ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Monday, September 16, 2013

"436421"ലേക്കുള്ള ആദ്യത്തെ ഫോണ്‍വിളി

ഇന്നലെ രാവിലെ മുതല്‍ മൊബൈല്‍ ഫോണ്‍ നിര്‍ത്താതെ ചിലച്ചു കൊണ്ടിരിക്കുകയാണ്. അഴിമതി നടത്തി ചുളുവിലക്ക് വാങ്ങിയ സ്പെക്ട്രത്തിന് യഥാര്‍ത്ഥ വില നല്‍കാന്‍ നിശ്ചയിച്ച കോടതിയോടുള്ള കലിപ്പ് സാധാരണക്കാരന്‍റെ നെഞ്ചത്തോട്ട് തീര്‍ക്കുന്ന മൊബൈല്‍ കമ്പനികള്‍ തിരുവോണത്തിന് സൗജന്യ എസ്.എം.എസ്. അനുവദിക്കാത്തതു കൊണ്ട് ഉത്രാടത്തിനേ ഓണാശംസകള്‍ അയച്ച് ഓണം ആഘോഷിക്കുകയാണ് മലയാളികള്‍.,. അങ്ങനെ വെറുതെ ഇരുന്നപ്പോഴാണ് എന്‍റെ ആദ്യത്തെ മൊബൈല്‍ കോള്‍ ആരുടേതാണ് എന്ന് ഓര്‍ത്തത്‌.,. ആദ്യമായി എസ്.എം.എസ്. അയച്ചത് ഹരികൃഷ്ണന്‍ എന്ന പേരുള്ള എന്‍റെ ചേട്ടന്‍റെ സുഹൃത്താണ്, അച്ഛന്‍ ഇപ്പോഴും ഉപയോഗിച്ചു കൊണ്ടിരിക്കുന്ന നമ്പറിലേക്ക്. HK എന്ന പേരിലാണ് അന്ന് അച്ഛന്‍റെ ഫോണില്‍ സേവ് ചെയ്തിരുന്നത്. HK അയച്ചിരുന്ന ടെക്സ്റ്റ് ഗ്രാഫിക്സ് മെസേജുകള്‍ അന്ന് ഭയങ്കര കൗതുകം ആയിരുന്നു കേട്ടോ. ആദ്യത്തെ കോള്‍ പക്ഷെ ആരുടേതാണ് എന്ന് ഓര്‍മയില്ല.

അപ്പൊ പിന്നെ ലാന്‍ഡ്‌ ലൈന്‍ കോള്‍ ആരുടേതാണ് എന്ന് ഓര്‍ത്തു നോക്കി. അച്ഛന്‍റെ ഒരേ ഒരു പെങ്ങളുടെ ഒരേ ഒരു ഭര്‍ത്താവ് രാജന്‍ മാമയുടെ തറവാട് വീട്ടിലേക്കായിരുന്നു എന്‍റെ ആദ്യത്തെ കോള്‍., നമ്പര്‍ വരെ ഇപ്പോഴും ഓര്‍മയുണ്ട്-"436421". അന്ന് വീട്ടില്‍ ഫോണില്ല. അച്ഛന്‍റെ ഓഫീസില്‍ ഫോണ്‍ ഉണ്ട്. പക്ഷെ, ചെല്ലുമ്പോഴൊക്കെ ആരെങ്കിലുമൊക്കെ വിളിച്ചു കൊണ്ടിരിക്കുകയായിരിക്കും. ഒരു ചുവന്ന നിറത്തിലുള്ള കറക്കി വിളിക്കുന്ന ടൈപ്പ് ഫോണ്‍..,. വീട്ടില്‍ ഫോണ്‍ ഇല്ലാത്തോണ്ട് വായനശാലയുടെ അടുത്തുള്ള എസ്.