[നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം. മദ്യം കുടിക്കരുത്, കുടിക്കാന്‍ അനുവദിക്കരുത്. വലിയ വില കൊടുക്കേണ്ടി വരും, വലിയ വില.]
അമ്മടെ വീട് [നമ്പൂരി ഭാഷയില്‍ പറഞ്ഞാല്‍ 'അമ്മാത്ത്'] വെള്ളിനേഴി പഞ്ചായത്തിലെ (കഥകളി ഗ്രാമം എന്ന നിലയില്‍ പ്രശസ്തമായ അതേ വെള്ളിനേഴി തന്നെ) 'ഞാളാകുര്‍ശ്ശി' എന്ന ത്രിബിള്‍ കുഗ്രാമത്തില്‍ ആണ്. അത്രയും പിന്നോക്കം നിന്നിരുന്ന പ്രദേശം ആയോണ്ടാണ് ത്രിബിള്‍ എന്ന് ചേര്‍ത്തത്. അന്ത ഗ്രാമത്തില്‍ ആണ് ഇന്ത കഥ നടക്കുന്നത്. ഇന്ന് വീടിന്റെ പിന്നിലെ തൊടി വഴി തൊഴുത്തിന്റെ മുറ്റം വരെ വണ്ടി ചെല്ലും. പക്ഷെ, അന്ന് വീട്ടിലെത്താന്‍ വിശാലമായി കിടക്കുന്ന നെല്‍വയല്‍ പാടത്തിന്റെ നടുക്കൂടെ ആറു വരമ്പ് കടക്കണം. അങ്ങനെ നടന്നാ ആദ്യം ചെന്നെത്തുന്നത് ഇന്ന് ഇടിഞ്ഞു പൊളിഞ്ഞു വീണ, പണ്ട് നാരായണന്‍ മുത്തശ്ശന്‍ താമസിച്ചിരുന്ന 'ഗീതാഞ്ജലി' എന്ന വീടിന്റെ ഗേറ്റിന്റെ അടുത്താണ്. അവിടുന്ന് പിന്നേം നടന്നാല്‍ 'അമ്പാടി'യും കരിയാട്ടില്‍ വീടും അതിരിടുന്ന കണ്ടം എത്തും. അവിടുള്ള 'ദിപ്പോ വീഴും' എന്ന് പറഞ്ഞു നിക്കണ വെള്ള ഗേറ്റ് ഉള്ള വീടാണ് നമ്മടെ താവളം, അമ്മവീട്. ഒരു അഞ്ചു വയസ്സ് വരെ ഞാന്‍ കൂടുതലും അവിടെ ആണ് താമസിച്ചത്. അമ്മമ്മടെ കൂടെ അടുക്കളയിലും തൊടിയിലും കുത്തി മറിഞ്ഞും പോസ്റ്റ്മാന്‍ രാജന്‍ വരുമ്പോ വല്യമ്മ അയക്കണ (പൊട്ടിക്കരുത് എന്ന് മുത്തശ്ശന്‍ പറയണ) കത്ത് പൊട്ടിച്ചു മുത്തശ്ശന്റെ കയ്യില്‍ കൊണ്ട് കൊടുത്തും അമ്പാടിയില് അവധിക്കു ബിജുവും ദിവ്യയും ഒക്കെ വരുമ്പോ അങ്ങോട്ട് ചെന്നും അവരെ ഇങ്ങോട്ട് വിളിച്ചും അലമ്പുണ്ടാക്കിയും ആഘോഷിച്ചു നടന്നിരുന്ന കാലം. അത് കഴിഞ്ഞു സ്കൂളില്‍ ചേര്‍ന്നു. അത് അച്ഛന്റെ വീടിന്റെ അടുത്തുള്ള സ്കൂളില്‍. അപ്പൊ ഇവിടുത്തെ ആഘോഷങ്ങള്‍ മതിയാക്കി അച്ചമ്മടെ അണ്ടറില്‍, നാട്ടുകാര് ഇന്നും പറയണ പോലെ 'സുകുവേട്ടന്റെ/സുകുമാരന്‍ സാറിന്റെ രണ്ടാമത്തെ ചെക്കന്‍' ആയി പുത്തൂരത്ത് തറവാട്ടില്‍ അഭിഷിക്തനായി. പിന്നെ, അമ്മ വീട്ടില്‍ പോക്ക് കുറഞ്ഞു, സ്കൂള്‍ പൂട്ടണ അവധിക്കും അപൂര്‍വ്വം വാരാന്ത്യങ്ങളിലും മാത്രമായി ചുരുങ്ങി.
