ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Wednesday, August 31, 2011

വഴിവക്കിലെ സര്‍ഗാത്മകത-ചില ഓട്ടോലിഖിതങ്ങള്‍

ഒരു പാട് യാത്രകള്‍, യാത്രക്കിടയിലെ ചില നുറുങ്ങുകള്‍...
അത് പോലെ, നമ്മള്‍ വായിച്ചു ചിരിച്ചു തള്ളിക്കളയുന്ന ചില മേമ്പൊടികള്‍...
വഴിയിലും വഴിവക്കിലും നമ്മെ ചിരിപ്പിക്കുന്ന ഈ സര്‍ഗാത്മകതയെ കാണാതെ പോകുന്നതില്‍ ഇത്തിരി കുറ്റബോധവും ഉണ്ടെന്നു കൂട്ടിക്കോളൂ...
ചുവരെഴുത്തുകളെയും സർഗാത്മകതയുടെ ഇടങ്ങളെയും തപ്പി നടക്കുന്നതിനിടയിൽ കാണപ്പെട്ട ഒന്നാണ് നാട്ടിൻ പുറങ്ങളിലെ ഓട്ടോകളിൽ കാണുന്ന ലിഖിതങ്ങൾ.. പ്രണയവും, പ്രതിഷേധവും കഷ്ടപ്പാടും മനസിന്റെ അല്ലറ ചില്ലറ ഇഷ്ടാനിഷ്ടങ്ങളും അവിടെ ലിഖിതങ്ങളായി മാറുന്നു... എന്നു കരുതി പബ്ലിക് ബാത്തറും പോലെ വല്ലോർക്കും വലിഞ്ഞുകേറി എഴുതാനൊക്കില്ല എന്നുമാത്രം..
പൂരപ്പറമ്പിലേക്ക് എഴുന്നള്ളിക്കുന്ന ആനയെപ്പോലെ ചമയിച്ചിരിക്കും പല ഓട്ടോകളും .. അന്നം തരുന്ന വണ്ടിയെ സുന്ദരക്കുട്ടപ്പന്മാരാക്കി കൊണ്ടു നടക്കാൻ മിക്ക ഓട്ടോഡ്രൈവർമാരം മത്സരിക്കും...


ഈ വിനീതനെ ഏറ്റവും ആകർഷിച്ചത് ഓട്ടോകളിലെ മിനുക്കു പണികളോ കാഴ്ച ഭംഗിയോ അല്ല... പല ഓട്ടോകളിലും കുറിച്ചിട്ടാ ആ കുഞ്ഞു ലിഖിതങ്ങളാണ്..

പലതിലും, പാവം നീ... എന്ന പുഛവും.. ഹമ്പട ഞാനേ എന്ന അഹങ്കാരവും ആവും. ആ വരികൾ..!
പ്രണയകാലം.....
ഒന്നു ചിരിച്ചൂടെ മുത്തേ....
ഖൽബാണു ഫാത്തിമ.
ഇജ്ജബടെ നിക്ക് ഞാനിപ്പം വരാം.
കരയല്ല മുത്തേ.... കണ്മഷി മായൂലേ....

എന്നിങ്ങനെ എന്തിന്റെയോ ഒരു ഇതു ഉള്ള വരികൾ...! ചില ഓട്ടോകളിൽ രോമാഞ്ചം കൊള്ളിക്കുന്ന പ്രണയ കാവ്യങ്ങളും സാഹിത്യങ്ങളും കാണാം... എന്നിരുന്നാലും എന്നെ ഏറ്റവും ചിരിപ്പിച്ചതും ചിന്തിപ്പിച്ചതും ഞങ്ങളുടെ നാട്ടിലെ ഒരു ഓട്ടോയിൽ കണ്ട ഈ വരികളാണ്..

“ എന്റെ സന്തോഷവും സേട്ടുവിന്റെ സ്വപ്നവും..”
വണ്ടിയുടെ അടവ് തെറ്റിയാൽ വണ്ടി അടിച്ചു മാറ്റാൻ തക്കം പാർത്തിരിക്കുന്ന സേട്ട് മാർക്കൊരു വെപ്പ്...!!

ചിലതിലെ ലിഖിതങ്ങൾ സിനിമാ പോസ്റ്റർ പോലെ ഇടക്കിടെ മാറിക്കൊണ്ടിരിക്കും .. മറ്റു ചിലപ്പോൾ മാറ്റിക്കപ്പെടുന്നതും.... നാട്ടിലെ അല്ലറ ചില്ലറ നെഗളിപ്പുള്ള ഒരു വിദ്വാൻ ഓട്ടോയുടെ പിറകിൽ ഇങ്ങിനെ എഴുതി...
“വഴിമാറെടാ മുണ്ടെക്കെൽ ശേഖരാ....”
പുറകിൽ വരുന്ന വാഹനക്കാർ അതു വായിച്ച് ചെറുതായൊന്നു നെറ്റി ചുളിക്കാതിരിക്കുമോ...??

