ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Friday, April 27, 2012

പ്രസവം (അവളുടെ കഥ എന്ന കഥാസമാഹാരത്തില്‍ നിന്ന്).

തെരുവുമൂലയിലെ, മേല്‍ക്കൂരയില്ലാത്ത കടയില്‍, കടയുടെ തിണ്ണയില്‍ വീര്‍ത്ത വയറുംതാങ്ങി, അവളെത്തി. - ഇരുട്ടിലൂടെ, താനൊരു പെണ്ണാണെന്നറിയിക്കാതിരിക്കാനായി, തലവഴി മുണ്ടും പുതച്ചുകൊണ്ട്.
അവള്‍ അവിടെ കിടന്നുറങ്ങി. കടയ്ക്കുള്ളിലായാലും പുറത്തായാലും ഒരുപോലെത്തന്നെ. എങ്കിലും പുറത്തുകിടക്കുന്നതിനേക്കാള്‍ അന്തസ്സ് അകത്തു കിടക്കുന്നതായതുകൊണ്ട് അങ്ങനെ ചെയ്തു. ഒന്നുറങ്ങി. വേദന കൊണ്ടുണര്‍ന്നപ്പോള്‍ മണിക്കൂറുകള്‍ കഴിഞ്ഞിരുന്നു. വീണ്ടും ഉറക്കം. വേദന ഉണര്‍ത്തിയ ഉറക്കം.
വയറുവേദനയാവും; സാധാരണ ശല്യത്തിനെത്തുന്നത്. ഒരിക്കല്‍ക്കൂടി മയങ്ങിനോക്കി.
ഉണര്‍ന്നപ്പോള്‍, പൊക്കിളിനു ചുറ്റും അസംഖ്യം തേളുകള്‍ കുത്തുന്നു. പിന്നെ ഉറക്കമില്ല. ഉറങ്ങാന്‍ പറ്റിയതേയില്ല.
ആകാശത്തുകൂടി മേഘങ്ങള്‍ ഉരുണ്ടുപോയി. അവ ഭൂമിയോടു മന്ത്രിച്ചു; 'ഏതുനേരവും ഞങ്ങള്‍ നിന്റെ മാറില്‍ വീഴും.'
ചുറ്റും പൊളിഞ്ഞ കടയുടെ വിണ്ടുകീറിയ ഭിത്തികള്‍. മുകളില്‍ നക്ഷത്രങ്ങളില്ലാത്ത ഇരുട്ടും. 'ഇത് അതുതന്നെയാണ്' അവള്‍ വേദനയോടെ ആലോചിച്ചു. 'നാശം, വരാന്‍ കണ്ട നേരം.'

