ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Wednesday, July 03, 2013

ഒരു എക്സ്ക്ലുസീവ് തേടിയുള്ള യാത്ര...

ഗാസിയാബാദില്‍ നിന്നും ഞാന്‍ തിരിച്ച് ഡല്‍ഹിയിലേക്കുള്ള ബസ്‌ കേറി- ഒരു എക്സ്ക്ലുസീവ് തേടിയുള്ള യാത്ര...
ഇവിടത്തെ വ്യവസായ മേഖലയിലെ സമരം റിപ്പോര്‍ട്ട്‌ ചെയ്യാന്‍ വന്നതാണ്...
മീററ്റും ബുലന്ദ്ഷഹരും വടക്കും തെക്കും അതിരിടുന്ന, കിഴക്കന്‍ ഡല്‍ഹിയില്‍ നിന്നും പതിനെട്ടും പടിഞ്ഞാറന്‍ മീററ്റില്‍ നിന്നും നാല്പത്തഞ്ചും  കിലോമീറ്റര്‍ ദൂരത്തുള്ള ഗാസിയാബാദ്. ഇത് ഒരു തരത്തില്‍ ഒരു ആശ്വാസം ആയിരുന്നു...
തലസ്ഥാനം ഒരാഴ്ചയായി പുകഞ്ഞു കൊണ്ടിരിക്കുകയാണ്. രാത്രിയാത്രക്കിടെ ബലാല്‍സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയെ ചൊല്ലിയുള്ള പ്രക്ഷോഭങ്ങള്‍ കൊണ്ട് നഗരം പ്രക്ഷുബ്ധമാണ്, അതില്‍ നിന്നുള്ള ഒരു മുക്തി നല്‍കുന്ന വലിയൊരു ആശ്വാസം...
ഇത്രയും നാളത്തെ മാധ്യമപ്രവര്‍ത്തനം ആദ്യമായി മടുത്തു തുടങ്ങിയിരുന്നു...
തലസ്ഥാനനഗരിയിലെ രാഷ്ട്രീയചര്‍ച്ചകളും ഫിറോസ്‌ ഷാ കോട്ട്ലയിലെ ക്രിക്കറ്റ് മത്സരങ്ങളും പോളിറ്റ്ബ്യൂറോയിലെ അടുക്കള രഹസ്യങ്ങളും കേരളഹൌസിലെ 'അനൌദ്യോഗിക' സന്ദര്‍ശനങ്ങളും- അങ്ങനെ നാട്ടുകാരെ എന്തെല്ലാം അറിയിച്ചു???
മരിച്ച പട്ടാളക്കാരന്‍റെ കുടുംബത്തിനു സര്‍ക്കാര്‍ സഹായം, കള്ളകേസില്‍ കുടുങ്ങിയ ശാസ്ത്രജ്ഞന്‍റെ നിരപരാധിത്വം--- അങ്ങനെ ചെയ്യാന്‍ പറ്റിയ ഒരുപാട് നല്ല കാര്യങ്ങള്‍...,...
അതിന്നിടയിലാണ് ഇങ്ങനൊരു സംഭവം...
ഒരു സ്ത്രീ ശരീരത്തിന്‍റെ നിമ്നോന്നതങ്ങള്‍ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിലെ ഏറ്റവും ചൂടേറിയ വാര്‍ത്ത‍...,. കഷ്ടം, അല്ലാതെന്തു പറയാന്‍....,...!!!
എക്സ്ക്ലൂസീവിനു വേണ്ടി ഓടി നടക്കുന്ന തലസ്ഥാനത്തെ മാധ്യമ പടക്ക് എന്തായാലും കോളായി...!!!
ഞാന്‍ ഇരിക്കുന്ന വാഹനത്തെ ബസ്‌ എന്ന് വിളിക്കാന്‍ പറ്റില്ല...
പഴയ ഫെവിക്കോളിന്‍റെ പരസ്യത്തിലെ പോലൊരു വാഹനം, ആളും ആടും അമ്പാരിയും എല്ലാം ഒട്ടിചേര്‍ന്നിരുന്നു യാത്ര ചെയ്തു...
കൈതേരിയിലെ തട്ടുമ്പുറം ഷാപ്പിലും ഉത്തരേന്ത്യയിലെ പ്രത്യേകിച്ച്, ദല്‍ഹിയിലെ ബസ്സിലും മാത്രേ ആളുകള്‍ ഇത്ര ഇഴുകിച്ചേര്‍ന്ന് ഇരിക്കുന്നത് ഞാന്‍ കണ്ടിട്ടുള്ളൂ...!!!
