ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Tuesday, December 24, 2013

കാണേണ്ട സിനിമകൾ : 3 - "As If I Am Not There"

[Courtesy : Cinema Paradiso Thanzeer]
 ലോകത്തുള്ള എല്ലാ മനുഷ്യരും എക്കാലവും ഭയപ്പെടുന്ന സംഭവമാണ് യുദ്ധം. പല രാജ്യങ്ങളും ഇപ്പോഴും യുദ്ധത്തിന്റെ ദുരന്തങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. മറ്റു പല സ്ഥലങ്ങളേയുംപോലെ ഒരുപാട് ദുരിതങ്ങള്‍ അനുഭവിക്കാത്തവരാണ് മലയാളികള്‍. അതിന്റേതായ ചില പ്രശ്നങ്ങള്‍ നമുക്കില്ലേ എന്നെനിക്ക് തോന്നാറുണ്ട്. ഏത് രാജ്യത്ത് യുദ്ധം നടന്നാലും നമ്മെ ബാധിക്കില്ലെന്ന ഭാവവും സുരക്ഷിതത്വ ബോധവുമാണ് നമുക്ക്. എന്നാല്‍ അയര്‍ലണ്ടിലെ ജ്വാനിറ്റ വില്‍സന്‍ എന്ന സംവിധായികയുടെ 2010ല്‍ ഇറങ്ങിയ "As if I am not there" എന്ന ചിത്രം കണ്ടാല്‍ ഒരു യുദ്ധത്തിന്റെ അന്തരീക്ഷത്തില്‍നിന്ന് ഓടിപ്പോന്ന അനുഭവമുണ്ടാകും നമുക്ക്. ദിവസങ്ങളോളം ഈ സിനിമ നമ്മെ വേട്ടയാടും. എല്ലാ യുദ്ധത്തിലും ഏറ്റവും കൂടുതല്‍ ദുരന്തമനുഭവിക്കുന്നതും അനന്തര ഫലമനുഭവിക്കുന്നതും സ്ത്രീകളാണെന്ന വാദത്തെ ഉറപ്പിക്കുന്ന സിനിമയാണിത്. ഈ സിനിമ കണ്ട് കുറേ ദിവസം ഞാന്‍ വല്ലാതെ അസ്വസ്ഥനായിട്ടുണ്ട്. 1990കളിലെ ബോസ്നിയന്‍ യുദ്ധസമയത്തുണ്ടായ ഭയാനകമായ ചില സംഭവങ്ങളുടെ നേര്‍ചിത്രമാണ് "As if I am not there". സെരാജ്വോയിലെ ടീച്ചറായ സമീരക്ക് കരാര്‍ അടിസ്ഥാനത്തില്‍ ദൂരെ ഗ്രാമത്തില്‍ ജോലി ലഭിക്കുന്നു. അവിടുത്തെ മുന്‍ അധ്യാപികയുടെ തിരോധാനം ഇന്നും ദുരൂഹമാണ്. സമീരയെ ആ നാട്ടുകാര്‍ സംശയത്തോടെയാണ് നോക്കിയത്. പഴയ അധ്യാപികയുടെ തിരോധാനമാണ് ഈ സംശയത്തിനു പിന്നില്‍. തൊട്ടടുത്ത പ്രദേശത്ത് സിവില്‍വാര്‍ നടക്കുന്നുണ്ടെങ്കിലും, അന്നാട്ടുകാരിയല്ലാത്തതിനാലാണ് സമീര അതിനെക്കുറിച്ചൊന്നും ചിന്തിച്ച് അസ്വസ്ഥപ്പെട്ടില്ല. പെട്ടെന്ന് ഒരു ദിവസം സെര്‍ബിയന്‍ സേന ആ ഗ്രാമം പിടിച്ചടക്കുകയും ഗ്രാമീണരെ മുഴുവന്‍ ഒരുമിച്ച് ചേര്‍ക്കുകയും ചെയ്തു. സ്ത്രീകളേയും കുട്ടികളേയും ഒരു വിഭാഗമായും പുരുഷന്മാരെ മറ്റൊരു വിഭാഗമായും തരം തിരിച്ചു. പുരുഷന്മാരെ വെടിവച്ചു കൊല്ലുകയും സ്ത്രീകളേയും കുട്ടികളേയും ബന്ദിയാക്കുകയും ചെയ്തു. പ്രായമുള്ള സ്ത്രീകളെ പട്ടാളക്യാമ്പിലെ ജോലി ചെയ്യിക്കുന്നതിനും പെണ്‍കുട്ടികളേയും യുവതികളേയും തങ്ങളുടെ ലൈംഗികദാഹം തീര്‍ക്കുന്നതിനും ഉപയോഗിച്ചു. ഇവരെയെല്ലാം മുറികളില്‍ പൂട്ടിയിട്ടു. സമീര, താന്‍ അന്യനാട്ടുകാരിയാണെന്ന് കേണപേക്ഷിച്ചെങ്കിലും അവളെയും അവര്‍ പീഡിപ്പിച്ചു. തന്റെ ബുദ്ധികൊണ്ടും സൗന്ദര്യം കൊണ്ടും സമീര പട്ടാളമേധാവിയെ വശീകരിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന വൈകാരികമായ സംഭവ വികാസങ്ങള്‍ സിനിമ കാണിച്ചുതരുന്നു. സ്ത്രീകളോടും കുട്ടികളോടും തങ്ങളുടെ മുന്നില്‍ മൂത്രമൊഴിക്കാന്‍ പട്ടാളക്കാര്‍ ആജ്ഞാപിക്കുന്ന ഒരു രംഗം മതി ഈ സിനിമയുടെ ഭീകരത മനസിലാക്കാന്‍. നിരവധി യുദ്ധസിനിമകള്‍ ഞാന്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും മനുഷ്യത്വരഹിതമായ നേരനുഭവങ്ങള്‍ പകര്‍ത്തിയവ കുറവാണെന്നു തോന്നുന്നു. സ്ത്രീകളെ വെറും ലൈംഗിക ഉപകരണമായി കാണുന്ന പുരുഷ മേധാവിത്വം ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. ഒരിക്കല്‍പോലും സ്വന്തം ഭാര്യയേയും മക്കളേയും ഓര്‍ക്കാന്‍ ഒരു പട്ടാളക്കാരനും തയാറാകുന്നില്ല. സമീരയായി അഭിനയിച്ച നടാഷ എന്ന നടിയുടെ അമ്പരപ്പിക്കുന്ന അഭിനയമാണ് ചിത്രത്തില്‍. ഒരു യുദ്ധരംഗം പോലും കാണിക്കാതെ, എന്നാല്‍ യുദ്ധാന്തരീക്ഷത്തിന്റെ ഭീകരത ഒട്ടും ചോര്‍ന്നുപോകാതെയാണ് സംവിധായകന്‍ സിനിമ ചിത്രീകരിച്ചത്. കെട്ടുറപ്പുള്ള തിരക്കഥയാണ് ഈ ചിത്രത്തിന്റേത്. 2010ല്‍ ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റിവലില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍ വന്‍ അംഗീകാരമാണ് കിട്ടിയത്.


Director: Juanita Wilson
SCR Juanita Wilson
Country: Ireland
Language :Bosnian
Release Date:
26 July 2010 (Bosnia and Herzegovina)

1 comment:

  1. ഇതൊക്കെ കാണാന്‍ പറ്റുമോ കണ്ടാല്‍ മനസ്സിലാവുമോ

    ReplyDelete