അമ്മടെ വീട് [നമ്പൂരി ഭാഷയില്‍ പറഞ്ഞാല്‍ 'അമ്മാത്ത്'] വെള്ളിനേഴി പഞ്ചായത്തിലെ (കഥകളി ഗ്രാമം എന്ന നിലയില്‍ പ്രശസ്തമായ അതേ വെള്ളിനേഴി തന്നെ) 'ഞാളാകുര്‍ശ്ശി' എന്ന ത്രിബിള്‍ കുഗ്രാമത്തില്‍ ആണ്. അത്രയും പിന്നോക്കം നിന്നിരുന്ന പ്രദേശം ആയോണ്ടാണ് ത്രിബിള്‍ എന്ന് ചേര്‍ത്തത്. അന്ത ഗ്രാമത്തില്‍ ആണ് ഇന്ത കഥ നടക്കുന്നത്. ഇന്ന് വീടിന്റെ പിന്നിലെ തൊടി വഴി തൊഴുത്തിന്റെ മുറ്റം വരെ വണ്ടി ചെല്ലും. പക്ഷെ, അന്ന് വീട്ടിലെത്താന്‍ വിശാലമായി കിടക്കുന്ന നെല്‍വയല്‍ പാടത്തിന്റെ നടുക്കൂടെ ആറു വരമ്പ് കടക്കണം. അങ്ങനെ നടന്നാ ആദ്യം ചെന്നെത്തുന്നത് ഇന്ന് ഇടിഞ്ഞു പൊളിഞ്ഞു വീണ, പണ്ട് നാരായണന്‍ മുത്തശ്ശന്‍ താമസിച്ചിരുന്ന 'ഗീതാഞ്ജലി' എന്ന വീടിന്റെ ഗേറ്റിന്റെ അടുത്താണ്. അവിടുന്ന് പിന്നേം നടന്നാല്‍ 'അമ്പാടി'യും കരിയാട്ടില്‍ വീടും അതിരിടുന്ന കണ്ടം എത്തും. അവിടുള്ള 'ദിപ്പോ വീഴും' എന്ന് പറഞ്ഞു നിക്കണ വെള്ള ഗേറ്റ് ഉള്ള വീടാണ് നമ്മടെ താവളം, അമ്മവീട്. ഒരു അഞ്ചു വയസ്സ് വരെ ഞാന്‍ കൂടുതലും അവിടെ ആണ് താമസിച്ചത്. അമ്മമ്മടെ കൂടെ അടുക്കളയിലും തൊടിയിലും കുത്തി മറിഞ്ഞും പോസ്റ്റ്മാന്‍ രാജന്‍ വരുമ്പോ വല്യമ്മ അയക്കണ (പൊട്ടിക്കരുത് എന്ന് മുത്തശ്ശന്‍ പറയണ) കത്ത് പൊട്ടിച്ചു മുത്തശ്ശന്റെ കയ്യില്‍ കൊണ്ട് കൊടുത്തും അമ്പാടിയില് അവധിക്കു ബിജുവും ദിവ്യയും ഒക്കെ വരുമ്പോ അങ്ങോട്ട് ചെന്നും അവരെ ഇങ്ങോട്ട് വിളിച്ചും അലമ്പുണ്ടാക്കിയും ആഘോഷിച്ചു നടന്നിരുന്ന കാലം. അത് കഴിഞ്ഞു സ്കൂളില്‍ ചേര്‍ന്നു. അത് അച്ഛന്റെ വീടിന്റെ അടുത്തുള്ള സ്കൂളില്‍. അപ്പൊ ഇവിടുത്തെ ആഘോഷങ്ങള്‍ മതിയാക്കി അച്ചമ്മടെ അണ്ടറില്‍, നാട്ടുകാര് ഇന്നും പറയണ പോലെ 'സുകുവേട്ടന്റെ/സുകുമാരന്‍ സാറിന്റെ രണ്ടാമത്തെ ചെക്കന്‍' ആയി പുത്തൂരത്ത് തറവാട്ടില്‍ അഭിഷിക്തനായി. പിന്നെ, അമ്മ വീട്ടില്‍ പോക്ക് കുറഞ്ഞു, സ്കൂള്‍ പൂട്ടണ അവധിക്കും അപൂര്‍വ്വം വാരാന്ത്യങ്ങളിലും മാത്രമായി ചുരുങ്ങി.
അമ്മടെ വീട്ടില് കേറുമ്പോ ഗേറ്റിന്റെ ഇടതു ഭാഗത്ത് ഒരു നെടുനീളന്‍ പന ഉണ്ട്. പന ന്നു പറഞ്ഞാ ഒരൊന്നൊന്നര പന. മൊബൈല്‍ ടവര്‍ ഒന്നും ഇല്ലാത്തോണ്ട്, ആ സമയത്ത് അതിനേക്കാള്‍ നീളമുള്ള ഒരു സാധനവും ആ പഞ്ചായത്തില്‍ ഉണ്ടായിരുന്നില്ല എന്ന് തന്നെ പറയാം. അതിന്റെ മേലെ കള്ള് ചെത്താന്‍ കേറുന്ന ഈര്‍ക്കിലി പോലെ ഇരിക്കണ ഗോപാലേട്ടനാണ് നമ്മുടെ ഹീറോ. [നല്ല പ്രായം ഉള്ള ആളാണ് മൂപ്പര്. പക്ഷെ, എല്ലാരും വിളിക്കണ പോലെ ഞാനും മൂപ്പരെ 'ഗോപാലേട്ടാ' എന്ന്‍ വിളിച്ചു, തിരിച്ചു 'കുഞ്ഞമ്പ്രാന്‍' എന്ന പദവി എനിക്കും കിട്ടി]. മീറ്റര്‍ കണക്കിന് നീളമുള്ള പനയില്‍ തളപ്പിട്ട് ശരവേഗത്തില്‍ കേറുന്ന ഗോപാലേട്ടന്‍. അതിനേക്കാള്‍ സ്പീഡില്‍ (ശരിക്കും പറഞ്ഞാ ഉസ്സൈന്‍ ബോല്‍ട്ടിനെക്കള്‍ സ്പീഡില്‍) ഗോപാലേട്ടന്‍ പായുന്നത് പിന്നെ കണ്ടിട്ടുള്ളത്, കള്ള് കുടിച്ചു വീട്ടില്‍ ചെല്ലുന്ന ഗോപാലേട്ടനെ കെട്ട്യോള് സരോജിനിയേടത്തി തല്ലാന്‍ പട്ടച്ചൂലും കൊണ്ട്, നല്ല അസ്സല്‍ തെറികളുടെ അകമ്പടിയോടെ പാടവരമ്പത്തൂടെ ഓടിക്കുമ്പോഴാണ്.