സംഗതി ലാലേട്ടന്റെ ഡയലോഗാണെന്നത് സത്യം..!. പക്ഷെങ്കിൽ ഒരിക്കൽ ടാർജറ്റ് തികക്കാനിറങ്ങിയ എസ്സ്.ഐ ഏമാന് ആ ലിഖിതം അത്രക്കങ്ങട് കണ്ണിൽ പിടിച്ചില്ല.... മൂപ്പര് കുത്തിനു പിടിച്ചു ചെറുതായൊന്നു വിരട്ടി... അവിടെ വച്ചു തന്നെ ആ എഴുത്ത് മായ്ച്ചു കളയിപ്പിക്കുകയും ചെയ്തു...( എസ്സ്.ഐ യുടെ പേര ശേഖരൻ എന്നായിരുന്നത്രേ..! അതു പിന്നീടാണു അറിഞ്ഞത്..)

പിന്നീട് ആ വരികൾ മാറ്റി എഴുതിയതിങ്ങനെ.
"ഈ പാവം പൊയ്ക്കോട്ടേ..."
(ഏതോ ഒരു പടത്തിൽ ഇങ്ങിനെ ഒരു വരി കണ്ടതായി ഓർക്കുന്നു..)

വല്ലവളുമാരും കണ്ണിറുക്കി കാണിച്ച് അവസാനം കുരിശു ചുമക്കണ്ടാന്നു കരുതിയാവും ഈ വരികൾ...

"അടുക്കല്ല മോളേ....... അടവു തെറ്റും..."

കാർന്നൊരെ പേടിയുള്ള ഒരുവന്റെ കമന്റ്. “ഇഷ്ടമാണു പക്ഷെ ഇക്കയാണു പ്രശ്നം..”

വല്ലവരുടെയും കണ്ണു പറ്റേണ്ട എന്നു കരുതിയാവും ഈ വരികൾ...

“പണം വാരാനല്ല്ല.... അരി വാങ്ങാനാ...”
ഓവർടേക്ക് ചെയ്യുന്നവനോട്... “ വന്നു മുട്ടല്ലേ.... കഞ്ഞി മുട്ടിക്കല്ലേ..”

"ഫൊളൊ മീ.. ഡോണ്ട് കിസ്സ് മീ.." പൊറകെ വരുന്നതൊക്കെ കൊള്ളാം.... വന്നു മുട്ടരുതെന്നു ചുരുക്കം..

മലപ്പുറത്തെ ഒരു ഓട്ടോയിൽ എഴുതിയ വരികൾ ഇങ്ങിനെ.....
“ മുണ്ടണ്ട മുണ്ടണ്ട..... മുണ്ട്യാ പൊറാട്ട... “
സംഗതി എന്താണെന്നു എനിക്കും ആദ്യം പിടികിട്ടിയില്ല... പിന്നീട് ഓട്ടോകാരനായ എന്റെ ഒരു സുഹ്യത്തിനോട് ചോദിച്ചപ്പോൾ ആണു സംഗതിയുടെ ഗുട്ടൻ പിടികിട്ടിയത്... അതു ഓട്ടോആശാന്മാരുടെ ഒരു പൊതു മുദ്രാവാക്യം ആണെത്രെ.....!! എന്തിനും ഏതിനും ചെലവു ചെയ്യിക്കുന്ന ഈ കാലത്ത്., ഒരു ലോംഗ് ട്രിപ്പ് കിട്ടിയ വിവരം എങ്ങനെയെങ്കിലും മറ്റുള്ളവർ അറിഞ്ഞാൽ ചിലവു ചെയ്യേണ്ടി വരുമെത്രെ...അതാണു “ മുണ്ടണ്ട മുണ്ടണ്ട..... മുണ്ട്യാ പൊറാട്ട... “ (പറയണ്ട പറയണ്ട പറഞ്ഞാൽ പൊറാട്ട എന്നാണു അർഥം .)
ചില ആശാന്മാർ വല്യ വല്യ തത്ത്വചിന്തകളും മറ്റും എഴുതിവെക്കാറുണ്ട് .ചില്ലപ്പോൾ അവർക്ക് തന്നെ അതിന്റെ അർഥം അറിയുമോന്നു സംശയമാണു... എന്നാലും മറ്റുള്ളവരുടെ ഇടയിൽ മോശക്കാരനാവരുതല്ലോ.... കേരളത്തിൽ എല്ലായിടത്തും കാണുന്ന ഒന്നാണോ ഇതെന്നു എനിക്കറിയില്ല...
പൊതുവേ മലാബാർ ഏരിയകളിലെ നാട്ടിൻ പുറങ്ങളിലെല്ലാം ഇതു കാണാറുണ്ട്..!!
നിങ്ങളും കണ്ടിട്ടില്ലേ ഇതുപോലെ ലിഖിതങ്ങൾ..?

1 comment: