ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Monday, April 08, 2013

ഒരു ചെറിയ കൂടിക്കാഴ്ച...

ചെറിയ, ദൈര്‍ഘ്യം തീരെ കുറഞ്ഞ ഒരു കൂടിക്കാഴ്ചയുടെ ഓര്‍മയാണ്...
സാഹിത്യ അക്കാദമി ഹാളില്‍ എന്തോ സമ്മേളനം നടക്കുന്ന ഒരു ദിവസം.
അകത്ത് ഒരു സുഹൃത്ത്‌ അത് കേള്‍ക്കാന്‍ വേണ്ടി ഇരിക്കുന്നു.
ഗാട്ട് കരാറും പ്ലാച്ചിമടയും മുതല്‍ ചര്‍ച്ചിച്ച് ചര്‍ച്ചിച്ച് അങ്ങ് ഉസ്ബെക്കിസ്ഥാനിലെയും പോളണ്ടിലെയും ആഭ്യന്തരപ്രശ്നങ്ങളില്‍ എത്തി നില്‍ക്കുന്നു ചര്‍ച്ച...
അവിടെ എത്തിയപ്പോ, പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത് എന്നും പറഞ്ഞ് ഞാന്‍ പതുക്കെ സ്ഥലം കാലിയാക്കി.
ശരിക്കും മടുത്തു പോയിരുന്നു ട്ടോ.
പുറത്താകുമ്പോ കാറ്റൊക്കെ കൊണ്ട് അങ്ങനെ ഇരിക്കാം.
സുകുമാര്‍ അഴീക്കോട് എത്തും എന്ന് കേട്ടിരുന്നു.
പക്ഷെ, അദ്ദേഹത്തെ അകത്തൊന്നും കണ്ടില്ല.
മോഹന്‍ലാലിനെയൊക്കെ വിമര്‍ശിച്ചു തുടങ്ങിയ സമയം ആണ്, അതോണ്ട് ഇനി വല്ല ചാനല്‍ അഭിമുഖത്തിനും പോയതാകും എന്ന് കരുതി സമാധാനിച്ച് ഞാന്‍ ഇരുന്നു.
അപ്പൊ അതാ ഒരു വെള്ളഅംബാസിഡര്‍ കാര്‍ ഗേറ്റും കടന്നു വന്നു.
അത് ഇത്തിരി മാറ്റി പാര്‍ക്ക്‌ ചെയ്തു.
വെള്ള ജുബ്ബ ധരിച്ച (ജുബ്ബ ആണെന്ന് തോന്നുന്നു) ഒരു വൃദ്ധനെ രണ്ടു പേര്‍ ചേര്‍ന്ന് കഷ്ടപ്പെട്ട് നടത്തിച്ചു കൊണ്ട് പോകുന്നു.
പുറകില്‍ നിന്നും മുഖം കാണാന്‍ വയ്യ, സഹായികള്‍ ആണെങ്കില്‍ കാഴ്ച്ച മറഞ്ഞാണ്‌ നില്‍പ്പ്.
അവര് അകത്തേക്ക് പോയി.
സുഹൃത്ത്‌ 'പത്താന്‍സ് കഫെ'യില്‍ നിന്നും ഭക്ഷണം ഓഫര്‍ ചെയ്തിട്ടുണ്ട്, അതും ഓര്‍ത്ത് വായില്‍ വെള്ളം ഊറിച്ചു ഞാന്‍ ഇരുന്നു.
പിന്നെ, എനിക്കീ മുതിര്‍ന്ന എഴുത്തുകാരെ കാണുന്നതേ ഇഷ്ടല്ല.
അസൂയ ഒന്നുമല്ല ട്ടോ. മറ്റുള്ളവര്‍ അസൂയ കാണിക്കുമ്പോ എനിക്കും ഇത്തിരി ഒരു ഇത് തോന്നും, അത്രേയുള്ളൂ.
