ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Sunday, August 04, 2013

Thank you Brother...

[ഇതൊരു യഥാര്‍ത്ഥ സംഭവം ആണ്.
പണത്തെക്കാള്‍, തല്‍ക്കാലത്തെ സന്തോഷത്തെക്കാള്‍, സ്വന്തം താല്‍പര്യങ്ങളെക്കാള്‍, സൗഹൃദത്തിനും ബന്ധങ്ങള്‍ക്കും മറ്റുള്ളവരുടെ വലിയ സന്തോഷങ്ങള്‍ക്കും വിലകൊടുത്തിരുന്ന ഒരു മുന്‍തലമുറയുടെ കഥ...
ഇത് വായിക്കുന്ന ന്യൂ ജനറേഷന്' ചിലപ്പോ ചിരി വന്നേക്കാം...
അത് ഒരു കുറ്റമല്ല, ബന്ധങ്ങളുടെ വില മനസ്സിലാകാത്ത (ഞാനുള്‍പ്പെടുന്ന) ജനതതിയുടെ കഴിവുകേടാണ്...
നായകന്‍ എന്‍റെ സുഹൃത്തിന്‍റെ അമ്മാവനും കോഴിക്കോട് ബാലുശ്ശേരിയില്‍ ജനിച്ച് പിന്നീട് ഐ.ഐ.ടി. ഖരഗ്പൂര്‍ അടക്കം പലയിടങ്ങളിലായി പഠനം പൂര്‍ത്തിയാക്കി ജീവിതത്തിന്‍റെ മുക്കാലും കഴിഞ്ഞ ഒരു മദ്ധ്യവയസ്കന്‍...,...
ഈ സൗഹൃദദിനത്തില്‍ ഇതിലും വലിയ സന്ദേശം ഒന്നും എനിക്ക് നല്‍കാന്‍ പറ്റുമെന്ന് തോന്നുന്നില്ല...
ഇനി വായിക്കുക...]
അത്ര ധനികന്‍ ഒന്നും അല്ലാത്ത, വളരെ അഭിമാനി ആയ ഒരു ബംഗാളി ആയിരുന്നു ഹബീബിന്‍റെ എഞ്ചിനീയറിംഗ് പഠനകാലത്തെ അടുത്ത സുഹൃത്ത്- നീല്‍കിഷന്‍ ഉപാദ്ധ്യായ...
'നിക്ക്' എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന മിടുമിടുക്കന്‍ വിദ്യാര്‍ഥി...
ജനനം സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന ഒരു കര്‍ഷക കുടുംബത്തില്‍...,..
അച്ഛന്‍ തികഞ്ഞ ഒരു ഗ്രാമീണവിപ്ലവകാരി, മാര്‍ക്സിസ്റ്റ്‌ പാര്‍ടി പ്രവര്‍ത്തകന്‍, അമ്മ കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് മരിച്ചു, ചേച്ചി ഗ്രാമത്തിലെ ഒരു പ്രൈമറി ഹെല്‍ത്ത് സെന്‍ററില്‍ സഹായി...
ലാളിത്യം കൊണ്ടും പെരുമാറ്റം കൊണ്ടും കോളേജിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും പഠനത്തിലും മുന്നില്‍ ഉള്ളത് കൊണ്ടും നിക്ക് എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് അറിയാവുന്ന നിക്ക് ഒരു മാസം ചിലവാക്കാന്‍ വേണ്ട കൃത്യം പണം മാത്രമേ വീട്ടില്‍ നിന്നും മേടിച്ചിരുന്നുള്ളൂ. അത് കൊണ്ട് തന്നെ അദ്ദേഹം സ്ഥിരം സാമ്പത്തികമാന്ദ്യം നേരിട്ടിരുന്ന ഒരു മൂന്നാംലോകരാജ്യമായി അവശേഷിച്ചു.
എങ്കിലും മറ്റുള്ളവര്‍ നല്‍കുന്ന സഹായം സ്വീകരിക്കാന്‍ അഭിമാനം അനുവദിക്കാത്തത് കൊണ്ട്,എപ്പോഴും  അത് സ്നേഹപൂര്‍വ്വം നിരസിക്കുകയും ചെയ്തിരുന്നു...
