ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Saturday, July 27, 2013

പാളിപ്പോയ വിചാരണ...

മജിസ്ട്രേറ്റ് കോടതിയില് ഒരു കേസിന്‍റെ വിചാരണ നടക്കുകയാണ്.
വളരെ പ്രായം ചെന്ന ഒരു സ്ത്രീയെ സാക്ഷിയായി വിചാരണ ചെയ്യുന്നു.
വാദിഭാഗം വക്കീല് എഴുന്നേറ്റു.
“മിസിസ് അച്ചാമ്മ, ഞാന്‍ ആരാണെന്നു മനസിലായോ?”
അല്പം സൂക്ഷിച്ചു നോക്കിയിട്ട് : 

“ഓ, നീയാ മത്തായീടെ ഇളയ മോനല്ലേ..?
നിന്നെ എനിയ്ക്കു പണ്ടേ അറിയാം.
ചെറുപ്പം മുതലേ നീ കുറച്ച് അലമ്പായിരുന്നു.
മറ്റുള്ളവരെ കുറിച്ചു കുറ്റം പറയലായിരുന്നു പ്രധാന ഹോബി.
നിന്നെ പണ്ട് കുളക്കടവില്‍ നിന്ന് മറ്റേ കേസിന് പിടിച്ച സംഭവം ആരേലും മറക്കുമോ?
ആദ്യഭാര്യയെ തല്ലിയോടിച്ചവനല്ലേ നീ..?
എനിയ്ക്കറിയാം.
നീയെപ്പോഴാ വക്കീലായത്?”

വാദി ഭാഗം വക്കീല് സ്തംഭിച്ചു പോയി.
എന്തു പറയണമെന്ന് ഒരു പിടിയും കിട്ടിയില്ല.
അയാള് വീണ്ടും അവരുടെ അടുത്തു ചെന്നു.
പ്രതിഭാഗം വക്കീലിനെ ചൂണ്ടിയിട്ടു ചോദിച്ചു:
“മിസിസ് അച്ചാമ്മ, ആ ആളെ മനസ്സിലായോ?”
അയാളെയും അല്പനേരം നോക്കിയിട്ട് അച്ചാമ്മ :
“അതു ആ പപ്പനാവന്‍റെ മകനല്ലേ..?
അവനേം എനിയ്ക്കറിയാം. ചെറുപ്പത്തില്
എന്‍റെ വീട്ടില് നിന്നു തേങ്ങായും മാങ്ങായുമൊക്കെ അടിച്ചോണ്ടു പോയിട്ടുണ്ട്.
ഇവനു മൂന്നാലു പെണ്ണുങ്ങളുമായി ബന്ധമുണ്ടെന്നു നാട്ടില് മുഴുവന് പാട്ടല്ലേ..?
അതിലൊന്നു നിന്‍റെ കെട്ട്യോളാ..
ഇവനെ പോലെ ഒരു മോശപെട്ട വക്കീല് ഒരിടത്തുമില്ല...”

പ്രതിഭാഗം വക്കീല് ബോധം കെട്ട അവസ്ഥയിലായി.
ഇനിയെന്തു ചെയ്യണമെന്ന് രണ്ടു പേരും സ്തംഭിച്ചു നില്ക്കേ മജിസ്ട്രേറ്റ് രണ്ടു പേരെയും അരികിലേയ്ക്കു വിളിച്ചു:

“എന്നെക്കുറിച്ചെങ്ങാനും അവരോടു വല്ല ചോദ്യവും ചോദിച്ചാ 
ദൈവത്തിനാണേ, ചോദിയ്ക്കുന്നവനെ ഞാന്‍ തൂക്കാന്‍ വിധിയ്ക്കും...ഓര്‍ത്തോ..!!!"


ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ഏതെങ്കിലും ജഡ്ജിയോട് സാമ്യം തോന്നിയാല്‍ തികച്ചും യാദൃശ്ചികം മാത്രം. അതിന് മനസമാധാനം പറയാനൊന്നും എന്നെ കിട്ടില്ല കേട്ടോ...!!!

[കടപ്പാട് : എ.എഫ്.എക്സ്.മൂവി ക്ലബ്ബ് എന്ന ഫേസ്ബുക്ക് ഗ്രൂപിനോട്‌...,... ]

Friday, July 26, 2013

ചരിത ഒടിച്ച കിനാവുകള്‍..,...

കഥയുടെ പേര് 'ചരിത ഒടിച്ച കിനാവുകള്‍'...
ഒരു സോളാര്‍ കച്ചവടക്കാരന്‍., സിജു കൃഷ്ണരാധന്‍ . അയാള്‍ക്ക് ഒരേ ഒരു രണ്ടാം ഭാര്യ- ചരിത എന്ന ലച്മി, പത്തന്‍പത് വയസ്സ്.
ഇവള്‍ സ്ഥലത്തെ മുഖ്യമന്ത്രിയുമായി അടുപ്പത്തിലാണ്.
ഈ മുഖ്യമന്ത്രി ജനദ്രോഹിയും ഒരു ബഹുദൂരക്കാരനുമാണ്. അനീതി കണ്ടാല്‍ പങ്കെടുക്കും, ജനങ്ങളുടെ പ്രശ്നങ്ങള്‍ ചുമ്മാ എഴുതി മേടിച്ചു പറ്റിക്കും. അങ്ങനെ നാട്ടുകാരുടെ കണ്ണിലെ കരടാണ്.
എല്ലാറ്റിലുമുപരി, ഈ മുഖ്യമന്ത്രി ഒരു അഴിമതിക്കാരനുമാണ്
പക്ഷെ, സോളാര്‍ കച്ചവടക്കാരന് ഭാര്യയെ മുന്നില്‍ നിര്‍ത്തി ഒരു വ്യവസായിയെ കൊണ്ട് ആഭ്യന്തര മന്ത്രിക്കു പണി കൊടുക്കാനാണ് താല്‍പര്യം.
ഇക്കാര്യം സരിത ജോപ്പന്‍ വഴി മുഖ്യമന്ത്രിയെ അറിയിക്കുന്നു.
മുഖ്യമന്ത്രി പാല് കാച്ചാന്‍ ശ്രമിക്കുന്നു, പക്ഷെ ആരും കൈ കാട്ടി വിളിക്കുന്നില്ല.
അങ്ങനെ നിവൃത്തിയില്ലാതെ അയാള്‍ ഹൈ കമാണ്ടിന് കത്തെഴുതുകയാണ്. അത്ഭുതമെന്നു പറയട്ടെ, ആ കത്തിന് ഹൈ കമാണ്ടിന്‍റെ മറുപടി കിട്ടുകയാണ്. ''കാശ് കൊടുത്ത് കേസ് ഒതുക്കടെയ്, അഴുക്ക പയലേ. മേലാല്‍ ആയിരം കോടിയില്‍ താഴെ ഉള്ള അഴിമതി അറിയിക്കാന്‍ കത്തയച്ചു മെനക്കെടുത്തിയാ നിന്‍റെ താക്കോല്‍ സ്ഥാനം വെട്ടി മാണിയും കുഞ്ഞാലീം പങ്കിട്ടെടുക്കും, സമ്ഝാ???''
അങ്ങനെ മറുപടിയായി കിട്ടിയ കോഴപ്പണം കൊണ്ട് അയാള്‍ മന്ത്രിസഭ ഗംഭീരമായി പുതുക്കി പണിയുകയാണ്.
തനിക്കു തന്‍റെ പ്രാണശത്രുവായ കെ.പി.സി.സി. പ്രസിഡണ്ടിനെ ഒതുക്കി കിടത്താന്‍ ആണ് മന്ത്രിസഭ പുതുക്കി പണിയുന്നത്.
പക്ഷെ നിര്‍ഭാഗ്യമെന്നു പറയട്ടെ, ആഭ്യന്തരമന്ത്രി അഴിമതി നടത്താന്‍ ശാലു മേനോനെ ഇടപെടുത്തുന്നു.
ചരിത മൊഴി നല്‍കി. മുഖ്യമന്ത്രി ആ കേസില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നു, സാധിക്കുന്നില്ല.
ഒടുവില്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം വരികയാണ്. അന്ന് തന്നെ ആണ് ആഭ്യന്തരമന്ത്രി അഴിമതി കരാറില്‍ ഒപ്പിടുന്ന ദിവസവും.
അവിടെ സത്യപ്രതിജ്ഞ ഇവിടെ കരാറൊപ്പിടല്‍,..
കരാറൊപ്പിടല്‍ സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞ കരാറൊപ്പിടല്‍.,.
അവിടെ ചരിതയുടെ കരാറില്‍ ഒപ്പ് വീഴുമ്പോള്‍ ഇവിടെ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മുഖ്യമന്ത്രി പിടയുകയാണ്, പിടയുകയാണ്.
പക്ഷെ, കരാര്‍ നടക്കുന്നില്ല.
ചരിത ഒപ്പ് തെറ്റിച്ചു. മുഖ്യമന്ത്രി രാജി വക്കുന്നില്ല.
ചെന്നിത്തല ചര്‍ച്ചകള്‍, ചര്‍ച്ചകള്‍ ചെന്നിത്തല. ചെന്നിത്തല ചര്‍ച്ചകള്‍. ചര്‍ച്ചകള്‍. ചെന്നിത്തല...
അവസാനം മാണിയും ജോര്‍ജും ചേര്‍ന്ന് അവരെക്കൊണ്ട് കോടതിയില്‍ വച്ച് മൊഴി മാറ്റിക്കുകയാണ് സുഹൃത്തുക്കളെ, മൊഴി മാറ്റിക്കുകയാണ്...
കഴിഞ്ഞിട്ടില്ല, കൊറേ കഴിയുമ്പോ ജോര്‍ജും മാണീം ലീഗും ചെന്നിത്തലേം കൂടി മന്ത്രിസഭ മറിച്ചിടും, എല്ലാരെ പോലെ അഴിമതി നടത്തി അവരും അകത്തു പോകും. എന്താ????

