ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Tuesday, August 27, 2013

കണ്ണുള്ളവർ വായിക്കുക...

ഞാൻ ഒരു തവണ എറണാകുളത്ത് നിന്നും എങ്ങനെ വീട്ടില് പോണം എന്ന് ആലോചിച്ചു നിൽക്കുന്നു. ട്രെയിൻ വേണോ, ബസ്‌ വേണോ എന്നാണ് കണ്‍ഫ്യൂഷൻ. പെരുമ്പാവൂരിൽ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ ആണ് നിൽപ്പ്. ഒരുപാട് കോളേജുകൾ ചുറ്റുവട്ടത്തുള്ള സ്ഥലം ആണ് പെരുമ്പാവൂർ. അവിടെ ഏറ്റവും കൂടുതൽ കാണാനാവുക നല്ല സുന്ദരികളായ എഞ്ചിനീയറിംഗ് വിദ്യാർഥിനികളെയും പിന്നെ പ്ലൈവുഡ്‌ ഫാക്ടറികളിൽ പണിക്കു വരുന്ന ബീഹാർ,ബംഗാൾ സ്വദേശികളെയും ആണ്. അപ്പോഴാണ്‌ ഒരു പഴയ പെണ്‍സുഹൃത്ത്‌ വിളിച്ചത്.

ഇപ്പ ങ്ങള് ചിലരെങ്കിലും വിചാരിക്കും ഞാനും ഓളും തമ്മില് ലൈൻ ആണെന്ന്. ഓളുടെ കല്യാണം കഴിഞ്ഞ് മൂത്ത കൊച്ച് നല്ല കോയിക്കോടൻ തെറികള് വിളിച്ചു തുടങ്ങിട്ട്ണ്ട്. രണ്ടാമത് ഒരു ആണ്‍കൊച്ചിനുള്ള കാത്തിരിപ്പ് തൊടങ്ങീട്ട് കൊറച്ചു നാളായി. അതോണ്ട് ആരും ആ വിവാഹിതയെ കുറിച്ച് അസഫ്യം പറയല്ലേ. ഓളുടെ കെട്ടിയോൻ അങ്ങ് ദുഫായിൽ അറഫിയുടെ ഇടംകൈ ആണ്. അതും മറക്കരുത്. 

ഓള് വിളിച്ച് അങ്കമാലി ടൌണ്‍ അറിയുമോ എന്ന്. ഇതിലിത്ര അറിയാൻ എന്തിരിക്കുന്നു എന്ന് ഞാൻ. അവളുടെ കൂടെ കുറച്ചു നേരം അങ്കമാലി സ്റ്റാൻഡിൽ വായും പൊളിച്ചു നിക്കാൻ ബുദ്ധിമുട്ടുണ്ടോ എന്ന് ആളെ ആക്കുന്ന തരത്തിൽ ഒരു ചോദ്യവും. സംഭവം എന്തോ സാധനം ഒരാൾക്ക്‌ എത്തിക്കാൻ ആണ്. എനിക്ക് ഒരു ചിക്കൻ ബിരിയാണി മേടിച്ചു തരാം എന്ന വാഗ്ദാനം ഫലിച്ചു. നോം സമ്മതിച്ചു. ഞാൻ അങ്ങനെ പെരുമ്പാവൂര് നിന്നും ഒരു തൃശ്ശൂർ ബസ്സിൽ അങ്കമാലി വന്നിറങ്ങി. ഓള് കൊച്ചിനേം കൊണ്ടായിരിക്കും വരാ ന്നു വച്ച് ഞാൻ കൊറച്ചു മുട്ടായി ഒക്കെ മേടിച്ചു. പക്ഷെ, മൂപ്പത്തിയാര് ഒറ്റക്കായിരുന്നു. എന്തായാലും ഞങ്ങള് അങ്കമാലി സ്റ്റാൻഡിൽ അങ്ങനെ  മുട്ടായി ഒക്കെ തിന്നങ്ങനെ നിന്നു.ഏറണാകുളം ആയ കാരണവും അവിടെ ആണും പെണ്ണും നിന്നാൽ രണ്ട് സുഹൃത്തുക്കൾ എന്ന നിലക്ക് ആളുകള് കണ്ടോളും എന്ന ധൈര്യം ഉള്ളത് കൊണ്ട് ഞങ്ങൾ അവിടെ നിന്ന് വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നു. ഈ കാര്യത്തിൽ എനിക്ക് ഏറണാകുളം നിവാസികളോട് തികഞ്ഞ ആദരവുണ്ട്. എന്‍റെ നാട്ടിലൊക്കെ ഞാൻ ഇങ്ങനെ ഒരു പെണ്ണുമായി സംസാരിച്ചു നിന്നാ പിന്നെ പെണ്ണ് കെട്ടാൻ നേരത്ത് നാട്ടുകാര് എന്തൊക്കെ കഥ പറയും എന്ന് പറയാൻ പറ്റില്ല. ആ പെങ്കൊച്ചിന്‍റെ സ്ഥിതിയും മോശം ആകും. ഇപ്പഴത്തെ പെങ്കുട്ട്യോൾടെ ഒക്കെ ധൈര്യേ എന്നോ ആ പെണ്ണിന്‍റെ അഹമ്മതി എന്നോ അതുമല്ലെങ്കിൽ അതിലും മോശം വല്ല കമന്‍റും മനസ്സില് പറഞ്ഞു കൊണ്ടാണ് ഓരോ കണ്ണുകളും കടന്നു പോകുക. അതൊരു പക്ഷെ, ഒന്നുമറിയാത്ത ഒരു പറ്റം ഗ്രാമീണരുടെ നിഷ്കളങ്കത തന്നെയാകാം. അങ്ങനെ വിശ്വസിക്കാനാണ് എനിക്കും ഇഷ്ടം. പക്ഷെ, ഇവിടെ കഥ അതല്ല. ആർക്കും അന്യനെ കുറിച്ച് ആധിയില്ല, ആവലാതിയില്ല, പരാതിയില്ല, പരിഭവമില്ല. വരുന്ന ബസ്സിനും പോകുന്ന ബസ്സിനും ഇടക്കുള്ള അൽപനേരം അവർ ചുറ്റും എന്ത് നടക്കുന്നു എന്ന് അധികമൊന്നും ശ്രദ്ധിക്കുന്ന പോലുമില്ല. നീണ്ടുനിവർന്നു കിടക്കുന്ന നഗരതിരക്കുകൾക്കിടയിൽ, റോഡിൽ വീഴുന്ന വെളിച്ചത്തിനിടയിലൂടെ നടന്നു നീങ്ങുന്ന പെണ്‍കുട്ടികളുടെ ഇടയിലും അൽപവസ്ത്രധാരികൾ എന്നോ അർധവസ്ത്രധാരികൾ എന്നോ ആക്ഷേപിക്കാവുന്ന ചുരുക്കം ചിലരെയേ കണ്ടിട്ടുള്ളൂ. തൽക്കാലം അതൊക്കെ എങ്ങനേലും വസ്ത്രം ധരിക്കട്ടെ, ആരുടെലുമൊക്കെ കൂടെ യാത്ര ചെയ്യട്ടെ. നമുക്ക് അങ്കമാലി സ്റ്റാൻഡിലേക്ക് തിരികെ വരാം.

മകള് എന്‍റെ താടി ഉള്ള ഫോട്ടോ കണ്ടിട്ട് എനിക്ക് 'ബിന്ദാദൻ' എന്നൊരു പേരിട്ട കഥയും ഒക്കെ പറഞ്ഞു കൊണ്ട് ഞങ്ങൾ നേരം കളഞ്ഞു.
തൊട്ടപ്പുറത്ത് കുറച്ച്  യുവാക്കൾ, കണ്ടാൽ തൊഴിൽരഹിതർ, ഏതു റിലീസ് പടത്തിനു പോണം എന്ന കൂലങ്കഷമായ ചർച്ചയിൽ ആണ്. ഞാൻ അവരെ ഒരിക്കലും കുറ്റം പറയില്ല, കാരണം ഞാനും ഒരുമാതിരി എല്ലാ പടങ്ങളും ഇത് പോലെ കൂട്ടമായി പോയി കാണുന്ന ആളാണ്‌..,. അവരുടെ സിനിമാ അഭിനിവേശം ഒരു കുറ്റമല്ലെങ്കിലും കയ്യിൽ പുകയുന്ന സിഗരട്ട് ചുരുൾ എന്തോ എന്നെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. അതിൽ നിന്നും ഉയരുന്ന പുക വായുവിൽ അലിഞ്ഞു ചേർന്ന് ഇല്ലാതാകുന്നതും നോക്കി അവർ ചര്‍ച്ച തുടർന്നു. എല്ലാ സിനിമയുടേം മുന്നേ സ്പോഞ്ചിൽ നിന്നും ടാർ പിഴിയുന്ന പോലെ കറുത്ത വെള്ളം പിഴിഞ്ഞിട്ടും ഇവന്മാർക്ക് ഒരു മാറ്റവും ഇല്ലല്ലോ എന്ന് എന്‍റെ സുഹൃത്തും അത്ഭുതം പ്രകടിപ്പിച്ചു. 'പുകഞ്ഞു തീരുന്ന യൗവ്വനം' എന്ന് നോം ഇന്‍റലെക്ച്ച്വൽ സ്റ്റൈലിൽ കമന്‍റ് പറഞ്ഞു.

അപ്പോഴാണ്‌ ഒരു അന്ധൻ നടന്നു വരുന്നത് കണ്ടത്.കയ്യിൽ ഒരു കറുത്ത ബാഗ്‌.., ഒരു സ്റ്റീൽ റോഡ്‌., കറുത്ത കണ്ണട. തപ്പി തപ്പി ആണ് നടന്നു വരുന്നത്. മുന്നില് ആളുണ്ടോ എന്ന് മാത്രേ പുള്ളി നോക്കുന്നുള്ളൂ. നടക്കേണ്ട വഴിയൊക്കെ സുപരിചിതം. ഇത് പോലുള്ള മുഖങ്ങൾ എന്നെ വല്ലാതെ വിഷമിപ്പിക്കാറുണ്ട്. കയ്യില ചില്ലറ ഉണ്ടെങ്കിൽ മിക്കസമയത്തും വല്ലതും കൊടുക്കാറുമുണ്ട്. ഇത്തവണയും പതിവ് തെറ്റിച്ചില്ല. ഞാൻ ചില്ലറ നീട്ടിയപ്പോ അയാളുടെ ഒരു ചോദ്യം : "സാർ, പത്തുരൂപ ഇല്ലേ?"
എനിക്ക് വല്ലാത്ത ദേഷ്യം വന്നു, ഞാൻ എന്തോ സാധനം മേടിച്ച് കൊടുക്കാൻ ബാക്കി ഉള്ള പണം പോലെ ആണ് ചോദിക്കുന്നത്. അവിടെ എല്ലാരുടെയും മുന്നില് വച്ച് ചീത്ത വിളിച്ച് ഒരു സീൻ ഉണ്ടാക്കണ്ട എന്ന് വച്ച് ഞാൻ പത്ത് രൂപ അയാൾക്ക്‌ നൽകി. എന്നിട്ട് സുഹൃത്തുമൊത്തുള്ള സംസാരം തുടർന്നു. പെട്ടെന്ന് പുറകിൽ നിന്ന് തട്ടി വിളിച്ചു കൊണ്ട് ഒരാള് ലോട്ടറി ടിക്കറ്റ്‌ നീട്ടി. അത്രയും ഭാഗ്യം ഉണ്ടെങ്കിൽ ഞാൻ ഇങ്ങനെ ഇരിക്കോ എന്ന് ചോദിച്ചു കൊണ്ട് ലോട്ടറി വാങ്ങാതിരിക്കാറാണ് എന്‍റെ പതിവ്. പക്ഷെ, ആ നീട്ടിയ ലോട്ടറിയുടെ മറുതലക്കൽ ഞാൻ നേരത്തെ പറഞ്ഞ അന്ധൻ ആയിരുന്നു. എന്നിട്ട് ഒരു ചെറിയ ചിരിയോടെ അത് കൈമാറി കൊണ്ട് ഒരു ഡയലോഗും, ഒരു ജോലി ചെയ്യാൻ ഉള്ള ആരോഗ്യം ദൈവം നല്കിയിട്ടുണ്ട് സാർ. അത് കൊണ്ട് ആരുടേയും ഭിക്ഷ വാങ്ങാതെ ഇങ്ങനെ ചെറുതെങ്കിലും ഒരു തൊഴില് ചെയ്തു ജീവിക്കാൻ ആണ് ആഗ്രഹം. ശരിയാണ്, വിയർപ്പിന്‍റെ ക്ഷീണം അറിഞ്ഞവനല്ലേ ഭക്ഷണം രുചി അറിഞ്ഞു കഴിക്കാൻ പറ്റൂ.

ഇത് പറയുമ്പോ ആ മുഖത്ത് തെളിഞ്ഞ ഹീറോയിസം ഒരു സിനിമയിലും ഒരു നായകന്‍റെ മുഖത്തും ഞാൻ കണ്ടിട്ടില്ല. നേരത്തെ പുകഞ്ഞു കൊണ്ടിരുന്ന സിഗരട്ട് പിടിച്ച കൈകളിൽ നിന്നും അത് താഴെ വീണു. അവരെല്ലാവരും അവിശ്വസനീയതയോടെ അയാളെ നോക്കി. എന്‍റെ കാറ്റ് നേരത്തെ പറഞ്ഞ സിഗരറ്റിന്‍റെ പുകയെക്കാൾ മേലെ എത്തിയിരുന്നു. അപ്പോഴേക്കും സുഹൃത്ത്‌ കാണാൻ വന്ന ആൾ മൊബൈലിൽ വിളിച്ചു. വർണപകിട്ട് എന്ന സിനിമയിലെ "ആകാശങ്ങളിൽ വാഴും" എന്ന പാട്ടാണ് അവളുടെ റിംഗ് ടോണ്‍..,. ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട് അയാൾ നടന്നു നീങ്ങുമ്പോൾ ആ റിംഗ്ടോണ്‍ പശ്ചാത്തലസംഗീതം പോലെ പ്ലേ ചെയ്തു കൊണ്ടിരുന്നു. ദൈവത്തിനു സ്തുതി പറയുന്ന ആ ഗാനം ഇത്രയും അർത്ഥവത്തായി അതിനു മുൻപൊരിക്കലും എനിക്ക് തോന്നീട്ടില്ല. പിന്നീടുള്ള അന്വേഷണങ്ങളിൽ ഞാൻ അറിഞ്ഞു ആ മനുഷ്യൻ ഒരു ബിരുദധാരി ആണെന്ന്! അസൗകര്യങ്ങളുടെ ഇരുളിനെ കീറിമുറിച്ച് സൌകര്യങ്ങളുടെ വെളിച്ചം കണ്ടെത്തുന്ന ഇത് പോലുള്ള എല്ലാ വഴിവിളക്കുകൾക്കും ഈ എഴുത്ത് സമർപ്പിക്കുന്നു.

ശുഭദിനം, നല്ല നമസ്കാരം...!!!

Sunday, August 25, 2013

'തിരശീലയില്‍::' : Take 1 - "മെമ്മറീസ്"

ഉദാത്തം എന്നോ ലോകോത്തരം എന്നോ ഒന്നും പറയാന്‍ പറ്റില്ലെങ്കിലും 'കടല്‍ കടന്ന് മാത്തുകുട്ടി', 'തലൈവാ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈ ചിത്രത്തെ തിരശീലയില്‍ കാണുമ്പോള്‍ കയ്യടിച്ചു പോകുന്ന ഒരു സാധാരണ
പ്രേക്ഷകസമൂഹം, അവരെ പൂര്‍ണമായും തൃപ്തിപ്പെടുത്തുന്ന ഒരു മികച്ച സിനിമ. അതാണ്‌ ജീത്തു ജോസഫ്‌ എന്ന സമീപകാല ഹിറ്റ്‌ മേക്കര്‍ നമുക്ക് മുന്നില്‍ വയ്ക്കുന്ന പെരുന്നാള്‍ കാഴ്ച. ഒരു ദുരന്തം ആയി മാറിയ മാത്തുകുട്ടി ആയിരുന്നു ഈ പെരുന്നാളിന് എന്‍റെ ആദ്യ കാഴ്ച. പിന്നീട് മാസ് മസാല ഗണത്തില്‍ പെടുത്താവുന്ന, ആ നിലക്ക് എന്നെ തൃപ്തിപ്പെടുത്തിയ 'തലൈവാ'. ഏറ്റവും ഒടുവില്‍, 'മെമ്മറീസ്'.
ചില മുന്‍കാല ത്രില്ലറുകളെ ഓര്‍മപ്പെടുത്തുന്ന രീതി തന്നെ ആണ് ഈ ചിത്രത്തിനും ഉള്ളത്.  മുഖം, ഈ തണുത്ത വെളുപ്പാന്‍ കാലത്ത്, ഗ്രാന്‍ഡ്‌ മാസ്റ്റര്‍.. എന്ന മികച്ച ത്രില്ലറുകളുടെ നിരയില്‍ തന്നെ ഇതിനും സ്ഥാനം. കുറ്റവാളിയുടെ ഭൂതകാലം, നായകന്‍ ബാധിക്കപ്പെടുന്ന കഥാഗതി, ഒടുവില്‍ നായകന്‍ ഇരയെ വലയില്‍ വീഴ്ത്തുക എന്നിവ മോഹന്‍റെ 'മുഖം', പദ്മരാജന്‍-'-ഭരതന്‍ കൂട്ടുകെട്ടിന്‍റെ 'ഈ തണുത്ത വെളുപ്പാന്‍ കാലത്ത്', അഗതാ ക്രിസ്റ്റിയുടെ 'ABC Murders' എന്ന നോവല്‍ പൊളിച്ചെഴുതിയ ബി.ഉണ്ണികൃഷ്ണന്‍റെ 'ഗ്രാന്‍ഡ്‌ മാസ്റ്റര്‍' എന്നീ സിനിമകളില്‍ കണ്ട മെക്സിക്കന്‍ ത്രില്ലര്‍ രീതി തന്നെയാണ്.

ടൈറ്റില്‍ കാര്‍ഡിലെ ഗാനരംഗത്തില്‍ ഒരു ഏറ്റുമുട്ടല്‍ ചിത്രീകരിച്ചു കൊണ്ട് ആദ്യം തന്നെ സംവിധായകന്‍ പ്രേക്ഷകരെ കഥയിലേക്ക്‌ ക്ഷണിക്കുന്നു. സംരക്ഷകന്‍ ആയ മേലുദ്യോഗസ്ഥന്‍ ആയി വിജയ രാഘവന്‍, ഉടക്കി നില്‍ക്കുന്ന ഓഫീസര്‍ ആയി സുരേഷ് കൃഷ്ണ, വില്ലറ്റിക്ക് നോട്ടങ്ങളുമായി ശ്രീജിത്ത്‌ രവി, ഈയടുത്ത കാലത്തെ ഏറ്റവും നല്ല അമ്മ വേഷത്തില്‍ കവിതാ കൃഷ്ണചന്ദ്രന്‍, നായകസഹോദരന്‍ എന്നിവരെല്ലാം ഭംഗിയാക്കി.ഇടയ്ക്ക് വന്നുപോയ മേഘ്ന രാജും മോശമാക്കിയില്ല. മദ്യപന്‍ ആയ നായകന്‍, ഒറ്റ രംഗത്തില്‍ പോലും പോലീസ് വേഷത്തില്‍ വന്നില്ലെങ്കിലും സ്വഭാവം കൊണ്ട് കഥാപാത്രത്തിന്‍റെ മുഴുവന്‍ രീതികളും പ്രേക്ഷകരില്‍ എത്തിച്ചു. പ്രിഥ്വിരാജ് എന്ന നടന്‍ പ്രകടിപ്പിച്ച കയ്യടക്കം അഭിനന്ദനാര്‍ഹം തന്നെ.

തുടര്‍ച്ചയായ കൊലപാതകങ്ങള്‍, തെളിഞ്ഞു വരുന്ന സാമ്യങ്ങള്‍, കുറ്റവാളിയില്‍ എത്തിച്ചേരുന്ന സന്ദര്‍ഭങ്ങള്‍, ഏറ്റുമുട്ടല്‍-, നായകന്‍ നേരിടുന്ന പ്രതിസന്ധികള്‍--'- ചുരുങ്ങിയ വാക്കില്‍ ഇങ്ങനെ സംഗ്രഹിക്കാമെങ്കിലും രീതികള്‍ പതിവെങ്കിലും അതൊരിക്കലും കല്ല്‌ കടി ആകുന്നില്ല.

വളരെ സ്വാഭാവികമായ കുറ്റാന്വേഷണം കാണിച്ചു തന്ന 'ഡിറ്റക്ടീവ്', കുടുംബ ചിത്രമായ 'മമ്മി & മീ', പ്രപ്പോസല്‍ എന്ന ഇംഗ്ലീഷ് ചിത്രത്തിന്‍റെ അതിമനോഹരമായ മലയാളം പതിപ്പും ഹാസ്യചിത്രവുമായ 'മൈ ബോസ്സ്'- ഈ മൂന്ന് ചിത്രങ്ങള്‍ക്കിപ്പുറം ജീത്തു ജോസഫ്‌ എന്ന തിരക്കഥാകൃത്തും സംവിധായകനും തമ്മിലുള്ള മത്സരം ആണ് ഇവിടെ നടക്കുന്നത്. മികച്ച തിരക്കഥ, അതിലും മികച്ച സംവിധാനം- ഒരു മികച്ച ത്രില്ലര്‍ സൃഷ്ടിക്കാനും പ്രേക്ഷകരെ മുഴുവന്‍ സമയവും സീറ്റിന്‍റെ അഗ്രത്ത് തന്നെ നിര്‍ത്താനും ഈ ചിത്രത്തിന് കഴിയുന്നതും ഈ ഘടകങ്ങള്‍ കൊണ്ട് തന്നെ.

ഒരു ബുക്ക് ഷെല്‍ഫില്‍ നിന്നും പാസ്സ്‌വേര്‍ഡ്‌ കണ്ടു പിടിക്കുന്നതടക്കം അല്ലറ ചില്ലറ രംഗങ്ങളൊഴിച്ചാല്‍ ഒരു വിധത്തിലെല്ലാം ക്ലീഷേരഹിതവും സ്വാഭാവികവും ആയ കഥാസന്ദര്‍ഭങ്ങള്‍ തന്നെ ആണ് ചിത്രത്തെ നയിക്കുന്നത്. ക്ലൈമാക്സില്‍ നായകന്‍ ഇരയെ വീഴ്ത്തുന്ന രീതിയും കയ്യടി നേടുക തന്നെ ചെയ്യുന്നു. ഇന്ന് വരെ അധികം ചിത്രീകരിക്കാത്ത പെണ്‍കൌമാരത്തിന്‍റെ അതിലൈംഗിക ചിന്തകള്‍ കഥാഗതിയില്‍ അശ്ലീലം ആകാതെ കൂട്ടി ചേര്‍ത്ത രീതിയും സംവിധായകന്‍റെ മികവിന് നേര്‍സാക്ഷ്യം തന്നെ.

ഈ ചിത്രം ഒരേ സമയം പ്രിത്വിരാജ് എന്ന നടന്‍റെയും ജീത്തു ജോസഫ്‌ എന്ന തിരക്കഥാകൃത്തിന്‍റെയും അഥവാ സംവിധായകന്‍റെയും വിജയം തന്നെ ആണ്. ഒരു മികച്ച ചിത്രം എന്ന നിലക്ക് ഇത് ചരിത്രത്തില്‍ രേഖപ്പെടുത്തുകയും ചെയ്യും. ഇതിനകം പ്രഖ്യാപിക്കപ്പെട്ട 'ദൃശ്യം' എന്ന അടുത്ത ചിത്രത്തിന് തയ്യാറെടുക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതിനും അപ്പുറത്തുള്ള നല്ലൊരു ചിത്രം നല്‍കാന്‍ ജീത്തു ജോസഫ്‌ എന്ന സംവിധായകന് കഴിയട്ടെ എന്ന് ആശംസിക്കുന്നു, ആശിക്കുന്നു.

ശുഭദിനം, നല്ല നമസ്കാരം...

ഇതല്ല ഇതിനപ്പുറത്തെ കോള് കണ്ടവന്‍ ആണ് ഈ ഞാന്‍...,...!!

