ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Thursday, August 11, 2011

സാമ്പത്തികമാന്ദ്യം-ചില "കണ്ടെത്തലുകള്‍"(മണ്ടത്തരങ്ങള്‍)

അരി മേടിക്കാനുളള കാശെടുത്ത് ന്യൂ ഈയര്‍ ആഘോഷിച്ചാല്‍ സാമ്പത്തികമാന്ദ്യം.
കുട്ടിയായിരിക്കുമ്പോള്‍ കേട്ടിട്ടുളള ചൊല്ലാണ് കാണം വിറ്റും ഓണം ഉണ്ണണം എന്ന്. ഓണമടുക്കുമ്പോള്‍ പലപ്പോഴും ഞാന്‍ വീടായ വീടെല്ലാം അരിച്ചു പെറുക്കിയിട്ടുണ്ട് കാണം ഇരിക്കുന്നതെവിടാണെന്നറിയാന്‍.ഒന്നും കാണാന്‍ കഴിഞ്ഞിട്ടില്ല. കുറെക്കാലം മുന്‍പ് മുടി നീട്ടി വളര്‍ത്തി രാത്രിയില്‍ വന്നിറങ്ങിയ അമേരിക്കന്‍സുഹൃത്തിനോടു ചോദിച്ചപ്പോള്‍ അമേരിക്കയിലൊക്കെ മാന്ദ്യം! ഭയങ്കര സാമ്പത്തികമാന്ദ്യം! എന്നായിരുന്നു മറുപടി. ഏതാനും നാളുകള്‍ കഴിഞ്ഞ് ലോഹ്യമായി അടുത്തുകൂടി ചോദിച്ചപ്പോള്‍ ആശാന് അവിടെ കുക്കറിനകത്തു വാറ്റായിരുന്നു സൈഡ് ബിസിനസ്സ്. മലയാളികള്‍ കുടിക്കുന്നത് നാലാളറിയാനായതിനാല്‍ കുറെക്കഴിഞ്ഞപ്പോള്‍ വിദ്വാനെ പോലീസു പൊക്കി. പിടിച്ച ലിറ്ററു കണക്കിനു സാധനം കണ്ടിട്ട് പോലീസു ചോദിച്ച ചോദ്യം ഇതുണ്ടാക്കുന്ന മെഷീന്‍ എവിടെ എന്നാണ്. ഇടി കൊണ്ടു പഴുത്തിട്ടും അവരുടെ ചോദ്യം അവസാനിച്ചില്ല. മെഷീന്‍ ഇല്ല എന്നത് അവര്‍ക്കൊട്ടു മനസിലായതുമില്ല. എത്ര ഇടിച്ചിട്ടും വിവരം വെളിപ്പെടുത്താത്ത അപകടകാരിയായ ഇന്ത്യാക്കാരനെ അവസാനം അവര്‍ കയററിവിടുകയായിരുന്നു.
ഇതേ അവസ്ഥയാണ് സാമ്പത്തിക മാന്ദ്യത്തിന്റെ കാര്യത്തിലും. ആരോടു ചോദിച്ചാലും മാന്ദ്യം മാന്ദ്യം എന്നു പറയും. സംഗതിയൊട്ടു കാണാനും പറ്റിയിട്ടില്ല. ഇയ്യിടെയാണ് മാന്ദ്യത്തെ അതിന്റെ ലളിതമായ രൂപത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത്. റഷ്യയിലും ചൈനയിലും വ്യത്യസ്ത കലണ്ടറുകളായതിനാല്‍ ന്യൂ ഈയര്‍ ജനുവരി ഒന്നിനല്ലെന്ന് കേട്ടിട്ടുണ്ട്. അയല്‍വക്കത്തെ ദിവാകരന്‍ ഡിസംബര്‍ 31 ന് ആടിനെ വിററ പൈസമുഴുവന്‍ കൊടുത്ത് പൂസായി വന്നപ്പോള്‍ സഞ്ചാരപാതയില്‍ അപഭ്രംശം സംഭവിച്ച ഏതോ ഉപഗ്രഹങ്ങളെപ്പോലെ ദിവാകരന്റെ കുട്ടികള്‍ വീടിനു ചുറ്റും കിടന്നോടുന്നു. സൂക്ഷിച്ചു നോക്കിയപ്പോള്‍ ഒരു വടിയുമായി ദിവാകരന്‍ പിന്നാലെയുണ്ട്. സന്ധ്യക്ക് കണ്ണുവെട്ടിച്ച് ഏഴിലും ഒന്‍പതിലും പഠിക്കുന്ന അവര്‍ ഓടി ക്ഷീണിച്ച് ഈയുളളവന്റെ വീട്ടിലെത്തി. 'ചേട്ടാ ചൂടുവെളളം എന്നതിന്റെ ഹിന്ദി വാക്കെന്താണെന്നു പറഞ്ഞു തരണം. അതു പറയാതെ അച്ഛന്‍ വീട്ടിക്കേറ്റത്തില്ല.' മൂത്തവന്‍ വിക്കിവിക്കി പറഞ്ഞു. ഠണ്ടാ പാനി എനിക്കു വരുന്നുണ്ട്. പക്ഷേ ചൂടുവെളളത്തിന്റെ വാക്കു കിട്ടുന്നില്ല. അവരെ അടിയില്‍ നിന്നു രക്ഷിക്കാനുളള ആ വാക്കു മാത്രം ഓര്‍മ്മയിലേക്കു വന്നില്ല. ദിവാകരന് അന്നു ന്യൂ ഈയറായിരുന്നു എന്ന് പിറ്റേന്നാണു മനസ്സിലായത്. വെളളിയാഴ്ച രാവിലെ ചായക്കടയില്‍ പോയി ചായ കുടിക്കാനോ ചന്തയ്ക്കു പോകാനോ ദിവാകരന് കഴിഞ്ഞില്ല. വീട്ടില്‍ രാവിലെ കാപ്പിക്ക് പ്രത്യേകിച്ചൊന്നും ഉണ്ടായിരുന്നില്ല. കുട്ടികള്‍ സ്‌കൂളില്‍ പോയില്ല. പത്തുമണിയായപ്പോള്‍ ദിവാകരന്റെ ഭാര്യ അപ്പുറത്തു വന്ന് എന്തോ വാങ്ങിക്കൊണ്ടു പോയി. ദിവാകരന്‍ നോര്‍മലായതോടെ ഉയര്‍ന്നു കേട്ടതെല്ലാം ദിവാകരന്റെ ഭാര്യയുടെ ശബ്ദമായിരുന്നു. പ്രശ്‌നങ്ങള്‍ കുറെ ദിവസത്തേക്കു നീണ്ടു നിന്നു.
ഇതുതന്നെയാണ് മുതലാളിത്ത സമ്പദ് വ്യവസ്ഥയിലും സംഭവിക്കുന്നത്. അതിന്റെ അനിവാര്യമായ അവസ്ഥാന്തരങ്ങളാണ് സാമ്പത്തിക മാന്ദ്യവും സാമ്പത്തിക വളര്‍ച്ചയും. സമൃദ്ധിയുടെ ഒത്ത നടുവില്‍ വെച്ചാണ് മാന്ദ്യം പൊട്ടിപ്പുറപ്പെടുന്നത്. മാന്ദ്യമുണ്ടാകുമ്പോള്‍ വില കൂടുകയല്ല; കുറയുകയാണ് ചെയ്യുക. പണിയെടുക്കാനാളുണ്ട് പണിയില്ല, യന്ത്രങ്ങളുണ്ട് അവ പ്രവര്‍ത്തിക്കുന്നില്ല, അസംസ്‌കൃതവസ്തുക്കളുണ്ട് ഉത്പാദനമില്ല. മുതലാളിത്ത വ്യവസ്ഥിതിയില്‍ ഉത്പാദനത്തിനു നിയന്ത്രണമോ ആസൂത്രണമോ ഇല്ല. ലാഭമുളള മേഖലയില്‍ ആളുകള്‍ കൂടുതലായി മുതല്‍ മുടക്കും. ആ മേഖലയ്ക്കാവശ്യമായതിലും കൂടുതലായി വന്‍തോതില്‍ മുതല്‍ നിക്ഷേപിക്കുമ്പോള്‍ അതിന് ഡിമാന്റുമായി ഒരു പൊരുത്തവുമുണ്ടാവുകയില്ല. മത്സരം മുറുകും. പിടിച്ചു നില്‍ക്കാനാകാത്ത കമ്പനികള്‍ പൂട്ടും. ചിലവ ഉത്പാദനം കുറയ്ക്കും. ആ മേഖലയില്‍ മാന്ദ്യമുണ്ടായതായി വെളിവാക്കപ്പെടും. ഒരു ജനസമൂഹത്തിനാവശ്യമായ വസ്തുക്കള്‍ എന്തൊക്കെയാണെന്ന് കണക്കെടുത്ത ശേഷം ആവശ്യമായ വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നിടത്ത് ഇത്തരത്തില്‍ മാന്ദ്യം ഉണ്ടാവുകയില്ല. എല്ലാ സമ്പദ് വ്യവസ്ഥയിലും വിശ്വാസ്യതയ്ക്കും ഉറച്ച ഭരണകൂടത്തിനും പ്രസക്തിയുണ്ട്.
സമ്പദ് വ്യവസ്ഥയുടെ പടിപടിയായുളള വളര്‍ച്ചയുടെ ഫലമായി എണ്ണയുത്പാദനമൊന്നുമില്ലാത്ത ദുബായില്‍ റിയല്‍ എസ്റ്റേറ്റു മേഖലയില്‍ വന്‍ നിക്ഷേപമുണ്ടായി. ഊഹക്കച്ചവടത്തിലധിഷ്ഠിതമായ ഷെയര്‍ മാര്‍ക്കറ്റും, ഐടി രംഗവും, യുദ്ധമേഖലയിലെ അനിശ്ചിതാവസ്ഥയും, വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ച്ചയുമൊക്കെ അമേരിക്കയെ മാന്ദ്യത്തിലാക്കിയപ്പോള്‍ അത് ലോകരാജ്യങ്ങളെ ബാധിച്ചു. അമേരിക്കയിലെയും മറ്റും താരങ്ങള്‍ മോഹവിലയ്ക്ക് ആഡംബര കെട്ടിടങ്ങള്‍ വാങ്ങുകയില്ലെന്നു വന്നപ്പോള്‍ ദുബായിലെ കമ്പനികള്‍ തകര്‍ന്നു. ബുര്‍ജ് ദുബായ് ഓപ്പണ്‍ ചെയ്തത് ഒരു തരത്തില്‍ വിശ്വാസ്യത ഉയര്‍ത്തിപ്പിടിക്കുന്നതിന് സഹായിക്കും.
കേരളത്തിലെ എം.എം. ഹസ്സനെപ്പോലെ കീറിയ വായയ്ക്ക് എന്തും വിളിച്ചു പറയുന്ന കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ വായ്ത്താരിയിടുന്നത് മന്‍മോഹന്‍സിംഗിനെപ്പോലെയുളള പ്രതിഭാശാലികളുടെ നേതൃത്വത്തിലുളള ഭരണം കൊണ്ടാണ് ഇന്ത്യയില്‍ മാന്ദ്യം ബാധിക്കാതിരുന്നത് എന്നാണ്. വാസ്തവത്തില്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. കുഴിയാന വരച്ചും ചിലപ്പോള്‍ ഇന്ത്യയുടെ ഭൂപടമുണ്ടാകാന്‍ പോസ്ബിലിറ്റി തീയറി അനുസരിച്ച് ഒരു