കടപ്പാട് :

Monday, July 15, 2013

കൂടങ്കുളം- നമുക്കിത് വേണോ?



ഒരിടത്തൊരിടത്ത് ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു....
അവള്‍ പോകുന്ന പാതകളില്‍ വഴിപ്പൂക്കള്‍ ചിരിച്ചു....
അവള്‍ക്കുവേണ്ടി പാദസരം കിലുക്കി പുഴയൊഴുകി......
കടല്‍ത്തിരകള്‍ കണ്ണെത്താ ദൂരത്തെ കഥകള്‍ പറഞ്ഞു കൊടുത്തു...
ആകാശം കുട പിടിച്ചു.....
മരങ്ങള്‍ മഴ പെയ്തു...





അതേ രാജ്യത്ത് മറ്റൊരു പെണ്‍കുട്ടി ഉണ്ടായിരുന്നു....
ഒന്നുമറിയാത്ത വലിയൊരു സ്ത്രീസമൂഹത്തെ പ്രതിനിധീകരിച്ച് ഒരുവള്‍....,...
നിഷ്കളങ്കമായ ചിരിയുള്ള ഒരു പാവം പെണ്‍കുട്ടി...
അവളുടെ ജന്മനക്ഷത്രമോ ജാതിയോ മതമോ മനസ്സോ മാനസികവ്യാപാരങ്ങളോ അറിയില്ല...
ഒന്നറിയാം, ഒരു തെറ്റും ചെയ്യാത്ത അവളുടെമേല്‍ ആകാശത്തുനിന്ന് ആരോ വിഷം പെയ്യിക്കാന്‍ തയ്യാറെടുക്കുന്നു....
അവളെ കാണാന്‍ നമുക്ക് കണ്ണുകള്‍ ഉണ്ടാവണം....


കൂടംങ്കുളം വീണ്ടും സമരത്തിലേക്ക്...
വിജയിക്കും എന്ന് യാതൊരു ഉറപ്പും ഇല്ലാത്ത സമരം...
സമരനേതാക്കൾക്ക് അഭിവാദ്യങ്ങൾ....
ജനങ്ങൾക്കു വേണ്ടാത്ത റിയാക്ടര്‍ ഭരണകൂടത്തിന് എന്തിന്???
തലക്കു മീതേ വിമാനം പറത്തിയിട്ടും കളളക്കേസുകളിൽ കുടുക്കിയിട്ടും തോക്കു ചൂണ്ടിയിട്ടും തല്ലിച്ചതച്ചിട്ടും തോൽപ്പിക്കാനാകാത്ത പോരാട്ട വീര്യത്തെ തക൪ക്കാനാണ് സ൪ക്കാ൪ നോക്കുന്നത്...

തോൽപ്പിക്കാനാകില്ല ഒരു പോരാട്ട വീര്യത്തെയും....

കൂടങ്കുളം- നമുക്കിത് വേണോ?

[കടപ്പാട് : മാതൃഭൂമി എന്‍ഡോസള്‍ഫാന്‍ പരസ്യം, ഏഷ്യാനെറ്റ്‌ റിപ്പോര്‍ട്ടര്‍ പ്രിന്‍സ് പാങ്ങാടന്‍ എന്ന സുഹൃത്തിന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസ്]

Sunday, July 07, 2013

'കാച്ചി'ക്കുറുക്കിയ കവിത....!!!

(ചോരവീണ മണ്ണിൽ നിന്നുയർന്നു വന്ന പൂമരം എന്ന ഗാനത്തോട്‌ കടപ്പാട് ).

പാലുകാച്ചും വീട്ടിൽ നിന്നുയർന്നുകേട്ട പിൻവിളി.
റോഡിലൂടെ പോയിടുന്ന രാധസാറു കേൾക്കവേ.
കാറോതുക്കി വേഗമങ്ങു ചെന്നുചേർന്നുവക്ഷണം. 

കണ്ടു വഴിയിൽ കാത്തു നിന്നിടുന്നു കോമളാംഗന. 

ശാലുമോൾ..........ലലലലാ ശാലുമോൾ..........ലലലലാ

ചെന്നുചേർന്ന വീട്ടിലന്നദിഥിയായിയെത്രപേർ 


വന്നുചേർന്നുവെന്നതിന്നു ഒന്നുമില്ല നിശ്ചയം. 
വന്നവർക്കും പോയവർക്കും എല്ലാം സ്റ്റേറ്റുകാറുകൾ. 
നാളികേര പാനിയം രുചിച്ചു പാലുകാച്ചിയോർ.

ചാണ്ടി മുഖ്യനായ കേരളക്കരയിലെങ്ങുമേ. 
സൌരപാനാൽ കെട്ടി നാടിൻ ഊർജ്ജവ്യാപ്തി കൂട്ടുവാൻ. 
ഒത്തുചേർന്നു കൂട്ടു സഖ്യമൊപ്പുവച്ചു പേപ്പറിൽ. 
ഒന്നുമേ അറിഞ്ഞിടാത്ത വോട്ടുബാങ്കു കഴുതകൾ. 

പെട്ടിയിൽ ചുമന്നു വരും സരിത നോട്ടുകെട്ടുകൾ. 
ചോദ്യമില്ല വാങ്ങിവച്ചു നിങ്ങൾ കൈകൾ കഴുകിയോ. 

വോട്ടു നൽകിയ ജനങ്ങളൊന്നുപോലിതാ.
കണ്ണുനീർ കയത്തിൽ മുങ്ങി കേണിടുന്നു കണ്ടുവോ. 

ജോപ്പനും ബിജുവും പിന്നെ സരിതമോളും ശാലുവും.
ഒന്നുചേർന്നുടച്ചുവാർത്തു ഭരണകൂടസിരകളെ. 
കേന്ദ്രമന്ത്രിമാരും പിന്നെ 'യൂത്തു'പോത്തു സഖ്യവും. 
കട്ടെടുത്തു നാട്ടിലുള്ള സകലമാന വിഭവവും.

നമ്മളൊന്ന് ചേർന്ന് നിന്നണിനിരന്നു വാങ്ങണം. 
നാളെകൾ നമുക്ക് മുൻപിൽ മോദമായ് പിറക്കണം. 
സത്യമായൊരാശയം നമുക്ക് മാത്രം ഭൂമിയിൽ.
സമത്വ,ശാന്തി,സ്നേഹ ,സൗഖ്യമന്നുമിന്നുമെന്നുമെ 
സമത്വ,ശാന്തി,സ്നേഹ ,സൗഖ്യ...........
മന്നുമിന്നുമെന്നുമെ............


[കടപ്പാട്: സിജു നാസര്‍ ജലാല്‍.],]

ഒരു മെട്രോ യാത്ര...

