ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Tuesday, November 01, 2011

ഓടുന്ന വണ്ടിയില്‍ തലോറിലെ പെണ്‍കുട്ടി...

വെറുമൊരു തീവണ്ടി യാത്ര. പതിവുപോലാരു പ്രഭാതം. സഹയാത്രികര്‍. പത്രത്തില്‍ കണ്ട രണ്ട് വാര്‍ത്തകളെ കുറിച്ച് അവരുടെ പരാമര്‍ശങ്ങള്‍....,... അതില്‍നിന്നു നടന്നുചെന്ന, തീരെ സുഖകരമല്ലാത്ത ചില ഇടങ്ങള്‍.-, നേരുകള്‍...,. പ്രഭാതം കീറിമുറിച്ചു പായുന്ന ഈ തീവണ്ടിയില്‍ മുഖാമുഖം ഇരിക്കുന്നത് ഞങ്ങള്‍ ആറുപേര്‍., ഒന്ന് ഞാന്‍...,  എന്നെ എനിക്കറിയാം. മറ്റുള്ളവര്‍ എനിക്ക് അപരിചിതര്‍.,. എന്നാല്‍, അവരവര്‍ക്ക് ചിരപരിചിതര്‍,. അതിന്‍റെ അനായാസതയുണ്ട് അവരുടെ ഇടപെടലുകളില്‍..,. എങ്ങോട്ടോ ഒന്നിച്ചു പായുന്ന അഞ്ചു മധ്യവയസ്കര്‍. ഞാനങ്ങനെ വിളിക്കുന്നു, അവരെ. ഏതോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാവണം. ഇടക്കിടെ, അവരുടെ സ്വരത്തില്‍ വന്നു നിറയുന്നുണ്ട് ഡി.എ കുടിശ്ശികയുടെ കാര്യം. പിന്നെ, പരിചയമുള്ള ആരെയൊക്കെയോ കുറിച്ചുള്ള പരദൂഷണങ്ങള്‍., അതങ്ങിനെ. അതിനിടയിലാണ് മുന്നിലേക്ക് പത്രം വന്നു വീണത്. അച്ചടിമഷിയില്‍ കുളിച്ച്, പുതിയ ഒരാളെപ്പോലെ, ഇന്നലെയുടെ അടയാളങ്ങള്‍.,. എന്റെ കൈയിലെ പത്രത്തിന്‍റെ ഒന്നാം പേജില്‍ സൌമ്യയാണ്. നമ്മളൊരുപാടു പറഞ്ഞ, ആകുലരായ അതേ സൌമ്യ. സൌമ്യ കേസില്‍ പ്രതിക്ക് അനുകൂലമായി മൊഴി നല്‍കിയ ഡെപ്യൂട്ടി പൊലീസ് സര്‍ജന്റെ ഓഫീസിനു നേരെ ഡി.വൈ.എഫ്.ഐ നടത്തിയ ആക്രമണത്തിന്റെ വാര്‍ത്ത.
അതിലൂടെ കണ്ണയച്ചു നടക്കവേ, ചുറ്റിലും ഇരുന്നവരുടെ നാവുകളിലും ആ വാര്‍ത്ത കയറി വന്നു.
"അവന്റെ ഓഫീസല്ല, അവനെ തന്നെ ശരിയാക്കണം"- ഒരു തെറിയുടെ അകമ്പടിയോടെ ഇത്തിരി നരച്ച മുടിയുള്ള കട്ടിക്കണ്ണട വെച്ച അയാള്‍ പറഞ്ഞു.
" അവമ്മാരൊക്കെ ചേര്‍ന്ന് ആ ഗോവിന്ദച്ചാമിയെ രക്ഷിക്കും. ലക്ഷണങ്ങള്‍ അതിന്റെയാ"- മറ്റൊരാള്‍ പറഞ്ഞു.
'ഇതങ്ങിനെ കോടതിക്കു വിട്ടു കൊടുക്കേണ്ട കാര്യമല്ല. അവന്റെ ലിംഗം വെട്ടണം'
മൂന്നാമതൊരു സ്വരം അഭിപ്രായം കുടഞ്ഞു.