പഠിത്തത്തില്‍ ഉള്ള ഉത്സാഹം കൊണ്ടും ബുദ്ധി സാമര്‍ത്ഥ്യം കൊണ്ടും ദൈവാനുഗ്രഹം കൊണ്ടും മാത്രം ഒരു കോച്ചിങ്ങിനും പോകാതെ ഐ.ഐ.ടി.യില്‍ അഡ്മിഷന്‍ നേടിയ അവനോട് ഒരു വര്‍ഷം റിപീറ്റ് ചെയ്ത് ഐ.ഐ.ടി.യില്‍ എത്തിയ മറ്റുള്ളവര്‍ക്ക് എന്നും തികഞ്ഞ ആദരവാണ് ഉണ്ടായിരുന്നത്...
അത്യാവശ്യം പണം കണ്ടെത്താന്‍ അദ്ദേഹം കോളേജിന്‍റെ അടുത്തുള്ള ക്ലബ്ബുകളില്‍ ഫുട്ബോള്‍ കളിക്കാന്‍ പോകുന്ന പതിവും ഉണ്ടായിരുന്നു. ആ ഐ.ഐ.ടി.യുടെ അടുത്ത് ധാരാളം ക്ലബ് മത്സരങ്ങള്‍ നടക്കുന്നത് കൊണ്ട് ഇത്തിരി ചില്ലറ സമ്പാദിക്കാന്‍ ഏറ്റവും എളുപ്പമാര്‍ഗം ഇതായിരുന്നു. അങ്ങനെ ഒരു തവണ കളിക്കിടെ കാലിനു പരിക്ക് പറ്റി. ആശുപത്രിയില്‍ പണം അടക്കാന്‍ കയ്യിലുള്ളത് തികയാത്ത സ്ഥിതി വന്നപ്പോള്‍ അവന്‍ വീട്ടില്‍ നിന്നും പണം ആവശ്യപ്പെട്ടു. അന്ന് ഈ എ.ടി.എം. ഒന്നും അത്ര പ്രചാരത്തില്‍ ഇല്ല...
അത് കൊണ്ട് തല്‍കാലം സുഹൃത്തുക്കള്‍ ചേര്‍ന്ന് പണം അടച്ചു. പിന്നീട് തന്നാല്‍ മതിയെന്നും പറഞ്ഞു...
വീട്ടില്‍ നിന്നും മണിഓര്‍ഡര്‍ വന്ന ദിവസം തന്നെ നിക്ക് എല്ലാവരുടെയും കടം തീര്‍ത്തു. നാട്ടില്‍ പോയ ഒരു സുഹൃത്തിനു കൊടുക്കാന്‍ ഉള്ള ആയിരത്തി അഞ്ഞൂറ് രൂപ മേശയില്‍ തന്നെ സൂക്ഷിക്കുകയും ചെയ്തു. നിര്‍ഭാഗ്യമെന്നു പറയട്ടെ, അവര്‍ ഇരുവരും പുറത്തു പോയ സമയത്ത് ഏതോ ഹറാം പിറന്നവന്‍ ആ കാശ് അടിച്ചോണ്ട് പോയി. ആ പാവത്തിന് അത്  താങ്ങാന്‍ പറ്റാത്തത്ര വലിയ തുക തന്നെ ആയിരുന്നു...
'മോഷണം' അന്വേഷിക്കാന്‍ വാര്‍ഡന്‍ ഉള്‍പെട്ട ഒരു സംഘം രൂപീകരിച്ചു. സുഹൃത്തില്‍ നിന്ന് തുടങ്ങാം എന്ന് പറഞ്ഞ വാര്‍ഡനോട്‌ ആയിരത്തി അഞ്ഞൂറ് രൂപയെക്കാള്‍ മൂല്യം എന്തായാലും ഞങ്ങളുടെ സൗഹൃദത്തിനുണ്ട് എന്നും അത് ഞങ്ങള്‍ക്കിരുവര്‍ക്കും അറിയാമെന്നും പറഞ്ഞ് അവന്‍ ഹബീബിനെ രക്ഷപ്പെടുത്തി. ഒരുപാട് പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ പറ്റിയില്ല. കരഞ്ഞു തളര്‍ന്ന് ആകെ ഭ്രാന്ത്‌ പിടിച്ച അവസ്ഥയില്‍ ആയിരുന്നു ആ പാവം. ഒരുപാട് പേര്‍ സഹായം നല്കാന്‍ തയ്യാറായെങ്കിലും അതൊന്നും വേണ്ട എന്ന വാശിയില്‍ അവന്‍ ഉറച്ചു നിന്നു. ചെറിയ കുട്ടിയെ പോലുള്ള അവന്‍റെ കരച്ചില്‍ കാണാന്‍ വയ്യാതെ എല്ലാവരും പോയപ്പോ റൂമില്‍ ഹബീബും അവനും ഒറ്റക്കായി. കര്‍ഷകന്‍ ആയ അച്ഛന്‍ ഇത്രയും പണം ഉണ്ടാക്കാന്‍ കഷ്ടപ്പെടുന്ന കാര്യവും കാന്‍സര്‍ രോഗി ആയിരുന്ന അമ്മക്ക് പണമില്ലാത്തതിനാല്‍ ചികിത്സ കിട്ടാതെ മരിച്ചതും പഠിത്തത്തില്‍ മോശമല്ലാതിരുന്നിട്ടും തനിക്കു വേണ്ടി പഠനം അവസാനിപ്പിച്ച ചേച്ചിയുടെ കാര്യവും പറഞ്ഞ് നിക്ക് ഏങ്ങലടിച്ചു കരഞ്ഞു...