പിന്നെ, ഈ പെണ്ണുങ്ങള്‍ അവരോടൊക്കെ കാര്യായി സംസാരിക്കുമ്പോ ഒരു വൈക്ലഭ്യം, അല്ലാണ്ടെ അസൂയ ഒന്നും ഇല്ല...!!!
ഏതോ പേര്‍ഷ്യന്‍ കവി പറഞ്ഞ പോലെ 'ലോകത്തെ സകല രചനകളും പെണ്ണിന്‍റെ സന്തോഷത്തിന് വേണ്ടിയാണ്.' എന്ന് എനിക്കും തോന്നാറുണ്ട്.
അവര് സന്തോഷിക്കുന്ന കാണുമ്പോ തോന്നുന്ന ആ ഒരു കുളിരിന് വേണ്ടി ആണല്ലോ എല്ലാ ന്യൂ ജനറേഷന്‍ എഴുത്തുകാരും എഴുത്ത് നടത്തണേ...
അതോണ്ടല്ലേ ഇമ്മള് ഫുള്‍ ടൈം സ്ത്രീപക്ഷ ലേഖനങ്ങള്‍ എഴുതണേ, അത് ങ്ങക്ക് ഇത്രേം കാലായിട്ടും പുടി കിട്ടീല്യെ???
എന്തായാലും ഈ കാര്യൊന്നും ആരോടും പറയണ്ട ട്ടോ, ചുറ്റിലും അസൂയക്കാരാ, ഒറ്റൊന്നിനേം വിശ്വസിക്കാന്‍ പറ്റില്ല.
ഇതൊക്കെ കേട്ടാ എഴുത്തും വായനേം അറിയാത്ത കടല കച്ചോടക്കാരന്‍ വരെ എന്തെങ്കിലും കുത്തിക്കുറിച്ചു തുടങ്ങിയാ മ്മടെ കച്ചോടം പൂട്ടും.
അല്ല, അപ്പ നമ്മളെവിടെയാ പറഞ്ഞു നിര്‍ത്തിയെ???
ആഹ്, വെള്ള ജുബ്ബ.
അകത്ത് നിന്ന് സുകുമാര്‍ അഴീക്കോട്‌ വന്നു എന്ന അനൌണ്‍സ്മെന്റ് കേട്ടു, കൊറേ കയ്യടീം.
എന്‍റെ ഉള്ളിലെ മോഹന്‍ലാല്‍ ഫാന്‍ ഉണര്‍ന്നു.
ഞാന്‍ അകത്തേക്ക് പോകാതെ അവിടെ തന്നെ ഇരുന്നു.
നമ്മളോടോ കളി, ഹും...!!!
അഴീക്കോടന്‍ മാഷ്‌ പെട്ടെന്ന് പ്രസംഗിച്ച് പുറത്തേക്കിറങ്ങി, എന്തോ ക്ഷീണം പോലെ തോന്നി മുഖത്ത്.
ഇറങ്ങുമ്പോ എന്‍റെ സുഹൃത്തും കൂടെ ഉണ്ട്.
അവന്‍റെ അച്ഛനോ അമ്മയോ മറ്റോ മാഷടെ സ്റ്റുഡന്റ് ആണ്.
അവന്‍ എന്നെ കൈ കാട്ടി വിളിച്ചു.
ഞാന്‍ അടുത്ത് ചെന്നു.
പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞു.:"ഞാനും ഒരു എഴുത്തുകാരന്‍ ആണ് മാഷേ..."
അദ്ദേഹം ഒന്ന് നിന്നു...
ഒരു ചെറുചിരിയോടെ പറഞ്ഞു.:
"എഴുത്തുകാരന്‍ ആണ് എന്ന് സ്വയം പറയേണ്ടി വരുന്നതാണ് ഒരു എഴുത്തുകാരന്‍ നമ്മുടെ നാട്ടില്‍ നേരിടുന്ന ഏറ്റവും വലിയ ദൈന്യത...