അഭിപ്രായങ്ങളിലേക്ക് ചെവി കൊടുത്ത് ഒന്നും മിണ്ടാതെ ഇരുന്ന എന്നെ നോക്കി ഒരാള്‍ പറഞ്ഞു, ' എന്ത് കണ്ടാലും പ്രതികരിക്കാത്ത ചിലരുണ്ട്. അവരാക്കെ ചേര്‍ന്നാണ് നാടിനെ ഈ കോലത്തിലാക്കുന്നത്'.
അമ്പിന്റെ ഗതി മനസ്സിലായിട്ടും പ്രതികരിക്കാന്‍ പോയില്ല.

വീണ്ടും അവരുടെ സംസാരം. അതില്‍ നിറയെ, ഇരമ്പുന്ന രോഷം. സൌമ്യയെ കൊന്ന കേസിലെ പ്രതിക്കു നേരെ, അതിനിടയാക്കിയ റെയില്‍വേക്കു നേരെ, പ്രതിയെ രക്ഷിക്കാനിറങ്ങിയ അഭിഭാഷകര്‍ക്കു നേരെ, ദുരൂഹമായി മറഞ്ഞിരിക്കുന്ന മറ്റനേകം കാര്യങ്ങള്‍ക്കു നേരെ അവര്‍ രോഷം കൊണ്ട് പതയുന്നു. എല്ലാം അടിച്ചു തകര്‍ക്കേണ്ട ആവശ്യകതയെക്കുറിച്ച് വീണ്ടും വീണ്ടും തിളക്കുന്നു.
മിണ്ടാതിരിക്കുമ്പോഴും മനസ്സില്‍ സന്തോഷം തോന്നി. എത്ര മാറിയാലും ഉള്ളിന്റെ ഉള്ളില്‍ നമ്മളെല്ലാം മനുഷ്യരാണെന്നും ചില നേരങ്ങളിലെങ്കിലും നമ്മുടെ മനുഷ്യപ്പറ്റ് അതിന്റെ കൂടു വിട്ടു പുറത്തുചാടുമെന്നുമുള്ള ശുഭാപ്തി വിശ്വാസം ഉള്ളില്‍ ഉണര്‍ന്നു. സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ഉയരാന്‍ ഇത്തരം കുറേ മനുഷ്യരുണ്ട് എന്ന ആശ്വാസം.
ജാലകത്തിനു പുറത്തു പായുന്ന ദേശങ്ങള്‍ കണ്ണില്‍ നിറച്ച് ഇത്തരം ആലോചനകളില്‍ മുഴുകവെ, കാപ്പിയുടെ വിളികള്‍ വന്നു. ഞങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ നല്ല ചൂടുള്ള കാപ്പിയുടെ ഉശിരന്‍ ഗന്ധം.
പത്രം ഇപ്പോള്‍ ഓരോരുത്തരുടെ മടിയിലാണ്. സംസാരങ്ങളില്‍ മറ്റെന്തൊക്കെയോ വിഷയങ്ങള്‍ കയറി വന്നു. സംസാരത്തിന്റെ ദിശയിലേക്ക് മടുപ്പ് പതിയെ വന്നപ്പോള്‍ ഞാന്‍ വീണ്ടും പത്രം കൈയിലെടുത്തു.
ഇതിപ്പോള്‍ അകത്തെ പേജാണ്. എന്തൊക്കെയേ പ്രാദേശിക വാര്‍ത്തകള്‍. അതിനിടക്ക് കടുംനിറത്തിലുള്ള തലക്കെട്ടില്‍ മറ്റൊരു പെട്ടിക്കോളം വാര്‍ത്ത. തലോറിലെ പെണ്‍കുട്ടി മൊഴി നല്‍കി എന്ന് തലക്കെട്ട്.
തലോറിലെ പെണ്‍കുട്ടിയോ, എന്ന് ആലോചിക്കുന്നതിനിടെ അപ്പുറത്ത് ചര്‍ച്ചയുടെ ദിശ മാറി. അവരിലാരോ ഇപ്പോള്‍ പത്രം നിവര്‍ത്തി അതേ വാര്‍ത്ത വായിക്കുന്നു. തലോറിലെ പെണ്‍കുട്ടിയോ എന്ന എന്റെ അതേ ആശ്ചര്യം അയാള്‍ക്കും വന്നിട്ടുണ്ടാവണം.