'ആങ്കുട്ട്യാവണേല്‍ ഇത്തിരി കള്ളൊക്കെ കുടിക്കണം' എന്ന ഗോപാലേട്ടന്റെ ഒരീസത്തെ പ്രഖ്യാപനം എന്നിലെ പുരുഷനെ ഉണര്‍ത്തി(അന്ന് ഞാന്‍ ഒന്നാം ക്ലാസിലോ രണ്ടാം ക്ലാസിലോ മറ്റോ ആണ് എന്നോര്‍ക്കണം). എന്നും കള്ള് ചെത്താന്‍ വരുന്ന ഗോപാലേട്ടന്‍ കള്ള് ചെത്തിയിറക്കി ഇറങ്ങി വരുന്നതും കാത്ത് ഞാന്‍ വീടിന്റെ താഴ്വാരത്ത് കാത്തു നില്‍ക്കും. മൂപ്പര് കള്ള് ചെത്തി താഴെ എത്തുമ്പോ ഞാന്‍ ഉള്ളിലേക്കൊന്നു പാളി നോക്കും. മുത്തശ്ശന്‍ ചാരുകസേരയില്‍ അട്ടം നോക്കി കെടക്കണ സമയം തന്നല്ലേ എന്ന് ഉറപ്പു വരുത്തും. ഞാന്‍ ഇറയത്ത് നിന്ന് ഗേറ്റിന്റെ അടുത്തേക്ക് ഓടുന്ന കാണുമ്പോ മുത്തശ്ശന്‍ ചാടി എണീക്കും. വടിയും കുത്തിപ്പിടിച്ചു പൂമുഖത്ത് നിന്നും ഇറങ്ങി വന്ന് വീടിന്റെ തിണ്ടത്തു നിന്നും ഒറ്റ അലര്‍ച്ച ആണ് : "ഡാ ഗോപാലാ, ചെക്കനെ കള്ള് തൊടീച്ചാ നെന്നെ ഈ പടി ഞാന്‍ കടത്തില്ല, വേറെ ഏതേലും പടി കടക്കണംന്ന് ഉണ്ടേല്‍ ആ കാലിലെ ഒരു എല്ല് എന്റെ വടിയുടെ അറ്റത്തിരിക്കും."
ടമാര്‍ പടാര്‍, അവസാന പന്തില്‍ ഫോറ് അടിക്കേണ്ട സമയത്ത് ഇറങ്ങി വന്നു സിക്സടിച്ച് കളി ജയിപ്പിക്കുന്ന ധോണിയുടെ മാസ്സ് എന്‍ട്രി പോലെ മ്മടെ മുത്തശ്ശന്‍, സാക്ഷാല്‍ കരിയാട്ടില്‍ രാമന്‍കുട്ടി നായര്‍ The Great.
മുത്തശ്ശന്റെ ആ പ്രഖ്യാപനത്തിന് "ഇല്ല തമ്പ്രാ" എന്ന് മറുപടിയും പറഞ്ഞ് കള്ള് കുടം മാറ്റിപ്പിടിച്ചു ഗോപാലേട്ടന്‍ നടന്നു നീങ്ങും. ഞാന്‍ തലയും ചൊറിഞ്ഞു കൊണ്ട് കിണറിന്റെ സൈഡില്‍ കൂടെ അമ്പാടിയിലേക്ക് ഓടും. പിന്നീട് കുറച്ചു സമയങ്ങള്‍ക്ക് ശേഷം, കാര്യങ്ങളൊക്കെ അമ്മമ്മ ഡീലാക്കി എന്ന് ഉറപ്പു വരുത്തിയ ശേഷം ഞാന്‍ പയ്യെ തിരിച്ചു വരും.
ഇത് രണ്ട് മൂന്നു തവണ ആവര്‍ത്തിച്ചപ്പോ മുത്തശ്ശന്‍ ഗോപാലേട്ടന് അന്ത്യശാസനം കൊടുത്തു: "കള്ള് ചെത്തി ഇറക്കണ സമയം ചെക്കനു കൊടുത്താ നീ പിന്നെ കള്ള് ചെത്താന്‍ ഇങ്ങോട്ട് വരണ്ട." അത് ഫലിച്ചു.
ഈ ചെത്തി ഇറക്കുന്നത് മോരും വെള്ളം ആണെന്നും ഇതില് മരുന്നൊക്കെ ചേര്‍ത്താലേ ഒറിജിനല്‍ കള്ള് ആകൂ എന്നും അതോണ്ട് വിഷമിക്കേണ്ടെന്നും ഗോപാലേട്ടന്‍ ആശ്വാസവചനങ്ങള്‍ ചൊരിഞ്ഞു. കല്യാണം കഴിഞ്ഞു പോണ പഴയ കാമുകിയെ നോക്കി നിക്കണ വേണു നാഗവള്ളിയെ പോലെ ഞാന്‍ എന്നും ഗോപാലേട്ടന്‍ കള്ള് കൊണ്ട് പോകുന്നതും നോക്കി നില്‍ക്കുന്നത് തുടര്‍ന്നു.
