ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Sunday, October 30, 2011

പ്രാണനേക്കാള്‍ മാനത്തെ മാനിച്ച പെണ്‍കൊടി*



ഒറ്റകൈയന്റെ ക്രൂരതയ്ക്കു മുമ്പേ നിന്‍റെ

ജീവന്‍ പറന്നകന്നിരുന്നെങ്കില്‍ എന്നാണു

വാര്‍ത്ത കേട്ട മാത്രയില്‍ ഞാനാശിച്ചത്.

ഹൃദയം നുറുങ്ങുന്ന നിന്റെ നിലവിളികള്‍ക്കപ്പുറത്തേക്ക്

സ്വാര്‍ഥരായ യാത്രികരുമായി തീവണ്ടി നീങ്ങുമ്പോള്‍

നീ എന്തു വേദനിച്ചിരിക്കും?

തലക്കേറ്റ ക്ഷതത്തിനപ്പുറം ബാക്കിയായ ബോധത്തില്‍

ചാരിത്ര്യം കവരുന്നയറിവില്‍ നീ മരിക്കാതെ മരിച്ചിരിക്കാം.

അന്യന്റെ അടുക്കളയില്‍ കരിപാത്രങ്ങള്‍ കഴുകുന്ന

അമ്മയും തട്ടിപ്പിനിരയായ ജ്യേഷ്ടനും

ഉപേക്ഷിച്ചുപോയ അച്ഛന്റെ ശൂന്യതയും

ദാരിദ്ര്യം മേയുന്ന കൊച്ചുവീട്ടില്‍ നിന്ന്

ജോലിതേടിയൊരു യാത്ര സഫലമാവുമ്പോള്‍

ഏതൊരു പെണ്‍കൊടിയെയും പോലെ നിന്റെ സ്വപ്‌നങ്ങളും

പൂത്തുലയാന്‍ തുടങ്ങിയിരിക്കാം...

കൈചേര്‍ത്തുപിടിക്കാനൊരാള്‍ ചാരെയണയുന്നതും

മനതാരില്‍ കണ്ടുള്ളൊരാ യാത്ര തന്നെ

നിന്റെ ജീവനും കവര്‍ന്നുപോയിരിക്കുന്നു.

തലച്ചോറിലെ രക്തസ്രാവവുമായി

വെന്റിലേറ്ററില്‍ നീ മരണത്തോടു മല്ലിടുമ്പോള്‍

നീ തിരികെ വരാതിരുന്നെങ്കില്‍ എന്നായിരുന്നു

എന്റെ ചിന്ത.

സമൂഹം കാത്തുവച്ചിരിക്കുന്ന സഹതാപവും

ചൂണ്ടിക്കാട്ടലുകളും അടയാളവാക്കുകളും

നിന്നെ വേദനിപ്പിക്കുന്നത് എനിക്കിഷ്ടമല്ലാത്തതിനാലാണ്

ഈ ക്രൂരമായ ചിന്തയെനിക്കു പകര്‍ന്നു തന്നത്.

നാലാളു കൂടുന്നിടത്തെ തുറിച്ചുനോട്ടങ്ങളെ

നിനക്കതിജീവിക്കാനാവില്ലെന്നെനിക്കുറപ്പുണ്ട്.

അബോധാവസ്ഥയില്‍ നീ ദൈവത്തോടു തേടിയിരുന്നതും

ഇതേ മരണമായിരുന്നുവെന്നെനിക്കുറപ്പുണ്ട്.

നിനക്കൊപ്പം ബാക്കിയായ സ്വപ്‌നങ്ങള്‍ക്കൊപ്പം

അക്രമിയോടുള്ള അടങ്ങാത്ത പകയുമീ

സമൂഹത്തിന് കൈമാറുക, നാളെയൊരു

പെണ്‍കിടാവിനുമീ ഗതി വരുത്താതിരിക്കാന്‍ അതുപകരിക്കട്ടെ...