ദ്രാവിഡന്‍റെ വിയര്‍പ്പും പത്താന്‍റെ ശൌര്യവും കാശ്മീരിയുടെ വശ്യമായ ചിരിയും പഞ്ചാബി ഭംഗ്രയും മണിപ്പുരി നാടന്‍പാട്ടും എല്ലാം ഒരു പരാതിയുമില്ലാതെ ആ ബസ്സില്‍ ഇരിക്കുന്നവര്‍ എട്ടു വാങ്ങി, 'നാനാത്വത്തില്‍ ഏകത്വം'...!!!
ഞാന്‍ എന്‍റെ കഴിഞ്ഞ ദിവസങ്ങളിലെ ദിനചര്യയെ കുറിച്ചോര്‍ത്തു കൊണ്ടിരുന്നു...
രാവിലെ നാട്ടിലേക്ക് വിളിച്ച് പ്രായമായ അമ്മയെയും പ്രയമെത്താത്ത കുഞ്ഞിനേയും എന്‍റെ അഭാവത്തില്‍ എല്ലാം ഭംഗി ആയി നടത്തുന്ന ഭാര്യയെയും വിളിച്ച് നാട്ടിലെ മഴയും മഞ്ഞും മരവും എങ്ങനെ എന്നൊരന്വേഷണം. പിന്നെ, പീഡനം, പാല് കാച്ചല്‍, വാതു വെക്കല്‍, മരണം തുടങ്ങി സകല മാരണങ്ങളുടെയും പുറകെ...
ഇപ്പൊ രാത്രി വൈകും വരെ മനോഹര്‍ ലോഹ്യ ആശുപത്രിക്ക് മുന്നില്‍ തടിച്ചു കൂടി നില്‍ക്കുന്ന രക്തദാഹികളായ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍, അന്നത്തെ വിയര്‍പ്പു മുഴുവന്‍ ശ്വസിച്ച് എപ്പോ വേണമെങ്കില്‍ വന്നേക്കാവുന്ന ഒരു ബ്രേക്കിംഗ് ന്യൂസ്‌ കാത്തു നില്‍ക്കുന്ന ഒരുവന്‍...,...
അവളുടെ പേരറിയില്ല, ഭാഷ, ജാതി, നിറം, ഉയരം, രൂപം, അച്ഛന്‍, അമ്മ, അങ്ങനെ അവളെ കുറിക്കുന്ന ഒന്നും അറിയില്ല. ഒന്നറിയാം - ഇന്നലെ വരെ നിറങ്ങള്‍ സ്വപ്നം കണ്ട ഒരു പെണ്‍കുട്ടി ആയിരുന്നിരിക്കണം അവള്‍., അധമന്മാരുടെ ആക്രോശങ്ങള്‍ക്കിടെ  ആരും കേള്‍ക്കാതെ പോയ ഒരു നിലവിളി, വളരെ പ്രാകൃതമായ അവരുടെ ഇടപെടലിന് നേരെ കാണാതെ പോയ പ്രതിഷേധം, കവര്‍ന്നെടുക്കുന്ന മാനത്തിന് പകരം ജീവന്‍ വില നല്‍കാന്‍ തയ്യാറായവള്‍-,-അവള്‍ക്കിടാന്‍ സ്ഥലപ്പേരു ചേര്‍ത്ത ഒരു പേര് വേണം. ഇത്തവണ അത് അഭിക്കാനിക്കാവുന്ന വിധത്തില്‍ രാജ്യത്തിന്‍റെ തലസ്ഥാനം ആണ്. അതെ അവള്‍ ഇനി മരണം വരെ 'ഡല്‍ഹി പെണ്‍കുട്ടി'...
ആര്‍ക്കും അകത്തേക്ക് പ്രവേശനമില്ല, അല്ലെങ്കില്‍ ആ പെണ്‍കുട്ടിടെ ജാതകത്തിലെ ചൊവ്വാ ദോഷം വരെ ഇതിനകം മനോരമ പോലത്തെ പത്രങ്ങള്‍ ആഘോഷിച്ചേനെ...!!!റാംജി എന്ന് ഞങ്ങള്‍ വിളിക്കുന്ന, തലസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ആയ റാം നാരായണ്‍ ബന്ദോപാധ്യായ മാത്രം ഏതോ മന്ത്രിയുടെ സ്വാധീനം ഉപയോഗിച്ച് അകത്ത് കടന്നു...