ഇത് കണ്ടു സഹിക്കാത്ത ഹബീബ് ഒരു കാര്യം തീരുമാനിച്ചു...
ഈ പണം അവനറിയാതെ തിരികെ വക്കണം, കളഞ്ഞു പോയ പണം തിരികെ കിട്ടി എന്ന് വരുത്തി തീര്‍ക്കാം. വാപ്പ ഷൂ മേടിക്കാന്‍ തന്ന കാശുണ്ട് കയ്യില്‍,..
ഏറെ കാലായുള്ള ആഗ്രഹം ആണ് ഒരു ബ്രാന്‍ഡഡ് ഷൂ. തല്‍കാലം അത് മറക്കാം...
പക്ഷെ, ഷൂ മേടിക്കണ കാര്യം നിക്കിനോട് പറഞ്ഞിട്ടുണ്ട്, അത് എന്താ മേടിക്കാത്തെ എന്ന് ചോദിച്ചാല്‍ എന്ത് പറയും?
അപ്പോ എന്തെങ്കിലും വഴി പടച്ചോന്‍ കാണിക്കട്ടെ എന്നും വിചാരിച്ച്
പൈസ വക്കാന്‍ തീരുമാനിച്ചു...
പിറ്റേ ദിവസം നിക്ക് പുറത്തു പോയ സമയത്ത് ഹബീബ് ആയിരത്തി അഞ്ഞൂറ് രൂപ സൂത്രത്തില്‍ നിക്കിന്‍റെ മേശയില്‍ വച്ചു. താക്കോല്‍ എന്നെ ഏല്‍പ്പിക്കാറുള്ള കാരണം അകത്തു കടക്കാന്‍ വിഷമം ഒന്നും ഉണ്ടായില്ല. തിരികെ വന്ന നിക്ക് പുസ്തകങ്ങളുടെ ഇടയില്‍ വച്ച പണം കണ്ടെത്തി...
ആദ്യം ഒന്നമ്പരന്നെങ്കിലും പിന്നീട് ഹബീബ് പറഞ്ഞ നുണ അവന്‍ വിശ്വസിച്ചു. അന്ന് ആ കണ്ണുകളില്‍ കണ്ട ചിരിയും തിളക്കവും വെറും ഒരു ഷൂ മേടിചിരുന്നെങ്കില്‍ കിട്ടുമായിരുന്ന സന്തോഷങ്ങളെ ഒക്കെ മുക്കി കളയുന്നതായിരുന്നു. എല്ലാവര്‍ക്കും ഡയറി മില്‍ക്ക് മേടിച്ചു കൊടുത്ത് ഹബീബ് അത് ചെറുതായി ഒരു ആഘോഷം ആക്കി മാറ്റുകയും ചെയ്തു. ഒന്നുമില്ലെങ്കിലും താനും സംശയത്തിന്‍റെ നിഴലില്‍ നിന്നും രക്ഷപ്പെട്ടല്ലോ, അതിന്‍റെ സന്തോഷത്തിന് ഇതിരിക്കട്ടെ എന്ന് തമാശയും പറഞ്ഞായിരുന്നു ചോക്കലേറ്റ് വിതരണം. എന്തായാലും അതവിടെ തീര്‍ന്നു...
അവര്‍ ഇരുവരും ഒരേ കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നു...
പക്ഷെ, പിന്നീട് അവന്‍ ട്രാന്‍സ്ഫര്‍ മേടിച്ച് ചേച്ചിയും അളിയനും ഉള്ള ബോംബെ നഗരത്തില്‍ കൂട് കൂട്ടി...
ഹബീബ് നമ്മുടെ സ്വന്തം ബാംഗളൂരും...
ഒരിക്കല്‍ ഹബീബിന്‍റെ അച്ഛന് കരളിന്‍റെ ഒരു ഓപ്പറേഷന്‍ വേണ്ടി വന്നു. മുംബൈയിലെ ഒരു ആശുപത്രിയില്‍ മാത്രമേ അതിനുള്ള സൗകര്യം ഉണ്ടായിരുന്നുള്ളൂ. നിക്ക് അതിന് വേണ്ട എല്ലാ സഹായവും ചെയ്തു കൊടുത്തു.