യാത്ര എനിക്കെന്നും ഹരമായിരുന്നു. കുട്ടിക്കാലത്ത് അധികം യാത്ര ചെയ്യാന്‍ സാധിച്ചിരുന്നില്ല. അമ്മയും അച്ഛനും ജോലിയും അതിന്‍റെ തിരക്കും കഴിഞ്ഞ് ഒന്നിനും സമയം ഉണ്ടായിരുന്നില്ല. അച്ഛന്‍റെ വീട്ടില്‍ നിന്നും കിലോമീറ്ററുകള്‍ അപ്പുറത്ത് അമ്മയുടെ വീട്ടിലേക്കുള്ള യാത്ര, അതായിരുന്നു എന്‍റെ ടൂര്‍..,.
അവിടെ ബസ് ഇറങ്ങി പിന്നേം ഒരു 20 മിനുട്ട് നടക്കണം. ഇന്ന് ആ വഴി ഒക്കെ ടാറിട്ടു. അന്ന് ഓട്ടോ വിളിക്കാന്‍ ആയിരുന്നു കമ്പം. ഇന്ന് എല്ലാ സൌകര്യവും വന്നപ്പോ നേരെ തിരിച്ച് നടക്കാന്‍ ആണ് കമ്പം. അന്ന് വണ്ടിക്കാര്‍ ആ വഴി വരില്ല, അത്ര മോശം വഴി ആയിരുന്നു. പിന്നെ വീട്ടുകാര്‍ ഒരു വഴി കണ്ടു പിടിച്ചു. ഒരു സര്‍ബത്ത് മേടിച്ചു തരും. എന്നിട്ട് നടന്നോളാന്‍ പറയും. അന്ന് ഞാന്‍ ഇതിലും മണ്ടന്‍ ആയിരുന്നോണ്ട് ആദ്യൊക്കെ ഈസി ആയിട്ട് പറ്റിച്ചു. പിന്നെ പകുതി വഴി ആകുമ്പോ ബഹളം വക്കാന്‍ തുടങ്ങി. അതിനും വീട്ടുകാര്‍ വഴി കണ്ടെത്തി. വഴിക്ക് കവിത ചേച്ചിടെം കാഞ്ചന ചേച്ചിടെം വീട്ടീന്ന് വെള്ളം മേടിച്ചു തരും. ആദ്യം അവര് സ്ക്വാഷ് കലക്കി തരുമായിരുന്നു. എന്‍റെ വീട്ടുകാര് അതും അവരോട് പറഞ്ഞു നിര്‍ത്തിച്ചു. അന്ന് അത് ചോദിച്ചു മേടിക്കാന്‍ മാത്രം സാമര്‍ത്ഥ്യം എനിക്കും ഇല്ലായിരുന്നു. എങ്കിലും എന്‍റെ വെള്ളം കുടി മുട്ടിയില്ല. ആ വഴി പോകുമ്പോ അതൊരു സ്ഥിരം ഏര്‍പ്പാടായി. അന്ന് ആ വഴിക്ക് അധികം വീടും ഇല്ല. ഓപ്ഷന്‍സ് കുറവായിരുന്നു. അവിടെ ഒരു കുതിരയോ അങ്ങനെ എന്തോ ഒരു കളിപ്പാട്ടം ഞാന്‍ കണ്ടു പിടിച്ചു. ആ വീട്ടുകാര്ടെ കഷ്ടകാലം അതോടെ ആരംഭിച്ചു എന്ന് പറയാം. അത് കേടു വരുത്തുന്ന വരെ ഞാന്‍ അതിന്‍റെ സ്ഥിരം ഉപയോക്താവായി.
പ്രായം കൂടുന്തോറും അമ്മടെം അച്ഛന്റേം അനിയന്മാരുടെ/അനിയത്തിമാരുടെ കല്യാണത്തിനും വിരുന്നിനും ഒക്കെ ചാന്‍സ് കിട്ടിത്തുടങ്ങി.
എട്ടില് പഠിക്കുമ്പോ ആദ്യായി തിരുവനന്തപുരം പോയി. ഭക്ഷണം പിടിക്കാഞ്ഞ് ആകെ ഉള്ള സമയം മൊത്തം സുഖമില്ലാതെ ആണ് ചിലവഴിച്ചത്.
പത്തിലോ മറ്റോ പഠിക്കുമ്പോഴാണ് തൃശ്ശൂര്‍ ടൌണ്‍ ആദ്യായി കറങ്ങുന്നത്.
പിന്നെ പ്ലസ്‌ ടു, കോളേജ് കാലഘട്ടം ആയപ്പോ യാത്ര സ്ഥിരമായി.
ഏറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് ഒക്കെ കയ്യിലെ വരയേക്കാള്‍ നന്നായി അറിയാം എന്നാ അവസ്ഥ ആയി. ഇടയ്ക്കിടെ അന്യസംസ്ഥാന യാത്രകളും.
ഓരോ യാത്രയും പുതിയ അനുഭവങ്ങളും അനുഭൂതിയും സന്തോഷവും നല്‍കി. അത് കൊണ്ടാകാം യാത്രകളെ ഞാന്‍ പ്രണയിക്കുന്നതും. കേവലം ഒരു നൈറ്റ്‌ വോക്ക് പോലും ആസ്വദിക്കുന്നതും അതും കൊണ്ട് തന്നെ.
കേരളത്തിനകത്തു നടത്തിയ ഒരു യാത്രയെ ഞാന്‍ അടയാളപ്പെടുത്തട്ടെ...

സംഭവം ഞാന്‍ ആലുവയില്‍ നിന്നും ഏറണാകുളത്തേക്കുള്ള യാത്രയില്‍ നടന്നതാണ്. കൊച്ചി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആളുകളുടെ ധാരണ ജീന്‍സും ബനിയനും ഇട്ടു നടക്കുന്ന പെണ്‍കുട്ടികളും ചുരിദാര്‍ ഇട്ടു നടക്കുന്ന അമ്മച്ചിമാരും ഉള്ള സ്ഥലം ആണ്. ആ വേഷങ്ങള്‍ക്കുള്ള കുഴപ്പം എന്താണ് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. സാരി പോലെ ഉള്ള പരമ്പരാഗത വേഷങ്ങള്‍ സൃഷ്ടിക്കുന്ന അസൗകര്യങ്ങള്‍ അവ ഇല്ലാതാക്കുന്നു. പിന്നെ, വായ്‌നോട്ടത്തിനുള്ള സാദ്ധ്യതകള്‍ ഇല്ലാതാക്കുന്നു എന്നത് ഒരു ഇമ്മിണി ബല്യ പ്രശ്നം തന്നെ ആണ്. പഠനം കൊച്ചി അടുത്ത് ആയതോണ്ട് 'വശപ്പിശക്' പെണ്ണുങ്ങളെ കാണാന്‍ ചാന്‍സ് ഉണ്ടല്ലോ എന്ന ചോദ്യം ഞാന്‍ ആദ്യൊക്കെ നാട്ടുകാരുടെ കയ്യീന്ന് കേള്‍ക്കാറുണ്ടായിരുന്നു. പക്ഷെ, അവരോട് ഞാന്‍ സ്ഥിരായി പറയാറുണ്ടായിരുന്ന ഒരു കാര്യം എനിക്ക് പരിചയമുള്ള ഏറണാകുളത്ത് ജനിച്ചു വളര്‍ന്ന രണ്ടു പെണ്‍കുട്ടികള്‍ എന്‍റെ ധാരണ എല്ലാം തിരുത്തി എന്നാണ്. വളരെ മാന്യമായി (ഒരു പക്ഷെ ഏറ്റവും മാന്യമായി) വസ്ത്രം ധരിക്കുകയും ആവശ്യത്തിനു മാത്രം സംസാരിക്കുകയും ചെയ്യുന്ന രണ്ടു കുട്ടികള്‍.,. പിന്നീട് ഞാന്‍ പരിചയപ്പെട്ട നഗരവാസികളും ഈ ഗണത്തില്‍ പെട്ടവര്‍ തന്നെ ആയിരുന്നു. എല്ലാവരും മാന്യതയ്ക്ക് ഒരു കുറവും വരാത്ത വിധത്തില്‍ തന്നെ ആണ് ജീവിച്ചത്.