അതുതന്നെയായിരുന്നു അത്. നോവ്. അവളുടെ കടിഞ്ഞൂല്‍ നോവ്.
വേദന ശക്തിപ്പെട്ടുവന്നു. അവളാലോചിച്ചുനോക്കി: 'ഇതിപ്പോ
എത്ര്യാണ് മാസം?' കണക്കുകൂട്ടി തീരുമാനിക്കാന്‍ ഇപ്പോള്‍ യാതൊരു മാര്‍ഗവുമില്ല. എത്രയുമാകാം. വയര്‍ വീര്‍ത്തുവരാന്‍ തുടങ്ങിയിട്ട് കുറേയേറെ നാളായി. ആദ്യം അതുകണ്ടമ്പരന്നുപോയി. എങ്കിലും ഒന്നുചെയ്യാന്‍ മറന്നില്ല. വേഷം ഒന്നു പരിഷ്‌കരിച്ചു. ഒരു മാറാപ്പു ചുറ്റുന്നതുപോലെയാക്കി. അതിനുള്ളില്‍ നൂറുമാസം പോലും അറിയില്ല. അങ്ങനെ നടക്കുകയായിരുന്നു. എന്നിട്ടൊടുവിലിതാ നിലാവുദിക്കുന്നതിനുമുന്‍പേ, മഴക്കോളുകൊണ്ട് ആകാശം മൂടിക്കെട്ടിനില്ക്കുന്ന ഈ രാത്രിയില്‍, കടയുടെ പൊളിഞ്ഞ ഭിത്തികള്‍ക്കുള്ളില്‍വെച്ച്...
ഈ സ്ഥലം അപകടം പിടിച്ചതാണ്. പലരും വരാം. കടയുടെ പിന്നില്‍ മരവും മരച്ചോട്ടില്‍ മുള്ളന്‍ പുല്ലുകളും. അവയുടെ തണ്ടിന്റെ മൂര്‍ച്ചകാരണം ആരും അതുവഴി വരില്ല. അവള്‍ അങ്ങോട്ടു മാറിക്കിടന്നു.
ഇപ്പോള്‍ നോവു കൂടിയിരിക്കുന്നു. കുറേശ്ശക്കുറേശ്ശയായി ഇരവിഴുങ്ങാന്‍ ബദ്ധപ്പെടുന്ന ഒരു പാമ്പിനെപ്പോലെ അരക്കെട്ട് വികസിക്കുകയും ചുരുങ്ങിപ്പോവുകയും ചെയ്യുന്നു.
പെട്ടെന്നു വേദന അതിന്റെ ഉച്ചാവസ്ഥയിലെത്തി; നാവ് വരണ്ടുതുടങ്ങി. ഒരു തുള്ളി വെള്ളം കിട്ടിയിരുന്നെങ്കില്‍...
പിന്നെ കിടക്കാന്‍ കൂടി വയ്യാതെയായി. ഉള്ളില്‍ നടക്കുന്ന അനേകമനേകം ചെറിയ ചലനങ്ങള്‍ അനുഭവിക്കാന്‍ കഴിഞ്ഞു. അസഹ്യത.
മൂര്‍ച്ചയേറിയ മഞ്ഞപ്പല്ലുകള്‍ക്കിടയിലൂടെ വേദന രൂക്ഷമായ ഭാഷയില്‍ പുറത്തേക്കൊഴുകി, തെറി.
അടുത്ത നിമിഷം, നടുവിനും തുടകള്‍ക്ക് മുകളറ്റത്തുമായി കനത്ത ഒരു ഭാരം വന്നുവീണതുപോലെ തോന്നി. അത് ഏറിയേറി വരുന്നു. ഒരു ഉപ്പുചാക്ക് വെച്ച് ആ ഭാഗത്തമര്‍ത്തുന്നുവോ എന്നുപോലും തോന്നിപ്പോയി.