ആയിടക്കാണ് കാലം തെറ്റി നല്ല ഒരു മഴ പെയ്തത്. പനയില്‍ നല്ല വഴുക്കല്‍ തുടങ്ങിയിട്ടുണ്ട്. പക്ഷെ, ഒരു രണ്ടെണ്ണം അടിച്ചിട്ട് വന്ന ഗോപാലേട്ടന്‍ കള്ള് ചെത്താന്‍ കേറാന്‍ തന്നെ തീരുമാനിച്ചു. വീഴും എന്ന് മുത്തശ്ശന്‍ മുന്നറിയിപ്പ് കൊടുത്തപ്പോള്‍ വീഴില്ല എന്ന് ഗോപാലേട്ടന്‍ കട്ടായം പറഞ്ഞു. ചെത്തിയിറക്കുന്ന കള്ളിന്റെ ഒരു ഭാഗം കുടിച്ചിട്ട് ആ ഫോമില്‍ അടക്കാപുത്തൂര് ഷാപ്പിലേക്കും തിരിച്ചും അന്ന് നിരപ്പാക്കുക പോലും ചെയ്യാത്ത മണ്‍പാതയിലൂടെ ഒറ്റ കയ്യിന്റെ ബലത്തില്‍ സൈക്കിള്‍ ഓടിച്ചു കേറുന്ന ഗോപാലേട്ടന് ഇതൊക്കെ നിസ്സാരം ആയിരിക്കും എന്ന് ഞാനും കരുതി. ചുണ്ടിലൊരു എരിഞ്ഞു തീരാറായ കാജാ ബീഡിയും നാടന്‍പാട്ടും പാടിക്കൊണ്ട് ഗോപാലേട്ടന്‍ അതിസാഹസികമായ പന കയറ്റം ആരംഭിച്ചു. ഓരോ ചുവട് കയറുമ്പോഴും ദിപ്പോ വീഴും എന്ന പ്രതീതി ജനിപിച്ചു കൊണ്ട്, high pitch ശബ്ദത്തില്‍ നാടന്‍ പാട്ടും പാടിക്കൊണ്ട് മാസ്സ് ഹീറോ ഗോപാലേട്ടന്‍ അങ്ങ് പനയുടെ തുഞ്ചത്തെത്തി. ഉയരം കൂടുന്തോറും കള്ളിന്റെ സ്വാദ് കൂടുന്നുണ്ടോ എന്നറിയില്ല. പക്ഷെ, പാട്ടിന്റെ ശബ്ദം കൂടിക്കൂടി വന്നു. ഒരു കുടത്തിന്റെ മുക്കാലും കള്ള് നിറച്ച്, ബാക്കി കള്ള് സ്വന്തം പള്ളേല് കേറ്റി ഗോപാലേട്ടന്‍ ഇറങ്ങാന്‍ ആരംഭിച്ചു. മൂപ്പരുടെ അരയില്‍ ഇരിക്കുന്ന എനിക്ക് നിഷിദ്ധമായ കള്ളും കുടത്തെ നോക്കി നെടുവീര്‍പ്പിട്ട് ഞാന്‍ അങ്ങനെ വിദൂരതയിലേക്ക് നോക്കി അന്തം വിട്ടു കുന്തം വിഴുങ്ങിയ പോലെ നിന്നു. പാടത്തു ട്രാക്റ്റര്‍ ഓടിക്കുന്ന സമയം ആണ്. വീട്ടിലേക്കു പാല് കൊണ്ട് വരണ കമലമ്മടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണേട്ടനും പിന്നെ പണിക്കാരും ഉടമകളും ഒക്കെ ആ ചെറിയ മഴയത്തും ട്രാക്റ്റര്‍ പാടത്തൂടി മേയുന്ന കാഴ്ച നോക്കി നില്‍ക്കുവാണ്.
