ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Tuesday, June 21, 2011

മനസ്സിലൊരു ലഡു പൊട്ടി!!!

ലഡു തീറ്റ മല്‍ബുവിന് ഒരിക്കലും മറക്കാനാവാത്ത അനുഭവമായത് ഈ തെരഞ്ഞെടുപ്പിലല്ല. ഇതിനു മുമ്പ് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലോ അതിനു മുമ്പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലോ അല്ല. കൃത്യം അഞ്ച് വര്‍ഷം മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലായിരുന്നു അത്.
അന്നാണ് ജീവിതത്തില്‍ ആദ്യമായി ചുകപ്പ് ലഡു കഴിച്ചത് എന്നതു കൊണ്ടു മാത്രമല്ല, അതിനു ശേഷം കൃത്യം അഞ്ച് നാള്‍ ജോലിക്കു പോകാതെ മുറിയിലിരിക്കേണ്ടിവന്നു എന്നതിനാല്‍ കൂടിയാണ് അതൊരു ദുരനുഭവമായി മനസ്സില്‍ തങ്ങിനില്‍ക്കുന്നത്.
യഥാര്‍ഥത്തില്‍ ചുകപ്പന്‍ ലഡു തിന്നാന്‍ മല്‍ബു അര്‍ഹനായിരുന്നില്ല. പക്ഷെ, അന്നത്തെ തെരഞ്ഞെടുപ്പില്‍ ചുറ്റുപാടും വാരി വിതറിയിരുന്നത് ചുകപ്പ് ലഡുവായിരുന്നു. വേണ്ട, വേണ്ട എന്നു പറഞ്ഞെങ്കിലും തൊട്ടടുത്ത മുറിയില്‍ താമസിക്കുന്ന നാട്ടുകാരായ സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചു തീറ്റിക്കുകയായിരുന്നു.
തിന്നാതെ അനങ്ങാന്‍ വിടില്ല എന്ന് അവര്‍ അന്ത്യശാസനം നല്‍കിയപ്പോള്‍ ഒന്നിനു പിറകെ ഒന്നായി അഞ്ച് ചുകപ്പന്‍ ലഡു അകത്താക്കി. സ്വയം സന്നദ്ധനായി അവ തിന്നില്ലെങ്കിലും തന്റെ വയറ്റില്‍ അവ എത്തിക്കുന്നതിന് കൂട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ചിരുന്നു.
നാട്ടിലായിരുന്നെങ്കില്‍ രാഷ്ട്രീയ എതിരാളികള്‍ നിര്‍ബന്ധിച്ച് ലഡു തീറ്റിച്ചു എന്നൊക്കെ പറഞ്ഞ് ഒരു സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചെടുക്കാവുന്ന കോപ്പൊക്കെ ഉണ്ടായിരുന്നു. പ്രവാസ ലോകത്തായതിനാല്‍ അതൊരു തമാശയായി എടുക്കാന്‍ സാധിച്ചു. രാഷ്ട്രീയ ഭിന്നതയും വാഗ്വാദങ്ങളുമൊക്കെ ഉണ്ടെങ്കിലും പരദേശത്ത് അതിന്മേലെല്ലാം സൗഹൃദത്തിന്റെ മധുരമുണ്ട്. അന്നും ഉണ്ടായിരുന്നു, ഇന്നുമുണ്ട്. അന്യനാട്ടില്‍ വന്ന് കഷ്ടപ്പെടുന്നവര്‍, ഒരേ മുറിയില്‍ അടുത്തടുത്ത് കിടക്കുന്നവര്‍, ദീര്‍ഘ പ്രവാസത്തിന്റെ ഫലമായി വന്നുചേര്‍ന്ന അസുഖങ്ങളുമായി മല്ലിടുന്നവര്‍.. ഇവര്‍ക്കൊക്കെയും കക്ഷിരാഷ്ട്രീയത്തിന് അതീതമായി ആവശ്യമുള്ളത് അനുകമ്പയുടേയും സ്‌നേഹത്തിന്റെയും ലഡു തന്നെ.
