ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Saturday, September 14, 2013

'തിരശീലയില്‍::' : Take 2 - ദൈവത്തിന് പോലും വേണ്ടാത്ത "ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ്"

കെട്ടുറപ്പില്ലാത്ത തിരക്കഥ, ഒരു മികച്ച നടനെ എങ്ങനെ ഉപയോഗിക്കണം എന്നറിയാത്ത സംവിധായകന്‍, ഇതിനിടയില്‍ ഉഴറുന്ന മമ്മൂട്ടി എന്ന മഹാനടന്‍-'- ചുരുങ്ങിയ വാക്കുകളില്‍ ഇതാകുന്നു 'ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ്' എന്ന പുതിയ മമ്മൂട്ടി ചിത്രം. 'കുഞ്ഞനന്തന്‍റെ കട' എന്ന വിസ്മയത്തില്‍ നിന്നും മമ്മൂട്ടി നിസ്സഹായന്‍ ആകുന്ന പുറംകാഴ്ച ആണ് ക്ലീറ്റസില്‍ എത്തി നില്‍ക്കുമ്പോള്‍ കാണാനാകുന്നത്.

സിനിമ തുടങ്ങുന്ന രംഗം മുതല്‍ ഒട്ടൊന്നുമല്ല മനുഷ്യന്‍റെ ക്ഷമ ഈ ചിത്രം പരിശോധിക്കുന്നത്. വികലമായ ദൃശ്യചിത്രീകരണവും അതിലും വികലമായ രംഗക്രമീകരണവും കാഴ്ച്ചയുടെ ഒഴുക്കിനെ സാമാന്യം ഭേദപ്പെട്ട രീതിയില്‍ തടസ്സപ്പെടുത്തുന്നു. ജമ്പ് കട്ട്, ഡിസോള്‍വ്, 180 ഡിഗ്രി,30 ഡിഗ്രി തുടങ്ങി എഡിറ്റിംഗ്-കാമറ സങ്കേതങ്ങളുടെ ഉള്ളറിവ് പുതുമുഖസംവിധായകന്‍ ആയ മാര്‍ത്താണ്ടന് ഇല്ലാതെ പോയി, അതറിഞ്ഞ് ഈ അപകടം ഒഴിവാക്കാനുള്ള സാമാന്യബോധം മമ്മൂട്ടിക്കും. അങ്ങനെ ചിത്രീകരിക്കാന്‍ മാത്രം വിശദമായ കഥയോ സന്ദര്‍ഭങ്ങളോ ഇല്ലാത്തത് കൊണ്ട് ഇതൊന്നും വിഷയമേ ആകുന്നില്ല എന്ന് മാത്രം.

പറയത്തക്ക സസ്പെന്‍സോ, ചിരിക്കാനുള്ള മേമ്പൊടികളോ, വികാരനിര്‍ഭര രംഗങ്ങളോ ഒന്നുമില്ലാത്ത ഒരു ദുരന്ത ചിത്രമായി ഇത് പര്യവസാനിചില്ലെങ്കില്‍ മലയാള പ്രേക്ഷക സമൂഹത്തിന്‍റെ ആസ്വാദന നിലവാരത്തിന് സംഭവിച്ച വൈകല്യം എന്ന് പറഞ്ഞു മാത്രമേ നിശ്വസിക്കാന്‍ കഴിയൂ. റിലീസ് ചെയ്തു രണ്ടാം ദിവസമായ ഇന്ന് തന്നെ പ്രേക്ഷകപങ്കാളിത്തം തിയേറ്ററിന്‍റെ മൂന്നിലൊന്ന് പോലും ഇല്ലാത്തത് ഒരു നേര്‍രേഖ തന്നെയാണ്.

എഴുതിപ്പിടിക്കാന്‍ മേന്മകള്‍ ഒന്നും പ്രത്യേകിച്ച് ഇല്ലാത്തതിനാല്‍ ഈ ചെറിയ കുറിപ്പ് ഇവിടെ അവസാനിപ്പിക്കുന്നു.

വാല്‍കഷണം: സിനിമ തിരഞ്ഞെടുക്കുന്നതില്‍ മകന്‍ കാണിക്കുന്ന സൂക്ഷ്മത എങ്കിലും മമ്മൂട്ടി കാണിച്ചില്ലെങ്കില്‍ ക്ലീറ്റസ്സുമാര്‍ ഇനിയും കടല് കടന്ന് വരും, കുഞ്ഞനന്തന്മാര്‍ വല്ലപ്പോഴും കട തുറന്ന് ലാഭം നേടുന്നത് കാത്ത് പ്രേക്ഷകര്‍ കാത്ത് നില്‍ക്കേണ്ടിയും വരും.

No comments:

Post a Comment