തൃശൂര്‍ ജില്ലയിലെ തലോര്‍ സ്വദേശിയായ ഒരു പെണ്‍കുട്ടിയെ ഒരു അനാശാസ്യ കേന്ദ്രത്തില്‍ ലൈംഗിക പീഡനങ്ങള്‍ക്ക് വിധേയമാക്കിയതിന്റെ ഫോളോഅപ്പ് സ്റ്റോറിയാണത്. അമ്പരപ്പിക്കുന്നു കുറേ വിവരങ്ങളുണ്ട്, പെണ്‍കുട്ടി നല്‍കുന്ന മൊഴിയില്‍. അതിനേക്കാള്‍ തലോറിലെ പെണ്‍കുട്ടി എന്ന പേരാണ് എന്റെ കണ്ണില്‍ കരടു പോലെ ഉടക്കിയത്.
പെട്ടെന്ന്, ഇടയിലേക്ക് ഒരഭിപ്രായം പൊട്ടിവീണു.
' ഇവളുമാരൊക്കെ കാശും വാങ്ങി കിടക്കും. എന്നിട്ട് പൊലീസില്‍ ചെന്ന് പരാതിയും പറയും'
തല ഉയര്‍ത്തി നോക്കി. നേരത്തെ രോഷാകുലനായി സംസാരിച്ച അതേ കട്ടിക്കണ്ണടയാണ്. ഇപ്പോള്‍ ആ മനുഷ്യന്റെ മുഖത്ത് നിറയെ പുച്ഛം.
" പെഴയായിരിക്കും. ആരേലും കണ്ടു പിടിച്ചപ്പോ പ്ലേറ്റ് മാറ്റിയതാവും"-കൂട്ടത്തിലെ മറ്റൊരാള്‍.
" കണ്ടില്ലേ, ഇക്കേസിലുമുണ്ട് രണ്ട് പെണ്ണുങ്ങള്‍. ഇവളുമാരു തന്നെയാ ഇതൊക്കെ ഒപ്പിക്കുന്നത്. എന്നിട്ട്, തെറി മുഴുവന്‍ ആണുങ്ങക്ക്".കൂട്ടത്തില്‍ ചെറുപ്പമെന്നു തോന്നിച്ച കറുത്ത ടീഷര്‍ട്ടുകാരനാണ്. മൂക്കത്ത് രോഷവുമായി നിന്ന അതേ അവസ്ഥ ഇപ്പോഴും.
ചര്‍ച്ചയിലേക്ക് വീണ്ടും ലൈംഗിക പീഡനം കടന്നു വന്നു. കാശു വാങ്ങി ശരീരം വിറ്റ ശേഷം ചുമ്മാ കേസും കൂട്ടവുമായി പോവുകയാണ് പെണ്‍കുട്ടിയെന്ന കാര്യത്തില്‍ അവര്‍ക്കാര്‍ക്കും സംശയമേയില്ല. അടങ്ങിയൊതുങ്ങി വീട്ടിലിരിക്കാതെ ഇങ്ങനെ കറങ്ങി നടക്കുന്നതാണ് എല്ലാത്തിന്റെയും കുഴപ്പമെന്നും അഭിപ്രായമുയര്‍ന്നു. ആണുങ്ങളെ പ്രലോഭിപ്പിക്കുന്ന വസ്ത്രധാരണമാണ് ഇത്തരം ഗുലുമാലുകള്‍ക്ക് വഴിവെക്കുന്നതെന്ന പതിവു പറച്ചിലിലേക്ക് പോയതോടെ വല്ലാത്തൊരു വഷളന്‍ ചിരി സീറ്റുകള്‍ക്കിടയില്‍ കറങ്ങിനടന്നു.
