ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Sunday, August 25, 2013

ഇതല്ല ഇതിനപ്പുറത്തെ കോള് കണ്ടവന്‍ ആണ് ഈ ഞാന്‍...,...!!

ലോകത്ത് എവിടെ ചെന്നാലും മലയാളിക്ക് ഒരു സ്വഭാവം ഉണ്ട്. പറ്റുമെങ്കില്‍ മലയാളി ആണെന്നത് പുറത്ത് അറിയാതിരിക്കണം. നമുക്ക് മാത്രേ ഈ ഒരു പ്രത്യേകത ഉള്ളൂ എന്ന് തോന്നുന്നു. ബംഗലൂരുവിലോ മറ്റേതെങ്കിലും മെട്രോയിലോ ജോലി ചെയ്യുന്ന ആളുകള്‍ക്ക് അറിയാമായിരിക്കും. നമ്മള് സകല ദൈവങ്ങളെയും വിളിച്ച് അറിയാവുന്ന ഇംഗ്ലീഷ് വാക്കുകള്‍ ഒക്കെ വച്ച് സര്‍ക്കസ് നടത്തി കഴിയുമ്പോ ആയിരിക്കും മനസ്സിലാക്കുന്നത് നമ്മള് വിഡ്ഢി ആയി എന്ന്. മുന്നിലിരിക്കണത് വല്ല ചങ്ങനാശ്ശേരിക്കാരന്‍ നസ്രാണിയോ പാലക്കാടന്‍ പട്ടരോ പട്ടത്തിയാരോ അതുമല്ലെങ്കില്‍ വല്ല മലബാറുകാരന്‍ കോയയോ ആണെന്ന്. ഞാന്‍ പണ്ട് ലാപ്ടോപ് മേടിച്ച് ഒരു സര്‍വീസ് സെന്‍ററിന്‍റെ ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച സംഭവം പറയാം...
കോളേജില്‍ പടിച്ചോണ്ടിരുന്നപ്പോ ഉണ്ടായിരുന്ന ഒരു വൃത്തികെട്ട സ്വഭാവം ഉണ്ട്. കണ്ട കസ്ടമര്‍ കെയര്‍ അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറില്‍ ഒക്കെ വിളിക്കുക, ഇംഗ്ലീഷ് നല്ല അലമ്പായിട്ട് സംസാരിക്കുക. അവര് മലയാളം സംസാരിക്കണ സമയത്ത് കട്ട് ചെയ്യുക. ഇതിന്‍റെ ഭാഗമായി ഇംഗ്ലീഷ് സംസാരിക്കാന്‍ ഉള്ള ശേഷി ഒത്തിരി മെച്ചപ്പെട്ടതും പല കാര്യങ്ങളും നല്ല രീതിയില്‍ അവതരിപ്പിക്കാന്‍ പഠിച്ചതും മറുവശം. അങ്ങനെ അങ്ങനെ ഒത്തിരി നാളുകളുടെ കാത്തിരിപ്പിനൊടുവില്‍, ഒത്തിരി ആളുകളുടെ അനുമതിക്കൊടുവില്‍, ഞാനും സ്വന്തമായി ഒരു ലാപ്‌ ടോപ്‌ മേടിച്ചു. കീ ബോര്‍ഡ്‌ കേടായ, കാമറ കേടായ തോഷിബ എന്ന എന്‍റെ ആദ്യത്തെ സഹചാരിയെ അമ്മയും അച്ഛനും കൈപ്പെടുത്തിയപ്പോള്‍, എനിക്ക് പകല് മുഴുവന്‍ കുത്തിപ്പിടിചോണ്ടിരിക്കാനും രാത്രി കെട്ടിപ്പിടിച്ചു കിടന്നുറങ്ങാനും വേണ്ടി ഒരുവള്‍.-,- ലെനോവോ. നിറം കറുപ്പാണെങ്കിലും ആളൊരു പുലി ആണ്. മേടിച്ച സമയത്തൊക്കെ വന്‍ ശ്രദ്ധ ആയിരുന്നു. പൊടി ഉള്ളിടത്ത് വക്കില്ല, സ്ക്രീന്‍ എല്ലാ ദിവസവും തുടച്ചു മിനുക്കി കുട്ടപ്പന്‍ ആയി കൊണ്ട് നടന്നു. ഇടയ്ക്ക് ഇത്തിരി സ്ലോ ആയോ എന്നൊരു സംശയം. അപ്പൊ ഒന്ന് സര്‍വീസ് ചെയ്യാന്‍ തീരുമാനിച്ചു. ഉടനെ തന്നെ അവരുടെ ടോള്‍ ഫ്രീ നമ്പര്‍ കണ്ടു പിടിച്ച്
വിളിച്ചു. അപ്പുറത്ത് ഒരു മലയാളി ശബ്ദത്തെ പ്രതീക്ഷിച്ചാണ് ഞാന്‍ വിളിച്ചത്. ഓളാണെങ്കില്‍ മുടിഞ്ഞ ഇംഗ്ലീഷ്. ഞാന്‍ വിളിച്ചു മൂന്നാമത്തെ റിങ്ങിന് ആ ചേച്ചി കോള്‍ എടുത്തു.
"ഹലോ, ഗുഡ് മോര്‍ണിംഗ്, ലെനോവോ സര്‍വീസ് സെന്‍റര്‍, വാട്ട് കാന്‍ ഐ ടൂ ഫോര്‍ യൂ?"
ഈ ചോദ്യം കേട്ടപോ തന്നെ രാവിലെ കഴിച്ച പുട്ടും കടലയും തലേന്ന് രാത്രി കഴിച്ച ചപ്പാത്തിയും വരെ ദഹിച്ചു. പണി പാളി എന്ന് മനസ്സിലായി. നല്ല ശബ്ദം, ഞാന്‍ മനസ്സില്‍ ഒരു കാജല്‍ അഗര്‍വാള്‍ ടൈപ്പ് പെണ്ണിനെ സ്വപ്നം കണ്ടു സംസാരിച്ചു തുടങ്ങി. അങ്ങനെ ഇംഗ്ലീഷ് അറിയില്ല എന്ന കാരണം കൊണ്ട് തോറ്റ് പിന്മാറാന്‍ ഞാനും ഒരുക്കമല്ലായിരുന്നു. മ്മള് ആദ്യമായി ഇംഗ്ലീഷ് പഠിപ്പിച്ച ശ്രീധരന്‍ മാഷെയും സവിത ടീച്ചറെയും മനസ്സില്‍ ധ്യാനിച്ച് അങ്ങോട്ട്‌ പെടച്ചു.
"Ya, Mam, I have got some troubles with my laptop."
"OK Sir, Model name please."
"Z570"
"So, what's the issue sir?"
"It appears to be slower than the usual performance."
"Ok Sir, hold on."
ഇത്രയും പറഞ്ഞ് ആ ചേച്ചി വേറെ എന്തോ പറഞ്ഞു കൊടുക്കാന്‍ ഫോണ്‍ ഹോള്‍ഡ്‌ ചെയ്തു. ഞാന്‍ ശ്വാസം നേരെ വിട്ടു. ഞാന്‍ ടൈപ്പ് ചെയ്യുമ്പോ ഉള്ള ഒഴുക്കൊന്നും സംസാരിക്കുമ്പോ ഉണ്ടായിരുന്നില്ല. ആ ചേച്ചി പഞ്ചായത്ത് പൈപ്പില്‍ നിന്നും വെള്ളം പൊട്ടി ഒഴുകുന്ന പോലെ സംസാരിച്ചപ്പോ ഞാന്‍ വായില്‍ പാതി വെന്ത, ചൂടുള്ള ഉരുളക്കിഴങ്ങ്‌ ഇട്ട പോലെ ആണ് സംസാരിച്ചത്. ആ ചേച്ചി എന്തോ പാക്കിസ്ഥാന്‍കാരോട് പെരുമാറണ പോലെ ആണ് പെരുമാറിയത്. അത്ര മുടിഞ്ഞ ഇംഗ്ലീഷ്. കൂടെ നിക്കണ സുഹൃത്തുക്കള്‍ ഒക്കെ എന്‍റെ വാസും ഈസും യായും എക്സ്ക്യൂസ് മീയും ഒക്കെ കേട്ട് ചിരിച്ച് മറിഞ്ഞു. എനിക്കാണെങ്കില്‍ സച്ചിന്‍റെ മുന്നില്‍ പെട്ട ഷെയിന്‍ വോണിന്‍റെ അവസ്ഥ. തോറ്റ് കൊടുക്കാനും മനസ്സില്ല, എന്നാ നന്നായി ഇംഗ്ലീഷ് സംസാരിക്കാനും അറിയില്ല. ആകെ മൊത്തത്തില്‍ ഒരു ജഗ പൊഗ.
ഇവന്മാരുടെ ശല്യം സഹിക്ക വയ്യാതെ ആയപ്പോ ഞാന്‍ അലറി :
"മിണ്ടാതിരിയെടാ പന്നീ, അല്ലെങ്കീ തന്നെ ഈ ശവം എന്താ പറയണേന്നു പിടിത്തം കിട്ടണില്ല. അവള്‍ടെ അമ്മേടെ ഒരു ഇംഗ്ലീഷ്. ഇതിന്‍റെ ഒക്കെ റേഷന്‍ എവിടുന്നാ ആവോ..!!"
അപ്പുറത്ത് നിന്നും ആ ചേച്ചി :
"ഹേ മിസ്റ്റര്‍, സൂക്ഷിച്ചു സംസാരിക്കണം."
വേറെ ചിലതും കൂടി പറഞ്ഞു. അതൊക്കെ 'ബീപ്പ്' ശബ്ദം അര്‍ഹിക്കുന്നവ ആയിരുന്നു എന്ന്‍ മാത്രം മനസ്സിലാക്കുക. തെറി വിളി കേട്ടിട്ട് പുള്ളിക്കാരിടെ വീട് കൊടുങ്ങല്ലൂര്‍ ഭാഗത്ത് എവിടെയോ ആണെന്ന് തോന്നുന്നു..!!! 
എന്തായാലും ഞാന്‍ അപ്പ തന്നെ കോള്‍ കട്ട് ചെയ്തു, അതില്‍ പിന്നെ ഞാന്‍ ലാപ്ടോപ് ഒന്ന് സര്‍വീസ് ചെയ്തിട്ട് പോലുമില്ല'
കളി നമ്മളോടോ? ഇതല്ല ഇതിനപ്പുറത്തെ കോള് കണ്ടവന്‍ ആണ് ഈ ഞാന്‍...,...!!        

3 comments:

  1. പിന്നെ അല്ല.. കുറെ അവളുമാര്‍ ഇറങ്ങികൊളും കാല്‍ സെന്റര്‍ എന്നൊക്കെ പറഞ്ഞു മനുഷ്യനെ ഇടങ്ങേറാക്കാന്‍. നല്ല തെറി തിരിച്ചു വിളിച്ചില്ലേ.. അത് മോശമായി പോയി.

    ReplyDelete
  2. ഈ ബോറനെ ബോറെഴുതി ബോറടിപ്പിക്കാനൊരു ബോറൻ ഇവിടെ ഉണ്ടെന്ന് ഇപ്പോഴാണ് കണ്ടത്. എഴുത്ത് ബോറാണെങ്കിലും കൊള്ളാം.

    ReplyDelete