കണ്ടാല്‍ വികിപീടിയ തന്നെ. എന്നാല്‍ കയ്യിലിരുപ്പോ.. ഹെന്‍റമ്മേ .. !!!
ഈ വാര്‍ത്ത വായിച്ചിട്ടു ചിരി വന്നിട്ട് സഹിക്കാന്‍ വയ്യ. അമ്മാതിരി പണി ആണ് അമേരിക്കക്ക് കിട്ടിയിരിക്കുന്നത്. എന്തൊക്കെയായിരുന്നു വാചകം. മലപ്പുറം കത്തി, മെഷീന്‍ ഗണ്‍ എന്ന് വേണ്ട ടാവടിക്കുന്നതില്‍ ഒരു ലിമിറ്റും ഇല്ലായിരുന്നു. അത് മാത്രമോ. ഇംഗ്ലീഷ് സിനിമ വല്ലതും കണ്ടു കഴിഞ്ഞാല്‍ എല്ലാം ബാക്കി രാജ്യങ്ങളെ പറ്റിക്കുന്നതും അവരുടെ സീക്രട്ട് ഒക്കെ അടിച്ചോണ്ട് പോകുന്നതും ആയിരുന്നു. എന്നിട്ട് ഇപ്പൊ അമേരിക്ക ആരായി എന്ന് നോക്കു. ഒന്നും രണ്ടുമല്ല ആറു വര്‍ഷം യു എസ് അഫ്ഗാനിസ്ഥാനില്‍ നടത്തിയ യുദ്ധത്തിന്‍റെ പുറത്തു വിട്ടിട്ടില്ലാത്ത വിവരങ്ങള്‍ ഒറ്റയടിക്ക് പുറത്തായി.
വികിലീക്സ് എന്നൊരു സൈറ്റ് ഉണ്ട്. വികിപീടിയയുടെ ചുവടു പിടിച്ചു വന്നിരിക്കുന്ന ഈ സൈറ്റ് 2007 മുതല്‍ നിലവിലുണ്ട്. ഇതിന്‍റെ ലക്‌ഷ്യം എന്താന്നു വച്ചാല്‍ നമ്മള്‍ സീക്രെട്ട് സീക്രെട്ട് എന്ന് പറഞ്ഞു സൂക്ഷിക്കുന്ന എന്തെങ്കിലും വിവരം ഉണ്ടെങ്കില്‍ അത് പുറത്താക്കുക എന്നതാണ്. ഇത് കേള്‍ക്കുമ്പോ നിങ്ങള്‍ക്ക് തോന്നും ഇത് തന്നെയല്ലേ നമ്മുടെ നാട്ടിലുള്ള ക്രൈം, ഫയര്‍ മുതലായ വാരികകള്‍ ഒക്കെ ചെയ്യുന്നതെന്ന്. എന്നാല്‍ ഇവിടെ ഒരു ചെറിയ വ്യത്യാസം ഉണ്ട്. ശക്തമായ ഒരു ജനാധിപത്യം നിലവില്‍ വരുത്താനും സാധാരണക്കാരന്‍റെ അവകാശങ്ങള്‍ സംരക്ഷിക്കാനും സര്‍വോപരി അഴിമതി തടയുക എന്നതു മുന്‍ നിര്‍ത്തിയും ആണ് വികി ലീക്സ് പ്രവര്‍ത്തിക്കുന്നത്. സുതാര്യമായ ഒരു സിസ്റ്റം താരതമ്യേന മികച്ചതായിരിക്കും എന്ന ലളിതമായ തത്വം.ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഇതൊരു ചെറിയ സംഗതി ആണെന്ന് കരുതരുത്. വികി ലീക്സ് ന്‍റെ ഹോം പേജില്‍ പറയുന്നത് ശരിയാണെങ്കില്‍ 2007 ലെ കെനിയ തിരഞ്ഞെടുപ്പില്‍ നേതാവായിരുന്ന ഡാനിയല്‍ മരപ് മോയ് പുറത്തു വിട്ട ഇരുനൂറു കോടി ഡോളറിന്‍റെ അഴിമതി കഥകള്‍ മൊത്തം പോലെ ചെയ്ത വോട്ടിന്റെ പത്തു ശതമാനത്തോളം മറിക്കുന്നതില്‍ ആണ് കലാശിച്ചത്.
തങ്ങള്‍ക്കു ലഭിക്കുന്ന വിവരങ്ങളുടെ ഉറവിടം അത്യന്താധുനിക സാങ്കേതിക വിദ്യകളും ക്രിപ്ടോഗ്രാഫിക് സങ്കേതങ്ങളും ഉപയോഗിച്ച് രഹസ്യമായി ആണ് ഇവര്‍ സൂക്ഷിക്കുന്നത്. വികിപീടിയയില്‍ നിന്നു വ്യത്യസ്തമായി വിവരങ്ങള്‍ സെന്‍സര്‍ ചെയ്യാനോ മാറ്റി മറിക്കാണോ സാധ്യമല്ല. താങ്ങള്‍ ചെയ്യുന്നതിനെ 'Principled Leaking' എന്നാണ് വികി ലീക്സ് വിളിക്കുന്നത്. വളരെ രസകരമായ വിവരങ്ങള്‍ ഈ സൈറ്റില്‍ നിങ്ങള്‍ക്ക് കാണാം. രാഷ്ട്രീയക്കാരെ മാത്രമല്ല കുത്തക കമ്പനികള്‍, ശക്തി കേന്ദ്രങ്ങള്‍ മുതലായവരും ഇവരുടെ കണ്ണുകള്‍ നിരീക്ഷിക്കുന്നുണ്ട്. വമ്പന്‍ രഹസ്യം എന്ന് പറഞ്ഞു നമ്മളെ ഒന്നും കാണിക്കാതെ രാജ്യങ്ങളും സ്ഥാപനങ്ങളും മറ്റും ഒളിച്ചു വച്ചിരിക്കുന്ന പല രേഖകളും ഇവിടെ വന്നാല്‍ കണ്ടു രസിക്കാം.
