ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Thursday, August 15, 2013

സ്വാതന്ത്ര്യദിനാശംസകള്‍.....,...

രംഗം ഒന്ന്:
പെരിന്തല്‍മണ്ണയിലേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി. ബസ്‌..., പെരുമ്പാവൂര്‍ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരിക്കുന്നു...
തിരുവനന്തപുരത്ത് നിന്നും വരുന്ന ബസ്‌ ആണ്.
മൂത്രം ഒഴിക്കാന്‍ ഡ്രൈവറും ചായ കുടിക്കാന്‍ കണ്ടക്ടറും പോയി.
അപ്പഴക്കും യാത്രക്കാര്‍ ബഹളം തുടങ്ങി.
പത്ത് മിനിറ്റ് പെരുമ്പാവൂരോ മൂവാറ്റുപുഴയിലോ സ്റ്റോപ്പ്‌ ഇല്ലാത്ത ലോങ്ങ്‌ റൂട്ട് ബസ്സുകള്‍ എന്‍റെ അറിവില്‍ ഇല്ല. എന്നിട്ടും പെറ്റ തള്ള സഹിക്കാത്ത സൈസ് തെറികള്‍ വായുവില്‍ ഉയര്‍ന്നു താണ്കൊണ്ടിരുന്നു.
ഒന്ന് ദാഹം മാറ്റാനോ ശങ്ക തീര്‍ക്കാനോ സ്വാതന്ത്ര്യം ഇല്ലാത്ത പാവങ്ങളെ കുറിച്ചോര്‍ത്ത് എനിക്ക് പാവം തോന്നി...!!!

രംഗം രണ്ട് :
ദതേ ബസ്‌..,.
ഇന്നലെ കണ്ട സിനിമയിലെ നായികയെ സ്വപ്നം കണ്ട് ഉറക്കത്തില്‍ ചിരിക്കുന്ന മാന്യന്‍, യുവ കോളമന്‍, യുഗ്മംഗാധകന്‍ [നല്ല വാക്കല്ലേ, ഞാന്‍ ഇപ്പൊ ഉണ്ടാക്കിയതാ], പ്രശസ്തന്‍ എന്ന് ഞാന്‍ മാത്രവും പൊതുശല്യം എന്ന് നാട്ടുകാര്‍ മൊത്തവും പറയുന്ന നിങ്ങള്‍ ഇപ്പൊ വായിക്കുന്ന ബഡായി പറയണ പഹയന്‍ പുത്തൂരത്ത്, അഥവാ നിങ്ങളുടെ സ്വന്തം സനീഷ് പുത്തൂരത്ത്. അപ്പുറത്തിരിക്കണ കെളവന്‍ എന്നെ വിളിച്ചുണര്‍ത്തീട്ട് ഒരു ചോദ്യം, "എന്താ മോനേ ചിരിക്കണേ" ന്ന്.
ഞാനും അവളും സ്വപ്നത്തില്‍ ഒരു പ്രണയഗാനം പാടാന്‍ തുടങ്ങുവായിരുന്നു. അങ്ങേര് അത് നശിപ്പിച്ചു. ഒരു ബസ്സില്‍ ഇരുന്ന് സ്വപ്നത്തില്‍ എങ്കിലും ഇഷ്ടമുള്ള പെണ്ണിനെ സ്വപ്നം കാണാന്‍ കല്യാണപ്രായം എത്തിയ ഒരു യുവാവിന് സ്വാതന്ത്ര്യം ഇല്ലേ? ;)

രംഗം മൂന്ന്‍ :
വീണ്ടും അതേ ബസ്‌.
ദിതവണ, ദിതിന്‍റെ ദപ്പുറത്തുള്ള സീറ്റില്‍ ഒരു ചേട്ടന്‍ ഇരുന്ന് നല്ല നടന്‍ പാലക്കാടന്‍ സ്ലാങ്ങില്‍ മൊബൈലില്‍ ഭാര്യയെ തെറി പറയുന്നു. നമ്മുടെ ബിജു മേനോന്‍ ഓര്‍ഡിനറി സിനിമയില്‍ പറയണ സെയിം സ്ലാങ്ങ്.
"എവിടെയാടീ നിയ്യ്‌?
വീട്ലോ? എന്നിട്ടാണ്ടീ ബസ്‌ പോണ ശബ്ദം?
പെട്ടക്ക് കിട്ടണ്ടെങ്കില്‍ പറഞ്ഞോ നീയ്യ്‌.
ഇന്‍റെ കുട്ടീനെ പിടിച്ചാണഡീ നിന്‍റെ ഒടുക്കത്തെ സത്യടല്.
'സ്വതന്ത്ര്യോ?', ഇതില് കൂടുതല്‍ എന്താന്നാണ്ടീ ഞാന്‍ നെനക്ക് ചീയണ്ടത്?
മിണ്ടണ്ട നീയ്. ഇയ്യ്‌ പറയണേല് എവിടെണ്ടെഡീ ന്യായം?
ഹൈ, അവള് വന്നിരിക്കണ് ഒരു ന്യായക്കാരി. "

പാവം ഒന്നിനും സ്വാതന്ത്ര്യം ഇല്ലാത്ത ഒരു സ്ത്രീ. കഷ്ടം തന്നെ അവരുടെ സ്ഥിതി.

