ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Saturday, November 08, 2014

തിരശ്ശീലയില്‍ : Take 3 - "രംഗ് റസിയ" (Rang Rasiya, Hindi, 2014)

[Courtesy : Shyam Narayanan T K]
ലോകപ്രസിദ്ധ ചിത്രകാരനായ രാജാ രവിവര്‍മയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിച്ച ഈ ചിത്രം മംഗള്‍ പാണ്ഡേ, മായ, മിര്‍ച്ച് മസാല തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ കേതന്‍ മേത്തയുടെ ഏറ്റവും പുതിയ സംവിധാനസംരംഭമാണ്. ഏറ്റവും പുതിയതെന്ന് പറയാനാകുമോ എന്നറിയില്ല, എന്തെന്നാല്‍ 2008ല്‍ ചിത്രീകരണം കഴിഞ്ഞ ചിത്രമാണിത്. പല ഫിലിം ഫെസ്റ്റിവലുകളിലും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും നമ്മുടെ ഈ സ്വതന്ത്രഭാരതത്തിലെ ചില മനോഹരമായ സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ മൂലം ഇത്രയും കാലം ചിത്രം തീയറ്ററുകളില്‍ റിലീസ് ആയിരുന്നില്ല. ഇപ്പോള്‍ ആരുടെയോ കൃപകൊണ്ട് ഈ വെള്ളിയാഴ്ച (2014 നവംബര്‍ 7) ചിത്രം തീയറ്ററുകളില്‍ എത്തി.
ഒരു കഥാപാത്രമായി ജീവിക്കുക, ആ കഥാപാത്രത്തിലേക്ക് പരകായപ്രവേശം നടത്തുക, ഇങ്ങനെയൊക്കെ പല നടന്മാരുടെ പ്രകടനങ്ങളെക്കുറിച്ചും നമ്മള്‍ പുകഴ്ത്തിപ്പറയാറുണ്ടെങ്കിലും എല്ലായ്പ്പോഴുമൊന്നും അത്തരമൊരു പ്രകടനം നമുക്ക് കാണാന്‍ സാധിച്ചെന്നുവരില്ല. എന്നാല്‍ ഈ ചിത്രത്തില്‍ രണ്‍ദീപ് ഹൂഡ അക്ഷരാര്‍ത്ഥത്തില്‍ അത്തരമൊരു പ്രകടനമായിരുന്നു കാഴ്ചവെച്ചത്. അന്യായം, ക്ലാസ്സ്‌ എന്നൊന്നും പറഞ്ഞാല്‍ പോര. ചില സ്ഥലങ്ങളില്‍ വീണുപോകുമായിരുന്ന ചിത്രത്തെ സ്വന്തം തോളുകളിലേറ്റി ആത്മവിശ്വാസത്തോടെ ഈ മനുഷ്യന്‍ മുന്നോട്ടുനയിച്ചു. ന്‍റെ അപാരപ്രകടനം ഒന്നുകൊണ്ടുമാത്രമാണ്.
ഇദ്ദേഹം തന്നെയാണ് ഈ ചിത്രത്തിന്‍റെ ആത്മാവ്. തനിക്കാവുന്ന രീതിയില്‍ സ്വന്തം കഥാപാത്രത്തെ മികവുറ്റതാക്കിയ നായിക (നന്ദനാ സെന്‍) പോലും ഈ മനുഷ്യനുമുന്നില്‍ ഒന്നുമല്ലാതെ പോയെന്ന് തോന്നിപ്പിച്ചെങ്കില്‍ അത് ഇദ്ദേഹത്തിന്‍റെ