ലക്ഷത്തില്‍ ഒരു സാധ്യതയുണ്ട്. അങ്ങനെയൊരബദ്ധം പോലും ഇന്ത്യയിലുണ്ടായിട്ടില്ല. അമേരിക്കയില്‍ ചീട്ടുകൊട്ടാരം പോലെ ഒന്നിനെ ആശ്രയിച്ച് മറ്റൊന്ന് എന്ന നിലയിലാണ് സമ്പദ്വ്യവസ്ഥ. അവിടുത്തെ ഒരു പൗരന്റെ ജീവിതം 18 വയസ്സാകുമ്പൊഴേ പല കമ്പനിക്കാര്‍ക്കായി തീറു കൊടുത്തു കഴിഞ്ഞിരിക്കും. ഒരു ദിവസത്തെ ഒരു മണിക്കൂര്‍ ഫഌറ്റ് കമ്പനിക്ക്, ഒരു മണിക്കൂര്‍ വണ്ടിക്കമ്പനിക്ക്, ഒരു മണിക്കൂര്‍ ആരോഗ്യ ഇന്‍ഷൂറന്‍സിന്, സോഷ്യല്‍ സെക്യൂരിറ്റിക്ക്, തുടങ്ങി പലതിനും. ഇത് ഒരു ആജീവനാന്ത ബാദ്ധ്യതയാണ്. അയാള്‍ തനിക്കു വേണ്ടി ജീവിക്കുന്നത് വളരെക്കുറച്ചു സമയമായിരിക്കും. അങ്ങനെയുളള ഒരു സ്ഥലത്ത് ജോലിയില്‍ നിന്നും ഫയര്‍ ചെയ്യപ്പെടുന്ന ഒരുവന് ആത്മഹത്യയല്ലാതെ മറ്റു മാര്‍ഗമില്ല.
കേരളവും ഇന്ത്യയും വളരെ വ്യത്യസ്തമാണ്. കേരളത്തില്‍ the art of doing nothing എന്ന തൊഴിലിലാണ് മിക്കവരും ഏര്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ പല ഭാഗങ്ങളിലും 3 നേരം ആഹാരം കഴിച്ചു ജീവിക്കുക എന്നതാണ് പൗരന്റെ ഏറ്റവും വലിയ സ്വപ്‌നം. ഇങ്ങനെയുളള ആളുകള്‍ അവര്‍ക്കു ചുറ്റും അവരുടേതായ ഒരു സ്വതന്ത്ര സമ്പദ് വ്യവസ്ഥ പടുത്തുയര്‍ത്തിയിരിക്കുകയാണ്. അവിടെ എന്നും മാന്ദ്യമേയുളളൂ. വളര്‍ച്ച എന്നൊന്നില്ല. അവരുടെ ജീവിതത്തില്‍ എന്തെങ്കിലും ചലനമുണ്ടാക്കിയിട്ടുളളത് രണ്ടു രൂപയ്ക്ക് അരി, തൊഴില്‍ ഉറപ്പു പദ്ധതി, സ്‌കൂള്‍ ഉച്ചഭക്ഷണം തുടങ്ങി അപൂര്‍വം സര്‍ക്കാര്‍ പരിപാടികള്‍ മാത്രമാണ്. ഇന്ത്യയിലെ രാഷ്ട്രീയ കക്ഷികള്‍ക്കൊന്നിനും സാധാരണക്കാരന്റെ അടുക്കല്‍ വരെ എത്തിച്ചേരുന്നതും അവന്റെ ക്രയശേഷി വര്‍ദ്ധിപ്പിക്കാനുതകുന്നതുമായ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ഇച്ഛാശേഷിയില്ലാത്തതുകൊണ്ടാണ് എന്‍.ടി.രാമറാവുവും, എം.കരുണാനിധിയും അധികാരത്തിലേറിയത്. ഇങ്ങനെയുളള സാധാരണക്കാര്‍ പട്ടിണി കിടന്നിട്ടും ചത്തുപോകാത്ത പ്രതിഭാസത്തെയാണ് ഏഴര ശതമാനം, എട്ടുശതമാനം വളര്‍ച്ച എന്ന് വിശേഷിപ്പിക്കുന്നത്.
സാമ്പത്തിക മാന്ദ്യം മൂലം തൊഴില്‍ ലഭിക്കാത്ത യുവാക്കള്‍ക്കും സ: ജോര്‍ജ് ബുഷിനും ശ്രീ: ഒബാമയ്ക്കും സമര്പണം


No comments:

Post a Comment