വേട്ട നായയുടെ ജന്മം ആണയാള്‍, അനാശാസ്യത്തിന് പിടിക്കപ്പെടുന്ന പെണ്ണുങ്ങളുടെ ശരീരം പോലും അയാള്‍ക്കൊരു ഹരമാണ്...
എന്നും നൈറ്റ്‌ പാര്‍ട്ടികള്‍ നടക്കുന്ന, ഒരു രാത്രി തന്നെ പലരുടെയും ശക്തി തീരും വരെ അവരെ ആറാടിക്കാന്‍ തക്ക കരുത്തുള്ള സ്ത്രീ ശരീരങ്ങള്‍ ഒരുപാടുള്ള, പെണ്ണും പണവും കാര്യങ്ങള്‍ നിശ്ചയിക്കുന്ന ഈ ഇന്ദ്രപ്രസ്ഥത്തില്‍ അത്തരത്തില്‍ ഒരാള്‍ക്ക്‌ എന്നും ചാകര തന്നെ...!!!
അയാള്‍ടെ ഭാര്യയും മോശമല്ല, പൊടിപ്പും തൊങ്ങലും വച്ച ഒരുപിടി കഥകള്‍ അവരെ കുറിച്ചും ഒഴുകി നടക്കുന്നുണ്ട്...


അവരുടെ ശരീരത്തില്‍ അവിടവിടെ ഇടയ്ക്കിടെ ഉണ്ടാകുന്ന മുറിവുകളെ കുറിച്ച്, റാംജിക്ക് ഇടക്കിടെ കിട്ടുന്ന വില കൂടിയ സമ്മാനങ്ങളെ കുറിച്ച്, അങ്ങനെയങ്ങനെ, ഇക്കിളിപ്പെടുത്തുന്ന ഒരുപാട് കഥകള്‍...,...
അങ്ങേര് ഇപ്പൊ വരും, എല്ലാവരും അദ്ദേഹത്തെയും പ്രതീക്ഷിച്ച്, ഇറങ്ങി വന്നാല്‍ എന്തൊക്കെ നുണ ആയിരിക്കും പറയുക എന്ന പ്രവചനങ്ങളും നടത്തി കൊണ്ടിരുന്നു...
ഇറങ്ങി വന്ന ആ കിളവന്‍റെ വൃത്തികെട്ട വാചകങ്ങള്‍ക്കും അവിടെ കേള്‍വിക്കാര്‍ ഉണ്ടായിരുന്നു. നാല് ആണുങ്ങള്‍ പേശീബലം തെളിയിച്ച, ആണ്‍കരുത്തിന്‍റെ വന്യത അറിയിച്ച, ഇത്തിരി ജീവന്‍ പോലും അരിഷ്ടിച്ച് തങ്ങി നില്‍ക്കുന്ന ഒരു ആത്മാവിനെ...
ആത്മാവ് എന്ന് തന്നെ വിശേഷിപ്പിക്കണം, കാരണം മരണം എന്നത് പോലും ഈ അവസ്ഥയില്‍ ഒരു മോക്ഷം ആണ് ആ ശരീരത്തിന്...
അങ്ങനെ ഓരോന്നാലോചിച്ച് ബസ്സില്‍ (തല്‍കാലം ആ ശകടത്തെ അങ്ങനെ വിളിക്കുന്നു) ഇരുന്നപ്പോഴാണ് അടുത്ത് ഒരാള്‍ വന്ന് ഇരുന്നത്. അങ്ങനെ എടുത്തു പറയുമ്പോള്‍ അയാള്‍ക്ക്‌ എന്തെങ്കിലും പ്രത്യേകത കാണുമല്ലോ. തീര്‍ച്ചയായും ഉണ്ട്...
അയാള്‍ നന്നായി മദ്യപിച്ചിട്ടുണ്ട്‌..., സാധാരണ കുടിക്കുന്നതിലും അപ്പുറം...!!! വാക്കുകളില്‍ അവ്യക്തത, കയ്യില്‍ നേരത്തെ പറഞ്ഞ പീഡന വാര്‍ത്ത‍ ഉള്ള സകല പത്രങ്ങളും ഉണ്ട്.
കയ്യിലെ കാമറയും കട്ടികണ്ണടയും ഓവര്‍ കോട്ടും എല്ലാം കണ്ടായിരിക്കണം, പത്രക്കാരന്‍ ആണോ എന്ന് ചോദിച്ചു.
അതെ എന്ന് മറുപടി നല്‍കി. മുഖത്ത് നോക്കിയില്ല, സംസാരം തുടരേണ്ട എന്ന് വച്ചെടുത്ത മുന്‍കരുതല്‍...,...