* പെണ്ണുകാണല്‍ ചടങ്ങിനായി എറണാകുളത്തെ ജോലിസ്ഥലത്തു നിന്ന് ഷൊര്‍ണൂര്‍ മഞ്ഞക്കാട്ടിലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഗോവിന്ദച്ചാമിയെന്ന ഒറ്റക്കൈയന്‍ അക്രമി ട്രെയിനില്‍ നിന്ന് തള്ളിയിട്ട് മാനഭംഗപ്പെടുത്തുകയും വീഴ്ചയിലും അക്രമിയുടെ ആക്രമണത്തിലും തലക്കേറ്റ ക്ഷതത്തില്‍ ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങുകയും ചെയ്ത പെണ്‍കുട്ടി.
(
നെറ്റില്‍ നിന്നും കിട്ടിയത് )

Wednesday, October 26, 2011

ഫേസ്ബുക്കില്‍ സ്റ്റാറാകാന്‍ സൌജന്യഗൈഡ്.

ഫേസ്‌ബുക്കില്‍ പുതുതായി എത്തുന്ന എല്ലാവരുടെയും ആഗ്രഹം, നാലാള്‍ അറിയുന്ന ബുക്കനോ ബുക്കിയോ ആവുക എന്നാണല്ലോ. ഇഷ്ടം പോലെ ഫ്രണ്ട്സും കമന്റുമായി ചിലര്‍ വിലസുന്നതു കാണുമ്പോള്‍, അതുപോലെയൊക്കെ ആകണമെന്ന് ആരാ ആശിയ്ക്കാത്തത്? എന്നാല്‍ കളത്തിലിറങ്ങുമ്പോഴാണ് കാര്യങ്ങള്‍ ഉദ്ദേശിച്ചത്ര എളുപ്പമല്ലെന്നു മനസ്സിലാകുന്നത്. എത്രയൊക്കെ ചിന്തിച്ചുമിനുക്കി നല്ല നല്ല സ്റ്റാറ്റസ് ഇട്ടാലും ആരും തിരിഞ്ഞു നോക്കില്ല. ആരുടെയെങ്കിലുമൊക്കെ സ്റ്റാറ്റസുകളില്‍ കമന്റിട്ടാലോ ഒരു ലൈക്കു പോലും കിട്ടുകയുമില്ല. ഇങ്ങനെ നിരാശപ്പെട്ടിരിയ്ക്കുന്ന പുതു ബുക്കന്‍/ബുക്കിമാര്‍ക്കായി ഇതാ ഒരു സൌജന്യ ഗൈഡ്.

1. “ഫസ്റ്റ് ഇമ്പ്രെഷന്‍ ഈസ് ബെസ്റ്റ് ഇമ്പ്രഷന്‍“ എന്നാണല്ലോ. നിങ്ങള്‍ ഒരു “ഫീമെയില്‍“ ആണെങ്കില്‍ ഭാഗ്യവതി, പകുതി അധ്വാ‍നം കുറഞ്ഞു. കാണാന്‍ മോശമല്ലാത്ത ഒരു ഫോട്ടോ, “ഫോട്ടോഷോപ്പി“ലെ “Hue/Saturation“ സെറ്റിംഗ് അഡ്ജസ്റ്റ് ചെയ്തു വെളുപ്പിച്ച് പ്രൊഫൈല്‍ ചിത്രമായി ഇടുക. ഇനി സ്വന്തം ചിത്രം ഇടാന്‍ മടി ആണെങ്കില്‍ ഏതെങ്കിലും നടിയുടെ പടം‍, പുഷ്പങ്ങള്‍, മെഴുകുതിരി, മത്തങ്ങ ഇതൊക്കെ ഇട്ടാലും മതി. അതുപോലെ സ്വന്തം പേരിനൊപ്പം നായര്‍, മേനോന്‍, നമ്പ്യാര്‍, നമ്പൂതിരി, പിഷാരടി, വാര്യര്‍ അങ്ങനെയുള്ള ഏതെങ്കിലും ഒരു വാല്‍ കൂടി ചേര്‍ക്കുന്നത് മൈലേജ് കൂട്ടും. എന്തായാലും പേരിന് ഒരു ഗ്ലാമറും തറവാടിത്തവും ഉണ്ടായിരിയ്ക്കണം.