പെട്ടെന്നാണ് അത് സംഭവിച്ചത്. പനയുടെ മുക്കാലും താഴോട്ടിറങ്ങിയ ഗോപാലേട്ടന്‍ 'പ്ലിക്കോ' എന്നും പറഞ്ഞ് താഴത്തെ ചാലിലേക്ക് (ശബ്ദം കൃത്യം ഇങ്ങനെ തന്നെ ആണോ എന്ന് ഓര്‍മയില്ല. എന്തായാലും ഏറെക്കുറെ 'പ്ലിക്കോ' ന്ന്‍ തന്നെ ആയിരുന്നു ന്നാണ് തോന്നണേ). അപ്പ്രത്തെ വീട്ടില് കുരുമുളക് അറുത്തോണ്ടിരുന്ന ഗൃഹനാഥന്‍ ഗോപിയേട്ടന്‍ (കഷ്ടി മുത്തശ്ശന്റെ പ്രായമുണ്ടെങ്കിലും മരണം വരെ ഞാന്‍ അദ്ദേഹത്തെ അങ്ങനെയാ വിളിച്ചോണ്ടിരുന്നത്) ആണ് Replay സാധ്യമല്ലാത്ത ആ വീഴ്ച ലൈവ് ആയി കണ്ട ഏക വ്യക്തി. പാടത്തിന്റെ മറ്റേ അറ്റത്തുള്ള തോട് കേറുമ്പോ ഉള്ള കുന്നിന്റെ മോളില് നിന്ന 'ആപ്പ' എന്ന് വിളിപ്പേരുള്ള, എനിക്ക് ആദ്യായി സിക്സ് പാക്ക് എന്താണ് എന്ന് കാണിച്ചു തന്ന മനുഷ്യന്‍ ഇവിടത്തെ ബഹളം കേട്ടപ്പോഴേ അവിടുന്ന് ചാടി മണ്ടാന്‍ തുടങ്ങി. നൂറേ നൂറ്റിപ്പത്തില്‍, എവിടേം നിര്‍ത്താത്ത അന്നത്തെ മണ്ണാര്‍ക്കാട്-ഗുരുവായൂര്‍ മയില്‍ വാഹനം ബസ്സ് പോലെ മൂപ്പര് ഓടിക്കൂടുന്നതിന്റെ ഗാപ്പില് പാടത്തെ പണിക്കാരും ട്രാക്ട്ടറിന്റെ ഡ്രൈവറും കിളിയും ഉണ്ണികൃഷ്ണേട്ടനും അവിടെ കൂടിയ എല്ലാവരും രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തിരുന്നു. ട്രാക്ട്ടറിന്റെ കിളി 'ഭയങ്കര ദാഹം' എന്ന് പറഞ്ഞ് കുടത്തില്‍ വീഴ്ചക്ക് ശേഷം അവശേഷിച്ച കള്ളിന്റെ സിംഹഭാഗവും വലിച്ചു കേറ്റുന്നത് ശ്രദ്ധിച്ചത് ഞാന്‍ മാത്രമാണ് എന്ന് തോന്നുന്നു.
അപ്പോഴേക്കും എവിടുന്നോ വര്‍ക്ക്‌ഷോപ്പ് മെക്കാനിക്ക് ആയ ശ്രീധരന്‍ പ്രത്യക്ഷപ്പെട്ടു. 'ശങ്കര്‍ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകണോ അതോ നേരെ പെരിന്തല്‍മണ്ണക്ക് വിടണോ' എന്ന കൊടുമ്പിരിക്കൊണ്ട ചര്‍ച്ചകള്‍ക്കിടെ ശ്രീധരന്‍ ഒരു ഡോക്റ്റര്‍ ചെയ്യണ പോലെ കൈത്തണ്ടയിലെ മിടിപ്പ് നോക്കി, ശ്വാസം വിടണ വേഗം നോക്കി. പ്രത്യക്ഷത്തില്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും പേടിക്കേണ്ടതായി ഒന്നും ഇല്ല എന്നുമുള്ള ശ്രീധരന്‍ വൈദ്യരുടെ പ്രഖ്യാപനം അവിടെ കൂടിയിരുന്ന ആളുകളെ തെല്ലൊന്നുമല്ല ആശ്വസിപ്പിച്ചത്. അഞ്ചു