ഇനി കിടന്നുകൂടാ. എണീറ്റുകളയാം.
അവള്‍ എഴുന്നേറ്റു; ക്ഷീണിച്ച ചുവടുകള്‍ വെച്ച് ഇരുട്ടിലൂടെ തുളച്ചു വരുന്ന ഓരോ ശബ്ദം കേട്ടും ഞെട്ടിക്കൊണ്ട്-
മഴപെയ്യാതെയിരുന്നാല്‍ രക്ഷയായിരുന്നു. മഴവീണാല്‍ ആരെങ്കിലുമൊക്കെ കടന്നുവന്നെന്നിരിക്കും, ചുരുണ്ടുകൂടാനായി.
നോവിന് സ്ഥായിയായ ഒരു ഭാവം വീണു. എത്രനേരം ഇതു നീണ്ടുനില്ക്കുമോ ആവോ? നേരം വെളുക്കുമ്പോഴും ഇങ്ങനെ തുടരുകയാണെങ്കില്‍?
ആ ഭയം ഒറ്റയടിക്ക് അവളുടെ ഇളംമനസ്സിനെ തകര്‍ത്തു. ഓരോ ശ്വാസത്തോടുമൊപ്പം വേദന കൂടുതല്‍ ശക്തമായിക്കൊണ്ടിരുന്നു. കടയുടെ പിറകിലെ ഭിത്തിയില്‍ പിടിച്ച് കുനിഞ്ഞുനിന്നുകൊണ്ട് പാടുപെട്ട് അവള്‍ ശ്വാസം കഴിച്ചു.
ഇരുട്ടില്‍ നീണ്ട ഒരു രോദനം. തുടര്‍ന്ന് നീളന്‍ കരച്ചിലുകള്‍. ഇപ്പോള്‍ പെറ്റിരുന്നെങ്കില്‍!
ഉടുത്തിരുന്ന മുണ്ട് മെല്ലെ അഴിഞ്ഞ്, വീര്‍ത്തു വിയര്‍ത്ത ശരീരത്തിലൂടെ ഊര്‍ന്നു മണ്ണില്‍ പതിച്ചു. എടുത്തുടുക്കാന്‍ മെനക്കെട്ടില്ല. മുക്കാലും നഗ്നമായ മനുഷ്യശരീരം ഉറയ്ക്കാത്ത കാലുകളില്‍ നിന്നാടി. ഇതാ... ഇതാ...
എന്റെ ഈശ്വരാ!
ഇല്ല ഒന്നുമുണ്ടായില്ല. സമയം വീണ്ടും കടന്നുപോകുന്നു. താന്‍ ഏകയായി ഈ വെല്ലുവിളിയെ നേരിട്ടാലേ പറ്റൂ.

ആകാശത്തില്‍ കൊള്ളിമീനുകള്‍. ഭൂമി പിളരുന്ന ശബ്ദം. പിന്നെയും നീണ്ടുനീണ്ടുപോവുന്ന കൊള്ളിമീനുകള്‍. ഇടിമുഴക്കങ്ങള്‍.
ഉള്ളിലെന്തോ പൊട്ടിയതുപോലെ. നഗ്നമായ തുടയിലൂടെ -വിയര്‍പ്പുനാറുന്ന, പൊടി അടിഞ്ഞ കണങ്കാലിലൂടെ, തുള്ളിത്തുള്ളിയായി എന്തോ ഒഴുകി.