ദുശ്ശാസ്സനന്‍ വെറുതെ അതില്‍ കയറി ഇന്ത്യ എന്ന് സെര്‍ച്ച് ചെയ്തു നോക്കി. ദാ കിടക്കുന്നു. ആകെ തമാശ. ഇന്ത്യയില്‍ നടപ്പിലാക്കാന്‍ പോകുന്ന യൂനിക് ഐ ടിയെ പറ്റിയുള്ള രഹസ്യ രേഖ . മാത്രമല്ല ഇതിനെ പറ്റിയുള്ള സകല വിവരങ്ങളും ( നടപ്പിലാക്കാനുള്ള ഉദ്ദേശ ചിലവായ 3000 കോടിയുടെ കണക്കു സഹിതം ). കിംഗ് ഫിഷര്‍ - എയര്‍ ഡെക്കാന്‍ - എയര്‍ സ്പീഡ് ലീസ് അഗ്രീമെന്റ് ( Kingfisher CLO & Company Secretary ആയ ഭരത് രാഘവന്‍ ഒപ്പ് വച്ച രേഖ ),
ഗോവയില്‍ പണ്ട് മുങ്ങി മറിച്ചു എന്ന് കരുതിയിട്ടു പിന്നീട് കൊലപാതകം എന്ന് തെളിഞ്ഞ , ബ്രിട്ടീഷ് വിദ്യാര്‍ത്ഥിനി ആയിരുന്ന സ്കാര്‍ലെറ്റ് കീലിങ്ങിന്‍റെ കേസുമായി ബന്ധപ്പെട്ട അനവധി രേഖകള്‍ ( ആയിരത്തി ഇരുനൂറു പേജ് വരുന്ന ഇ-മെയിലുകള്‍ ഉള്‍പ്പെടെ ), 2002 ഇല്‍ കശ്മീര്‍ താഴ്വരയില്‍ നടന്ന തെരഞ്ഞെടുപ്പിന്‍റെ രേഖകള്‍ അങ്ങനെ അനേകം ഔദ്യോകിക രഹസ്യ രേഖകള്‍ ഇവിടെ വായിക്കാം.
മുകളില്‍ പറഞ്ഞ അഫ്ഘാന്‍ യുദ്ധ രേഖകള്‍ ഇത് വരെ മാധ്യമങ്ങളില്‍ വരാത്ത പല ഞെട്ടിക്കുന്ന വാര്‍ത്തകളും നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നു. ചിലത് കേട്ടോളു
1. താപ നില തിരിച്ചറിഞ്ഞു ലക്‌ഷ്യം കണ്ടു പിടിക്കാന്‍ കഴിവുള്ള ചെറിയ മിസ്സിലുകള്‍ താലിബാന്‍ ഉപയോഗിച്ചിരുന്നു. ഈ വാര്‍ത്ത അമേരിക്ക ഇത് വരെ പുറത്തു വിട്ടിട്ടില്ല. 1980 ഇല്‍ മുജാഹിദ്ദീന്‍ സോവിയറ്റ് ആര്‍മിയെ പരാജയപ്പെടുത്താന്‍ ഉപയോഗിച്ച മുഖ്യ ആയുധം ഇതായിരുന്നു.
2. എഴുപതിലധികം കമാണ്ടോകളെ തിരിച്ചറിഞ്ഞു കൊലപ്പെടുത്താന്‍ വേണ്ടി ഒബാമയുടെ ആശിര്‍വാദത്തോടെ രൂപം കൊടുത്ത ഒരു ടാസ്ക് ഫോഴ്സ് ആണ് Task ഫോഴ്സ് 373 . എന്നാല്‍ ചിലപ്പോഴെങ്കിലും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണ പൌരന്മാരെ ആള് മാറി കൊലപ്പെടുത്തുന്നതില്‍ ആണ് അവസാനിച്ചത്. ഈ വാര്‍ത്തകളൊന്നും ഒരിക്കലും പുറത്തു വരാറില്ല
3. അഫ്ഗാനിസ്ഥാനില്‍ അവിടത്തെ ചാര ഏജന്സിക്ക് സാമ്പത്തിക സഹായം ചെയ്തു തങ്ങളുടെ ഒരു സബ്സിടയറി പോലെ അമേരിക്ക ഉപയോഗിക്കുന്നുണ്ട്.
ഇങ്ങനെ ഇങ്ങനെ ഒരുപാടു രഹസ്യങ്ങള്‍. ഇന്ന് തന്നെ വികി ലീക്സ് വായിച്ചു നോക്കു. ഇങ്ങനൊരെണ്ണം നമ്മുടെ നാട്ടിലും ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നുന്നില്ലേ ?
No comments:
Post a Comment