പക്ഷെ, അയാള്‍ വിടാന്‍ ഭാവം ഇല്ല, പീഡനകേസിനെ കുറിച്ച് അടുത്ത ചോദ്യം. ആ കുട്ടി ആരാണെന്നും അച്ഛനും അമ്മയും എന്ത് ചെയ്യുന്നു എന്നും അയാള്‍ക്കറിയണം. അതൊരു മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ആണെന്നും രാത്രി പതിനൊന്നു കഴിഞ്ഞ് ആ പെണ്ണിന് യാത്ര ചെയ്യണ്ട ആവശ്യം ഇല്ലായിരുന്നു എന്നും ഇങ്ങനെ അഴിഞ്ഞാടി നടക്കുന്ന പെണ്ണുങ്ങള്‍ കമ്പിയും ഗദയും ഇത്തരത്തില്‍ ശരീരത്തില്‍ ഏറ്റു വാങ്ങേണ്ടി വരുമെന്നും ഞാന്‍ രോഷം കൊണ്ടു.
കോടോത്ത് ഗോവിന്ദന്‍ എന്ന യാഥാസ്ഥിതികന്‍റെ മകന്‍റെ മനസ്സിലെ സദാചാര ബോധം എന്നെ അങ്ങനെ പറയിച്ചു എന്നും പറയാം. അവള്‍ടെ കുടുംബത്തെ കുറിച്ച് ഒന്നും അറിയില്ലെന്നും കാശുള്ള വീട്ടിലെ പെണ്ണ് ആകാനേ തരമുള്ളൂ, ഈ രാത്രി യാത്ര ഒക്കെ അവര്‍ക്കൊരു ഫാഷന്‍ ആണെന്നും ഞാന്‍ മറുപടി നല്‍കി. എന്തോ അയാള്‍ക്ക്‌ അതൊന്നും അത്ര ദഹിച്ചില്ല എന്ന് തോന്നുന്നു. അപ്പോഴേക്കും സുഹൃത്ത് മൊബൈലില്‍ വിളിച്ചു. ആ പെണ്ണിന്‍റെ നില മോശമാണെന്നും രണ്ടു മൂന്നു സ്റ്റോറികള്‍ ഫ്രെയിം ചെയ്തു വക്കാനും നിര്‍ദേശവും നല്‍കി. കുടിയനായ അച്ഛന്‍, കഞാവടിച്ചു നടക്കുന്ന സഹോദരന്‍, തെരുവ് വേശ്യ ആയ അമ്മ, വിവാഹ മോചനം നേടിയ സഹോദരി- അങ്ങനെ ചില ഫ്രെയിമുകള്‍ ഞാന്‍ മനസ്സില്‍ കണ്ടു. കൃത്യമായ വിവരങ്ങള്‍ ഇപ്പോഴും മാധ്യമങ്ങള്‍ക്കറിയില്ല. അത് കൊണ്ടാണ് ഇങ്ങനൊരു സാഹസം. ഇതിനു മുന്‍പും ചില സന്ദര്‍ഭങ്ങളില്‍ ആദ്യം വാര്‍ത്ത‍ നല്‍കാന്‍ ഈ ഫ്രെയിമിംഗ് സഹായിച്ചിട്ടുണ്ട്. ഡല്‍ഹി മാധ്യമങ്ങളുടെ കാര്യം ആണ് രസം. അവര്‍ ഇപ്പൊ തന്നെ ഇതിലും മസാല ചേര്‍ക്കാന്‍ തുടങ്ങിയിട്ടുണ്ടാകും. ആ പെണ്ണ് നാളെ, ഇതിലും താഴാന്‍ ആകാത്ത വിധം മോശമായി ആയിരിക്കും ചിത്രീകരിക്കപ്പെടാന്‍ പോകുന്നത്. നമ്മള്‍ ആദ്യം പഠിക്കുന്ന വാക്ക് 'അമ്മ' എന്നായത് കൊണ്ടോ എന്തോ മലയാളികള്‍ ഈ കാര്യത്തില്‍ കൂടി മാന്യന്മാര്‍ ആണ്. കാര്യം, നമ്മള് റോഡ്‌ ക്രോസ് ചെയ്യുന്ന പെണ്ണിന്‍റെ പോലും ശരീരത്തിന്‍റെ തുടിപ്പില്‍ ചൂട് കണ്ടെത്തുന്നവര്‍ ആണെങ്കിലും തുറന്ന് പറയുന്ന കാര്യത്തില്‍ ഭേദം ആണ്. കപട സദാചാരം എന്നൊക്കെ പറയുമെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ അത് നന്നായി വരും എന്ന് തോന്നി. എന്തായാലും ഫോണില്‍ ആ വാര്‍ത്ത‍ കേട്ടപ്പോള്‍ മുതല്‍ അടുത്തിരുന്ന ആ കുറ്റിതാടിക്കാരന്‍ നിശ്ശബ്ദന്‍ ആയി. അയാള്‍ അയാള്‍ടെ മോളെ കുറിച്ച് എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. അവള്‍ നഴ്സറിയില്‍ പഠിക്കുമ്പോള്‍ മുതല്‍ നേടിയ സമ്മാനത്തിന്‍റെയൊക്കെ കാര്യം, വയറു കടയുന്ന ദാരിദ്ര്യത്തിന്‍റെ ഇടയിലും അവള്‍ ചവിട്ടി കയറിയ നേട്ടത്തിന്‍റെ പടവുകളെ കുറിച്ച്, അങ്ങനെയങ്ങനെ....