വേദന ഒരു നിമിഷത്തേക്കു മാറിയതുപോലെ തോന്നി. പക്ഷേ, അടുത്ത നിമിഷം അതു വീണ്ടും ആരംഭിച്ചു.
മണ്ണില്‍ ആവുന്നത്ര കാലുകള്‍ അകറ്റിക്കിടന്നു. പൊടിമണ്ണിലേക്കു ചോര ഒഴുകിവീണു. ഉണങ്ങിയ മണ്ണ് അതിദാഹത്തോടെ, പേറ്റുചോര കുടിച്ചു.
ഇനി ഏതു നിമിഷത്തിലുമാകാം. നേരിടാതെ വയ്യ. അതിനു മനസ്സും ശരീരവും തയ്യാറെടുപ്പു നടത്തി. ക്ഷീണിതങ്ങളായ കാലുകള്‍ കുറേക്കൂടി അകന്നു. ഇടയ്ക്കിടെ ഓരോ തുള്ളി വെള്ളം ശരീരത്തില്‍ വന്നു വീണുകൊണ്ടിരുന്നു.
നോവാരംഭിച്ചു. ശരിക്കും നിര്‍വചിക്കാന്‍ വയ്യാത്ത ഒരു നോവ്.
തുടര്‍ച്ചയായ വേദന. മിനുട്ടുകളില്‍നിന്നു മണിക്കൂറുകളിലേക്കും, മണിക്കൂറുകളിലൂടെ വര്‍ഷങ്ങളിലേക്കും വ്യാപിച്ചു നില്ക്കുന്നതായിത്തോന്നി; നുറുങ്ങുനിമിഷങ്ങളുടെ വേദന. ഇടയ്ക്ക് അതു വിട്ടുനിന്നു. വീണ്ടും തുടങ്ങുമ്പോള്‍ ഇരട്ടി ബലത്തിലായിരുന്നു.
മുനിസിപ്പാലിറ്റിയും പള്ളിയും അവളെ സമയമറിയിച്ചു. രണ്ടു മണിക്കൂറ് കഴിഞ്ഞിരിക്കണം ഇതു തുടങ്ങിയിട്ട്. ഇതിന്നവസാനമില്ലേ? തനിക്കെന്തുചെയ്യാനാവും? ജീവിതം മുഴുവന്‍ ഈ നാശം പിടിച്ച വേദനയും സഹിച്ച്, താനിവിടെയിങ്ങനെ കിടന്നുപോയാലോ?
ഉള്ളില്‍ താങ്ങാനാവാത്ത ഭാരം കെട്ടിനിന്നു. അതിനെ പുറത്തേക്കുന്തിക്കളയാന്‍ അരക്കെട്ടും നടുവും ചേര്‍ന്ന് ആവതു യത്‌നിച്ചു. ഓരോ ശ്വാസത്തിലും വിയര്‍ത്തു കുളിച്ചു. മുഖത്തെ തൊലി ആയിരമായി വെടിഞ്ഞു കീറുന്നപോലെ. രക്തം മുഴുവന്‍ ഒന്നിച്ച് മുഖത്തേക്കരിച്ചു കയറി. വിയര്‍പ്പു കഴുത്തിലൂടെ ചാലുവച്ചൊഴുകി. ശരീരം ആകെ വിറച്ചു. ഇരുട്ടില്‍ ഉറക്കെ അലറി: 'കുന്തം' കൈകളില്‍ കടിച്ചു. കൈയിലെ ഉണങ്ങിയ തൊലി പൊട്ടി. രക്തം കിനിഞ്ഞു. മണ്ണില്‍ കിടന്നുരുണ്ടു: 'എന്റമ്മേ കാളീ!'

തല പുറത്തേക്കു തള്ളിവന്നു. വീണ്ടും ഉള്ളിലേക്കു തന്നെ തെന്നിക്കയറി. അതു വീണ്ടും പലതവണ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അകത്തേക്കുള്ള വലി പിന്നെ തീരെ പുറത്തേക്കു പോരാന്‍ വിഫലമായി യത്‌നിക്കുന്ന കുഞ്ഞുതലയില്‍ അവള്‍ ആര്‍ത്തിയോടെ കൈയോടിച്ചു. നിറയെ തല
മുടി.
അതേപ്പറ്റി ഓര്‍ക്കുന്നതിനുമുന്‍പ് അരയിലെ അസ്ഥികള്‍ പൊട്ടി. ശരീരം നൂറു നൂറു തുണ്ടങ്ങളായി തകര്‍ന്ന് തെറിച്ചു. കണ്ണുകള്‍ ഇറുക്കിയടച്ചു. പല്ലുകള്‍ ഉരസിയമര്‍ന്നു. കുട്ടി പുറത്തേക്കു തെന്നിവീണു.
മണ്ണ് ഉണങ്ങിച്ചേര്‍ന്നു തുടകള്‍ക്കിടയിലൂടെ ഉരഞ്ഞിറങ്ങി. പരുപരുത്ത മണ്ണില്‍ കെട്ടിക്കിടക്കുന്ന ചോരയിലേക്ക് അതു തലകുത്തി വീണു. അത് ഉറക്കെയുറക്കെ കരഞ്ഞു. അവള്‍ക്കാ ശബ്ദം അസഹ്യമായി തോന്നി. നേരത്തെ ഉരിഞ്ഞുപോയ നാറ്റമുണ്ടുടുത്ത് അവള്‍ അതിന്റെ മേലേക്കെറിഞ്ഞു. ശബ്ദം ക്രമേണ കുറഞ്ഞുവന്നു. ജന്തു മരിച്ചോ?