2. നിങ്ങള്‍ പുരുഷനാണെങ്കില്‍ കുറെ കഷ്ടപ്പെടേണ്ടി വരും. സ്വന്തം ഫോട്ടോ വെച്ചുള്ള കളിയ്ക്ക് വലിയ ഗ്യാരണ്ടിയൊന്നുമില്ല. അത്ര തന്റേടം ഉണ്ടെങ്കില്‍ ശ്രമിച്ചു നോക്കാമെന്നു മാത്രം. പിന്നെ മേല്പറഞ്ഞ ഒരു വാല്‍ കൂടി ഫിറ്റു ചെയ്താല്‍ നന്ന്. ഒരു വെറൈറ്റിയ്ക്ക് വേണമെങ്കില്‍ ജാതിവാല്‍ ആദ്യം ചേര്‍ക്കാവുന്നതാണ്. ഉദാഹരണം നായര്‍ ബിജു, നമ്പൂതിരി ബിജു, നമ്പ്യാര്‍ ബിജു എന്ന പോലെ. ഫീമെയിലുകള്‍ക്കും ഈ വിദ്യ പയറ്റാം. പെട്ടെന്ന് ശ്രദ്ധിയ്ക്കപ്പെടും. (നമ്മള്‍ അല്പം “കൂടിയ“ ഇനമാണെന്ന് മറ്റുള്ളവരെ അറിയിയ്ക്കാനുള്ള എളുപ്പവിദ്യയാണിത്. )

3. ഇനി വേണ്ടത് കൂലങ്കഷമായ പരിസരനിരീക്ഷണമാണ്. നിലവില്‍ ആരൊക്കെയാണ് തിളങ്ങി നില്‍ക്കുന്നതെന്ന് കണ്ടുപിടിയ്ക്കുക. അടുത്തപടി അവരുടെ സ്റ്റാറ്റസുകളില്‍ കമന്റെഴുതല്‍. ഇവിടെയും ഫിമെയിലുകള്‍ പെട്ടെന്ന് ശ്രദ്ധിയ്ക്കപെടുമെന്ന് മനസ്സിലാക്കുക. അല്പം പഞ്ചാരയും പൈങ്കിളിയും കലര്‍ത്തി വേണം കമന്റെഴുത്ത്. എന്നാല്‍ പുരുഷഗണത്തിന് അത്ര ഈസിയല്ല കാര്യങ്ങള്‍. സ്റ്റാറ്റസ് ഉടമസ്ഥനെ പരമാവധി പുകഴ്ത്താന്‍ മറക്കാതിരിയ്ക്കുക. ആള്‍ എന്തു പറഞ്ഞാലും അതു ശരിയാണെന്ന് ഉടന്‍ കമന്റെഴുതണം. അങ്ങനെ പലതവണ ആകുമ്പോള്‍ അയാള്‍ നിങ്ങളെ ശ്രദ്ധിച്ചു തുടങ്ങും. ഒപ്പം അവിടെ കമന്റുന്ന മറ്റുള്ളവരും നിങ്ങളെ ശ്രദ്ധിയ്ക്കും.

4. ഫീമെയിലുകള്‍ ഇടയ്ക്കിടെ സ്വന്തം ഫോട്ടോകള്‍ (മുഖശ്രീ ഉണ്ടെങ്കില്‍ മാത്രം) -- പാറപ്പുറത്ത് നില്‍ക്കുന്നത്, മരക്കൊമ്പില്‍ ഇരിയ്ക്കുന്നത്, സോഫയില്‍ കിടക്കുന്നത്, പല്ലുകാട്ടിച്ചിരിയ്ക്കുന്നത് ക്ലോസപ്പില്‍, അങ്ങനെ പല പോസിലുള്ളത് പോസ്റ്റണം. ആണുങ്ങള്‍ക്കും ആകാം, പക്ഷെ റിസള്‍ട്ടിനു ഗ്യാരണ്ടിയൊന്നുമില്ല.