പിന്നെ, ഓരോരുത്തര് പറയുന്ന കേള്‍ക്കാം, എനിക്ക് എഴുത്തിന്‍റെ അസ്ക്യത ഉണ്ടെന്ന്.
അതും തെറ്റാണ്.
എഴുത്ത് വയറുവേദനയോ പനിയോ ഒന്നും അല്ലല്ലോ ഇങ്ങനെ അസ്ക്യത എന്നൊക്കെ പറയാന്‍?
ഇന്നത്തെ എഴുത്തുകള്‍ കൂടുതലും ഒരു ഛര്‍ദ്ദിക്കല്‍ ആണ് എന്നത് വേറെ കാര്യം.
എഴുതുക, എഴുതി തെളിയുക, എഴുത്തുകാരന്‍ ആണെന്ന് മറ്റുള്ളവര്‍ പറഞ്ഞാകട്ടെ ആളുകള്‍ അറിയുന്നത്..."
ഞാന്‍ ഷോക്ക്‌ അടിച്ച പോലെ നിന്നു.
ആ ശബ്ദത്തിനു വിറയല്‍ ഉണ്ടായിരുന്നു, പക്ഷെ വാക്കുകളുടെ അര്‍ത്ഥത്തിനു തീരെ മൂര്‍ച്ച കുറവ് ഇല്ലായിരുന്നു.
വെറുതെയല്ല ഇദ്ദേഹം ഇത്ര വല്യ പ്രാസംഗികന്‍ ആയത്..
അന്ന് തൊട്ട് ഇന്ന് വരെ എഴുതി തെളിയാന്‍ ഉള്ള ശ്രമമാണ്, ആരെങ്കിലും എന്നെകിലും നല്ലത് പറയും എന്നാ പ്രതീക്ഷയില്‍ പറ്റുമ്പോഴൊക്കെ എഴുതും.
ദൈവം സഹായിച്ച് ഇന്ന് വരെ ആരും അങ്ങനെ ഒരു നല്ല വാക്ക് പറഞ്ഞിട്ടില്ല.
ആകെ കിട്ടിയ വാക്ക് വീട്ടുകാര്ടെ കയ്യീന്നാണ്.
അതും പാതിരാത്രി ഇരുന്ന് ബ്ലോഗ്‌ അപ്ഡേറ്റ് ചെയ്യുമ്പോ,
"നിന്‍റെ ഫേസ്ബുക്കും ബ്ലോഗ്ഗും ഞാന്‍ കത്തിച്ചു കളയും" എന്ന ഭീഷണി മാത്രവും. :)
എന്തായാലും ഇത് വരെ അത് സംഭവിച്ചിട്ടില്ല... :)
അങ്ങനെ സംഭവിക്കാത്ത കാലം വരെ ഇത് പോലത്തെ ചില നേരമ്പോക്കുകളുമായി നമ്മ ഇവിടൊക്കെ തന്നെ കാണും.
വായിക്കണം ന്നുള്ള ഗഡീസ് വന്ന് വായിച്ചോ.
ആളോള് പറയണ പോലെ അല്ല, ഭയങ്കര അര്‍ഥാ ഇതിനൊക്കെ...!!! ;)
ഇനി ഇഷ്ടപ്പെടണില്ല്യാച്ചാ പറയണട്ടോ, ഇമ്മക്ക് വേറെ റൂട്ടില് പെടക്കാം.
അഴീക്കോട്‌ മാഷ്‌ന്‍റെ ഒരു അഭിമുഖം കണ്ടപ്പോ ഇതങ്ങട് പെടച്ചു ന്നേ ഉള്ളൂ.
ഇത് നോക്കി ഇരിക്കാണ്ടെ കാര്യങ്ങള് വരീലാക്കാന്‍ നോക്ക് ഗട്യേ...
ന്നാ പിന്നെ കാണാം ട്ടോ...

5 comments: