ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Tuesday, April 05, 2022

ഒരു അധ്യാപകനെ കാലം എങ്ങനെ അടയാളപ്പെടുത്തുന്നു?

 ഒരു അധ്യാപകനെ കാലം എങ്ങനെ അടയാളപ്പെടുത്തുന്നു?



അതൊരു ചോദ്യമാണ്, ആ ചോദ്യത്തിന്റെ ഉത്തരം ആണ് അധ്യാപനജീവിതത്തിലെ ഏറ്റവും വലിയ ഉത്തരവാദിത്തമായി ഓരോ അധ്യാപകനും കൊണ്ട് നടക്കേണ്ടതും. മമ്മൂട്ടി പണ്ട് സിനിമയിൽ പറഞ്ഞു കയ്യടി മേടിച്ച "അക്ഷരതാളുകളിൽ നീ പഠിച്ച ഇന്ത്യയല്ല അനുഭവങ്ങളുടെ ഇന്ത്യ" എന്ന കാര്യം സംവേദനം ചെയ്യുന്ന ഒരു വലിയ തലമുറയുടെ എല്ലാ വിധ നന്മയും ആത്മാർത്ഥയും അറിഞ്ഞ ഒരു വിദ്യാർത്ഥി ആയത് കൊണ്ടാണ്, കുറഞ്ഞ കാലത്തേക്ക് എങ്കിലും അധ്യാപകൻ ആവാനും ഒരിച്ചിരി കഷ്ടപ്പെട്ടിട്ടാണെങ്കിലും PGയും NETഉം JRFഉം അടക്കം ഒരു Ph.D ഒഴികെ അധ്യാപനത്തിലേക്ക് തിരിയാൻ വേണ്ട എല്ലാ അക്കാദമിക് യോഗ്യതകളും കൈക്കലാക്കി കുറച്ചു കാലത്തേക്ക് എങ്കിലും ആ ഒരു ലേബലിൽ ജീവിക്കാൻ സാധിച്ചതും..


ഞാൻ പഠിച്ച ഉസ്കൂളിലെ പ്രിൻസിപ്പൽ സുധാകരൻ മാഷ് ജോലിയിൽ നിന്ന് (മാത്രം) വിരമിക്കുന്ന വാർത്ത കേട്ടപ്പോ മുതൽ ഒരുപാട് സജീവമായ ഓർമ്മകൾ ഇങ്ങനെ കേറിയിറങ്ങി പോവുകയാണ്. ഒരു വിദ്യാർത്ഥിയെ കയറ്റാതെ പോയ ബസ്സ് തിരികെ വരുമ്പോൾ, ഒരു വിദ്യാർത്ഥി നേതാവിന്റെ ചുറുചുറുക്കോടെ അതിനെ തടുക്കാൻ റോട്ടിൽ ഇറങ്ങി നിന്ന പ്രിൻസിപ്പലിനെ കുറിച്ച് അധികം ആരും കേട്ടിട്ടുണ്ടാകില്ല. വിദ്യാർത്ഥിയുടെ ബൗദ്ധിക നിലവാരം മാത്രം അല്ല, വേറെയും ഒരുപാട് കാര്യങ്ങൾ അളക്കാൻ ഉണ്ട് എന്ന തിരിച്ചറിവ് പ്രവർത്തിയിലൂടെ കാണിച്ച ഒരുപാട് സന്ദർഭങ്ങൾ വേറെയും. കലോത്സവം നടക്കുമ്പോ സംഘാടകൻ എന്ന ഉത്തരവാദിത്തവും ആസ്വാദകൻ ആയി കാണികളിൽ നിന്ന് കൊണ്ട് വലിയ ഊർജവും കാഴ്ച വച്ചിരുന്ന ആളെ അത്ര പെട്ടെന്ന് ആർക്കും മറക്കുക സാധ്യമല്ലല്ലോ.


പണ്ടൊരിക്കൽ, ആലുവ മാതാ തിയേറ്ററിൽ നിന്ന് സിനിമ കണ്ടു KSRTC ബസ്സിലേക്ക് നടക്കുന്ന സമയത്ത് എവിടെ നിന്നോ ആരോ പേര് വിളിക്കുന്നത് കേട്ടപ്പോ "എനിക്ക് ഇവിടെയും പരിചയക്കാരോ" എന്ന സംശയത്തിൽ നോക്കിയപ്പോ കെമിസ്ട്രി ലാബിലെ ശശിയേട്ടനും സുധാകരൻ മാഷും റോഡ് മുറിച്ചു കടന്നു വന്നു മുന്നിൽ നിൽക്കുന്നു. സിനിമ കഴിഞ്ഞുള്ള ആൾക്കൂട്ടത്തിൽ നിന്നും ഇത്തിരിക്കുഞ്ഞൻ ആയ എന്നെ മാഷ് കണ്ടതും തിരിച്ചറിഞ്ഞതും പേര് വിളിച്ചതും വന്നു കൈ തന്നു സംസാരിച്ചതും എല്ലാം ഒരു രണ്ട് മിനിറ്റ് കൊണ്ട് കഴിഞ്ഞു.