5. ഇങ്ങനെ ഒരു മാസമെങ്കിലും മുന്നോട്ടുപോയാല്‍ നിങ്ങള്‍ അല്പസ്വല്പം ശ്രദ്ധിയ്ക്കപ്പെട്ടിട്ടുണ്ടാകും. ഇനി സ്വന്തം സ്റ്റാറ്റസെഴുത്തിലേയ്ക്ക് കടക്കാം. ഇംഗ്ലീഷിലാണെങ്കില്‍ നെറ്റില്‍ തപ്പിയാല്‍ നല്ല വാചകങ്ങള്‍ കിട്ടും. ശ്രദ്ധിയ്ക്കേണ്ടകാര്യം, നമുക്കോ വായിയ്ക്കുന്നവര്‍ക്കോ തീരെ മനസ്സിലാകാത്തത് വേണം തിരഞ്ഞെടുക്കാന്‍ എന്നതാണ്. ധൈര്യമായി പോസ്റ്റുക. അധികം കമന്റൊന്നും വന്നില്ലെങ്കിലും നമ്മളെ പറ്റി ഒരു മതിപ്പുണ്ടാകും. മലയാളമാണെങ്കില്‍ വാരികകളില്‍ നോക്കി നല്ല വാചകങ്ങള്‍ എടുക്കുക. ഇവിടെയും പുരുഷന്മാര്‍ അല്പം ഉഷ്ണിച്ചാലെ ആരെങ്കിലും തിരിഞ്ഞു നോക്കൂ.

6. അല്പം “ലോ ഫ്ലോറാ“കാന്‍ തയ്യാറുണ്ടെങ്കില്‍ വളരെ പെട്ടെന്ന് ശ്രദ്ധിയ്ക്കപ്പെടാം. ഫീമെയിത്സ് അവരുടെ കുടുംബ-സ്വകാര്യ വിഷയങ്ങള്‍ ഒന്നു സ്റ്റാറ്റസിട്ടു നോക്കൂ.. ബന്ദിനു കല്ലേറു വരുന്നപോലെ കമന്റുകള്‍ പറന്നു വരുന്നതു കാണാം. ഓരോ കമന്റിനും റിപ്ലൈ ഇടണം. ഒന്നും കിട്ടിയില്ലെങ്കില്‍ “ഹി ഹി ഹി.., :-)))“ എന്നിവ ആവശ്യം പോലെ ഉപയോഗിയ്ക്കുക. കമന്റെഴുതുന്നവന് അല്പം ഇക്കിളിയുണ്ടാക്കുന്ന റിപ്ലൈ ഇട്ടുകൊണ്ടിരുന്നാല്‍ അവന്‍ ഒറ്റയ്ക്ക് സെഞ്ച്വറി കടത്തിത്തരും. എന്തായാലും ശരാശരി നൂറു കമന്റ് കിട്ടിയാല്‍ നിങ്ങള്‍ സ്റ്റാറായി എന്നര്‍ത്ഥം. പുരുഷന്മാര്‍ ഈ വിദ്യ പ്രയോഗിച്ചാല്‍ അത്ര ഫലിയ്ക്കില്ല. അവര്‍ ചെയ്യേണ്ടത്, രാഷ്ട്രീയം, മതം, സഹ ബുക്കന്‍/ബുക്കികളെ പറ്റി എന്തെങ്കിലും ഗോസിപ്പ് ഈ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നു തിരഞ്ഞെടുക്കുക എന്നതാണ്. എതിര്‍ കക്ഷിക്കാര്‍ ആരെങ്കിലും ചൂണ്ടയില്‍ കൊത്തിയാല്‍ പിന്നെ അവനെ ആവോളം പ്രകോപിപ്പിയ്ക്കുക. ഒപ്പം ഫേസ്ബുക്കിന്റെ പുതിയ ഫീച്ചറായ “Mentioning" ഉപയോഗിച്ച് കുറേപ്പേരെ ഇതിലേയ്ക്ക് വലിച്ചിടുകയും വേണം. സംഗതി എല്ലാം ഒത്തുവന്നാല്‍ നൂറു കമന്റ് ഉറപ്പ്.

