ബി.ടെക്കിന് പഠിക്കുന്ന സമയത്ത് എന്തോ ടെസ്റ്റിന് apply ചെയ്യാന്‍ ഒരു D.D എടുക്കാന്‍ ഞാന്‍ ബാങ്കിലെത്തി. ആലുവ S.B.I ബാങ്കില്‍ നിന്നാണ് D.D എടുക്കുന്നത്. ആ സമയത്ത് എനിക്ക് ബാങ്ക് അക്കൌണ്ട് ഇല്ലാത്തത് കൊണ്ട് തന്നെ ബാങ്കിങ്ങിലെ പദങ്ങള്‍ എനിക്കത്ര പരിചിതമല്ല.ഓരോ വരിയും വളരെ വളരെ ശ്രദ്ധിച്ചും സംശയിച്ചും ആണ് ഞാന്‍ ഫില്‍ ചെയ്യുന്നത്. അവിടിരിക്കുന്ന തട്ടമിട്ട ക്ലാര്‍ക്കിനോട് ഒരുപാട് തവണ ഞാന്‍ സംശയം ചോദിച്ചു. ആ സമയത്ത് ബാങ്കില്‍ നല്ല തിരക്കുണ്ടായിരുന്നെങ്കിലും അവര്‍ ഒരു ചെറുചിരിയോടെ, വളരെ വ്യക്തമായി എന്‍റെ ഓരോ സംശയങ്ങള്‍ക്കും മറുപടി നല്‍കി. ഞാനാകട്ടെ പുതിയ പുതിയ സംശയങ്ങളുമായി അവരെ ബുദ്ധിമുട്ടിച്ചു കൊണ്ടേയിരുന്നു. ഒടുവില്‍ ഒരു വിധത്തില്‍ ഞാന്‍ ഫോം ഫില്‍ ചെയ്തു തീര്‍ത്തു. നേരത്തെ പറഞ്ഞ ക്ലാര്‍ക്കിന്‍റെ അടുത്ത് തന്നെ D.D. എടുക്കാന്‍ ചെന്നു. form check ചെയ്യുന്നതിനിടെ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവര്‍ എന്നോടൊരു ചോദ്യം : "ഇയാള് ബി.ടെക്ക്. ആണല്ലേ?"
ഞാന്‍ ആകെ അന്തം വിട്ടു. എന്‍റെ പേരോ നാളോ ഒന്നും പറയാതെ തന്നെ എന്‍റെ qualification അവര്‍ ഇങ്ങോട്ട് ചോദിക്കുന്നു. മുഖത്തുള്ള അന്ധാളിപ്പ് മറച്ചു കൊണ്ട് ഞാന്‍ ചോദിച്ചു: "എങ്ങനെ മനസ്സിലായി?"
അവര്‍ ആക്കിയ ഒരു ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു. "അല്ല, ബി.ടെക്കുകാര്‍ക്ക് മാത്രേ ഇത്രേം സംശയം ഉണ്ടാകാറുള്ളൂ...!!!"
ഞാന്‍ ആകെ ഇളിഭ്യനായി. ശേ, ആകെ നാണം കേട്ടല്ലോ. എന്നാലും ആ ക്ലാര്‍ക്ക് ആളൊരു ഫീകരി തന്നെ. ഒരു പതിനഞ്ചു മിനിറ്റ് നേരത്തെ പരിചയം കൊണ്ട് എന്‍റെ degree ഏതാണെന്ന് കണ്ടു പിടിച്ചല്ലോ. കഥ അവിടെ തീര്‍ന്നില്ല. D.D. തരാന്‍ നേരത്ത് അവര്‍ ഒരു കാര്യം കൂടി പറഞ്ഞു. അതാണ് ഒടുക്കത്തെ ട്വിസ്റ്റ്. അവരും ഒരു ബി.ടെക്കുകാരി ആയിരുന്നു. അല്ലെങ്കിലും ഒരു ബി.ടെക്കുകാരന്‍റെ വിഷമം വേറൊരു ബി.ടെക്കുകാരനല്ലേ കൃത്യമായി മനസ്സിലാകൂ. ജോലി കിട്ടി കുറച്ചു നാള് കഴിയുന്നത് വരെ വളരെ സംശയിച്ചാണത്രേ അവരും ഇങ്ങനുള്ള കാര്യങ്ങള്‍ deal ചെയ്തിരുന്നത്. പയ്യെ പയ്യെ ഇങ്ങനുള്ള കാര്യങ്ങളില്‍ വൈദഗ്ദ്ധ്യം നേടിയെന്ന്‍ മാത്രം. ഒരു വിടര്‍ന്ന പുഞ്ചിരിയോടെ അവരത് പറയുമ്പോള്‍ എന്‍റെ ചമ്മല്‍ നല്ലൊരു ചിരിക്ക് വഴിമാറി..!!!