരുപക്ഷേ വർത്തമാന കാലത്ത് ഈ വിഷയത്തിലെ ഏറ്റവും മികച്ച അധ്യാപകരിൽ ഒരാൾ ഈ പേരിൽ കുടുംബത്തിൽ ഉണ്ടായിരുന്നത് തന്നെയാണ് ആഗ്രഹം ബലപ്പെടുത്തിയത്. എന്റെ എല്ലാ ആഗ്രഹത്തിനും  എല്ലാ എടുത്തു ചാട്ടത്തിനും എല്ലാ പിന്തുണയും നൽകാൻ അച്ഛനും അമ്മയും കുടുംബം ഒന്നാകെയും കൂടെ ഇല്ലാതിരുന്നെങ്കിലും എന്റെ അക്കാദമിക് സ്വപ്നങ്ങൾ എല്ലാം തീർന്നു പോകുന്ന ഒരു ഘട്ടത്തിൽ പ്രതീക്ഷ നൽകാൻ മിഥുനെയും അനൂപ് ജോസിനെയും മനു KJയെയും ജോൺസനെയും രൂപക്കിനെയും ശ്രുതിമോളെയും ജിയയേയും രമ്യ ജോസഫിനെയും നീതു സെബാസ്റ്റിയനെയും പോലുള്ള സുഹൃത്തുക്കളും ഇല്ലാതിരുന്നെങ്കിലും പൂജയെയും വിശാലിനെയും രാഖിലിനെയും രാകേഷിനെയും പ്രവീണിനെയും ദൃശ്യയെയും പോലുള്ള ആളുകൾ പ്രതിസന്ധികളിൽ കൂടെ ഇല്ലായിരുന്നെങ്കിലും ഒരുപക്ഷേ ഇന്നീ കുറിപ്പ് ഒരുപക്ഷേ അല്ല തീർച്ചയായും ഈ കുറിപ്പ് നിങ്ങൾ വായിക്കില്ലായിരുന്നു. എന്നെ പഠിപ്പിച്ച എല്ലാ അധ്യാപകർക്കും ഉള്ള ആദരവായി ഞാൻ ഈ പുസ്തകം സമർപ്പിക്കുന്നു. രതി ടീച്ചറും മിനി മേമയും സുധാകരൻ മാഷും സോഷ്യൽ സ്റ്റഡീസ് പഠിപ്പിക്കുന്ന ശശി മാഷും സൂര്യനാരായണൻ മാഷും ജയശങ്കരൻ മാഷും സുരേഷ് മാഷും ഷെറി മാഷും പ്രിയ ടീച്ചറും ഒക്കെ ഈ നേട്ടത്തിന്റെ കാരണക്കാർ തന്നെയാണ്. ഇതൊരു തുടക്കമാകണം എന്നാണ് ആഗ്രഹം. ഇനിയും ഒരുപാട് പുസ്തകങ്ങൾ ഒരു പാഠപുസ്തകത്തിന്റെ രൂപത്തിൽ അല്ലെങ്കിലും മറ്റുള്ളവർക്ക് മുന്നിൽ അവതരിപ്പിക്കണമെന്ന് ആഗ്രഹം എനിക്കുണ്ട്. അച്ഛന്റെ കളിയാക്കലുകൾ അപ്പോഴും പൂർവാധികം ശക്തിയായി ഉണ്ടാകും എന്ന പ്രതീക്ഷ പുലർത്തിക്കൊണ്ട് നിർത്തട്ടെ.

ഹൃദയപൂർവ്വം ഇത്ര മാത്രം.

സനീഷ് പി എസ്  



 AUTHOR of Text Book with title: "Artificial Intelligence and Machine Learning"

ISBN No: 978-93-48254-76-4

Tuesday, April 05, 2022

ഒരു അധ്യാപകനെ കാലം എങ്ങനെ അടയാളപ്പെടുത്തുന്നു?

 ഒരു അധ്യാപകനെ കാലം എങ്ങനെ അടയാളപ്പെടുത്തുന്നു?



അതൊരു ചോദ്യമാണ്, ആ ചോദ്യത്തിന്റെ ഉത്തരം ആണ് അധ്യാപനജീവിതത്തിലെ ഏറ്റവും വലിയ ഉത്തരവാദിത്തമായി ഓരോ അധ്യാപകനും കൊണ്ട് നടക്കേണ്ടതും. മമ്മൂട്ടി പണ്ട് സിനിമയിൽ പറഞ്ഞു കയ്യടി മേടിച്ച "അക്ഷരതാളുകളിൽ നീ പഠിച്ച ഇന്ത്യയല്ല അനുഭവങ്ങളുടെ ഇന്ത്യ" എന്ന കാര്യം സംവേദനം ചെയ്യുന്ന ഒരു വലിയ തലമുറയുടെ എല്ലാ വിധ നന്മയും ആത്മാർത്ഥയും അറിഞ്ഞ ഒരു വിദ്യാർത്ഥി ആയത് കൊണ്ടാണ്, കുറഞ്ഞ കാലത്തേക്ക് എങ്കിലും അധ്യാപകൻ ആവാനും ഒരിച്ചിരി കഷ്ടപ്പെട്ടിട്ടാണെങ്കിലും PGയും NETഉം JRFഉം അടക്കം ഒരു Ph.D ഒഴികെ അധ്യാപനത്തിലേക്ക് തിരിയാൻ വേണ്ട എല്ലാ അക്കാദമിക് യോഗ്യതകളും കൈക്കലാക്കി കുറച്ചു കാലത്തേക്ക് എങ്കിലും ആ ഒരു ലേബലിൽ ജീവിക്കാൻ സാധിച്ചതും..


ഞാൻ പഠിച്ച ഉസ്കൂളിലെ പ്രിൻസിപ്പൽ സുധാകരൻ മാഷ് ജോലിയിൽ നിന്ന് (മാത്രം) വിരമിക്കുന്ന വാർത്ത കേട്ടപ്പോ മുതൽ ഒരുപാട് സജീവമായ ഓർമ്മകൾ ഇങ്ങനെ കേറിയിറങ്ങി പോവുകയാണ്. ഒരു വിദ്യാർത്ഥിയെ കയറ്റാതെ പോയ ബസ്സ് തിരികെ വരുമ്പോൾ, ഒരു വിദ്യാർത്ഥി നേതാവിന്റെ ചുറുചുറുക്കോടെ അതിനെ തടുക്കാൻ റോട്ടിൽ ഇറങ്ങി നിന്ന പ്രിൻസിപ്പലിനെ കുറിച്ച് അധികം ആരും കേട്ടിട്ടുണ്ടാകില്ല. വിദ്യാർത്ഥിയുടെ ബൗദ്ധിക നിലവാരം മാത്രം അല്ല, വേറെയും ഒരുപാട് കാര്യങ്ങൾ അളക്കാൻ ഉണ്ട് എന്ന തിരിച്ചറിവ് പ്രവർത്തിയിലൂടെ കാണിച്ച ഒരുപാട് സന്ദർഭങ്ങൾ വേറെയും. കലോത്സവം നടക്കുമ്പോ സംഘാടകൻ എന്ന ഉത്തരവാദിത്തവും ആസ്വാദകൻ ആയി കാണികളിൽ നിന്ന് കൊണ്ട് വലിയ ഊർജവും കാഴ്ച വച്ചിരുന്ന ആളെ അത്ര പെട്ടെന്ന് ആർക്കും മറക്കുക സാധ്യമല്ലല്ലോ.


പണ്ടൊരിക്കൽ, ആലുവ മാതാ തിയേറ്ററിൽ നിന്ന് സിനിമ കണ്ടു KSRTC ബസ്സിലേക്ക് നടക്കുന്ന സമയത്ത് എവിടെ നിന്നോ ആരോ പേര് വിളിക്കുന്നത് കേട്ടപ്പോ "എനിക്ക് ഇവിടെയും പരിചയക്കാരോ" എന്ന സംശയത്തിൽ നോക്കിയപ്പോ കെമിസ്ട്രി ലാബിലെ ശശിയേട്ടനും സുധാകരൻ മാഷും റോഡ് മുറിച്ചു കടന്നു വന്നു മുന്നിൽ നിൽക്കുന്നു. സിനിമ കഴിഞ്ഞുള്ള ആൾക്കൂട്ടത്തിൽ നിന്നും ഇത്തിരിക്കുഞ്ഞൻ ആയ എന്നെ മാഷ് കണ്ടതും തിരിച്ചറിഞ്ഞതും പേര് വിളിച്ചതും വന്നു കൈ തന്നു സംസാരിച്ചതും എല്ലാം ഒരു രണ്ട് മിനിറ്റ് കൊണ്ട് കഴിഞ്ഞു.


പിന്നീട് ഒരു അധ്യാപകൻ ആയപ്പോ ഇത്തിരി ആയാസപ്പെട്ടിട്ടാണെലും ഞാനും ശ്രമിച്ചു കൊണ്ടിരുന്നത് ഏത് ആൾക്കൂട്ടത്തിലും ഞാൻ പഠിപ്പിച്ച കുട്ടികളെ തിരിച്ചറിയാൻ ഉള്ള കഴിവ് ഉണ്ടാക്കിയെടുക്കാൻ ആയിരുന്നു. ആൾക്കൂട്ടത്തിന് നടുവിൽ, പഠിപ്പിക്കുന്ന ഒരു അധ്യാപകൻ നമ്മളെ തിരിച്ചറിഞ്ഞു എന്നുള്ളത് ഏതൊരു വിദ്യാർത്ഥിക്കും എത്ര മാത്രം ആത്മരതി സമ്മാനിക്കുന്നു എന്നത് എന്റെ അനുഭവം തന്നെ എനിക്ക് സമ്മാനിച്ച  വലിയൊരു പാഠം ആയിരുന്നു.


പണ്ടൊരിക്കൽ, പ്ലസ് ടു മലയാളം ക്ലാസ്സിലേക്ക് കയ്യിലൊരു മാതൃഭൂമി ആഴ്ചപ്പതിപ്പ് കൊണ്ട് സുധാകരൻ മാഷ് കടന്നു വന്നു. അത് അവിടെ വച്ചിട്ട് ക്ലാസ് മുഴുവൻ എടുത്തു കഴിഞ്ഞിട്ട് പോകാൻ നേരം ആരോ ചോദിച്ചു, "മാഷേ അതെന്താ ആഴ്ചപ്പതിപ്പില്?"


"അയ്യോ, പറയാൻ വിട്ടു പോയി. ഇതിലൊരു ഗംഭീര കഥയും നല്ലൊരു അഭിമുഖവും ഉണ്ട്. എല്ലാരും പറ്റുമെങ്കിൽ ഒന്ന് വായിക്കണം. അഭിമുഖം ഇനി വരുന്ന ഒരു പാഠഭാഗത്തെ എഴുത്തുകാരന്റെ ആണ്."


ആ പറഞ്ഞത് കേട്ട് കൊണ്ടാവണം, പതിവില്ലാതെ ഞാൻ ആ തവണ ആഴ്ചപ്പതിപ്പ് വായിച്ചു. അതിലും വല്യ തമാശ ആ ആഴ്ചത്തെ മികച്ച കത്ത് വായനക്കാരുടെ ഇടയിൽ നിന്നും ലഭിച്ചത് സുധാകരൻ മാഷ്ക്ക് ആയിരുന്നു എന്ന് തോന്നുന്നു. (കഥകളി സംഗീതത്തെ കുറിച്ചോ മറ്റോ ആയിരുന്നു ആ കത്ത്.) അത് പിറ്റേ ദിവസം ചോദിച്ചപ്പോ യാതൊരു ഭാവഭേദവും ഇല്ലാതെ മാഷ് പറഞ്ഞു, "അതിന്റെ തൊട്ടടുത്ത പേജിൽ വേറെയും ഒരു കത്ത് ഉണ്ട്, എനിക്ക് തോന്നിയത് അതിലെ points ആണ് കൊറേ കൂടി ചർച്ച ചെയ്യപ്പെടേണ്ടത് എന്നാണ്."


പണ്ട് വൈലോപ്പിള്ളിയുടെ കവിത അദ്ദേഹം സ്വയം പഠിപ്പിച്ച കഥ ഇന്നസെന്റ് പലയിടത്തും പറഞ്ഞു കേട്ടിട്ടുണ്ട്. ഒരുപക്ഷെ, എന്നെ പഠിപ്പിച്ച അധ്യാപകർക്ക് ഇടയിൽ അത് സാധ്യമാവും എന്ന തോന്നൽ ഉണ്ടാക്കിയ ആളുകളിൽ ഒരാള് എഴുത്തുകാരനായും പ്രാസംഗികനായും നിറഞ്ഞു നിന്നിരുന്ന സുധാകരൻ മാഷ്‌ തന്നെ ആയിരുന്നു. (വേറൊരു കാര്യം കൂടെ ഉണ്ട്. കണക്കോ കെമിസ്ട്രിയോ പഠിപ്പിക്കുന്ന ഒരു അദ്ധ്യാപകന് സ്വന്തം പേരിലുള്ള സിദ്ധാന്തമോ തത്വമോ പഠിപ്പിക്കാൻ ഉള്ള സാധ്യത തുലോം കുറവാണ്, അതിനൊക്കെ എടുക്കുന്ന കാലദൈർഘ്യം തന്നെ തടസ്സം.)



മേലെ പറഞ്ഞ രണ്ടു കാര്യങ്ങളെയും കുറിച്ച് വിശദമായി പിന്നീട് എഴുതാം. ഇനി അദ്ധ്യാപനത്തിലേക്ക് നടന്നടുക്കുന്ന ഓരോരുത്തരോടും പറയാൻ ഉള്ളത് ആദ്യമേ ഞാൻ പറഞ്ഞു. ഒരു എം.ടെക്കോ PGയോ അതുമല്ലെങ്കിൽ അതിനും അപ്പുറത്തേക്ക് ഒരു Ph.Dയോ നേടി തരാൻ വീട്ടുകാരുടെ കയ്യിൽ കാശുണ്ട് എന്നതാവരുത് ഒരു അദ്ധ്യാപകന്റെ യോഗ്യത. ആൾദൈവങ്ങളുടെ പേരിലും മൂന്നക്ഷരങ്ങൾ കൂട്ടി എഴുതിയും കേരളത്തിലേക്ക് അതിർത്തി കടന്നു ഒരുപാട് മഞ്ഞ ബസ്സുകൾ ഓടുന്ന കാലഘട്ടത്തിൽ ഈ പറയുന്നത് എത്ര മാത്രം സാംഗത്യം ഉള്ളതാണ് എന്നറിയില്ല. എന്നിരുന്നാലും തലച്ചോറ് കൊണ്ട് ക്ലാസ്സിലും ഹൃദയം കൊണ്ട് പുറത്തും ഇടപെട്ടിരുന്ന ഒരു തലമുറ ഇങ്ങനെ വിദ്യാലയത്തിന് പുറത്തേക്ക് ഇറങ്ങി വരുമ്പോൾ, നികത്തപ്പെടുന്ന വിടവുകൾക്ക് എത്ര മാത്രം ചോർച്ച ഉണ്ടാവും എന്ന ഭയം കൊണ്ട് പറയുന്നു എന്ന് മാത്രം.


കാലത്തിന് കുറുകെ കഥ എഴുതിയും കവിത എഴുതിയും ചൊല്ലിയും കലഹിച്ചും മാഷ് ഇവിടെ തന്നെ ഉണ്ടാവും എന്നതുറപ്പ്. പക്ഷെ, മീശയും താഴേക്ക് തടവി പ്രിൻസിപ്പലിന്റെ കസേരയിൽ മാഷ് ഉണ്ടാവില്ല എന്നത് ഇനി അങ്ങോട്ട് സ്‌കൂളിലേക്ക് കടന്നു വരാൻ ഒരു തടസ്സം തന്നെ ആണ്.


ഓരോ അദ്ധ്യാപകനും ഇറങ്ങി പോകുമ്പോൾ ബാക്കിയാവുന്നത് അവരുണ്ടാക്കി വച്ച പാരമ്പര്യമാണ്. ഇനിയും ഒരുപാട് പേർക്ക് മുന്നിൽ പന്തം പോലെ കത്താൻ ഉള്ള ഊർജം ഉള്ളിൽ നിറച്ചു കൊണ്ടാണ് ഓരോ അദ്ധ്യാപകനും വിരമിക്കുന്നത്.


മുന്നിൽ കത്തുന്ന പന്തങ്ങളിൽ നിന്നും ഒരിത്തിരി മെഴുകുതിരി വെളിച്ചം എങ്കിലും കണ്ടെത്താൻ ഓരോ വിദ്യാർത്ഥിക്കും കഴിയട്ടെ, അക്ഷരവും അറിവും ജ്വാലയായി നിറക്കാൻ എല്ലാ അദ്ധ്യാപകർക്കും കഴിയട്ടെ.


സുധാകരൻ മാഷ് ഇനി കൂടുതൽ സജീവമായി എഴുത്തിടങ്ങളിൽ ഉണ്ടാവുമെന്ന് തന്നെ പ്രതീക്ഷിക്കാം, കൂടുതൽ രൗദ്ര ഭാവത്തോടെ!!!


അതിനുള്ള തണുപ്പാകട്ടെ ഇപ്പോൾ കിട്ടി കൊണ്ടിരിക്കുന്ന എല്ലാ ആശംസകളും...


NB: കൂടെ വിരമിച്ച ജയശ്രീ ടീച്ചറെ മറന്നു പോയതല്ല. ടീച്ചറുടെ മകൻ നിവേദിന് ഇഷ്ടപ്പെടുന്ന ഭാഷയിൽ പറഞ്ഞാൽ, "ആ കഥ ഇനിയാണ് ആരംഭിക്കുന്നത്."

വിശദമായി തന്നെ എഴുതാം, എന്നെ പഠിപ്പിച്ചിട്ടില്ലെങ്കിലും പറഞ്ഞും അറിഞ്ഞും എത്ര മാത്രം മികച്ച അദ്ധ്യാപിക ആണ് പടിയിറങ്ങിപ്പോകുന്നത് എന്ന ഉത്തമ ബോധ്യം ഉള്ളത് കൊണ്ട് തന്നെ!!!

Tuesday, June 02, 2020

മുഖമറക്കാലത്തെ നഷ്ടങ്ങൾ...

"പത്താം ക്ലാസിലെ പരീക്ഷ ആണ് ജീവിതത്തിലെ ഏറ്റവും വല്യ വഴിത്തിരിവ്."

അതൊരു പൊതുബോധമായി മനസ്സിൽ ഉറപ്പിച്ചത് ചെറിയച്ഛൻ വിജയമ്മാമ ആണ്. ഞാനെന്റെ കൂട്ടുകാരോട് ഏറെ പറഞ്ഞു ചിരിച്ചിട്ടുള്ള, അതിലേറെ ചില ഓർമകളെ കുറിച്ച് പറഞ്ഞു കരഞ്ഞിട്ടുള്ള അതേ വിജയമ്മാമ.

ശരിയാണ്, അതൊരു കാലത്തു വലിയൊരു വഴിത്തിരിവ് തന്നെ ആയിരുന്നിരിക്കണം. ഞാൻ പിന്നെയും ഈ വഴിത്തിരിവിന്റെ കഥ കൊറേ കേട്ടു. പ്ലസ് ടു പഠിക്കാൻ ചെന്നപ്പോ ദേണ്ടെ അടുത്ത വഴിത്തിരിവ്. അത് കഴിഞ്ഞു കഷ്ടി എഞ്ചിനീയറിംഗ് എന്ന സ്വപ്നത്തിലേക്ക് കാലെടുത്തു വക്കുമ്പോ അച്ഛന്റെ കൊറേ സുഹൃത്തുക്കള് പറഞ്ഞു ഇതാണ് വഴിത്തിരിവ് എന്ന്. ഒക്കെ കഴിഞ്ഞു PGക്ക് പോയപ്പോ ആദ്യ മണിക്കൂറിൽ തന്നെ നിസാർ സാറും പറഞ്ഞു, "ഇതാണ് വഴിത്തിരിവ്" എന്ന്. ഇനിയും തിരിഞ്ഞിട്ടില്ലാത്ത വഴിയിൽ ആണ് ഞാനിപ്പഴും നിൽക്കുന്നത് എന്നതാണ് ഇപ്പഴത്തെ വഴിത്തിരിവ്.

ഈ തവണ വിരമിക്കുന്ന അധ്യാപകരെ കുറിച്ച് ഞാനൊരു കുറിപ്പ് എഴുതിയിരുന്നു. വിദ്യാർഥികൾ അവരുടെ പഠനകാലം കഴിഞ്ഞാൽ വിസ്മരിക്കപ്പെടുകയാണ് പതിവ്. അവരെ ഓർമ്മിക്കുന്ന അധ്യാപകൻ ആവാൻ കഴിഞ്ഞാൽ അതാണ് ഏറ്റവും സന്തോഷവും. ഇന്നലെ ഉസ്കൂൾ ഗ്രൂപ്പിൽ സുധാകരൻ മാഷ് എഴുതിയിട്ടത് കണ്ടപ്പോ ആണ് ഞാനും എന്റെ SSLC പരീക്ഷാ കാലത്തേ കുറിച്ച് ഓർത്തത്. ഈ കൊറോണ ഒന്നും ഉണ്ടായില്ലെങ്കിലും ചോദ്യ പേപ്പർ ചോർച്ച അടക്കം സംഭവബഹുലം ആയിരുന്നു നമ്മടേയും SSLC. ഗ്രേഡിംഗ് ഉൾപ്പെടെ ഒരുപാട് പരീക്ഷണങ്ങൾ ഏറ്റു വാങ്ങിയ ബാച്ച്.

പരീക്ഷ കഴിഞ്ഞു മടങ്ങുമ്പോ കരഞ്ഞോ ചിരിച്ചോ എന്നൊന്നും ഓർമയില്ല. പക്ഷെ, അവസാന നാളുകൾ ഒക്കെ നല്ല രസാർന്നു. എന്റെ നേരെ വന്ന ഓട്ടോഗ്രാഫ് കൈകൾക്ക് പുറകിലെ ഉടമകൾ ആയിരുന്ന ആളുകളോട് ഞാൻ ചോദിച്ചത്, ഉസ്കൂളിന്റെ 200 വാര അപ്പുറത്തുള്ള വീട്ടിൽ ഞാൻ എപ്പഴും ഉണ്ടാവും, പിന്നെ "ഓർമപ്പൂങ്കാവനം" ടൈപ്പ് ഡയലോഗ് ഒക്കെ നമുക്കിടയിൽ വേണോ എന്നാർന്നു!!!

പോകെ പോകെ, കുട്ടികൾ പരീക്ഷ കഴിഞ്ഞു കരഞ്ഞും കലഹിച്ചും കൈ വീശി അകലുന്ന കാഴ്ചയും മലയാള മനോരമയിലെ പെൺകുട്ടികൾ മാത്രം യാത്ര പറയുന്ന ഫോട്ടോയും കാണുമ്പോ ഞാൻ മനസ്സിൽ പറഞ്ഞു:

"ഡേയ്, ഇത് ഉങ്കളുക്കെ കൊഞ്ചം ഓവറാ തെരിയല?"

പിന്നെ മനോരമയിലെ ഫോട്ടോക്കാരനോട് പറഞ്ഞു: "ഇടക്ക് ആൺകുട്ടികള് യാത്ര പറയുന്ന ഫോട്ടോ ഒക്കെ ആവാം കേട്ടോ."