അരോചകം ആയിരുന്നുവെങ്കിലും ഞാന്‍ അതെല്ലാം മൂളി കേട്ടുകൊണ്ടിരുന്നു.
ഞാനും ഓര്‍ത്തു. ഒരു പെണ്‍കുട്ടി ജനിച്ചു വീഴുമ്പോള്‍ മുതല്‍ അവളുടെ മാതാ-പിതാക്കള്‍ നേരിടുന്ന ആകുലതകള്‍, അവളെ കുറിച്ച് വേണ്ടാധീനം പറയാന്‍ മത്സരിക്കുന്ന നാട്ടുകാര്‍, അവള്‍ ആരോടെങ്കിലും മിണ്ടിയാല്‍ മകള്‍ വഴി പിഴച്ചെന്ന് വീട്ടില്‍ അറിയിക്കുന്ന ബന്ധുക്കള്‍.,. അങ്ങനെ ഒരുപാട് പേരെ മറി കടന്നാണ് ഓരോ സ്ത്രീജന്മവും ദിനരാത്രങ്ങള്‍ തള്ളി മുന്നോട്ടുള്ള വഴി കണ്ടെത്തുന്നത്.
അയാള്‍ അപ്പോഴും എന്തൊക്കെയോ പറയുന്നുണ്ട്. മകള്‍ക്ക് പഠിക്കാന്‍ എന്തൊക്കെ പുസ്തകം വേണം എന്ന് അറിയാത്തോണ്ട് സെക്കണ്ട് ഹാന്‍ഡ്‌ കിട്ടുന്ന എല്ലാ പുസ്തകങ്ങളും വാങ്ങി വക്കുകയും ഒടുവില്‍ അതൊരു പുസ്തക വില്പനക്കാരന്‍ ആക്കി തീര്‍ത്തു എന്നൊക്കെ പറയുമ്പോള്‍ മകളുടെ നേട്ടത്തിന്‍റെ തിളക്കത്തെക്കാള്‍ കണ്ണില്‍ പൊടിയുന്ന കണ്ണീര്‍ ഞാന്‍ ശ്രദ്ധിച്ചു. മദ്യലഹരിയില്‍ കണ്ണില്‍ നിന്നും അഗ്നി വരെ വരും, പിന്നല്ലേ ഇത്തിരി കണ്ണീര്‍..,... !!!
ആ കുട്ടിക്ക് സീരിയസ് ആണെന്ന് എല്ലാരും അറിഞ്ഞു തുടങ്ങിയിരിക്കുന്നു. ബസ്സില്‍ നടക്കുന്ന ചര്‍ച്ചകള്‍ പേരില്ലാത്ത, നാളില്ലാത്ത, നാടില്ലാത്ത, നാട്യങ്ങള്‍ എതുമില്ലാത്ത ആ കുട്ടിയെ കുറിച്ച് മാത്രമായി. ആ താടിയുടെ മുഖം കൂടുതല്‍ കൂടുതല്‍ വിളറി കൊണ്ടിരുന്നു. ഇടക്ക് ബസ് സ്റ്റോപ്പ്‌ അല്ലാത്ത ഒരിടത്ത് നിര്‍ത്തി. അരിശം കേറിയ നമ്മുടെ 'കുടിയനായ പുത്രന്‍-' -കഥാനായകന്‍------\-  'വണ്ടി വേഗം വിടടോ, തനിക്കു തിരക്കില്ലെങ്കിലും ബാക്കി ഉള്ളോര്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ഉണ്ട്' എന്ന് ആക്രോശിച്ചു. 'പിന്നേ, തിരക്കുള്ള ഒരാള്, ഒന്ന് പോടോ' എന്ന അര്‍ത്ഥത്തില്‍ ഡ്രൈവര്‍ ദൃഷ്ടി പായിച്ചു.