ലോകത്ത് എവിടെ ചെന്നാലും മലയാളിക്ക് ഒരു സ്വഭാവം ഉണ്ട്. പറ്റുമെങ്കില്‍ മലയാളി ആണെന്നത് പുറത്ത് അറിയാതിരിക്കണം. നമുക്ക് മാത്രേ ഈ ഒരു പ്രത്യേകത ഉള്ളൂ എന്ന് തോന്നുന്നു. ബംഗലൂരുവിലോ മറ്റേതെങ്കിലും മെട്രോയിലോ ജോലി ചെയ്യുന്ന ആളുകള്‍ക്ക് അറിയാമായിരിക്കും. നമ്മള് സകല ദൈവങ്ങളെയും വിളിച്ച് അറിയാവുന്ന ഇംഗ്ലീഷ് വാക്കുകള്‍ ഒക്കെ വച്ച് സര്‍ക്കസ് നടത്തി കഴിയുമ്പോ ആയിരിക്കും മനസ്സിലാക്കുന്നത് നമ്മള് വിഡ്ഢി ആയി എന്ന്. മുന്നിലിരിക്കണത് വല്ല ചങ്ങനാശ്ശേരിക്കാരന്‍ നസ്രാണിയോ പാലക്കാടന്‍ പട്ടരോ പട്ടത്തിയാരോ അതുമല്ലെങ്കില്‍ വല്ല മലബാറുകാരന്‍ കോയയോ ആണെന്ന്. ഞാന്‍ പണ്ട് ലാപ്ടോപ് മേടിച്ച് ഒരു സര്‍വീസ് സെന്‍ററിന്‍റെ ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച സംഭവം പറയാം...
കോളേജില്‍ പടിച്ചോണ്ടിരുന്നപ്പോ ഉണ്ടായിരുന്ന ഒരു വൃത്തികെട്ട സ്വഭാവം ഉണ്ട്. കണ്ട കസ്ടമര്‍ കെയര്‍ അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറില്‍ ഒക്കെ വിളിക്കുക, ഇംഗ്ലീഷ് നല്ല അലമ്പായിട്ട് സംസാരിക്കുക. അവര് മലയാളം സംസാരിക്കണ സമയത്ത് കട്ട് ചെയ്യുക. ഇതിന്‍റെ ഭാഗമായി ഇംഗ്ലീഷ് സംസാരിക്കാന്‍ ഉള്ള ശേഷി ഒത്തിരി മെച്ചപ്പെട്ടതും പല കാര്യങ്ങളും നല്ല രീതിയില്‍ അവതരിപ്പിക്കാന്‍ പഠിച്ചതും മറുവശം. അങ്ങനെ അങ്ങനെ ഒത്തിരി നാളുകളുടെ കാത്തിരിപ്പിനൊടുവില്‍, ഒത്തിരി ആളുകളുടെ അനുമതിക്കൊടുവില്‍, ഞാനും സ്വന്തമായി ഒരു ലാപ്‌ ടോപ്‌ മേടിച്ചു. കീ ബോര്‍ഡ്‌ കേടായ, കാമറ കേടായ തോഷിബ എന്ന എന്‍റെ ആദ്യത്തെ സഹചാരിയെ അമ്മയും അച്ഛനും കൈപ്പെടുത്തിയപ്പോള്‍, എനിക്ക് പകല് മുഴുവന്‍ കുത്തിപ്പിടിചോണ്ടിരിക്കാനും രാത്രി കെട്ടിപ്പിടിച്ചു കിടന്നുറങ്ങാനും വേണ്ടി ഒരുവള്‍.-,- ലെനോവോ. നിറം കറുപ്പാണെങ്കിലും ആളൊരു പുലി ആണ്. മേടിച്ച സമയത്തൊക്കെ വന്‍ ശ്രദ്ധ ആയിരുന്നു. പൊടി ഉള്ളിടത്ത് വക്കില്ല, സ്ക്രീന്‍ എല്ലാ ദിവസവും തുടച്ചു മിനുക്കി കുട്ടപ്പന്‍ ആയി കൊണ്ട് നടന്നു. ഇടയ്ക്ക് ഇത്തിരി സ്ലോ ആയോ എന്നൊരു സംശയം. അപ്പൊ ഒന്ന് സര്‍വീസ് ചെയ്യാന്‍ തീരുമാനിച്ചു. ഉടനെ തന്നെ അവരുടെ ടോള്‍ ഫ്രീ നമ്പര്‍ കണ്ടു പിടിച്ച്
വിളിച്ചു. അപ്പുറത്ത് ഒരു മലയാളി ശബ്ദത്തെ പ്രതീക്ഷിച്ചാണ് ഞാന്‍ വിളിച്ചത്. ഓളാണെങ്കില്‍ മുടിഞ്ഞ ഇംഗ്ലീഷ്. ഞാന്‍ വിളിച്ചു മൂന്നാമത്തെ റിങ്ങിന് ആ ചേച്ചി കോള്‍ എടുത്തു.
"ഹലോ, ഗുഡ് മോര്‍ണിംഗ്, ലെനോവോ സര്‍വീസ് സെന്‍റര്‍, വാട്ട് കാന്‍ ഐ ടൂ ഫോര്‍ യൂ?"
ഈ ചോദ്യം കേട്ടപോ തന്നെ രാവിലെ കഴിച്ച പുട്ടും കടലയും തലേന്ന് രാത്രി കഴിച്ച ചപ്പാത്തിയും വരെ ദഹിച്ചു. പണി പാളി എന്ന് മനസ്സിലായി. നല്ല ശബ്ദം, ഞാന്‍ മനസ്സില്‍ ഒരു കാജല്‍ അഗര്‍വാള്‍ ടൈപ്പ് പെണ്ണിനെ സ്വപ്നം കണ്ടു സംസാരിച്ചു തുടങ്ങി. അങ്ങനെ ഇംഗ്ലീഷ് അറിയില്ല എന്ന കാരണം കൊണ്ട് തോറ്റ് പിന്മാറാന്‍ ഞാനും ഒരുക്കമല്ലായിരുന്നു. മ്മള് ആദ്യമായി ഇംഗ്ലീഷ് പഠിപ്പിച്ച ശ്രീധരന്‍ മാഷെയും സവിത ടീച്ചറെയും മനസ്സില്‍ ധ്യാനിച്ച് അങ്ങോട്ട്‌ പെടച്ചു.
"Ya, Mam, I have got some troubles with my laptop."
"OK Sir, Model name please."
"Z570"
"So, what's the issue sir?"
"It appears to be slower than the usual performance."
"Ok Sir, hold on."
ഇത്രയും പറഞ്ഞ് ആ ചേച്ചി വേറെ എന്തോ പറഞ്ഞു കൊടുക്കാന്‍ ഫോണ്‍ ഹോള്‍ഡ്‌ ചെയ്തു. ഞാന്‍ ശ്വാസം നേരെ വിട്ടു. ഞാന്‍ ടൈപ്പ് ചെയ്യുമ്പോ ഉള്ള ഒഴുക്കൊന്നും സംസാരിക്കുമ്പോ ഉണ്ടായിരുന്നില്ല. ആ ചേച്ചി പഞ്ചായത്ത് പൈപ്പില്‍ നിന്നും വെള്ളം പൊട്ടി ഒഴുകുന്ന പോലെ സംസാരിച്ചപ്പോ ഞാന്‍ വായില്‍ പാതി വെന്ത, ചൂടുള്ള ഉരുളക്കിഴങ്ങ്‌ ഇട്ട പോലെ ആണ് സംസാരിച്ചത്. ആ ചേച്ചി എന്തോ പാക്കിസ്ഥാന്‍കാരോട് പെരുമാറണ പോലെ ആണ് പെരുമാറിയത്. അത്ര മുടിഞ്ഞ ഇംഗ്ലീഷ്. കൂടെ നിക്കണ സുഹൃത്തുക്കള്‍ ഒക്കെ എന്‍റെ വാസും ഈസും യായും എക്സ്ക്യൂസ് മീയും ഒക്കെ കേട്ട് ചിരിച്ച് മറിഞ്ഞു. എനിക്കാണെങ്കില്‍ സച്ചിന്‍റെ മുന്നില്‍ പെട്ട ഷെയിന്‍ വോണിന്‍റെ അവസ്ഥ. തോറ്റ് കൊടുക്കാനും മനസ്സില്ല, എന്നാ നന്നായി ഇംഗ്ലീഷ് സംസാരിക്കാനും അറിയില്ല. ആകെ മൊത്തത്തില്‍ ഒരു ജഗ പൊഗ.
ഇവന്മാരുടെ ശല്യം സഹിക്ക വയ്യാതെ ആയപ്പോ ഞാന്‍ അലറി :
"മിണ്ടാതിരിയെടാ പന്നീ, അല്ലെങ്കീ തന്നെ ഈ ശവം എന്താ പറയണേന്നു പിടിത്തം കിട്ടണില്ല. അവള്‍ടെ അമ്മേടെ ഒരു ഇംഗ്ലീഷ്. ഇതിന്‍റെ ഒക്കെ റേഷന്‍ എവിടുന്നാ ആവോ..!!"
അപ്പുറത്ത് നിന്നും ആ ചേച്ചി :
"ഹേ മിസ്റ്റര്‍, സൂക്ഷിച്ചു സംസാരിക്കണം."
വേറെ ചിലതും കൂടി പറഞ്ഞു. അതൊക്കെ 'ബീപ്പ്' ശബ്ദം അര്‍ഹിക്കുന്നവ ആയിരുന്നു എന്ന്‍ മാത്രം മനസ്സിലാക്കുക. തെറി വിളി കേട്ടിട്ട് പുള്ളിക്കാരിടെ വീട് കൊടുങ്ങല്ലൂര്‍ ഭാഗത്ത് എവിടെയോ ആണെന്ന് തോന്നുന്നു..!!! 
എന്തായാലും ഞാന്‍ അപ്പ തന്നെ കോള്‍ കട്ട് ചെയ്തു, അതില്‍ പിന്നെ ഞാന്‍ ലാപ്ടോപ് ഒന്ന് സര്‍വീസ് ചെയ്തിട്ട് പോലുമില്ല'
കളി നമ്മളോടോ? ഇതല്ല ഇതിനപ്പുറത്തെ കോള് കണ്ടവന്‍ ആണ് ഈ ഞാന്‍...,...!!        

Tuesday, August 20, 2013

കളി നമ്മളോടോ...!!!

സങ്കടപ്പെടരുത്...
എല്ലാ ലൈക്കും അവസാനിക്കുന്ന ഒരു കാലം വരും.
കമന്‍റുകള്‍ ചില ഓര്‍മ്മപെടുത്തലുകള്‍ മാത്രമാവും...
എല്ലാ ബന്ധങ്ങളും പതിയെപ്പതിയെ അകന്നകന്നുപോകും.
നഗ്നമായ ഏകാന്തതയുടെ ആലിംഗനത്തിൽ നീയമരും.
ഇടയ്ക്കിടെ അപരത്വമോ അപാരതയോ മാത്രം വിരുന്നുവരും.
ഒടുവിൽ, വിജനമായ, വിരക്തമായ ഒരു ഒറ്റയടിപ്പാതയിലൂടെ നീ മടങ്ങും.!!!
അന്ന് അവള്‍ വരും, മനസ്സിന്‍റെ മരുപ്പച്ചയില്‍ നിന്നെ ഒരുപാട് പുഞ്ചിരിപ്പിച്ചവള്‍...,...
നിന്‍റെ സ്വപ്നങ്ങള്‍ക്ക് തണുപ്പേകിയവള്‍.,...
നിന്‍റെ ദിനരാത്രങ്ങള്‍ക്ക് അനാവശ്യമായ അര്‍ഥവും പ്രതീക്ഷയും നല്‍കിയവള്‍...,...
അവള്‍ വശ്യമായ പുഞ്ചിരിയോടെ ആ ചരട് നിന്‍റെ നേര്‍ക്ക് നീട്ടിക്കൊണ്ട് പറയും :
"സഹോദരാ, ഹാപ്പി രക്ഷാബന്ധന്‍.,..!!!"
അപ്പൊ ഐഡിയ മൊബൈലിന്‍റെ പരസ്യത്തിലെ പോലെ അവളുടെ, ആ കള്ളബടുവയുടെ മൊബൈല്‍ നമ്പര്‍ മേടിക്കുക...
ഒന്നുമില്ലെങ്കിലും ഏറണാകുളം-നിസാമുദ്ദീന്‍ മംഗള എക്സ്പ്രസ്സിന്‍റെയോ മറ്റേതെങ്കിലും തീവണ്ടിയുടെയോ ചുവരുകളില്‍ അശ്ലീലമായി അവളുടെ നമ്പര്‍ നല്‍കാം...
പ്രതികാരത്തിന്‍റെ ന്യൂ ജനറേഷന്‍ മുഖം...
കളി നമ്മളോടോ...!!!

[മുഖപുസ്തക സുഹൃത്ത്‌ ജിഗീഷ് കുമാരന്‍ ചേട്ടന്‍  ആണ് ആദ്യവരികള്‍ക്ക് വഴിമരുന്നിട്ടത്, അതിന് നന്ദി മാത്രേ ഉള്ളൂ ട്ടോ. ;) ]

Saturday, August 17, 2013

ഒരു കള്‍ട്ട് പെണ്ണ് കാണല്‍....,...


[കള്‍ട്ട് സിനിമാ യുഗത്തിലെ ഒരു പെണ്ണ് കാണല്‍...,...
എന്‍റെ സുഹൃത്തും കള്‍ട്ട് സിനിമാ പ്രേമിയുമായ 
അബുക്കാക്ക് ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു...
'സന്ദേശം' എന്ന സിനിമയിലെ വിപ്ലവകാരിയുടെ പെണ്ണ് കാണല്‍ രംഗം ആണ് ഈ പോസ്റ്റിന് പ്രചോദനം...]

