ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Monday, July 28, 2014

ചില "ഇമ്മിണി ബല്യ" ചെറിയ പെരുന്നാള്‍ വിശേഷങ്ങള്‍...

വീണ്ടും ഒരു ചെറിയ പെരുന്നാൾ. എല്ലാ തവണയും നാവിൽ വെള്ളമൂറുന്ന സ്വാദിന്‍റെ ഓര്‍മകളുമായാണ് പെരുന്നാള്‍ കടന്നു പോകാറുള്ളത്. കഴിഞ്ഞ തവണ സഹമുറിയന്‍ അഫീഫ് ആയിരുന്നു പെരുന്നാള്‍ മനോഹരം ആക്കിയത്. വടകരയില്‍, കൃത്യമായി പറഞ്ഞാല്‍ നാദാപുരത്തിന് അടുത്ത് പാറക്കടവിലുള്ള അഫീഫിന്‍റെ വീട്ടില്‍ വച്ചുള്ള നോമ്പ് തുറയില്‍ ഞാന്‍ ഉള്‍പ്പെടെ ഒരു സംഘം സുഹൃത്തുക്കള്‍ സാമാന്യം നല്ല രീതിയില്‍ പോളിംഗ് നടത്തി. ഇത്തവണ കോഴിക്കോട്/മലപ്പുറം ഭാഗത്തുള്ള സുഹൃത്തുക്കളുടെയെല്ലാം ക്ഷണം നിരസിക്കേണ്ടി വന്നു, നാട്ടിലെ ചില തിരക്കുകള്‍ തന്നെ ആയിരുന്നു കാരണം. ഏറെ നാളുകള്‍ക്ക് ശേഷം തിരോന്തരത്ത്‌ നിന്നും നാട്ടില്‍ എത്തിയപ്പോള്‍ ഇനിയൊരു യാത്ര വേണ്ടെന്നു വച്ചു എന്നതാണ് സത്യം. പെരുന്നാള്‍ ഓര്‍മകളില്‍ എന്നും തങ്ങി നില്‍ക്കുന്ന നഗരമാണ് കോഴിക്കോട്. എന്നും എന്നെ കൈ നീട്ടി സ്വീകരിചിടുള്ള നാട്. പൊറ്റെക്കാടിന്‍റെ നെഞ്ച് വിരിച്ചു നില്‍ക്കുന്ന പ്രതിമ, സുഹൃത്തുക്കള്‍ ഒന്നിച്ചു ചേരുന്ന മാനാഞ്ചിറ, ഇരമ്പുന്ന സൌഹൃദം ബാക്കി വയ്ക്കുന്ന കോഴിക്കോട് ബീച്ച്, മിഠായി തെരുവിലെ തിരക്ക്, ടൌണിലെ ന്യൂജനറേഷന്‍ ഫ്രീക്സിന്‍റെ പുത്തന്‍ മാളുകള്‍, പാരഗണിലെ ബിരിയാണി, മാന്യമായ രീതിയില്‍ ഓട്ടോ ചാര്‍ജ് മേടിക്കുന്ന ഏറ്റവും സഹൃദയരായ ഓട്ടോക്കാര്‍- അങ്ങനെയങ്ങനെ ഒരുപാട് കാര്യങ്ങള്‍...
ഇത്തവണ പെരുന്നാളിന് ഏറ്റവും കൂടുതല്‍ മിസ്‌ ചെയ്യുന്നത് ഈ കോഴിക്കോടന്‍ വിഭവങ്ങള്‍ തന്നെ. നിലം തൊടാതെയുള്ള പലതവണയുള്ള ഓട്ടത്തിനിടയിലും എന്തിനും സഹായികളായി നില്‍ക്കുന്ന രണ്ട് മൂന്ന് കോഴിക്കോടുകാരുണ്ട്. മാറിയത് ഞാനാണ് കോഴിക്കോടിന് ഒരു മാറ്റവുമില്ല. അതേ തിരക്ക്, അതേ വേഗം. അതേ ആതിഥ്യ മര്യാദ. നന്മയുടെ നഗരം.
നന്ദി...