ചിത്രത്തിലേക്ക് വരികയാണെങ്കില്‍, വളരെ മനോഹരമായ രീതിയില്‍ ചിത്രീകരിച്ച ഒരു സിനിമയാണിത്. ദൃശ്യവിരുന്ന് എന്നൊക്കെ വിളിക്കാവുന്ന ഒന്ന്. രാജാ രവിവര്‍മയുടെ യൌവനം മുതല്‍ മരണത്തിനുമുന്‍പുള്ള കുറച്ച് വര്‍ഷങ്ങള്‍ വരെയുള്ള കഥയാണ് കേതന്‍ മേത്ത ഈ ചിത്രത്തിലൂടെ പറഞ്ഞിരിക്കുന്നത്. കേരളത്തില്‍നിന്നും ബോംബെയില്‍ എത്തുന്ന രവിവര്‍മ ബറോഡ മഹാരാജാവിനു വേണ്ടി ഹിന്ദുപുരാണങ്ങളിലെ ചിത്രങ്ങള്‍ വരയ്ക്കുന്നതും പിന്നീട് സംഭവിക്കുന്ന കാര്യങ്ങളും മറ്റുമാണ് കഥയുടെ ഇതിവൃത്തം. അത്രയും കാലം കല്ലുകളില്‍ കൊത്തിയ ശില്‍പങ്ങളില്‍ സവര്‍ണ്ണര്‍ മാത്രം കണ്ടിരുന്ന ദൈവങ്ങള്‍ക്ക് ഇന്ന് എല്ലാവരുടെയും പൂജാമുറികളില്‍ ചില്ലിട്ടുവെച്ചിരിക്കുന്ന വര്‍ണ്ണശബളമായ രൂപങ്ങള്‍ നല്‍കിയതില്‍ രവിവര്‍മയുടെയും, സുഗന്ധാബായിയുടെയും പങ്ക് എത്രത്തോളമായിരുന്നെന്ന് ഈ ചിത്രം കണ്ടാല്‍ നമുക്ക് മനസിലാകും. സ്വയം ഒരു മനുഷ്യസ്ത്രീ മാത്രമായ തനിക്ക് എങ്ങനെ ദേവിയെപ്പോലെ ഇരിക്കാന്‍ സാധിക്കും എന്ന സുഗന്ധാബായിയുടെ ചോദ്യത്തിന് രവിവര്‍മ പ്രതികരിക്കുന്ന രംഗമൊക്കെ വളരെയേറെ മികച്ചതായിരുന്നു. രവിവര്‍മ വരച്ച ശ്രീരാമന്‍റെ ചിത്രത്തിനുമുന്‍പില്‍ ഒരു സാധാരണക്കാരന്‍ മുട്ടുകുത്തിനിന്ന് രാമകീര്‍ത്തനങ്ങള്‍ പാടുന്ന രംഗവും, ഹിന്ദു ദൈവങ്ങളെ വരച്ചതിനെതിരെ ചോദ്യം ചെയ്യാന്‍ വന്നവരോടുള്ള നര്‍മത്തില്‍ ചാലിച്ച മറുപടികളും, പിന്നീട് ഇന്ത്യന്‍ സിനിമയുടെ തന്നെ പിതാവായ ഫാല്‍ക്കെയും രവിവര്‍മയും തമ്മിലുള്ള ബന്ധവും, അങ്ങനെ പല രംഗങ്ങളും ചിത്രത്തില്‍ മികച്ചുനിന്നു. ചുരുക്കം ചില സ്ഥലങ്ങളില്‍ ഇത്തിരി പാളിപ്പോകുമെന്ന് തോന്നിയെങ്കിലും, പെട്ടെന്നുതന്നെ പഴയഗതിയിലേക്ക് ചിത്രം തിരിച്ചുവന്നു.