ബ്രോക്കര്‍ 
: ശരിക്കു നോക്കിക്കോളൂ. പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ. കള്‍ട്ടിന്‍റെ കാര്യം മിണ്ടരുത്. ഗള്‍ഫില്‍ ആണ്, റിയാല് ഉണ്ടാക്കും എന്നൊക്കെയാ പറഞ്ഞിട്ടുള്ളത്.
അബുക്കാ: അങ്ങനെ നുണ പറയേണ്ട കാര്യമൊന്നും എനിക്കില്ല.
പെണ്ണിന്‍റെ അച്ഛൻ: എന്താ?
ബ്രോക്കര്‍: ഒന്നുമില്ല. ചില പ്രവാസ കാര്യങ്ങൾ പറയുകയായിരുന്നു.
അബുക്കാ: അല്ല. ഓണ്‍ലൈന്‍ കള്‍ട്ട് സിനിമാ പ്രേമികള്‍ക്കിടയിലെ ഒരു ബുദ്ധിജീവിയാണ് ഞാൻ.
ബ്രോക്കര്‍: ഒരു തമാശയ്ക്ക്... സൈഡായിട്ട്... ഇണ്ട്.
അബുക്കാ: തമാശയ്ക്കോ? കള്‍ട്ട് സിനിമകള്‍ എന്‍റെ ജീവാത്മാവും പരമാത്മാവുമാണ്. എനിക്ക് പെൺകുട്ടിയോട് ചില കാര്യങ്ങൾ ചോദിച്ചറിയാനുണ്ട്. ഉറക്കമൊഴിച്ച് കള്‍ട്ട് കാണുന്ന സിനിമാ പാരടിസോക്കാരുടെ മോചനത്തിന് വേണ്ടി തോളോടുതോളുചേർന്ന് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങിനു തയ്യാറുണ്ടോ? പറയൂ... വേണ്ട, ഞാൻ തയ്യാറെടുപ്പിച്ചോളാം. കുട്ടിയുടെ സാമൂഹ്യബോധം എനിക്കൊന്ന് പരിശോധിക്കണം. 'കൂട്ടുകാര്‍' എന്നുപറയുന്ന കള്‍ട്ട് കണ്ടിട്ടുണ്ടോ? അല്ലെങ്കിൽ "സിംഹാസനം", 'റോബോ'. ശങ്കര്‍ സാറിന്‍റെ സിനിമ. അതുമല്ലെങ്കിൽ ലിവിംഗ് ടുഗതര്‍.? എന്താ സിനിമ കാണുന്ന ശീലം ഇല്ലേ?
പെണ്ണിന്‍റെ അച്ഛൻ: അതൊക്കെയുണ്ട്. കിരണ്‍ ടി.വി.യിലും ഏഷ്യാനെറ്റ്‌ മൂവീസിലും വരുന്ന മിക്ക സിനിമകളും ഇവിടെ ഞങ്ങളെല്ലാവരും കാണാറുണ്ട്.
അബുക്കാ: അത്രേയുള്ളൂ? ശരി. കണ്ട സിനിമകളില്‍ ഏറ്റവും ഇഷ്ടപ്പെട്ട സിനിമയേതാണ്?
പെണ്ണിന്‍റെ അച്ഛൻ: ഏതാ മോളേ?
പെണ്ണ്: അത്...
അബുക്കാ: അത്?
പെണ്ണിന്‍റെ അച്ഛൻ: ഏതായാലും പറഞ്ഞേക്ക്.
പെണ്ണ്: ഏറ്റവും ഇഷ്ടപ്പെട്ടത് ലാലേട്ടന്‍റെ ലോക്പാല്‍.,..
അബുക്കാ: ലോക്പാലോ? അതെന്ത് പാലാണ്?
ബ്രോക്കര്‍: അതേതെങ്കിലും ഫോറിൻ പാലായിരിക്കും.
പെണ്ണിന്‍റെ അച്ഛൻ: ഷാജി കൈലാസിനെയും ഫാസിലിനെയും മോൾക്ക് വല്യ ഇഷ്ടാ.
അബുക്കാ: ഇഷ്ടം എന്ന് പറഞ്ഞാൽ... അത് സാരമില്ല. എനിക്ക് ചില നിബന്ധനകൾ മുൻപോട്ട്
വയ്ക്കാനുണ്ട്. കല്യാണത്തിന്, ആർഭാടങ്ങളൊന്നും പാടില്ല. സിനിമാ പാരടിസോക്ലബ്ബില്‍ വച്ച് വളരെ ലളിതമായൊരു ചടങ്ങ്. ഞാനൊരു കള്‍ട്ട് പോസ്റ്റില്‍ കുട്ടിയെ ടാഗ് ചെയ്യും,. കുട്ടിയൊരു ലൈകും പോക്കും ഇങ്ങോട്ടറിയിക്കണം, കൂടെ "നമ്മളെന്താടാ ഇങ്ങനെ" എന്ന കള്‍ട്ട് ഡയലോഗും. അതിനുശേഷം അരമണിക്കൂർ നേരം എന്‍റെ കള്‍ട്ട് സിനിമാ പ്രേമി സഹോദരങ്ങള്‍ കള്‍ട്ട് ഗാനങ്ങള്‍ ഉറക്കെ ചൊല്ലും. പിന്നെ ഒരു കള്‍ട്ട് റിവ്യൂവും. ചടങ്ങ് തീർന്നു. ഞാനധികവും ഇന്‍റര്‍നെറ്റിലായിരിക്കും- സിനിമാ പാരടിസോവിൽ. ശ്രീമാൻ സജി സുരേന്ദ്രന്‍ അവര്‍കളുടെ 'ഹസ്ബണ്ട്സ് ഇന്‍ ഗോവ' എന്ന കള്‍ട്ട് കണ്ടിട്ടില്ലേ. അതുപോലൊരു ജീവിതമായിരിക്കും മിക്കപ്പോഴും. കള്‍ട്ട് വിരോധികള്‍ ഞങ്ങളെ വേട്ടയാടുകയാണല്ലോ. ചിലപ്പോൾ ഫേസ്ബുക്കോ ഗൂഗിള്‍ പ്ലസ്സോ ഉപേക്ഷിക്കേണ്ടി വരാം. ഒരു കള്‍ട്ട്ടെ പ്രേമിയുടെ ഭാര്യ എന്തും സഹിക്കാൻ പ്രാപ്തയായിരിക്കണം. ചിലപ്പോൾ കുട്ടിക്ക്, പേജുകളില്‍ കള്‍ട്ട് റിവ്യൂകളെ നേരിടേണ്ടി വന്നേക്കാം. അപ്പോൾ ഫേസ്ബുക്ക് പ്രൊഫൈല്‍ കാണിച്ചുകൊടുക്കേണ്ടി വരും.

പെണ്ണിന്‍റെ അച്ഛൻ: മോള് അകത്തേക്ക് പൊയ്ക്കോ. ബ്രോക്കറൊന്നിങ്ങ് വന്നേ. [ബ്രോക്കറോട്] താനൊരു ഭ്രാന്തനെയാണോ എന്‍റെ മോൾക്ക് ഭർത്താവായി കൊണ്ടുവന്നിരിക്കുന്നത്?
ബ്രോക്കര്‍: എന്നോട് ക്ഷമിക്കണം. ഇത്രയും കള്‍ട്ട് ആക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല.
പെണ്ണിന്‍റെ അച്ഛൻ: എത്രയും പെട്ടെന്ന് അവനെ പിടിച്ചോണ്ടു പോയില്ലെങ്കിൽ നല്ല ചുട്ട കള്‍ട്ട് കിട്ടും, പറഞ്ഞേക്കാം.
ബ്രോക്കര്‍: അയ്യോ, വേണ്ട വേണ്ട. ഇപ്പോ പോയേക്കാം, ഇപ്പോ പോയേക്കാം... [അബുക്കാനോട്‌],] എണീറ്റേ, പോവാം.
അബുക്കാ: എന്‍റെ പോസ്റ്റിനോടുള്ള കുട്ടിയുടെ റിവ്യൂ അറിഞ്ഞില്ല.
ബ്രോക്കര്‍: റിവ്യൂ അറിയാൻ കാത്തുനിന്നാല്‍ തിയേറ്റര്‍ പൂട്ടേണ്ടി വരും, അതു കുഴപ്പം ചെയ്യും.
അബുക്കാ: അല്ല, എന്നാലും...
ബ്രോക്കര്‍: എണീക്കാനല്ലേ പറഞ്ഞത്. അതു പോണവഴിക്ക് പറഞ്ഞുതരാം...

Thursday, August 15, 2013

സ്വാതന്ത്ര്യദിനാശംസകള്‍.....,...

രംഗം ഒന്ന്:
പെരിന്തല്‍മണ്ണയിലേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി. ബസ്‌..., പെരുമ്പാവൂര്‍ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരിക്കുന്നു...
തിരുവനന്തപുരത്ത് നിന്നും വരുന്ന ബസ്‌ ആണ്.
മൂത്രം ഒഴിക്കാന്‍ ഡ്രൈവറും ചായ കുടിക്കാന്‍ കണ്ടക്ടറും പോയി.
അപ്പഴക്കും യാത്രക്കാര്‍ ബഹളം തുടങ്ങി.
പത്ത് മിനിറ്റ് പെരുമ്പാവൂരോ മൂവാറ്റുപുഴയിലോ സ്റ്റോപ്പ്‌ ഇല്ലാത്ത ലോങ്ങ്‌ റൂട്ട് ബസ്സുകള്‍ എന്‍റെ അറിവില്‍ ഇല്ല. എന്നിട്ടും പെറ്റ തള്ള സഹിക്കാത്ത സൈസ് തെറികള്‍ വായുവില്‍ ഉയര്‍ന്നു താണ്കൊണ്ടിരുന്നു.
ഒന്ന് ദാഹം മാറ്റാനോ ശങ്ക തീര്‍ക്കാനോ സ്വാതന്ത്ര്യം ഇല്ലാത്ത പാവങ്ങളെ കുറിച്ചോര്‍ത്ത് എനിക്ക് പാവം തോന്നി...!!!

രംഗം രണ്ട് :
ദതേ ബസ്‌..,.
ഇന്നലെ കണ്ട സിനിമയിലെ നായികയെ സ്വപ്നം കണ്ട് ഉറക്കത്തില്‍ ചിരിക്കുന്ന മാന്യന്‍, യുവ കോളമന്‍, യുഗ്മംഗാധകന്‍ [നല്ല വാക്കല്ലേ, ഞാന്‍ ഇപ്പൊ ഉണ്ടാക്കിയതാ], പ്രശസ്തന്‍ എന്ന് ഞാന്‍ മാത്രവും പൊതുശല്യം എന്ന് നാട്ടുകാര്‍ മൊത്തവും പറയുന്ന നിങ്ങള്‍ ഇപ്പൊ വായിക്കുന്ന ബഡായി പറയണ പഹയന്‍ പുത്തൂരത്ത്, അഥവാ നിങ്ങളുടെ സ്വന്തം സനീഷ് പുത്തൂരത്ത്. അപ്പുറത്തിരിക്കണ കെളവന്‍ എന്നെ വിളിച്ചുണര്‍ത്തീട്ട് ഒരു ചോദ്യം, "എന്താ മോനേ ചിരിക്കണേ" ന്ന്.
ഞാനും അവളും സ്വപ്നത്തില്‍ ഒരു പ്രണയഗാനം പാടാന്‍ തുടങ്ങുവായിരുന്നു. അങ്ങേര് അത് നശിപ്പിച്ചു. ഒരു ബസ്സില്‍ ഇരുന്ന് സ്വപ്നത്തില്‍ എങ്കിലും ഇഷ്ടമുള്ള പെണ്ണിനെ സ്വപ്നം കാണാന്‍ കല്യാണപ്രായം എത്തിയ ഒരു യുവാവിന് സ്വാതന്ത്ര്യം ഇല്ലേ? ;)

രംഗം മൂന്ന്‍ :
വീണ്ടും അതേ ബസ്‌.
ദിതവണ, ദിതിന്‍റെ ദപ്പുറത്തുള്ള സീറ്റില്‍ ഒരു ചേട്ടന്‍ ഇരുന്ന് നല്ല നടന്‍ പാലക്കാടന്‍ സ്ലാങ്ങില്‍ മൊബൈലില്‍ ഭാര്യയെ തെറി പറയുന്നു. നമ്മുടെ ബിജു മേനോന്‍ ഓര്‍ഡിനറി സിനിമയില്‍ പറയണ സെയിം സ്ലാങ്ങ്.
"എവിടെയാടീ നിയ്യ്‌?
വീട്ലോ? എന്നിട്ടാണ്ടീ ബസ്‌ പോണ ശബ്ദം?
പെട്ടക്ക് കിട്ടണ്ടെങ്കില്‍ പറഞ്ഞോ നീയ്യ്‌.
ഇന്‍റെ കുട്ടീനെ പിടിച്ചാണഡീ നിന്‍റെ ഒടുക്കത്തെ സത്യടല്.
'സ്വതന്ത്ര്യോ?', ഇതില് കൂടുതല്‍ എന്താന്നാണ്ടീ ഞാന്‍ നെനക്ക് ചീയണ്ടത്?
മിണ്ടണ്ട നീയ്. ഇയ്യ്‌ പറയണേല് എവിടെണ്ടെഡീ ന്യായം?
ഹൈ, അവള് വന്നിരിക്കണ് ഒരു ന്യായക്കാരി. "

പാവം ഒന്നിനും സ്വാതന്ത്ര്യം ഇല്ലാത്ത ഒരു സ്ത്രീ. കഷ്ടം തന്നെ അവരുടെ സ്ഥിതി.

ഇതൊക്കെ കേട്ട അവരുടെ അടുത്തിരിക്കണ ചേട്ടന് ചിരി അടക്കാന്‍ പറ്റിയില്ല.
ഉടന്‍ നമ്മടെ പാലക്കാടന്‍ ചേട്ടന്‍ ഒരു ചാട്ടം.
"ചിരിക്കട നീയ്യ്‌, ആരാന്‍റെ അമ്മക്ക് പ്രാന്ത് പിടിക്കുമ്പോ കാണാന്‍ നെന്നെ പോലെ ഒരുപാടെണ്ണം ഉണ്ടാവും. ഒറ്റ ഒന്നങ്ക്ട് പൊട്ടുമ്പോ ലോകം തിരിയും നിനക്ക്. വേണടാ?
ഓരോരോ മോറന്‍മാര് ഇറങ്ങിക്കോളും, ആളെ ചിറ്റിക്കാനായിക്കൊണ്ട്."

സിനിമയിലെ സ്ലാങ്ങും ഈ ഡയലോഗും കേട്ട് ചിരിച്ച പാവം ഒരക്ഷരം മിണ്ടാതെ തിരിഞ്ഞിരുന്നു. ഒന്ന് ചിരിക്കാന്‍ പോലും ഈ നാട്ടില്‍ സ്വാതന്ത്ര്യം ഇല്ലേ?

രംഗം നാല് : ഇത്തവണ കാമറ ഫോക്കസ് ചെയ്യുന്നത് അങ്ങകലെ ചായക്കടയില്‍ ഉച്ചത്തില്‍ വച്ചിരിക്കുന്ന റേഡിയോ.
"ക്ലബ്ബീസ്, ക്ലബ് എഫ്.എം സ്വാതന്ത്ര്യ ദിനത്തില്‍ നിങ്ങള്‍ക്കായി പ്രത്യേകം സമര്‍പ്പിക്കുന്നു. 'കശ്മീര്‍ തു, മേന്‍ കന്യാകുമാരി' എന്ന പാട്ട്."
എനിക്കതല്ല, ഈ പാട്ടും സ്വാന്തന്ത്ര്യ ദിനവും തമ്മില്‍ എന്ത് ബന്ധം, ഹലുവയും മത്തിക്കറിയും പോലെ. ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ ഉള്ള സ്വാതന്ത്ര്യം എങ്കിലും നമുക്കുണ്ടല്ലോ, ഭാഗ്യം...!!!

