ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Friday, April 03, 2015

തിരശ്ശീലയില്‍ : Take 5 - പഴയ ട്രാക്കില്‍ 'എന്നും എപ്പോഴും'

ഏറെക്കാലത്തിനു ശേഷം ടിക്കറ്റ് കൌണ്ടറിലേക്ക് ഇടിച്ചു കയറി കാണേണ്ടി വന്ന സിനിമാനുഭവം ആണ് 'എന്നും എപ്പോഴും' എനിക്ക് സമ്മാനിച്ചത്‌. ഫീല്‍ ഗുഡ് സിനിമകളുടെ അപ്പോസ്തലന്‍ എന്ന സ്ഥാനത്തിന് ഇളക്കം തട്ടാതെ, സുരക്ഷിതമായ പഴയ ട്രാക്കിലൂടെ തന്നെ വണ്ടി ഓടിച്ചുകൊണ്ട് ഈ വിഷുക്കാലം സ്വന്തമാക്കുകയാണ് സത്യന്‍ അന്തിക്കാട്‌.
പഴയ നടന്‍ 'ഡിസ്ക്കോ' രവീന്ദ്രന്‍റെ കഥയ്ക്കോ എഴുത്തില്‍ തിരിച്ചെത്തിയ രഞ്ജന്‍ പ്രമോദിന്‍റെ തിരക്കഥയ്ക്കോ പ്രത്യേകിച്ച് പുതുമയൊന്നും അവകാശപ്പെടാനില്ല. സാധാരണ അന്തിക്കാട് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ചായാഗ്രഹണം നീല്‍ ഡി കുഞ്ഞയെ എല്പ്പിച്ചതും കഥാപശ്ചാത്തലം ഗ്രാമങ്ങളില്‍ നിന്നും നഗരത്തിലേക്ക് പറിച്ചു നട്ടതും അധികം മൈലേജ് ഒന്നും സിനിമക്ക് നല്കുന്നില്ല. വിനീത്.എന്‍.പിള്ള (മോഹന്‍ലാല്‍) എന്ന അലസനായ ജേണലിസ്റ്റ്, ഒരു കുഞ്ഞുമായി ഒറ്റയ്ക്ക് കഴിയുന്ന അഡ്വ: ദീപയുടെ അഭിമുഖത്തിന് ശ്രമിക്കുന്നതും അവരുടെ സ്വകാര്യജീവിതത്തിലേക്ക് കടന്നു ചെല്ലുന്നതും ആണ് കഥാഗതി. എന്തു കൊണ്ട് താന്‍ 'എന്നും എപ്പോഴും' പ്രേക്ഷകരുടെ ഇടയില്‍ താരരാജാവായി തുടരുന്നു എന്ന് അയത്ന ലളിതമായ അഭിനയത്തിലൂടെ മോഹന്‍ലാല്‍ എന്ന പ്രതിഭ കാണിച്ചു തരുന്നു. ഡബ്ബിങ്ങിലെ പിഴവുകളും അഭിനയത്തില്‍ അവിടവിടെയായി നിഴലിക്കുന്ന കൃത്രിമത്വവും ഒഴിച്ചു നിര്‍ത്തിയാല്‍ മഞ്ജു വാര്യരും സാമാന്യം ഭേദപ്പെട്ട രീതിയില്‍ പ്രകടനം നടത്തിയിട്ടുണ്ട്. ലെന, ഇന്നസെന്‍റ് തുടങ്ങി സ്ക്രീനില്‍ തെളിയുന്ന എല്ലാവരും നല്ല രീതിയില്‍ തങ്ങളുടെ കഥാപാത്രങ്ങളെ ഭംഗിയാക്കിയിരിക്കുന്നു. മോഹന്‍ലാലിന്‍റെ സന്തതസഹചാരികളായ ജേക്കബ് ഗ്രിഗറി, മിനോണ്‍ എന്നിവരുടെ പ്രകടനം എടുത്ത് പറയേണ്ടതാണ്. ഹാസ്യരംഗങ്ങളിലെ ടൈമിംഗ് ഒരുപാട് കയ്യടി നേടുന്നുണ്ട്. മോഹന്‍ലാല്‍-മഞ്ജു വാര്യര്‍-സത്യന്‍ അന്തിക്കാട്-രഞ്ജന്‍ പ്രമോദ് കൂട്ടുകെട്ടിന്‍റെ സിനിമ എന്ന രീതിയില്‍ പൂര്‍ണമായ അര്‍ത്ഥത്തില്‍ തൃപ്തി നല്‍കില്ലെങ്കിലും കുറഞ്ഞ പക്ഷം മോഹന്‍ലാലിന്‍റെ രസികന്‍ ഭാവങ്ങള്‍ക്ക് വേണ്ടി കുടുംബസമേതം ഒന്നിച്ചിരുന്നു കണ്ടു കയ്യടിക്കാവുന്ന ഒരു ചിത്രം തന്നെ ആണ് 'എന്നും എപ്പോഴും'.

Theatre : Priya, Palakkad
Status : 60%
Show : Holiday, Matinee
Rating : 7.5/10

No comments:

Post a Comment