എനിക്കും അത് നല്ല തമാശ ആയാണ് തോന്നിയത്, ഇയാള്‍ക്ക് എന്താണാവോ ഇത്ര തിടുക്കം...!!!
 ബസ്സില്‍ ഒരു പറ്റം കോളേജ് പിള്ളേര്‍ ഉണ്ട്, അവരുടെ കാര്യം അതിലും രസം. അവര്‍ അപ്പോള്‍ തന്നെ മൊബൈലില്‍ നിന്നും ഇന്‍റര്‍നെറ്റില്‍ കയറി നോക്കുന്നു. പുതിയതായി വല്ല വീഡിയോയും വന്നോ എന്ന്. അവള്‍ടെ പേരോ അമ്മയുടെ പേരോ അച്ഛന്‍റെ പേരോ ഒക്കെ വച്ച് സെര്‍ച്ച്‌ ചെയ്തു നോക്കാന്‍ ഒരുത്തന്‍റെ നിര്‍ദേശം. അവള്‍ടെ കുടുംബചരിത്രം മോശമാകാന്‍ സാധ്യത ഇല്ലെന്ന് വേറൊരുത്തന്‍റെ കമന്‍റ്.,. രാത്രി അസമയത്ത് യാത്ര ചെയ്യുന്ന പെണ്ണിന്‍റെ സ്വഭാവ ശുദ്ധിയെ കുറിച്ചും അവളുടെ ശരീരം സ്വന്തം അച്ഛന്‍ വരെ ഒരു പക്ഷെ വീഡിയോയില്‍ ആക്കി കാണും എന്നും പറഞ്ഞവന്‍റെ ദുഷിച്ച നാക്ക് അരിഞ്ഞെടുക്കാന്‍ എന്നിലെ വിപ്ലവകാരി തിളച്ചു. ഭാഷ അറിയാത്ത നാട്ടില്‍ വന്ന് തല്ലു കൊള്ളണോ എന്ന പേടി കൊണ്ട് ഒന്നും പറഞ്ഞില്ല. ആ ബസ്സില്‍ ആരും അതിനെതിരെ പ്രതികരിച്ചില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി. പെട്ടെന്നാണ് എന്‍റെ സഹസീറ്റന്‍ ചാടി എണീറ്റ്‌ അവന്‍റെ നേരെ കുതിച്ചത്. അയാള്‍ അവന്‍റെ കഴുത്ത് പിടിച്ച്‌ ഉറക്കെ അലറി. "നിന്‍റെ തള്ളയെ ഒരുത്തന്‍ കേറി പിടിച്ചാലും നീ മൊബൈലില്‍ നോക്കുമോടാ, നിന്നെ ജനിപ്പിച്ചവന്‍ നേരായ വഴിക്കാണോ അതോ ഇത് പോലൊരു പിറവി ആയിരുന്നോ നിന്‍റെ??? പെണ്ണെന്നാല്‍ ആണിന്‍റെ ക്ഷീണം തീര്‍ക്കാനുള്ള യന്ത്രം അല്ലെന്നും, അങ്ങനെ ചിന്തിക്കുന്ന നിന്നെ പോലുള്ളവര്‍ക്ക് അമ്മയും അനിയത്തിയും മകളും എല്ലാം വെറും അറുപതു കിലോ മാംസ കഷണം മാത്രം ആകും.നിന്നെയൊക്കെ കാത്ത് ഗി.ബി.റോഡില്‍ കൈ കാട്ടാന്‍ പെണ്ണുങ്ങള്‍ ഉണ്ട്.". ഇത്രയും ആയപ്പോഴേക്കും അതൊരു അടിയുടെ വക്കത്തെത്തി. അവരൊക്കെ കൂട്ടായി ഇയാളെ മര്‍ദിക്കാന്‍ ശ്രമിച്ചു. എന്‍റെ മനസ്സില്‍ വന്ന തെറിയുടെ പകുതി പോലും അയാള്‍ പറഞ്ഞില്ല, കുടിച്ചിട്ടുണ്ടെങ്കിലും പാതിബോധത്തില്‍ ആണെങ്കിലും അയാളോട് എന്തെന്നില്ലാത്ത ആദരവ്.
