ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Sunday, October 30, 2011

പ്രാണനേക്കാള്‍ മാനത്തെ മാനിച്ച പെണ്‍കൊടി*



ഒറ്റകൈയന്റെ ക്രൂരതയ്ക്കു മുമ്പേ നിന്‍റെ

ജീവന്‍ പറന്നകന്നിരുന്നെങ്കില്‍ എന്നാണു

വാര്‍ത്ത കേട്ട മാത്രയില്‍ ഞാനാശിച്ചത്.

ഹൃദയം നുറുങ്ങുന്ന നിന്റെ നിലവിളികള്‍ക്കപ്പുറത്തേക്ക്

സ്വാര്‍ഥരായ യാത്രികരുമായി തീവണ്ടി നീങ്ങുമ്പോള്‍

നീ എന്തു വേദനിച്ചിരിക്കും?

തലക്കേറ്റ ക്ഷതത്തിനപ്പുറം ബാക്കിയായ ബോധത്തില്‍

ചാരിത്ര്യം കവരുന്നയറിവില്‍ നീ മരിക്കാതെ മരിച്ചിരിക്കാം.

അന്യന്റെ അടുക്കളയില്‍ കരിപാത്രങ്ങള്‍ കഴുകുന്ന

അമ്മയും തട്ടിപ്പിനിരയായ ജ്യേഷ്ടനും

ഉപേക്ഷിച്ചുപോയ അച്ഛന്റെ ശൂന്യതയും

ദാരിദ്ര്യം മേയുന്ന കൊച്ചുവീട്ടില്‍ നിന്ന്

ജോലിതേടിയൊരു യാത്ര സഫലമാവുമ്പോള്‍

ഏതൊരു പെണ്‍കൊടിയെയും പോലെ നിന്റെ സ്വപ്‌നങ്ങളും

പൂത്തുലയാന്‍ തുടങ്ങിയിരിക്കാം...

കൈചേര്‍ത്തുപിടിക്കാനൊരാള്‍ ചാരെയണയുന്നതും

മനതാരില്‍ കണ്ടുള്ളൊരാ യാത്ര തന്നെ

നിന്റെ ജീവനും കവര്‍ന്നുപോയിരിക്കുന്നു.

തലച്ചോറിലെ രക്തസ്രാവവുമായി

വെന്റിലേറ്ററില്‍ നീ മരണത്തോടു മല്ലിടുമ്പോള്‍

നീ തിരികെ വരാതിരുന്നെങ്കില്‍ എന്നായിരുന്നു

എന്റെ ചിന്ത.

സമൂഹം കാത്തുവച്ചിരിക്കുന്ന സഹതാപവും

ചൂണ്ടിക്കാട്ടലുകളും അടയാളവാക്കുകളും

നിന്നെ വേദനിപ്പിക്കുന്നത് എനിക്കിഷ്ടമല്ലാത്തതിനാലാണ്

ഈ ക്രൂരമായ ചിന്തയെനിക്കു പകര്‍ന്നു തന്നത്.

നാലാളു കൂടുന്നിടത്തെ തുറിച്ചുനോട്ടങ്ങളെ

നിനക്കതിജീവിക്കാനാവില്ലെന്നെനിക്കുറപ്പുണ്ട്.

അബോധാവസ്ഥയില്‍ നീ ദൈവത്തോടു തേടിയിരുന്നതും

ഇതേ മരണമായിരുന്നുവെന്നെനിക്കുറപ്പുണ്ട്.

നിനക്കൊപ്പം ബാക്കിയായ സ്വപ്‌നങ്ങള്‍ക്കൊപ്പം

അക്രമിയോടുള്ള അടങ്ങാത്ത പകയുമീ

സമൂഹത്തിന് കൈമാറുക, നാളെയൊരു

പെണ്‍കിടാവിനുമീ ഗതി വരുത്താതിരിക്കാന്‍ അതുപകരിക്കട്ടെ...





* പെണ്ണുകാണല്‍ ചടങ്ങിനായി എറണാകുളത്തെ ജോലിസ്ഥലത്തു നിന്ന് ഷൊര്‍ണൂര്‍ മഞ്ഞക്കാട്ടിലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഗോവിന്ദച്ചാമിയെന്ന ഒറ്റക്കൈയന്‍ അക്രമി ട്രെയിനില്‍ നിന്ന് തള്ളിയിട്ട് മാനഭംഗപ്പെടുത്തുകയും വീഴ്ചയിലും അക്രമിയുടെ ആക്രമണത്തിലും തലക്കേറ്റ ക്ഷതത്തില്‍ ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങുകയും ചെയ്ത പെണ്‍കുട്ടി.
(
നെറ്റില്‍ നിന്നും കിട്ടിയത് )

No comments:

Post a Comment