കാര്യങ്ങള്‍ മൊത്തം മാറിയിരിക്കുന്നു. നേരത്തെ, രോഷാകുലരായ അതേ ആള്‍ക്കൂട്ടം ഇപ്പോള്‍ ഇറച്ചി കണ്ട വേട്ടപ്പട്ടികളെ പോലെ മുറുമുറുക്കുന്നു. കൊച്ചു പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നത് വീട്ടുകാരുടെ നോട്ടക്കുറവു കൊണ്ടാണെന്ന മട്ടില്‍ അതു വളര്‍ന്നതോടെ വല്ലാത്തൊരു ഗതികേടിലായി. അവിടെയിനി ഇരുന്നാല്‍, വലിയൊരു വഴക്കിലേക്ക് അതു വഴി മാറും. പറഞ്ഞില്ലെങ്കില്‍, പതിവു പോലെ പറയാത്ത രോഷങ്ങള്‍ ഒന്നിച്ചു വന്ന് മനസ്സാകെ കുത്തിമറിച്ചിടും.
അവിടെ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ അവരെന്നെ ശ്രദ്ധിക്കുന്നേയുണ്ടായിരുന്നില്ല. പറയാന്‍ ചൂടുള്ള വിഷയം കിട്ടിയതിന്റെ തിമിര്‍പ്പില്‍ അവരെന്നെ വെറുതെ വിട്ടതാവും.
ഇത്തിരി അപ്പുറം ഒഴിഞ്ഞൊരു സീറ്റിലിരിക്കുമ്പോള്‍ അവിടെ നിന്ന് അലച്ചു വരുന്ന ക്രൂരമായ ചിരിയുടെ കഷണങ്ങള്‍ വന്നു കുത്തി മുറിച്ചു കൊണ്ടിരുന്നു. ഓരോ ചിരിയും ആ പെണ്‍കുട്ടിയുടെ നേര്‍ക്കുള്ള നിന്ദവാചകങ്ങളാണ്. ഓരോ വഷളന്‍ കമന്റും അവള്‍ക്കു നേര നീളുന്ന കഠാരമുനകള്‍.
വിചിത്രമായി തോന്നി. എന്തു കൊണ്ടാണ് മനുഷ്യര്‍ ഇത്ര പെട്ടെന്ന് വഴി മാറുന്നത്. രണ്ടു പെണ്‍കുട്ടികള്‍. ജീവിതാവസ്ഥയിലും പശ്ചാത്തലത്തിലും ദുരന്തത്തിലും വ്യത്യസ്തരാണെങ്കിലും അവര്‍ പൊതുവായി പങ്കുവെക്കുന്ന ചിലതുണ്ട്. പെണ്ണെന്ന അവസ്ഥ ഉണ്ടാക്കുന്ന നിസ്സഹായമായ നിലവിളികള്‍. അവര്‍ക്കു നേരെ നീണ്ടു ചെന്നത് സമാനമായ നഖമുനകളാണ്. വയലന്റായ ആണത്തത്തിന്റെ ആര്‍ത്തി പിടിച്ച കരങ്ങള്‍.
എന്നിട്ടും അവരെ ഇരുവരെയും ഒരേ ദുരന്തത്തിന്റെ ഇരകളായി കാണാന്‍ നമ്മുടെ പൊതുബോധത്തിന് കഴിയാത്തത് എന്തു കൊണ്ടായിരിക്കും? വെറുമൊരു പത്ര വാര്‍ത്തയില്‍നിന്ന് പോലും ഒരിരയെ ചൂണ്ടിയെടുത്ത് സര്‍ക്കസിലെ കത്തിയേറുകാരുടെ ചാതുരിയോടെ എറിഞ്ഞു പിടിപ്പിക്കാന്‍ അവര്‍ക്ക് കഴിയുന്നത് ഉള്ളിലെ ഏതേതു ക്രൌര്യം കൊണ്ടാവും? സൌമ്യയുടെ ദുരന്തം നല്‍കുന്ന ഞെട്ടിക്കുന്ന ആ തിരിച്ചറിവിലും അവര്‍ക്ക് മറ്റൊരു ഇരയുടെ കണ്ണീര് കാണാന്‍ കഴിയാത്ത് എന്തു കൊണ്ടാവും.