ഓപ്പറേഷന്‍ എല്ലാം കഴിഞ്ഞു, വാപ്പക്ക് സുഖമായി ഹോസ്പിറ്റലില്‍ വിശ്രമിക്കുന്ന സമയം...
ജോലി ആവശ്യം കാരണം ഒരു വിദേശ യാത്ര പുറപ്പെടേണ്ടിയിരുന്ന നിക്ക് അങ്ങോട്ട്‌ പോകുന്ന വഴി ആശുപത്രിയില്‍ വന്നു...
വാപ്പയോട് സംസാരിച്ച് അനുഗ്രഹം മേടിച്ച അവന്‍ എയര്‍പോര്‍ട്ടിലേക്ക് പുറപ്പെട്ടു...
അവന്‍ പോയ ശേഷം പണ്ട് നടന്ന തിരിമറിയുടെ കഥ എല്ലാം വാപ്പയോട് പറഞ്ഞപ്പോ മൂപ്പര്‍ക്കും സന്തോഷം...
പിറ്റേ ദിവസം ഡിസ്ചാര്‍ജ് ചെയ്യാം എന്നും മൊത്തം ബില്ലായി ഒരു ലക്ഷത്തിചില്ല്വാനം ആയിട്ടുണ്ടെന്നും നേഴ്സ് അറിയിച്ചു...
പിറ്റേ ദിവസം രാവിലെ തന്നെ ഹബീബ് അടക്കാന്‍ ഉള്ള പണവുമായി കാഷ് കൌണ്ടറില്‍ എത്തി...
ബില്‍ തുക പറഞ്ഞ ക്ലാര്‍ക്ക് കണക്കില്‍ എന്തോ പിശകുള്ള പോലെ നേഴ്സ്മാരെ വിളിപ്പിച്ചു...
അവരും ആകെ അന്തം വിട്ട് എന്നെ നോക്കി...
എന്തോ പന്തികേട് തോന്നിയ ഞാന്‍ അവരോട് കാര്യം അന്വേഷിച്ചു...
ഈ ബില്‍ ഇന്നലെ തന്നെ അടച്ചതാണല്ലോ എന്നായിരുന്നു അവരുടെ മറുപടി...
ആകെ കണ്‍ഫ്യൂഷന്‍ ആയി...
ബില്‍ അടച്ച ആള്‍ ആ റസീറ്റ് ഒരു കവറില്‍ ഇട്ട് കൌണ്ടറില്‍ തന്നെ ഏല്‍പ്പിച്ചിരുന്നു...
പഴയ ഒരു കവര്‍, തുറന്നപ്പോള്‍ അതിനകത്ത് റസീറ്റ് കൂടാതെ ആയിരത്തിഅഞ്ഞൂറ് രൂപയും ഒരു ചെറിയ കുറിപ്പും പിന്നെ ഒരു ഡയറി മില്‍ക്കും ഉണ്ടായിരുന്നു...
അതിന്‍റെ ഏറ്റവും അടിയില്‍ ചുവപ്പ് നിറത്തില്‍ വളരെ പരിചയമുള്ള ഒരു ഒപ്പ്, നിക്കിന്‍റെ മനോഹരമായ കയ്യൊപ്പ്...
ആ ചെറിയ കുറിപ്പില്‍ ആകെ ഉണ്ടായിരുന്ന വരികള്‍ ഇത്ര മാത്രം ആയിരുന്നു.

 "Thank you Brother.
You mean a lot to me.
I am indebted to you a lot more than the sum you gave me years back.
I owe you my blood & breath...
God bless you..."

നന്ദി പറയാന്‍ മൊബൈലില്‍ തിരികെ വിളിച്ചെങ്കിലും അപ്പോഴേക്കും അവന്‍ കടലും കടന്ന് അന്യനാട്ടിലേക്കുള്ള യാത്രയില്‍ ആയിരുന്നു...
ഹബീബ് ഒന്ന് കൂടി സൂക്ഷിച്ചു നോക്കി...
ആ ഒപ്പിന് നിക്കിന്‍റെ രക്തത്തിന്‍റെ മണമുണ്ടായിരുന്നു...
കുറിപ്പിലെ വരികള്‍ സൂചിപ്പിച്ച പോലെ, അവന്‍ രക്തം കൊണ്ടായിരുന്നു അതില്‍ ഒപ്പിട്ടത്...!!!

2 comments:

  1. കണ്ണ്‍ നനയിച്ചു... ആത്മാര്‍ത്ഥമായ സ്നേഹത്തിനും, സൌഹൃദത്തിനും പകരം വെക്കാന്‍ ഒന്നുമില്ല...

    ReplyDelete