അപ്പൊ നമുക്ക് യാത്രയിലേക്ക് തിരികെ വരും. എനിക്ക് പോകേണ്ടത് തേവര എസ്.എച്ച്, കോളെജിലേക്ക് ആണ്. രണ്ടു കണ്ടക്ടര്‍മാര്‍ ഉള്ള ടൌണ്‍ സര്‍വീസ് നടത്തുന്ന ഒരു ചുവപ്പ് ബസ്‌.,. ടൌണ്‍ ബസ്‌ എല്ലാം ഇവിടെ ചുവപ്പണിഞ്ഞതാണല്ലോ. എനിക്ക് സ്ഥലം അത്ര കൃത്യമായി അറിയില്ല. ഒരു ടെസ്റ്റ്‌ ഉണ്ട് അവിടെ. വണ്ടി കളമശ്ശേരി എത്തിയപ്പോ ഒരു ചേച്ചി കയറി. വേറെ സീറ്റ്‌ ഇല്ലാത്തോണ്ട് എന്‍റെ അടുത്ത് വന്നിരുന്നു. ഇവിടെ അതത്ര വലിയ സംഭവം അല്ലാത്ത കൊണ്ടും സ്ത്രീകളോട് എങ്ങനെ പെരുമാറണം എന്ന് എന്‍റെ കോളേജിലെ പെണ്‍സുഹൃത്തുക്കളുടെ കൂടെ ചിലവഴിച്ച സമയത്ത് അവര്‍ കൃത്യായി പഠിപ്പിച്ച കൊണ്ടും (സത്യാണ്, അവരൊന്നും ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഇപ്പഴും പഴയ പോലെ സ്ത്രീകള്‍ക്ക് ഷേക്ക്‌ ഹാന്‍ഡ്‌ കൊടുക്കാന്‍ പോലും മടിക്കുന്ന പാവം ഗ്രാമീണന്‍ ആയി ജീവിച്ചേനെ!!) വലിയ പ്രശ്നം ഒന്നും തോന്നിയില്ല. സ്ഥലം അറിയാത്ത കൊണ്ട് ഞാന്‍ കലൂര്‍ എത്തിയപ്പോ കണ്ടക്ടരോട് തേവര എത്തുമ്പോ പറയണം എന്ന് പറഞ്ഞു.
എന്‍റെ അടുത്തിരുന്ന ചേച്ചിക്ക് സ്ഥലം അറിയാം എന്നും, എത്തുമ്പോ പറയാം എന്നും പറഞ്ഞു.
വണ്ടി നോര്‍ത്ത് പാലം കേറാന്‍ തുടങ്ങി. നഗരത്തിന്‍റെ ഏറ്റവും തിരക്കേറിയ ഭാഗം ആണ്. നല്ല സുന്ദരികളായ ഒരുപാടു പെണ്‍കുട്ടികള്‍ ഉള്ള സ്ഥലം. ഇന്നും സ്ഥിതി വ്യത്യസ്തമല്ല. എന്‍റെ ശ്രദ്ധ റോഡ്‌ ക്രോസ് ചെയ്യുന്ന ഒരുപറ്റം  പെണ്‍കുട്ടികളില്‍ ചെന്ന് നിന്നു. അധികം പ്രായം ഒന്നും ഇല്ലാത്ത ഒരു പെണ്‍പട.
അവര്‍ ധരിച്ചിരിക്കുന്നത്‌ ന്യൂസ്‌ റിപ്പോര്‍ട്ടര്‍മാര്‍ ധരിക്കുന്ന തരം വസ്ത്രം ആണ്. പൈജാമയും കൈ മുട്ടറ്റം വരെ ഉള്ള ടോപ്പും. തലങ്ങും വിലങ്ങും വാഹങ്ങള്‍ പായുന്നതിന്‍റെ ഫലമായി നല്ല കാറ്റ് വീശുന്ന എഫെക്റ്റ് ആണ്.
അവര് റോഡ്‌ ക്രോസ് ചെയ്യുമ്പോ എന്തായാലും ടോപ്‌ പൊന്തും. അത് ആ ബസ്സില് ഉള്ളവര്‍ക്ക് കുളിരണിയിക്കുന്ന കാഴ്ച ആകും, അതുറപ്പ്‌.,. അതും പോരാഞ്ഞ് ചില മനോരോഗികള്‍ മൊബൈല്‍ റെഡി ആക്കി പിടിച്ചിട്ടുണ്ട്. അവരുടെ കൂടെ കുറെ നോണ്‍-മലയാളികളും ഉണ്ട്. റോഡ്‌ ക്രോസ് ചെയ്യുന്നതിന് മുന്‍പേ അവര്‍ എല്ലാവരും പറന്നുയരാന്‍ സാധ്യത ഉള്ള വസ്ത്രത്തെ അടക്കി പിടിച്ചു. ക്യാമറ മേനോന്മാരുടെ മുഖം വാടി.

പ്രായത്തില്‍ കവിഞ്ഞ പക്വതയുടെ പ്രകാശമായിരിക്കാം, അല്ലെങ്കിൽ അവൾ പ്രതിധാനം ചെയുന്ന സമൂഹത്തോട് നടത്തുന്ന കൈയേറ്റത്തെ ചെറുക്കാനുള്ള ആത്മബലം ഈ ചെറുപ്രായത്തിലെ സംഭരിക്കുന്നത്തിലുള്ള ആത്മവിശ്വാസത്തിന്റെ പ്രതിബലമായിരിക്കാം…
എന്തായാലും അത് കലക്കി എന്ന മട്ടില്‍ ഞാന്‍ എന്‍റെ അടുത്തിരുന്ന ചേച്ചിയെ നോക്കി ചിരിച്ചു. അവരും ഇത് ശ്രദ്ധിച്ചു ഇരിക്കുവായിരുന്നു. തിരിച്ചും അവരൊരു ചിരി സമ്മാനിച്ചു. 
ഞാന്‍ ചിന്തിച്ചു, ഇതേ നാട്ടില്‍ ആണ് തീരെ സുന്ദരികള്‍ അല്ലാത്ത സ്ത്രീകള്‍ പീടിപ്പിക്കപ്പെടുന്നതും ആറും അറുപതും വ്യത്യാസം ഇല്ലാതെ ശരീരങ്ങള്‍ പിച്ചി ചീന്തപ്പെടുന്നതും.
ഞാന്‍ ഒന്ന് കൂടി നഗര തിരക്കുകളിലേക്ക് കണ്ണയച്ചു...
എന്‍റെ കണ്ണ് പോലും ചില ശരീരങ്ങളില്‍ മാത്രം ഉടക്കി നിന്നു. അത്തരത്തില്‍ ചിലര്‍ മാത്രം എല്ലാവരുടെയും ശ്രദ്ധ പിടിച്ച്‌ പറ്റുന്നു, മറ്റുള്ളവര്‍ ഈ കണ്ണേറിലൊന്നും പങ്കെടുക്കാതെ ഒരു പൂച്ചക്കുഞ്ഞിന്‍റെ പോലും ശ്രദ്ധ നേടാതെ, അതിനു കാംക്ഷിക്കാതെ ബസ് കയറി പോകുന്നു. 
ഈ ലോകത്ത് എല്ലാ സ്ത്രീകളും സുന്ദരികള്‍ ആണ്. അപ്പോള്‍ ചിലര്‍ ശ്രദ്ധ നേടാതെ പോകുന്നത് എന്ത് കൊണ്ടാണ്?
അവരാരും സുന്ദരികള്‍ അല്ലാത്തത് കൊണ്ടല്ല, മറിച്ചു തങ്ങളുടെ ശരീരം എപ്പോഴും ഒരുപറ്റം (ഞാനുള്‍പ്പെടെ ഉള്ള) ആളുകളുടെ നേത്രവലയത്തില്‍ ആണ് എന്നത് കൊണ്ടാണ്. ആ ഉത്തമ ബോധ്യത്തില്‍ സ്തനങ്ങളും, നിതംബവും ഒരു കാഴ്ചവസ്തുക്കളായി കൊണ്ട് നടക്കാത്തത് കൊണ്ട് മാത്രമാണ്...മറ്റു മെട്രോകളില്‍ കേള്‍ക്കുന്നത്ര പീഡന വാര്‍ത്തകള്‍ നമ്മുടെ നഗരങ്ങളില്‍ കേള്‍ക്കാത്തതും നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ ഫെമിനിസ്റ്റ് ചിന്തകള്‍ക്കപ്പുറം സ്ത്രീത്വം എന്ന വാക്കിന്‍റെ അര്‍ത്ഥം അറിഞ്ഞു ജീവിക്കുന്നത് കൊണ്ടാണ്.
ഒരേ സമയം സുന്ദരികള്‍ നേത്രവലയത്തില്‍ നിന്നും രക്ഷപ്പെടുകയും ശ്രദ്ധിക്കപ്പെടാതെ പോകുകയും മറ്റു ചിലവ ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നത് ഒരു വിരോധാഭാസമാണ്...
ആ വിരോധാഭാസമാണ് ആറായാലും അറുപതായാലും പിച്ചി ചീന്തപ്പെടാന്‍ ഉള്ള പ്രേരണക്കു കാരണമാകുന്നതും...!!

Wednesday, July 03, 2013

ഒരു എക്സ്ക്ലുസീവ് തേടിയുള്ള യാത്ര...

ഗാസിയാബാദില്‍ നിന്നും ഞാന്‍ തിരിച്ച് ഡല്‍ഹിയിലേക്കുള്ള ബസ്‌ കേറി- ഒരു എക്സ്ക്ലുസീവ് തേടിയുള്ള യാത്ര...
ഇവിടത്തെ വ്യവസായ മേഖലയിലെ സമരം റിപ്പോര്‍ട്ട്‌ ചെയ്യാന്‍ വന്നതാണ്...
മീററ്റും ബുലന്ദ്ഷഹരും വടക്കും തെക്കും അതിരിടുന്ന, കിഴക്കന്‍ ഡല്‍ഹിയില്‍ നിന്നും പതിനെട്ടും പടിഞ്ഞാറന്‍ മീററ്റില്‍ നിന്നും നാല്പത്തഞ്ചും  കിലോമീറ്റര്‍ ദൂരത്തുള്ള ഗാസിയാബാദ്. ഇത് ഒരു തരത്തില്‍ ഒരു ആശ്വാസം ആയിരുന്നു...
തലസ്ഥാനം ഒരാഴ്ചയായി പുകഞ്ഞു കൊണ്ടിരിക്കുകയാണ്. രാത്രിയാത്രക്കിടെ ബലാല്‍സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയെ ചൊല്ലിയുള്ള പ്രക്ഷോഭങ്ങള്‍ കൊണ്ട് നഗരം പ്രക്ഷുബ്ധമാണ്, അതില്‍ നിന്നുള്ള ഒരു മുക്തി നല്‍കുന്ന വലിയൊരു ആശ്വാസം...
ഇത്രയും നാളത്തെ മാധ്യമപ്രവര്‍ത്തനം ആദ്യമായി മടുത്തു തുടങ്ങിയിരുന്നു...
തലസ്ഥാനനഗരിയിലെ രാഷ്ട്രീയചര്‍ച്ചകളും ഫിറോസ്‌ ഷാ കോട്ട്ലയിലെ ക്രിക്കറ്റ് മത്സരങ്ങളും പോളിറ്റ്ബ്യൂറോയിലെ അടുക്കള രഹസ്യങ്ങളും കേരളഹൌസിലെ 'അനൌദ്യോഗിക' സന്ദര്‍ശനങ്ങളും- അങ്ങനെ നാട്ടുകാരെ എന്തെല്ലാം അറിയിച്ചു???
മരിച്ച പട്ടാളക്കാരന്‍റെ കുടുംബത്തിനു സര്‍ക്കാര്‍ സഹായം, കള്ളകേസില്‍ കുടുങ്ങിയ ശാസ്ത്രജ്ഞന്‍റെ നിരപരാധിത്വം--- അങ്ങനെ ചെയ്യാന്‍ പറ്റിയ ഒരുപാട് നല്ല കാര്യങ്ങള്‍...,...
അതിന്നിടയിലാണ് ഇങ്ങനൊരു സംഭവം...
ഒരു സ്ത്രീ ശരീരത്തിന്‍റെ നിമ്നോന്നതങ്ങള്‍ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിലെ ഏറ്റവും ചൂടേറിയ വാര്‍ത്ത‍...,. കഷ്ടം, അല്ലാതെന്തു പറയാന്‍....,...!!!
എക്സ്ക്ലൂസീവിനു വേണ്ടി ഓടി നടക്കുന്ന തലസ്ഥാനത്തെ മാധ്യമ പടക്ക് എന്തായാലും കോളായി...!!!
ഞാന്‍ ഇരിക്കുന്ന വാഹനത്തെ ബസ്‌ എന്ന് വിളിക്കാന്‍ പറ്റില്ല...
പഴയ ഫെവിക്കോളിന്‍റെ പരസ്യത്തിലെ പോലൊരു വാഹനം, ആളും ആടും അമ്പാരിയും എല്ലാം ഒട്ടിചേര്‍ന്നിരുന്നു യാത്ര ചെയ്തു...
കൈതേരിയിലെ തട്ടുമ്പുറം ഷാപ്പിലും ഉത്തരേന്ത്യയിലെ പ്രത്യേകിച്ച്, ദല്‍ഹിയിലെ ബസ്സിലും മാത്രേ ആളുകള്‍ ഇത്ര ഇഴുകിച്ചേര്‍ന്ന് ഇരിക്കുന്നത് ഞാന്‍ കണ്ടിട്ടുള്ളൂ...!!!
ദ്രാവിഡന്‍റെ വിയര്‍പ്പും പത്താന്‍റെ ശൌര്യവും കാശ്മീരിയുടെ വശ്യമായ ചിരിയും പഞ്ചാബി ഭംഗ്രയും മണിപ്പുരി നാടന്‍പാട്ടും എല്ലാം ഒരു പരാതിയുമില്ലാതെ ആ ബസ്സില്‍ ഇരിക്കുന്നവര്‍ എട്ടു വാങ്ങി, 'നാനാത്വത്തില്‍ ഏകത്വം'...!!!
ഞാന്‍ എന്‍റെ കഴിഞ്ഞ ദിവസങ്ങളിലെ ദിനചര്യയെ കുറിച്ചോര്‍ത്തു കൊണ്ടിരുന്നു...
രാവിലെ നാട്ടിലേക്ക് വിളിച്ച് പ്രായമായ അമ്മയെയും പ്രയമെത്താത്ത കുഞ്ഞിനേയും എന്‍റെ അഭാവത്തില്‍ എല്ലാം ഭംഗി ആയി നടത്തുന്ന ഭാര്യയെയും വിളിച്ച് നാട്ടിലെ മഴയും മഞ്ഞും മരവും എങ്ങനെ എന്നൊരന്വേഷണം. പിന്നെ, പീഡനം, പാല് കാച്ചല്‍, വാതു വെക്കല്‍, മരണം തുടങ്ങി സകല മാരണങ്ങളുടെയും പുറകെ...
ഇപ്പൊ രാത്രി വൈകും വരെ മനോഹര്‍ ലോഹ്യ ആശുപത്രിക്ക് മുന്നില്‍ തടിച്ചു കൂടി നില്‍ക്കുന്ന രക്തദാഹികളായ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍, അന്നത്തെ വിയര്‍പ്പു മുഴുവന്‍ ശ്വസിച്ച് എപ്പോ വേണമെങ്കില്‍ വന്നേക്കാവുന്ന ഒരു ബ്രേക്കിംഗ് ന്യൂസ്‌ കാത്തു നില്‍ക്കുന്ന ഒരുവന്‍...,...
അവളുടെ പേരറിയില്ല, ഭാഷ, ജാതി, നിറം, ഉയരം, രൂപം, അച്ഛന്‍, അമ്മ, അങ്ങനെ അവളെ കുറിക്കുന്ന ഒന്നും അറിയില്ല. ഒന്നറിയാം - ഇന്നലെ വരെ നിറങ്ങള്‍ സ്വപ്നം കണ്ട ഒരു പെണ്‍കുട്ടി ആയിരുന്നിരിക്കണം അവള്‍., അധമന്മാരുടെ ആക്രോശങ്ങള്‍ക്കിടെ  ആരും കേള്‍ക്കാതെ പോയ ഒരു നിലവിളി, വളരെ പ്രാകൃതമായ അവരുടെ ഇടപെടലിന് നേരെ കാണാതെ പോയ പ്രതിഷേധം, കവര്‍ന്നെടുക്കുന്ന മാനത്തിന് പകരം ജീവന്‍ വില നല്‍കാന്‍ തയ്യാറായവള്‍-,-അവള്‍ക്കിടാന്‍ സ്ഥലപ്പേരു ചേര്‍ത്ത ഒരു പേര് വേണം. ഇത്തവണ അത് അഭിക്കാനിക്കാവുന്ന വിധത്തില്‍ രാജ്യത്തിന്‍റെ തലസ്ഥാനം ആണ്. അതെ അവള്‍ ഇനി മരണം വരെ 'ഡല്‍ഹി പെണ്‍കുട്ടി'...
ആര്‍ക്കും അകത്തേക്ക് പ്രവേശനമില്ല, അല്ലെങ്കില്‍ ആ പെണ്‍കുട്ടിടെ ജാതകത്തിലെ ചൊവ്വാ ദോഷം വരെ ഇതിനകം മനോരമ പോലത്തെ പത്രങ്ങള്‍ ആഘോഷിച്ചേനെ...!!!റാംജി എന്ന് ഞങ്ങള്‍ വിളിക്കുന്ന, തലസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ആയ റാം നാരായണ്‍ ബന്ദോപാധ്യായ മാത്രം ഏതോ മന്ത്രിയുടെ സ്വാധീനം ഉപയോഗിച്ച് അകത്ത് കടന്നു...
വേട്ട നായയുടെ ജന്മം ആണയാള്‍, അനാശാസ്യത്തിന് പിടിക്കപ്പെടുന്ന പെണ്ണുങ്ങളുടെ ശരീരം പോലും അയാള്‍ക്കൊരു ഹരമാണ്...
എന്നും നൈറ്റ്‌ പാര്‍ട്ടികള്‍ നടക്കുന്ന, ഒരു രാത്രി തന്നെ പലരുടെയും ശക്തി തീരും വരെ അവരെ ആറാടിക്കാന്‍ തക്ക കരുത്തുള്ള സ്ത്രീ ശരീരങ്ങള്‍ ഒരുപാടുള്ള, പെണ്ണും പണവും കാര്യങ്ങള്‍ നിശ്ചയിക്കുന്ന ഈ ഇന്ദ്രപ്രസ്ഥത്തില്‍ അത്തരത്തില്‍ ഒരാള്‍ക്ക്‌ എന്നും ചാകര തന്നെ...!!!
അയാള്‍ടെ ഭാര്യയും മോശമല്ല, പൊടിപ്പും തൊങ്ങലും വച്ച ഒരുപിടി കഥകള്‍ അവരെ കുറിച്ചും ഒഴുകി നടക്കുന്നുണ്ട്...


അവരുടെ ശരീരത്തില്‍ അവിടവിടെ ഇടയ്ക്കിടെ ഉണ്ടാകുന്ന മുറിവുകളെ കുറിച്ച്, റാംജിക്ക് ഇടക്കിടെ കിട്ടുന്ന വില കൂടിയ സമ്മാനങ്ങളെ കുറിച്ച്, അങ്ങനെയങ്ങനെ, ഇക്കിളിപ്പെടുത്തുന്ന ഒരുപാട് കഥകള്‍...,...
അങ്ങേര് ഇപ്പൊ വരും, എല്ലാവരും അദ്ദേഹത്തെയും പ്രതീക്ഷിച്ച്, ഇറങ്ങി വന്നാല്‍ എന്തൊക്കെ നുണ ആയിരിക്കും പറയുക എന്ന പ്രവചനങ്ങളും നടത്തി കൊണ്ടിരുന്നു...
ഇറങ്ങി വന്ന ആ കിളവന്‍റെ വൃത്തികെട്ട വാചകങ്ങള്‍ക്കും അവിടെ കേള്‍വിക്കാര്‍ ഉണ്ടായിരുന്നു. നാല് ആണുങ്ങള്‍ പേശീബലം തെളിയിച്ച, ആണ്‍കരുത്തിന്‍റെ വന്യത അറിയിച്ച, ഇത്തിരി ജീവന്‍ പോലും അരിഷ്ടിച്ച് തങ്ങി നില്‍ക്കുന്ന ഒരു ആത്മാവിനെ...
ആത്മാവ് എന്ന് തന്നെ വിശേഷിപ്പിക്കണം, കാരണം മരണം എന്നത് പോലും ഈ അവസ്ഥയില്‍ ഒരു മോക്ഷം ആണ് ആ ശരീരത്തിന്...
അങ്ങനെ ഓരോന്നാലോചിച്ച് ബസ്സില്‍ (തല്‍കാലം ആ ശകടത്തെ അങ്ങനെ വിളിക്കുന്നു) ഇരുന്നപ്പോഴാണ് അടുത്ത് ഒരാള്‍ വന്ന് ഇരുന്നത്. അങ്ങനെ എടുത്തു പറയുമ്പോള്‍ അയാള്‍ക്ക്‌ എന്തെങ്കിലും പ്രത്യേകത കാണുമല്ലോ. തീര്‍ച്ചയായും ഉണ്ട്...
അയാള്‍ നന്നായി മദ്യപിച്ചിട്ടുണ്ട്‌..., സാധാരണ കുടിക്കുന്നതിലും അപ്പുറം...!!! വാക്കുകളില്‍ അവ്യക്തത, കയ്യില്‍ നേരത്തെ പറഞ്ഞ പീഡന വാര്‍ത്ത‍ ഉള്ള സകല പത്രങ്ങളും ഉണ്ട്.
കയ്യിലെ കാമറയും കട്ടികണ്ണടയും ഓവര്‍ കോട്ടും എല്ലാം കണ്ടായിരിക്കണം, പത്രക്കാരന്‍ ആണോ എന്ന് ചോദിച്ചു.
അതെ എന്ന് മറുപടി നല്‍കി. മുഖത്ത് നോക്കിയില്ല, സംസാരം തുടരേണ്ട എന്ന് വച്ചെടുത്ത മുന്‍കരുതല്‍...,...
പക്ഷെ, അയാള്‍ വിടാന്‍ ഭാവം ഇല്ല, പീഡനകേസിനെ കുറിച്ച് അടുത്ത ചോദ്യം. ആ കുട്ടി ആരാണെന്നും അച്ഛനും അമ്മയും എന്ത് ചെയ്യുന്നു എന്നും അയാള്‍ക്കറിയണം. അതൊരു മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ആണെന്നും രാത്രി പതിനൊന്നു കഴിഞ്ഞ് ആ പെണ്ണിന് യാത്ര ചെയ്യണ്ട ആവശ്യം ഇല്ലായിരുന്നു എന്നും ഇങ്ങനെ അഴിഞ്ഞാടി നടക്കുന്ന പെണ്ണുങ്ങള്‍ കമ്പിയും ഗദയും ഇത്തരത്തില്‍ ശരീരത്തില്‍ ഏറ്റു വാങ്ങേണ്ടി വരുമെന്നും ഞാന്‍ രോഷം കൊണ്ടു.
കോടോത്ത് ഗോവിന്ദന്‍ എന്ന യാഥാസ്ഥിതികന്‍റെ മകന്‍റെ മനസ്സിലെ സദാചാര ബോധം എന്നെ അങ്ങനെ പറയിച്ചു എന്നും പറയാം. അവള്‍ടെ കുടുംബത്തെ കുറിച്ച് ഒന്നും അറിയില്ലെന്നും കാശുള്ള വീട്ടിലെ പെണ്ണ് ആകാനേ തരമുള്ളൂ, ഈ രാത്രി യാത്ര ഒക്കെ അവര്‍ക്കൊരു ഫാഷന്‍ ആണെന്നും ഞാന്‍ മറുപടി നല്‍കി. എന്തോ അയാള്‍ക്ക്‌ അതൊന്നും അത്ര ദഹിച്ചില്ല എന്ന് തോന്നുന്നു. അപ്പോഴേക്കും സുഹൃത്ത് മൊബൈലില്‍ വിളിച്ചു. ആ പെണ്ണിന്‍റെ നില മോശമാണെന്നും രണ്ടു മൂന്നു സ്റ്റോറികള്‍ ഫ്രെയിം ചെയ്തു വക്കാനും നിര്‍ദേശവും നല്‍കി. കുടിയനായ അച്ഛന്‍, കഞാവടിച്ചു നടക്കുന്ന സഹോദരന്‍, തെരുവ് വേശ്യ ആയ അമ്മ, വിവാഹ മോചനം നേടിയ സഹോദരി- അങ്ങനെ ചില ഫ്രെയിമുകള്‍ ഞാന്‍ മനസ്സില്‍ കണ്ടു. കൃത്യമായ വിവരങ്ങള്‍ ഇപ്പോഴും മാധ്യമങ്ങള്‍ക്കറിയില്ല. അത് കൊണ്ടാണ് ഇങ്ങനൊരു സാഹസം. ഇതിനു മുന്‍പും ചില സന്ദര്‍ഭങ്ങളില്‍ ആദ്യം വാര്‍ത്ത‍ നല്‍കാന്‍ ഈ ഫ്രെയിമിംഗ് സഹായിച്ചിട്ടുണ്ട്. ഡല്‍ഹി മാധ്യമങ്ങളുടെ കാര്യം ആണ് രസം. അവര്‍ ഇപ്പൊ തന്നെ ഇതിലും മസാല ചേര്‍ക്കാന്‍ തുടങ്ങിയിട്ടുണ്ടാകും. ആ പെണ്ണ് നാളെ, ഇതിലും താഴാന്‍ ആകാത്ത വിധം മോശമായി ആയിരിക്കും ചിത്രീകരിക്കപ്പെടാന്‍ പോകുന്നത്. നമ്മള്‍ ആദ്യം പഠിക്കുന്ന വാക്ക് 'അമ്മ' എന്നായത് കൊണ്ടോ എന്തോ മലയാളികള്‍ ഈ കാര്യത്തില്‍ കൂടി മാന്യന്മാര്‍ ആണ്. കാര്യം, നമ്മള് റോഡ്‌ ക്രോസ് ചെയ്യുന്ന പെണ്ണിന്‍റെ പോലും ശരീരത്തിന്‍റെ തുടിപ്പില്‍ ചൂട് കണ്ടെത്തുന്നവര്‍ ആണെങ്കിലും തുറന്ന് പറയുന്ന കാര്യത്തില്‍ ഭേദം ആണ്. കപട സദാചാരം എന്നൊക്കെ പറയുമെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ അത് നന്നായി വരും എന്ന് തോന്നി. എന്തായാലും ഫോണില്‍ ആ വാര്‍ത്ത‍ കേട്ടപ്പോള്‍ മുതല്‍ അടുത്തിരുന്ന ആ കുറ്റിതാടിക്കാരന്‍ നിശ്ശബ്ദന്‍ ആയി. അയാള്‍ അയാള്‍ടെ മോളെ കുറിച്ച് എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. അവള്‍ നഴ്സറിയില്‍ പഠിക്കുമ്പോള്‍ മുതല്‍ നേടിയ സമ്മാനത്തിന്‍റെയൊക്കെ കാര്യം, വയറു കടയുന്ന ദാരിദ്ര്യത്തിന്‍റെ ഇടയിലും അവള്‍ ചവിട്ടി കയറിയ നേട്ടത്തിന്‍റെ പടവുകളെ കുറിച്ച്, അങ്ങനെയങ്ങനെ....