7. അല്പം സാഹിത്യ “വാസന” ഉള്ള കൂട്ടത്തിലാണെങ്കില്‍ നോട്ടെഴുത്ത് ആരംഭിയ്ക്കാനുള്ള സമയമാണിത്. ഫീമെയില്‍ ആണെങ്കില്‍ വായില്‍ തോന്നുന്നത് എന്തെങ്കിലുമൊക്കെ എഴുതിവിടുക. “നീ, ഞാന്‍, പ്രണയം, മഴ ‍” എന്നീ വാക്കുകള്‍ ആവശ്യം പോലെ വാരിയിട്ടേക്കണം. നോട്ടില്‍ ആരെയും ടാഗ് ചെയ്യേണ്ട കാര്യമൊന്നുമില്ല. കൂഴച്ചക്കയില്‍ ഈച്ചയാര്‍ക്കുന്നതു പോലെ ആളുകൂടും. പുരുഷന്മാര്‍ക്ക് ഇവിടെയും കാര്യങ്ങള്‍ അല്പം വിഷമമാണ്. എങ്കിലും പറ്റുന്നതു പോലെ ശ്രമിയ്ക്കുക. പ്രണയം, അല്പം സെക്സ്, ദ്വയാര്‍ത്ഥപ്രയോഗങ്ങള്‍ ഇവയൊക്കെ പരീക്ഷിയ്ക്കാവുന്നതാണ്. ഒരു അന്‍പത് പേരെയെങ്കിലും ടാഗ് ചെയ്യുക. കുറച്ച് പേര്‍ക്ക് മെസേജയയ്ക്കുക, വേണ്ടി വന്നാല്‍ അല്പം ഭീഷണിയുമാകാം “ഞാന്‍ തന്റെ എല്ലാ പോസ്റ്റിലും കമന്റുന്നതല്ലേ, പിന്നെന്താ എന്റെ പോസ്റ്റില്‍ കമന്റാത്തത്” എന്ന മോഡലില്‍. ഒരു വിധപ്പെട്ടവനൊക്കെ വന്നിട്ട് “ഉഗ്രന്‍, സൂപ്പര്‍, കിടിലന്‍” എന്നൊക്കെ പറഞ്ഞിട്ടു പോകും.

8. ഇത്രയൊക്കെ ചെയ്തിട്ടും കാര്യമായ നേട്ടമില്ലാത്ത പുരുഷപ്രജകള്‍ക്ക് (സ്ത്രീകള്‍ ആള്‍റെഡി സ്റ്റാറായിക്കഴിഞ്ഞിരിയ്ക്കും) അവസാനത്തെ ഒരടവുണ്ട്. ഒന്നോ രണ്ടോ ഫേയ്ക്ക് ഫീമെയില്‍ ഐഡികള്‍ ഉണ്ടാക്കുക. മാറി മാറി ലോഗിന്‍ ചെയ്തോ ഒന്നിലധികം കമ്പ്യൂട്ടര്‍ ഉപയോഗിച്ചോ “അവരെ“ക്കൊണ്ട് സ്വന്തം സ്റ്റാറ്റസില്‍ കമന്റിപ്പിയ്ക്കുക. ഫീമെയില്‍ ഐഡിയും നമ്മളുമായി ഒരു പഞ്ചാര-സല്ലാപ രീതിയില്‍ വേണം സംഗതി പുരോഗമിയ്ക്കേണ്ടത്. അപ്പോള്‍ പെണ്ണിന്റെ കമന്റ് കണ്ട് കുറേപ്പേര്‍ എത്തും. അവര്‍ക്കും അല്പം പഞ്ചാര വിതറുക. അന്‍പത് കമന്റെങ്കിലും ഷുവര്‍.