തീര്‍ച്ചയായും ഇതൊരു തീവണ്ടി മുറിയുടെ പ്രശ്നം മാത്രമല്ല. തീവണ്ടിക്കു പുറത്തും സാധാരണമാണ് ഈ അവസ്ഥ. ഒരേ നാവു കൊണ്ട് വേട്ടക്കാരനും ഇരക്കും കുടപിടിക്കല്‍. സ്ത്രീ പീഡന വാര്‍ത്തകളെ മുഴുവന്‍ അവിശ്വാസത്തോടെ, അവജ്ഞയോടെ സമീപിക്കുന്ന പൊതുബോധത്തിന്റെ പുളിച്ചു തികട്ടല്‍.
വെറുതെ ഓര്‍ത്തു നോക്കി, തലോറിലെ പെണ്‍കുട്ടിയുടെ പേരെന്തായിരിക്കും? ഇന്നലെ വരെ അവള്‍ സൌമ്യയോ ആനിയോ ശ്രീദേവിയോ ആയിരിക്കും. ദുരന്തം കടിച്ചു കീറുമ്പോഴും അവള്‍ക്ക് സ്വന്തമായൊരു പേരും ഐഡന്റിറ്റിയും ഉണ്ടായിരിക്കും. അവളെ അവളായി നിലനിര്‍ത്തുന്ന, മനുഷ്യന്‍ എന്ന നിലയിക്കുള്ള അന്തസ്സിന്റെയോ അഭിമാനത്തിന്റെയോ ഒരു തുണ്ട്. അതിലായിരിക്കണം ഒരു പക്ഷേ, അവള്‍ പിടിച്ചു നിന്നിട്ടുണ്ടാവുക. ഓരോ വേദനയും നേരിടുന്നുണ്ടാവുക.
ഇപ്പോള്‍ അവള്‍ തലോറിലെ പെണ്‍കുട്ടിയാണ്. അറിയില്ല, മറ്റ് നാടുകളിലൊക്കെ ഇതുപോലെ ആണോയെന്ന്. ലൈംഗിക അതിക്രമ കേസില്‍ പരാതിപ്പെടുന്നതോടെ സ്ഥലപ്പേരായി, സ്ത്രീ ലിംഗം മാത്രമായി മാറിപ്പോവുന്ന ദുരവസ്ഥയാണോ മറ്റിടങ്ങളിലും എന്ന്.

തീര്‍ച്ചയായും, അവളുടെ പേരും ഐഡന്റിറ്റിയും പുറത്തുവരാതിരിക്കാനുള്ള മാധ്യമ ജാഗ്രത മാത്രമാവും സ്ഥലപ്പേരിനൊപ്പമുള്ള ഈ ചാപ്പകുത്ത്. അതില്‍ ഗുണവശങ്ങള്‍ ഏറെയാണ്. എന്നാല്‍, നോക്കൂ, തലക്കെട്ടിലെ സ്ഥലനാമ കീര്‍ത്തനത്തില്‍ മാത്രമേ പലപ്പോഴും ഇരയോടുള്ള ഈ ഔദാര്യം (അത് അങ്ങനെയെങ്കില്‍) ഉണ്ടാവാറുള്ളൂ. വാര്‍ത്തയില്‍, എഴുത്തില്‍ അവതരണത്തില്‍, പൊലീസ് നല്‍കുന്ന വിവരങ്ങളുടെ പൊലിപ്പിക്കലില്‍, തലക്കെട്ടില്‍ പോലും കാണാനാവാറേയില്ല മാനുഷികമായ പരിഗണനകള്‍. എന്നെ പീഡിപ്പിക്കൂ എന്നു പറഞ്ഞു പുരുഷനു പിന്നാലെ പായുന്ന ഒരുവളായി, പ്രലോഭനങ്ങളിലൂടെയും പ്രകോപനപരമായ വസ്ത്രധാരണത്തിലൂടെയും പുരുഷന്‍മാരെ വശീകരിക്കുന്ന ഒരുവളായി, കാര്യം കഴിഞ്ഞ് കാശു വാങ്ങിയ ശേഷം കേസിനു പോവുന്ന ഒരുവളായി വരികളിലും വരികള്‍ക്കിടയിലും ചിത്രീകരിക്കുന്നതാണ് നാം കാണുന്ന വാര്‍ത്തകളില്‍ ഭൂരിഭാഗവും. മാനുഷികമായ തലത്തിലാണ് ഇരയെ കാണുന്നതെങ്കില്‍ പാലിക്കേണ്ട ഭാഷാപരമായും വാര്‍ത്താപരമായും ഉള്ള ഒതുക്കമോ അടക്കമോ ഈ മാധ്യമ സൃഷ്ടികളില്‍ കാണാറേയില്ലെന്നാണ് അനുഭവം.