ടി.ഡി. ബൂത്തില്‍ നിന്നാണ് പുറത്തേക്കുള്ള ഫോണ്‍ വിളി. നമ്പര്‍ ഡയല്‍ ചെയ്താ അപ്പുറത്ത് ഫോണ്‍ ട്രിംഗ് ട്രിംഗ് എന്ന് അടിചോണ്ടിരിക്കും. പിന്നെ ആരെങ്കിലും വന്ന് കോള്‍ എടുക്കും. ഹലോ എന്ന് പറയും. അപ്പൊ നമ്മളും ഹലോ പറയണം. പിന്നെ കാര്യം പറയണം. ഈ വക 'നിയമങ്ങള്‍' ഒക്കെ ഞാന്‍ കണ്ടു പഠിച്ചിരുന്നു. നിയമങ്ങള്‍ എന്ന് ഞാന്‍ പറയാന്‍ കാരണം ഉണ്ട്. അങ്ങനെ ഒക്കെ ക്രമത്തില്‍ ചെയ്തില്ലെങ്കില്‍ ഫോണ്‍ വിളി വര്‍ക്ക് ചെയ്യില്ല എന്നായിരുന്നു എന്‍റെ ധാരണ. ഇങ്ങനെ രാജമ്മാമയുടെ കൂടെ പുറത്തു പോകുമ്പോ ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. ഗ്രൗണ്ടില്‍ മോഹനന്‍ മാമയുടെ മകന്‍ ഹരിയേട്ടന്‍ വലിയ ഫുട്ബാള്‍ കൊണ്ട് കളിക്കുന്ന കാണാം, വായനശാലയിലെ പ്രായമായ പലരെയും കാണാം. പിന്നെ രാജമ്മാമ സ്കൂളിന്‍റെ മുന്നിലുള്ള സേതുവേട്ടന്‍റെയും രാധ ചേച്ചിയുടെയും കടകളില്‍ നിന്നും വല്ല മിട്ടായി, ബാലരമ, ഇത്യാദി അല്‍കുല്‍ത്ത് ഐറ്റംസ് ഒക്കെ മേടിച്ചു തരുകേം ചെയ്യും. മറിച്ച് എന്‍റെ അച്ഛന്‍റെ കൂടെ ആണെങ്കില്‍ റോഡ്‌ ക്രോസ് ചെയ്യുമ്പോഴും നടക്കുമ്പോഴും ഒരു റഫറിയെ പോലെ അച്ഛന്‍ കൂടെ കാണും. ഒരു വരയിലൂടെ നടക്കുന്ന പോലെ നടക്കണം. ഒന്നും മേടിച്ചു തരുകേം ഇല്ല. പഴയ റഫറി സ്വഭാവത്തിന് ഇപ്പോഴും ഒരു മാറ്റവുമില്ല കേട്ടോ. ആ എസ്.ടി.ഡി. ബൂത്തില്‍ രണ്ട് ഫോണ്‍ ഉണ്ട്. ചുവന്ന ഒരെണ്ണം ഒരു ചതുര കൂട്ടിനുള്ളില്‍ വച്ചിരിക്കും. വല്ല രഹസ്യവും ആണ് പറയേണ്ടതെങ്കില്‍ അതില്‍ കേറി നിന്ന് വിളിക്കാം.
പുറത്തു വെളുത്ത നിറത്തിലുള്ള ബീട്ടെല്‍ കമ്പനിടെ ഒരു ഫോണും ഉണ്ട്. നമ്മള്‍ നമ്പര്‍ ഒരു ബുക്കില്‍ എഴുതണം.[അതാണ്‌ ഡയറക്ടറി എന്നാണ് ഞാന്‍ കൊറേ കാലം വിചാരിച്ച് കൊണ്ടിരുന്നത്] അവിടെ ഇരിക്കുന്ന പ്രായമായ ആള് ആ നമ്പര്‍ ഡയല്‍ ചെയ്തു തരണോ എന്ന് ചോദിക്കും. ഒന്നുകില്‍ പുള്ളി ഡയല്‍ ചെയ്തു തരും, അല്ലെങ്കില്‍ നമ്മള് ഡയല്‍ ചെയ്യണം. ഇതൊക്കെ ഞാന്‍ പല തവണയായി കണ്ടുപിടിച്ച കാര്യങ്ങള്‍ ആണ്. അങ്ങനെ രാജമ്മാമടെ കൂടെ ഒരു തവണ ഫോണ്‍ ചെയ്യാന്‍ പോയി. നമ്പര്‍ മൂപ്പര് ഒറ്റക്ക് ഡയല്‍ ചെയ്തു. ആറക്ക നമ്പര്‍ എവിടെയും നോക്കാതെ ഡയല്‍ ചെയ്യുന്ന രാജമ്മാമ ആളൊരു പയങ്കരന്‍ തന്നെ എന്ന് ഞാന്‍ മനസ്സില്‍ ഓര്‍ത്തു. അന്നത്തെ എസ്.ടി.ഡി. ബൂത്തുകള്‍ക്ക് ഒരു പ്രത്യേകത ഉണ്ട്. ഫോണ്‍ വിളിച്ചു കിട്ടിയില്ലെങ്കിലും കാശ് കൊടുക്കണം. ഓണ്‍ലൈന്‍ ടിക്കറ്റ് കാന്‍സല്‍ ചെയ്താലും നമ്മള് റെയില്‍വേക്ക് കാശ് കൊടുക്കുന്നില്ലേ, അത് പോലെ. അത് പറ്റിക്കല്‍ പരിപാടി ആണെന്ന് അന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. ഞങ്ങടെ മുന്‍പ് വിളിച്ച ആള്‍ക്ക് നമ്പര്‍ ഡയല്‍ ചെയ്തു കൊടുക്കുകയാണ് ഉണ്ടായത്. നമ്പര്‍ ഡയല്‍ ചെയ്ത് കഴിഞ്ഞ് "ഇതൊക്കെ എന്ത്" എന്ന മട്ടില്‍ ഫോണ്‍ കൈമാറുന്ന കടയുടമയുടെ മുഖത്തെ ഐതിഹാസിക ഭാവം കാണാന്‍ തന്നെ നല്ല രസം ആയിരുന്നു. അത് പോലൊക്കെ ഞാന്‍ ഡയല്‍ ചെയ്യുന്ന ദിവസം സ്വപ്നം കണ്ടു ഞാന്‍ പിന്നീട് പല തവണ കോരിത്തരിച്ചു പോയിട്ടുണ്ട്. ഇതിപ്പോ രാജമ്മാമ ഒറ്റക്ക് റിസീവര്‍ എടുത്ത്, നമ്പര്‍ എവിടെയും നോക്കാതെ, ആരുടേയും സഹായമില്ലാതെ ഡയല്‍ ചെയ്ത് വിളിച്ചിരിക്കുന്നു. ഞാന്‍ ആകെ അന്തം വിട്ട് അങ്ങനെ ഇരുന്നു. ഹൊ, എന്നാലും ഈ രാജമ്മാമയുടെ ഒരു മിടുക്കേ...!!!