ഇനിയും രക്ഷയില്ലെങ്കില്‍ അക്കൌണ്ട് ഡീആക്ടിവേറ്റ് ചെയ്ത് തൂമ്പയെടുത്ത് പറമ്പില്‍ കിളയ്ക്കുക. ഫേസ്ബുക്ക് കുടുംബംകലക്കിയാണെന്ന് നാലുപേരോട് പറയുക.

നിങ്ങള്‍ സ്റ്റാറായി എന്നു തോന്നിയാല്‍ പിന്നെ ചെയ്യേണ്ട ചിലകാര്യങ്ങള്‍ കൂടി പറയട്ടെ:

-> സ്വന്തം പോസ്റ്റില്‍ പോലും കാര്യമായി കമന്റെഴുതരുത്. പെണ്‍‌മണികള്‍ക്കുമാത്രം റിപ്ലൈ കമന്റാം. മറ്റുള്ളവരുടെ പൊസ്റ്റില്‍ പോകുകയേ ചെയ്യരുത്.

-> ഫീമെയിത്സിന്റേതൊഴിച്ച്. ആരോടെങ്കിലും “ഹായ്” പറഞ്ഞിട്ട് തിരിച്ചു പറഞ്ഞില്ലെങ്കില്‍ ഭൂകമ്പം ഉണ്ടാക്കുക. അവരറിയട്ടെ നമ്മുടെ വെയിറ്റ്.

-> പെണ്ണാണെന്ന് ഉറപ്പുണ്ടെങ്കിലേ ചാറ്റാന്‍ നില്‍ക്കാവൂ. പലരോടു ചാറ്റുമ്പോള്‍ വിന്‍ഡോ മാറിപ്പോകാതെ സൂക്ഷിയ്ക്കണം.

.
.

അടിക്കുറിപ്പ്: ഈ ഗൈഡിന്റെ ഉദാഹരണ സഹിതമുള്ള പുസ്തകം ലഭ്യമാണ്. ആവശ്യമുള്ളവര്‍ മെയിലയയ്ക്കുക. ;)
[ഇന്റര്‍നെറ്റില്‍ വായിച്ചത്, ഇവിടെ കോപ്പി ചെയ്യുന്നു]

Sunday, October 02, 2011

പുതിയ ജീവിതത്തിനു തുടക്കമിടാന്‍ " ഒരു വിരാമം "...

...തീര്‍ന്നു.
അങ്ങനെ എന്‍റെ (അല്ല, ഞങ്ങളുടെ എല്ലാം) ജീവിതത്തിലെ മറ്റൊരു യുഗം കൂടി കഴിഞ്ഞു . ഈ കടന്നു പോയ നാല് വര്‍ഷങ്ങള്‍. ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത വസന്ത കാലം-നമ്മുടെ കോളേജ് ലൈഫ്....

ആദ്യം കോളേജില്‍ വന്നപ്പോള്‍ വരാന്‍ പോകുന്ന നാല് വര്‍ഷങ്ങള്‍ ജീവിതത്തില്‍ അപൂര്‍വമായ ഒരു അനുഭവം ആകുമെന്ന് വിചാരിച്ചില്ല. ഒരു സാധാരണ കോളേജ് ലൈഫ്... അത് മാത്രം ആണ് മനസ്സില്‍.
കൂട്ടുകാര്‍, കറക്കം, സിനിമ, പാര്‍ക്ക്‌... അങ്ങനെ.

പക്ഷെ, ആ നാല് വര്‍ഷങ്ങള്‍ തുടങ്ങിയപ്പോള്‍ മനസിലായി, ഇതുവരെ കേട്ടതൊന്നുമല്ല കോളേജ് ലൈഫ് എന്ന്. ഒരുപാടു ഒരുപാടു പുതിയ അനുഭവങ്ങളും പാഠങ്ങളും ആണ് കിട്ടിയത്. ജീവിതത്തില്‍ പ്രധാനപ്പെട്ട ഒരു കാലഘട്ടം. ജീവിതത്തിന്‍റെ വഴിത്തിരിവിലേക്കുള്ള പ്രായം. ഈ കാലത്തില്‍ സ്വന്തം ഭാവിയെക്കുറിച്ച് എല്ലാരും സ്വപ്നം കാണുന്നു... ഓരോരോ പ്ലാന്‍ തയ്യാറാക്കുന്നു... അപ്പോഴേക്കും കൂട്ടുകാരില്‍ നിന്നും മധുരമുള്ളതും കയ്പ്പുള്ളതുമായ അനുഭവങ്ങള്‍, അതില്‍ നിന്നെല്ലാം കിട്ടുന്ന പുതിയ അറിവുകള്‍... ഒരുപക്ഷെ കോളേജില്‍ പഠിച്ചതിനേക്കാള്‍ വിലമതിക്കുന്ന പാഠങ്ങള്‍ ആണ് ഈ അനുഭവങ്ങള്‍ എല്ലാം...

പുതിയ ഒരുപാടു കൂട്ടുകാര്‍.. ചിലര്‍ക്ക് കിട്ടുന്നതോ, സ്വന്തം ജീവിത പങ്കാളിയെ. പരസ്പരം സ്നേഹിക്കാനും കുറ്റം പറയാനും, അടികൂടാനും നമുക്കു ചുറ്റിനും നമ്മുടെ സ്വന്തമെന്നു മനസ് പറയുന്ന കൂട്ടുകാര്‍... പിന്നെ ഇടക്കിടെ പിണങ്ങാനും, നമുക്കു വേണ്ടി കാത്തിരിക്കാനും ഒക്കെ ഓരോരുത്തര്‍ ഉണ്ടാകുന്നത് എന്ത് രസമാണ്?..അവരുടെ കൂടെ പുറത്തൊക്കെ കറങ്ങാന്‍ പോകുക, സിനിമ കാണുക, സ്പോര്‍ട്സ് ഡേ വരുമ്പോള്‍ മുങ്ങുക... അങ്ങനെ കൂട്ടുകാരോന്നിച്ചു എന്തെല്ലാം വേലത്തരങ്ങള്‍... അതൊക്കെ ഇതുവരെ കാണാത്ത ഒരു പുതിയ ലോകം. പുതിയ ജീവിതം. പുതിയ പാഠങ്ങള്‍.

ഇനി അങ്ങനെ ഒരു ലൈഫ് ഇല്ല എന്നറിയാം. കഴിഞ്ഞു പോയതൊന്നും തിരിച്ചു വരില്ല എന്നും അറിയാം. എന്നാലും അതൊക്കെ ഒന്നു കൂടി തിരിച്ചു കിട്ടിയെങ്കില്‍ എന്ന് മനസ്സില്‍ തോന്നുകയാണ്... അതെ. മനസ് അങ്ങനെയാണ്... ചിലപ്പോള്‍ കയ്യെത്താദൂരത്തുള്ളത് നോക്കി കൊതിക്കും. അത് കിട്ടില്ല എന്നറിയാമെങ്കില്‍പോലും കൊതിക്കും. എന്നിട്ട് കിട്ടാതാകുമ്പോള്‍ വല്ലാതെ വിഷമിക്കും... കൂട്ടം പിരിഞ്ഞ കൂട്ടുകാരെയും, കാലം കവര്‍ന്നെടുത്ത കോളേജ് ജീവിതത്തെയും നോക്കി മനസ് കൊതിക്കുകയാണ്... ഈ വസന്തകാലം ഇനിയും തളിരിടുമോ...? ഇനിയും...

തീരാതിരുന്നെങ്കില്‍...