ഈ ചിത്രത്തിന്‍റെ റിലീസ് ഇത്രയേറെ വൈകാന്‍ കാരണം ഇതിലെ നഗ്നതാരംഗങ്ങള്‍ ആണെന്നാണ്‌ അറിയാന്‍ കഴിഞ്ഞത്. അത്തരം രംഗങ്ങള്‍ ഉണ്ടെങ്കില്‍പ്പോലും അത്യന്തം മനോഹാരിതയോടെയാണ് അവ ചിത്രീകരിച്ചിരിക്കുന്നത്. ഒരു ഗാനരംഗത്തില്‍ നായികാനായകന്മാര്‍ തങ്ങളുടെ ദേഹത്ത് ചായങ്ങള്‍ പുരണ്ടുകൊണ്ട് ആനന്ദത്തിന്‍റെ പാരമ്യത്തില്‍ നഗ്നരായി പരസ്പരം നോക്കിക്കിടക്കുന്നുണ്ട്. അത്തരമൊരു രംഗത്തില്‍ പോലും പ്രേക്ഷകര്‍ക്ക് ഒട്ടും അശ്ലീലം തോന്നാത്ത വിധത്തില്‍ മനോഹരമായ ഒരു ഓയില്‍ പെയിന്‍റിങ്ങ് കാണുന്ന അനുഭൂതി ഉളവാക്കുന്നതില്‍ സംവിധായകന്‍റെ പങ്ക് ചെറുതല്ല.
നായികയായി നന്ദനാ സെന്‍ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. വളരെ മനോഹരിയായിരുന്നു അവര്‍ ചിത്രത്തില്‍. മറ്റുവേഷങ്ങളില്‍ വന്ന വിപിന്‍ ശര്‍മ, പരേഷ് റാവല്‍, ദര്‍ശന്‍ ജാരിവാല തുടങ്ങിയവരും തങ്ങളുടെ വേഷങ്ങള്‍ നല്ല രീതിയില്‍ ചെയ്തു. ഗാനങ്ങള്‍ നന്നായിരുന്നു, പശ്ചാത്തലസംഗീതം വളരെ മികച്ചുനിന്നു. സാങ്കേതികപരമായി വളരെ മികച്ചുനില്‍ക്കുന്നുണ്ട് ചിത്രം.
കേതന്‍ മേത്തയും സഞ്ജീവ് ദത്തയും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. ചിത്രത്തിലെ കോടതിമുറി രംഗങ്ങളില്‍ രവിവര്‍മയുടെ കലാസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഡയലോഗുകള്‍ സംവിധായകന്‍ സ്വയം സെന്‍സര്‍ബോര്‍ഡിനോട് പറയാതെ പറയുന്നതുപോലെ തോന്നി. അല്ലെങ്കിലും, ആ മഹാത്മാവിനെ ആസ്പദമാക്കി ചെയ്ത സിനിമ ഒടുവില്‍ 'ജീവിച്ചിരുന്നവരും മരിച്ചവരുമായി യാതൊരു സാമ്യവുമില്ല, രഞ്ജിത് ദേശായിയുടെ രാജാ രവിവര്‍മ എന്ന നോവലിനെ ആസ്പദമാക്കി ചെയ്ത സാങ്കല്‍പ്പികസൃഷ്ടി ആണ്' എന്നൊക്കെ ആദ്യം എഴുതിക്കാണിക്കുകയാണെങ്കില്‍ മാത്രം റിലീസ് ചെയ്യാന്‍ സമ്മതിക്കാം എന്ന് വാശിപിടിച്ച സെന്‍സര്‍ബോര്‍ഡിനോടൊക്കെ എന്തുപറയാന്‍!
നല്ലൊരു ചിത്രം, സാധിക്കുമെങ്കില്‍ തീയറ്ററില്‍ കാണാന്‍ ശ്രമിക്കുക. ഈ ചിത്രം നിങ്ങളുടെ തീയറ്റര്‍ വാച്ച് അര്‍ഹിക്കുന്നു.