ഇത്തരം ഔദാര്യങ്ങളൊന്നും ആസ്വദിക്കാനാവാത്ത മറ്റൊരവസ്ഥയില്‍ നില്‍ക്കുന്ന, ഇരയായ പെണ്‍കുട്ടി, എങ്ങനെയാവും പതിച്ചു കിട്ടുന്ന പുതിയ പേരിനെ കാണുന്നുണ്ടാവുക?
പറഞ്ഞു വന്നത്, പതിച്ചു കിട്ടുന്ന പുതിയ പേരിനെ കുറിച്ചാണ്. സൂര്യനെല്ലി പെണ്‍കുട്ടിയായിരുന്നു സ്ഥലപ്പേരിലൂടെ ഇത്തരത്തില്‍ മലയാളിക്ക് പരിചിതയായ ആദ്യത്തെ കുട്ടിയെന്നു തോന്നുന്നു. പിന്നെ, വിതുര പെണ്‍കുട്ടി, കോതമംഗലം പെണ്‍കുട്ടി, കവിയൂര്‍ പെണ്‍കുട്ടി, കിളിയൂര്‍ പെണ്‍കുട്ടി എന്നിങ്ങനെ അനേകം പുതുനാമങ്ങള്‍. ഒരിക്കല്‍ ഇത്തരത്തിലൊരു പേരു തലയില്‍ വന്നു വീണാല്‍, ജീവിതകാലം മുഴുവന്‍ ആ പെണ്‍കുട്ടികള്‍ക്ക് താങ്ങിനടക്കേണ്ടി വരും ഈ പേരുകള്‍.
എന്നാല്‍, ഇവരെ പീഡിപ്പിക്കുന്ന, വലിച്ചെറിയുന്ന, ഇത്തിരി കാശിന് വില്‍ക്കുന്ന പുരുഷന്‍മാരോ?
അവര്‍ക്ക് സഹിക്കേണ്ടി വരികയേ ഇല്ല ഇമ്മാതിരി പേരുകള്‍. കേസും കൂട്ടവും കഴിഞ്ഞ് നെഞ്ചും വിരിച്ച് തിരിച്ചു വരുമ്പോള്‍ ആരാധനയോടെയാണ് ഇത്തരക്കാരെ നാടു കാണാറെന്ന് അറിയാന്‍ പ്രശസ്തനായ ഹാസ്യനടന്റെ കാര്യം ഓര്‍ത്താല്‍ മതി. ലൈംഗിക പീഡന കേസില്‍ ആരോപണ വിധേയനായി കോടതിയില്‍ ഹാജരാവാനെത്തിയ ഇയാളെ കാണാന്‍ കോടതി വളപ്പിലെ സര്‍ക്കാര്‍ ഓഫീസുകളില്‍നിന്ന് സ്ത്രീകള്‍ അടക്കമുള്ളവര്‍ വരിവരിയായി നില്‍ക്കുന്ന ചിത്രം പണ്ടേതോ പത്രത്തില്‍ കണ്ടതോര്‍ക്കുന്നു. സ്ത്രീ പീഡന കേസില്‍ ആരോപണ വിധേയനായ രാഷ്ട്രീയ നേതാവ് എം.പിയും മന്ത്രിയുമൊക്കെയായി ഞെളിഞ്ഞു നടക്കുമ്പോഴും അതിന്റെ കലിപ്പൊന്നും ആള്‍ക്കാരോ മാധ്യമങ്ങളോ കാണിക്കാറേയില്ല. കാണിച്ചിട്ടുമില്ല, ഇതുവരെ. മറിച്ച്, പലപ്പോഴും സമൂഹത്തിനു മുന്നില്‍ അവമതിക്കപ്പെട്ട ഇരയുടെ കോറസായിട്ടാവും പലപ്പോഴും ഇത്തരക്കാര്‍ അവതരിപ്പിക്കപ്പെടാറ്.