കൊല്ലം മെഡിക്കല്‍ കോളേജില്‍ പഠിച്ചാല്‍ കിട്ടണേല്‍ കൂടുതല്‍ അറിവ് എന്റെ നാട്ടിലെ ഒരു പാവം മെക്കാനിക്കിന് വരെ ഉണ്ടെന്ന സത്യം ഞാന്‍ അറിഞ്ഞിരുന്നില്ല്യ, ആരും പറഞ്ഞിരുന്നുമില്ല്യ. ഗോപാലേട്ടന്‍ ഒരു സീസണില്‍ ഒരു തവണ എങ്കിലും ഇത് പോലെ വല്യ പരിക്ക് കൂടാതെ താഴേക്ക് വീഴാറുണ്ടായിരുന്നു എന്ന യാഥാര്‍ത്ഥ്യവും ഇതിനോട് ചേര്‍ത്ത് വായിക്കണം.. ഞാളാകുര്‍ശിയിലെ ജനസംഖ്യയുടെ മുക്കാലും ഈ സമയത്തിനകം അവിടേക്ക് എത്തി തുടങ്ങിയിരുന്നു. കാതില്‍ നിന്നും കാതിലേക്കും നാവില്‍ നിന്നും നാവിലേക്കും ഈ വാര്‍ത്ത പടര്‍ന്നു. നാട്ടുകാരുടെ പൊതുഉപഭോഗവസ്തു ആയ കള്ള് ചെത്തിയിറക്കുന്ന ഗോപാലേട്ടന്റെ ജനസമ്മതി കൊണ്ട് തന്നെ ആബാലവൃദ്ധം ജനങ്ങളും വീടിന്റെ ഉമ്മറത്തേക്ക് ഒഴുകി എത്തിക്കൊണ്ടിരുന്നു. സത്യം പറഞ്ഞാ, ഞായറാഴ്ച ദൂരദര്‍ശനില്‍ സിനിമ കാണാനും ഞാളാകുര്‍ശി സുബ്രമണ്യക്ഷേത്രത്തിലെ കാവടിയാട്ടത്തിന്റെ അന്നും ആണ് ഞാന്‍ ഇത്രേം നാട്ടുകാരെ അവിടെ ഒരുമിച്ചു കണ്ടിട്ടുണ്ടായിരുന്നുള്ളൂ. ഗോപാലനെ തിരിച്ചും മറിച്ചും കിടത്തി ശരീരത്തില്‍ മുറിവുകള്‍ ഒന്നുമില്ല എന്ന് കൂടി ശ്രീധരന്‍ വൈദ്യര്‍ ഉറപ്പ് വരുത്തി. നല്ല മഴ പെയ്ത സമയം ആയോണ്ട് ചാലില്‍ നല്ല വെള്ളം ഉണ്ടായിരുന്നതും വീഴ്ച തല കുത്തി അല്ല എന്നുള്ളതും ഒരു അപകടം ഒഴിവാക്കി എന്ന ടിയാന്റെ പ്രസ്താവന നാട്ടുകാര്‍ ഒരു നെടുവീര്‍പ്പോടെ കേട്ടു. ചെര്‍പ്ലശ്ശേരി അയ്യപ്പന്‍കാവ് മുതല്‍ പാലക്കാട് റൂട്ടില്‍ പരിയാനംപറ്റ കാവ് വരെയും മണ്ണാര്‍ക്കാട് റൂട്ടില്‍ ഉത്രത്തില്‍കാവ് വരെയും ഉള്ള സകല ക്ഷേത്രങ്ങളിലേക്കും ഉള്ള നന്ദി നാട്ടുകാര്‍ പരസ്പരം അറിയിച്ചു. അപ്പോഴേക്കും അകത്തു നിന്നും കട്ട മോര് പ്രത്യക്ഷപ്പെട്ടു. "അപ്പൊ ഗോപാലേട്ടന്‍ പറഞ്ഞ പോലെ ഈ ചെത്തി ഇറക്കുന്നത് മോര് തന്നെ അല്ലെ" എന്ന ചോദ്യം എന്റെ മനസ്സിനെ മഥിച്ചു.
"ഗോപാലോ" എന്നും വിളിച്ചു ശ്രീധരന്‍ വൈദ്യര്‍ ഞാന്‍ മഴയുടെ അളവ് എടുക്കാന്‍ വച്ച ബക്കറ്റിലെ വെള്ളം എടുത്ത് മൂപ്പരുടെ തലയിലൊഴിച്ചു. എന്റെ 'മഴ മാപിനി' അങ്ങനെ വെറും ബക്കറ്റ് വെള്ളമായി പരിണമിച്ചു.