പക്ഷെ, ഇത്തവണത്തെ കുട്ടികളോട് ഞാൻ ഒരിക്കലും അത് പറയില്ല. കാരണം കൂട്ടുകാരന്റെ പോക്കറ്റിലെ മുട്ടായി കട്ടെടുക്കാൻ ആവാതെ, കൂട്ടുകാരിടെ മാലയിലെ മുത്ത് പൊട്ടിക്കാതെ, ഒന്ന് ചിരിച്ചു കാണിക്കാനോ കണ്ണീർ വാർക്കാനോ ആവാതെ, ഉള്ളിൽ പറയാതെ പോയ വികാരവായ്പ്പിന്റെ വലിയ കടൽ വച്ചാണല്ലോ നിങ്ങൾ പടിയിറങ്ങിയത്...!!!

നിങ്ങളെല്ലാവരും നന്നായി പഠിക്കണം, എല്ലാരും വല്യ ആൾക്കാരായി ഈ കൊറോണക്കെതിരെ ഉള്ള മരുന്ന് കണ്ടുപിടിക്കാൻ പാകത്തിൽ അറിവ് നേടണം. ഇനി മേലാൽ, ഈ ജാതി പണി പണിയാൻ അവനെ അനുവദിക്കരുത്. അതാവണം നിങ്ങടെ പ്രതികാരം!

ഞാൻ പഠിച്ച ഉസ്‌കൂളിലെ പ്രിൻസിപ്പൽ, സുധാകരൻ മാഷ് എഴുതിയ വരികളിൽ ചില മാറ്റം വരിയെഴുതി അവസാനിപ്പിക്കട്ടെ.

"ഒന്നു മിണ്ടാതെ, ചിരിക്കാൻ പോലുമാവാതെ ഒരു വിദ്യാലയ ജീവിതത്തിലെ അവസാന വൈകാരിക നിമിഷങ്ങളെ 'മുഖമറ'യ്ക്കുള്ളിലൊതുക്കി പിരിഞ്ഞു പോകേണ്ടി വന്ന പ്രിയപ്പെട്ട കുട്ടികളേ, ഈ നാടിനോടുള്ള കരുതലോർത്തു നിങ്ങൾ നഷ്ടപ്പെടുത്തിയ നിമിഷങ്ങൾക്ക് നിങ്ങളോടുള്ള സ്നേഹവും നന്ദിയും ഈ കാലമെങ്ങനെ പറഞ്ഞറിയിക്കും!"

സുധാകരൻ മാഷ് സൂപ്പറാ, ശരിക്കും സൂപ്പർ..!!

𝅘𝅥𝅮 𝅘𝅥𝅮 𝅘𝅥𝅮  ചിരി മീട്ടിയ നന്മകളുമായ്, 𝅘𝅥𝅮  𝅘𝅥𝅮  𝅘𝅥𝅮
𝅘𝅥𝅮 𝅘𝅥𝅮 𝅘𝅥𝅮  തിരി നീട്ടിടുമാശകളുമായ്, 𝅘𝅥𝅮 𝅘𝅥𝅮 𝅘𝅥𝅮 
𝅘𝅥𝅮 𝅘𝅥𝅮 𝅘𝅥𝅮  പല കൂട്ടര് പല വഴിയേ, 𝅘𝅥𝅮 𝅘𝅥𝅮 𝅘𝅥𝅮 

𝅘𝅥𝅮 𝅘𝅥𝅮 𝅘𝅥𝅮  അറിയാക്കഥ നീളുകയായ്, 𝅘𝅥𝅮 𝅘𝅥𝅮 𝅘𝅥𝅮 
𝅘𝅥𝅮 𝅘𝅥𝅮 𝅘𝅥𝅮  ജനൽ ജീവിത വീഥികളിൽ, 𝅘𝅥𝅮 𝅘𝅥𝅮 𝅘𝅥𝅮 
𝅘𝅥𝅮 𝅘𝅥𝅮 𝅘𝅥𝅮  പൊരുൾ തേടി പറന്നീടുക... 𝅘𝅥𝅮 𝅘𝅥𝅮 𝅘𝅥𝅮 

പെരുത്ത ആശംസകൾ, എല്ലാവർക്കും...!!!

Sunday, April 12, 2020

ഒരു മാർച്ച് 31ന്റെ ചെറുതല്ലാത്ത ഓർമ്മക്ക്...


[ഫേസ്‌ബുക്കിൽ 2020 മാർച്ച് 31ന് എഴുതിയ പോസ്റ്റിന്റെ ബ്ലോഗ് രൂപം.
ഫേസ്‌ബുക്ക് ലിങ്ക്: https://www.facebook.com/saneeshps/posts/4378573472160205]
ഞാൻ അഞ്ചാം ക്‌ളാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ച ഇപ്പൊ ശ്രീകൃഷ്ണപുരം ഹയർ സെക്കണ്ടറി സ്‌കൂൾ ആയ ശ്രീകൃഷ്ണപുരം ഹൈസ്‌കൂളിലെ വിരമിക്കുന്നവരുടെ ലിസ്റ്റ് ആണ്.

ആദ്യം കാണുന്നത് ഇപ്പോഴത്തെ പ്രധാന അദ്ധ്യാപകൻ ആയ ശശി മാഷ്. എട്ടാം ക്‌ളാസിൽ Social Science പഠിപ്പിച്ച മാഷ്. ഫ്രഞ്ച് വിപ്ലവം എന്നോ ഫ്രാൻസ് എന്നോ ഇപ്പഴും എവിടേലും കേൾക്കുമ്പോ ശശി മാഷുടെ "റൂസ്സോ, വോൾട്ടയർ, മോണ്ടെസ്ക്യ്" എന്നീ നായകന്മാരുടെ പേര് ഒരു പ്രത്യേക താളത്തിൽ പറയുമ്പോ ഉള്ള അസാധ്യ വോയ്‌സ് മോഡുലേഷൻ ഓർമ വരും. കഴിഞ്ഞ വർഷം alumni meetന്റെ permission തരുമ്പോ "ഞങ്ങളെ അധ്യാപകരെ ഉൾപ്പെടുത്താത്തെ പരിപാടി നടത്തുന്നതിന് ചെവിക്ക് പിടിക്കേണ്ടതാണ്" എന്ന് പതിവില്ലാത്ത വിധം തമാശ പറഞ്ഞു ആ പരിപാടിക്ക് എല്ലാ പിന്തുണയും തന്ന മാഷ്.

Chemistry Teacher ആയ ഉഷ ടീച്ചർ ആണ് അടുത്തത്. എട്ടാം ക്ലാസ്സിൽ ഒരു രണ്ട് ആഴ്ചയോ മറ്റോ മാത്രം പഠിപ്പിച്ചിട്ടുണ്ട്. Test Tube എന്ന് പറയുന്ന സാധനം ആദ്യമായി കയ്യിൽ തന്നു ക്ലാസ് സമയത്തു എന്തോ പരീക്ഷണം നടത്തിച്ചത് നല്ല നിറമുള്ള ഓർമയായി ഇപ്പോഴും മനസ്സിലുണ്ട്. ക്ലാസ്സിൽ ഒടുക്കത്തെ ശ്രദ്ധ ആയിരുന്ന കാരണം എന്തായിരുന്നു എന്ന് ഒരു ഓര്മയുമില്ല. സീനിയർ ആയി പഠിച്ച കൃഷ്ണ ചേച്ചിയുടെയും (പേര് തെറ്റിയില്ല എന്ന് തോന്നുന്നു!!!) ജൂനിയർ ആയി പഠിച്ച വിഷ്ണുജിത്തിന്റെയും അമ്മ. അധിക കാലം പഠിപ്പിച്ചിട്ടില്ലെങ്കിലും ഉഷ ടീച്ചർ തന്നിരുന്ന നോട്ട് നല്ലതായിരുന്നു എന്നും ഓർമ ഉണ്ട്.

അടുത്ത ആള് വത്സ ടീച്ചർ. രാഷ്ട്രഭാഷയായ ഹിന്ദി ആദ്യ രണ്ടു വർഷങ്ങളിൽ അഞ്ചിലും ആറിലും പഠിക്കുമ്പോ തലയിലോട്ട് കയറാൻ പ്രധാന കാരണം വത്സ ടീച്ചറോട് ഉള്ള പേടി ആയിരുന്നു. സീനിയർ ആയി പഠിച്ച വരദ ചേച്ചിയുടെയും ജൂനിയർ ആയി പഠിച്ച വന്ദനയുടെയും അമ്മ. ഈ ഹിന്ദിക്ക് വേണ്ടി ഉള്ള എന്തൊക്കെയോ പരീക്ഷകൾ എഴുതാൻ മടിച്ചു മുങ്ങി നടക്കുന്ന നമ്മളെ ഒക്കെ ഓടിപ്പിടിച്ചു പരീക്ഷ എഴുതിച്ചിരുന്ന ടീച്ചർ അത്ര പെട്ടെന്നൊന്നും മറക്കാൻ പറ്റുന്ന പേരല്ല, ഓരോ വിദ്യാര്ഥിയുടെയും മനസ്സിൽ.

നാലാമത്തെ ആള് സുധ ടീച്ചർ. വിഷയം കണക്കാണ്, പക്ഷെ ടീച്ചർ കണക്കല്ല! ഞാൻ Fast Maths, Vedic Maths പോലെ കണക്കിലെ അൽകുൽത്ത് സാധനങ്ങൾ പഠിപ്പിക്കുന്ന എല്ലാടത്തും പറയാറുള്ള അതെ സുധ ടീച്ചർ. എന്നെ ഒൻപതിൽ പഠിക്കുമ്പോ ആകെ ഒരു മാസത്തിൽ താഴെ ആണ് പഠിപ്പിച്ചിട്ടുള്ളൂ, പക്ഷെ പണ്ടൊരിക്കൽ അര മണിക്കൂറിൽ കൂടുതൽ എടുത്തു ഒരു problem ഒരു പുസ്തകത്തിന്റെ സഹായം പോലും ഇല്ലാതെ ക്ലാസ്സിൽ Solve ചെയ്തു കാണിച്ചു സുഹൃത്ത് വിജിത്തിനെ കൊണ്ട് അത് explain ചെയ്യിച്ചു അത്ഭുതപ്പെടുത്തിയ ടീച്ചർ. ഒരു സംശയവും ഇല്ലാതെ പറയാം, വിനീത ടീച്ചർ കഴിഞ്ഞാൽ, ഒരു എഞ്ചിനീയർ ആവുന്നതിലേക്കും അത് കഴിഞ്ഞു ഒരു മാഷാവണം എന്ന തോന്നലിലേക്കും എന്നെ കൊണ്ട് എത്തിച്ചതിൽ ചേർത്ത് വെക്കേണ്ട പേര്. എന്നെ ഏറ്റവും സ്വാധീനിച്ചിട്ടുള്ള അധ്യാപകരിൽ ഒരാൾ. കൊറേക്കൂടി easy ആയി പറഞ്ഞാൽ, ഞാനെവിടെ പ്രസംഗിക്കുമ്പോഴും അവസരം കിട്ടുമ്പോഴെല്ലാം പരാമർശിക്കുകയും ഞാൻ എന്നെങ്കിലും എന്തെങ്കിലും എന്റെ ജീവിതത്തെ കുറിച്ച് എഴുതുമ്പോൾ ഉറപ്പായും പേര് പരാമർശിക്കണ്ട ഒരാൾ.

അഞ്ചാമത്തെ ആളും ഒൻപതിൽ കുറച്ചു കാലം മാത്രം മലയാളം ബി പഠിപ്പിക്കാൻ വന്നയാളാണ്, ശാന്ത ടീച്ചർ. ശബ്ദം കൊണ്ട് കുട്ടികളെ പിടിച്ചു ഇരുത്തിയിരുന്ന ടീച്ചർ. വീണ്ടും, പാഠപുസ്തകം ഇല്ലാതെ അതിലെ ഓരോ വരിയും പറഞ്ഞു ക്ലാസ് എടുക്കുന്ന ഞങ്ങടെ തലമുറയെ അത്ഭുതപ്പെടുത്തിയിട്ടുള്ള അധ്യാപകരിൽ ഒരാൾ.

ഇനി പറയാൻ ഉള്ളത് academic staff അല്ലാത്ത രാമേട്ടനെ കുറിച്ചാണ്. അച്ഛൻ കളിയാക്കി വിളിച്ചു കേട്ട് ശീലിച്ച പേരാണ്. ഈ പ്രദേശത്തിന്റെ ചരിത്രത്തിൽ ഒരിക്കലും ഒഴിവാക്കാൻ പറ്റാത്ത കാലടിമന പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മകൻ. ഇപ്പഴും പോകുന്ന വഴിയിൽ കണ്ടാൽ, ഒരു ചിരിയെങ്കിലും സമ്മാനിച്ച് കടന്നു പോകുന്ന സഹൃദയൻ. മുകളിൽ ഉള്ള ബാക്കി ആളുകൾ അധ്യാപകർ എന്ന നിലയിൽ ആണ് സ്വാധീനിച്ചത് എങ്കിൽ, ഒരു വ്യക്തി എന്ന നിലയിൽ ആണ് ഇദ്ദേഹം ഞങ്ങൾക്കിടയിൽ കൂടുതൽ അറിയപ്പെടുന്നതും അറിയപ്പെടേണ്ടതും!

എന്തായാലും ഈയിടെയായി ഓരോ വർഷത്തെയും വിരമിക്കുന്ന ആളുകളുടെ ലിസ്റ്റ് കാണുമ്പോ ഭയമാണ്. പഠിച്ച സ്‌കൂളിൽ ചെന്ന് ഞാൻ ഇവിടെ പഠിച്ചിരുന്ന വിദ്യാർത്ഥി ആണ് എന്നൊക്കെ പറഞ്ഞു ആധാർ കാർഡ് കാണിച്ചു ബോധ്യപ്പെടുത്തി ഓരോ അധ്യാപകരെയും പരിചയപ്പെടേണ്ടി വരുന്ന ഭാവികാലം അത്ര മേൽ ഭയപ്പെടുത്തുന്നുണ്ട്. കാരണം, ഇവർ ചരിത്രത്തിന്റെ ഭാഗമാവുന്നതോടൊപ്പം ഇവർ മറന്നു വച്ച് പോകുന്ന ചരിത്രം ബാക്കിയാക്കുന്ന ഒരുപാട് ഏടുകളിൽ എവിടെ ആണ് നമ്മുടെ പേര് എന്ന് ഇവർ പഠിപ്പിച്ച വിദ്യാർത്ഥികളിൽ ഓരോരുത്തരും തിരഞ്ഞെടുത്തു ഇവിടുള്ളവരെ പരിചയപ്പെടുത്തേണ്ടി വരും എന്നത് അംഗീകരിക്കാൻ ഇത്തിരി അധികം ബുദ്ധിമുട്ടുള്ള ഭാവികാല ഘടികാരം ആണ്.

എന്തായാലും എല്ലാവർക്കും ആശംസകൾ...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിൽ തലച്ചോറിലെ അറിവ് ഹൃദയം തുറന്നു ഞാൻ ഉൾപ്പെടെ ഉള്ള വിദ്യാർത്ഥികൾക്ക് വിഭവമായി നൽകാൻ ഓരോരുത്തരും കാണിച്ച ചെറുതല്ലാത്ത അധ്വാനത്തിന്, ആഘോഷിക്കപ്പെട്ട ഒരുപാട് നേട്ടങ്ങളുടെയും ഒരുപാട് പേരുടെ ഇനിയും തെളിയിക്കപ്പെടാൻ ഉള്ള കഴിവുകളുടെയും കാര്യത്തിൽ മറച്ചു വക്കാനാകാത്ത രീതിയിൽ നിങ്ങൾ ഓരോരുത്തരും പങ്കാളികളാണ് എന്ന തിരിച്ചറിവിൽ, ഇപ്പഴും നിങ്ങളെ ഓരോരുത്തരെയും കാണുമ്പോൾ സ്പഷ്ടമായ കള്ളത്തരം കൊണ്ട് ഏതെങ്കിലും വിദ്യാർത്ഥി മിണ്ടാതെ നടന്നകലുമ്പോൾ പേര് വിളിച്ചു കൂടെ ചേർത്ത് പിടിക്കാൻ കാണിക്കുന്ന സ്നേഹത്തിന്, പിന്നെയും പറഞ്ഞറിയിക്കാൻ പറ്റാത്ത വിധം ഉള്ള എന്തൊക്കെയോ കടപ്പാടുകളുടെ, അങ്ങനെയങ്ങനെ എല്ലാറ്റിന്റെയും പേരിൽ ഇതെങ്കിലും ഇത്രയെങ്കിലും ഇവിടെ കുറിച്ചില്ലെങ്കിൽ, കൊറോണ പോലും എന്നെ വെറുതെ വിടില്ല. അത് കൊണ്ടാണ്, അത് കൊണ്ട് മാത്രം..!!!

Saturday, April 11, 2020

രക്തം ചിന്താത്ത പോരാട്ടത്തിന്റെ കഥ...!!!

പണ്ട് ബിടെക്ക് പഠിത്തം കഴിഞ്ഞു എറണാകുളത്തു അൽകുൽത്തു ജോലിയും പരിപാടിയുമായി താമസിക്കുന്ന കാലം തൊട്ടുള്ള ഒരു കോഴിക്കോടുകാരൻ ചങ്ങായി ഉണ്ട്. മലപ്പുറത്ത് നിന്നും കോഴിക്കോട് പോകുമ്പോ ഇപ്പഴും മോങ്ങം എന്ന സ്ഥലം എത്തിയാ ഞമ്മക്ക് ഓനെ ഓർമ വരും. Dell Companyടെ Show Room പാലാരിവട്ടത്തുള്ള South Janatha റോഡിന്റെ തുടക്കത്തിൽ തന്നെ ആണ് ആ കാലത്ത്. അവിടെ ജോലി അന്വേഷിച്ചു വന്നതാണ് മൊതല്. പിന്നെ അത് ശരിയാവാത്ത കൊണ്ടോ എന്തോ വേറെ ഒരു Electronics കടയിൽ ആയിരുന്നു അവന്റെ ജോലി. അന്ന് ഞാൻ സ്വന്തമായി മേടിച്ച laptopനുള്ള USB mouse ഇവനാണ് തന്നത്. നന്നായി മാപ്പിളപ്പാട്ട് പാടും, നല്ല അസ്സല് ലുക്ക്, പിന്നെ 3 പെങ്ങമ്മാരിൽ ഇളയവളോട് ഒടുക്കത്തെ സ്നേഹം. പിന്നീട് ഞാൻ എം.ടെക്കിന് വണ്ടി പിടിച്ചു തിരുവനന്തപുരം പോയി വൈകാതെ ഗുൾഫിലേക്ക് വിസ കിട്ടി ഓൻ പോണതിന്റെ ഒരാഴ്ച മുന്നേ, കൊറേ നാളുകൾക്ക് ശേഷം എന്നെ കാണാൻ വേണ്ടി വിളിച്ചു. ഞങ്ങള് മലപ്പുറം മമ്പറം ഭാഗത്തുള്ള ഏതോ ഒരു ഗ്രൗണ്ടിൽ പോയി സെവൻസ് കളി കണ്ടു, മഞ്ഞക്കാ ജ്യൂസ് കഴിച്ചു, കൊറേ ബഡായി പറഞ്ഞു, കൊറേ ചിരിച്ചു, ഓന്റെ ഉമ്മാടെ സ്പെഷ്യൽ dishes വയറു നിറയെ കഴിച്ചു. അന്ന് അടുത്തടുത്ത് കിടന്നു ഉറങ്ങും മുന്നേ മൂപ്പര് കൊറേ സംസാരിച്ചു. ഇളയ പെങ്ങടെ നിക്കാഹ് നമ്മക്ക് ജോറാക്കണം, ഉമ്മാടെ കയ്യിലെ മുക്കുപണ്ടം മാറ്റി 916 വളകൾ പെരുക്കനെ ഇടീക്കണം, വീടിന്റെ മുമ്പില് പെങ്ങമ്മാര്ടെ കുട്ട്യോൾക്ക് കളിക്കാൻ ചെറിയൊരു ഷെഡ് പണിയണം, അങ്ങനെ കൊറേ. ഈ രാത്രി ആഘോഷിച്ച പോലെ ഇനി എന്നാണു ആഘോഷിക്കാൻ പറ്റുക, പങ്കാളി? എന്നും പറഞ്ഞു ഓൻ കരഞ്ഞു പൊളിച്ചു. പിന്നെയും ഒരുപാട് വർത്തമാനം കഴിഞ്ഞാണ് ഞങ്ങള് ഉറങ്ങിയത്.

ഓന്റെ പേര് ഇത് വരേം പറഞ്ഞില്ല, ല്ലേ? പറയണില്ല. കാരണം ആള് കൊറോണാ നിരീക്ഷണത്തിൽ ആയിരുന്ന കഥ ആണ് പറയാൻ പോണത്. ആ കുടുംബത്തിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കി തല്ക്കാലം വേറെ പേരുകൾ ഉപയോഗിക്കുന്നു. ഓന്റെ ഭാഷയിൽ ഓൻ സൽമാൻ ഖാന്റെ look ആയ കൊണ്ട്, മ്മക്ക് സൽമാൻ എന്ന് തന്നെ വിളിക്കാ.

കഴിഞ്ഞ മാർച്ച് പതിനഞ്ചിനാണ്‌ ഓന്റെ ഇളയ പെങ്ങടെ നിക്കാഹ് പറഞ്ഞിട്ടുണ്ടായിരുന്നത്. എല്ലാ കാര്യങ്ങളും ഗൾഫിൽ ഇരുന്നാണേലും റെഡി ആക്കിയ അവൻ എത്തിയത് മാർച്ച് ഒൻപത് കഴിഞ്ഞിട്ടാണ്. അപ്പോഴേക്കും നാട്ടിൽ എത്തിയ കൊറോണ പണി തുടങ്ങി കഴിഞ്ഞിരുന്നു. "ഇക്കാക്ക ഇല്ലാണ്ടെ കല്യാണം നടക്കില്ല" എന്ന അനിയത്തീടെ കരച്ചില് കണ്ടു, ബന്ധുക്കളുടെ വിലക്കുകൾക്കിടയിലും സൽമാൻ വിമാനം കേറി വരാൻ തന്നെ തീരുമാനിച്ചു. പക്ഷെ, സമയം നീളുന്തോറും സ്ഥിതി കൂടുതൽ വഷളായി. നിക്കാഹ് നീട്ടി വക്കുക അല്ലാതെ വേറെ മാർഗം ഇല്ല എന്ന അവസ്ഥ ആയി. എന്തായാലും ഇതിന്റെ ഇടയിൽ ഒരുവിധത്തിൽ സൽമാൻ നാട്ടിലെത്തി. അപ്പഴക്കും നാട്ടിലേക്ക് വരുന്ന ആളുകളെ മുഴുവൻ സർക്കാര് പിടിച്ചു നിരീക്ഷണത്തിൽ ഇടുന്ന കാലം തുടങ്ങി. അവിടെ നിന്ന് തന്നെ മാസ്ക് അടക്കം എല്ലാ സുരക്ഷയും ആയി വന്ന സൽമാനെ കൂട്ടാൻ ഉമ്മ കൂട്ടുകാരൻ ഈസടെ ടാക്സി എടുത്തു ഒറ്റക്കാണ് വന്നത്. പതിവ് സ്നേഹപ്രകടനങ്ങൾക്കൊന്നും നിൽക്കാതെ അവനെ വാഹനത്തിന്റെ പിൻസീറ്റിൽ ഇരുത്തി അവനെ വീട് വരെ വണ്ടി എവിടേം നിർത്താതെ നേരെ എത്തിച്ചു. PHCക്കാര് അപ്പോഴേക്കും പെങ്ങളെ വേറെ വീട്ടിൽ ആക്കിയില്ലേ എന്നൊക്കെ ഉറപ്പ് വരുത്താൻ വീട്ടിന്റെ മുന്നിൽ എത്തിയിരുന്നു. പറയത്തക്ക ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിലും അവനോട് വീട്ടിൽ നിന്നും പുറത്തു ഇറങ്ങരുത് എന്നും ആരുമായും കാര്യമായി സമ്പർക്കത്തിൽ ഏർപ്പെടുത്തരുത് എന്നുമുള്ള താക്കീത് നൽകി അവര് പോയി.

