ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Tuesday, December 24, 2013

കാണേണ്ട സിനിമകൾ : 3 - "As If I Am Not There"

[Courtesy : Cinema Paradiso Thanzeer]
 ലോകത്തുള്ള എല്ലാ മനുഷ്യരും എക്കാലവും ഭയപ്പെടുന്ന സംഭവമാണ് യുദ്ധം. പല രാജ്യങ്ങളും ഇപ്പോഴും യുദ്ധത്തിന്റെ ദുരന്തങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. മറ്റു പല സ്ഥലങ്ങളേയുംപോലെ ഒരുപാട് ദുരിതങ്ങള്‍ അനുഭവിക്കാത്തവരാണ് മലയാളികള്‍. അതിന്റേതായ ചില പ്രശ്നങ്ങള്‍ നമുക്കില്ലേ എന്നെനിക്ക് തോന്നാറുണ്ട്. ഏത് രാജ്യത്ത് യുദ്ധം നടന്നാലും നമ്മെ ബാധിക്കില്ലെന്ന ഭാവവും സുരക്ഷിതത്വ ബോധവുമാണ് നമുക്ക്. എന്നാല്‍ അയര്‍ലണ്ടിലെ ജ്വാനിറ്റ വില്‍സന്‍ എന്ന സംവിധായികയുടെ 2010ല്‍ ഇറങ്ങിയ "As if I am not there" എന്ന ചിത്രം കണ്ടാല്‍ ഒരു യുദ്ധത്തിന്റെ അന്തരീക്ഷത്തില്‍നിന്ന് ഓടിപ്പോന്ന അനുഭവമുണ്ടാകും നമുക്ക്. ദിവസങ്ങളോളം ഈ സിനിമ നമ്മെ വേട്ടയാടും. എല്ലാ യുദ്ധത്തിലും ഏറ്റവും കൂടുതല്‍ ദുരന്തമനുഭവിക്കുന്നതും അനന്തര ഫലമനുഭവിക്കുന്നതും സ്ത്രീകളാണെന്ന വാദത്തെ ഉറപ്പിക്കുന്ന സിനിമയാണിത്. ഈ സിനിമ കണ്ട് കുറേ ദിവസം ഞാന്‍ വല്ലാതെ അസ്വസ്ഥനായിട്ടുണ്ട്. 1990കളിലെ ബോസ്നിയന്‍ യുദ്ധസമയത്തുണ്ടായ ഭയാനകമായ ചില സംഭവങ്ങളുടെ നേര്‍ചിത്രമാണ് "As if I am not there". സെരാജ്വോയിലെ ടീച്ചറായ സമീരക്ക് കരാര്‍ അടിസ്ഥാനത്തില്‍ ദൂരെ ഗ്രാമത്തില്‍ ജോലി ലഭിക്കുന്നു. അവിടുത്തെ മുന്‍ അധ്യാപികയുടെ തിരോധാനം ഇന്നും ദുരൂഹമാണ്. സമീരയെ ആ നാട്ടുകാര്‍ സംശയത്തോടെയാണ് നോക്കിയത്. പഴയ അധ്യാപികയുടെ തിരോധാനമാണ് ഈ സംശയത്തിനു പിന്നില്‍. തൊട്ടടുത്ത പ്രദേശത്ത് സിവില്‍വാര്‍ നടക്കുന്നുണ്ടെങ്കിലും, അന്നാട്ടുകാരിയല്ലാത്തതിനാലാണ് സമീര അതിനെക്കുറിച്ചൊന്നും ചിന്തിച്ച് അസ്വസ്ഥപ്പെട്ടില്ല. പെട്ടെന്ന് ഒരു ദിവസം സെര്‍ബിയന്‍ സേന ആ ഗ്രാമം പിടിച്ചടക്കുകയും ഗ്രാമീണരെ മുഴുവന്‍ ഒരുമിച്ച് ചേര്‍ക്കുകയും ചെയ്തു. സ്ത്രീകളേയും കുട്ടികളേയും ഒരു വിഭാഗമായും പുരുഷന്മാരെ മറ്റൊരു വിഭാഗമായും തരം തിരിച്ചു. പുരുഷന്മാരെ വെടിവച്ചു കൊല്ലുകയും സ്ത്രീകളേയും കുട്ടികളേയും ബന്ദിയാക്കുകയും ചെയ്തു. പ്രായമുള്ള സ്ത്രീകളെ പട്ടാളക്യാമ്പിലെ ജോലി ചെയ്യിക്കുന്നതിനും പെണ്‍കുട്ടികളേയും യുവതികളേയും തങ്ങളുടെ ലൈംഗികദാഹം തീര്‍ക്കുന്നതിനും ഉപയോഗിച്ചു. ഇവരെയെല്ലാം മുറികളില്‍ പൂട്ടിയിട്ടു. സമീര, താന്‍ അന്യനാട്ടുകാരിയാണെന്ന് കേണപേക്ഷിച്ചെങ്കിലും അവളെയും അവര്‍ പീഡിപ്പിച്ചു. തന്റെ ബുദ്ധികൊണ്ടും സൗന്ദര്യം കൊണ്ടും സമീര പട്ടാളമേധാവിയെ വശീകരിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന വൈകാരികമായ സംഭവ വികാസങ്ങള്‍ സിനിമ കാണിച്ചുതരുന്നു. സ്ത്രീകളോടും കുട്ടികളോടും തങ്ങളുടെ മുന്നില്‍ മൂത്രമൊഴിക്കാന്‍ പട്ടാളക്കാര്‍ ആജ്ഞാപിക്കുന്ന ഒരു രംഗം മതി ഈ സിനിമയുടെ ഭീകരത മനസിലാക്കാന്‍. നിരവധി യുദ്ധസിനിമകള്‍ ഞാന്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും മനുഷ്യത്വരഹിതമായ നേരനുഭവങ്ങള്‍ പകര്‍ത്തിയവ കുറവാണെന്നു തോന്നുന്നു. സ്ത്രീകളെ വെറും ലൈംഗിക ഉപകരണമായി കാണുന്ന പുരുഷ മേധാവിത്വം ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. ഒരിക്കല്‍പോലും സ്വന്തം ഭാര്യയേയും മക്കളേയും ഓര്‍ക്കാന്‍ ഒരു പട്ടാളക്കാരനും തയാറാകുന്നില്ല. സമീരയായി അഭിനയിച്ച നടാഷ എന്ന നടിയുടെ അമ്പരപ്പിക്കുന്ന അഭിനയമാണ് ചിത്രത്തില്‍. ഒരു യുദ്ധരംഗം പോലും കാണിക്കാതെ, എന്നാല്‍ യുദ്ധാന്തരീക്ഷത്തിന്റെ ഭീകരത ഒട്ടും ചോര്‍ന്നുപോകാതെയാണ് സംവിധായകന്‍ സിനിമ ചിത്രീകരിച്ചത്. കെട്ടുറപ്പുള്ള തിരക്കഥയാണ് ഈ ചിത്രത്തിന്റേത്. 2010ല്‍ ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റിവലില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍ വന്‍ അംഗീകാരമാണ് കിട്ടിയത്.


