പുറത്തിപ്പോഴും പ്രണയത്തിന്റെ വേനല്‍ മഴ മണ്ണിനെ പുണരുന്ന ശബ്ദം കേള്‍ക്കാം...
പത്തിരുപത്തൊന്നു വര്‍ഷമായിട്ടു കേള്‍ക്കുന്നതാണ്.
എന്നാലും ഇപ്പോഴും ഈ തണുത്ത കാറ്റും തുള്ളി വീഴുന്ന ശബ്ദവും ഒരു അനുഭൂതിയായി മനസ്സില്‍ നിറയാറുണ്ട്.
കനാലിന്റെ ചാരത്ത്, കുലുങ്ങി കടന്നു പോകുന്ന ഒരു കാളവണ്ടിയില്‍ ഇത് പോലൊരു അന്തരീക്ഷവും കയ്യില്‍ കൈ ചേര്‍ത്ത് പിടിക്കാനും പ്രണയം പങ്കു വക്കാനും ഒരു പെണ്ണും ഉണ്ടാകുന്നതിനെ കുറിച്ച് ഇന്ന് സ്വപ്നം കാണാന്‍ തുടങ്ങി എന്ന് മാത്രം...!!!
മഴയ്ക്ക് അല്ലെങ്കിലും ഒരു മധുരം ആണ്.
കുട്ടിക്കാലത്ത് മഴ നനഞ്ഞു കേറി വരുമ്പോള്‍ മുത്തശ്ശിയുടെ വാത്സല്യത്തിന്റെ പഞ്ചസാര മധുരം...
അത് കഴിഞ്ഞു ഇത്തിരി വളര്‍ന്നാല്‍ മഴയത്ത് കളിച്ചതിനു അമ്മയുടെ തല്ലിന്റെ ശര്‍ക്കര മധുരം...
കൌമാരത്തില്‍ കൂട്ടുകാരോടൊത്ത് പന്ത് കളിക്കുമ്പോഴോ, സൌഹൃദത്തിന്റെ ഒരു പൂന്തേന്‍ മധുരം...
ഇനീം വളര്‍ന്നു കഴിയുമ്പോഴല്ലേ, പ്രണയത്തിന്റെ പാല്‍പായസം കാത്തിരിക്കണേ...???
ഇതിലും മികച്ചൊരു അന്തരീക്ഷം പ്രണയത്തിനു പശ്ചാത്തലം ആക്കാന്‍ പറ്റില്ല എന്നത് കൊണ്ടാകും ഭരതനും പദ്മരാജനും ഒക്കെ പ്രണയത്തിന് മഴയുടെ നറുമണം കൂടി നല്‍കുന്നത്...
മഴയത്ത് നിന്നും കേറി വരുന്ന ക്ലാരയെയും സ്വപ്നം കണ്ടു, ഈ മഴ കണ്ടു മനസ്സ് ഇത്തിരി പറന്നു നടക്കട്ടെ...
എന്നെ അന്വേഷിച്ച് എനിക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ട ക്ലാര വരും, വരാതിരിക്കില്ല, വരാതെ പറ്റില്ലല്ലോ...
No comments:
Post a Comment