പിന്നെ ഉമ്മാടെ വക. അവനോട് വീടിന്റെ മച്ചുംപുറത്തു കേറിക്കോളാൻ പറഞ്ഞു. നമ്മള് രണ്ടാളും മാത്രേ ഉള്ളൂ ഇവിടെ, നിനക്ക് വേണ്ട food സമയത്തു അവിടെ എത്തിക്കാം എന്ന് കല്പന. Video Chat ചെയ്യാൻ വേണ്ടി Data Plan അടക്കം activate  ചെയ്ത SIM അടക്കം എല്ലാ സന്നാഹങ്ങളും അപ്പഴക്കും ഉമ്മ ready ആക്കിയിട്ടുണ്ടായിരുന്നു. ഇക്കാക്കയെ നേരിട്ട് കാണാൻ പറ്റാത്ത പെങ്ങമ്മാരു set ഓരോരുത്തരായി video call ചെയ്തു.

മോൻ വന്നാ ഓനെ അടുത്ത് നിന്നും മാറ്റാത്ത അല്ലെങ്കിൽ ഓന്റെ അടുത്ത് നിന്നും മാറാത്ത ഉമ്മ പക്ഷെ, അപ്പഴും അടുക്കളയുടെ പുറത്തും അകത്തുമായി അവനുള്ള ഭക്ഷണം ഉണ്ടാക്കിയും സമയത്തിന് അത് കൊണ്ടോയി കൊടുത്തും പ്രാർത്ഥിച്ചും ഒക്കെ സമയം കളഞ്ഞു

അവൻ ഇങ്ങനെ ചെറുതായി Quarantine ചെയ്യപ്പെട്ടു കിടക്കുന്നതിന്റെ ഇടയിൽ ആണ് എന്നെ imoയിൽ വിളിച്ചത്. "പങ്കാളീ" എന്ന നീട്ടി വിളിയിൽ ആണ് call തുടങ്ങിയത്. പെങ്ങടെ നിക്കാഹ് നീട്ടി വെക്കേണ്ടി വന്ന കൊണ്ട്  അതൊന്നു കൂടി ദമ്മാക്കണ വിധത്തിൽ മനസ്സിലുള്ള പുതിയ പരിപാടികൾ  മുതൽ, ഗൾഫിൽ കണ്ട മലയാളികളുടെ കഥ വരെ പറഞ്ഞു കൊണ്ടിരുന്നു. "ഉമ്മ എന്ത് പറയുന്നു?" എന്ന ചോദ്യത്തിന് "എനിക്ക് എറിഞ്ഞാൽ കൊള്ളാവുന്ന അത്രേം അടുത്ത് ണ്ട്. പക്കേങ്കി, ഉമ്മാടെ മോത്തിയിലെ ഉണ്ടൻകുരു (ഉണല് എന്നാണ് ഞാനൊക്കെ പറയാറ്) എന്താണ് എന്ന് പോലും ഞമ്മക് തൊട്ടു നോക്കാൻ പറ്റിട്ടില്ല പങ്കാളീ" എന്നും പറഞ്ഞു കഴിഞ്ഞു, ഞാൻ കാണാതെ ഇരിക്കാനാണോ എന്നറിയില്ല, അവൻ മുഖം വെട്ടിച്ചു. ഞാൻ കണ്ണടച്ചാൽ, ഞാൻ കരയുന്നത് അവൻ കാണാതെ ഇരിക്കില്ല എന്നും അടക്കേണ്ടത് കാമറയുടെ കണ്ണാണ് എന്നും ഞാനും മറന്നു പോയി. നീളെ കേൾക്കാവുന്ന വീഡിയോ കാളിന്റെ നടുക്ക് വന്ന അപ്രതീക്ഷിത നിശ്ശബ്ദതക്കിടയിൽ എന്റെ മുറിയിലെ ഫാനിന്റെ ഒച്ചയെ മുറിച്ചത് അപ്പുറത്തു നിന്നവന്റെ കാലിയാക്കലായിരുന്നു. "എന്താണ് പങ്കാളി, കണ്ണീന്ന് ബെക്കം ബെക്കം നീര് കിനിയുന്നുണ്ടോ? എന്ന ചോദ്യം കേട്ട് ജാള്യത കാരണം ഞാൻ മുഖം തുടച്ചു, ഒന്ന് ചെറുതായി അധികം വോൾട്ടേജില്ലാത്ത ചിരി മുഖത്ത് വരുത്താൻ ശ്രമിച്ചു. "മഹാബലർ കരയാൻ പാടില്ലല്ലോ?" എന്ന് അവൻ കളിയാക്കി.

ഉമ്മ എന്ത് പറയുന്നു എന്ന് ചോദിച്ചപ്പോ, ആവോ, ഞാൻ ഒന്ന് മര്യാദക്ക് മിണ്ടീതും കൂടി ഇല്ല എന്ന് അവന്റെ പായാരം. അവന്റെ call കഴിഞ്ഞു കുറച്ചു കഴിഞ്ഞു അവന്റെ ഉമ്മ വിളിച്ചു. എന്റെ അറിവിൽ ഉമ്മാക്ക് വീഡിയോ കാൾ ഒന്നും ചെയ്യാൻ ഉള്ള അറിവോ വിദ്യാഭ്യാസമോ ഇല്ല. ഞാൻ ആദ്യം ചോദിച്ചതും ഇത് തന്നെ ആണ്. "ഇതൊക്കെ എപ്പോ പഠിച്ചു?"

ആ പഴയ വടകരക്കാരിടെ ചിരി ചിരിച്ചു ഉമ്മ സംസാരിച്ചത് മുഴുവൻ മാറ്റി വെക്കേണ്ടി വന്ന നിക്കാഹിന്റെ ഒരുക്കങ്ങളെ കുറിച്ചായിരുന്നു, ഇനി പരിപാടി ഒന്നൂടി ഉഷാറാക്കാൻ ഉള്ള കൊഴുപ്പിക്കലിനെ കുറിച്ചായിരുന്നു. "ഓനിനി കുടീല് കേറാൻ പറ്റാത്ത വിധം വല്ല അസുഖം ഉണ്ടെന്കി അവനെ കാണാൻ വേണ്ടി ആണ് ഞാൻ ഇതൊക്കെ പഠിച്ചേ" എന്നൊക്കെ അവര് പറഞ്ഞു കൊണ്ടിരുന്നു, സൽമാന്റെ അഭാവത്തിൽ ഞാൻ അടക്കം ഉള്ള കൂട്ടുകാര് ചിലപ്പോ സഹായിക്കേണ്ട ചില കാര്യങ്ങള് ഏല്പിച്ചു.

അത് കഴിഞ്ഞതും ഓന്റെ പെങ്ങള് വിളിച്ചു. ഇവളോട് എന്ത് പറയും, നിക്കാഹ് മാറ്റി വക്കണ്ട വന്ന വിഷമത്തിൽ നിക്കണ കൊച്ചിനെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കും എന്ന് ഒക്കെ ആലോചിച്ചു വിഷമിച്ച എന്നോട് കല്യാണത്തിന് വാങ്ങിച്ച വളയുടെ ഭംഗിയും ഇക്കാക്ക കൊടുത്തയച്ച design ഉള്ള തട്ടത്തിന്റെയും ഒക്കെ വർത്തമാനം മാത്രം പറഞ്ഞ ആ കുട്ടിയോട് ഒരു രസത്തിന് ഞാൻ ചോദിച്ചു, അനക്ക് അന്റെ ഇക്കാക്കയെ കാണാൻ പറ്റാത്ത വിഷമം ഒന്നൂല്യെ, അപ്പൊ മൂപ്പരൊക്കെ അത്രേ ഉള്ളൂ ല്ലേ ന്ന്. "ഓര് അയിന് ബെക്കം മുറി വിടൂലെ, അത് കഴിഞ്ഞു ഞമ്മടെ നിക്കാഹ് ഞമ്മള് തകർക്കൂലേ? പിന്നെ, കൊറോണടെ നടുക്ക് ഇങ്ങടെ ഏട്ടനെ നാട് കടത്തിയ ങ്ങള് ബല്യക്കാട്ട് കൊറേ ങ്ക്ട് ഇറക്കണ്ട" എന്നൊക്കെ പറഞ്ഞു എന്റെ വായടപ്പിച്ചു.

കോള് എല്ലാം കഴിഞ്ഞപ്പോ എന്തോ വല്ലാത്ത ഒരു അവസ്ഥ. ഞാനോർത്തു, ഈ കോളുകൾക്കിടയില് ഒരിക്കലും ഞാനുൾപ്പെടെ ആരും കൊറോണ എന്ന് പറഞ്ഞു പേടി പരസ്പരം പങ്ക് വച്ചില്ല, കഷ്ടപ്പാടുകളെ കുറിച്ച് സംസാരിച്ചില്ല, ഇത് കഴിഞ്ഞുള്ള നാളുകളും പ്രതീക്ഷകളും മാത്രം മനസ്സിൽ വച്ചാണ് എല്ലാരും ഈ പോരാട്ടത്തിൽ പങ്ക് ചേരുന്നത്. എട്ടാം ക്ലാസ് ജയിച്ചിട്ടില്ലാത്ത ഒരു സ്ത്രീ, മകന്റെ ആരോഗ്യം കണക്കിലെടുത്തു, മറ്റുള്ളവരുടെ ആരോഗ്യം കണക്കിലെടുത്തു, അവന്റെ പരിചരണമെന്ന ദൗത്യം സ്വയം ഏറ്റെടുക്കുന്നു, അവനിനി അസുഖം ആണെങ്കിലും അവൻ ആശുപത്രിയിൽ ആണെങ്കിൽ കൂടി എന്നും അവനെ കണ്ടു സംസാരിക്കാൻ വേണ്ടി അവർക്ക് തീരെ പരിചയമല്ലാത്ത സാങ്കേതികതകൾ പഠിക്കുന്നു. അത്രയൊന്നും ലോകപരിചയവും ഇല്ലാത്ത ഒരു യുവതി, അവളുടെ കല്യാണത്തിന് വന്ന ഇക്കാക്കയെ കാണാതെ അകലെ ഇരുന്നു ഈ നാളുകൾക്ക് അപ്പുറം ഉള്ള പ്രതീക്ഷകളെ കുറിച്ച് മാത്രം സംസാരിക്കുന്നു. "നമ്മൾ അതിജീവിക്കുകയല്ല, നമ്മൾ ഈ ദുരിതത്തെ കീഴ്‌പ്പെടുത്തി തുരത്തി ഓടിക്കുകയാണ്."





പിൻകുറിപ്പ്: ഒരിക്കലും മകളുടെ കൂടെ വന്നു താമസിക്കാത്ത സഹപ്രവർത്തകയുടെ ഒറ്റയ്ക്ക് താമസിക്കുന്ന അമ്മ, പേരക്കുട്ടികളോട് കൂടെ മകളുടെ അടുത്ത് സന്തോഷമായി ഇരിക്കുന്നതും അവരുടെ മുഖത്തെ മുൻപൊന്നും കാണാത്ത വിധമുള്ള ഒരൊന്നൊന്നര ചിരിയും. ചിലർ പ്രസവം കഴിഞ്ഞു നാളുകൾ മാത്രം പ്രായമായ മകളെ മറ്റെല്ലാ ജോലി തിരക്കുകളും വിട്ട് കൺകുളിർക്കെ കണ്ടും താലോലിച്ചും നാള് തീർക്കുന്നു. രക്ഷിതാക്കളെ വിട്ടു ജോലിക്കും പഠിത്തത്തിനും വേണ്ടി നാട് വിട്ട പലർക്കും തന്റെ നാടിനെയും നാട്ടുകാരെയും വീട്ടുകാരെയും യാതൊരു ബഹളവും ഇല്ലാതെ ശ്വസിക്കാനും ദഹിക്കാനും ഒരുപാട് സമയം കിട്ടുന്നു.

വിരലുകൾ കോർക്കാൻ മാത്രമേ ഈ കാലഘട്ടം അനുവദിക്കാതെ ഇരിക്കുന്നുള്ളു, നമ്മളൊക്കെ മനസ്സ് കൊണ്ട് എത്ര മാത്രം ഇഴപിരിക്കാൻ പറ്റാത്ത വിധം അടുപ്പത്തിൽ ആണ് എന്ന് നമ്മുടെ എതിരാളിക്ക് അറിയില്ലല്ലോ..!

വെറും സൽമാൻ അല്ലാ, സുലൈമാൻ ആണെടാ ഇജ്ജ് എന്ന് പറയിക്കും വിധം ഈ വാളും പരിചയുമില്ലാത്ത, രക്തം ചിന്താത്ത, ജീവൻ രക്ഷിക്കാനുള്ള പോരാട്ടത്തിൽ തന്റെ പങ്ക് കൃത്യമായി നിർവഹിച്ചു വീട്ടിൽ ഇരുന്ന് ഈ വിപ്ലവത്തിൽ പങ്കാളികൾ ആവുന്ന എല്ലാവർക്കും അഭിവാദ്യങ്ങൾ!

Sunday, January 26, 2020

അക്ഷരം തെറ്റാതെ അധ്യാപകർ എന്ന് വിളിക്കാവുന്ന ചിലരെ കുറിച്ച്!!!

"തീരെ ആത്മാർഥത ഇല്ലാത്തവർ"- പൊതുവിൽ സർക്കാർ ഉദ്യോഗസ്ഥരെയും സർക്കാർ സ്‌കൂൾ അധ്യാപകരെയും കുറിച്ചുള്ള ഏറ്റവും വലിയ ആരോപണം ആണിത്. ആ ധാരണ ഉള്ളവർ എന്തായാലും തുടർന്ന് വായിക്കണം.

ആദ്യമായി ഒരു പറ്റം വിദ്യാർത്ഥികളെ ഒരു Resource Person എന്ന അഹങ്കാരത്തിൽ നേരിടുന്നത് കോഴിക്കോട് ഉള്ള ചില സുഹൃത്തുക്കളുടെ (chunks എന്നൊക്കെ പറയാവുന്ന വിധം അടുപ്പമുള്ള മുത്തുമണികൾ) വാക്കിന്റെ പുറത്താണ്. അനുവദിച്ച ഒരു മണിക്കൂറും കഴിഞ്ഞു, മൂന്ന് മണിക്കൂർ തുടർച്ചയായി ക്‌ളാസ് എടുത്തു കഴിഞ്ഞു ചിരിച്ചോണ്ട് നിന്ന എന്നോട്, "നിനക്ക് പ്രാന്താണോടാ **" എന്ന് ചോദിച്ച കൂട്ടുകാരുണ്ട് അന്ന്. അന്ന് തൊട്ട് ഇന്നോളം, ആരെയെങ്കിലും എന്തെങ്കിലും പഠിപ്പിക്കാൻ ഒരു അവസരം ലഭിക്കുമ്പോ അത് നമ്മള് ഒരു കാരണവശാലും പാഴാക്കാറില്ല. ആ ഒരു കാര്യം ഒരു അതിമോഹമായി വളർന്നപ്പോഴാണ് അധ്യാപന ജോലിയിലേക്ക് തിരിയാൻ മൂന്നാം വർഷ ബിരുദ പഠന കാലത്തു തീരുമാനിക്കുന്നത്. ഏകദേശം പത്തു വർഷത്തോളം പല വേദികളിലും സാമാന്യം ഉച്ചത്തിൽ തന്നെ ക്ലാസ് എടുത്തിട്ടുണ്ട്. മൈക്ക് തീനി എന്ന ചീത്തപ്പേര് ആവശ്യത്തിൽ അധികം നേടിയെടുത്തിട്ടുമുണ്ട്. അത്യാവശ്യം എണ്ണം കുട്ടികള് വന്നാലും മൈക്കും പ്രോജെക്ടറും ഇല്ലാതെ അടിച്ചടിച്ചു നിൽക്കാം എന്ന ആത്മവിശ്വാസം, അതിരു കടന്ന അഹങ്കാരം ഒക്കെ ഉണ്ട്.

അങ്ങനെയങ്ങനെ താപ്പലുരുട്ടി നടക്കുന്ന ജീവിതത്തിൽ ഈ അടുത്താണ് ഒറ്റപ്പാലം GVHSSലെ ശബ്ദത്തിന്റെ ലോകം നിഷേധിക്കപ്പെട്ട ഒരു കൂട്ടം കുട്ടികളെ പഠിപ്പിക്കാൻ ഉള്ള അവസരം ചേച്ചി ശ്രീലക്ഷ്മി നീട്ടി തന്നത്. "കാശൊക്കെ തരാം" എന്നൊക്കെ പറഞ്ഞാണ് വിളിച്ചത്. "നിനക്ക് ഒരു വ്യത്യസ്ത അനുഭവം ആവും" എന്ന് പറഞ്ഞത് ബുദ്ധിമുട്ടേറിയ അനുഭവം എന്ന അർത്ഥത്തിൽ ആണ് എന്ന് തോന്നുന്നു.

തൊണ്ട വേദന വല്ലാതെ ബുദ്ധിമുട്ടു സൃഷ്ടിച്ച ഡിസംബർ മാസത്തിൽ അത് നടക്കാതെ പോയി. അവസാനം പ്രിൻസിപ്പൽ നേരിട്ട് കോളേജിലുള്ളവരെ വിളിച്ചപ്പോ, ഒരു നിഷേധം നടത്താൻ പറ്റാത്ത വിധം ഞാൻ കുടുങ്ങി.

ഇന്നലെ ആണ് കാര്യങ്ങൾ ഒത്തു വന്നത്. "നമുക്കെന്താ ദാസാ ഈ ബുദ്ധി നേരത്തെ തോന്നാത്തത്" എന്ന ശ്രീനിവാസൻ ഡയലോഗ് ആണ് അവിടെ ചെന്നപ്പോൾ തോന്നിയത്.

പ്രിൻസിപ്പൽ ഉൾപ്പെടെ എല്ലാവരും ഒന്നിച്ചിരിക്കുന്ന Staff Room. അത് തന്നെ ഒരു കാഴ്ച ആയിരുന്നു. ചെന്ന ആദ്യം തന്നെ എനിക്ക് പ്രതിഫലം തരാൻ അക്കൗണ്ട് പോലെ ഉള്ള കാര്യങ്ങൾ ഒക്കെ എഴുതി മേടിച്ചു.

ക്ലാസ് തുടങ്ങിയപ്പോ മുന്നിൽ ഉള്ളത് ആകെ ആറു പേര്. പിന്നെയും നാല് പേര് കൂടി ഇത്തിരി വൈകിയാണെങ്കിലും കടന്നു വന്നു.

പറഞ്ഞു വരുന്നത് എന്റെ പൊലിവിനെ കുറിച്ചല്ല. അവിടെ ഉള്ള കുട്ട്യോളെ കുറിച്ചാണ്, അവരെ സ്വന്തം കുട്ട്യോളെ പോലെ നോക്കുന്ന അധ്യാപകരെ കുറിച്ചാണ്. ഇത്രയും ആദരവ് അർഹിക്കുന്ന ഒരുപറ്റം അധ്യാപകരെ ആണ് ഞാൻ അവിടെ കണ്ടത്.


"Happy Learning" എന്ന പേരിൽ ആണ് ക്ലാസ്. പഠിത്തം രസകരമാക്കുന്ന ഒരുപാട് സംഗതികൾ slide ഒക്കെ ഉണ്ടാക്കി അവിടെ ചെന്നപ്പോ ആണ് ഇത് നമ്മള് ഉദ്ദേശിച്ച പോലെ പരിപാടി നടക്കുന്ന സ്ഥലം അല്ല എന്ന് മനസ്സിലാക്കിയത്. ഉടൻ നമ്മള് പരിപാടി മൊത്തത്തിൽ മാറ്റി.

ഞാൻ പറയുന്ന കാര്യങ്ങള് അവർക്ക് പറഞ്ഞു കൊടുക്കാൻ interpreter എന്ന ചുമതലയുമായി Physics Teacher രശ്മി ടീച്ചർ കൂടെ ഉണ്ടായിരുന്നു. കുട്ടികള് അവരുടെ ഭാഷയിൽ നമസ്കാരം പറഞ്ഞപ്പോ ഞാൻ അവരോട് ഒരു നിബന്ധന വച്ചു. ഞാൻ പറയുന്നത് നിർത്തണം എന്നുണ്ടേൽ ഒരു തവണ കയ്യടിക്കണം, അല്ലെങ്കിൽ രണ്ട് തവണ കയ്യടിക്കണം. എപ്പോ വേണേൽ ഒരു തവണ കയ്യടിക്കുന്ന ശബ്ദം കേൾക്കാം എന്ന പേടിയോടെ ഞാൻ പരിപാടി ആരംഭിച്ചു. കാര്യങ്ങൾ ഓർമയിൽ വക്കാൻ ഉപയോഗിക്കുന്ന അല്ലറ ചില്ലറ കാര്യങ്ങൾ എങ്ങനെ രസകരമായി അവതരിപ്പിക്കാം എന്നത് ഒരു വെല്ലുവിളി തന്നെ ആയിരുന്നു. പറഞ്ഞ സമയവും കഴിഞ്ഞു ഞാൻ ഇത്തിരി കൂടെ സമയം അധികം എടുത്തോട്ടെ എന്ന് ചോദിച്ചപ്പോ അവര് അതും സമ്മതിച്ചു തന്നു. ഞാൻ പറയുന്ന ചോദ്യങ്ങൾക്ക് അവര് ഉരുളയ്ക്ക് ഉപ്പേരി പോലെ ഉത്തരം തന്നു. സിനിമ വച്ചപ്പോ ആർത്തു വിളിച്ചു. അങ്ങോട്ടും ഇങ്ങോട്ടും ഓരോ കാര്യങ്ങൾക്കും സഹായിച്ചു കൊണ്ട് ഞാൻ ചെയ്യിച്ച ഓരോ കാര്യത്തിലും അവരെ കൊണ്ടാവും വിധം സജീവമായി പങ്കെടുത്തു. ഞാൻ പറയുന്ന എത്ര കട്ടി വാക്കും വളരെ easy ആയി അവർക്ക് ആംഗ്യത്തിലൂടെ പറഞ്ഞു കൊടുത്തു കൊണ്ട് ചിരിച്ചു കൊണ്ട് നിന്ന രശ്മി Miss.

ചിരിച്ചു കൊണ്ട് അല്ലാതെ ആരെയും ഞാൻ അവിടെ കണ്ടില്ല (അതിപ്പോ കുട്ടി ആണേലും ടീച്ചർ ആണേലും). Regular Study, Repeated Study, Continual Study, Connected Study എന്നിങ്ങനെ പല പരിപാടികളും ഓരോന്ന് ചെയ്യിച്ചും കാണിച്ചു കൊടുത്തും എന്നെ കൊണ്ടാവും വിധം ഞാൻ നടപ്പാക്കാൻ നോക്കി. പലതിനും കുട്ടികള് ചിരിച്ചു, ചിലതിനു മുഖം ചുളിച്ചു.

