ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Thursday, June 12, 2014

"---------------------------------------------------" (പേരിടാത്ത രചന)

പത്രാധിപ സോദരാ,
ഇനിയും പേരിടാത്ത 

ഒരു രചന അയക്കുന്നു,

ഇതിനെ ചവറ്റു കൊട്ടയിലാക്കിയ
ഒരു മാസിക പൂട്ടിപ്പോയി...

മറ്റൊന്നിന്‍റെ സ്ഥാവര ജംഗമ വസ്തുക്കള്‍
എല്ലാം തീപ്പിടുത്തത്തില്‍ എരിഞ്ഞമര്‍ന്നു...

ഇത്രയും പറഞ്ഞത് സ്ഥാപനങ്ങളുടെ കാര്യം...
ഇനി വ്യക്തികളുടെ കാര്യം...

മോശം എന്ന് പറഞ്ഞവന്‍, ഒരു എഡിറ്റര്‍,
ജീവിക്കാനുള്ള 
ആശ തീരും മുന്നേ
അവന്‍റെ കാര്യം 'ഖുദാ ഹവാ'

ഇത് സമയത്തിന് 
അയക്കാതിരുന്ന പോസ്റ്റ്‌മാനിന്ന്,
കാലന്‍റെ അടുക്കല്‍,അങ്ങോട്ടുമിങ്ങോട്ടും
കത്തുകള്‍ എത്തിക്കുന്ന തിരക്കിലാണ്...

ഇതെഴുതിയ കടലാസ് ചോറ് പൊതിയാന്‍ എടുത്തവന്‍,
തെറ്റുകള്‍ തിരുത്തുവോന്‍, ഒരു പ്രൂഫ്‌ റീഡര്‍...
അതവന്‍റെ കൊലച്ചോറായി
ആ ചോറ് 
വിഴുങ്ങും മുന്നേ ആയുസ്സൊടുങ്ങി!!!

വലിച്ചെറിഞ്ഞ മറ്റൊരുവള്‍-മാസികയുടെ പത്രാധിപര്‍,
അവളെ അവളുടെ കെട്ടിയോനും വലിച്ചെറിഞ്ഞു
ഇന്നവരുടെ വിവാഹമോചനക്കേസ് 
വിധി കാത്ത് വഞ്ചിയൂര്‍ കോടതിയിലുണ്ട്...

ഇങ്ങനെ ഒക്കെ എഴുതാന്‍ പറഞ്ഞ സുഹൃത്തിന്
പറഞ്ഞു തീരുന്നേനും മുന്നേ നാട്ടിലേക്കുള്ള
റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പറ്റി..

മാഗസിന് അയക്കാന്‍ പറഞ്ഞ സുഹൃത്തിന്‍റെ 
ഏറെനാള്‍ നീണ്ടു നിന്ന പല്ലുവേദന മാറി...

എഴുതാന്‍ പേന തന്ന സഹോദരിക്ക് 
തൂലികാ സൗഹൃദം വഴി കല്യാണവുമായി...ഇത്രയും പറഞ്ഞ സ്ഥിതിക്ക്,
ഈ രചന കൂടി കോളേജ് മാഗസിനില്‍...???

ഇത് നിങ്ങള്‍ പ്രസിദ്ധീകരിക്കുമോ?
ഇല്ലെങ്കില്‍ ഫേസ്ബുക്കിലും ബ്ലോഗ്ഗിലും ചിത്രവും ഫോണ്‍ നമ്പറും സഹിതം
"ഷെയര്‍ ചെയ്യാത്തോന്‍റെ കാലൊടിയും
ലൈക്‌ ചെയ്യത്തോള്ടെ കയ്യൊടിയും" എന്നിടണം...
അവിടെയുണ്ട്, കണ്ണട വച്ച, കാഷായ വസ്ത്രം ധരിക്കാത്ത
'ന്യൂജനറേഷന്‍ ബുദ്ധി'ജീവികള്‍...
അവരിത് നാട് മുഴുവന്‍ എത്തിച്ചോളും...