ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Thursday, September 09, 2010

The stolen mind...

അവള്‍ കൊണ്ടുപോയ മനസ്സ്

വൈകുന്നേരം കടല്‍ക്കരയിലേക്കു നടക്കുമ്പോള്‍ സത്യത്തില്‍ ഭയമായിരുന്നു. പക്ഷെ എനിക്കു കടല്‍ക്കാറ്റും, തിരമാലകളുടെ ശബ്ദവും അതിലേറെ ഇഷ്ടമായിരുന്നു എന്ന സത്യമാവണം വീണ്ടും എന്നെ അങ്ങോട്ടു നയിച്ചത്‌

ആളൊഴിഞ്ഞ ആ സ്ഥലം പതിവുപോലെ എനിക്കുവേണ്ടി ഇന്നും ഒഴിഞ്ഞുകിടന്നിരുന്നു. രണ്ടും കല്‍പിച്ച്‌ അങ്ങോട്ടു നടക്കുമ്പോള്‍ ഇടറിയ കാല്‍ വെപ്പുകള്‍ മനപ്പൂര്‍വ്വം അറിഞ്ഞില്ലെന്നു നടിച്ചു
അവിടെ ചെന്നിരിക്കുമ്പോള്‍ നിറഞ്ഞ കണ്ണുകളൊപ്പിയ കടല്‍ക്കാറ്റിന്റെ മുഖത്ത്‌ മിന്നിമറഞ്ഞത്‌ സഹതാപമായിരുന്നോ അതൊ പുഛമായിരുന്നോ?
ഓര്‍മ്മകള്‍ വീണ്ടും കാലങ്ങള്‍ പിറകിലോട്ട്‌ കൊണ്ടുപോയി

അന്ന് ഇവിടെയിരിക്കുമ്പോള്‍ തനിച്ചായിരുന്നില്ല അവളുംകൂടിയുണ്ടായിരുന്നു. അന്നു തിരമാലകളും, കടല്‍ക്കാറ്റുമെല്ലാം കളിയാക്കിയപ്പോള്‍ അവരെ തിരിച്ചുകളിയാക്കാന്‍ എന്നെ പഠിപ്പിച്ചതും അവളായിരുന്നു
അവളുടെ സ്വപ്നത്തിലെ കൊച്ചുവീട്ടില്‍ ഞങ്ങള്‍ തനിച്ചായിരുന്നു. അവിടെയാരും ശല്യം ചെയ്തിരുന്നില്ല, കുട്ടികള്‍പോലും !
അവളുടെ സ്വപ്നം എന്തായിരുന്നാലും അതുതന്നെയായിരുന്നു എന്റെ സ്വപ്നവും എന്നു കാണാന്‍ ശ്രമിച്ചിരുന്നു , കാരണം പഴഞ്ചനായിരുന്ന എന്റെ സ്വപ്നങ്ങള്‍ക്കും അത്രത്തോളം പഴക്കമുണ്ടായിരുന്നു .

എന്റെ സ്വപ്നത്തിലെ വീട്ടിലെ വലിയ മുറ്റത്തുകൂടി ഓടിക്കളിക്കുന്ന കുട്ടികളെ അവള്‍ക്കിഷ്ടമായിരുന്നില്ല

അവളുടെ കൂട്ടുകാരികള്‍ക്ക്‌ എന്നെ പരിചയപ്പെടുത്തിയിരുന്നു . അവള്‍ ഭാഗ്യവതിയാണെന്ന് ഏതോ കൂട്ടുകാരി അസൂയയോടെ പറഞ്ഞത്‌ എന്റെ മുന്‍പില്‍ അവള്‍ മറച്ചുവച്ചിരുന്നില്ല

ഞങ്ങളുടെ മനസ്സുകള്‍ ഒന്നായി ( എന്റെ മനസ്സ്‌ ഞാന്‍ അവള്‍ക്കു നല്‍കിയത്‌ പൂര്‍ണ്ണമായിട്ടായിരുന്നു) ഞങ്ങളുടെ സ്വപ്നങ്ങള്‍ തിരമാലകളോടുമാത്രം പറഞ്ഞു കാറ്റിനു ഒന്നും ഒളിക്കാന്‍ കഴിയാത്തതുകൊണ്ടാണു കാറ്റിനെ ഒഴിച്ചുനിര്‍ത്തിയത്‌

ഒരിക്കല്‍ മാത്രം അവളെ ഞാനെതിര്‍ത്തു എന്റെ പഴഞ്ചന്‍ രീതികള്‍ പൂര്‍ണ്ണമായും എന്നില്‍നിന്നും വിട്ടിട്ടില്ലാത്തതായിരുന്നു കാരണം

സ്വപ്നങ്ങള്‍ പങ്കുവച്ച്‌ അവൾക്കു മടുത്തുകാണണം അതായിരിക്കും മറ്റു പലതും പങ്കുവെക്കാമെന്ന് അവള്‍ പറഞ്ഞത്‌ ഞാനെതിര്‍ത്തപ്പോള്‍ അവളൊന്നും പറഞ്ഞില്ല. എന്നിലെ പഴഞ്ചനിപ്പോഴും ബാക്കിയുണ്ടെന്നവള്‍ക്കു തോന്നിക്കാണണം

അവസാനമായി അവളെ കണ്ടത്‌ അവളുടെ ഭാവി വരനെ എനിക്കു പരിചയപ്പെടുത്തിയ ദിവസമായിരുന്നു എന്നെ ഇങ്ങനെ അവള്‍ പരിചയപ്പെടുത്തി
" ഇതാണു ഞാന്‍ പറഞ്ഞ എന്റെ പഴയ ലൈന്‍ "

"ഓ .. നമ്മുടെ സ്വപ്നജീവി "

ഞാന്‍ പഠിച്ച എന്റെ പഴഞ്ചന്‍ മര്യാദ പ്രകാരം ഞാനയാള്‍ക്ക്‌ കൈകൊടുത്തു
അവളുടെ ഭാവി അവനില്‍ ( അവനെ മടുക്കുന്നത്‌ വരെ ) സുരക്ഷിതമാണെന്നവള്‍ മനസ്സിലാക്കിയിരുന്നിരിക്കണം പരസ്പരം കൈകോര്‍ത്തുകൊണ്ട്‌ മുട്ടിയുരുമ്മി അവര്‍ നടന്നകന്നു ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ കടല്‍ക്കാറ്റ്‌ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു തിരമാലകള്‍ മാത്രം മൗനം പാലിച്ചു
കാലങ്ങള്‍ പലതും തിരിച്ചു തന്നപ്പോള്‍ അവള്ക്ക് കൊടുത്ത മനസ്സു മാത്രം എനിക്കു തിരിച്ചു കിട്ടിയിരുന്നില്ല
അതു തന്നെയായിരിക്കും ഇന്നും കടല്‍ക്കാറ്റിന്റെ പുഛം നിറഞ്ഞ പുഞ്ചിരിയെ ഞാന്‍ ഭയക്കുന്നത്‌ !!

No comments:

Post a Comment