അരോചകം ആയിരുന്നുവെങ്കിലും ഞാന്‍ അതെല്ലാം മൂളി കേട്ടുകൊണ്ടിരുന്നു.
ഞാനും ഓര്‍ത്തു. ഒരു പെണ്‍കുട്ടി ജനിച്ചു വീഴുമ്പോള്‍ മുതല്‍ അവളുടെ മാതാ-പിതാക്കള്‍ നേരിടുന്ന ആകുലതകള്‍, അവളെ കുറിച്ച് വേണ്ടാധീനം പറയാന്‍ മത്സരിക്കുന്ന നാട്ടുകാര്‍, അവള്‍ ആരോടെങ്കിലും മിണ്ടിയാല്‍ മകള്‍ വഴി പിഴച്ചെന്ന് വീട്ടില്‍ അറിയിക്കുന്ന ബന്ധുക്കള്‍.,. അങ്ങനെ ഒരുപാട് പേരെ മറി കടന്നാണ് ഓരോ സ്ത്രീജന്മവും ദിനരാത്രങ്ങള്‍ തള്ളി മുന്നോട്ടുള്ള വഴി കണ്ടെത്തുന്നത്.
അയാള്‍ അപ്പോഴും എന്തൊക്കെയോ പറയുന്നുണ്ട്. മകള്‍ക്ക് പഠിക്കാന്‍ എന്തൊക്കെ പുസ്തകം വേണം എന്ന് അറിയാത്തോണ്ട് സെക്കണ്ട് ഹാന്‍ഡ്‌ കിട്ടുന്ന എല്ലാ പുസ്തകങ്ങളും വാങ്ങി വക്കുകയും ഒടുവില്‍ അതൊരു പുസ്തക വില്പനക്കാരന്‍ ആക്കി തീര്‍ത്തു എന്നൊക്കെ പറയുമ്പോള്‍ മകളുടെ നേട്ടത്തിന്‍റെ തിളക്കത്തെക്കാള്‍ കണ്ണില്‍ പൊടിയുന്ന കണ്ണീര്‍ ഞാന്‍ ശ്രദ്ധിച്ചു. മദ്യലഹരിയില്‍ കണ്ണില്‍ നിന്നും അഗ്നി വരെ വരും, പിന്നല്ലേ ഇത്തിരി കണ്ണീര്‍..,... !!!
ആ കുട്ടിക്ക് സീരിയസ് ആണെന്ന് എല്ലാരും അറിഞ്ഞു തുടങ്ങിയിരിക്കുന്നു. ബസ്സില്‍ നടക്കുന്ന ചര്‍ച്ചകള്‍ പേരില്ലാത്ത, നാളില്ലാത്ത, നാടില്ലാത്ത, നാട്യങ്ങള്‍ എതുമില്ലാത്ത ആ കുട്ടിയെ കുറിച്ച് മാത്രമായി. ആ താടിയുടെ മുഖം കൂടുതല്‍ കൂടുതല്‍ വിളറി കൊണ്ടിരുന്നു. ഇടക്ക് ബസ് സ്റ്റോപ്പ്‌ അല്ലാത്ത ഒരിടത്ത് നിര്‍ത്തി. അരിശം കേറിയ നമ്മുടെ 'കുടിയനായ പുത്രന്‍-' -കഥാനായകന്‍------\-  'വണ്ടി വേഗം വിടടോ, തനിക്കു തിരക്കില്ലെങ്കിലും ബാക്കി ഉള്ളോര്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ഉണ്ട്' എന്ന് ആക്രോശിച്ചു. 'പിന്നേ, തിരക്കുള്ള ഒരാള്, ഒന്ന് പോടോ' എന്ന അര്‍ത്ഥത്തില്‍ ഡ്രൈവര്‍ ദൃഷ്ടി പായിച്ചു.
എനിക്കും അത് നല്ല തമാശ ആയാണ് തോന്നിയത്, ഇയാള്‍ക്ക് എന്താണാവോ ഇത്ര തിടുക്കം...!!!
 ബസ്സില്‍ ഒരു പറ്റം കോളേജ് പിള്ളേര്‍ ഉണ്ട്, അവരുടെ കാര്യം അതിലും രസം. അവര്‍ അപ്പോള്‍ തന്നെ മൊബൈലില്‍ നിന്നും ഇന്‍റര്‍നെറ്റില്‍ കയറി നോക്കുന്നു. പുതിയതായി വല്ല വീഡിയോയും വന്നോ എന്ന്. അവള്‍ടെ പേരോ അമ്മയുടെ പേരോ അച്ഛന്‍റെ പേരോ ഒക്കെ വച്ച് സെര്‍ച്ച്‌ ചെയ്തു നോക്കാന്‍ ഒരുത്തന്‍റെ നിര്‍ദേശം. അവള്‍ടെ കുടുംബചരിത്രം മോശമാകാന്‍ സാധ്യത ഇല്ലെന്ന് വേറൊരുത്തന്‍റെ കമന്‍റ്.,. രാത്രി അസമയത്ത് യാത്ര ചെയ്യുന്ന പെണ്ണിന്‍റെ സ്വഭാവ ശുദ്ധിയെ കുറിച്ചും അവളുടെ ശരീരം സ്വന്തം അച്ഛന്‍ വരെ ഒരു പക്ഷെ വീഡിയോയില്‍ ആക്കി കാണും എന്നും പറഞ്ഞവന്‍റെ ദുഷിച്ച നാക്ക് അരിഞ്ഞെടുക്കാന്‍ എന്നിലെ വിപ്ലവകാരി തിളച്ചു. ഭാഷ അറിയാത്ത നാട്ടില്‍ വന്ന് തല്ലു കൊള്ളണോ എന്ന പേടി കൊണ്ട് ഒന്നും പറഞ്ഞില്ല. ആ ബസ്സില്‍ ആരും അതിനെതിരെ പ്രതികരിച്ചില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി. പെട്ടെന്നാണ് എന്‍റെ സഹസീറ്റന്‍ ചാടി എണീറ്റ്‌ അവന്‍റെ നേരെ കുതിച്ചത്. അയാള്‍ അവന്‍റെ കഴുത്ത് പിടിച്ച്‌ ഉറക്കെ അലറി. "നിന്‍റെ തള്ളയെ ഒരുത്തന്‍ കേറി പിടിച്ചാലും നീ മൊബൈലില്‍ നോക്കുമോടാ, നിന്നെ ജനിപ്പിച്ചവന്‍ നേരായ വഴിക്കാണോ അതോ ഇത് പോലൊരു പിറവി ആയിരുന്നോ നിന്‍റെ??? പെണ്ണെന്നാല്‍ ആണിന്‍റെ ക്ഷീണം തീര്‍ക്കാനുള്ള യന്ത്രം അല്ലെന്നും, അങ്ങനെ ചിന്തിക്കുന്ന നിന്നെ പോലുള്ളവര്‍ക്ക് അമ്മയും അനിയത്തിയും മകളും എല്ലാം വെറും അറുപതു കിലോ മാംസ കഷണം മാത്രം ആകും.നിന്നെയൊക്കെ കാത്ത് ഗി.ബി.റോഡില്‍ കൈ കാട്ടാന്‍ പെണ്ണുങ്ങള്‍ ഉണ്ട്.". ഇത്രയും ആയപ്പോഴേക്കും അതൊരു അടിയുടെ വക്കത്തെത്തി. അവരൊക്കെ കൂട്ടായി ഇയാളെ മര്‍ദിക്കാന്‍ ശ്രമിച്ചു. എന്‍റെ മനസ്സില്‍ വന്ന തെറിയുടെ പകുതി പോലും അയാള്‍ പറഞ്ഞില്ല, കുടിച്ചിട്ടുണ്ടെങ്കിലും പാതിബോധത്തില്‍ ആണെങ്കിലും അയാളോട് എന്തെന്നില്ലാത്ത ആദരവ്.
അയാള്‍ വല്ലാതെ തളര്‍ന്നിരുന്നു. രക്തം തിളക്കുന്നത്‌ കയ്യില്‍ പിടിക്കുമ്പോള്‍ വരെ അറിയാം. ശ്വാസം വളരെ വേഗത്തില്‍ ആണ്. ഞാന്‍ അത് ശ്രദ്ധിക്കാത്ത മട്ടില്‍ ഇരുന്നു. അയാള്‍ നേരത്തെ പറഞ്ഞു വന്ന മകളെ കുറിച്ചുള്ള കഥകള്‍ തുടര്‍ന്നു. അപ്പോഴേക്കും നേരത്തെ വിളിച്ച സുഹൃത്ത് വീണ്ടും വിളിച്ചു.