Friday, November 07, 2014

കാണേണ്ട സിനിമകൾ : 4 - "Oliver Twist" (1948)

[Courtesy : Cinema Paradiso Thanzeer]
ഒരു അനാഥലയത്തില്‍ വെച് ഒലിവറിന് ജന്മം നല്‍കിയിട്ട് അവന്‍റെ അമ്മ മരിക്കുന്നു. അനാഥനാവുന്നതോടെ അവിടത്തെ പീഡനങ്ങള്‍ വര്‍ദ്ധിക്കുകയും ഒന്‍പതാം വയസ്സില്‍ അവനവിടം വിട്ട് ലണ്ടന്‍ തെരുവിലേയ്ക്ക് ഓടിപോവുകയും ചെയ്യുന്നു..

തെരുവില്‍ അവന് കൂട്ടാവുന്നത് ഡോട്ജര്‍ എന്ന പോക്കറ്റടികാരന്‍ പയ്യനാണ്. അവന്‍ ഒലിവറിനെ തന്‍റെ നേതാവായ ഫാജിന്‍റെ താവളത്തിലേയ്ക്ക് കൂട്ടി കൊണ്ടുപോകുന്നു. തെരുവ് പിള്ളേരെ പോക്കറ്റടി പരിശീലിപ്പിക്കലാണ് ഫാജിന്‍റെ പണി..

ബ്രൌണ്‍ലോ എന്ന മാന്യന്‍റെ പോക്കറ്റടിക്കാന്‍ ശ്രമിക്കവേ ഒലിവര്‍ പിടിക്കപെടുന്നുവെങ്കിലും അനാഥ എന്നറിയുമ്പോള്‍ അയാള്‍ അവനെ വീട്ടിലേയ്ക്ക് കൊണ്ട് പോയി സംരക്ഷിക്കുന്നു. തങ്ങളുടെ രഹസ്യങ്ങള്‍ പുറത്താവുമെന്ന ഭീതിയില്‍ ഫാജിനും സംഘവും ഒലിവരിനെ തട്ടികൊണ്ട്പോരുവാന്‍ ശ്രമിക്കുകയും ആ ശ്രമത്തിനിടെ സംഘാഗമായ
നാന്‍സി എന്ന പെണ്‍കുട്ടി കൊല്ലപ്പെടുകയും ചെയ്യുന്നു ..

ഇത് പൊതുജനങ്ങള്‍ക്കിടയില്‍ ഒച്ചപാടുണ്ടാക്കുകയും ബ്രൌണ്‍ലോയുടെ നേത്രത്വത്തില്‍ പോലീസ് അന്ന്വേഷണം നടത്തുകയും ഫാജിനെയും സംഘത്തെയും തടവറയില്‍ എത്തിക്കുകയും ചെയ്യുന്നു.

ഒലിവര്‍ ട്വിസ്റ്റ്‌ന്‍റെ കഥ 14 എണ്ണത്തോളം സിനിമ വന്നിട്ടുണ്ടങ്കിലും ഡേവിഡ് ലീനിന്‍റെ ഈ സിനിമയാണ് കൂടുതലും ഇഷ്ട്ടപ്പെടുക...

Director: David Lean
Writers: Charles Dickens (by), David Lean
Country: UK
Ratings: 7.8/10

Friday, September 05, 2014

ഇപ്പഴത്തെ പെങ്കുട്ട്യോള് കൊള്ളാം, എന്താ ചൂടാവല്.!!!



നമ്മുടെ എല്ലാം ക്യാമ്പസ് ജീവിതം ഒരുപാട് അനുഭവങ്ങള്‍ കൊണ്ടും ഓര്‍മ്മകള്‍ കൊണ്ടും സമ്പന്നമായിരിക്കും. അത്തരത്തില്‍ ഉള്ള ഒരു അനുഭവം ഞാന്‍ പങ്കുവക്കാം. എന്‍റെ സുഹൃത്തിനുണ്ടായ അനുഭവം ഞാന്‍ നിങ്ങളുടെ മുന്നില്‍ എത്തിക്കുന്നു എന്നതാണ് സത്യം.
ഓഗസ്റ്റ്‌ മാസത്തിലെ അവസാനത്തെ ഞായറാഴ്ചയാണ്. കോളേജില്‍ NeST എന്ന കമ്പനിയുടെ പ്ലേസ്മെന്‍റ് നടക്കുന്നു. എന്‍റെ ചില സുഹൃത്തുക്കള്‍ അത് അറ്റന്‍ഡ് ചെയ്യുന്നുണ്ട്. അവര്‍ ടെസ്റ്റ്‌ കഴിഞ്ഞ് ഇന്‍റര്‍വ്യൂവിന് പേര് വിളിക്കാന്‍ കാത്തുനില്‍ക്കുകയാണ്. ഒരു കൂട്ടം വായ്നോക്കികള്‍ ആ കൂട്ടത്തില്‍ അവിടെ അവസരം കാത്തിരിപ്പുണ്ട്‌. അവര്‍ ഓരോരുത്തരുടെ പേര് വിളിക്കുമ്പോള്‍ കമന്‍റടിച്ചും പാട്ട് പാടിയും അവിടെയുള്ളവരുടെ വിരസതക്ക് ഒരു അറുതി വരുത്തിക്കൊണ്ടിരുന്നു. അതിന്നിടക്കാണ് കാണാന്‍ മോശമില്ലാത്ത ഒരു കുട്ടിയുടെ പേര് വിളിച്ചത്. നിങ്ങള്‍ അവളെ കാണാന്‍ സാധ്യത ഇല്ലാത്തോണ്ട് വേണെങ്കില്‍ എനിക്ക് ഐശ്വര്യ റായിയുടെ അത്രേം ലുക്ക് ഉള്ള പെണ്ണ് എന്നൊക്കെ പറയാം. അത്രക്കൊന്നും ഇല്ലെങ്കിലും ആ കുട്ടി തീരെ മോശം ഒന്നും അല്ല കേട്ടോ. എന്തായാലും കാര്യത്തിലേക്ക് വരാം. ആ കുട്ടിടെ പേര് (ശാരി എന്നോ രാഖി എന്നോ മറ്റോ ആണ് പേര്) വിളിച്ചു. ഉടനെ നമ്മുടെ വായ്നോക്കി ടീംസ് പ്രതിധ്വനി പോലെ ആ കുട്ടിടെ പേര് വിളിച്ചു പറഞ്ഞ് കൊണ്ടിരുന്നു. "ശാരി ശാരി" എന്ന വിളി അന്തരീക്ഷത്തില്‍ മുഴങ്ങി. ആ കുട്ടി എഴുന്നേറ്റു. പതിയെ നടന്നു. വായ്നോക്കി ടീംസിന്‍റെ ശബ്ദം കൂടിക്കൊണ്ടിരുന്നു. പെട്ടെന്നാണ് നമ്മുടെ കഥയിലെ ട്വിസ്റ്റ്‌. അവള്‍ അവര്‍ക്ക് നേരെ തിരിഞ്ഞു നിന്ന് ഒറ്റചോദ്യം: "ഇത്രേം അലറി വിളിക്കാന്‍ നിന്‍റെയൊക്കെ ആരെങ്കിലും ചത്തോടാ???"
ടമാര്‍ പടാര്‍, അവര്‍ ആകെ പ്ലിങ്ങിപ്പോയി. ശശ്മാന സോറി ശ്മശാന മൂകത അവിടം മുഴുവന്‍ നിറഞ്ഞു. ഇനി ആ കൂട്ടത്തില്‍ ഉള്ളവര്‍ ഏതു സ്ത്രീയെ അഭിസംബോധന ചെയ്യുമ്പോഴും അതിപ്പോ 'അമ്മേ' എന്ന് വിളിക്കുമ്പോ ആണെങ്കി പോലും നല്ല
അച്ചടക്കം കാണിക്കും, അതുറപ്പ്‌, അമ്മാതിരി ആട്ടല്ലേ ആ കുട്ടിടെ കയ്യീന്ന് കിട്ടീത്. :D
എന്തായാലും ഇപ്പഴത്തെ പെങ്കുട്ട്യോള് കൊള്ളാം, എന്താ ചൂടാവല്...!!!
[കടപ്പാട്: അനുഭവം വാക്കാല്‍ പങ്കുവച്ച, ഈ രംഗത്തിന് ദൃക്സാക്ഷി കൂടി ആയിരുന്ന രാഖില്‍ എന്ന സുഹൃത്തിനോട്‌ :) ]

Monday, July 28, 2014

ചില "ഇമ്മിണി ബല്യ" ചെറിയ പെരുന്നാള്‍ വിശേഷങ്ങള്‍...

വീണ്ടും ഒരു ചെറിയ പെരുന്നാൾ. എല്ലാ തവണയും നാവിൽ വെള്ളമൂറുന്ന സ്വാദിന്‍റെ ഓര്‍മകളുമായാണ് പെരുന്നാള്‍ കടന്നു പോകാറുള്ളത്. കഴിഞ്ഞ തവണ സഹമുറിയന്‍ അഫീഫ് ആയിരുന്നു പെരുന്നാള്‍ മനോഹരം ആക്കിയത്. വടകരയില്‍, കൃത്യമായി പറഞ്ഞാല്‍ നാദാപുരത്തിന് അടുത്ത് പാറക്കടവിലുള്ള അഫീഫിന്‍റെ വീട്ടില്‍ വച്ചുള്ള നോമ്പ് തുറയില്‍ ഞാന്‍ ഉള്‍പ്പെടെ ഒരു സംഘം സുഹൃത്തുക്കള്‍ സാമാന്യം നല്ല രീതിയില്‍ പോളിംഗ് നടത്തി. ഇത്തവണ കോഴിക്കോട്/മലപ്പുറം ഭാഗത്തുള്ള സുഹൃത്തുക്കളുടെയെല്ലാം ക്ഷണം നിരസിക്കേണ്ടി വന്നു, നാട്ടിലെ ചില തിരക്കുകള്‍ തന്നെ ആയിരുന്നു കാരണം. ഏറെ നാളുകള്‍ക്ക് ശേഷം തിരോന്തരത്ത്‌ നിന്നും നാട്ടില്‍ എത്തിയപ്പോള്‍ ഇനിയൊരു യാത്ര വേണ്ടെന്നു വച്ചു എന്നതാണ് സത്യം. പെരുന്നാള്‍ ഓര്‍മകളില്‍ എന്നും തങ്ങി നില്‍ക്കുന്ന നഗരമാണ് കോഴിക്കോട്. എന്നും എന്നെ കൈ നീട്ടി സ്വീകരിചിടുള്ള നാട്. പൊറ്റെക്കാടിന്‍റെ നെഞ്ച് വിരിച്ചു നില്‍ക്കുന്ന പ്രതിമ, സുഹൃത്തുക്കള്‍ ഒന്നിച്ചു ചേരുന്ന മാനാഞ്ചിറ, ഇരമ്പുന്ന സൌഹൃദം ബാക്കി വയ്ക്കുന്ന കോഴിക്കോട് ബീച്ച്, മിഠായി തെരുവിലെ തിരക്ക്, ടൌണിലെ ന്യൂജനറേഷന്‍ ഫ്രീക്സിന്‍റെ പുത്തന്‍ മാളുകള്‍, പാരഗണിലെ ബിരിയാണി, മാന്യമായ രീതിയില്‍ ഓട്ടോ ചാര്‍ജ് മേടിക്കുന്ന ഏറ്റവും സഹൃദയരായ ഓട്ടോക്കാര്‍- അങ്ങനെയങ്ങനെ ഒരുപാട് കാര്യങ്ങള്‍...
ഇത്തവണ പെരുന്നാളിന് ഏറ്റവും കൂടുതല്‍ മിസ്‌ ചെയ്യുന്നത് ഈ കോഴിക്കോടന്‍ വിഭവങ്ങള്‍ തന്നെ. നിലം തൊടാതെയുള്ള പലതവണയുള്ള ഓട്ടത്തിനിടയിലും എന്തിനും സഹായികളായി നില്‍ക്കുന്ന രണ്ട് മൂന്ന് കോഴിക്കോടുകാരുണ്ട്. മാറിയത് ഞാനാണ് കോഴിക്കോടിന് ഒരു മാറ്റവുമില്ല. അതേ തിരക്ക്, അതേ വേഗം. അതേ ആതിഥ്യ മര്യാദ. നന്മയുടെ നഗരം.
നന്ദി...