പിന്നെ സുഖമായി. ഏറ്റവും വലിയ സുഖം. കണ്ണുകള്‍ ആലസ്യത്തോടെ അടഞ്ഞു. നീണ്ട ഉറക്കം.
റോഡില്‍ക്കൂടി കടന്നുപോയ ഒരു കാറിന്റെ ഇരമ്പലില്‍ അവളുണര്‍ന്നു. ഇനി എന്താണു ചെയ്യാനുള്ളത്? കഴിഞ്ഞകൊല്ലം ചന്തയിലെ ശോശ പെറ്റപ്പോള്‍ ചെയ്തത് അവള്‍ ഓര്‍ത്തു.
ക്ഷീണിച്ച കൈകള്‍ നിഷ്‌കര്‍ഷയോടെ പെരുമാറി. ചെറിയ ഒരു ശസ്ത്രക്രിയ. നാറുന്ന മുണ്ടിന്റെ വക്കുകീറി പിരിച്ചുകെട്ടി. കത്തിയേക്കാള്‍ മൂര്‍ച്ചയുള്ള പുല്‍ത്തണ്ട് ബോധപൂര്‍വം പ്രവര്‍ത്തിച്ചു.
അത്രയുമായപ്പോഴേക്ക് ആകെ തളര്‍ന്നുപോയി. വീണ്ടും കിടന്നു. മണി എത്രയായിക്കാണും. ആര്‍ക്കറിയാം. പുലരുന്നതിനുമുന്‍പേ റെയില്‍പ്പാളത്തില്‍ ഇതിനെക്കൊണ്ടെറിയാന്‍ പറ്റിയിരുന്നെങ്കില്‍!

കട്ടച്ചോര അപ്പോഴും കാലുകളിലൂടെ ഇറ്റുവീണുകൊണ്ടിരുന്നു. ചോരയുടെയും വിയര്‍പ്പിന്റെയും കൂടിയുള്ള ചൊടിപ്പിക്കുന്ന ഗന്ധം അവിടെയെങ്ങും പരന്നു.
അവള്‍ ആ കിടപ്പില്‍ കിടന്നു വീണ്ടും മയങ്ങി. ഉണരുമ്പോള്‍, വിളറിയ ഒരു ചന്ദ്രന്‍ അവളുടെ നനഞ്ഞ മുഖത്തേക്കുറ്റുനോക്കിനിന്നു.
അതുകണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞുപോയി. നിയന്ത്രിക്കാനാവാത്ത കരച്ചില്‍.
ആകാശത്തു വീണ്ടും ഇടിമുഴങ്ങി. ഭൂമിയെ നോക്കി അവ അത്യുച്ചത്തില്‍ അലറി. ഭൂമി നിശ്ശബ്ദമായി കിടന്നു. ചരല്‍ക്കല്ലുകളെപ്പോലെ കുറേ മഴത്തുള്ളികള്‍ ഉയരങ്ങളില്‍നിന്നു ചീറി വീണു. കുട്ടി ഞെട്ടിക്കരഞ്ഞു.
അവള്‍ പിടഞ്ഞെണീറ്റു കുട്ടിയെ വാരിയെടുത്ത് ഇരുണ്ട ആകാശത്തേക്കു നിസ്സഹായയായി നോക്കിനിന്നു. കുട്ടി ഒന്നും മനസ്സിലാകാത്ത കണ്ണുകള്‍കൊണ്ട് അവളെ പരിചയപ്പെടാന്‍ ശ്രമിച്ചു.
ആ മുഖം അവളെ കരയിച്ചു. കുട്ടിയെ മാറോടു ചേര്‍ത്ത് കൊട്ടിപ്പെയ്യുന്ന ആ മഴയത്തുനിന്ന് അവള്‍ ഏങ്ങിയേങ്ങി കരഞ്ഞു.

No comments:

Post a Comment