അയാള്‍ വല്ലാതെ തളര്‍ന്നിരുന്നു. രക്തം തിളക്കുന്നത്‌ കയ്യില്‍ പിടിക്കുമ്പോള്‍ വരെ അറിയാം. ശ്വാസം വളരെ വേഗത്തില്‍ ആണ്. ഞാന്‍ അത് ശ്രദ്ധിക്കാത്ത മട്ടില്‍ ഇരുന്നു. അയാള്‍ നേരത്തെ പറഞ്ഞു വന്ന മകളെ കുറിച്ചുള്ള കഥകള്‍ തുടര്‍ന്നു. അപ്പോഴേക്കും നേരത്തെ വിളിച്ച സുഹൃത്ത് വീണ്ടും വിളിച്ചു.
മകള്‍ ഈ അവസ്ഥയില്‍ ആണെങ്കിലും ആ പെണ്ണിന്‍റെ അച്ഛന്‍ അടുത്തില്ലെന്നും അയാളെ മോശക്കാരന്‍ ആക്കി ഒരു സ്റ്റോറി ആലോചിച്ചു വച്ചോളൂ എന്നും നിര്‍ദേശം. ഞാന്‍ അത്തരത്തില്‍ ചിന്തിച്ചു തുടങ്ങി, സിനിമകളിലെ വില്ലന്മാരുടെ പല ഭാവങ്ങളും ചേര്‍ത്ത് സാമാന്യം നല്ല ഒരു വില്ലന്‍ അച്ഛനെ ഞാന്‍ സൃഷ്ടിച്ചു.
വണ്ടി ആശുപത്രിയുടെ അടുത്ത് എത്താറായിരിക്കുന്നു. ആ കുട്ടിയുടെ നില വഷളായിരിക്കുന്നു എന്നത് പ്രതിഷേധത്തിന്‍റെ തീവ്രത കൂട്ടിയിട്ടുണ്ട്. വണ്ടി ആശുപത്രിടെ മുന്നില്‍ നിര്‍ത്തി. ഞാനും ആ താടിക്കാരനും അവിടെ ഇറങ്ങി.
സുഹൃത്ത് എന്നെ കാത്തു നില്‍ക്കുവായിരുന്നു. കുട്ടി മരിച്ചു എന്ന് സംശയം ഉണ്ടെന്നും ആരെയും അകത്തേക്ക് കടത്തി വിടുന്നില്ല എന്നും അവന്‍ പറഞ്ഞു.
കൂടെ ഉണ്ടായിരുന്ന ആ ആളുടെ ഭാവം രൗദ്രത്തില്‍ നിന്നും ശോകത്തിലേക്കു മാറിയിരിക്കുന്നു.
അയാള്‍ അകത്തേക്ക് ഓടിക്കയറാന്‍ ശ്രമിച്ചു. പോലീസും ആശുപത്രി ജീവനക്കാരും കുറുകെ നിന്നു. ആരെയും അകത്തേക്ക് കടത്തി വിടാന്‍ പറ്റില്ല എന്നും പറഞ്ഞ് അയാളെ പോലീസ് വലിച്ചിഴച്ചു. ആകെ ടെന്‍ഷന്‍ അടിച്ചു  അവിടെ കൂടി നിന്ന എല്ലാവരും അയാള്‍ക്ക് നേരെ കുതിച്ചു. എനിക്കും ആകെ ദേഷ്യം വന്നു. ഒരു ശരാശരി മദ്യപാനിയുടെ കുസൃതി ആയി കണക്കാക്കാമെങ്കിലും ആ സാഹചര്യത്തിന്‍റെ ചൂട് കൊണ്ടാകണം, എനിക്കും രണ്ടെണ്ണം പൊട്ടിക്കാനാണ് തോന്നിയത്. പക്ഷെ, അയാള്‍ എന്തോ പറയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു, ഉറക്കെ കരയുന്നുണ്ടായിരുന്നു- ആരും ശ്രദ്ധിക്കുന്നില്ലെങ്കിലും...
പോലീസ് വലിച്ചിഴച്ചു കൊണ്ട് പോകുന്നതിന്നിടെ അയാളുടെ കയ്യില്‍ നിന്നും വീണ പത്രങ്ങള്‍ക്കിടയില്‍ നിന്നും ഒരു യുവതിയുടെ ഫോട്ടോയും എന്തോ സര്‍ട്ടിഫിക്കറ്റുകളും എന്‍റെ ശ്രദ്ധയില്‍പെട്ടു...
അത് കണ്ട ആശുപത്രി ജീവനക്കാരിലൊരാള്‍ പിടി അയച്ചു, എന്നിട്ട് അത് അകത്തെ കുട്ടിയുടെ അച്ഛന്‍ ആണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു.
പിടിവലിക്കിടെ ആ ഫോട്ടോയില്‍ ഒറ്റ തവണ കണ്ട മുഖം അയാള്‍  തിരിച്ചറിഞ്ഞു, അങ്ങനെ പെട്ടെന്ന് മറക്കാവുന്ന മുഖമല്ലല്ലോ അത്?
അതോടെ പോലീസും പിടിവിട്ടു. അതിനിടെ അയാള്‍ടെ മുഖത്തേക്ക് ക്യാമറയും തിരിച്ച് കുറെ പേര്‍., അത് കണ്ട എനിക്ക് പിടിച്ച്‌ നില്‍ക്കാനായില്ല.
"നാളെ നിന്‍റെയൊക്കെ അമ്മയ്ക്കും പെങ്ങള്‍ക്കും മകള്‍ക്കും ഈ നാട്ടില്‍ ഇത് തന്നെ സംഭവിച്ചേക്കാം, അപ്പോഴും നീയൊക്കെ ഇത് പോലെ ക്യാമറയില്‍ പിടിച്ച്‌ നാട് മൊത്തം പ്രദര്‍ശിപ്പിക്കുമോടാ?"
ചോദ്യം മലയാളത്തില്‍ ആയിരുന്നെങ്കിലും, കാര്യം മനസ്സിലാകാന്‍ ഭാഷയുടെ ആവശ്യം ഇല്ല എന്നെനിക്കു തോന്നി, പിന്നെ ആരുടേയും കൈ ഫോട്ടോ എടുക്കാന്‍ പൊന്തിയില്ല...!!!
അയാള്‍ടെ കൂടെ വല്ലവരും ഉണ്ടോ എന്ന് നോക്കിയാ അവര്‍ എന്നെ അയാള്‍ടെ പരിചയക്കാരന്‍ എന്ന് തെറ്റിധരിച്ച് അകത്തേക്ക് വലിച്ചു കൊണ്ട് പോയി. അകത്തേക്ക് കൊണ്ട് പോകുമ്പോള്‍ ഞാന്‍ ആ പിതാവിന്‍റെ കൈകളിലെ കടലാസുകള്‍ മറിച്ചു നോക്കി. അവിടെ അടുത്തുള്ള ഒരു മെഡിക്കല്‍ കോളേജിലെ മാര്‍ക്ക്‌ ലിസ്റ്റുകള്‍, ഒരു മിടുക്കി ആണ് ആ കുട്ടി എന്ന് തെളിയിക്കുന്ന രേഖകള്‍..,. പക്ഷെ, ഇത് വരെ പഠിച്ച ജീവശാസ്ത്രം സ്വന്തം കാര്യത്തില്‍ ആ കുട്ടിയെ രക്ഷിച്ചില്ല.
ഡോക്ടര്‍ പറഞ്ഞ "SHE IS NO MORE'' എന്ന ഇംഗ്ലീഷ് വാചകം ആ കുട്ടിയുടെ പാവം അമ്മക്ക് മനസ്സിലായില്ല. പ്രശ്നങ്ങള്‍ ഒന്നുമില്ലല്ലോ എന്ന് ആ സ്ത്രീ ചോദിച്ചു,
ഇരുപത്തൊന്നു വര്‍ഷത്തെ പ്രതീക്ഷയും പ്രത്യാശയും സ്നേഹവും സമാധാനവും ആ കണ്ണുകളില്‍ നിറഞ്ഞു കാണാം.
ഒന്നും പറയാന്‍ ഇല്ലാതെ ജനാലയിലൂടെ പുറത്തേക്കു നോക്കി ഞാന്‍ നിന്നു...
ഇപ്പോഴും എനിക്ക് കേള്‍ക്കാം- താഴെ പത്രപ്രവര്‍ത്തകര്‍ നടത്തുന്ന 'വിചാരണ', ഈ പെണ്‍കുട്ടിക്ക് വേണ്ടി നടത്തുന്ന മെഴുകുതിരി കത്തിച്ചുള്ള പ്രകടനത്തിലെ മുദ്രാവാക്യങ്ങള്‍, എല്ലാറ്റിനും പുറമേ അടുത്ത്, ഒരു മിടിപ്പിനപ്പുറത്തുള്ള ചലനമറ്റ ഒരു ശരീരത്തിനടുത്ത് നിന്ന് ആ ജീവന് വേണ്ടി കേള്‍ക്കാന്‍ മറ്റാരുമില്ലാത്ത നിസ്സഹായമായ ഒരു പ്രാര്‍ഥനയും...!!!

No comments:

Post a Comment