എന്താണ് ചെയ്യണ്ടത് എന്ന് ഞാൻ രശ്മി ടീച്ചർക്ക് പറഞ്ഞു കൊടുത്തു, അവരതു കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്ന സമയം മുഴുവൻ ഞാൻ ഇങ്ങനെ അവരുടെ ഓരോ കാര്യങ്ങളും ശ്രദ്ധിക്കുകയായിരുന്നു. ഒരു അധ്യാപകൻ എന്ന നിലയിൽ ഞാനൊക്കെ എത്ര ചെറുതാണ്, ഇനിയും എത്ര പഠിക്കാനുണ്ട്, ഇനിയും എത്ര വളരാൻ എത്ര ഉണ്ട്, ഇനിയും എത്ര കുട്ടികളെ കാണേണ്ടതുണ്ട് തുടങ്ങി ഒരുപാട് വലിയ പാഠങ്ങൾ ആ കുട്ട്യോളും അധ്യാപകരും എന്നെ പഠിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു.

അവസാനം എല്ലാം കഴിഞ്ഞു നിർത്താൻ നേരം ഞാൻ ചോദിച്ചു, "ഒരു കയ്യടി ആണോ രണ്ടു കയ്യടി ആണോ?"

ആദ്യം ഒരു കുട്ടി രണ്ട് കയ്യടിച്ചു. ഞാനോർത്തു "ഹോ, സമാധാനം. അപ്പൊ ഒരാളെ നമ്മക്ക് entertain ചെയ്യാൻ പറ്റി."

ഈ ചിന്തയിൽ, എന്റെ ലാപ്ടോപ്പ് ഉൾപ്പെടെ ഉള്ള സാധനങ്ങൾ അടുക്കി വക്കാൻ ഞാൻ തിരിഞ്ഞു. അപ്പൊ, ഓരോരുത്തരും മാറി മാറി രണ്ടു തവണ കയ്യടിച്ചു. എണീറ്റു നിന്ന് കൈ കൂപ്പി നിന്ന് നന്ദി അറിയിച്ചു. അപ്പഴും ഇത്രയും കായികമായ അധ്വാനവും കഴിഞ്ഞു രശ്മി ടീച്ചർ, "ഞാൻ കാണിച്ച ആംഗ്യങ്ങൾ ഇത്തിരി കുറഞ്ഞു പോയോ സാറേ" എന്ന മട്ടിൽ ആദ്യം കണ്ടപ്പോ ചിരിച്ചതിനേക്കാൾ high voltage ചിരിയുമായി മുന്നിൽ നിൽപ്പുണ്ടായിരുന്നു.



[ആ ഫോട്ടോയിൽ കാണുന്നതാണ് രശ്മി മിസ്സ്, കൂടുതൽ സമയവും ക്ലാസ് ഞാൻ ആ കാണുന്ന പോലെ മേശയും ചാരി നിൽപ്പും ടീച്ചർ അത്രയും ആത്മാർത്ഥമായി അവർക്ക് ഞാൻ പറഞ്ഞ കാര്യങ്ങൾ പറഞ്ഞു കൊടുക്കുമായിരുന്നു.]

ഒരു സ്ഥലത്തു നിന്നും എനിക്ക് ഇത്രയും മര്യാദ (പ്രത്യേകിച്ച് കുട്ടികളുടെ കയ്യീന്ന്) കിട്ടിയതായി ഓർമയിൽ ഇല്ല (അല്ല, എന്റെ കയ്യിലിരിപ്പ് കൊണ്ട് തന്നെ ആവണം അത് കിട്ടാത്തതും!!!).

ഒരു അധ്യാപകന്റെഏറ്റവും വലിയ ആയുധം, ശബ്ദവും തലച്ചോറും ആണെന്ന് പണ്ടേതോ പ്രസംഗത്തിൽ കേട്ടിട്ടുണ്ട്. അത് പറഞ്ഞ പോഴനെ/പോഴത്തിയെ ഇനി കാണുമ്പോ പറയണം. അത് രണ്ടും അല്ല, മുന്നിൽ വരുന്ന കുട്ട്യോൾക്ക് കൊടുക്കുന്ന ഹൃദയത്തിലെ സ്നേഹവും അവരോട് കാണിക്കുന്ന അതിരു കവിഞ്ഞ ആത്മാർത്ഥതയും ആണ് എന്ന്. സംശയം ഉണ്ടേൽ, ഒറ്റപ്പാലം വരെ ട്രെയിൻ കേറി അവിടുന്ന് വാണിയംകുളം ഭാഗത്തേക്ക് ബസ്സിൽ കയറി കണ്ണിയംപുറം പാലം കഴിഞ്ഞു ഏഴുമുറി ഇറങ്ങി ഒരു 100 മീറ്റർ പുറകോട്ട് നടന്നാൽ ഇവിടെ സർക്കാര് ഭക്ഷണവും താമസവും നൽകി പൊന്നു പോലെ കുട്ടികളെ പഠിപ്പിക്കുന്ന ഒരു സ്ഥലം ഉണ്ട്. പേരിൽ ഒറ്റപ്പാലം ആണേലും ഇതൊരു "ഒന്നൊന്നര പാലം" തന്നെ ആണെന്ന് അവിടെ ഉള്ളവരെ കാണുമ്പോ നിങ്ങള് പറയും, തീർച്ച...!!!


സാധാരണ ഓരോ മരം കണ്ടാലും അതിന്റെ ചോടെ ചെന്ന് ഫോട്ടോ എടുക്കുന്ന മനുസൻ ആണ് ഞമ്മള്. ഇവരെ കുട്ടികളെ ആരെയും എന്റെ ഊറ്റം കാണിക്കാൻ ഉള്ള specimen ആക്കണ്ട എന്ന് തോന്നി. പണ്ട് ഞാൻ പഠിപ്പിച്ച കുട്ടി ഗോപികാ എസ്. മേനോൻ പറഞ്ഞ വളരെ പ്രസക്തമായ ഒരു വരി ഉണ്ട്.
"നമ്മള് ഒരു സ്ഥലത്തു ചെന്ന് കാമറയിൽ ഫോട്ടോ എടുക്കുമ്പോ ആ സ്ഥലത്തെ നമ്മള് കാമറയുടെ ഡിസ്‌പ്ലേയിൽ കൂടെ മാത്രേ കാണുന്നുള്ളൂ. നമ്മള് ആ കാഴ്ച കണ്ടു സന്തോഷിച്ചു എന്ന് മറ്റുള്ളവരുടെ മുന്നിൽ Pretend ചെയ്യാൻ ആണ് ഈ ഫോട്ടോ ഉപകരിക്കൂ. അല്ലാത്ത പക്ഷം ഹൃദയത്തിൽ കേറിയ കാഴ്ച ഓർത്തിരിക്കാൻ ഒരു ഫോട്ടോയോ വീഡിയോയോ വേണ്ട."

നിങ്ങളൊക്കെ ആ കൂട്ടത്തിൽ പെടും. ഒരു ഫോട്ടോയോ വീഡിയോയോ നോക്കി നിങ്ങളുടെ മുഖം ഓർത്തെടുക്കണ്ട ആവശ്യം വരില്ല എന്ന് തോന്നുന്നു. നമ്മളിനിയും കാണാൻ ഉള്ളവര് കൂടിയാണ്, അതിനി നിങ്ങള് എന്നെ ഇനിയും ക്ലാസ് എടുക്കാൻ വിളിച്ചില്ലേലും. അവിടുത്തെ കുട്ട്യോൾക്ക് ഒരുപാട് നന്ദി, എനിക്ക് ഇങ്ങനൊരു അവസരം തന്നതിന്, ആദ്യം പറഞ്ഞ സ്വാഗതം മുതൽ അവസാനം രണ്ടു തവണ കയ്യടിച്ചു സന്തോഷം അറിയിച്ച ശേഷം എണീറ്റ് നിന്ന് എന്റെ ഹൃദയത്തിൽ തൊട്ട ആ  കൈകൾ കൂപ്പി എനിക്ക് ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ആദരവ് തന്നതിന്, അധ്യാപകൻ എന്ന നിലയിൽ എന്റെ അഭിമാനം ഇന്നോളം ഇല്ലാത്ത വിധം ഉയർത്തിയതിന്...!!!


"ദൈവതിരുമകൾ" സിനിമയിൽ പറഞ്ഞത് ശരിയാണ്. നമ്മളിനിയും കുട്ടികളുടെ കയ്യിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കേണ്ടതുണ്ട് എന്ന് ചില സമയത്തു തോന്നുന്നു.

എന്നെ കുറച്ചു സമയം കൊണ്ട് തന്നെ ചെറുതല്ലാത്ത പാഠങ്ങൾ പഠിപ്പിച്ച അവിടത്തെ ജീവനക്കാർ ഇവരാണ്. സൂപ്പർ ഹീറോസ് എന്ന വാക്ക് ഇവരെ കുറിച്ച് പറയുമ്പോ കൂടെ ചേർത്താലും അത് അത്ര അധികം ഓവറാവില്ല എന്ന് എന്റെ അനുഭവം സാക്ഷ്യപ്പെടുത്തുന്നു.

Principal Indu Teacher
Vidya Teacher
Resmi Teacher
Yamima Teacher
Saleena Teacher
Saira Teacher
Greeshma Teacher
Nanditha Teacher

Clerk Rajagopal

Hostel staffs Anand,Valsala, Salmath, Rajitha


ആരുടെയെങ്കിലും പേര് വിട്ടു പോയിട്ടുണ്ടെങ്കിൽ പൂർണ ഉത്തരവാദിത്തം എന്റെ ചേച്ചി ആയ ശ്രീലക്ഷ്മി ടീച്ചർക്ക് ആണ്. പറഞ്ഞ പോലെ അവരുടെ പേര് പറഞ്ഞില്ലല്ലോ!!!

ചേച്ചീ, ചേച്ചിയാണ് ചേച്ചീ ശരിക്കും ഒരൊന്നൊന്നര ചേച്ചി!!!!

വാൽക്കഷ്ണം: ഒറ്റപ്പാലത്തു നിന്ന് തിരിച്ചു വരുമ്പോ, ഒരുവരി കണ്ടപ്പോ ആണ് ഇവരെ കുറിച്ച് ബ്ലോഗിലോ ഫേസ്ബുക്കിലോ എഴുതണം എന്ന് തോന്നിയത്.

"നമ്മളോർക്കുക, നമ്മളെങ്ങനെ നമ്മളായെന്ന്!!!"
Special Note  To  രശ്മി ടീച്ചർ and other staffs:

അടുത്ത വനിതാ ദിനത്തിൽ കൊച്ചിയിലും തിരുവന്തപുരത്തും ചില സംഘടനകളുടെ ചടങ്ങുകളിൽ സംസാരിക്കാൻ ക്ഷണം ഉണ്ട്.  "Women who inspired Me", എന്നതാണ് ഞാൻ സംസാരിക്കാറുള്ള topic. ഞാൻ നേരിട്ട് കണ്ടിട്ടുള്ള വനിതകൾ ഓരോരുത്തരും എന്നെ inspire ചെയ്ത സന്ദർഭങ്ങൾ ആണ് പറയാറുള്ളത്. ഇത്രേം കാലം വിശേഷിച്ചു ആറു പേരെ കുറിച്ച് പറയാൻ ആണ് ഉദ്ദേശിച്ചിരുന്നത്, ഇനി ആ എണ്ണം ഒന്ന് കൂട്ടി ഏഴു ആക്കണം. ആൾക്കാരെ പറയുന്ന order ഒന്ന് arrange ചെയ്തു പലരെയും പുറകോട്ടു തള്ളണം. അവിടെ കണ്ട പ്രിൻസിപ്പൽ മുതൽ ഉള്ള എല്ലാ Staffന്റെയും പേര് പറയണം.
ഇത്രയും മനോഹരമായ ദിവസം ഒരു അധ്യാപകൻ എന്ന നിലയിൽ എനിയ്ക്കു സമ്മാനിച്ച നിങ്ങളോരോരുത്തരോടും അത്രയെങ്കിലും ചെയ്തില്ലേൽ പടച്ചോൻ പൊറുക്കില്ല, അതോണ്ടാണ്!!!

Monday, January 13, 2020

എജ്ജാതി ആണ് ചില മനുഷ്യന്മാര്...!!!


ഡിഗ്രിക്ക് കൂടെ പഠിച്ച കൊറേ ചങ്കുകളുണ്ട്. ഞങ്ങളൊന്ന് ചെറായി ബീച്ച് റിസോർട്ടിൽ ഒത്തു കൂടിയ ശേഷം പറവൂർ നിന്നും ഷിന്റോയുടെ കാറിൽ ശ്രുതിമോളെയും റോസ്മോളെയും കൊണ്ട് കൊടുങ്ങല്ലൂർ എത്തിയിരിക്കുന്നു. ഞാനും റോസും കൊടുങ്ങല്ലൂര് നിന്ന് തൃശൂർക്കുള്ള വണ്ടി കേറി കാത്തു കിടക്കുമ്പോഴാണ് ഇരിഞ്ഞാലക്കുടയിലെ ഒരു അനാഥാലയത്തിന്റെ രക്ഷാധികാരി ആയ പഴയൊരു പരിചയക്കാരി ട്രീസ സിസ്റ്റർ തലക്കിട്ടു തട്ടിയത്. കേരളത്തിൽ ഏതു കോളേജിൽ കമ്പ്യൂട്ടർ സയൻസില് ഒഴിവ് വന്നാലും ആദ്യം എന്നെ വിളിച്ചു പറയുന്ന മൊതലാണ്. എവിടുന്നു എവിടെക്കാ കുഞ്ഞേ യാത്ര, എന്നാ വീട്ടിലെ വിശേഷം എന്നൊക്കെയുള്ള കുശലം പറച്ചിലിനൊടുവിൽ അവര് തൊട്ടു മുന്നിലുള്ള സീറ്റിൽ ഇരിപ്പുറപ്പിച്ചു. കുട്ടിയേയും കൊണ്ട് കേറിയ ഒരു ഇസ്ലാം പുരുഷൻ ആ കുട്ടിയെ അവരുടെ അടുത്ത് ഇരുത്തി. കൊടുങ്ങല്ലൂർ കേബിൾ TVക്കാരുടെ എന്തോ ജില്ലാ സമ്മേളനം നടക്കാണ്. കാവടിയാട്ടം പോലെ എന്തോ പരിപാടി ഉണ്ട്. ഞാൻ ഇരിക്കുന്ന സൈഡിൽ അല്ല കാവടിയാട്ടം. അത് കാണാൻ ആ കുട്ടി ശ്രമിക്കുന്നുണ്ട്. തിരക്കിൽ അത് പറ്റുന്നില്ല. ഒന്ന് എണീപ്പിച്ചു പിടിക്കാൻ ഉള്ള ആ അച്ഛന്റെ ശ്രമം തിരക്കിൽ പുള്ളിക്ക് ബാലൻസ് കിട്ടാത്ത കാരണം  നടന്നില്ല. ഇത് കണ്ട സിസ്റ്റർ ആ കുട്ടിയോട് കാവടിയാട്ടം കാണണോ എന്ന് ചോദിച്ചു. വേണം എന്ന് തലയാട്ടിയപ്പോ കുട്ടിയെ സീറ്റിൽ ഉയർത്തിപ്പിടിച്ചു. ആ കുട്ടി കാവടിയാട്ടം കണ്ടു കൊണ്ട് ഒരു ചിരി ചിരിച്ചു, ഇത്ര സന്തോഷത്തിലും നിഷ്കളങ്കമായും ഒരു കുട്ടി ചിരിക്കുന്നത് ഞാൻ അടുത്തൊന്നും കണ്ടിട്ടില്ല. എന്നിട്ട് ആ അച്ഛനോട് സിസ്റ്ററുടെ ഒരു ഡയലോഗും. കുട്ട്യോള് എന്തുന്നു കണ്ടാ സന്തോഷാവോ, അതിനു വല്യ ചെലവൊന്നും ഇല്ലേൽ അതങ്ങ് ചെയ്തേക്കണം. അതിപ്പോ പള്ളിപ്പെരുന്നാളായാലും പൂരപ്പറമ്പിലെ കാവടിയാട്ടം ആണേലും. അതൊന്നും തിരിച്ചറിയാൻ മാത്രം വ്യത്യാസം ഉള്ള സംഗതികൾ അല്ല, സന്തോഷത്തിനു വേർതിരിവ് ഇല്ലാതെ വേണം മ്മള് ക്ടാവിനെ വളത്താൻ.

ഇജ്ജാതി മാസ്സ് ഡയലോഗ് അടിക്കേം മാസ്സ് കാണിക്കുകയും ചെയ്യുന്ന ആളുകള് ഉള്ള സ്ഥലത്താണ് ഓരോരുത്തര് ഓരോ ബില്ലും കൊണ്ട് വരുന്നത്. കൊണ്ട് വായോ, വേണേൽ ഒരു അഞ്ചുറുപ്യ ടിപ്പ് തരാം...!!!
അല്ലാണ്ടെ ഇവിടിപ്പോ ഒന്നും സംഭവിക്കാൻ പോണില്ല. കൂടെ പഠിച്ച പെണ്ണിനെ ഞാൻ കൂടപ്പിറപ്പേ എന്ന് വിളിക്കുന്നത് ഓൾടെ ആധാറിലെ initial നോക്കിയിട്ടല്ല, ചെക്കനെ ചങ്കെ എന്ന് വിളിക്കുന്നത് അവന്റെ നെറ്റിയിലെ കുറി നോക്കിയിട്ടും അല്ല. ഇത് സ്ഥലം വേറെയാണ് ബ്രോസ്, സ്റ്റാൻഡ് വിട്ടു പിടി...!!!

ഗുരുവായൂർക്ക് പോവുമ്പോ, പഴം, പായസം മേടിക്കാൻ കാശ് തരുന്നവന്റെ കയ്യിൽ തഴമ്പ് ഉണ്ടോ എന്ന് മാത്രേ നോക്കാറുള്ളൂ, അത് മീൻ വിറ്റിട്ടല്ലേ എന്ന് വിചാരിച്ചു വിട്ടു കളയാറില്ല. കാടാമ്പുഴയിൽ മുട്ട് അടിക്കുമ്പോ, മ്മടെ  കൊച്ചിന്റെ ശ്വാസം മുട്ടല് മാറാനും കൂടെ ഒന്ന് മുട്ടണെ എന്ന് പറയുന്ന അച്ചായൻ ചങ്കിനോട് ഓക്കേ പറഞ്ഞാണ് ശീലം, അങ്ങനല്ലേ പാടുള്ളു?



[തന്റെ അയൽവാസി പട്ടിണി കിടക്കുമ്പോൾ വയർ നിറക്കരുതെന്നും, അതിൽ ജാതി നോക്കരുതെന്നും പഠിപ്പിച്ച പ്രവാചകർ (സ)യുടെയും

മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന് പറഞ്ഞ ശ്രീ നാരായണ ഗുരുവിന്റെയും

നിന്നെ പോലെ നിന്‍റെ അയൽക്കാരനേയും സ്നേഹിക്കുക എന്ന് പറഞ്ഞ യേശു ക്രിസ്തുവിന്‍റെയും വാക്കുകൾ നമ്മെ ഓർമിപ്പിക്കുന്ന ഒരു ചിത്രം കൂടെ ചേർക്കുന്നു.
]

Saturday, July 27, 2019

ശ്രീരേഖ പറഞ്ഞ പരീക്ഷ കഥ

നുമ്മടെ അടുത്ത ചങ്ങായി ശ്രീരേഖ സംഭവ കഥ എന്നും പറഞ്ഞു തള്ളിയ കഥ, ഞാൻ വീണ്ടും ചില തള്ള് ചേർത്ത് ആണ് ട്ടോ ഈ പറയുന്നത്.  അല്ലേലും കഥകൾ തള്ളുന്ന കാര്യത്തിൽ ശ്രീരേഖ ആളൊരു സംഭവം തന്നെ ആണ്!!!

മയിൽ പീലി പുസ്തകത്തിൽ, വെയില് കൊള്ളാതെ അടച്ചു വച്ചാൽ വിരിയും എന്ന അന്ധവിശ്വാസം ഉണ്ടായിരുന്ന സമയത്തു നടന്ന കഥ ആണ്. ഇങ്ങനെ അടച്ചു വച്ചിരുന്ന മയിൽ പീലി വിരിഞ്ഞില്ല എന്നും പറഞ്ഞു  ഗൈനക്കോളജിസ്റ്റ് ആയ ഡോക്റ്ററെ പോയി കണ്ട ഷാജുവേട്ടൻ കോളേജിൽ പഠിക്കുമ്പോ നടന്ന കഥ ആണ്.

ക്ലാസ്സിൽ കയറി അധ്യാപകരെ ബുദ്ധിമുട്ടിക്കുന്നത് ഇഷ്ടമല്ലാത്ത ആള് ആയത് കൊണ്ടും പരീക്ഷാ ഹാളിൽ വെറുതെ ഇരുന്നു സമയം കളയുന്നത് ഇഷ്ടമല്ലാത്ത കൊണ്ടും വളരെ വൈകി പരീക്ഷാ ഹാളിൽ എത്തി, വേഗത്തിൽ പണി തീർത്തു ആദ്യം പരീക്ഷാ ഹാൾ വിടുന്നത് മൂപ്പരുടെ ഒരു പ്രത്യേക ജാതി ഹോബി ആണ്. ഒരു ഇന്റേണൽ പരീക്ഷാ ഹാളിൽ ആണ് ഷാജുവേട്ടന്റെ മനുഷ്യത്വം ലോകം ആദ്യമായി തിരിച്ചറിഞ്ഞത്. മൂപ്പരുടെ തൊട്ടടുത്ത് പരീക്ഷ എഴുതുന്നത് ജൂനിയർ ആയ, പാലാക്കാരി സൂസൻ. മാണി സാറിന്റെ നാട്ടുകാരി, പോരാത്തതിന് കോളേജ് ടോപ്പർ. അവളുടെ കസേരക്ക് ഒരു ഇളക്കം. മനോമുകുളങ്ങളിൽ നിന്നും ഭ്രംശനം സംഭവിക്കാതെ ആശയങ്ങളെ പേപ്പറിൽ ആക്കുന്ന തിരക്കിൽ സൂസനെ ഈ കാര്യം വല്ലാതെ അലോസരപ്പെടുത്തി. തൊട്ടടുത്ത സീറ്റ് ഒഴിഞ്ഞു കിടക്കാണ്. ഒമ്പത് മണിക്കുള്ള പരീക്ഷക്ക്, ഒൻപതേ പത്തിന്റെ ഭരണങ്ങാനം ബസ്സായ മരിയ റാണിയിൽ വന്നിറങ്ങുന്ന ഷാജു ഭായ് എത്തിയപ്പോ ഒൻപതേകാല്. അടുത്തിരിക്കുന്ന പെൺകുട്ടി കഷ്ടപ്പെട്ട് എഴുതുന്ന കണ്ട ഷാജു ഭായ്, സീറ്റ് മാറി അവിടെ ഇരിക്കാമെന്നായി. "എനിക്ക് ആകെ പത്തു മിനിറ്റ് ആണ് വേണ്ടൂ. പേരെഴുതി, ആളെ പുറത്തു വിടുന്ന ഒൻപതര ആവുമ്പൊ തന്നെ ഞാൻ പോവും. ഈ കുട്ടിക്ക് രണ്ടു മണിക്കൂർ തികച്ചും വേണ്ടി വരും."

അത് ശരിയാണല്ലോ എന്ന് ചിന്തിച്ച ക്ലാസില് നിന്നിരുന്ന സെബാസ്റ്റ്യൻ മാഷ് അത് സമ്മതിച്ചു. അന്ന് മുതൽ ഷാജു ചേട്ടൻ, "നന്മമരം ഷാജു" ആയി അറിയപ്പെടാൻ തുടങ്ങി.

കാലം വീണ്ടും ചലിച്ചു, കലണ്ടർ ഇപ്പൊ ഇന്റേണൽ പരീക്ഷ നടക്കുന്ന ഫെബ്രുവരിയിൽ നിന്നും യൂണിവേഴ്സിറ്റി പരീക്ഷ നടക്കുന്ന മെയ് മാസം എത്തിയിരിക്കുന്നു. വീണ്ടും ഒരു പരീക്ഷ ഹാൾ.  ഇത് ചുമ്മാ തമാശ കളി അല്ലാത്ത കാരണം എല്ലാരും കയ്യിൽ നിറയെ കോപ്പിയടി സാധനങ്ങൾ കൊണ്ടാണ് കേറിയിരിക്കുന്നത്. പതിവ് പോലെ മ്മടെ നായകൻ ഷാജു ഭായ്, സെക്കൻഡ് ഹാഫില് മാത്രം കേറി വരുന്ന നായകനെ പോലെ പരീക്ഷ തുടങ്ങി അര മണിക്കൂറ് കഴിയുന്നെന് തൊട്ട് മുന്നേ സന്നിഹിതനായി.

കേറിയ പാടെ അപ്പുറത്തെ ചേട്ടന്റെ പേപ്പർ നോക്കി കോപ്പിയടി തുടങ്ങി. നമ്മക്ക് കോപ്പിയടി, അവർക്കിത് ടീം വർക്ക്. ഒന്നാം പാനിപ്പത്ത് യുദ്ധം ഉസ്മാനും മുഗൾ സാമ്രാജ്യത്തിന്റെ ഭരണപരിഷ്‌കാരങ്ങൾ തോമസും സംഭാവന ചെയ്തു. അധികം വൈകാതെ തന്നെ, ടീച്ചർമാർക്ക് കാര്യം പിടികിട്ടി. ഷാജു പരീക്ഷയെ നേരിടുന്നത് ഒറ്റക്കല്ല. ആ പരീക്ഷാ ഹാളിലെ വിദ്യാർത്ഥി സമൂഹം മുഴുവൻ സഹജീവി സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശം കൈമാറി, കോപ്പിയടിക്കാൻ മൂപ്പരെ സഹായിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഒരുവിധത്തിലും സഹിക്കാൻ ആകാതെ വന്നപ്പോ ഷാജു ചേട്ടൻറെ പരീക്ഷ ഒരു ഒന്നര മണിക്കൂർ പിന്നിട്ടപ്പോ മൂപ്പരെ മാറ്റി ഇരുത്താൻ തീരുമാനം ആയി.

ആദ്യ ടേബിളിൽ ഇരുന്ന മൂപ്പരെ അവസാനം ഹാളിനു പുറകിൽ ഒറ്റക്ക് കിടന്ന വികലാംഗൻ ആയ ടേബിളിൽ കൊണ്ട് പോയി ഇരുത്തി. അപ്പോഴാണ് ഏവരെയും ഞെട്ടിച്ചു കൊണ്ട് ഷാജു ചേട്ടൻ ഹാളിലെ ടീച്ചറോഡ് ആ കാര്യം ആവശ്യപ്പെട്ടത്: "ടീച്ചർ, ചോദ്യ പേപ്പർ കിട്ടിയിട്ടില്ല."

പരീക്ഷ തുടങ്ങി ഒന്നര മണിക്കൂർ ആയിട്ടും ചോദ്യപേപ്പർ കിട്ടാതെ ഇരുന്നിട്ടും അപ്പുറത്തും ഇപ്പുറത്തും ഉള്ള ഉത്തരങ്ങൾ വാരി പെറുക്കി കൂട്ടുന്നതിന്റെ ഇടക്ക് തനിക്ക് അവകാശപ്പെട്ട ചോദ്യപേപ്പർ പോലും കിട്ടിയിട്ടില്ല എന്ന കാര്യം പോലും തൃണവൽഗണിച്ചു കൊണ്ട് പരീക്ഷ എഴുതിയ ഷാജു ഭായിയോട്, "പിന്നെന്തു മാങ്ങ നോക്കി ആണ് നീ എഴുതി കൊണ്ടിരുന്നത്" എന്ന് ചോദിയ്ക്കാൻ വെമ്പി ദേഷ്യത്താൽ വിറച്ചു നിൽക്കുന്ന ജിജി ടീച്ചർ ആണ് ഇപ്പൊ ശ്രദ്ധാകേന്ദ്രം.




ഇതും കൂടി കേട്ടതോടെ പിടിവിട്ട് പോയ ടീച്ചർമാർ മൂപ്പരെ ഇറക്കി വിട്ടു. ഹാളിലെ നിറഞ്ഞ ചിരികൾക്കിടയിലൂടെ അപമാന ഭാരത്താൽ താണ തലയുമായി പുറത്തു പോകുന്ന ഷാജു ഭായ്. പെട്ടെന്നാണ് എല്ലാരേയും ഞെട്ടിച്ചു കൊണ്ട് ഷാജു ഭായ് തിരിഞ്ഞു നിന്നത്. ഗജിനി സിനിമയിൽ വില്ലനെ ഇടിക്കാൻ പോകുന്ന സൂര്യ നോക്കുന്ന പോലെ ഒരു നോട്ടം. എന്നിട്ട് ഒറ്റ ഡയലോഗ്. "ടീച്ചറെ, ആ സന്ദീപിന്റെ മടക്കി വച്ച ഷർട്ട്ന്റെ കയ്യിലും സല്മയുടെ ഷാളിന്റെ അടിയിലും ഉസ്മാന്റെ ബെൽറ്റിന്റെ ഇടയിലും ഒക്കെ കോപ്പി ഉണ്ട്. അവരെ കൂടി പുറത്താക്കണം."

ടമാർ പടാർ. അത് വരെ പ്രതി ആയിരുന്ന ഷാജു പെട്ടെന്ന് മാപ്പുസാക്ഷി ആയി. ക്‌ളാസിൽ ഉണ്ടായിരുന്ന മുഴുവൻ ആളുകളുടെയും കോപ്പി പിടിക്കാൻ ഷാജു കൂടുതൽ വെളിപ്പെടുത്തലുകളുമായി രംഗത്ത് തന്നെ നിന്നു. പിന്നെ അവിടെ നടന്നത്, പണ്ട് ജയലളിതടെ പോലീസ് കരുണാനിധിടെ വീട്ടില് കേറി മേഞ്ഞ പോലെ ഒരു കോപ്പിയടി പിടിക്കൽ ആയിരുന്നു. ബാക്കി പതിനഞ്ചു പേരെയും പിടിച്ചു കൊണ്ട് കൂട്ട്പ്രതി ഷാജു ഭായിയെ മുന്നിൽ നടത്തി ജിജി ടീച്ചർ പ്രിൻസിപ്പാളിനെ ലക്ഷ്യമാക്കി നടക്കുമ്പോൾ, പിടിക്കപ്പെടുന്നതിനു തൊട്ടു മുന്നേ എഴുതി കൊണ്ടിരുന്ന essay പൂർത്തിയാക്കാൻ പറ്റാത്ത വിഷമത്തിൽ മിംഗ്ലിത ചിത്ത ആയ സൽ‍മ അപ്പഴും ജിജി ടീച്ചറുടെ മൂന്ന് തലമുറകളെ സ്മരിച്ചു കൊണ്ടിരിക്കുകയായിരുന്നു...!!!

Wednesday, May 01, 2019

കാണാതെ പോകുന്ന മെയ് ദിന ചിരികൾ...

പണ്ട് പണ്ട് 2013ൽ ഇത് പോലൊരു മെയ് മാസത്തിലാണ് ഞാൻ M.Techന്‌ ഏത് രീതിയിൽ ഓപ്‌ഷൻ കൊടുക്കണം എന്ന തീരുമാനം എടുക്കുന്നത്. റാങ്ക് കുറവായ കൊണ്ട് NITകളിൽ കിട്ടാൻ തീരെ സാധ്യത ഇല്ല, അതോണ്ട് കേരളത്തിന് പുറത്തെ ഏതേലും നല്ല കോളേജിൽ admission എടുത്താലോ എന്ന് ചോദിച്ചപ്പോ അച്ഛൻ പറഞ്ഞ മറുപടി "നീ പഠിച്ച ഗുണം നമ്മുടെ നാടിന് കിട്ടാൻ നോക്കണം, ഇവിടെ ഈ നാട്ടിൽ ഉള്ള കഷ്ടപ്പാടുകൾ അറിഞ്ഞു കൊണ്ടാണ് നീ ജീവിക്കേണ്ടത്, വളരേണ്ടത്."

അങ്ങനെ ആണ്, പാവങ്ങളുടെ NIT എന്ന് ഞങ്ങൾ സ്വയം ആശ്വസിപ്പിച്ചു കൊണ്ടിരുന്ന CET തിരഞ്ഞെടുക്കുന്നത്.


2 വർഷം നീണ്ട CET/തിരുവനന്തപുരം ജീവിതത്തിനിടയിൽ ഞാൻ നടന്ന വഴികളിലെ അഴുക്കിനെ തൂത്തെറിഞ്ഞ ചേച്ചി, FDP ഒക്കെ നടത്തുമ്പോ എപ്പോ ഓർഡർ ചെയ്താലും എനിക്ക് ചായ തന്ന സിവിൽ കാന്റീനിലെ ചേച്ചിമാർ, ചോറ് തരുമ്പോൾ "നീ അച്ചാറ് കഴിക്കാത്ത കൊണ്ട് ഞങ്ങക്ക് അത് ലാഭം" എന്ന് പറഞ്ഞോണ്ടിരുന്ന കോളേജ് കാന്റീനിലെ ചേട്ടന്മാർ. രാവിലെ എട്ട് മണിക്ക് Golden  Walkway ലക്ഷ്യമാക്കി കാമ്പസ്സിലേക്ക് നടക്കുമ്പോൾ "എടേയ്, പുതിയ പാട്ട് വല്ലോം കിട്ടിയാ?" എന്ന് കുശലം ചോദിച്ചു കൊണ്ടിരുന്ന സെക്യൂരിറ്റി ചേട്ടന്മാര്, "MSNലെ പഴംപൊരിയ്ക്കും CETയിലെ placementനും ഒരേ മധുരം ആണ്" എന്ന് പറയിച്ചു കൊണ്ടിരുന്ന ചേട്ടന്മാര്, ഫോട്ടോസ്റ്റാറ്റ് കടയിലെ ചേട്ടൻ, ആശാൻ എന്ന് വിളിപ്പേരുള്ള പേരറിയാത്ത ഡ്രൈവർ ചേട്ടൻ, കാണുമ്പോൾ ചിരിയും സ്നേഹവും കൈമാറുന്ന തിരിച്ചറിയാൻ ആവാത്ത ഒരുപാട് മുഖങ്ങൾ...
പണ്ട് ദീപാ മിസ് പറഞ്ഞ പോലെ
"ഇവരൊക്കെ CETians തന്നെ ആണ്. CETയെ CET ആക്കുന്നത് ഇവരൊക്കെ കൂടി ആണ്."

വേറെ എവിടെ പഠിച്ചാലും കിട്ടാത്ത സന്തോഷം തന്ന ലോകം, ഇവരൊക്കെ തന്ന സ്നേഹം തിരിച്ചു നൽകാൻ ഇതിലും നല്ലൊരു ദിവസം ഇല്ല...

മെയ് ദിനാശംസകൾ, ഇത് പോലെ കണ്ടു തീരാത്ത എല്ലാവര്ക്കും, മെയ്യനങ്ങി പണിയെടുക്കുന്ന എല്ലാവർക്കും...!!!

ഇത് ചെയ്ത CETയിലെ അനിയന്മാരെ, അനിയത്തികളെ...
സ്നേഹം, പെരുത്ത സ്നേഹം..!!!💓💓💓

Monday, February 18, 2019

ഒരു അഡാറ് സമ്മാനപ്പൊതി...!!!

എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോ കേരളം വിട്ട് ബോംബെ എത്താൻ വേണ്ടി ടിക്കറ്റ് എടുത്തു കള്ള വണ്ടി കേറി, അവസാനം platform മാറി വന്ന വേറെ ഏതോ വണ്ടിയിൽ കേറി തിരുവനന്തപുരം എത്തിയിട്ട് ഉമ്മാനെ വിളിച്ചു "ഞാനിനി ഇന്ത്യയിലേക്ക് ഇല്ല" എന്ന് വിളിച്ചു പറഞ്ഞ സുഹൈൽ. നാട്ടുകാരനായൊരു കൂട്ടുകാരൻ ആണ്.

അവസാനം എന്തൊക്കെയോ പണിയൊക്കെ കിട്ടി എവിടെയൊക്കെയോ ജോലി ചെയ്ത് അവസാനം ഗൾഫിൽ എത്തിയ മനുഷ്യൻ. എത്തി വിസ clearance കിട്ടി അധികം വൈകാതെ തന്നെ ഒരു പെണ്ണും പച്ച കൊടി കാണിച്ചു.

നിശ്ചയം കഴിഞ്ഞു അടുത്ത വരവിനാണ് കല്യാണം. അതായത് ഒരു വർഷക്കാലം കൂടി മൂപ്പര് കാത്തിരിക്കണം. ഫെബ്രുവരി ആദ്യം തന്നെ നിശ്ചയം കഴിഞ്ഞു. മനുഷ്യൻ ഏറ്റവും കൂടുതൽ romantic ആകുന്ന സമയം ആണല്ലോ ഈ കാത്തിരിപ്പ് കാലം. അന്നേരം ആണ് ഈ സായിപ്പ് കണ്ടുപിടിച്ച പ്രണയദിനം എന്ന ഇടപാട് വന്നത്. ഫെബ്രുവരി 14. അപ്പോഴാണ് മുൻഭാര്യയ്ക്ക്, ചെ, ഭാവി ഭാര്യക്ക് ഒരു സമ്മാനം കൊടുക്കുന്ന കാര്യം ഓർത്തത്. ചെക്കന് ആകെപ്പാടെ ഒരു പരവേശം. പിന്നല്ലേ കാര്യം മനസ്സിലായെ, ഓൾക്ക് ആദ്യമായി സമ്മാനം കൊടുക്കാൻ ഉള്ള ആവേശം ആർന്നു അത്.

സംഭവം അവിടെ കൂടിയ മുപ്പത് കൂട്ടുകാരും കെട്ടാൻ പോണ മൊഞ്ചത്തി ഷാഹിലയും മാത്രേ അറിയാൻ പാടൂ. അവള് അറിയേണ്ട സർപ്രൈസ് ആവട്ടെ എന്ന് കൂട്ടുകാര് കട്ടായം പറഞ്ഞു. ആ പഞ്ചായത്തിലെ എല്ലാ വീട്ടിലെയും ആള്ക്കാര് ആയിരുന്നു ഈ മുപ്പത് കൂട്ടുകാര്. എല്ലാ വീട്ടിലും ഈ ന്യൂസ് എത്തി എന്ന് സാരം. എന്നാലും സംഭവം രഹസ്യമാണ്, note the point . രഹസ്യമായി അവളുടെ വീട്ടിൽ പോയി സൺ ഷേഡിൽ കേറി നിന്ന് അവൾക്ക് അഞ്ഞൂറ് ഉർപ്പ്യടെ സമ്മാനവും അഞ്ഞൂറ് കോടിടെ ഖൽബിലെ സ്നേഹവും കൈമാറുന്ന പ്ലാൻ കൂട്ടുകാര് പറഞ്ഞപോ സുഹൈൽ ആകെ പുളകിതനായി, നിനൈപ്പെല്ലാം എങ്കെയോ പോയിട്ടേ.!!!

"The gift should be exciting and explosive, she should feel the warmth of love."- ആ പറഞ്ഞത് ഉണ്ണിക്കുട്ടൻ മാഷുടെ മകൻ സതീശൻ ആയിരുന്നു. ആ കൂട്ടത്തിൽ പത്താം ക്‌ളാസ് പരീക്ഷക്ക് ഇംഗ്ലീഷിൽ എ+ മേടിച്ച ഒരേയൊരു മിടുക്കൻ. പത്താം ക്‌ളാസ് പരീക്ഷ എഴുതാൻ എട്ടാം ക്‌ളാസ് പാസാകണം എന്ന സർക്കാർ നിയമത്തോടുള്ള വിയോജിപ്പ് മൂലം സുഹൈൽ അന്ന് ഗോദയിൽ ഉണ്ടായിരുന്നില്ല എന്ന കാര്യം കൂടി ഇത്തരുണത്തിൽ ഓർമിപ്പിക്കുന്നു.

അങ്ങനെ ഫെബ്രുവരി പതിനാല് പുലരാൻ നിമിഷങ്ങൾ മാത്രം ബാക്കി ഉള്ളപ്പോൾ, മുൻ നിശ്ചയ പ്രകാരം കൂട്ടുകാരൻ സതീശനും സുഹൈലും അവന്റെ പ്ലാറ്റിനയിൽ കേറി അവളുടെ വീട്ടുമുറ്റത്തു എത്തി. പള്ളിപ്പടി കഴിഞ്ഞു എന്തോ വലിയ ബോർഡിൽ പരസ്യം വച്ച പോക്കറ്റ് റോഡിൽ മൂന്നാമത് കാണുന്ന കിളിപ്പച്ച paint  അടിച്ച വീട്. അവിടെ ചെന്നപ്പോ ആണ് twist. പെണ്ണ് ജനൽ അടച്ചു ഇരിക്കുന്നു. മുറിയിൽ വെളിച്ചം ഉണ്ട്, ഉറങ്ങിയിട്ടില്ല. എങ്ങനെ ഉറങ്ങും, ഈ jio offer കാരണം മ്മടെ പുയ്യാപ്ല സെക്കൻഡ് വച്ച് ഫോട്ടോയും വിഡിയോയും അയക്കലും അല്ലെ. വിളി ആണെങ്കിൽ വേറെ. ഇനി എങ്ങനെ സമ്മാനം കൊടുക്കും?

scene ആകെ dark ആയല്ലേ എന്ന് ചോദിച്ച സതീശനോട് മേലെ വെളിച്ചം വിതറി നിക്കണ ചന്ദ്രനെ ചൂണ്ടി "ഈ പ്രണയ നിലാവ് എന്റെ സ്നേഹം വിതറുന്ന വെളിച്ചമാണ്" എന്ന് കാല്പനികമായി പറഞ്ഞ സുഹൈൽ. ഏഴാം ക്‌ളാസിൽ "മധുചന്ദ്രികയുടെ ബിംബം" എഴുതാൻ പറഞ്ഞപ്പോ അപ്പുറത്തെ വീട്ടിലെ ചന്ദ്രിക ചേച്ചിയുടെ കണ്ണാടിയെ കുറിച്ച് എഴുതിയ സുഹൈൽ എന്നാണ് ഇത്രേം വല്യ പാബ്ലോ നെരൂദ ആയത് എന്ന് അറിയാതെ സതീശൻ അന്തിച്ചു നിന്നു.

മീനമാസരാവ്, പൂരം കൊടിയേറിയ സമയം ആയ കൊണ്ട് അന്തരീക്ഷത്തിൽ ആകെ അമ്പലത്തിൽ നിന്നുമുള്ള ഗാനമേളയുടെ വരികൾ ഒഴുകി നടക്കുന്നു. അവസാനം പ്ലാൻ ബി തയ്യാറായി. അവളുടെ റൂമിന്റെ അടുത്തുള്ള ബാൽക്കണിയിലേക്ക് സമ്മാനം എറിഞ്ഞു ഫോണിലൂടെ അത് എടുക്കാൻ പറയാം. സർപ്രൈസ്, വെറും അഡാറ് സർപ്രൈസ്.

സംഭവം ഒക്കെ സെറ്റായി.സ്വർണ വർണ കവറിൽ പൊതിഞ്ഞ സമ്മാനത്തിൽ ഉമ്മ വച്ച്, ആ സമ്മാനപൊതി എറിഞ്ഞു കൊടുത്തു. അത് പൊന്തി പകുതി വഴി എത്തിയപ്പോഴേക്കും അകത്തു നിന്ന് അതിലും ശക്തമായി എന്തോ സുഹൈലിന്റെ മോന്തയിൽ പതിച്ചു. തുണിയിൽ പൊതിഞ്ഞ ഒരു ചെറിയ കല്ലും കഷ്ണം. ചതഞ്ഞ കണ്ണും തുടച്ചു എന്താണ് സംഭവിച്ചത് എന്നറിയാതെ എണീറ്റ സുഹൈലിന്റെ മുതുകിൻ പുറം നോക്കി അടുത്ത പ്രഹരം.
"വന്നു വന്നു വീടിന്റെ അകത്തേക്ക് കോഴി വേസ്റ്റ് ഇടാൻ തുടങ്ങിയോടാ *** മകനേ???"
[*** ഒക്കെ മുട്ടൻ തെറി ആണ്, കേട്ടാ സെൻസർ ബോർഡ് വരെ അടിച്ചു പോണ നല്ല വല്യക്കാട്ടു സ്റ്റൈൽ തെറി]
വീണിടത്തു കിടന്നു നോക്കിയപ്പോ "ഗബ്ബാർ സിംഗ്" സിനിമയിൽ തോക്ക് പിടിച്ചു നിക്കുന്ന പവൻ കല്യാണിനെ പോലെ ഭാവി അമ്മോസാക്ക [ഭാര്യാ പിതാവ്], കൂടാതെ ഭാവി അളിയനും കാര്യസ്ഥൻ അടക്കം മൂന്നാലു സഹായികളും. അമ്മോസാക്ക തടയാൻ തുടങ്ങുന്നതിനും മുന്നേ കൂടെ ഉള്ള സഹായികള് നാലഞ്ചു പടക്കം കൂടെ സുഹൈലിന്റെ ദേഹത്ത് പൊട്ടിച്ചു.

ഷാഹിലയുടെ വീട്ടുകാർക്ക് അവര് കാത്തിരുന്ന മൊയന്തുകളെ കിട്ടിയില്ല. ബഹളം കേട്ട് ഷാഹില ജനല് തുറന്നപ്പോ ആദ്യം കണ്ടത്, തന്റെ പൊന്നാങ്ങള, തന്റെ പുയ്യാപ്ലയെ എയറിൽ ഇട്ട് തൂക്കി, മുഖത്തു സമ്മാനമായി നാടൻ പഞ്ച് കൊടുക്കുന്നതാർന്നു. കൂടെ, ഇന്നേ വരെ ആ പഞ്ചായത്തിൽ കേക്കാത്ത സൈസ് ഒരു വൃത്തി കെട്ട കരച്ചിലും. അല്ല, കുറ്റം പറയാൻ പറ്റില്ല. നല്ല നാടൻ തല്ല് കിട്ടുമ്പോ സംഗതികള് ഇട്ടു കരയാൻ ഇത് ഐഡിയ സ്റ്റാർ സിംഗർ അല്ലല്ലോ, "അടിയാ, ബെസ്റ്റ് അടി" ആണല്ലോ.

ഫെബ്രുവരി പതിനാലും റൊമാന്റിക് സ്വപ്നങ്ങളും സർപ്രൈസും സമ്മാനവും എല്ലാം വിശദമായി കേട്ട്, പറ്റിയ അബദ്ധത്തിന് മാപ്പ് പറഞ്ഞു പുയ്യാപ്ലയെ തിരിച്ചു അയക്കുന്ന നേരം അമ്മോസാക്കാ ഒന്നൂടി പുറകിൽ നിന്ന് വിളിച്ചു. ആ സമയം തല്ലിന്റെ ഇടയിൽ വായിൽ നിന്നും പോയ അണപല്ലിന്റെ പകുതിയെ അന്വേഷിക്കുകയായിരുന്നു സുഹൈൽ.
"പുയ്യാപ്‌ളെ, അറിയാനുള്ള ആഗ്രഹം കൊണ്ട് ചോയ്ക്കാണ്. എന്തുത്തുന്നാർന്നു ആ പൊതിയിൽ...????"

ചപ്പാത്തി പൊടിയുടെ പരസ്യത്തിലെ ചപ്പാത്തിടെ അത്രേം വീർത്ത കവിള് തലോടി "തനിക്ക് ഇനിയും മതിയായില്ലെടോ, ഇപ്പൊ അതാണോ മുഖ്യം?" എന്ന ഭാവത്തിൽ സുഹൈൽ ദയനീയമായി മൂപ്പരെ നോക്കി. സ്റ്റാർട്ടാക്കി നിർത്തിയ പ്ലാറ്റിനയിൽ നിന്നും സതീശൻ അതിനുള്ള മറുപടി കൊടുത്തു. "അതൊരു പടക്കൻ സമ്മാനം ആണ്". ശരിയാണ്, explosive gift കൊടുത്തതിന് ബാക്കി explosion സ്വന്തം മുഖത്ത് ഏറ്റു വാങ്ങിയ ചാരിതാർഥ്യവുമായി സുഹൈൽ വണ്ടിയുടെ പിന്നിൽ കേറി. കയ്യ് പൊന്താത്ത കാരണം, യാത്ര പറച്ചിൽ തലയാട്ടലിൽ ഒതുക്കി.

തിരിച്ചു പോകുമ്പോ പള്ളിപ്പടിയിലെ ബോർഡ് അവിടത്തെ ഹൈ മാസ്സ് ലൈറ്റിന്റെ വെളിച്ചത്തിൽ വ്യക്തമായി വായിക്കാം: "ഈ പ്രദേശത്തു മാലിന്യം നിക്ഷേപിക്കുന്നവരെ കൈകാര്യം ചെയ്യുന്നതാണ്"

സുഹൈൽ ഓർത്തു, "ഈ ബോർഡിനൊക്കെ ഭയങ്കര അർത്ഥാർന്നു ല്ലേ...!!!!"

Sunday, October 14, 2018

ഇതാണ് ഹീറോയിസം, നല്ല കട്ട ഹീറോയിസം...!!!!

വളരെ പണ്ട് നടന്ന കഥയാണ്. കൊല്ലവർഷം എത്രയാണ് എന്നൊന്നും ഓർമയില്ല. അല്ല, അങ്ങനെ വർഷങ്ങൾ ഓർത്തു വെക്കാൻ ഞാൻ ഇവിടെ പറയാൻ പോണത് ഇത് സൂര്യനാരായണൻ മാഷ്‌ടെ history ക്ലാസ്സിൽ timeline ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഒന്നാം പാനിപ്പട്ട് യുദ്ധത്തിന്റെ കാര്യവുമല്ല. ഞങ്ങള് പെരുമാങ്ങോടുകാര്ടെ അമ്പലകുളത്തിലെ ഒരു "വൻവീഴ്ച"യെ കുറിച്ചാണ്. ഈ അമ്പലകുളം നിങ്ങളൊക്കെ കണ്ടിട്ടുണ്ട്. "ഭ്രമരം" സിനിമയിൽ ആ കുട്ടി മുങ്ങി താഴുന്ന കുളം ആണ്. മ്മടെ കഥ അതിനെ കുറിച്ചല്ല.

ഈ കഥ മഹാദേവൻ മാമയെ കുറിച്ച് ആണ്. പതിനെട്ട് വയസ്സ് തികഞ്ഞ ഉടൻ, ബാങ്കിൽ ജോലി കിട്ടി ഞങ്ങടെ നാട്ടിലേക്ക് വണ്ടി കേറി വന്ന മഹാദേവൻ മാമ. മധുരയിലെ ഒരു പോലീസുകാരൻ ആയ അച്ഛനോടൊപ്പം വന്നിറങ്ങി ഇന്നും ഞങ്ങൾ സൊസൈറ്റിപ്പടിക്കാർക്ക് നല്ല ഭക്ഷണം വിളമ്പുന്ന ഹോട്ടൽ നടത്തുന്ന ഉണ്ണികൃഷ്‌ണേട്ടന്റെയും ചന്ദ്രേട്ടന്റെയും അച്ഛനായ മാസങ്ങൾക്ക് മുന്നേ മാത്രം മരിച്ചു പോയ, ചങ്ങുതൊടി രാമൻകുട്ടി എന്ന എപ്പോഴും ചിരിപ്പിച്ചു കൊണ്ടിരുന്ന വലിയ മനുഷ്യനോട് വഴി ചോദിച്ചു മൂപ്പരുടെ കൂടെ ട്രങ്ക് പെട്ടിയുമായി വന്ന മനുഷ്യൻ. മൂപ്പരുടെ mass entry എങ്ങനെ ആയിരുന്നിരിക്കും എന്ന് ഞാൻ എപ്പോഴും ഓർക്കാറുണ്ട്. ഇവിടുന്ന് transfer മേടിച്ചു പോയിട്ടും ഇടയ്ക്കിടെ വന്നു ചുമ്മാ പൊളി സാധനങ്ങൾ നമ്മളെ പഠിപ്പിക്കുന്ന മനുഷ്യൻ. സ്‌കൂൾ കലോത്സവത്തിൽ സമ്മാനം കിട്ടാൻ ആരും ഇല്ലാത്ത item ആയ തമിഴ് പദ്യം ചൊല്ലലിൽ കേറ്റാൻ വേണ്ടി "അച്ചമില്ലൈ അച്ചമില്ലൈ, അച്ചം എന്പതില്ലയെ" എന്ന പദ്യം പഠിപ്പിച്ചു നുമ്മളെ ജീവിതത്തിൽ ആദ്യമായി തട്ടേൽ കേറ്റിയ മഹാൻ. പക്ഷെ, പദ്യം ചൊല്ലി വന്നപ്പ "അച്ചം ഇല്ലൈ" എന്നതിന് പകരം "അച്ഛൻ ഇല്ലൈ" എന്ന് മാറി പാടിയ നിസ്സാര കേസിനു സ്‌കൂളുകാര് സമ്മാനം തന്നില്ല. എന്റെ ഉള്ളിലെ SP ബാലസുബ്രഹ്മണ്യം അന്ന് മരിച്ചു. [വിതുമ്പിക്കൊണ്ട് കണ്ണ് തുടക്കുന്ന smiley].

ഒടുവിൽ മൂപ്പര് വന്നത് സജുവിന്റെ കല്യാണത്തിന്റെ അന്നാണ്. സജുവിന്റെ engagement കഴിഞ്ഞു കല്യാണ തിയ്യതി തീരുമാനിച്ച വിവരം ചെറിയച്ഛൻ അറിയിച്ച ഉടൻ ticket book ചെയ്തപ്പോ അച്ഛനോട്  തമാശയ്ക് പറഞ്ഞു: "ക്ഷണം കിട്ടുന്നതിനു മുന്നേ തന്നെ ticket എടുത്തിട്ടുണ്ട്, ക്ഷണിച്ചില്ലേൽ അനിയൻ ശശിക്ക് ഇടി കൊടുക്കും...!!!"

അത്രയും ഈ നാടുമായും ഇവിടുത്തെ ആൾക്കാരുമായും attached ആയ മനുഷ്യൻ. മൂപ്പര് വർഷങ്ങൾക്ക് മുന്നേ, അച്ഛൻ പറയുന്ന പോലെ "ഒരു ചെക്കൻ" മാത്രം ആയിരുന്ന കാലത്തു നടന്ന കഥ ആണ്

അന്ന് അമ്പലകുളത്തിന്റെ മുകളിലെ കല്ല് കൊണ്ടുള്ള വരികൾ ഇത്ര പൊളിഞ്ഞിട്ടില്ല. സാമാന്യം നന്നായി നീന്തൽ അറിയുന്ന "ആശാ" ഇലക്ട്രോണിക്സ് നടത്തുന്ന മോഹനേട്ടൻ, ഒരു എട്ടുപത്തടി ഉയരത്തിൽ നിന്നും അമ്പലകുളത്തിലേക്ക് എടുത്തൊരു ചാട്ടം ഉണ്ട്. Somersault ചെയ്യുന്ന അഭ്യാസിയെ പോലെ വായുവിൽ രണ്ടു വട്ടം മലക്കം മറിഞ്ഞു വെള്ളത്തിലേക്ക് കൂപ്പ് കുത്തി, ജെയിംസ് ബോണ്ട് സിനിമയില് പിയേഴ്സ് ബ്രോസ്നൻ പൊന്തി വരുന്ന പോലെ പൊന്തി വരുന്ന മൂപ്പര് ഒരു അരങ്ങ് തന്നെ ആയിരുന്നു.

ഇത് കണ്ടു inspired ആയ മഹാദേവൻ മാമ, ആ കല്ല് വരിയുടെ മേലെ പെടച്ചു കയറി. Somersault ഏറ്റവും നന്നായി ചെയ്യുന്ന കരോളിൻ ത്രിഫ്ട് ഒക്കെ ചെയ്യുന്ന പോലെ കൈകൾ രണ്ടും കൂട്ടി അടിച്ചു. ദ്വന്ദയുദ്ധത്തിന് തയ്യാറാവുന്ന ജരാസന്ധനെ പോലെ അട്ടഹസിച്ചു. താഴെ കുളിച്ചു കൊണ്ട് നിന്ന ചെറിയച്ഛൻ ശശി മാമ അടക്കം ഉള്ളവർ മൂപ്പരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. തനിക്ക് അത്രയൊന്നും ചെയ്യാറായില്ല എന്നും, അബദ്ധം കാണിക്കരുത് എന്നുമുള്ള ആൾക്കൂട്ടത്തിന്റെ ബഹളങ്ങൾക്കിടയിൽ "കണ്ണാ, ഇതെല്ലം എനക്ക് റസ്‌ക് സാപ്പിടറ അവളോം താൻ risk ഇറുക്ക്‌" എന്ന ഭാവത്തിൽ മൂപ്പര് ചിരിച്ചു, our hero for the day. ഏതോ ഒരു ഭക്തി ഗാനം ഉറക്കെ ചൊല്ലി "മുരുഗാ" എന്ന വരിയിൽ അവസാനിപ്പിച്ച് കൊണ്ട് ഒരൊറ്റ jump. Perfect jump. വായുവിൽ 2 വട്ടം മലക്കം മറിഞ്ഞു കൊണ്ട് മൂപ്പര് വെള്ളത്തിൽ land ചെയ്തു. ആഹാ, അടിപൊളി. എല്ലാവരും കയ്യടിച്ചു. മോഹനേട്ടൻ വെള്ളത്തിൽ നിന്നും പൊന്തി വരുന്ന പോലെ, മൂപ്പര് നരസിംഹം സിനിമയിലെ മോഹൻലാൽ വരുന്ന പോലെ BGM ഇട്ട് വരുന്ന scene കാത്തു നിന്നവരെ നിരാശരാക്കി കൊണ്ട് മൂപ്പര് delay ആയി. പത്തു second കഴിഞ്ഞിട്ടും ആള് വെള്ളത്തിന്റെ അടിയിൽ കയ്യും കാലും ഇട്ട് അടിക്കുന്നതല്ലാതെ പൊന്തി വരുന്നില്ല. വെള്ളത്തിൽ പൊന്തി കിടന്നു നീന്തുന്നതല്ലാതെ പത്തടി ഉയരത്തിൽ നിന്നും ചാടിയാൽ മൂക്കീക്കൂടെയും ചെവിയിൽ കൂടെയും വെള്ളം കേറും എന്നും അത് overcome ചെയ്യുന്നത് എങ്ങനെ എന്നും പഠിക്കാൻ മൂപര് മറന്നിരുന്നു. പ്രായത്തിൽ കുറഞ്ഞ പക്വത ഈ കാര്യത്തിൽ കാണിച്ച മഹാദേവൻ മാമക്ക് പ്രായത്തിൽ കവിഞ്ഞ ഭാരം ഉണ്ടായിരുന്നു. മൂപ്പര് പൊന്തി വരുന്നില്ല എന്ന് കണ്ട ആൾക്കാർക്ക് ഒരു കാര്യം മനസ്സിലായി. സംഭവം അത്ര പന്തിയല്ല, ആകെ dark scene ആവുന്ന ലക്ഷണം ആണ്.

കൂട്ടത്തിൽ മുങ്ങാൻകുഴി ഇടുന്ന കാര്യത്തിൽ ഏറ്റവും വിരുതൻ ആയ ആരോ മൂപ്പരെ രക്ഷിക്കാൻ വെള്ളത്തിൽ ചാടി. കുറച്ചു കഴിഞ്ഞപ്പോ മൂപ്പര് ഒറ്റക്ക് പൊന്തി വന്നു. "ഒടുക്കത്തെ weight ആണ് ആ ചങ്ങായിക്ക്, പൊക്കാൻ പറ്റുന്നില്ല", കുടിച്ച വെള്ളം തുപ്പി കൊണ്ട് മൂപ്പര് പറഞ്ഞു. ആകെ മിംക്ലിത ചിത്തരായ എല്ലാവരും മുഖത്തോട് മുഖം നോക്കി. ഒന്നിന് പുറകെ ഒന്നായി എല്ലാവരും ചാടുന്നു, പരാജിതരായി തിരികെ കേറുന്നു.

സംഗതി കൈവിട്ടു പോകുന്ന ലക്ഷണം ആണ്. അപ്പോഴാണ്, എല്ലാവരും കാത്തിരുന്ന twist. ശ്രീകൃഷ്ണപുരം recreation ക്ലബ് എന്ന SRCയുടെ കരുത്തുറ്റ പോരാളി, അന്തവും കുന്തവും ഇല്ലാതെ ഗ്രൗണ്ട് മുഴുവൻ ഓടിക്കളിക്കുന്ന ഞങ്ങടെ സ്വത്ത്, നാട്ടിലേവരുടെയും മുത്ത്, ഘടോൽഘാദാസ്വംഗ്ലജകൻ [പുതിയ വാക്കാണ്, ദിപ്പോ കണ്ടു പിടിച്ചേ ഉള്ളൂ], ശ്രീകൃഷ്ണപുരംകാരുടെ കണ്ണിലുണ്ണി, കുഞ്ഞൻ bro. പേരെ കേട്ടതും സുമ്മാ അതിര്തില്ല?
പരിപാടി നടക്കുന്നത് പെരുമാങ്ങോട് വിഷ്ണു ക്ഷേത്രത്തിലെ അമ്പലകുളത്തിൽ ആണെങ്കിലും മൂപ്പര് വെള്ളത്തിൽ ചാടുന്നതിന്റെ മുന്നേ "അയ്യപ്പാ" എന്ന് ഉറക്കെ വിളിച്ചു. ഒന്ന് തിരിഞ്ഞു നിന്ന് പ്രാർത്ഥിച്ചു. "അപ്പഴും അതിലാണോ കമ്പം" എന്ന് ചോദിയ്ക്കാൻ ആരും മുതിർന്നില്ല. കാരണം എല്ലാരുടെയും കണ്ണും മനസ്സും മുഴുവൻ കുളത്തിലെ വെള്ളത്തിൽ ആയിരുന്നു. "നരൻ" സിനിമയില് വെള്ളത്തിൽ ചാടുന്ന മോഹൻലാലിനെ പോലെ, കണ്ടു നിന്ന നാട്ടുകാരുടെ മുഴുവൻ ശക്തിയോടെയും കൂടെ കുഞ്ഞൻ വെള്ളത്തിന്റെ അടിയിലേക്ക് ഊളിയിട്ടു. സാമാന്യം ശക്തിയുള്ള കുഞ്ഞൻ വെള്ളത്തിന്റെ അടിയിൽ നടത്താവുന്ന മൽപ്പിടുത്തം മുഴുവൻ നടത്തിയിട്ടും ഭാരമേറിയ ശരീരവും വെള്ളം കുടിച്ചു നിറഞ്ഞ വയറും കാരണം മഹാദേവൻ മാമയെ വെള്ളത്തിൽ നിന്നും പൊക്കി കൊണ്ട് വരാൻ സാധിക്കാതെ മൂപ്പര് പൊന്തി വന്നു. ഒന്ന് ശ്വാസം എടുത്ത ശേഷം ഒന്ന് കൂടി മുങ്ങി. ശരീരത്തിൽ പിടി കിട്ടുന്നില്ല എന്നതായിരുന്നു പ്രധാന വെല്ലുവിളി. ഒടുവിൽ കുഞ്ഞൻ ഒരു വഴി കണ്ടുപിടിച്ചു. അരഞ്ഞാണവും പൂണൂലും ചേർത്ത് ഒരു പിടിപിടിച്ചു, സകല ശക്തിയും സംഭരിച്ചു കൊണ്ട് മേലോട്ട് ഒറ്റ ഏറ്. വെള്ളത്തിന്റെ അടിയിൽ നിന്നും എന്തോ ശബ്ദം കേട്ട ആൾക്കാര് എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ നിന്നു. ഒടുവിൽ, പൊന്തി വന്നു വെള്ളത്തിന്റെ മുകളിൽ നിൽക്കുന്ന മഹാദേവൻ മാമയെ എല്ലാരും ചേർന്ന് തോണി വലിച്ചു അടുപ്പിക്കുന്ന പോലെ കരക്ക് കേറ്റി. ഉടനടി നടത്തിയ വൈദ്യസഹായങ്ങൾക്കൊടുവിൽ, കണ്ണ് തുറന്ന മഹാദേവൻ മാമ ചിരിച്ചു കൊണ്ട് പറഞ്ഞു: "സൂപ്പറാ ഇരുന്തിലയാ?"
ഒരു മൂന്നാല് മിനിറ്റ് കൊണ്ട് സ്വർഗ്ഗവും നരകവും ഈ ഭൂമിയിൽ തന്നെ ഉണ്ട് എന്ന പ്രപഞ്ച സത്യം നാട്ടുകാരെ മുഴുവൻ പഠിപ്പിച്ച ഈ ചങ്ങായിയെ എന്ത് ചെയ്യണം എന്ന് അറിയാതെ എല്ലാവരും ചിരിച്ചു. എന്നിട്ട് തിരിഞ്ഞ് നോക്കിയപ്പോ ഈ ബഹളത്തിന്റെ ഇടയിൽ കൈവിട്ടു പോയ ആനവാൽ മോതിരം തപ്പി വെള്ളത്തിൽ ചാടാൻ ഒരുങ്ങുന്ന കുഞ്ഞനെ കണ്ടു..!!!
വെറുതെ അല്ലാട്ടോ മൂപ്പർക്ക് ഇജ്ജാതി ധൈര്യം, ആനവാൽ മോതിരം ഒക്കെ അല്ലെ കയ്യില് ഉണ്ടാർന്നേ?
അപ്പൊ ഇനിയും നിങ്ങക്ക് മനസ്സിലായില്ലേ? ഇനിയിപ്പോ പ്രത്യേകിച്ച് പറയേണ്ടല്ലോ, കുഞ്ഞൻ bro ആണ് ഈ കഥയിലെ hero.
കുഞ്ഞൻ bro ഈ കാണിച്ചതാണ് ഹീറോയിസം, നല്ല കട്ട ഹീറോയിസം...!!!

NB: കുഞ്ഞൻ bro കൊറേ നാളുകൾക്ക് ശേഷം കഴിഞ്ഞ ആഴ്ചയും വീട്ടിൽ വന്നു. പണ്ടത്തെ കാര്യങ്ങളൊക്കെ പറഞ്ഞു കരഞ്ഞു. കൊച്ചിലെ എടുത്തു പൊക്കുന്ന അതെ ലാഘവത്തോടെ എന്നെ എടുത്തു പൊക്കി തല തിരിച്ചു നിലത്തു കാല് കുത്തിച്ചു. കരയുന്നതിന്റെ ഇടക്ക് "അതൊക്കെ പഴയ കാര്യങ്ങളല്ലേ" എന്ന് പറഞ്ഞപ്പോ കുഞ്ഞൻ നിർത്തിയില്ല. "മനുഷ്യനല്ലേ, ഓർമകള് വേണ്ടേ, എടക്കൊക്കെ കരയണ്ടേ?" എന്ന് ചോദിച്ചു.

അധികം പഠിച്ചിട്ടൊന്നുമില്ലെങ്കിലും കുഞ്ഞൻ പറഞ്ഞത് ശരിയാണ്. മനുഷ്യനായാൽ കൊറേ ഓർമകള് വേണം, ഇടക്കൊക്കെ കരയണം, പോണ പോക്കിന് കുഞ്ഞൻ തിരിഞ്ഞു നിന്ന് കൈ വീശി ചിരിച്ച പോലെ ഇടയ്ക്കിടെ ജീവിതത്തിനെ തിരിഞ്ഞു നോക്കി നിറഞ്ഞു ചിരിക്കണം...!!!

Saturday, April 21, 2018

വിടവുള്ള പല്ലുള്ള, ഒരു കുഞ്ഞുപാവക്കുഞ്ഞിന്...!!!

പട്ടാമ്പിയില്‍ നിന്നും വീട്ടിലേക്കുള്ള പതിവ് യാത്രയുടെ മടുപ്പിലേക്കാണ് പേരറിയാത്ത, വിടവുള്ള പല്ല് കാട്ടി ചിരിക്കാന്‍ ശ്രമിക്കുന്ന ആ പെണ്‍കുട്ടി കടന്നു വന്നത്. പേരോ നാളോ നാടോ ഒന്നും അറിയാത്ത ഏതോ ഒരു കുട്ടി. നേരം തെറ്റി വന്ന ഒരു മണ്ണാര്‍ക്കാട് KSRTCയില്‍ കയറി Headset ചെവിയില്‍ കുത്തിക്കേറ്റി, ഞാന്‍ അങ്ങനെ ഇരുന്നു. എന്നെ എനിക്കറിയാം. മറ്റുള്ളവര്‍ ആരൊക്കെ എന്ന് അവര് പോലും മറന്നു പോകുന്ന വിധത്തില്‍ എല്ലാവരും ഉറക്കത്തിലാണ്.

കയ്യിലുള്ള toy packet എനിക്ക് നേരെ നീട്ടിക്കൊണ്ട് ആ കുട്ടി വില പറച്ചില്‍ ആരംഭിച്ചു. കണ്ടക്ടര്‍ സ്റ്റേഷന്‍ ഓഫീസില്‍ പോയിരിക്കുകയാണ്. ആകെ ആ വണ്ടിയില്‍ ഉണര്‍ന്നിരിക്കുന്നത് ഞങ്ങള്‍ രണ്ടു പേരാണ്. ഞാന്‍ മാത്രേ ഈ കുട്ടീനെ ശ്രദ്ധിക്കുന്നുള്ളൂ. മറ്റേ ആള് തല തിരിക്കുന്നത് പോലുമില്ല. എങ്ങനെ തിരിക്കും, മൂപ്പരാണല്ലോ ഡ്രൈവര്‍???

ഞാനും കുഞ്ഞനിയനും ഉച്ചയ്ക്കൊന്നും കഴിച്ചിട്ടില്ല, അച്ഛനും അമ്മയ്ക്കും സുഖമില്ല തുടങ്ങിയ പതിവ് പായാരങ്ങള്‍ക്കിടയില്‍ ഞാന്‍ ആ കുട്ടിയെ നോക്കി വെറുതെ ഒന്ന് ചിരിച്ചു. ഇത് ആ കുട്ടി എല്ലാവരോടും പറയുന്ന കാര്യങ്ങള്‍ ആയിരിക്കുമല്ലോ എന്ന ചിന്ത ആണ് എന്നെ ചെറുതായി ഒരു ബോറന്‍ ചിരിയിലേക്ക് നയിച്ചത്. ഇത് ആ കുട്ടിയുടെ വിശപ്പകറ്റാന്‍ വില്‍ക്കുന്നതാണോ, അതോ മറ്റാരെങ്കിലും പറഞ്ഞയച്ചു വില്‍പ്പിക്കുന്നതാണോ എന്നൊക്കെ ഒന്നാലോചിച്ചു. പക്ഷെ, ആ കുട്ടിയുടെ കണ്ണുകളിലെ ക്ഷീണത്തില്‍ എന്തോ ഒരു ദൈന്യത തോന്നി.

ചുരുക്കത്തില്‍ ഒരെണ്ണം വാങ്ങാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. ഞാന്‍ ഒന്നും വാങ്ങില്ല എന്ന് വിചാരിച്ചു നടന്നകന്ന ആ കുട്ടിയെ ഞാന്‍ തിരികെ വിളിച്ചു. യുദ്ധം ജയിച്ച രാജാവിന്‍റെ മുഖത്തുള്ളത്തിനെക്കാള്‍ നിറഞ്ഞ ചിരിയോടെ ആ കുട്ടി എന്‍റെ അടുത്തേക്ക് വന്നു. അവള്‍ക്ക് ഇഷ്ടമുള്ള ഒരെണ്ണം എടുത്തോളാന്‍ പറഞ്ഞു. അത് പറഞ്ഞപ്പോ ആ പൂച്ചകണ്ണിലെ തിളക്കം ഒരു ആശയക്കുഴപ്പത്തിന് വഴിമാറി. ആളുകള്‍ ഏറ്റവും തിരഞ്ഞെടുക്കാറുള്ള ഒരെണ്ണം അവള്‍ എനിക്ക് നേരെ നീട്ടി. അത് അവളുടെ choice അല്ലെന്നു വ്യക്തം. എനിക്കും അത് ഇഷ്ടപ്പെടും എന്ന് ആ കുട്ടി വിചാരിച്ചു കാണണം. ഞാന്‍ ചോദിച്ചത് നിനക്ക് ഇഷ്ടപ്പെട്ട കളിപ്പാട്ടമാണ് എന്ന് ഞാന്‍ പറഞ്ഞപ്പോ കുറച്ചു കൂടി മനോഹരമായ, നിറയെ നിറങ്ങളുള്ള ഒരെണ്ണം അവള്‍ എനിക്ക് നേരെ നീട്ടി. കുറച്ചു കൂടി വില കൂടിയ ചിരിക്കുന്ന ഒരു പാവ.

അതായിരിക്കണം അവള്‍ തനിക്കു തന്നെ വാങ്ങാന്‍ ഇഷ്ടപ്പെടുന്ന കളിപ്പാട്ടം, ആ പാവയുടെ ചുണ്ടിലെ ചിരി സ്വന്തം ജീവിതത്തില്‍ പകര്‍ത്താന്‍ ആയിരിക്കണം ഈ നട്ടുച്ച വെയിലത്ത് അവള്‍ പെടാപ്പാട് പെടുന്നതും. ഒരു പക്ഷെ, ആ പാവയുടെ പുഞ്ചിരിയും നിറങ്ങളും മാത്രമാകും അവളുടെ ജീവിതത്തില്‍ അവശേഷിക്കുന്നത്.

ഈ ചിന്തകളില്‍ നിന്ന് മോചിതനായി ഞാന്‍ തല ഉയര്‍ത്തി നോക്കുമ്പോഴേക്കും ബസ് പുറത്തു കടക്കുന്ന വഴിയരികില്‍ ഉള്ള ആള്‍ക്കൂട്ടത്തിനിടയില്‍, വിരല് കുടിച്ചു നില്‍ക്കുന്ന കുഞ്ഞനിയന്‍റെ അടുത്തേക്ക് അവള്‍ ഊളിയിട്ടിരുന്നു. ഞാന്‍ പിന്നെ അങ്ങോട്ട്‌ നോക്കിയില്ല. കാരണം, ഇങ്ങനെ ഉള്ള ചില കാഴ്ച കാണുമ്പോള്‍ കണ്ണീരു വരാതെ ഇരിക്കാനും അത് മറ്റാരും കാണാതെ ഇരിക്കാനുമുള്ള സാങ്കേതികവിദ്യ ഒന്നും ഇത് വരെയും ആരും കണ്ടുപിടിചിട്ടില്ലല്ലോ...!!!!

Friday, December 01, 2017

മമ്മദിക്കാ, The man...!!!

കൂട്ടുകാരന്‍ നൌഫലിന്‍റെ (ഇച്ചാപ്പു എന്നാണ് വിളിപ്പേര്) അനിയന് IIT-JEE പരീക്ഷ. Airport School ആണ് center. GPS പോലെയുള്ള സകല കിടുതാപ്പുകളും വച്ച് വഴി കണ്ടുപിടിച്ചു. വിമാനത്താവളത്തിന്‍റെ തൊട്ടടുത്ത്‌ തന്നെ ആണ് സംഭവം. ഞാന്‍ അന്ന് PG first year കഴിഞ്ഞ്, അടുത്ത semester ക്ലാസ് തുടങ്ങിയ ശേഷം എടുക്കേണ്ട ലീവുകളെ കുറിച്ച് കണക്കെടുപ്പ് നടത്തി വീട്ടില്‍ ഇരിക്കുന്ന വേനലവധിക്കാലം. "നിനക്ക് അറിയാവുന്ന കണക്കിലെ ചില കുറുക്കുവഴികള്‍ അവനു പറഞ്ഞു കൊടുക്കണം" എന്ന് പറഞ്ഞ് ഒരീസം ഓന്‍ വിളിച്ചപ്പോഴാണ് ഞാന്‍ യാത്രക്ക് തയ്യാറെടുത്തത്. ഒരു രണ്ടീസം ഐക്കരപ്പടീലെ നൌഫലിന്‍റെ വീട്ടില്‍, വട്ടപ്പത്തിരിയും ജഗ്ഗറും ചിക്കന്‍റെ ഒരുപാട് ഐറ്റംസും കഴിച്ച് സുഭിക്ഷമായി അങ്ങനെ താമസം. അരമണിക്കൂര്‍ ചെക്കനെ പഠിപ്പിച്ച് പിന്നെയൊരു ഒരു മണിക്കൂര്‍ അവനു എന്തേലും ചോദ്യം കൊടുത്ത് ഭക്ഷണം കഴിക്കാന്‍ ഞാന്‍ മുങ്ങും. ഉമ്മാന്‍റെ സ്നേഹം കൂടി ചേര്‍ത്ത് ഉണ്ടാക്കുന്നോണ്ടാണോ എന്നറിയില്ല. ഒടുക്കത്തെ taste ആയിരുന്നു എല്ലാറ്റിനും.


പാലക്കാട്‌-കോഴിക്കോട് ദേശീയ പാതയിലെ കൊണ്ടോട്ടിയില്‍ ഇറങ്ങിയിട്ടാണ് വിമാനത്താവളത്തിലേക്ക് പോകേണ്ടത്. അവിടെ വച്ചാണ് നമ്മുടെ കഥാനായകന്‍റെ എന്‍ട്രി. "മൊഞ്ചത്തി" എന്ന് മുന്നില്‍ പേരെഴുതിയ ഓട്ടോയും ഓടിച്ചു മുന്നില്‍ വന്നു നിന്ന മമ്മദിക്ക. മുന്നില് തന്നെ രണ്ടു പല്ലിന്‍റെ വിടവുള്ള മോണയുള്ള, ബാക്കി ഉള്ള കറുത്ത പല്ലുകളും കാട്ടി ചിരിക്കുന്ന ഡ്രൈവര്‍, Our man.
"എബ്ടിക്കാ???"

വണ്ടി കൊണ്ടന്ന് മുന്നില് നിര്‍ത്തണ കൂട്ടത്തില്‍ ആ ചോദ്യവും എറിഞ്ഞു തന്നു. ഞങ്ങള് സ്കൂളിന്‍റെ പേര് പറഞ്ഞു. എയര്‍പോര്‍ട്ട് സ്കൂള്‍ പക്ഷെ മൂപ്പര് പറയണത് അനുസരിച്ച് ഞാന്‍ ഉദ്ദേശിച്ച സ്ഥലത്തല്ല. അത് വേറെ ഏതോ വഴിക്കാണ്. ഞാന്‍ GPS വച്ച് വഴി പറഞ്ഞപ്പോ മൂപ്പര് ചിരിച്ചോണ്ട് ഒരൊറ്റ ഡയലോഗ് : "ഈ കുന്ത്രാണ്ടാത്തിനൊക്കെ തെറ്റ് പറ്റും. പക്ഷെ, മ്മടെ പുത്തിക്ക് അങ്ങനൊന്നും ഒരു കൊയപ്പോം പറ്റൂല."

സമ്മതിച്ചു കൊടുക്കാതെ തരമില്ല. അജ്ജാതി Confidence. ഓട്ടോയില് കേറി. സഞ്ചരിക്കുന്ന ഒരു Concert Shopper ആയിരുന്നു അതെന്ന്‍ തോന്നിപ്പോയി. അടിപൊളി Sound System. Rear View Mirror ഒക്കെ light വച്ച് അലങ്കരിച്ചിരിക്കുന്നു.വണ്ടി പിന്നാക്കം എടുക്കുമ്പോ 'മാറിക്കോ മാറിക്കോ' എന്ന് വിളിച്ചു പറയണ അലാറം. ആകെ മൊത്തത്തില്‍ സ്പാറന്‍ സംഭവം തന്നെ ആണ് മൂപ്പരുടെ ഓട്ടോ. ഞാന്‍ സ്കൂളിലേക്ക് പറഞ്ഞ ദൂരം നാലര കിലോമീറ്റര്‍. പക്ഷെ, മൂപ്പര് പറയണത് മൂന്നരയും. മൂന്നരകിലോ മീറ്റര്‍ ഓടിയ കാശ് തന്നാ മതി എന്നും പറഞ്ഞാണ് ഞങ്ങളെ പിടിച്ചു കേറ്റിയത്. മേലങ്ങാടി ഭാഗത്താണ് മൂപ്പരുടെ വീട്. മൂപ്പര് ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു. എന്നിട്ട് അവസാനം "പുതിയ ആളായോണ്ടാ, ഇവിടെ ചോദിച്ചാ അറിയാം" എന്ന് മംഗലശ്ശേരി നീലകണ്ഠന്‍ മുണ്ട് മടക്കി കുത്തി പറയണ mass dialogue പോലെ ഒരു punch ഡയലോഗ് ഉണ്ട്.
"ന്തേലും ണ്ടേല്‍ മേലങ്ങാടി വന്ന് മ്മളെ കുറിച്ച് ചോയ്ച്ചാ മതി" ന്ന്.
പിന്നേ, എനിക്കിപ്പോ അതല്ലേ പണി എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു കൊണ്ടിരുന്നു. വണ്ടി മുമ്പാക്കം പോണുണ്ട്. പക്ഷെ, മൂപ്പര് ഡ്രൈവര്‍ സീറ്റില് പിന്നാക്കം തിരിഞ്ഞ് ഇരുന്ന് ഞങ്ങളോട് ഓരോ ബഡായി അടിച്ചു കൊണ്ടേ ഇരുന്നു. Airport board വച്ച് ഞങ്ങടെ നേരെ വന്ന ഒരു വെള്ള അമ്പാസടര്‍ കാറ് ഞങ്ങള്‍ടെ നെഞ്ചത്തൂടി കേറി എന്ന് ഉറപ്പിച്ചപ്പോ ഒരൊറ്റ നിമിഷത്തെ വെട്ടിക്കലും കഴിഞ്ഞ് കിളി പോയി ഇരിക്കുന്ന ഞങ്ങളെ നോക്കി ചിരിച്ചോണ്ട് മമ്മദിക്ക ഒരു ചിറി ചിറിച്ചു. "Just Miss" എന്ന് പറഞ്ഞ് കാലന്‍ പോത്തിന്‍റെ പൊറത്ത് ഇരുന്നു ചിരിക്കണ ചിരി ആയിട്ടാണ് എനിക്കത് തോന്നീത്. ഞങ്ങള് പോണത് കാശുകാരടെ മക്കള് പഠിക്കണ ഉസ്ക്കൂളിലേക്ക് ആണെന്ന് മൂപ്പരുടെ ഭാഷ്യം. സ്കൂളും കോളേജും ഒക്കെ ഉള്ള ഒരു ഫിര്‍ദൌസ് ആണ് അതെന്ന് കൂട്ടിച്ചേര്‍ക്കല്‍. ഒടുവില്‍, സ്കൂള്‍ എത്തി. "Destination Reached" എന്നും പറഞ്ഞ് Traffic സിനിമേല് ശ്രീനിവാസന്‍ ആമ്പുലന്‍സ് എത്തിച്ച പോലെ, നെറ്റിയിലെ വിയര്‍പ്പു തുടച്ചു വലിച്ചെറിഞ്ഞു കൊണ്ട് മൂപ്പര് വണ്ടി നിര്‍ത്തി. ഞങ്ങള്‍ ചാടിയിറങ്ങി. രംഗം ശൂന്യം. സ്കൂളിന്‍റെ മുന്നില്‍ സെക്യൂരിറ്റി ചേട്ടന്‍ മാതൃഭൂമി പേപ്പര്‍ വായിച്ചു കൊണ്ട് അങ്ങനെ ഇരിക്കുന്നു.പരീക്ഷടെ കാര്യം പറഞ്ഞപ്പോ മൂപ്പര് ഞങ്ങളെ അടിമുടി ഒന്ന് നോക്കി. IIT ഇവിടെ അടുത്തെങ്ങും ഇല്ല എന്ന മറുപടി. ഇത് അവിടെ അഡ്മിഷന്‍ കിട്ടാന്‍ ഉള്ള പരീക്ഷ ആണ് എന്ന് മൂപ്പരെ പറഞ്ഞു മനസിലാക്കാന്‍ ഞങ്ങള്‍ ഇത്തിരി അധികം സമയം എടുത്തു. ഒടുവില്‍, Hall Ticket കാണിച്ചപ്പോ ഇത് എയര്‍പോര്‍ട്ട് പരിസരത്ത് (അതായതു ഞാന്‍ GPS വച്ച് കണ്ടു പിടിച്ച സ്ഥലത്ത്) ആണെന്ന് മൂപ്പര്. ഞാന്‍ മമ്മദിക്കാനെ ഒന്ന് നോക്കി. അപ്പളക്കും മൂപ്പര് വണ്ടി സ്റ്റാര്‍ട്ട്‌ ആക്കി, "ബെക്കം വരീന്‍, മ്മക്ക് അവിടെ എത്തണ്ടേ" എന്നും ചോദിച്ച് വണ്ടി raise ആക്കി നിര്‍ത്തിയിരിക്കുകയാണ്. ഞങ്ങള് വണ്ടീല് കേറി. ഒരു മിനിറ്റ് ഞങ്ങള് മൂപ്പരെ തെറി പറഞ്ഞു കൊണ്ടിരുന്നു."ങ്ങടെ പുത്തീനെക്കാളും വല്യ ഇക്ക്മത്ത് ഉള്ള സാധനങ്ങള്‍ ലോകത്തുണ്ട്, മര്യാദക്ക് ഞാന്‍ പറഞ്ഞതല്ലേ" എന്നൊക്കെ ചോദിച്ചു കൊണ്ട് ഞാന്‍ മൂപ്പരെ ചൊറിഞ്ഞു കൊണ്ടിരുന്നു. ഒരക്ഷരം മിണ്ടാതെ തൂക്കി കൊല്ലാന്‍ വിധിക്കപ്പെട്ട കുറ്റവാളിടെ മുഖത്തെ ദൈന്യതയോടെ മൂപ്പര് വണ്ടി കണ്ട ഊടുവഴികളിലൂടെ ഓടിച്ചു കൊണ്ടിരുന്നു. കശുവണ്ടി നിക്കണ പറമ്പും വാഴതോപ്പും ഒക്കെ കടന്ന് "മൊഞ്ചത്തി" മുന്നോട്ടു പൊയ്ക്കോണ്ടിരുന്നു. ഒടുവില്‍ എയര്‍പോര്‍ട്ട് സ്കൂള്‍ എത്തി. അതെന്നെ സ്ഥലം എന്ന് മൂപ്പര് ഒറപ്പിക്കാന്‍ പറഞ്ഞു. പരീക്ഷടെ ബോര്‍ഡ്‌ ഒക്കെ ഉണ്ട്. ഞങ്ങള് മീറ്റര്‍ കാശു കൊടുത്തു. മൂപ്പര് പറഞ്ഞ മൂന്നര കിലോമീറ്ററിനെക്കാള്‍ ഒരു ഒന്നര കിലോമീറ്റര്‍ കൂടുതല്‍ ഓടിയതായി മീറ്റര്‍ പറയുന്നു.
മൂപ്പര് ചിരിച്ചോണ്ട് പറഞ്ഞു, "മ്മള് മൂന്നര അല്ലെ പറഞ്ഞേ, അതിന്‍റെ കാശ് മതി. പിന്നെ അതീന്ന് ഒരു അഞ്ചുര്‍പ്യ കൊറച്ചോളീം, ങ്ങടെ സമയം കൊറേ പോയില്യേ. അയിനെക്കൊണ്ട് പറഞ്ഞതാണ്‌."
"ഇക്കാ, മീറ്റര്‍ കാശ് വേണ്ടേ?" എന്ന ചോദ്യത്തിന് "ഈ കുന്ത്രാണ്ടത്തിനൊക്കെ തെറ്റ് പറ്റും, മ്മടെ പുത്തിക്ക് ഒരു കൊയപ്പോം പറ്റൂല" എന്നും പറഞ്ഞ് കണ്ണിറുക്കി കൊണ്ട്, മൂപ്പര് ഓട്ടോല് കേറുമ്പോ ആദ്യം ചിരിച്ച അതേ ചിരി ചിരിച്ചു. എത്ര നിര്‍ബന്ധിച്ചു നോക്കിയിട്ടും മൂപ്പര് അധികം ഓടിയ കാശ് വാങ്ങീല്യ. ഞങ്ങടെ മുന്നീന്ന് "മൊഞ്ചത്തി"യേം കൊണ്ട് മൂപ്പര് പോകുമ്പോ അതിന്റെ പിന്നില് ഇങ്ങനെ ഒരു രസികന്‍ വാചകം എഴുതി വച്ചിരുന്നു.: "പണം വാരാനല്ല, അരി വാങ്ങാനാ!!!"
തെറ്റ് പറ്റാത്ത മൂപ്പരുടെ പുത്തിയെ കുറിച്ചോര്‍ത്ത് ഒരു നിമിഷം ഒന്ന് പരസ്പരം പുഞ്ചിരിച്ചു കൊണ്ട് ഞങ്ങള്‍ നടന്ന്‍ നീങ്ങുന്നതിനിടെ ഒന്ന് പാളി നോക്കിയപ്പോ മൂപ്പര് വഴിക്കില് നിക്കണ ഒരു ഉമ്മാനോട് "മീറ്റര്‍ കാശ് വേണ്ട, ങ്ങക്ക് തോന്നണത് തന്നാ മതി" എന്നും പറഞ്ഞു return trip പിടിക്കുന്ന തിരക്കില്‍ ആയിരുന്നു. മൂപ്പര് പറഞ്ഞത് ശര്യാട്ടോ. ഇമ്മാതിരി ആളുകള് ഇല്ലാണ്ടെ യന്ത്രങ്ങള് മാത്രം ആയാല്‍ ഈ ലോകം വെറും വട്ടം മാത്രം ആയേനെ...!!!

Friday, May 19, 2017

പണ്ട് പറ്റിയ ഒരു വീഴ്ചയുടെ കഥ ;)

[നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം. മദ്യം കുടിക്കരുത്, കുടിക്കാന്‍ അനുവദിക്കരുത്. വലിയ വില കൊടുക്കേണ്ടി വരും, വലിയ വില.]

അമ്മടെ വീട് [നമ്പൂരി ഭാഷയില്‍ പറഞ്ഞാല്‍ 'അമ്മാത്ത്'] വെള്ളിനേഴി പഞ്ചായത്തിലെ (കഥകളി ഗ്രാമം എന്ന നിലയില്‍ പ്രശസ്തമായ അതേ വെള്ളിനേഴി തന്നെ) 'ഞാളാകുര്‍ശ്ശി' എന്ന ത്രിബിള്‍ കുഗ്രാമത്തില്‍ ആണ്. അത്രയും പിന്നോക്കം നിന്നിരുന്ന പ്രദേശം ആയോണ്ടാണ് ത്രിബിള്‍ എന്ന് ചേര്‍ത്തത്. അന്ത ഗ്രാമത്തില്‍ ആണ് ഇന്ത കഥ നടക്കുന്നത്. ഇന്ന് വീടിന്റെ പിന്നിലെ തൊടി വഴി തൊഴുത്തിന്റെ മുറ്റം വരെ വണ്ടി ചെല്ലും. പക്ഷെ, അന്ന് വീട്ടിലെത്താന്‍ വിശാലമായി കിടക്കുന്ന നെല്‍വയല്‍ പാടത്തിന്റെ നടുക്കൂടെ ആറു വരമ്പ് കടക്കണം. അങ്ങനെ നടന്നാ ആദ്യം ചെന്നെത്തുന്നത് ഇന്ന് ഇടിഞ്ഞു പൊളിഞ്ഞു വീണ, പണ്ട് നാരായണന്‍ മുത്തശ്ശന്‍ താമസിച്ചിരുന്ന 'ഗീതാഞ്ജലി' എന്ന വീടിന്റെ ഗേറ്റിന്റെ അടുത്താണ്. അവിടുന്ന് പിന്നേം നടന്നാല്‍ 'അമ്പാടി'യും കരിയാട്ടില്‍ വീടും അതിരിടുന്ന കണ്ടം എത്തും. അവിടുള്ള 'ദിപ്പോ വീഴും' എന്ന് പറഞ്ഞു നിക്കണ വെള്ള ഗേറ്റ് ഉള്ള വീടാണ് നമ്മടെ താവളം, അമ്മവീട്. ഒരു അഞ്ചു വയസ്സ് വരെ ഞാന്‍ കൂടുതലും അവിടെ ആണ് താമസിച്ചത്. അമ്മമ്മടെ കൂടെ അടുക്കളയിലും തൊടിയിലും കുത്തി മറിഞ്ഞും പോസ്റ്റ്മാന്‍ രാജന്‍ വരുമ്പോ വല്യമ്മ അയക്കണ (പൊട്ടിക്കരുത് എന്ന് മുത്തശ്ശന്‍ പറയണ) കത്ത് പൊട്ടിച്ചു മുത്തശ്ശന്റെ കയ്യില്‍ കൊണ്ട് കൊടുത്തും അമ്പാടിയില് അവധിക്കു ബിജുവും ദിവ്യയും ഒക്കെ വരുമ്പോ അങ്ങോട്ട്‌ ചെന്നും അവരെ ഇങ്ങോട്ട് വിളിച്ചും അലമ്പുണ്ടാക്കിയും ആഘോഷിച്ചു നടന്നിരുന്ന കാലം. അത് കഴിഞ്ഞു സ്കൂളില്‍ ചേര്‍ന്നു. അത് അച്ഛന്റെ വീടിന്റെ അടുത്തുള്ള സ്കൂളില്‍. അപ്പൊ ഇവിടുത്തെ ആഘോഷങ്ങള്‍ മതിയാക്കി അച്ചമ്മടെ അണ്ടറില്‍, നാട്ടുകാര് ഇന്നും പറയണ പോലെ 'സുകുവേട്ടന്റെ/സുകുമാരന്‍ സാറിന്റെ രണ്ടാമത്തെ ചെക്കന്‍' ആയി പുത്തൂരത്ത് തറവാട്ടില്‍ അഭിഷിക്തനായി. പിന്നെ, അമ്മ വീട്ടില്‍ പോക്ക് കുറഞ്ഞു, സ്കൂള്‍ പൂട്ടണ അവധിക്കും അപൂര്‍വ്വം വാരാന്ത്യങ്ങളിലും മാത്രമായി ചുരുങ്ങി.

അമ്മടെ വീട്ടില് കേറുമ്പോ ഗേറ്റിന്റെ ഇടതു ഭാഗത്ത്‌ ഒരു നെടുനീളന്‍ പന ഉണ്ട്. പന ന്നു പറഞ്ഞാ ഒരൊന്നൊന്നര പന. മൊബൈല്‍ ടവര്‍ ഒന്നും ഇല്ലാത്തോണ്ട്, ആ സമയത്ത് അതിനേക്കാള്‍ നീളമുള്ള ഒരു സാധനവും ആ പഞ്ചായത്തില്‍ ഉണ്ടായിരുന്നില്ല എന്ന് തന്നെ പറയാം. അതിന്റെ മേലെ കള്ള് ചെത്താന്‍ കേറുന്ന ഈര്‍ക്കിലി പോലെ ഇരിക്കണ ഗോപാലേട്ടനാണ് നമ്മുടെ ഹീറോ. [നല്ല പ്രായം ഉള്ള ആളാണ്‌ മൂപ്പര്. പക്ഷെ, എല്ലാരും വിളിക്കണ പോലെ ഞാനും മൂപ്പരെ 'ഗോപാലേട്ടാ' എന്ന്‍ വിളിച്ചു, തിരിച്ചു 'കുഞ്ഞമ്പ്രാന്‍' എന്ന പദവി എനിക്കും കിട്ടി]. മീറ്റര്‍ കണക്കിന് നീളമുള്ള പനയില്‍ തളപ്പിട്ട്‌ ശരവേഗത്തില്‍ കേറുന്ന ഗോപാലേട്ടന്‍. അതിനേക്കാള്‍ സ്പീഡില്‍ (ശരിക്കും പറഞ്ഞാ ഉസ്സൈന്‍ ബോല്‍ട്ടിനെക്കള്‍ സ്പീഡില്‍) ഗോപാലേട്ടന്‍ പായുന്നത് പിന്നെ കണ്ടിട്ടുള്ളത്, കള്ള് കുടിച്ചു വീട്ടില്‍ ചെല്ലുന്ന ഗോപാലേട്ടനെ കെട്ട്യോള് സരോജിനിയേടത്തി തല്ലാന്‍ പട്ടച്ചൂലും കൊണ്ട്, നല്ല അസ്സല്‍ തെറികളുടെ അകമ്പടിയോടെ പാടവരമ്പത്തൂടെ ഓടിക്കുമ്പോഴാണ്.

'ആങ്കുട്ട്യാവണേല്‍ ഇത്തിരി കള്ളൊക്കെ കുടിക്കണം' എന്ന ഗോപാലേട്ടന്റെ ഒരീസത്തെ പ്രഖ്യാപനം എന്നിലെ പുരുഷനെ ഉണര്‍ത്തി(അന്ന് ഞാന്‍ ഒന്നാം ക്ലാസിലോ രണ്ടാം ക്ലാസിലോ മറ്റോ ആണ് എന്നോര്‍ക്കണം). എന്നും കള്ള് ചെത്താന്‍ വരുന്ന ഗോപാലേട്ടന്‍ കള്ള് ചെത്തിയിറക്കി ഇറങ്ങി വരുന്നതും കാത്ത് ഞാന്‍ വീടിന്റെ താഴ്വാരത്ത് കാത്തു നില്‍ക്കും. മൂപ്പര് കള്ള് ചെത്തി താഴെ എത്തുമ്പോ ഞാന്‍ ഉള്ളിലേക്കൊന്നു പാളി നോക്കും. മുത്തശ്ശന്‍ ചാരുകസേരയില്‍ അട്ടം നോക്കി കെടക്കണ സമയം തന്നല്ലേ എന്ന് ഉറപ്പു വരുത്തും. ഞാന്‍ ഇറയത്ത്‌ നിന്ന് ഗേറ്റിന്റെ അടുത്തേക്ക് ഓടുന്ന കാണുമ്പോ മുത്തശ്ശന്‍ ചാടി എണീക്കും. വടിയും കുത്തിപ്പിടിച്ചു പൂമുഖത്ത് നിന്നും ഇറങ്ങി വന്ന് വീടിന്റെ തിണ്ടത്തു നിന്നും ഒറ്റ അലര്‍ച്ച ആണ് : "ഡാ ഗോപാലാ, ചെക്കനെ കള്ള് തൊടീച്ചാ നെന്നെ ഈ പടി ഞാന്‍ കടത്തില്ല, വേറെ ഏതേലും പടി കടക്കണംന്ന് ഉണ്ടേല്‍ ആ കാലിലെ ഒരു എല്ല് എന്റെ വടിയുടെ അറ്റത്തിരിക്കും."
ടമാര്‍ പടാര്‍, അവസാന പന്തില്‍ ഫോറ് അടിക്കേണ്ട സമയത്ത് ഇറങ്ങി വന്നു സിക്സടിച്ച് കളി ജയിപ്പിക്കുന്ന ധോണിയുടെ മാസ്സ് എന്‍ട്രി പോലെ മ്മടെ മുത്തശ്ശന്‍, സാക്ഷാല്‍ കരിയാട്ടില്‍ രാമന്‍കുട്ടി നായര്‍ The Great.

മുത്തശ്ശന്റെ ആ പ്രഖ്യാപനത്തിന് "ഇല്ല തമ്പ്രാ" എന്ന് മറുപടിയും പറഞ്ഞ് കള്ള് കുടം മാറ്റിപ്പിടിച്ചു ഗോപാലേട്ടന്‍ നടന്നു നീങ്ങും. ഞാന്‍ തലയും ചൊറിഞ്ഞു കൊണ്ട് കിണറിന്റെ സൈഡില്‍ കൂടെ അമ്പാടിയിലേക്ക് ഓടും. പിന്നീട് കുറച്ചു സമയങ്ങള്‍ക്ക് ശേഷം, കാര്യങ്ങളൊക്കെ അമ്മമ്മ ഡീലാക്കി എന്ന് ഉറപ്പു വരുത്തിയ ശേഷം ഞാന്‍ പയ്യെ തിരിച്ചു വരും.


ഇത് രണ്ട് മൂന്നു തവണ ആവര്‍ത്തിച്ചപ്പോ മുത്തശ്ശന്‍ ഗോപാലേട്ടന് അന്ത്യശാസനം കൊടുത്തു: "കള്ള് ചെത്തി ഇറക്കണ സമയം ചെക്കനു കൊടുത്താ നീ പിന്നെ കള്ള് ചെത്താന്‍ ഇങ്ങോട്ട് വരണ്ട." അത് ഫലിച്ചു.

ഈ ചെത്തി ഇറക്കുന്നത് മോരും വെള്ളം ആണെന്നും ഇതില് മരുന്നൊക്കെ ചേര്‍ത്താലേ ഒറിജിനല്‍ കള്ള് ആകൂ എന്നും അതോണ്ട് വിഷമിക്കേണ്ടെന്നും ഗോപാലേട്ടന്‍ ആശ്വാസവചനങ്ങള്‍ ചൊരിഞ്ഞു. കല്യാണം കഴിഞ്ഞു പോണ പഴയ കാമുകിയെ നോക്കി നിക്കണ വേണു നാഗവള്ളിയെ പോലെ ഞാന്‍ എന്നും ഗോപാലേട്ടന്‍ കള്ള് കൊണ്ട് പോകുന്നതും നോക്കി നില്‍ക്കുന്നത് തുടര്‍ന്നു.

ആയിടക്കാണ് കാലം തെറ്റി നല്ല ഒരു മഴ പെയ്തത്. പനയില്‍ നല്ല വഴുക്കല്‍ തുടങ്ങിയിട്ടുണ്ട്. പക്ഷെ, ഒരു രണ്ടെണ്ണം അടിച്ചിട്ട് വന്ന ഗോപാലേട്ടന്‍ കള്ള് ചെത്താന്‍ കേറാന്‍ തന്നെ തീരുമാനിച്ചു. വീഴും എന്ന് മുത്തശ്ശന്‍ മുന്നറിയിപ്പ് കൊടുത്തപ്പോള്‍ വീഴില്ല എന്ന് ഗോപാലേട്ടന്‍ കട്ടായം പറഞ്ഞു. ചെത്തിയിറക്കുന്ന കള്ളിന്റെ ഒരു ഭാഗം കുടിച്ചിട്ട് ആ ഫോമില്‍ അടക്കാപുത്തൂര് ഷാപ്പിലേക്കും തിരിച്ചും അന്ന് നിരപ്പാക്കുക പോലും ചെയ്യാത്ത മണ്‍പാതയിലൂടെ ഒറ്റ കയ്യിന്റെ ബലത്തില്‍ സൈക്കിള്‍ ഓടിച്ചു കേറുന്ന ഗോപാലേട്ടന് ഇതൊക്കെ നിസ്സാരം ആയിരിക്കും എന്ന് ഞാനും കരുതി. ചുണ്ടിലൊരു എരിഞ്ഞു തീരാറായ കാജാ ബീഡിയും നാടന്‍പാട്ടും പാടിക്കൊണ്ട് ഗോപാലേട്ടന്‍ അതിസാഹസികമായ പന കയറ്റം ആരംഭിച്ചു. ഓരോ ചുവട് കയറുമ്പോഴും ദിപ്പോ വീഴും എന്ന പ്രതീതി ജനിപിച്ചു കൊണ്ട്, high pitch ശബ്ദത്തില്‍ നാടന്‍ പാട്ടും പാടിക്കൊണ്ട് മാസ്സ് ഹീറോ ഗോപാലേട്ടന്‍ അങ്ങ് പനയുടെ തുഞ്ചത്തെത്തി. ഉയരം കൂടുന്തോറും കള്ളിന്റെ സ്വാദ് കൂടുന്നുണ്ടോ എന്നറിയില്ല. പക്ഷെ, പാട്ടിന്റെ ശബ്ദം കൂടിക്കൂടി വന്നു. ഒരു കുടത്തിന്റെ മുക്കാലും കള്ള് നിറച്ച്, ബാക്കി കള്ള് സ്വന്തം പള്ളേല് കേറ്റി ഗോപാലേട്ടന്‍ ഇറങ്ങാന്‍ ആരംഭിച്ചു. മൂപ്പരുടെ അരയില്‍ ഇരിക്കുന്ന എനിക്ക് നിഷിദ്ധമായ കള്ളും കുടത്തെ നോക്കി നെടുവീര്‍പ്പിട്ട് ഞാന്‍ അങ്ങനെ വിദൂരതയിലേക്ക് നോക്കി അന്തം വിട്ടു കുന്തം വിഴുങ്ങിയ പോലെ നിന്നു. പാടത്തു ട്രാക്റ്റര്‍ ഓടിക്കുന്ന സമയം ആണ്. വീട്ടിലേക്കു പാല് കൊണ്ട് വരണ കമലമ്മടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണേട്ടനും പിന്നെ പണിക്കാരും ഉടമകളും ഒക്കെ ആ ചെറിയ മഴയത്തും ട്രാക്റ്റര്‍ പാടത്തൂടി മേയുന്ന കാഴ്ച നോക്കി നില്‍ക്കുവാണ്.

പെട്ടെന്നാണ് അത് സംഭവിച്ചത്. പനയുടെ മുക്കാലും താഴോട്ടിറങ്ങിയ ഗോപാലേട്ടന്‍ 'പ്ലിക്കോ' എന്നും പറഞ്ഞ് താഴത്തെ ചാലിലേക്ക് (ശബ്ദം കൃത്യം ഇങ്ങനെ തന്നെ ആണോ എന്ന് ഓര്‍മയില്ല. എന്തായാലും ഏറെക്കുറെ 'പ്ലിക്കോ' ന്ന്‍ തന്നെ ആയിരുന്നു ന്നാണ് തോന്നണേ). അപ്പ്രത്തെ വീട്ടില് കുരുമുളക് അറുത്തോണ്ടിരുന്ന ഗൃഹനാഥന്‍ ഗോപിയേട്ടന്‍ (കഷ്ടി മുത്തശ്ശന്റെ പ്രായമുണ്ടെങ്കിലും മരണം വരെ ഞാന്‍ അദ്ദേഹത്തെ അങ്ങനെയാ വിളിച്ചോണ്ടിരുന്നത്) ആണ് Replay സാധ്യമല്ലാത്ത ആ വീഴ്ച ലൈവ് ആയി കണ്ട ഏക വ്യക്തി. പാടത്തിന്റെ മറ്റേ അറ്റത്തുള്ള തോട് കേറുമ്പോ ഉള്ള കുന്നിന്റെ മോളില് നിന്ന 'ആപ്പ' എന്ന് വിളിപ്പേരുള്ള, എനിക്ക് ആദ്യായി സിക്സ് പാക്ക് എന്താണ് എന്ന് കാണിച്ചു തന്ന മനുഷ്യന്‍ ഇവിടത്തെ ബഹളം കേട്ടപ്പോഴേ അവിടുന്ന് ചാടി മണ്ടാന്‍ തുടങ്ങി. നൂറേ നൂറ്റിപ്പത്തില്‍, എവിടേം നിര്‍ത്താത്ത അന്നത്തെ മണ്ണാര്‍ക്കാട്-ഗുരുവായൂര്‍ മയില്‍ വാഹനം ബസ്സ്‌ പോലെ മൂപ്പര് ഓടിക്കൂടുന്നതിന്റെ ഗാപ്പില് പാടത്തെ പണിക്കാരും ട്രാക്ട്ടറിന്റെ ഡ്രൈവറും കിളിയും ഉണ്ണികൃഷ്ണേട്ടനും അവിടെ കൂടിയ എല്ലാവരും രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തിരുന്നു. ട്രാക്ട്ടറിന്റെ കിളി 'ഭയങ്കര ദാഹം' എന്ന് പറഞ്ഞ് കുടത്തില്‍ വീഴ്ചക്ക് ശേഷം അവശേഷിച്ച കള്ളിന്റെ സിംഹഭാഗവും വലിച്ചു കേറ്റുന്നത് ശ്രദ്ധിച്ചത് ഞാന്‍ മാത്രമാണ് എന്ന് തോന്നുന്നു.

അപ്പോഴേക്കും എവിടുന്നോ വര്‍ക്ക്‌ഷോപ്പ് മെക്കാനിക്ക് ആയ ശ്രീധരന്‍ പ്രത്യക്ഷപ്പെട്ടു. 'ശങ്കര്‍ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകണോ അതോ നേരെ പെരിന്തല്‍മണ്ണക്ക് വിടണോ' എന്ന കൊടുമ്പിരിക്കൊണ്ട ചര്‍ച്ചകള്‍ക്കിടെ ശ്രീധരന്‍ ഒരു ഡോക്റ്റര്‍ ചെയ്യണ പോലെ കൈത്തണ്ടയിലെ മിടിപ്പ് നോക്കി, ശ്വാസം വിടണ വേഗം നോക്കി. പ്രത്യക്ഷത്തില്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും പേടിക്കേണ്ടതായി ഒന്നും ഇല്ല എന്നുമുള്ള ശ്രീധരന്‍ വൈദ്യരുടെ പ്രഖ്യാപനം അവിടെ കൂടിയിരുന്ന ആളുകളെ തെല്ലൊന്നുമല്ല ആശ്വസിപ്പിച്ചത്‌. അഞ്ചു കൊല്ലം മെഡിക്കല്‍ കോളേജില്‍ പഠിച്ചാല്‍ കിട്ടണേല്‍ കൂടുതല്‍ അറിവ് എന്റെ നാട്ടിലെ ഒരു പാവം മെക്കാനിക്കിന് വരെ ഉണ്ടെന്ന സത്യം ഞാന്‍ അറിഞ്ഞിരുന്നില്ല്യ, ആരും പറഞ്ഞിരുന്നുമില്ല്യ. ഗോപാലേട്ടന്‍ ഒരു സീസണില്‍ ഒരു തവണ എങ്കിലും ഇത് പോലെ വല്യ പരിക്ക് കൂടാതെ താഴേക്ക് വീഴാറുണ്ടായിരുന്നു എന്ന യാഥാര്‍ത്ഥ്യവും ഇതിനോട് ചേര്‍ത്ത് വായിക്കണം.. ഞാളാകുര്‍ശിയിലെ ജനസംഖ്യയുടെ മുക്കാലും ഈ സമയത്തിനകം അവിടേക്ക് എത്തി തുടങ്ങിയിരുന്നു. കാതില്‍ നിന്നും കാതിലേക്കും നാവില്‍ നിന്നും നാവിലേക്കും ഈ വാര്‍ത്ത‍ പടര്‍ന്നു. നാട്ടുകാരുടെ പൊതുഉപഭോഗവസ്തു ആയ കള്ള് ചെത്തിയിറക്കുന്ന ഗോപാലേട്ടന്റെ ജനസമ്മതി കൊണ്ട് തന്നെ ആബാലവൃദ്ധം ജനങ്ങളും വീടിന്റെ ഉമ്മറത്തേക്ക് ഒഴുകി എത്തിക്കൊണ്ടിരുന്നു. സത്യം പറഞ്ഞാ, ഞായറാഴ്ച ദൂരദര്‍ശനില്‍ സിനിമ കാണാനും ഞാളാകുര്‍ശി സുബ്രമണ്യക്ഷേത്രത്തിലെ കാവടിയാട്ടത്തിന്റെ അന്നും ആണ് ഞാന്‍ ഇത്രേം നാട്ടുകാരെ അവിടെ ഒരുമിച്ചു കണ്ടിട്ടുണ്ടായിരുന്നുള്ളൂ. ഗോപാലനെ തിരിച്ചും മറിച്ചും കിടത്തി ശരീരത്തില്‍ മുറിവുകള്‍ ഒന്നുമില്ല എന്ന് കൂടി ശ്രീധരന്‍ വൈദ്യര്‍ ഉറപ്പ് വരുത്തി. നല്ല മഴ പെയ്ത സമയം ആയോണ്ട് ചാലില്‍ നല്ല വെള്ളം ഉണ്ടായിരുന്നതും വീഴ്ച തല കുത്തി അല്ല എന്നുള്ളതും ഒരു അപകടം ഒഴിവാക്കി എന്ന ടിയാന്റെ പ്രസ്താവന നാട്ടുകാര്‍ ഒരു നെടുവീര്‍പ്പോടെ കേട്ടു. ചെര്‍പ്ലശ്ശേരി അയ്യപ്പന്‍കാവ്‌ മുതല്‍ പാലക്കാട്‌ റൂട്ടില്‍ പരിയാനംപറ്റ കാവ്‌ വരെയും മണ്ണാര്‍ക്കാട് റൂട്ടില്‍ ഉത്രത്തില്‍കാവ്‌ വരെയും ഉള്ള സകല ക്ഷേത്രങ്ങളിലേക്കും ഉള്ള നന്ദി നാട്ടുകാര്‍ പരസ്പരം അറിയിച്ചു. അപ്പോഴേക്കും അകത്തു നിന്നും കട്ട മോര് പ്രത്യക്ഷപ്പെട്ടു. "അപ്പൊ ഗോപാലേട്ടന്‍ പറഞ്ഞ പോലെ ഈ ചെത്തി ഇറക്കുന്നത് മോര് തന്നെ അല്ലെ" എന്ന ചോദ്യം എന്റെ മനസ്സിനെ മഥിച്ചു.

"ഗോപാലോ" എന്നും വിളിച്ചു ശ്രീധരന്‍ വൈദ്യര്‍ ഞാന്‍ മഴയുടെ അളവ് എടുക്കാന്‍ വച്ച ബക്കറ്റിലെ വെള്ളം എടുത്ത് മൂപ്പരുടെ തലയിലൊഴിച്ചു. എന്റെ 'മഴ മാപിനി' അങ്ങനെ വെറും ബക്കറ്റ് വെള്ളമായി പരിണമിച്ചു.

എല്ലാവരെയും ആനന്ദതുന്തിലരാക്കി കൊണ്ട് ഗോപാലേട്ടന്‍ തിരുമിഴി തുറന്നു. അരയിലെ ആയുധങ്ങള്‍ അന്വേഷിച്ചു. അത് കൊടുത്തപ്പോ കള്ളുംകുടം എവിടെ എന്നായി. അവിടെ കൂടിയ ഒരുപാട് പേര് 'ദാഹം' തീര്‍ത്ത കാരണം കൊണ്ട് ശൂന്യമായിപ്പോയ, കള്ളുംകുടവും പിടിച്ചുള്ള ഗോപാലേട്ടന്റെ ഇരിപ്പ്, പെനാല്‍റ്റി സ്റ്റേഡിയത്തിന്റെ പുറത്തേക്ക് അടിച്ച് "ജോഷി ചതിച്ചാശാനേ" എന്ന മട്ടില്‍ ഇരിക്കുന്ന ലിയോണല്‍ മെസ്സിയെ ഓര്‍മിപ്പിച്ചു. 'ഒരു തുടം മോരും കൂടി എടുക്കട്ടെ' എന്ന ചോദ്യത്തിന് വിഷാദം ഘനീഭവിച്ച തല ഉയര്‍ത്തിക്കൊണ്ട് നല്‍കിയ 'വേണ്ട' എന്ന മറുപടി ഒന്നമ്പരപ്പിച്ചെങ്കിലും 'പിന്നെന്തു വേണം?' എന്ന ചോദ്യത്തിന് 'ഒരു ജീരക ഷോടയും രണ്ടു പരിപ്പ് വടേം' എന്ന ഏറ്റവും genuine ആയ ഉത്തരം അമ്പരപ്പ് മാറ്റി.

എല്ലാവരും പിരിഞ്ഞു പോകാന്‍ ആരംഭിച്ചപ്പോഴാണ് കെട്ട്യോള് സരോജിനിയേടത്തി മാറത്തടിച്ചു കരഞ്ഞും കൊണ്ട് പടി കടന്നു വന്നത്. മൂപ്പത്ത്യാരുടെ രൂക്ഷമായ ഒറ്റനോട്ടത്തില്‍ വെടി കൊണ്ട മാനിനെ പോലെ കിടന്ന ഗോപാലേട്ടന്‍, റെഡി, സ്റ്റെഡി, വടി എന്ന മട്ടില്‍ Attention ആയി എണീറ്റു നിന്നു.

"ഇപ്പൊ ഗോപാലന്റെ സകല കെട്ടും ഇറങ്ങിയല്ലോ" എന്ന കമന്റിനു ഗോപാലേട്ടനും സരോജിനിയേടത്തിയും ഒഴികെ ബാക്കി എല്ലാരും പങ്കെടുത്ത ഒരു കൂട്ടച്ചിരിയോട് കൂടി ആണ് ഇതിനു തിരശ്ശീല വീണത്.

പിന്‍കുറിപ്പ്:പിന്നീട് ഗോപാലേട്ടന്‍ കള്ള് ചെത്താന്‍ ആ വഴി വന്നിട്ടില്ല. ആള്‍ക്കാര് ഈ സംഭവം അങ്ങനെ ഓര്‍ത്തെടുത്ത് സംസാരിക്കാറുമില്ല. ഇപ്പൊ അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അറിയില്ല. അതെ, ഞങ്ങക്കൊരു ചെത്തുകാരന്‍ ഗോപാലേട്ടന്‍ ഉണ്ടായിരുന്നു. എത്ര ഉയരം ഉള്ള പനയിലും ചെത്താന്‍ കേറാന്‍ ധൈര്യമുള്ള, എന്നാല്‍ ഭാര്യയെ കാണുമ്പോ തന്നെ ആ ധൈര്യമെല്ലാം ചോര്‍ന്നു പോകുന്ന ഗോപാലേട്ടന്‍...!!!!
x