അഞ്ച് ലഡു തിന്നത് അഞ്ച് ദിവസം കിടപ്പിലാകാന്‍ കാരണമാകുമെന്ന് ചുകപ്പ് ലഡു ഉണ്ടാക്കിയവരോ അതു വിതരണം ചെയ്തവരോ കരുതിക്കാണില്ല. വയറില്‍ ഇത്തിരി ഡിംഗോല്‍പിയായി തുടങ്ങിയത് ഡെങ്കിപ്പനിയെന്ന സംശയത്തിലേക്കുവരെ നീണ്ടു പോയി. ചുകപ്പിനോട് വിരോധമുള്ളവര്‍ ലഡുവില്‍ മറ്റെന്തോ കലര്‍ത്തി നല്‍കിയോ എന്നുവരെ ചില ദോഷൈകദൃക്കുകള്‍ പറഞ്ഞു.
പകര്‍ച്ചപ്പനിയെന്ന കാരണം പറഞ്ഞ് സ്വന്തം മുറിയിലുള്ളവര്‍ ഒറ്റപ്പെടുത്തിയപ്പോള്‍, വിദഗ്ധനായ വേറൊരു ഡോക്ടറെ കാണാനും ഡെങ്കിയോ എലിപ്പനിയോ അല്ലെന്നു ഉറപ്പുവരുത്താനും കൂടെ ഉണ്ടായിരുന്നത് ചുകപ്പന്‍ ലഡു തീറ്റിച്ച സുഹൃത്തുക്കള്‍ തന്നെയായിരുന്നു.
ആ സംഭവത്തിനുശേഷം തികഞ്ഞ ഒരു ലഡു വിരുദ്ധനായി മാറി മല്‍ബു. നിര്‍ദോഷമെന്നു കരുതി പ്രമേഹ രോഗികള്‍ പോലും വാരിവലിച്ചു തിന്നുന്ന മഞ്ഞ ലഡു പോലും പിന്നീടൊരിക്കലും കഴിച്ചിട്ടില്ല.
തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ മാത്രമല്ലല്ലോ ലഡു വിതരണം. ബ്രോസ്റ്റ് വിതരണം ചെയ്ത് സന്തോഷിക്കേണ്ട വേളകളില്‍ പോലും ലഡുവിലൊതുക്കുന്നു ചിലര്‍. എന്നാലും കടും വര്‍ണങ്ങളുള്ള ലഡുവിന്റെ രംഗപ്രവേശത്തിനു തെരഞ്ഞെടുപ്പു തന്നെ വരണം. ലഡുവില്‍ മാത്രമല്ല, പായസങ്ങളിലും പാര്‍ട്ടികളുടെ നിറം ചേര്‍ക്കപ്പെടുന്നു.
ആശുപത്രിക്കരികില്‍ ലഡു വിതരണം ചെയ്യുകയായിരുന്നു ഒരാള്‍.
മല്‍ബു അയാളോടു പറഞ്ഞു:
വേറെ വല്ലതും വിതരണം ചെയ്തുകൂടേ? കളറു ചേര്‍ത്ത ഈ മാരണം തന്നെ വേണോ? അനുഭവത്തീന്നു പറയാട്ടോ. കളറു ചേര്‍ക്കുന്ന ലഡു ആരോഗ്യത്തിനു വലിയ കേടാണ്. നോക്കിയേ, ഒന്നല്ല, മൂന്ന് കളറാണ് ഇതില്‍ ചേര്‍ത്തിരിക്കുന്നത്.
മല്‍ബുവിന്റെ ചോദ്യം അത്ര പിടിച്ചില്ലെങ്കിലും അയാള്‍ മറുപടി നല്‍കി.
ഇനിയിപ്പോള്‍ ഒരു ലഡു തിന്നിട്ട് ആരോഗ്യം കേടാകാന്‍. വലിയ ആരോഗ്യത്തോടെയാണല്ലോ ഓരോരുത്തരും ഇവിടെ ജീവിക്കുന്നത്. ദേ നോക്കിയേ, ആശുപത്രിയിലെ തിരക്ക് കണ്ടോ?
എന്നാലും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഡു തിന്നിട്ട് അഞ്ച് ദിവസാ ഞാന്‍ കിടപ്പിലായത്. അനുഭവാണല്ലോ ഏറ്റവും നല്ല ഗുരു. ഞാനിത് കഴിക്കാറില്ല -മല്‍ബു പറഞ്ഞു.
ബോക്‌സിലെ ലഡു കാലിയായിക്കൊണ്ടിരിക്കെ അയാള്‍ മറുപടി നല്‍കി: ഇതിലപ്പുറം എന്തു വിതരണം ചെയ്യാനാണ്? ഇതു തന്നെ ധാരാളം. തെരഞ്ഞെടുപ്പില്‍ കഷ്ടിച്ച് കയ്ച്ചിലായ്ട്ടല്ലേയുള്ളൂ. പിന്നെ ഇതു സ്‌പോണ്‍സര്‍ ചെയ്തത്ു ആശുപത്രിക്കാരാണ്.
ഓഹോ, അപ്പോള്‍ അടുത്തുതന്നെ സൗജന്യ പ്രമേഹ നിര്‍ണയ ക്യാമ്പും ഇവരെക്കൊണ്ട് സ്‌പോണ്‍സര്‍ ചെയ്യിക്കാം...

No comments:

Post a Comment