പിന്നീട് ഒരു അധ്യാപകൻ ആയപ്പോ ഇത്തിരി ആയാസപ്പെട്ടിട്ടാണെലും ഞാനും ശ്രമിച്ചു കൊണ്ടിരുന്നത് ഏത് ആൾക്കൂട്ടത്തിലും ഞാൻ പഠിപ്പിച്ച കുട്ടികളെ തിരിച്ചറിയാൻ ഉള്ള കഴിവ് ഉണ്ടാക്കിയെടുക്കാൻ ആയിരുന്നു. ആൾക്കൂട്ടത്തിന് നടുവിൽ, പഠിപ്പിക്കുന്ന ഒരു അധ്യാപകൻ നമ്മളെ തിരിച്ചറിഞ്ഞു എന്നുള്ളത് ഏതൊരു വിദ്യാർത്ഥിക്കും എത്ര മാത്രം ആത്മരതി സമ്മാനിക്കുന്നു എന്നത് എന്റെ അനുഭവം തന്നെ എനിക്ക് സമ്മാനിച്ച  വലിയൊരു പാഠം ആയിരുന്നു.


പണ്ടൊരിക്കൽ, പ്ലസ് ടു മലയാളം ക്ലാസ്സിലേക്ക് കയ്യിലൊരു മാതൃഭൂമി ആഴ്ചപ്പതിപ്പ് കൊണ്ട് സുധാകരൻ മാഷ് കടന്നു വന്നു. അത് അവിടെ വച്ചിട്ട് ക്ലാസ് മുഴുവൻ എടുത്തു കഴിഞ്ഞിട്ട് പോകാൻ നേരം ആരോ ചോദിച്ചു, "മാഷേ അതെന്താ ആഴ്ചപ്പതിപ്പില്?"


"അയ്യോ, പറയാൻ വിട്ടു പോയി. ഇതിലൊരു ഗംഭീര കഥയും നല്ലൊരു അഭിമുഖവും ഉണ്ട്. എല്ലാരും പറ്റുമെങ്കിൽ ഒന്ന് വായിക്കണം. അഭിമുഖം ഇനി വരുന്ന ഒരു പാഠഭാഗത്തെ എഴുത്തുകാരന്റെ ആണ്."


ആ പറഞ്ഞത് കേട്ട് കൊണ്ടാവണം, പതിവില്ലാതെ ഞാൻ ആ തവണ ആഴ്ചപ്പതിപ്പ് വായിച്ചു. അതിലും വല്യ തമാശ ആ ആഴ്ചത്തെ മികച്ച കത്ത് വായനക്കാരുടെ ഇടയിൽ നിന്നും ലഭിച്ചത് സുധാകരൻ മാഷ്ക്ക് ആയിരുന്നു എന്ന് തോന്നുന്നു. (കഥകളി സംഗീതത്തെ കുറിച്ചോ മറ്റോ ആയിരുന്നു ആ കത്ത്.) അത് പിറ്റേ ദിവസം ചോദിച്ചപ്പോ യാതൊരു ഭാവഭേദവും ഇല്ലാതെ മാഷ് പറഞ്ഞു, "അതിന്റെ തൊട്ടടുത്ത പേജിൽ വേറെയും ഒരു കത്ത് ഉണ്ട്, എനിക്ക് തോന്നിയത് അതിലെ points ആണ് കൊറേ കൂടി ചർച്ച ചെയ്യപ്പെടേണ്ടത് എന്നാണ്."


പണ്ട് വൈലോപ്പിള്ളിയുടെ കവിത അദ്ദേഹം സ്വയം പഠിപ്പിച്ച കഥ ഇന്നസെന്റ് പലയിടത്തും പറഞ്ഞു കേട്ടിട്ടുണ്ട്. ഒരുപക്ഷെ, എന്നെ പഠിപ്പിച്ച അധ്യാപകർക്ക് ഇടയിൽ അത് സാധ്യമാവും എന്ന തോന്നൽ ഉണ്ടാക്കിയ ആളുകളിൽ ഒരാള് എഴുത്തുകാരനായും പ്രാസംഗികനായും നിറഞ്ഞു നിന്നിരുന്ന സുധാകരൻ മാഷ്‌ തന്നെ ആയിരുന്നു. (വേറൊരു കാര്യം കൂടെ ഉണ്ട്. കണക്കോ കെമിസ്ട്രിയോ പഠിപ്പിക്കുന്ന ഒരു അദ്ധ്യാപകന് സ്വന്തം പേരിലുള്ള സിദ്ധാന്തമോ തത്വമോ പഠിപ്പിക്കാൻ ഉള്ള സാധ്യത തുലോം കുറവാണ്, അതിനൊക്കെ എടുക്കുന്ന കാലദൈർഘ്യം തന്നെ തടസ്സം.)



മേലെ പറഞ്ഞ രണ്ടു കാര്യങ്ങളെയും കുറിച്ച് വിശദമായി പിന്നീട് എഴുതാം. ഇനി അദ്ധ്യാപനത്തിലേക്ക് നടന്നടുക്കുന്ന ഓരോരുത്തരോടും പറയാൻ ഉള്ളത് ആദ്യമേ ഞാൻ പറഞ്ഞു. ഒരു എം.ടെക്കോ PGയോ അതുമല്ലെങ്കിൽ അതിനും അപ്പുറത്തേക്ക് ഒരു Ph.Dയോ നേടി തരാൻ വീട്ടുകാരുടെ കയ്യിൽ കാശുണ്ട് എന്നതാവരുത് ഒരു അദ്ധ്യാപകന്റെ യോഗ്യത. ആൾദൈവങ്ങളുടെ പേരിലും മൂന്നക്ഷരങ്ങൾ കൂട്ടി എഴുതിയും കേരളത്തിലേക്ക് അതിർത്തി കടന്നു ഒരുപാട് മഞ്ഞ ബസ്സുകൾ ഓടുന്ന കാലഘട്ടത്തിൽ ഈ പറയുന്നത് എത്ര മാത്രം സാംഗത്യം ഉള്ളതാണ് എന്നറിയില്ല. എന്നിരുന്നാലും തലച്ചോറ് കൊണ്ട് ക്ലാസ്സിലും ഹൃദയം കൊണ്ട് പുറത്തും ഇടപെട്ടിരുന്ന ഒരു തലമുറ ഇങ്ങനെ വിദ്യാലയത്തിന് പുറത്തേക്ക് ഇറങ്ങി വരുമ്പോൾ, നികത്തപ്പെടുന്ന വിടവുകൾക്ക് എത്ര മാത്രം ചോർച്ച ഉണ്ടാവും എന്ന ഭയം കൊണ്ട് പറയുന്നു എന്ന് മാത്രം.


കാലത്തിന് കുറുകെ കഥ എഴുതിയും കവിത എഴുതിയും ചൊല്ലിയും കലഹിച്ചും മാഷ് ഇവിടെ തന്നെ ഉണ്ടാവും എന്നതുറപ്പ്. പക്ഷെ, മീശയും താഴേക്ക് തടവി പ്രിൻസിപ്പലിന്റെ കസേരയിൽ മാഷ് ഉണ്ടാവില്ല എന്നത് ഇനി അങ്ങോട്ട് സ്‌കൂളിലേക്ക് കടന്നു വരാൻ ഒരു തടസ്സം തന്നെ ആണ്.


ഓരോ അദ്ധ്യാപകനും ഇറങ്ങി പോകുമ്പോൾ ബാക്കിയാവുന്നത് അവരുണ്ടാക്കി വച്ച പാരമ്പര്യമാണ്. ഇനിയും ഒരുപാട് പേർക്ക് മുന്നിൽ പന്തം പോലെ കത്താൻ ഉള്ള ഊർജം ഉള്ളിൽ നിറച്ചു കൊണ്ടാണ് ഓരോ അദ്ധ്യാപകനും വിരമിക്കുന്നത്.


മുന്നിൽ കത്തുന്ന പന്തങ്ങളിൽ നിന്നും ഒരിത്തിരി മെഴുകുതിരി വെളിച്ചം എങ്കിലും കണ്ടെത്താൻ ഓരോ വിദ്യാർത്ഥിക്കും കഴിയട്ടെ, അക്ഷരവും അറിവും ജ്വാലയായി നിറക്കാൻ എല്ലാ അദ്ധ്യാപകർക്കും കഴിയട്ടെ.


സുധാകരൻ മാഷ് ഇനി കൂടുതൽ സജീവമായി എഴുത്തിടങ്ങളിൽ ഉണ്ടാവുമെന്ന് തന്നെ പ്രതീക്ഷിക്കാം, കൂടുതൽ രൗദ്ര ഭാവത്തോടെ!!!


അതിനുള്ള തണുപ്പാകട്ടെ ഇപ്പോൾ കിട്ടി കൊണ്ടിരിക്കുന്ന എല്ലാ ആശംസകളും...


NB: കൂടെ വിരമിച്ച ജയശ്രീ ടീച്ചറെ മറന്നു പോയതല്ല. ടീച്ചറുടെ മകൻ നിവേദിന് ഇഷ്ടപ്പെടുന്ന ഭാഷയിൽ പറഞ്ഞാൽ, "ആ കഥ ഇനിയാണ് ആരംഭിക്കുന്നത്."

വിശദമായി തന്നെ എഴുതാം, എന്നെ പഠിപ്പിച്ചിട്ടില്ലെങ്കിലും പറഞ്ഞും അറിഞ്ഞും എത്ര മാത്രം മികച്ച അദ്ധ്യാപിക ആണ് പടിയിറങ്ങിപ്പോകുന്നത് എന്ന ഉത്തമ ബോധ്യം ഉള്ളത് കൊണ്ട് തന്നെ!!!