എല്ലാവരെയും ആനന്ദതുന്തിലരാക്കി കൊണ്ട് ഗോപാലേട്ടന്‍ തിരുമിഴി തുറന്നു. അരയിലെ ആയുധങ്ങള്‍ അന്വേഷിച്ചു. അത് കൊടുത്തപ്പോ കള്ളുംകുടം എവിടെ എന്നായി. അവിടെ കൂടിയ ഒരുപാട് പേര് 'ദാഹം' തീര്‍ത്ത കാരണം കൊണ്ട് ശൂന്യമായിപ്പോയ, കള്ളുംകുടവും പിടിച്ചുള്ള ഗോപാലേട്ടന്റെ ഇരിപ്പ്, പെനാല്‍റ്റി സ്റ്റേഡിയത്തിന്റെ പുറത്തേക്ക് അടിച്ച് "ജോഷി ചതിച്ചാശാനേ" എന്ന മട്ടില്‍ ഇരിക്കുന്ന ലിയോണല്‍ മെസ്സിയെ ഓര്‍മിപ്പിച്ചു. 'ഒരു തുടം മോരും കൂടി എടുക്കട്ടെ' എന്ന ചോദ്യത്തിന് വിഷാദം ഘനീഭവിച്ച തല ഉയര്‍ത്തിക്കൊണ്ട് നല്‍കിയ 'വേണ്ട' എന്ന മറുപടി ഒന്നമ്പരപ്പിച്ചെങ്കിലും 'പിന്നെന്തു വേണം?' എന്ന ചോദ്യത്തിന് 'ഒരു ജീരക ഷോടയും രണ്ടു പരിപ്പ് വടേം' എന്ന ഏറ്റവും genuine ആയ ഉത്തരം അമ്പരപ്പ് മാറ്റി.
എല്ലാവരും പിരിഞ്ഞു പോകാന്‍ ആരംഭിച്ചപ്പോഴാണ് കെട്ട്യോള് സരോജിനിയേടത്തി മാറത്തടിച്ചു കരഞ്ഞും കൊണ്ട് പടി കടന്നു വന്നത്. മൂപ്പത്ത്യാരുടെ രൂക്ഷമായ ഒറ്റനോട്ടത്തില്‍ വെടി കൊണ്ട മാനിനെ പോലെ കിടന്ന ഗോപാലേട്ടന്‍, റെഡി, സ്റ്റെഡി, വടി എന്ന മട്ടില്‍ Attention ആയി എണീറ്റു നിന്നു.
"ഇപ്പൊ ഗോപാലന്റെ സകല കെട്ടും ഇറങ്ങിയല്ലോ" എന്ന കമന്റിനു ഗോപാലേട്ടനും സരോജിനിയേടത്തിയും ഒഴികെ ബാക്കി എല്ലാരും പങ്കെടുത്ത ഒരു കൂട്ടച്ചിരിയോട് കൂടി ആണ് ഇതിനു തിരശ്ശീല വീണത്.
പിന്‍കുറിപ്പ്:പിന്നീട് ഗോപാലേട്ടന്‍ കള്ള് ചെത്താന്‍ ആ വഴി വന്നിട്ടില്ല. ആള്‍ക്കാര് ഈ സംഭവം അങ്ങനെ ഓര്‍ത്തെടുത്ത് സംസാരിക്കാറുമില്ല. ഇപ്പൊ അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അറിയില്ല. അതെ, ഞങ്ങക്കൊരു ചെത്തുകാരന്‍ ഗോപാലേട്ടന്‍ ഉണ്ടായിരുന്നു. എത്ര ഉയരം ഉള്ള പനയിലും ചെത്താന്‍ കേറാന്‍ ധൈര്യമുള്ള, എന്നാല്‍ ഭാര്യയെ കാണുമ്പോ തന്നെ ആ ധൈര്യമെല്ലാം ചോര്‍ന്നു പോകുന്ന ഗോപാലേട്ടന്‍...!!!!
x