ഇത് പോലെ എത്ര അസ്വാതന്ത്ര്യങ്ങള്‍ക്കിടയിലാ നമ്മുടെ ജീവിതം?
ദുസ്വാതന്ത്ര്യങ്ങളെക്കാള്‍ ഭേദമായ അസ്വാതന്ത്ര്യങ്ങള്‍ ഇപ്പോഴും ഒരുപാട് ഉണ്ടെങ്കിലും അവയ്ക്കിടയിലും നമ്മള്‍ അനുഭവിക്കുന്ന, അറിയാതെ പോകുന്ന സൌജന്യങ്ങള്‍ക്ക്, സ്വാതന്ത്ര്യത്തിന്, പൂര്‍വികര്‍ക്ക് നന്ദി, നല്ല സ്വാതന്ത്ര്യദിനാശംസകള്‍..,...

Saturday, August 10, 2013

തിരശ്ശീലക്കുമപ്പുറം : Take 1

താന്‍ നിര്‍മിച്ച മള്‍ടി-സ്റ്റാര്‍ സിനിമയോടൊപ്പം താന്‍ അഭിനയിച്ച സിനിമ പുറത്തിറക്കുക, സ്ക്രീനില്‍ മികവു കൊണ്ട് എല്ലാവരെയും അത്ഭുതപ്പെടുത്തുക, ആ ചിത്രത്തെ ഏറ്റവും മികച്ച നിരയിലെക്കുയര്‍ത്തുക. ഇതൊരു പക്ഷെ, മറ്റൊരു അഭിനേതാവും പ്രകടിപ്പിക്കാത്ത ധൈര്യം ആണ്, ചങ്കൂറ്റം ആണ്. അത് കൊണ്ട് തന്നെ ആണ് മലയാളത്തിന്‍റെ 'പുതിയ മുഖം' ആയി പ്രിത്വി മാറുന്നതും.
അന്യഭാഷാ ചിത്രങ്ങളും താരപുത്രചിത്രവും മത്സരത്തിനുള്ള ഈ സമയത്ത് ഏറ്റവും പുറകിലാകും എന്ന് ഞാനടക്കം ഉള്ള വലിയൊരു സമൂഹം ചിന്തിച്ച ഒരു സിനിമ എല്ലാ ലാപ്പും വിജയകരമായി ഓടി പൂര്‍ത്തിയാക്കി ഒരു യോദ്ധാവിന്‍റെ കരുത്തോടെ നെഞ്ച് വിരിച്ചു നില്‍ക്കുമ്പോള്‍, മുന്‍പെങ്ങും ഇല്ലാത്തവിധം കയ്യടി നേടി മുന്നേറുമ്പോള്‍, അഭിമാനിക്കാവുന്നത് പ്രേക്ഷകര്‍ക്ക്‌ കൂടി ആണ്. മരം ചുറ്റി പ്രേമങ്ങളിലും മെഗാസ്റ്റാര്‍ കോപ്രായങ്ങളിലും ഒതുങ്ങി പോകുമായിരുന്ന കാഴ്ചാനുഭവങ്ങളില്‍ നിന്നും മാറി ചിന്തിക്കാന്‍ ഇവിടത്തെ എഴുത്തുകാരെ, സംവിധായകരെ, നിര്‍മാതാക്കളെ പ്രേരിപ്പിക്കുന്നത് ഈ പ്രേക്ഷക പ്രതികരണങ്ങള്‍ തന്നെ ആണ്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് 'മലര്‍വാടി' ഇറങ്ങിയ സമയത്ത് ഒരു ചാറ്റ് ഷോ ഷൂട്ടിങ്ങിനിടെയുള്ള ഒരു സംഭാഷണത്തില്‍ ശ്രീ.വിനീത് ശ്രീനിവാസന്‍ ഒരു സ്വപ്നത്തെ കുറിച്ച് പറഞ്ഞു.
അഞ്ചു വര്‍ഷം കൊണ്ട് മലയാള സിനിമയില്‍ വലിയൊരു തരംഗം വരും.
[ഇനി പറയുന്ന വാചകം അടിവരയിടണം]
മള്‍ടി-സ്റ്റാര്‍ - അന്യ ഭാഷാ സിനിമകള്‍ക്കിടയില്‍, വലിയ ബഹളങ്ങള്‍ ഒന്നും ഇല്ലെങ്കിലും ഒരു സിനിമക്ക് കഥ കൊണ്ടും പാത്രസൃഷ്ടി കൊണ്ടും ദൃശ്യ ഭാഷ കൊണ്ടും പുതുമ കൊണ്ടും വിജയിക്കാന്‍ ആകുന്ന സാഹചര്യം വരും.
പരുത്തി വീരനെ പുകഴ്ത്തിയ മലയാള പ്രേക്ഷകര്‍ക്ക്‌ അതിനേക്കാള്‍ മികച്ച കാഴ്ച നല്‍കാന്‍ സംവിധായകര്‍ മത്സരിച്ചു കൊണ്ടിരിക്കും.
അന്ന് ചര്‍ച്ച ചെയ്യപ്പെടുന്ന പേരുകള്‍ എന്തായാലും സിനിമാ നടന്മാരുടെത് മാത്രമാകില്ല.

ഈ അവസാനം പറഞ്ഞ കാര്യങ്ങള്‍ സംഭവിച്ചു തുടങ്ങിയിരിക്കുന്നു, അതും മുകളില്‍ പ്രവചിച്ചതിലും നേരത്തെ തന്നെ...!!
ആളും ആരവവും ഇല്ലാതെ ഒറ്റക്കൊരു നടന്‍ പ്രത്യക്ഷപ്പെടുന്ന പോസ്റ്ററുകള്‍ അടുത്തൊന്നും ഇങ്ങനെ നിറഞ്ഞ് കണ്ടിട്ടില്ല.
ആദ്യം 'രാജപ്പന്‍' എന്ന് കൂക്കി വിളിച്ചവരെ നിശ്ശബ്ദരാക്കി, പിന്നീട് സ്തബ്ദരാക്കി, തുടര്‍ന്ന് കയ്യടിപ്പിച്ചു, ഇപ്പൊ ഇതാ ജയ് വിളിപ്പിക്കുന്നു.
നന്ദി പ്രിത്വിരാജ്, ഒരു നടന്‍ എന്നതിലും അപ്പുറം താങ്കള്‍ കൈവരിക്കുന്ന വളര്‍ച്ച ഇനി നമ്മുടെ സിനിമയുടേതു കൂടി ആകുന്നു...
സിംഹഹൃദയങ്ങള്‍ പുഞ്ചിരിക്കട്ടെ, ആട്ടിന്‍കുട്ടിക്ക് നല്ല തീറ്റ കിട്ടട്ടെ, നീലാകാശം മിന്നല്‍പിണരുകള്‍ ഉതിര്‍ക്കട്ടെ...
എക്സ്പ്രസ്സ്‌ വേഗതക്ക് തലൈവന്‍ മറുപടി നല്‍കട്ടെ... 
നരസിംഹവും വല്ല്യെട്ടന്മാരും ഇനിയുമിനിയും മനസ്സ് നിറക്കട്ടെ...

ശുഭദിനം, നല്ല നമസ്കാരം. 

Wednesday, August 07, 2013

ഉത്തരാധുനിക ബ്ലോഗ്ഗറുടെ പെണ്ണുകാണല്‍....,...


[ഫേസ്ബുക്ക്-ബ്ലോഗ്‌ യുഗത്തിലെ ഒരു പെണ്ണ് കാണല്‍...,...'സന്ദേശം' എന്ന സിനിമയിലെ വിപ്ലവകാരിയുടെ പെണ്ണ് കാണല്‍ രംഗം ആണ് ഈ പോസ്റ്റിന് പ്രചോദനം...]

ബ്രോക്കര്‍ 
: ശരിക്കു നോക്കിക്കോളൂ. പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ. ബ്ലോഗിന്‍റെ കാര്യം മിണ്ടരുത്. എഞ്ചിനീയര്‍ ആണ്, വെബ്സൈറ്റ് ഉണ്ടാക്കും എന്നൊക്കെയാ പറഞ്ഞിട്ടുള്ളത്.
നെറ്റിസണ്‍: അങ്ങനെ നുണ പറയേണ്ട കാര്യമൊന്നും എനിക്കില്ല.
പെണ്ണിന്‍റെ അച്ഛൻ: എന്താ?
ബ്രോക്കര്‍: ഒന്നുമില്ല. ചില ടെക്നിക്കല്‍ കാര്യങ്ങൾ പറയുകയായിരുന്നു.
നെറ്റിസണ്‍: അല്ല. ഓണ്‍ലൈന്‍ ബ്ലോഗ്ഗര്‍മാര്‍ക്ക് ഇടയിലെ ഒരു ബുദ്ധിജീവിയാണ് ഞാൻ.
ബ്രോക്കര്‍: ഒരു തമാശയ്ക്ക്... സൈഡായിട്ട്... ഇണ്ട്.
നെറ്റിസണ്‍: തമാശയ്ക്കോ? ബ്ലോഗ്‌ എന്‍റെ ജീവാത്മാവും പരമാത്മാവുമാണ്. എനിക്ക് പെൺകുട്ടിയോട് ചില കാര്യങ്ങൾ ചോദിച്ചറിയാനുണ്ട്. ഉറക്കമൊഴിച്ച് എഴുതുന്ന ബ്ലോഗിംഗ് വർഗ്ഗത്തിന്‍റെ മോചനത്തിന് വേണ്ടി തോളോടുതോളുചേർന്ന് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങിനു തയ്യാറുണ്ടോ? പറയൂ... വേണ്ട, ഞാൻ തയ്യാറെടുപ്പിച്ചോളാം. കുട്ടിയുടെ സാമൂഹ്യബോധം എനിക്കൊന്ന് പരിശോധിക്കണം. 'അബസ്വരങ്ങള്‍' എന്നുപറയുന്ന ബ്ലോഗ്‌ വായിച്ചിട്ടുണ്ടോ? അല്ലെങ്കിൽ വിഷ്ണുലോകം, 'ബെര്‍ളിത്തരങ്ങള്‍'. ബെര്‍ളി തോമസിന്‍റെ ബ്ലോഗ്‌.. അതുമല്ലെങ്കിൽ വള്ളിക്കുന്ന് ബ്ലോഗ്‌.? എന്താ നെറ്റ് നോക്കുന്ന ശീലം ഇല്ലേ?
പെണ്ണിന്‍റെ അച്ഛൻ: അതൊക്കെയുണ്ട്. വെബ്‌ ദുനിയയിലും ഈസ്റ്റ്‌ കോസ്റ്റിലും വരുന്ന മിക്ക ഗോസിപ്പുകളും ഇവിടെ ഞങ്ങളെല്ലാവരും വായിക്കാറുണ്ട്.
നെറ്റിസണ്‍: അത്രേയുള്ളൂ? ശരി. വായിച്ച ഗോസിപ്പുകളിൽ ഏറ്റവും ഇഷ്ടപ്പെട്ട ഗോസ്സിപ്പേതാണ്?
പെണ്ണിന്‍റെ അച്ഛൻ: ഏതാ മോളേ?
പെണ്ണ്: അത്...
നെറ്റിസണ്‍: അത്?
പെണ്ണിന്‍റെ അച്ഛൻ: ഏതായാലും പറഞ്ഞേക്ക്.
പെണ്ണ്: ഏറ്റവും ഇഷ്ടപ്പെട്ടത് വെബ്‌ദുനിയയിലെ '''രണ്‍.ബീര്‍-'-കത്രീന ബീച്ചില്‍..."'''...
നെറ്റിസണ്‍: കത്രീനാ ബീച്ചോ? അതെന്ത് ബീച്ചാണ്?
ബ്രോക്കര്‍: അതേതെങ്കിലും ഫോറിൻ ബീച്ചായിരിക്കും.
പെണ്ണിന്‍റെ അച്ഛൻ: പ്രവീണ്‍ ശേഖറിനേയും അരുണ്‍ ആര്‍ഷയെയും മോൾക്ക് വല്യ ഇഷ്ടാ.
നെറ്റിസണ്‍: ഇഷ്ടം എന്ന് പറഞ്ഞാൽ... അത് സാരമില്ല. എനിക്ക് ചില നിബന്ധനകൾ മുൻപോട്ട്
വയ്ക്കാനുണ്ട്. കല്യാണത്തിന്, ആർഭാടങ്ങളൊന്നും പാടില്ല. നാട്ടിലെ ഇന്റര്‍നെറ്റ്‌ കഫെയില്‍ വച്ച് വളരെ ലളിതമായൊരു ചടങ്ങ്. ഞാനൊരു പോസ്റ്റില്‍ കുട്ടിയെ ടാഗ് ചെയ്യും,. കുട്ടിയൊരു ലൈകും പോക്കും ഇങ്ങോട്ടറിയിക്കും. അതിനുശേഷം അരമണിക്കൂർ നേരം എന്‍റെ ബ്ലോഗ്‌ വായനക്കാര്‍ എന്‍റെ ബ്ലോഗ്ഗിലെ കവിതാപോസ്റ്റുകള്‍ ഉറക്കെ ചൊല്ലും. പിന്നെ ഒരു പോസ്റ്റില്‍ കമന്‍റും. ചടങ്ങ് തീർന്നു. ഞാനധികവും ഇന്‍റര്‍നെറ്റിലായിരിക്കും- ബ്ലോഗ്ഗിൽ. ശ്രീമാൻ കെ.പി.സുകുമാരന്‍ മാഷുടെ 'ശിഥില ചിന്തകള്‍' എന്ന ബ്ലോഗ്‌ വായിച്ചിട്ടില്ലേ. അതുപോലൊരു ജീവിതമായിരിക്കും മിക്കപ്പോഴും. ഓഫ്‌-ലൈന്‍ എഴുത്തുകാര്‍ ഞങ്ങളെ വേട്ടയാടുകയാണല്ലോ. ചിലപ്പോൾ ഫേസ്ബുക്കോ ഗൂഗിള്‍ പ്ലസ്സോ ഉപേക്ഷിക്കേണ്ടി വരാം. ഒരു ബ്ലോഗ്ഗറുടെ ഭാര്യ എന്തും സഹിക്കാൻ പ്രാപ്തയായിരിക്കണം. ചിലപ്പോൾ കുട്ടി, പേജുകളില്‍ കമന്‍റുകളെ നേരിടേണ്ടി വന്നേക്കാം. അപ്പോൾ ഫേസ്ബുക്ക് പ്രൊഫൈല്‍ കാണിച്ചുകൊടുക്കേണ്ടി വരും.