ഇതൊക്കെ കേട്ട അവരുടെ അടുത്തിരിക്കണ ചേട്ടന് ചിരി അടക്കാന്‍ പറ്റിയില്ല.
ഉടന്‍ നമ്മടെ പാലക്കാടന്‍ ചേട്ടന്‍ ഒരു ചാട്ടം.
"ചിരിക്കട നീയ്യ്‌, ആരാന്‍റെ അമ്മക്ക് പ്രാന്ത് പിടിക്കുമ്പോ കാണാന്‍ നെന്നെ പോലെ ഒരുപാടെണ്ണം ഉണ്ടാവും. ഒറ്റ ഒന്നങ്ക്ട് പൊട്ടുമ്പോ ലോകം തിരിയും നിനക്ക്. വേണടാ?
ഓരോരോ മോറന്‍മാര് ഇറങ്ങിക്കോളും, ആളെ ചിറ്റിക്കാനായിക്കൊണ്ട്."

സിനിമയിലെ സ്ലാങ്ങും ഈ ഡയലോഗും കേട്ട് ചിരിച്ച പാവം ഒരക്ഷരം മിണ്ടാതെ തിരിഞ്ഞിരുന്നു. ഒന്ന് ചിരിക്കാന്‍ പോലും ഈ നാട്ടില്‍ സ്വാതന്ത്ര്യം ഇല്ലേ?

രംഗം നാല് : ഇത്തവണ കാമറ ഫോക്കസ് ചെയ്യുന്നത് അങ്ങകലെ ചായക്കടയില്‍ ഉച്ചത്തില്‍ വച്ചിരിക്കുന്ന റേഡിയോ.
"ക്ലബ്ബീസ്, ക്ലബ് എഫ്.എം സ്വാതന്ത്ര്യ ദിനത്തില്‍ നിങ്ങള്‍ക്കായി പ്രത്യേകം സമര്‍പ്പിക്കുന്നു. 'കശ്മീര്‍ തു, മേന്‍ കന്യാകുമാരി' എന്ന പാട്ട്."
എനിക്കതല്ല, ഈ പാട്ടും സ്വാന്തന്ത്ര്യ ദിനവും തമ്മില്‍ എന്ത് ബന്ധം, ഹലുവയും മത്തിക്കറിയും പോലെ. ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ ഉള്ള സ്വാതന്ത്ര്യം എങ്കിലും നമുക്കുണ്ടല്ലോ, ഭാഗ്യം...!!!

ഇത് പോലെ എത്ര അസ്വാതന്ത്ര്യങ്ങള്‍ക്കിടയിലാ നമ്മുടെ ജീവിതം?
ദുസ്വാതന്ത്ര്യങ്ങളെക്കാള്‍ ഭേദമായ അസ്വാതന്ത്ര്യങ്ങള്‍ ഇപ്പോഴും ഒരുപാട് ഉണ്ടെങ്കിലും അവയ്ക്കിടയിലും നമ്മള്‍ അനുഭവിക്കുന്ന, അറിയാതെ പോകുന്ന സൌജന്യങ്ങള്‍ക്ക്, സ്വാതന്ത്ര്യത്തിന്, പൂര്‍വികര്‍ക്ക് നന്ദി, നല്ല സ്വാതന്ത്ര്യദിനാശംസകള്‍..,...

2 comments:

  1. മാഷെ ഒരു സംശയം

    ദിവസവും ആ ബസിൽ തന്നെ യാത്ര ചെയ്യുനതിന്റെ ഗുട്ടന്സ് എന്താ ...?

    (സംശയം ചോദിക്കാൻ ഉള്ള 'സ്വാതന്ത്ര്യം' എനിക്ക് ഉണ്ട് എന്ന് കരുതുന്നു)

    ReplyDelete
    Replies
    1. ആരാണ് എല്ലാ ദിവസവും അതേ ബസ്സില്‍ യാത്ര ചെയ്തേ?
      ഇത് ഒരേ ദിവസം ഒരു പതിനഞ്ചു മിനുട്ട് ഇടവേളയില്‍ നടന്ന സംഭവങ്ങള്‍ ആണ്...!!! :)
      ശുഭദിനം :)

      Delete