തലോറിലെ പെണ്‍കുട്ടി ഇത്തിരി നാള്‍ കുടി ഇങ്ങനെ വാര്‍ത്തയിലും കോടതിയിലും തുടര്‍ന്നേക്കാം. പിന്നെ വരും മറ്റൊരുവള്‍. മറ്റാരോടും കാണിക്കാത്ത കണിശതയോടും ലോജിക്കോടും കൂടി അവളുടെ മൊഴികളും നിലവിളികളും പൊതുസമൂഹം കണിശമായ പരിശോധനക്ക് വിധേയമാക്കും. എല്ലാ വിശകലനങ്ങളിലും അവളുടെ കുഴപ്പങ്ങള്‍ മുഴങ്ങിക്കേള്‍ക്കും. പണ്ടേ ചീത്ത സ്വഭാവമെന്നോ, കുലിനതയില്ലെന്നോ അങ്ങനെ പലത്. ഇതിനുപറ്റിയ പലവിധ അളവുകോലുകള്‍ യഥേഷ്ഠം സ്റ്റോക്കുണ്ടല്ലോ നമ്മുടെയൊക്കെ കൈകളില്‍.
ഇപ്പോള്‍ തീവണ്ടി എനിക്കിറങ്ങേണ്ട സ്റ്റേഷനിലെത്താറായിരിക്കുന്നു. മുന്നിലെ മുഖാമുഖമുള്ള സീറ്റില്‍ ഇപ്പോഴും കളിചിരികളോടെ തിമിര്‍ത്തു പെയ്യുന്നുണ്ട്, പുരുഷ യുക്തികള്‍ കൊണ്ടലങ്കരിച്ച ഉശിരന്‍ വാദമുഖങ്ങള്‍. അതൊരു പക്ഷേ, തലോറിലെ പെണ്‍കുട്ടിയെ കുറിച്ചാവാം. അല്ലെങ്കില്‍ സൌമ്യയെ കുറിച്ച്. അതുമല്ലെങ്കില്‍ മറ്റൊരു പെണ്‍കുട്ടിയെ കുറിച്ച്. പത്രത്തിന് പേജുകള്‍ ഒരുപാടുണ്ടല്ലോ. നാട്ടില്‍ ലൈംഗിക പീഡന കേസുകളും.
പിന്‍മൊഴി:
കാണാനാവുന്നുണ്ട്, ഇതെഴുതുമ്പോള്‍, 'വെറുതെ പുരുഷന്‍മാരെ നിന്ദിക്കുന്നു, നാട്ടിലെ പീഡനകേസുകളിലെല്ലാം പെണ്ണുങ്ങളല്ലേ പ്രതികള്‍' എന്നിങ്ങനെ ഏതു കോടതിയിലും എളുപ്പം ജയിച്ചു പോരുന്ന ഉശിരന്‍ യുക്തിയോടെ അനേകം മറുപടികള്‍ ഈ പോസ്റ്റിനുനേരെ നിരങ്ങി വരുന്നത്. എന്നിട്ടും പറയാതിരിക്കാന്‍ കഴിയുന്നില്ല, അത്രയൊന്നും യുക്തിഭദ്രമല്ലാത്ത, വാദങ്ങള്‍ക്ക് അത്രയൊന്നും മൂര്‍ച്ചയില്ലാത്ത ചിലതൊക്കെ...
തോല്‍ക്കുന്ന യുദ്ധങ്ങള്‍ക്കും വേണ്ടേ, ആരെങ്കിലുമൊക്കെ????
====================================
[Copied from a forwarded mail]

No comments:

Post a Comment