പെണ്ണിന്‍റെ അച്ഛൻ: മോള് അകത്തേക്ക് പൊയ്ക്കോ. ബ്രോക്കറൊന്നിങ്ങ് വന്നേ. [ബ്രോക്കറോട്] താനൊരു ഭ്രാന്തനെയാണോ എന്‍റെ മോൾക്ക് ഭർത്താവായി കൊണ്ടുവന്നിരിക്കുന്നത്?

ബ്രോക്കര്‍: എന്നോട് ക്ഷമിക്കണം. ഇത്രയും ലിങ്കിടുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല.
പെണ്ണിന്‍റെ അച്ഛൻ: എത്രയും പെട്ടെന്ന് അവനെ പിടിച്ചോണ്ടു പോയില്ലെങ്കിൽ നല്ല ചുട്ട പോസ്റ്റ്‌ കിട്ടും, പറഞ്ഞേക്കാം.
ബ്രോക്കര്‍: അയ്യോ, വേണ്ട വേണ്ട. ഇപ്പോ പോയേക്കാം, ഇപ്പോ പോയേക്കാം... [ബ്ലോഗ്ഗറോട്] എണീറ്റേ, പോവാം.
നെറ്റിസണ്‍: എന്‍റെ പോസ്റ്റിനോടുള്ള കുട്ടിയുടെ കമന്‍റ് അറിഞ്ഞില്ല.
ബ്രോക്കര്‍: കമന്‍റ് അറിയാൻ കാത്തുനിന്നാല്‍ സിസ്റ്റം ഷട്ട് ഡൌണ്‍ ചെയ്യേണ്ടി വരും, അതു കുഴപ്പം ചെയ്യും.
നെറ്റിസണ്‍: അല്ല, എന്നാലും...
ബ്രോക്കര്‍: എണീക്കാനല്ലേ പറഞ്ഞത്. അതു പോണവഴിക്ക് പറഞ്ഞുതരാം...

Tuesday, August 06, 2013

ഇന്റലെക്ച്ച്വല്‍ ന്യൂജനറേഷന്‍ ചിത്രം - "വാട്ട്‌ ദി ഫ@#$?"

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ പൂജനീയ ആന്ടണി പെരുമ്പാവൂര്‍ നിര്‍മിച്ചു ശ്രീ ശ്രീ രഞ്ജിത്തേട്ടന്‍ സംവിധാനം ചെയുന്ന ഹൈലി ഇന്റലെക്ച്ച്വല്‍ ന്യൂ ജനറേഷന്‍ ചിത്രം വാട്ട് ദി ഫ@#$ന്‍റെ പൂജ കഴിഞ്ഞു...

രഞ്ജിത്തിന്‍റെ പതിവ് സിനിമകളില്‍ നിന്ന് വളരെ വ്യത്യസ്തമായിരിക്കും സിനിമ എന്ന് വെബ്ദുനിയയില്‍ നിന്നും ഈസ്റ്റ്‌ കോസ്റ്റില്‍ നിന്നും വളരെ വിശ്വസനീയമായ റിപ്പോര്‍ട്ട് ഉണ്ട്.


അമേരിക്കയിലെ ടെക്സാസ് സിറ്റിയുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. വളരെ ചെറുപ്പത്തില്‍ തന്നെ ഇന്ത്യയില്‍ നിന്ന് നാട് വിട്ട് വന്നു അമേരിക്കയില്‍ ബിസിനസ് ചെയ്തു പ്രമാണിയായി മാറിയ ദേവനന്ദന ദിവാകര ത്രിലോചന മേനോന്‍ ഏലിയാസ്‌ ഡീ ഡീ ടി മേനോന്‍ ആയാണ് മോഹന്‍ ലാല്‍ അഭിനയിക്കുന്നത്. സായിപ്പന്മാര്‍ക്ക് പോലും അസൂയയുണ്ടാക്കുന്ന വ്യക്തിത്വമാണ് ഡീ ഡീ ടി മേനോന്‍..,. സ്വിമ്മിംഗ് പൂളില്‍ മദ്യം നിറച്ച് അതില്‍ നീന്തിതുടിക്കുക, മിയാമി ബീച്ചില്‍ പോയി അവിടുത്തെ ബികിനിയിട്ട മദാമ്മമാരെ ഇന്ത്യന്‍ വസ്ത്രധാരണ രീതിയുടെ മഹത്വം പഠിപ്പികുക, പബ്ബില്‍ പോയി മാംസഫോജീ രാഗത്തില്‍ കീര്‍ത്തനം പാടി സായിപ്പന്മാരെ കരയിക്കുക പോലെ ഏവര്‍ക്കും ബഹുമാനമുണ്ടാക്കുന്ന പ്രവര്‍ത്തികള്‍ വഴി അമേരിക്കന്‍ സമൂഹത്തിന്‍റെ മുഴുവന്‍ ബഹുമാനം നേടിയെടുത്തയാളാണ് നായകന്‍,. നായകന് ആകെയുള്ള വീക്ക്‌നെസ് സ്ത്രീകളാണ്. എന്ത് കൊണ്ട് സ്ത്രീ ലമ്പടനായി എന്നതിന് കാരണം അജ്ഞാതമാണെങ്കിലും. ചെറുപ്പകാലത്ത് നായകനെ ചതിച്ച ഏതോ പെണ്ണിനോടുള്ള വിരോധമാണ് എന്ന് നായകന്‍റെ ഇന്റലക്ച്വല്‍ ഡയലോഗുകളില്‍ നിന്നും വ്യക്തമാക്കുന്നുണ്ട്. നായകന്‍റെ കൂടെ ഇരുപത്തിനാല് മണിക്കൂറും വിവിധ ഏജു ഗ്രൂപ്പില്‍ പെട്ട ഒരു കൂട്ടം സുഹൃത്തുക്കള്‍ ഉണ്ടാവും. പതിവില്‍ നിന്ന് വളരെ വ്യത്യസ്തമായി അവരെല്ലാം സായിപ്പന്മാര്‍ ആയിരിക്കും എന്നതാണ് ഈ സിനിമയുടെ പ്രത്യേകത. പക്ഷെ അവരെല്ലാം സുകുമാര്‍ അഴീക്കൊടിനെക്കാള്‍ നന്നായി മലയാളം സംസാരിക്കുന്നവരും മാതംഗലീല, സാഹിത്യചൂഡാമണി, ഐതിഹ്യമാല, മുത്ത്‌ചിപ്പി ഫയര്‍ പോലെയുള്ള ഗ്രന്ഥങ്ങള്‍ മുഴുവന്‍ നാവിന്‍തുമ്പത്ത് കൊണ്ട് നടക്കുന്നവരും ആയിരിക്കും. എണീറ്റയുടന്‍ പുതപ്പിന്‍റെ അടിയില്‍ നിന്നും ഉടുമുണ്ട് തപ്പുന്നതിന് പകരം വെറും വയറ്റില്‍ ചായ പോലും കുടിക്കാതെ ഷെല്ലിയുടെയും കീറ്റ്സിന്‍റെയും കവിത വിളമ്പുന്നവനാണ് നമ്മുടെ നായകന്‍., അദ്ദേഹം ബെര്‍നാഡ്‌ ഷായുടെയും ഷേക്സ്പിയരിന്‍റെയും മറ്റും വരികള്‍ ക്വോട്ട് ചെയ്യുമ്പോള്‍ അതിലും മഹത്തരമല്ലേ നിങ്ങളുടെ നാലാമൂഴവും നാല്കെട്ടും എന്ന് പറഞ്ഞു വിനയപൂര്‍വം തിരുത്തും. ഇത്തരത്തില്‍ വളരെ സ്വാഭാവികമായി ജീവിതം നയിച്ച്‌ പോകുന്ന നായകന്‍റെ സൌഹൃദവലയത്തില്‍ പെട്ട പീറ്റര്‍ കുറുപ്പ് എന്നാ യുവാവ് പെട്ടൊന്നൊരു ദിവസം എയിഡ്സ് ബാധിച്ചു മരിക്കുന്നതോട് കൂടി കഥ മാറുകയാണ്‌. എയിഡ്സിന്‍റെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവാനായ നായകന്‍ ശിഷ്ടകാലം എയിഡ്സിന്‍റെ ഉന്മൂലനത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇറങ്ങുകയാണ്. അമേരിക്കയില്‍ അങ്ങോളമിങ്ങോളം മുറികളില്‍ സീക്രട്ട് ക്യാമറ വച്ച് രംഗങ്ങള്‍ ഷൂട്ട്‌ ചെയ്തു അത് വഴി ബോധവല്‍ക്കരണം നടത്തുകയാണ് മേനോന്‍..,. ഇത്തരത്തില്‍ വളരെ മാന്യമായി ബോധവല്‍ക്കരണം നടത്തുകയായിരുന്ന മേനോന്‍ എല്ലാവരാലും തെറ്റിധരിക്കപ്പെടുകയും അറസ്റ്റിലാകുകയും ചെയ്യുന്നു. തൂക്കികൊല്ലാന്‍ വിധിക്കപ്പെട്ട നായകന്‍ തൂക്കുമരത്തിന്‍റെ കീഴില്‍ നിന്ന് മരങ്ങള്‍ നട്ടു പിടിപ്പിക്കേണ്ടതിന്‍റെയും മഴവെള്ളം സംഭരിക്കേണ്ടതിനെയും കുറിച്ച്‌ വളരെ വികാരപരമായ ഒരു പ്രസംഗം നടത്തുകയാണ്. ഇത് ടീവിയില്‍ കണ്ടു കണ്ണ് നിറയുന്ന ഒബാമ ഉടന്‍ തന്നെ അവിടെയെത്തി മേനോന്‍റെ ശിക്ഷ റദ്ദാക്കുന്നു.
ഓടി വന്ന ഒബാമ ഏറെ വികരഭരിതനായി നായകനെ നോക്കി എന്നിട്ടു പതുക്കെ കിശയില്‍ നിന്നും എന്തോ എടുത്തു കുറച്ചു നേരം നോക്കി. അതാ ഒബാമയുടെ കൈയില്‍ ഒരു ഹനുമാന്‍ വിഗ്രഹം. നോക്കി കൊണ്ട് വികരാവേശത്തില്‍ അമരിക്കന്‍ ആഫ്രോ ഭാഷയില്‍ ഒരു കാച്ച് അങ്ങ് കാച്ചും. ഇത് കേട്ട് നിന്ന അമേരിക്കന്‍ പോലീസുകാര് വരെ മത്തങ്ങാ വിഴുങ്ങിയത് പോലെ ആയി. അതിന്‍റെ ഇടയില്‍ മി.മേനോന്‍ അല്പം സ്വരം താഴ്ത്തി ചോദിക്കും : "സാര്‍ മലയാളം അറിയില്ലേ നമ്മുടെ ഭാഷ, അമേരിക്കയില്‍ തെരഞ്ഞെടുപ്പ് നടത്തുമ്പോള്‍ സാറിന് വേണ്ടി ജയ്‌ വിളിക്കുന്ന ഒരു രാജ്യമേ ഉള്ളൂ, അത് കേരളാ. അവിടത്തെ ഭാഷ അറിയില്ലേ??? ഛെ ജയ്‌ വിളിച്ചതും തോരണം ഇട്ടതും ഒക്കെ വെറുതെ ആയി നിസ്നാമതിംഗിതനായി മേനോന്‍ നില്‍കുന്ന സമയത്ത് എവിടെ നിന്നോ രഞ്ജിത്തിന്റെ ശബ്ദം ..:
""എടൊ മേനോനെ ദേവാട്ടാ, ദേവനന്ദന ദിവാകര ത്രിലോചന മേനോന്‍ എല്ലിയാസ്‌ ഡീ ഡീ ടി മേനോന്‍, നീ പറയടാ എന്താ നിന്‍റെ പ്രശനം. (കിണ്ണന്‍ കാച്ചി തൃശൂര്‍ ഭാഷയില്‍ ഒബാമയുടെ കുറ്റാസമതം കേട്ട് മേനോന്‍റെ കണ്ണ് നിറഞ്ഞു പൊഴിഞ്ഞു പോയി)


