ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Saturday, November 16, 2013

സച്ചിന്‍റെ വികാര നിര്‍ഭരമായ വിടവാങ്ങല്‍ പ്രസംഗം...


"ഏറെ വികാരാധീനനായാണ് ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുന്നത്. 24 വര്‍ഷം നീണ്ട എന്‍റെ വിസ്മയ യാത്ര അവസാനത്തിലെത്തിയിരിക്കുന്നുവെന്നതു വിശ്വസിക്കാന്‍ പ്രയാസം. ഏറെപ്പേരോടു നന്ദിപറയാനുണ്ട്.

ആദ്യം അച്ഛന്‍.., 1999ല്‍ അച്ഛന്‍ എന്നെ വിട്ടുപോയി. അച്ഛന്‍റെ ശിക്ഷണമില്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്നു നിങ്ങള്‍ക്കു മുന്‍പില്‍ ഇങ്ങനെ നില്‍ക്കില്ലായിരുന്നു.. "വഴികള്‍ ദുര്‍ഘടമായിരിക്കും.. പക്ഷേ സ്വപ്നങ്ങള്‍ കീഴടക്കുക.." ഇതായിരുന്നു എന്നും അച്ഛന്‍റെ ഉപദേശം. ഇന്ന് ഈ നിമിഷത്തില്‍ അച്ഛനില്ലാത്തത് എന്‍റെ നഷ്ടം..

അമ്മ.., എന്നെപ്പോലെ ഒരു വികൃതിപ്പയ്യനെ എങ്ങനെ അമ്മ കൈകാര്യംചെയ്തെന്ന് എനിക്കറിയില്ല. കളി തുടങ്ങിയനാള്‍ മുതല്‍ അമ്മയുടെ പ്രാര്‍ഥനകള്‍ എനിക്കൊപ്പമുണ്ടായിരുന്നു. സ്കൂളില്‍ പഠിച്ചിരുന്ന കാലത്ത് നാലു വര്‍ഷം അങ്കിളിനും ആന്‍റിക്കുമൊപ്പമായിരുന്നു എന്‍റെ താമസം. അവര്‍ക്കു ഞാന്‍ മകനെപ്പോലെയായിരുന്നു. എന്‍റെ ഇളയ സഹോദരന്‍ നിതിന്‍.. നീ എന്തു ചെയ്താലും അതില്‍ 100 ശതമാനം പൂര്‍ണത നേടുമെന്നു നിതിന്‍ പറയുമായിരുന്നു. എനിക്ക് ആദ്യം ഒരു ബാറ്റ് സമ്മാനിച്ചത് സഹോദരി സവിതയായിരുന്നു. എനിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച സഹോദരന്‍ അജിത്ത്. എന്നെ എന്‍റെ ഗുരു അച്ചരേക്കറുടെ പക്കല്‍ ആദ്യമെത്തിക്കുന്നത് അജിത്താണ്. ഇന്നലെ രാത്രിപോലും എന്നെ വിളിച്ചു.. ഇന്നലെ ഔട്ടായതിനെക്കുറിച്ചെല്ലാം സംസാരിച്ചു.

1990ല്‍ അഞ്ജലിയെ കാണുന്നതായിരുന്നു എന്‍റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ സംഭവം. ഒരു ഡോക്ടറായ അഞ്ജലിക്കു മുന്നില്‍ വലിയൊരു കരിയറുണ്ടെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ, ഞാന്‍ കളി തുടരാനായിരുന്നു അഞ്ജലിയുടെ തീരുമാനം മക്കളുടെ കാര്യങ്ങള്‍ നോക്കിയത് അവളാണ്. ജീവിതത്തിലെ രണ്ട് അമൂല്യ രത്നങ്ങള്‍.. സാറയും അര്‍ജുനും.. അവരുടെ നിരവധി പിറന്നാളുകള്‍ എനിക്കു നഷ്ടമായിട്ടുണ്ട്. അവധി ദിനങ്ങള്‍ നഷ്ടമായിട്ടുണ്ട്.. കഴിഞ്ഞ 14 - 16 വര്‍ഷമായി ഞാന്‍ അധികനേരം അവര്‍ക്കൊപ്പമുണ്ടായിട്ടില്ലെന്ന് എനിക്കറിയാം.. പക്ഷ, ഞാന്‍ ഉറപ്പുതരുന്നു. വരുന്ന 16 വര്‍ഷം ഞാന്‍ ഒപ്പമുണ്ടാകും..!

ഇവിടെ, മുംബൈയിലാണ് ഞാന്‍ എന്‍റെ കരിയര്‍ തുടങ്ങിയത്. ന്യൂസിലാണ്ടില്‍ നിന്ന് പുലര്‍ച്ചെ നാലു മണിക്ക് വിമാനമിറങ്ങി രാവിലെ രഞ്ജിയില്‍ കളിച്ചതോര്‍ക്കുന്നു. ബിസിസിഐ തുടക്കം മുതല്‍ എനിക്കൊപ്പമായിരുന്നു. സെലക്ടേഴ്സിന് നന്ദി. ഞാന്‍ നന്നായി പരിഗണിക്കപ്പെടുന്നു എന്നുറപ്പു വരുത്താന്‍ നിങ്ങളെന്നും എനിക്കൊപ്പമുണ്ടായിരുന്നു.

എനിക്കൊപ്പം കളിച്ച എല്ലാ മുതിര്‍ന്ന ക്രിക്കറ്റ് താരങ്ങള്‍ക്കും നന്ദി. രാഹുലിനെയും വിവിഎസിനെയും സൌരവിനെയും സ്ക്രീനില്‍ കാണാം. അനില്‍ ഇവിടില്ല. എല്ലാ കോച്ചുമാരും. എം.എസ് ധോണി 200ാം ടെസ്റ്റ് തൊപ്പി അണിയിക്കുമ്പോള്‍ ടീം അംഗങ്ങള്‍ക്കായി എനിക്കൊരു സന്ദേശമുണ്ടായിരുന്നു. രാജ്യത്തെ പ്രതിനിധീകരിക്കുന്നതില്‍ നാമെല്ലാം അങ്ങേയറ്റം അഭിമാനിക്കുന്നതായി ഞാനവരോട് പറഞ്ഞു. അങ്ങേയറ്റം അന്തസ്സോടെ രാജ്യത്തെ ഇനിയും സേവിക്കാനാവുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്. ശരിയായ സ്പിരിറ്റോടെ രാജ്യത്തെ നിങ്ങള്‍ ഇനിയും സേവിക്കുമെന്ന് എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്.

എന്നെ ഫിറ്റ് ആയി നിലനിര്‍ത്തിയ ഡോക്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞില്ലെങ്കില്‍ ഞാനെന്‍റെ കടമ നിര്‍വഹിക്കാതെ പോവും. എന്‍റെ പരിക്കുകള്‍ ഭേദമാക്കാന്‍ അസമയത്തും അവര്‍ പ്രയത്നിച്ചു. പ്രിയപ്പെട്ട സുഹൃത്ത് അന്തരിച്ച മാര്‍ക്ക് മസ്കാരനാസ്. എന്‍റെ വലിയ നഷ്ടം. മാര്‍ക്കിനു ശേഷം അത് തുടരുന്നു, എന്റെ ഇപ്പോഴത്തെ മാനേജ്മെന്‍റ് ടീം WSG. കഴിഞ്ഞ 14 വര്‍ഷമായി എന്നോടൊപ്പം അടുത്തിടപഴകുന്നു, വിനയ് നായിഡു.

സ്കൂള്‍ നാളുകള്‍ മുതല്‍ മാധ്യമങ്ങള്‍ എന്നെ ആഴത്തില്‍ പിന്തുണച്ചിട്ടുണ്ട്. ഇന്നുമതെ. നന്ദി. അനര്‍ഘമായ ആ നിമിഷങ്ങള്‍ ഒപ്പിയെടുത്തതിന് പ്രിയ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് നന്ദി.

എനിക്കറിയാം, എന്‍റെ സംസാരം ഇത്തിരി നീണ്ടിട്ടുണ്ട്. ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും നിന്ന് ഇവിടെ പറന്നെത്തിയവര്‍ക്ക് അകമഴിഞ്ഞ നന്ദി പറയേണ്ടതുണ്ട്. ഹൃദയത്തിന്‍റെ ആഴങ്ങളില്‍നിന്ന് എനിക്കെന്‍റെ ആരാധകരോട് നന്ദി പറയേണ്ടതുണ്ട്. 'സച്ചിന്‍ സച്ചിന്‍' എന്ന ആവേശം വിതയ്ക്കുന്ന നിങ്ങളുടെ ആരവം എന്‍റെ അന്ത്യശ്വാസം വരെ എനിക്കൊപ്പമുണ്ടാവും. നന്ദി."