മകള്‍ ഈ അവസ്ഥയില്‍ ആണെങ്കിലും ആ പെണ്ണിന്‍റെ അച്ഛന്‍ അടുത്തില്ലെന്നും അയാളെ മോശക്കാരന്‍ ആക്കി ഒരു സ്റ്റോറി ആലോചിച്ചു വച്ചോളൂ എന്നും നിര്‍ദേശം. ഞാന്‍ അത്തരത്തില്‍ ചിന്തിച്ചു തുടങ്ങി, സിനിമകളിലെ വില്ലന്മാരുടെ പല ഭാവങ്ങളും ചേര്‍ത്ത് സാമാന്യം നല്ല ഒരു വില്ലന്‍ അച്ഛനെ ഞാന്‍ സൃഷ്ടിച്ചു.
വണ്ടി ആശുപത്രിയുടെ അടുത്ത് എത്താറായിരിക്കുന്നു. ആ കുട്ടിയുടെ നില വഷളായിരിക്കുന്നു എന്നത് പ്രതിഷേധത്തിന്‍റെ തീവ്രത കൂട്ടിയിട്ടുണ്ട്. വണ്ടി ആശുപത്രിടെ മുന്നില്‍ നിര്‍ത്തി. ഞാനും ആ താടിക്കാരനും അവിടെ ഇറങ്ങി.
സുഹൃത്ത് എന്നെ കാത്തു നില്‍ക്കുവായിരുന്നു. കുട്ടി മരിച്ചു എന്ന് സംശയം ഉണ്ടെന്നും ആരെയും അകത്തേക്ക് കടത്തി വിടുന്നില്ല എന്നും അവന്‍ പറഞ്ഞു.
കൂടെ ഉണ്ടായിരുന്ന ആ ആളുടെ ഭാവം രൗദ്രത്തില്‍ നിന്നും ശോകത്തിലേക്കു മാറിയിരിക്കുന്നു.
അയാള്‍ അകത്തേക്ക് ഓടിക്കയറാന്‍ ശ്രമിച്ചു. പോലീസും ആശുപത്രി ജീവനക്കാരും കുറുകെ നിന്നു. ആരെയും അകത്തേക്ക് കടത്തി വിടാന്‍ പറ്റില്ല എന്നും പറഞ്ഞ് അയാളെ പോലീസ് വലിച്ചിഴച്ചു. ആകെ ടെന്‍ഷന്‍ അടിച്ചു  അവിടെ കൂടി നിന്ന എല്ലാവരും അയാള്‍ക്ക് നേരെ കുതിച്ചു. എനിക്കും ആകെ ദേഷ്യം വന്നു. ഒരു ശരാശരി മദ്യപാനിയുടെ കുസൃതി ആയി കണക്കാക്കാമെങ്കിലും ആ സാഹചര്യത്തിന്‍റെ ചൂട് കൊണ്ടാകണം, എനിക്കും രണ്ടെണ്ണം പൊട്ടിക്കാനാണ് തോന്നിയത്. പക്ഷെ, അയാള്‍ എന്തോ പറയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു, ഉറക്കെ കരയുന്നുണ്ടായിരുന്നു- ആരും ശ്രദ്ധിക്കുന്നില്ലെങ്കിലും...
പോലീസ് വലിച്ചിഴച്ചു കൊണ്ട് പോകുന്നതിന്നിടെ അയാളുടെ കയ്യില്‍ നിന്നും വീണ പത്രങ്ങള്‍ക്കിടയില്‍ നിന്നും ഒരു യുവതിയുടെ ഫോട്ടോയും എന്തോ സര്‍ട്ടിഫിക്കറ്റുകളും എന്‍റെ ശ്രദ്ധയില്‍പെട്ടു...
അത് കണ്ട ആശുപത്രി ജീവനക്കാരിലൊരാള്‍ പിടി അയച്ചു, എന്നിട്ട് അത് അകത്തെ കുട്ടിയുടെ അച്ഛന്‍ ആണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു.
പിടിവലിക്കിടെ ആ ഫോട്ടോയില്‍ ഒറ്റ തവണ കണ്ട മുഖം അയാള്‍  തിരിച്ചറിഞ്ഞു, അങ്ങനെ പെട്ടെന്ന് മറക്കാവുന്ന മുഖമല്ലല്ലോ അത്?
അതോടെ പോലീസും പിടിവിട്ടു. അതിനിടെ അയാള്‍ടെ മുഖത്തേക്ക് ക്യാമറയും തിരിച്ച് കുറെ പേര്‍., അത് കണ്ട എനിക്ക് പിടിച്ച്‌ നില്‍ക്കാനായില്ല.
"നാളെ നിന്‍റെയൊക്കെ അമ്മയ്ക്കും പെങ്ങള്‍ക്കും മകള്‍ക്കും ഈ നാട്ടില്‍ ഇത് തന്നെ സംഭവിച്ചേക്കാം, അപ്പോഴും നീയൊക്കെ ഇത് പോലെ ക്യാമറയില്‍ പിടിച്ച്‌ നാട് മൊത്തം പ്രദര്‍ശിപ്പിക്കുമോടാ?"
ചോദ്യം മലയാളത്തില്‍ ആയിരുന്നെങ്കിലും, കാര്യം മനസ്സിലാകാന്‍ ഭാഷയുടെ ആവശ്യം ഇല്ല എന്നെനിക്കു തോന്നി, പിന്നെ ആരുടേയും കൈ ഫോട്ടോ എടുക്കാന്‍ പൊന്തിയില്ല...!!!
അയാള്‍ടെ കൂടെ വല്ലവരും ഉണ്ടോ എന്ന് നോക്കിയാ അവര്‍ എന്നെ അയാള്‍ടെ പരിചയക്കാരന്‍ എന്ന് തെറ്റിധരിച്ച് അകത്തേക്ക് വലിച്ചു കൊണ്ട് പോയി. അകത്തേക്ക് കൊണ്ട് പോകുമ്പോള്‍ ഞാന്‍ ആ പിതാവിന്‍റെ കൈകളിലെ കടലാസുകള്‍ മറിച്ചു നോക്കി. അവിടെ അടുത്തുള്ള ഒരു മെഡിക്കല്‍ കോളേജിലെ മാര്‍ക്ക്‌ ലിസ്റ്റുകള്‍, ഒരു മിടുക്കി ആണ് ആ കുട്ടി എന്ന് തെളിയിക്കുന്ന രേഖകള്‍..,. പക്ഷെ, ഇത് വരെ പഠിച്ച ജീവശാസ്ത്രം സ്വന്തം കാര്യത്തില്‍ ആ കുട്ടിയെ രക്ഷിച്ചില്ല.
ഡോക്ടര്‍ പറഞ്ഞ "SHE IS NO MORE'' എന്ന ഇംഗ്ലീഷ് വാചകം ആ കുട്ടിയുടെ പാവം അമ്മക്ക് മനസ്സിലായില്ല. പ്രശ്നങ്ങള്‍ ഒന്നുമില്ലല്ലോ എന്ന് ആ സ്ത്രീ ചോദിച്ചു,
ഇരുപത്തൊന്നു വര്‍ഷത്തെ പ്രതീക്ഷയും പ്രത്യാശയും സ്നേഹവും സമാധാനവും ആ കണ്ണുകളില്‍ നിറഞ്ഞു കാണാം.
ഒന്നും പറയാന്‍ ഇല്ലാതെ ജനാലയിലൂടെ പുറത്തേക്കു നോക്കി ഞാന്‍ നിന്നു...
ഇപ്പോഴും എനിക്ക് കേള്‍ക്കാം- താഴെ പത്രപ്രവര്‍ത്തകര്‍ നടത്തുന്ന 'വിചാരണ', ഈ പെണ്‍കുട്ടിക്ക് വേണ്ടി നടത്തുന്ന മെഴുകുതിരി കത്തിച്ചുള്ള പ്രകടനത്തിലെ മുദ്രാവാക്യങ്ങള്‍, എല്ലാറ്റിനും പുറമേ അടുത്ത്, ഒരു മിടിപ്പിനപ്പുറത്തുള്ള ചലനമറ്റ ഒരു ശരീരത്തിനടുത്ത് നിന്ന് ആ ജീവന് വേണ്ടി കേള്‍ക്കാന്‍ മറ്റാരുമില്ലാത്ത നിസ്സഹായമായ ഒരു പ്രാര്‍ഥനയും...!!!