തുടര്‍ന്ന് നല്ല പച്ച തൃശ്ശൂര്‍ മലയാളത്തില്‍ ഒബാമയുടെ വക ഒരു കുറ്റസമ്മതവും. അവസാനം കാലില്‍ വീണു മാപ്പിരക്കുന്ന ഒബാമയെ പിടിചെഴുന്നെല്‍പ്പിച്ചു ആശ്ലേഷിക്കുന്ന മേനോന്‍ ഒബാമ തന്‍റെ പിറക്കാതെ പോയ സഹോദരന്‍ ആണെന്ന് പറയുന്നു. വാദിക്കാന്‍ വക്കീലായി വന്ന മമ്മൂട്ടി ഇത് കണ്ട് അന്തം വിട്ട കുന്തം പോലുള്ള ഇംഗ്ലീഷ് ഡയലോഗ് അടിക്കുകയും കണ്ടു നില്‍ക്കുന്ന സായിപ്പന്മാര്‍ അതിന് കയ്യടിക്കുകയും ചെയ്യും. ഈ സന്ദര്‍ഭത്തില്‍, ഇവര്‍ മൂവരും ആനന്ദതിന്തുലബന്ധിതരായി "എല്ലാരും പോകുഞ്ചോ കുറിഞ്ചി മലയില്, ഇനി നാമും പോകുഞ്ചോ കുറിഞ്ചി മലയില്" എന്ന പാട്ട് പാടി നൃത്തം വക്കുന്നു. ഐറ്റം ഗേള്‍ ആയി ആഞ്ജലീന ജൂലി, കെയ്റ്റ് വിന്‍സ്ലെറ്റ്‌ എന്നിവര്‍ കൂടെ ആടിപ്പാടുന്നു. മമ്മൂട്ടി ഈ ബഹളത്തിന്‍റെ ഇടയിലൂടെ മീശ പിരിച്ച് നടക്കുക എന്ന പതിവ് ധര്‍മം വളരെ ഭംഗി ആയി നിര്‍വഹിക്കും. ഇടയ്ക്കിടെ ട്രേഡ്മാര്‍ക്ക്‌ സ്റ്റെപ്പുകള്‍ പുരതെടുക്കുന്നും ഉണ്ടാകും.
***********************************************************
ആറു മാസത്തിനു ശേഷം മേനോന്‍റെ 
നാട്ടിലുള്ള വീട്ടിലേക്കു രംഗം മാറുമ്പോ
 ഇന്ത്യന്‍ സംസ്കാരത്തെകുറിച്ചു തന്‍റെ മുന്നിലിരിക്കുന്ന സുഹൃത്തുക്കളോട് പ്രഭാഷണം നടത്തുകയാണ്  ഡീ ഡീ ടി മേനോന്‍. ക്യാമറ പതിയെ മേനോന്‍റെ 
മുഖത്ത് നിന്ന് മാറി സുഹൃത്തുക്കളിലേക്ക് വരുമ്പോ അവരുടെ കൂട്ടത്തില്‍ 
അതാ കുറിയൊക്കെ തൊട്ടു മേല്‍മുണ്ട് ധരിച്ചു ഒബാമ പണിക്കര്‍.,...


-------------------------------------------- ശുഭം ! --------------------------------------------

[കടപ്പാട് : നല്ലവരായ സിനിമാപാരദിസോ ക്ലബ് അംഗങ്ങളോട്, പ്രത്യേകിച്ച് ഈ പോസ്റ്റ്‌ ഇട്ട അരുണ്‍ അശോകിനോട്]

Sunday, August 04, 2013

Thank you Brother...

[ഇതൊരു യഥാര്‍ത്ഥ സംഭവം ആണ്.
പണത്തെക്കാള്‍, തല്‍ക്കാലത്തെ സന്തോഷത്തെക്കാള്‍, സ്വന്തം താല്‍പര്യങ്ങളെക്കാള്‍, സൗഹൃദത്തിനും ബന്ധങ്ങള്‍ക്കും മറ്റുള്ളവരുടെ വലിയ സന്തോഷങ്ങള്‍ക്കും വിലകൊടുത്തിരുന്ന ഒരു മുന്‍തലമുറയുടെ കഥ...
ഇത് വായിക്കുന്ന ന്യൂ ജനറേഷന്' ചിലപ്പോ ചിരി വന്നേക്കാം...
അത് ഒരു കുറ്റമല്ല, ബന്ധങ്ങളുടെ വില മനസ്സിലാകാത്ത (ഞാനുള്‍പ്പെടുന്ന) ജനതതിയുടെ കഴിവുകേടാണ്...
നായകന്‍ എന്‍റെ സുഹൃത്തിന്‍റെ അമ്മാവനും കോഴിക്കോട് ബാലുശ്ശേരിയില്‍ ജനിച്ച് പിന്നീട് ഐ.ഐ.ടി. ഖരഗ്പൂര്‍ അടക്കം പലയിടങ്ങളിലായി പഠനം പൂര്‍ത്തിയാക്കി ജീവിതത്തിന്‍റെ മുക്കാലും കഴിഞ്ഞ ഒരു മദ്ധ്യവയസ്കന്‍...,...
ഈ സൗഹൃദദിനത്തില്‍ ഇതിലും വലിയ സന്ദേശം ഒന്നും എനിക്ക് നല്‍കാന്‍ പറ്റുമെന്ന് തോന്നുന്നില്ല...
ഇനി വായിക്കുക...]
അത്ര ധനികന്‍ ഒന്നും അല്ലാത്ത, വളരെ അഭിമാനി ആയ ഒരു ബംഗാളി ആയിരുന്നു ഹബീബിന്‍റെ എഞ്ചിനീയറിംഗ് പഠനകാലത്തെ അടുത്ത സുഹൃത്ത്- നീല്‍കിഷന്‍ ഉപാദ്ധ്യായ...
'നിക്ക്' എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന മിടുമിടുക്കന്‍ വിദ്യാര്‍ഥി...
ജനനം സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന ഒരു കര്‍ഷക കുടുംബത്തില്‍...,..
അച്ഛന്‍ തികഞ്ഞ ഒരു ഗ്രാമീണവിപ്ലവകാരി, മാര്‍ക്സിസ്റ്റ്‌ പാര്‍ടി പ്രവര്‍ത്തകന്‍, അമ്മ കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് മരിച്ചു, ചേച്ചി ഗ്രാമത്തിലെ ഒരു പ്രൈമറി ഹെല്‍ത്ത് സെന്‍ററില്‍ സഹായി...
ലാളിത്യം കൊണ്ടും പെരുമാറ്റം കൊണ്ടും കോളേജിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും പഠനത്തിലും മുന്നില്‍ ഉള്ളത് കൊണ്ടും നിക്ക് എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് അറിയാവുന്ന നിക്ക് ഒരു മാസം ചിലവാക്കാന്‍ വേണ്ട കൃത്യം പണം മാത്രമേ വീട്ടില്‍ നിന്നും മേടിച്ചിരുന്നുള്ളൂ. അത് കൊണ്ട് തന്നെ അദ്ദേഹം സ്ഥിരം സാമ്പത്തികമാന്ദ്യം നേരിട്ടിരുന്ന ഒരു മൂന്നാംലോകരാജ്യമായി അവശേഷിച്ചു.
എങ്കിലും മറ്റുള്ളവര്‍ നല്‍കുന്ന സഹായം സ്വീകരിക്കാന്‍ അഭിമാനം അനുവദിക്കാത്തത് കൊണ്ട്,എപ്പോഴും  അത് സ്നേഹപൂര്‍വ്വം നിരസിക്കുകയും ചെയ്തിരുന്നു...
പഠിത്തത്തില്‍ ഉള്ള ഉത്സാഹം കൊണ്ടും ബുദ്ധി സാമര്‍ത്ഥ്യം കൊണ്ടും ദൈവാനുഗ്രഹം കൊണ്ടും മാത്രം ഒരു കോച്ചിങ്ങിനും പോകാതെ ഐ.ഐ.ടി.യില്‍ അഡ്മിഷന്‍ നേടിയ അവനോട് ഒരു വര്‍ഷം റിപീറ്റ് ചെയ്ത് ഐ.ഐ.ടി.യില്‍ എത്തിയ മറ്റുള്ളവര്‍ക്ക് എന്നും തികഞ്ഞ ആദരവാണ് ഉണ്ടായിരുന്നത്...
അത്യാവശ്യം പണം കണ്ടെത്താന്‍ അദ്ദേഹം കോളേജിന്‍റെ അടുത്തുള്ള ക്ലബ്ബുകളില്‍ ഫുട്ബോള്‍ കളിക്കാന്‍ പോകുന്ന പതിവും ഉണ്ടായിരുന്നു. ആ ഐ.ഐ.ടി.യുടെ അടുത്ത് ധാരാളം ക്ലബ് മത്സരങ്ങള്‍ നടക്കുന്നത് കൊണ്ട് ഇത്തിരി ചില്ലറ സമ്പാദിക്കാന്‍ ഏറ്റവും എളുപ്പമാര്‍ഗം ഇതായിരുന്നു. അങ്ങനെ ഒരു തവണ കളിക്കിടെ കാലിനു പരിക്ക് പറ്റി. ആശുപത്രിയില്‍ പണം അടക്കാന്‍ കയ്യിലുള്ളത് തികയാത്ത സ്ഥിതി വന്നപ്പോള്‍ അവന്‍ വീട്ടില്‍ നിന്നും പണം ആവശ്യപ്പെട്ടു. അന്ന് ഈ എ.ടി.എം. ഒന്നും അത്ര പ്രചാരത്തില്‍ ഇല്ല...
അത് കൊണ്ട് തല്‍കാലം സുഹൃത്തുക്കള്‍ ചേര്‍ന്ന് പണം അടച്ചു. പിന്നീട് തന്നാല്‍ മതിയെന്നും പറഞ്ഞു...
വീട്ടില്‍ നിന്നും മണിഓര്‍ഡര്‍ വന്ന ദിവസം തന്നെ നിക്ക് എല്ലാവരുടെയും കടം തീര്‍ത്തു. നാട്ടില്‍ പോയ ഒരു സുഹൃത്തിനു കൊടുക്കാന്‍ ഉള്ള ആയിരത്തി അഞ്ഞൂറ് രൂപ മേശയില്‍ തന്നെ സൂക്ഷിക്കുകയും ചെയ്തു. നിര്‍ഭാഗ്യമെന്നു പറയട്ടെ, അവര്‍ ഇരുവരും പുറത്തു പോയ സമയത്ത് ഏതോ ഹറാം പിറന്നവന്‍ ആ കാശ് അടിച്ചോണ്ട് പോയി. ആ പാവത്തിന് അത്  താങ്ങാന്‍ പറ്റാത്തത്ര വലിയ തുക തന്നെ ആയിരുന്നു...
'മോഷണം' അന്വേഷിക്കാന്‍ വാര്‍ഡന്‍ ഉള്‍പെട്ട ഒരു സംഘം രൂപീകരിച്ചു. സുഹൃത്തില്‍ നിന്ന് തുടങ്ങാം എന്ന് പറഞ്ഞ വാര്‍ഡനോട്‌ ആയിരത്തി അഞ്ഞൂറ് രൂപയെക്കാള്‍ മൂല്യം എന്തായാലും ഞങ്ങളുടെ സൗഹൃദത്തിനുണ്ട് എന്നും അത് ഞങ്ങള്‍ക്കിരുവര്‍ക്കും അറിയാമെന്നും പറഞ്ഞ് അവന്‍ ഹബീബിനെ രക്ഷപ്പെടുത്തി. ഒരുപാട് പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ പറ്റിയില്ല. കരഞ്ഞു തളര്‍ന്ന് ആകെ ഭ്രാന്ത്‌ പിടിച്ച അവസ്ഥയില്‍ ആയിരുന്നു ആ പാവം. ഒരുപാട് പേര്‍ സഹായം നല്കാന്‍ തയ്യാറായെങ്കിലും അതൊന്നും വേണ്ട എന്ന വാശിയില്‍ അവന്‍ ഉറച്ചു നിന്നു. ചെറിയ കുട്ടിയെ പോലുള്ള അവന്‍റെ കരച്ചില്‍ കാണാന്‍ വയ്യാതെ എല്ലാവരും പോയപ്പോ റൂമില്‍ ഹബീബും അവനും ഒറ്റക്കായി. കര്‍ഷകന്‍ ആയ അച്ഛന്‍ ഇത്രയും പണം ഉണ്ടാക്കാന്‍ കഷ്ടപ്പെടുന്ന കാര്യവും കാന്‍സര്‍ രോഗി ആയിരുന്ന അമ്മക്ക് പണമില്ലാത്തതിനാല്‍ ചികിത്സ കിട്ടാതെ മരിച്ചതും പഠിത്തത്തില്‍ മോശമല്ലാതിരുന്നിട്ടും തനിക്കു വേണ്ടി പഠനം അവസാനിപ്പിച്ച ചേച്ചിയുടെ കാര്യവും പറഞ്ഞ് നിക്ക് ഏങ്ങലടിച്ചു കരഞ്ഞു...
ഇത് കണ്ടു സഹിക്കാത്ത ഹബീബ് ഒരു കാര്യം തീരുമാനിച്ചു...
ഈ പണം അവനറിയാതെ തിരികെ വക്കണം, കളഞ്ഞു പോയ പണം തിരികെ കിട്ടി എന്ന് വരുത്തി തീര്‍ക്കാം. വാപ്പ ഷൂ മേടിക്കാന്‍ തന്ന കാശുണ്ട് കയ്യില്‍,..
ഏറെ കാലായുള്ള ആഗ്രഹം ആണ് ഒരു ബ്രാന്‍ഡഡ് ഷൂ. തല്‍കാലം അത് മറക്കാം...
പക്ഷെ, ഷൂ മേടിക്കണ കാര്യം നിക്കിനോട് പറഞ്ഞിട്ടുണ്ട്, അത് എന്താ മേടിക്കാത്തെ എന്ന് ചോദിച്ചാല്‍ എന്ത് പറയും?
അപ്പോ എന്തെങ്കിലും വഴി പടച്ചോന്‍ കാണിക്കട്ടെ എന്നും വിചാരിച്ച്
പൈസ വക്കാന്‍ തീരുമാനിച്ചു...
പിറ്റേ ദിവസം നിക്ക് പുറത്തു പോയ സമയത്ത് ഹബീബ് ആയിരത്തി അഞ്ഞൂറ് രൂപ സൂത്രത്തില്‍ നിക്കിന്‍റെ മേശയില്‍ വച്ചു. താക്കോല്‍ എന്നെ ഏല്‍പ്പിക്കാറുള്ള കാരണം അകത്തു കടക്കാന്‍ വിഷമം ഒന്നും ഉണ്ടായില്ല. തിരികെ വന്ന നിക്ക് പുസ്തകങ്ങളുടെ ഇടയില്‍ വച്ച പണം കണ്ടെത്തി...
ആദ്യം ഒന്നമ്പരന്നെങ്കിലും പിന്നീട് ഹബീബ് പറഞ്ഞ നുണ അവന്‍ വിശ്വസിച്ചു. അന്ന് ആ കണ്ണുകളില്‍ കണ്ട ചിരിയും തിളക്കവും വെറും ഒരു ഷൂ മേടിചിരുന്നെങ്കില്‍ കിട്ടുമായിരുന്ന സന്തോഷങ്ങളെ ഒക്കെ മുക്കി കളയുന്നതായിരുന്നു. എല്ലാവര്‍ക്കും ഡയറി മില്‍ക്ക് മേടിച്ചു കൊടുത്ത് ഹബീബ് അത് ചെറുതായി ഒരു ആഘോഷം ആക്കി മാറ്റുകയും ചെയ്തു. ഒന്നുമില്ലെങ്കിലും താനും സംശയത്തിന്‍റെ നിഴലില്‍ നിന്നും രക്ഷപ്പെട്ടല്ലോ, അതിന്‍റെ സന്തോഷത്തിന് ഇതിരിക്കട്ടെ എന്ന് തമാശയും പറഞ്ഞായിരുന്നു ചോക്കലേറ്റ് വിതരണം. എന്തായാലും അതവിടെ തീര്‍ന്നു...
അവര്‍ ഇരുവരും ഒരേ കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നു...
പക്ഷെ, പിന്നീട് അവന്‍ ട്രാന്‍സ്ഫര്‍ മേടിച്ച് ചേച്ചിയും അളിയനും ഉള്ള ബോംബെ നഗരത്തില്‍ കൂട് കൂട്ടി...
ഹബീബ് നമ്മുടെ സ്വന്തം ബാംഗളൂരും...
ഒരിക്കല്‍ ഹബീബിന്‍റെ അച്ഛന് കരളിന്‍റെ ഒരു ഓപ്പറേഷന്‍ വേണ്ടി വന്നു. മുംബൈയിലെ ഒരു ആശുപത്രിയില്‍ മാത്രമേ അതിനുള്ള സൗകര്യം ഉണ്ടായിരുന്നുള്ളൂ. നിക്ക് അതിന് വേണ്ട എല്ലാ സഹായവും ചെയ്തു കൊടുത്തു.
ഓപ്പറേഷന്‍ എല്ലാം കഴിഞ്ഞു, വാപ്പക്ക് സുഖമായി ഹോസ്പിറ്റലില്‍ വിശ്രമിക്കുന്ന സമയം...
ജോലി ആവശ്യം കാരണം ഒരു വിദേശ യാത്ര പുറപ്പെടേണ്ടിയിരുന്ന നിക്ക് അങ്ങോട്ട്‌ പോകുന്ന വഴി ആശുപത്രിയില്‍ വന്നു...
വാപ്പയോട് സംസാരിച്ച് അനുഗ്രഹം മേടിച്ച അവന്‍ എയര്‍പോര്‍ട്ടിലേക്ക് പുറപ്പെട്ടു...
അവന്‍ പോയ ശേഷം പണ്ട് നടന്ന തിരിമറിയുടെ കഥ എല്ലാം വാപ്പയോട് പറഞ്ഞപ്പോ മൂപ്പര്‍ക്കും സന്തോഷം...
പിറ്റേ ദിവസം ഡിസ്ചാര്‍ജ് ചെയ്യാം എന്നും മൊത്തം ബില്ലായി ഒരു ലക്ഷത്തിചില്ല്വാനം ആയിട്ടുണ്ടെന്നും നേഴ്സ് അറിയിച്ചു...
പിറ്റേ ദിവസം രാവിലെ തന്നെ ഹബീബ് അടക്കാന്‍ ഉള്ള പണവുമായി കാഷ് കൌണ്ടറില്‍ എത്തി...
ബില്‍ തുക പറഞ്ഞ ക്ലാര്‍ക്ക് കണക്കില്‍ എന്തോ പിശകുള്ള പോലെ നേഴ്സ്മാരെ വിളിപ്പിച്ചു...
അവരും ആകെ അന്തം വിട്ട് എന്നെ നോക്കി...
എന്തോ പന്തികേട് തോന്നിയ ഞാന്‍ അവരോട് കാര്യം അന്വേഷിച്ചു...
ഈ ബില്‍ ഇന്നലെ തന്നെ അടച്ചതാണല്ലോ എന്നായിരുന്നു അവരുടെ മറുപടി...
ആകെ കണ്‍ഫ്യൂഷന്‍ ആയി...
ബില്‍ അടച്ച ആള്‍ ആ റസീറ്റ് ഒരു കവറില്‍ ഇട്ട് കൌണ്ടറില്‍ തന്നെ ഏല്‍പ്പിച്ചിരുന്നു...
പഴയ ഒരു കവര്‍, തുറന്നപ്പോള്‍ അതിനകത്ത് റസീറ്റ് കൂടാതെ ആയിരത്തിഅഞ്ഞൂറ് രൂപയും ഒരു ചെറിയ കുറിപ്പും പിന്നെ ഒരു ഡയറി മില്‍ക്കും ഉണ്ടായിരുന്നു...
അതിന്‍റെ ഏറ്റവും അടിയില്‍ ചുവപ്പ് നിറത്തില്‍ വളരെ പരിചയമുള്ള ഒരു ഒപ്പ്, നിക്കിന്‍റെ മനോഹരമായ കയ്യൊപ്പ്...
ആ ചെറിയ കുറിപ്പില്‍ ആകെ ഉണ്ടായിരുന്ന വരികള്‍ ഇത്ര മാത്രം ആയിരുന്നു.

 "Thank you Brother.
You mean a lot to me.
I am indebted to you a lot more than the sum you gave me years back.
I owe you my blood & breath...
God bless you..."

നന്ദി പറയാന്‍ മൊബൈലില്‍ തിരികെ വിളിച്ചെങ്കിലും അപ്പോഴേക്കും അവന്‍ കടലും കടന്ന് അന്യനാട്ടിലേക്കുള്ള യാത്രയില്‍ ആയിരുന്നു...
ഹബീബ് ഒന്ന് കൂടി സൂക്ഷിച്ചു നോക്കി...
ആ ഒപ്പിന് നിക്കിന്‍റെ രക്തത്തിന്‍റെ മണമുണ്ടായിരുന്നു...
കുറിപ്പിലെ വരികള്‍ സൂചിപ്പിച്ച പോലെ, അവന്‍ രക്തം കൊണ്ടായിരുന്നു അതില്‍ ഒപ്പിട്ടത്...!!!

Thursday, August 01, 2013

ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍....,...

'മുത്തശ്ശി'
എല്ലാ വര്‍ഷവും ഒരു ചരമകോളം നിറയെ
മുഖം വിടര്‍ത്തി ഓര്‍മകളില്‍ നിറയും.
പിന്നെ, 'ടീച്ചര്‍ ഉണ്ടായിരുന്നെങ്കില്‍'
എന്ന നെടുവീര്‍പ്പില്‍ അലിഞ്ഞു ചേരും...

വീട്ടില്‍ വരുന്ന പഴമക്കാര്‍ക്ക് ഇപ്പോഴും മുത്തശ്ശി വലിയൊരു ഓര്‍മപുസ്തകം, ചരമ വാര്‍ഷിക ഫോട്ടോക്കും അപ്പുറം ഒരു പ്രാധാന്യം നഷ്ടപ്പെട്ടിട്ടില്ല എന്നതില്‍ സന്തോഷം...

'മമ്മി'
സാക്ഷരന്‍ ആയ ശേഷം
അമ്മയെ 'വെറും' മമ്മി ആക്കി...
പൊട്ടിപ്പൊളിഞ്ഞ മുറിയില്‍,
വൃദ്ധ സദനത്തിന്‍റെ ഇടനാഴിയില്‍,
അവര്‍ തേങ്ങുന്നുണ്ടാകാം...

എങ്കിലും അമ്മയെ സ്നേഹിക്കുന്നവര്‍ ഷെയര്‍ ചെയ്യേണ്ട പോസ്റ്റുകള്‍ ഞാന്‍ കൃത്യമായി എടുത്ത് ഫേസ്ബുക്കില്‍ വാരി വിതറാറുണ്ട്...


'മകള്‍'
നല്‍കാന്‍ മേടിച്ച സമ്മാനങ്ങള്‍ ഏറെ,
പൊടി പിടിക്കുന്ന വാത്സല്യം വേറെ,
എങ്കിലും ക്ലിപ്തത ഉണ്ട്,
ഞാന്‍ അയക്കുന്ന ആശംസാ എസ്.എം.എസ്സുകള്‍ക്ക്.

എന്നും രാവിലെയും ഇടനേരത്തും വൈകീട്ടും ഉണ്ടോ, ഉറങ്ങിയോ, ഉമ്മ തരുമോ എന്നിങ്ങനെ ധാരാളം അന്വേഷണങ്ങള്‍ മൊബൈല്‍ വഴി നടത്തി പിതൃബന്ധം നിലനിര്‍ത്തുന്നു...

'ഭാര്യ'
പരാതികളുടെ ഒരു റേഡിയോ...
ചുമരില്‍ തൂങ്ങുന്ന
പഴയൊരു വിവാഹ ഫോട്ടോ...
പതിവായി കാണുന്നത്
നിറം മങ്ങി തുടങ്ങിയ ആ പഴയ മുഖം തന്നെ...
ആ പുഞ്ചിരിയുടെ തിളക്കവും
സിന്ദൂരവും ഇത്തിരി കുറഞ്ഞില്ലേ എന്നൊരു സംശയം...

ഇങ്ങോട്ട് പരാതികള്‍ മാത്രം പറഞ്ഞു കൊണ്ട് വിഡ്ഢി പെട്ടിയുടെ മുന്നില്‍ ചെമ്പരത്തിപ്പൂവും ആകാശകടലും കണ്ട് ജീവിതം തള്ളി നീക്കുന്ന ഒരു ശരാശരി ഭാര്യ...

'ഞാന്‍'
മലവെള്ളപാച്ചില്‍ പോലുള്ള ജീവിതത്തിന്‍റെ
വെബ്‌ഹിസ്റ്ററിയില്‍ ഏറ്റവുമൊടുവില്‍ ഞാന്‍
എന്‍റെ വെബ്‌ പേജ് തേടി നടന്നു...
അപ്പോഴേക്കും ആരൊക്കെയോ ഫെസ്ബുക്കിലെ
സൗഹൃദ ലിസ്റ്റില്‍ നിന്നും എന്നെ ഡിലീറ്റ് ചെയ്തിരുന്നു.
എന്നിട്ടും ഞാന്‍ ഗൂഗിളില്‍ കയറി
തുടരന്വേഷണങ്ങള്‍ നടത്തികൊണ്ടിരുന്നു...

'ഭൂതകാല'ഫോള്‍ഡറുകളില്‍
'വര്‍ത്തമാന'ത്തിന്‍റെ ചാറ്റുകള്‍ വന്നു നിറഞ്ഞ്
നോട്ടിഫിക്കേഷന്‍ വന്നപ്പോഴാണ്
'ഭാവികാല'ത്തെ കരുതി ഇന്‍ബോക്സ്
ആദ്യമായി ക്ലിയര്‍ ചെയ്തത്...

അപ്പോഴേക്കും...
എന്‍റെ ജീവിതം തന്നെയും
ലാപ്ടോപ്പില്‍ കൃത്യമായി തെളിയുന്ന
ഫോര്‍മാറ്റ്‌ ചെയ്യാന്‍ പോലുമാകാത്ത സ്ക്രീന്‍ സേവറായി...
ഒന്ന് റീ-ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പോലും പറ്റാത്ത വിധം
ഞാന്‍ ബയോസിന്‍റെ പാസ്സ്‌വേര്‍ഡ്‌ മറന്നു പോയിരിക്കുന്നു...
കാഴ്ചകള്‍ പവര്‍പോയിന്‍റ് പ്രസന്‍റെഷന്‍ മാത്രമാകുന്നു...
കേള്‍വികള്‍ ഹെഡ്സെറ്റ് നിറയുന്ന വാമൊഴികളും...
ഓര്‍മ്മകള്‍ ബ്രൌസര്‍ ഹിസ്റ്ററിയിലേക്ക് ചുരുങ്ങുന്നു...
തലച്ചോറില്ലാത്ത വിന്‍ഡോസ്‌ സിസ്റ്റം പോലെ ഞാന്‍
അപ്ഡേഷന്‍ വേണ്ടാത്ത ഒരു ആപ്ലിക്കേഷന്‍ ഉണ്ടാക്കട്ടെ...
ഡെഡ് ലൈന്‍ പ്രശ്നമല്ലാത്ത ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍,...!!!