മൂപ്പര് ഒരു തവണ നമ്പര്‍ ഡയല്‍ ചെയ്തു, ഫോണ്‍ ആരും എടുത്തില്ല. ഫോണ്‍ റിംഗ് ചെയ്യുന്നുണ്ട് എന്ന് പറഞ്ഞു. അത് എന്താണ് സംഭവം എന്നൊന്നും മനസ്സിലായില്ലെങ്കിലും ഞാന്‍ എല്ലാം മനസ്സിലായി എന്ന അര്‍ത്ഥത്തില്‍ തലയാട്ടി. വീണ്ടും ഡയല്‍ ചെയ്തു, ഇത്തവണയും എടുത്തില്ല. മൂന്നാമത്തെ വിളിയില്‍ മുത്തശ്ശന്‍ ഫോണ്‍ എടുത്തു. മുത്തശ്ശന്‍ ഫോണ്‍ റിംഗ് ചെയ്യുമ്പോ ദൂരെ എവിടെങ്കിലും ആണെങ്കില്‍ ഇങ്ങനെ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കും. "ദാ വരണൂ","കെടന്ന് ചെലക്കാതെ" എന്നൊക്കെ. നമ്മള് പറഞ്ഞത് ഫോണ്‍ കേള്‍ക്കും അതുമല്ലെങ്കില്‍ അപ്പുറത്തെ ആള് ഇതെല്ലാം അറിയുന്നുണ്ട് എന്നാണ് ധാരണ. ഞാന്‍ രാജമ്മാമ ചെയ്യണ ഓരോ കാര്യവും സാകൂതം വീക്ഷിച്ചു. അതിന്‍റെ ഇടയില്‍ സെക്കണ്ട് കാണിക്കുന്ന മെഷീനും നോക്കുന്നുണ്ട്. സംസാരം ഒരു രണ്ടു മൂന്ന് മിനിറ്റ് കടന്ന് പോയി. കൂടെ സനീഷ് ഉണ്ടെന്ന് പറഞ്ഞു. എന്നോട് ഫോണ്‍ വേണോ എന്ന് ചോദിച്ചു. ഞാന്‍ വേണമെന്നോ വേണ്ടെന്നോ പറഞ്ഞില്ല. രാജമ്മാമ ഫോണ്‍ എടുത്ത് കയ്യില്‍ തന്നു. ഫോണ്‍ എന്നത് കൊണ്ട് ഉദ്ദേശിച്ചത് റിസീവറിനെയാണ് കേട്ടോ. എന്‍റെ ശബ്ദം കേക്കുമോ, അവിടുന്നുള്ള ശബ്ദം കേക്കുമോ, എങ്ങനെ ഫോണ്‍ പിടിക്കും, ഫോണ്‍ തെറ്റി പിടിച്ചാല്‍ ഷോക്ക് അടിക്കുമോ എന്നിങ്ങനെ ഒരുപാട് സംശയങ്ങള്‍ മനസ്സില്‍ ഉണ്ട്. എങ്കിലും ഫോണ്‍ ഞാന്‍ മേടിച്ചു. എന്തായാലും ഞാന്‍ ആ പ്രായത്തിനിടെ അത്രയും സന്തോഷം അനുഭവിച്ച സന്ദര്‍ഭങ്ങള്‍ കുറവായിരുന്നു. നല്ല നീട്ടി ഒരു ഹലോ പറഞ്ഞു. നമ്മളായിട്ട് തുടക്കം മോശമാക്കരുതല്ലോ? മുത്തശ്ശന്‍ പൊതുവേ ഉറക്കെ സംസാരിക്കുന്ന ആളാണ്‌. ഫോണ്‍ എടുത്താലും അങ്ങനെ തന്നെ. എന്‍റെ ആദ്യത്തെ ഫോണ്‍ വിളി ആണ്. അപ്പൊ ഞാന്‍ വിചാരിച്ചു ഫോണില്‍ ഇങ്ങനെ സംസാരിക്കണം എന്ന്. ഞാനും എന്‍റെ പരമാവധി ശബ്ദം പുറത്തെടുത്തു. രാജമ്മാമക്ക് കാര്യം മനസ്സിലായി, മൂപ്പര് എന്നെ നോക്കി ചിരിച്ച് കൊണ്ടിരുന്നു. ഞാന്‍ രാവിലെ കഴിച്ച ദോശയുടെ സ്വാദിന്‍റെ കാര്യം മുതല്‍ ക്രാങ്ങാട്ടെ പശു അനിയത്തി റീനയെ കുത്താന്‍ ഓടിച്ച കാര്യം അടക്കം ആ പഞ്ചായത്തിലെ എന്‍റെ നാവില്‍ വന്ന എല്ലാ കാര്യങ്ങളും മുത്തശ്ശനോട് വിശദീകരിച്ചു കൊണ്ടിരുന്നു. മൂപ്പര് എല്ലാം ക്ഷമയോടെ കേട്ടു. അവിടെ വേറെ ആരും ഇല്ലാത്തോണ്ട് ഞാന്‍ ഫോണ്‍ വിളിക്കാന്‍ പ്രാപ്തി നേടിയ കാര്യം വിളിച്ചറിയിക്കാന്‍ വേറെ ആരെയും കിട്ടിയില്ല. എന്തായാലും സംഭവം കലക്കി. ഫോണ്‍ ഞാന്‍ വീണ്ടും രാജമ്മാമക്ക് കൊടുത്തു. രാജമ്മാമ ഫോണ്‍ കട്ട് ചെയ്ത് റിസീവര്‍ പഴയ പോലെ വച്ചു. ഒരു അഭ്യാസിയുടെ പ്രകടനം കാണുന്ന പോലെ ഞാന്‍ ഇതും അത്ഭുതത്തോടെ വീക്ഷിച്ചു. കടയുടമ എന്നെ മിടുക്കന്‍ എന്ന് വിളിച്ചപ്പോ ഞാന്‍ ആകെ വിജ്രുംഭിച്ചു പോയി. "അടങ്ങ്‌ മോനേ അടങ്ങ്‌'' എന്ന് ഞാന്‍ എന്നോട് തന്നെ മന്ത്രിച്ചു. അവിടുന്ന് ഇറങ്ങുമ്പോ സച്ചിന്‍റെ വിക്കറ്റ് എടുത്താ മലിംഗ കാണിക്കണ പോലെ വഴിക്കുള്ള സ്കൂള്‍ ഗ്രൗണ്ട് മൊത്തം ഒരു റൗണ്ട് ഓടിയാലോ എന്ന് വരെ ആലോചിച്ചു. ഞാന്‍ വീട്ടില്‍ എത്തി. എന്തോ ഭയങ്കരമായ കാര്യം സാധിച്ച പോലെ എല്ലാരേം വിളിച്ച് കാര്യം പറഞ്ഞു. ഞാന്‍ എന്നെ കൊണ്ട് തോറ്റ് എന്ന മട്ടില്‍ ഞാന്‍ കാര്യങ്ങള്‍ അവതരിപ്പിച്ചു. പിന്നെ പതിവ് പോലെ എല്ലാം കഴിഞ്ഞ് റീനയെ സാമാന്യം ഭേദപ്പെട്ട രീതിയില്‍ ചൊറിഞ്ഞു. നിനക്ക് ഇതൊന്നും അറിയില്ലല്ലോ എന്ന് പറഞ്ഞ് അവളെ കളിയാക്കി കരയിച്ചു. ഇതിന്‍റെ പേരിലും കൂടി ഒരു കുത്തിതിരിപ്പ് ഉണ്ടാക്കിയപ്പോ ഉള്ള സമാധാനം, ഹോ...!! എന്‍റെ ശിവനേ, അതൊന്നു വേറെ തന്നെ ആണേ. വീട്ടില്‍ ലാന്‍ഡ്‌ ഫോണ്‍ കണക്ഷന്‍ എടുത്ത് എല്ലാരും ഫോണ്‍ വിളിക്കാന്‍ പഠിക്കണ വരെ ഞാന്‍ ഇത് ഭയങ്കര സംഭവമായി കൊട്ടിഘോഷിച്ചു നടന്നു...!!!

ഇന്ന് ഈ പോസ്റ്റ്‌ എഴുതുമ്പോ ഞാന്‍ ആദ്യമായി വിളിച്ച മുത്തശ്ശന്‍ ജീവനോടെ ഇല്ല. നമ്പര്‍ ആറക്കത്തില്‍ നിന്നും ഏഴക്കം ആയിരിക്കുന്നു. ആ പഴയ എസ്.ടി.ഡി.ബൂത്ത്‌ ഉടമയും ആ കടയും ഇന്നില്ല. ആലോചിക്കുമ്പോള്‍ അന്ന് സംഭവിച്ച കാര്യങ്ങള്‍ എല്ലാം ഒരു ചെറുചിരിയോടെ മാത്രേ ഓര്‍ക്കാന്‍ പറ്റൂ. മൊബൈല്‍ ഫോണ്‍ യുഗത്തില്‍ എത്തി നില്‍ക്കുമ്പോഴും ആദ്യത്തെ ഫോണ്‍ വിളി എന്തായാലും ഒരു സുഖമുള്ള ഓര്‍മ തന്നെ ആണേ...!!

5 comments:

  1. നമ്മുടെ ഒരോ അഘോഷങ്ങളും ചിലതൊക്കെ നമ്മിൽ അടയാപ്പെടുത്തുന്നുണ്ട് നാം അറിയാതെ, പക്ഷെ പിന്നീട് അവ നല്ല ഓർമകളാണ്

    ReplyDelete