എന്റെ ഉറക്കം വീണ്ടും ദു:സ്വപ്‌നങ്ങള്‍ തല്ലിക്കെടുത്തുന്നു.
ചതുരംഗത്തിന്റെ അവസാനത്തെ നീക്കത്തില്‍ ഒരു 'കോട്ട കെട്ടല്‍' നടത്തിയ എന്റെ മുന്നില്‍ രക്തം തുപ്പിയപ്പോഴും 'കളി അവസാനിപ്പിക്കാം' എന്നല്ലാതെ മറ്റൊന്നും അവള്‍ പറഞ്ഞില്ല.
ഒരു പക്ഷെ അര്‍ബുദം എന്ന വാക്ക് എന്നെ എന്തു മാത്രം അലോസരപ്പെടുത്തും എന്ന തിരിച്ചറിവ് ഉള്ളത് കൊണ്ടാകാം.
എല്ലാത്തിനുമൊടുവില്‍ ഖബറടക്കത്തിനു നിമിഷങ്ങള്‍ക്ക് മുന്‍പ് മരണം വിളിച്ചറിയിച്ച അവളുടെ സഹോദരന് ഞാന്‍ നല്‍കിയ 'കാണാം' എന്ന വാക്കും അദ്ദേഹത്തിന്റെ മരണം കാരണം നടപ്പാകാതെ പോയി.
ഉള്ളില്‍, ചരമവാര്‍ഷികം അടുത്ത്- വളരെ അടുത്ത്- എത്തുന്നതിന്റെ അഗ്നി ആളിക്കത്തുന്നു...
ഇനി ഈ തീ ഒന്ന്അണക്കണമെങ്കില്‍ കോഴിക്കോട് കടപ്പുറത്തെ കാറ്റും മെഹ്ദി ഹസ്സന്റെ ഗസലും ഒന്നിച്ച് ചെവിയില്‍ ഇരമ്പം സൃഷ്ടിക്കണം...
അതിനു ഞാന്‍ ഒരുങ്ങുകയാണ്.
രാവിലെ നേരത്ത് കടപ്പുറത്ത് വോളിബോള് കളിക്കാന്‍ എത്തുന്ന പിള്ളേര് സെറ്റിനോട് എനിക്കറിയാത്ത കളി നിയമങ്ങളെ കുറിച്ച് പ്രസംഗിക്കാന്‍...
തിരിഞ്ഞു നോക്കുമ്പോള്‍ കാണുന്ന ആകാശവാണിയുടെ കെട്ടിടത്തെ നോക്കി, പദ്മരാജന്‍, ജി.വേണുഗോപാല്‍ എന്നിവരുടെ ശബ്ദ സൌന്ദര്യത്തെ കുറിച്ച് ഓര്‍ത്തു അസൂയപ്പെടാന്‍...
ഗുജറാത്തി സ്കൂളിന്റെ വലുപ്പം കണ്ടു അന്തം വിടാന്‍...
അതിനിടയില്‍ സൌഹൃദത്തിന്റെ നനുത്ത മയില്‍പീലി ഒരു കയ്യിലെടുത്ത് മറുകൈ കൊണ്ട് ചൂട് ചായയില്‍ ബിസ്കറ്റ് മുക്കി കൂട്ടുകാരോട് തമാശ പറയാന്‍, എരഞ്ഞോളി മൂസടെ മാപ്പിള പാട്ട് അവരടെ കഴുത്തിന് കുത്തിപ്പിടിച്ചു പാടിക്കാന്‍...
ഞാന്‍ ഇപ്പോഴും കോഴിക്കോടിന്റെ മണവും മനസ്സും സ്നേഹവും സങ്കടവും നെഞ്ചേറ്റുന്നു.
ഞാന്‍ അവിടത്തെ സുഹൃത്തുക്കള്‍ക്ക് നല്‍കിയ വാക്ക് ഇനിയും തെറ്റിച്ചിട്ടില്ല- നാക്കിന്റെ രുചി പോകാതെ സൂക്ഷിക്കാന്‍ 'പുക'യും 'ബാര്‍ലി' വെള്ളവും ഇത് വരെയും അകത്താക്കിയിട്ടില്ല...
ലഹരി കവിതയായും കഥയായും ഷഹബാസ് അമന്റെ ഗസലായും അന്തരീക്ഷത്തില്‍ നിറയട്ടെ...
സമയം ഇപ്പോള്‍ പുലര്‍ച്ചെ നാലര...
ഞാനും എന്റെ കമ്പ്യൂട്ടറും ഞങ്ങളുടെ കോഴിക്കോടന്‍ കാറ്റിനെ സ്വപ്നം കണ്ട് ഒന്നുറങ്ങാന്‍ ശ്രമിക്കട്ടെ.
ഉറങ്ങാന്‍ പറ്റുകില്ലെങ്കിലും കണ്ണ് തുറന്നു ഈ അരണ്ട വെളിച്ചത്തില്‍ ഒന്ന് സ്വപ്നം കാണാമല്ലോ, ആരുടെയും ചിലവില്ലാതെ...
പുറത്ത് നല്ല കാറ്റ് വീശുന്നുണ്ട്, കിളികളുടെ ഉറക്കം കെടുത്തുന്ന രാക്കാറ്റ്...
'മെഹരാജ് രാവിലെ കാറ്റേ, വീശി തനുപ്പിക്കെന്‍ കാറ്റേ' എന്ന് പാടിയത് ഈ കാറ്റിനെ കുറിച്ച് ആണോ???
No comments:
Post a Comment