Thursday, June 12, 2014

"---------------------------------------------------" (പേരിടാത്ത രചന)

പത്രാധിപ സോദരാ,
ഇനിയും പേരിടാത്ത 

ഒരു രചന അയക്കുന്നു,

ഇതിനെ ചവറ്റു കൊട്ടയിലാക്കിയ
ഒരു മാസിക പൂട്ടിപ്പോയി...

മറ്റൊന്നിന്‍റെ സ്ഥാവര ജംഗമ വസ്തുക്കള്‍
എല്ലാം തീപ്പിടുത്തത്തില്‍ എരിഞ്ഞമര്‍ന്നു...

ഇത്രയും പറഞ്ഞത് സ്ഥാപനങ്ങളുടെ കാര്യം...
ഇനി വ്യക്തികളുടെ കാര്യം...

മോശം എന്ന് പറഞ്ഞവന്‍, ഒരു എഡിറ്റര്‍,
ജീവിക്കാനുള്ള 
ആശ തീരും മുന്നേ
അവന്‍റെ കാര്യം 'ഖുദാ ഹവാ'

ഇത് സമയത്തിന് 
അയക്കാതിരുന്ന പോസ്റ്റ്‌മാനിന്ന്,
കാലന്‍റെ അടുക്കല്‍,അങ്ങോട്ടുമിങ്ങോട്ടും
കത്തുകള്‍ എത്തിക്കുന്ന തിരക്കിലാണ്...

ഇതെഴുതിയ കടലാസ് ചോറ് പൊതിയാന്‍ എടുത്തവന്‍,
തെറ്റുകള്‍ തിരുത്തുവോന്‍, ഒരു പ്രൂഫ്‌ റീഡര്‍...
അതവന്‍റെ കൊലച്ചോറായി
ആ ചോറ് 
വിഴുങ്ങും മുന്നേ ആയുസ്സൊടുങ്ങി!!!

വലിച്ചെറിഞ്ഞ മറ്റൊരുവള്‍-മാസികയുടെ പത്രാധിപര്‍,
അവളെ അവളുടെ കെട്ടിയോനും വലിച്ചെറിഞ്ഞു
ഇന്നവരുടെ വിവാഹമോചനക്കേസ് 
വിധി കാത്ത് വഞ്ചിയൂര്‍ കോടതിയിലുണ്ട്...

ഇങ്ങനെ ഒക്കെ എഴുതാന്‍ പറഞ്ഞ സുഹൃത്തിന്
പറഞ്ഞു തീരുന്നേനും മുന്നേ നാട്ടിലേക്കുള്ള
റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പറ്റി..

മാഗസിന് അയക്കാന്‍ പറഞ്ഞ സുഹൃത്തിന്‍റെ 
ഏറെനാള്‍ നീണ്ടു നിന്ന പല്ലുവേദന മാറി...

എഴുതാന്‍ പേന തന്ന സഹോദരിക്ക് 
തൂലികാ സൗഹൃദം വഴി കല്യാണവുമായി...ഇത്രയും പറഞ്ഞ സ്ഥിതിക്ക്,
ഈ രചന കൂടി കോളേജ് മാഗസിനില്‍...???

ഇത് നിങ്ങള്‍ പ്രസിദ്ധീകരിക്കുമോ?
ഇല്ലെങ്കില്‍ ഫേസ്ബുക്കിലും ബ്ലോഗ്ഗിലും ചിത്രവും ഫോണ്‍ നമ്പറും സഹിതം
"ഷെയര്‍ ചെയ്യാത്തോന്‍റെ കാലൊടിയും
ലൈക്‌ ചെയ്യത്തോള്ടെ കയ്യൊടിയും" എന്നിടണം...
അവിടെയുണ്ട്, കണ്ണട വച്ച, കാഷായ വസ്ത്രം ധരിക്കാത്ത
'ന്യൂജനറേഷന്‍ ബുദ്ധി'ജീവികള്‍...
അവരിത് നാട് മുഴുവന്‍ എത്തിച്ചോളും...