Director: Juanita Wilson
SCR Juanita Wilson
Country: Ireland
Language :Bosnian
Release Date:
26 July 2010 (Bosnia and Herzegovina)

Monday, December 23, 2013

കാണേണ്ട സിനിമകൾ : 2 - "The Shawshank Redemption"


The Shawshank Redemption (മോചനം) ന്റെ രാഷ്ട്രീയം !!

[
Review By Ramees Mohamed O]

വിമോചനം, സ്വാതന്ത്ര്യം എന്നിവ ഒന്നും ഒരു സുപ്രഭാതത്തില്‍ കയ്യില്‍ വന്നു വീഴുന്നതല്ല. അതീവമായ ക്ഷമ, പ്രതീക്ഷ, കഠിനാധ്വാനം എന്നിവ എല്ലാം ചേരുമ്പോള്‍ ലഭിക്കുന്ന ഒന്നാണ്.. ഈ സന്ദേശം അതിസുന്ദരമായി പ്രതിപാദിക്കുന്ന ഒരു സിനിമ ആണ് 1994 ല്‍ പുറത്തിറങ്ങിയ ഫ്രാങ്ക് ടാറബോന്റ്റ് സംവിധാനം ചെയ്ത 'SHAWSHANK REDEMPTION'.

ഇരുപതു വര്‍ഷത്തെ അങ്ങേയറ്റത്തെ ക്ഷമയും കാത്തിരിപ്പും ആത്മവിശ്വാസവും കഠിനാധ്വാനവും കൊണ്ടാണ് ആന്റി ഡഫ്രന്സ് ജയിലില്‍ നിന്നും സ്വാതന്ത്ര്യം നേടുന്നത്.. അവസാനം ജയില്‍ ചാടുമ്പോള്‍ അഞ്ഞൂറ് യാര്‍ഡ്‌സ് നീളമുള്ള ജയിലിന്റെ സീവേജ് പൈപ്പിലൂടെ നീങ്ങിയാണ്‌ ആന്റി ജയിലില്‍ നിന്നും രക്ഷപ്പെടുന്നത്.. അഞ്ഞൂറ് യാര്‍ഡ്‌സ് !! അഞ്ചു ഫുട്ബോള്‍ ഫീല്‍ഡിന്റെ നീളം !! അതും മലവും അഴുക്കുകളും മണത്തു കൊണ്ട് അത്രയും ദൂരം താണ്ടി ആണ് അദ്ദേഹം അത് നേടിയെടുത്തത്.. അങ്ങേയറ്റത്തെ ത്യാഗം ഇല്ലാതെ സ്വാതന്ത്ര്യം എന്നത് സ്വപ്നം മാത്രമായി അവശേഷിക്കും എന്ന സന്ദേശം സിനിമ നല്‍കുന്നു..

ആന്റി ജയിലില്‍ നിന്നും രക്ഷപ്പെടുന്നത് വരെ, അദ്ദേഹം ജയില്‍ ചാടാന്‍ വേണ്ടി ഇരുപതു വര്‍ഷത്തോളം ആയി ചെയ്യുന്ന കാര്യങ്ങളും തന്ത്രങ്ങളും കാണുന്ന ആള്‍ക്ക് അതൊരു മണ്ടത്തരം ആയി തോന്നിയേക്കാം.. ആന്റിയുടെ വികാരങ്ങളെ അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയില്ല. എന്നാല്‍ ആ കഠിനാധ്വാനത്തിന്റെ ഭാഗമായി ആന്റി ജയില്‍ വിമോചിതന്‍ ആകുമ്പോള്‍, അവര്‍ തിരിച്ചറിയുന്നു, ആ വികാരത്തിന്റെ പേരു മണ്ടത്തരം എന്നല്ല 'OPTIMISM' എന്നാണു എന്ന്. ആത്മവിശ്വാസം അത് എത്ര തന്നെ അതിര് കടന്നാലും ഗുണമേ ചെയ്യൂ എന്നതാണ് സത്യം..

ലോകത്തില്‍ നടന്നു കൊണ്ടിരിക്കുന്ന ഇന്നത്തെ ചില രാഷ്ട്രീയ അവസ്ഥകള്‍ കാണുമ്പോള്‍, സ്വാതന്ത്ര്യത്തിനു വേണ്ടി ജനങ്ങള്‍ വലിയ ത്യാഗങ്ങള്‍ സഹിക്കുന്നത് കാണുമ്പോള്‍, ആ ത്യാഗത്തെ നോക്കി അത് മണ്ടത്തരം ആണെന്ന് ചിലര്‍ പറയുന്നത് കാണുമ്പോള്‍ ഓര്‍മ്മ വരുന്നത് 'SHAWSHANK REDEMPTION' ആണ്.. ത്യാഗമോ കഠിനാധ്വാനമോ ക്ഷമയോ കാത്തിരിപ്പോ പ്രതീക്ഷയോ ഇല്ലെങ്കില്‍ വിമോചനവും ഇല്ല.. അത് ഒരു സുപ്രഭാതത്തില്‍ കയ്യില്‍ വന്നു വീഴുന്നതല്ല. സിനിമയിലെ നായകന്‍ ആന്റിയെ ഹീറോ ആയി കണ്ടവര്‍ക്ക് അവരെ മണ്ടന്മാര്‍ എന്ന് വിളിക്കാന്‍ പറ്റില്ല..

അങ്ങനെ വിളിക്കുന്നുണ്ടെങ്കില്‍ പോലും ഒരു നാള്‍ ആ പരിഹസിക്കപ്പെടുന്ന ജനം അവരുടെ സ്വാതന്ത്ര്യം നേടിയെടുക്കുമ്പോളെങ്കിലും അവരുടെ വികാരത്തെ നിങ്ങള്‍ 'OPTIMISM' എന്ന് വിളിക്കാന്‍ തയ്യാറാവുക.. ആ നാളുകള്‍ക്കായി കാത്തിരിക്കാം..

"REMEMBER RED, HOPE IS A GOOD THING, MAYBE THE BEST OF THINGS, AND NO GOOD THINGS EVER DIES." - Andy Dufresne (A dialogue from the film) —


Director: Frank Darabont
Writers: Stephen King
Country: USA
Ratings: 9./10

കാണേണ്ട സിനിമകൾ: 1 - "CINEMA PARADISO"

[കടപ്പാട്: സിനിമാപാരഡിസോ തൻസീർ]


സാല്‍വറ്റോര്‍ എന്ന മധ്യവയസ്കനായ സിനിമാ സംവിധായകന്റെ ഓര്‍മകളിലൂടെയാണ് സിനിമാ പാരഡിസോ വികസിക്കുന്നത്. കുട്ടിക്കാലത്ത് തന്റെ അച്ഛന് തുല്യമായി കണ്ടിരുന്ന ഫിലിം ഓപറേറ്റര്‍ ആല്‍ഫഡോയുടെ മരണ വാര്‍ത്ത അറിയുന്ന സാല്‍വറ്റോറിന്റെ ചിന്തകളില്‍ നിറയുന്ന സംഭവബഹുലമായ കഴിഞ്ഞകാലം. കഥയിങ്ങനെ; രണ്ടാംലോക മഹായുദ്ധത്തിനു ശേഷം ഇറ്റലിയിലെ സിസിലിയന്‍ പട്ടണത്തില്‍ "സിനിമാ
പാരഡിസോ" എന്ന സിനിമാ തിയേറ്ററില്‍ ഓപ്പറേറ്ററായിരുന്നു ആല്‍ഫ്രഡോ. തിയേറ്ററിനു തൊട്ടടുത്തുള്ള വീട്ടിലെ ആറു വയസുകാരനായ ടോട്ടോ തിയേറ്ററിലെ നിത്യസന്ദര്‍ശകനാണ്. ടോട്ടോയോട് ഇഷ്ടം തോന്നിയ ആല്‍ഫ്രഡോ പതുക്കെ സിനിമ പ്രദര്‍ശിപ്പിക്കുന്ന വിദ്യകള്‍ ഓരോന്നായി ടോട്ടോയെ പഠിപ്പിക്കുന്നു. കൗതുകക്കണ്ണുകളോടെ എല്ലാ സിനിമകളും കാണുന്ന ടോട്ടോ ചലച്ചിത്ര പ്രദര്‍ശനത്തിന്റെ സാങ്കേതിക വശങ്ങള്‍ പെട്ടെന്ന് പഠിക്കുന്നു. ടോട്ടോ കൗമാരത്തിലെത്തിയ കാലത്ത് ഒരു ദിവസം അപ്രതീക്ഷിതമായി തിയേറ്ററിന് തീപ്പിടിക്കുന്നു. ഈ അപകടത്തില്‍ ആല്‍ഫ്രഡോയുടെ രണ്ടു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെടുന്നു. അതിനുശേഷം നാട്ടുകാരുടെ തീരുമാനപ്രകാരം ടോട്ടോ സിനിമാ പ്രദര്‍ശനം നടത്തുന്നു. ഇതിനിടെ, നാട്ടിലെ ഒരു പെണ്‍കുട്ടിയുമായി ടോട്ടോ പ്രണയത്തിലാകുന്നുവെങ്കിലും വീട്ടുകാരുടെ എതിര്‍പ്പ് കാരണം പ്രണയം പരാജയപ്പെടുന്നു. ഹൃദയവേദനയോടെ ടോട്ടോ പട്ടാളത്തില്‍ ചേരുന്നു. എന്നാല്‍ കളിച്ചുനടന്ന നാടും കൈവിട്ട പ്രണയവും സിനിമാ പാരഡിസോയും ടോട്ടോയെ തിരിച്ചുവിളിക്കുന്നു. ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ ടോട്ടോ പഴയ കാമുകിയെ കാണാന്‍ ശ്രമിക്കുന്നുവെങ്കിലും പരാജയപ്പെടുന്നു. ഒടുവില്‍ നാടുവിടുന്ന ടോട്ടോയെന്ന സാല്‍വറ്റോര്‍ ചലച്ചിത്ര സംവിധായകനാകുന്നു. മുപ്പതു വര്‍ഷങ്ങള്‍ക്കുശേഷം ആല്‍ഫ്രഡോയുടെ മരണവാര്‍ത്തയറിഞ്ഞ് സിസിലിയന്‍ പട്ടണത്തിലേക്ക് തിരിച്ചെത്തുന്ന സാല്‍വറ്റോര്‍ യാദൃച്ഛികമായി പഴയ കാമുകിയുടെ മുഖസാദൃശ്യമുള്ള യുവതിയെ കണ്ടുമുട്ടുന്നു. അന്വേഷണത്തിനൊടുവില്‍ തന്റെ കാമുകിയുടെ മകളെയാണ് താന്‍ കണ്ടതെന്ന് അദ്ദേഹം തിരിച്ചറിയുന്നു. അയാളുടെ മനസില്‍ വീണ്ടും പ്രണയം നുരയുന്നു. ഇതിനിടയില്‍ സിനിമാപാരഡിസോ തിയറ്റര്‍ ഇടിച്ചുപൊളിക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു.
Director: Giuseppe Tornatore
Writers: Giuseppe Tornatore (story), Giuseppe Tornatore
Country: Italy
Ratings: 8.4/10
Won Oscar. Another 19 wins & 16 nominations.