ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Tuesday, August 27, 2013

കണ്ണുള്ളവർ വായിക്കുക...

ഞാൻ ഒരു തവണ എറണാകുളത്ത് നിന്നും എങ്ങനെ വീട്ടില് പോണം എന്ന് ആലോചിച്ചു നിൽക്കുന്നു. ട്രെയിൻ വേണോ, ബസ്‌ വേണോ എന്നാണ് കണ്‍ഫ്യൂഷൻ. പെരുമ്പാവൂരിൽ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ ആണ് നിൽപ്പ്. ഒരുപാട് കോളേജുകൾ ചുറ്റുവട്ടത്തുള്ള സ്ഥലം ആണ് പെരുമ്പാവൂർ. അവിടെ ഏറ്റവും കൂടുതൽ കാണാനാവുക നല്ല സുന്ദരികളായ എഞ്ചിനീയറിംഗ് വിദ്യാർഥിനികളെയും പിന്നെ പ്ലൈവുഡ്‌ ഫാക്ടറികളിൽ പണിക്കു വരുന്ന ബീഹാർ,ബംഗാൾ സ്വദേശികളെയും ആണ്. അപ്പോഴാണ്‌ ഒരു പഴയ പെണ്‍സുഹൃത്ത്‌ വിളിച്ചത്.

ഇപ്പ ങ്ങള് ചിലരെങ്കിലും വിചാരിക്കും ഞാനും ഓളും തമ്മില് ലൈൻ ആണെന്ന്. ഓളുടെ കല്യാണം കഴിഞ്ഞ് മൂത്ത കൊച്ച് നല്ല കോയിക്കോടൻ തെറികള് വിളിച്ചു തുടങ്ങിട്ട്ണ്ട്. രണ്ടാമത് ഒരു ആണ്‍കൊച്ചിനുള്ള കാത്തിരിപ്പ് തൊടങ്ങീട്ട് കൊറച്ചു നാളായി. അതോണ്ട് ആരും ആ വിവാഹിതയെ കുറിച്ച് അസഫ്യം പറയല്ലേ. ഓളുടെ കെട്ടിയോൻ അങ്ങ് ദുഫായിൽ അറഫിയുടെ ഇടംകൈ ആണ്. അതും മറക്കരുത്. 

ഓള് വിളിച്ച് അങ്കമാലി ടൌണ്‍ അറിയുമോ എന്ന്. ഇതിലിത്ര അറിയാൻ എന്തിരിക്കുന്നു എന്ന് ഞാൻ. അവളുടെ കൂടെ കുറച്ചു നേരം അങ്കമാലി സ്റ്റാൻഡിൽ വായും പൊളിച്ചു നിക്കാൻ ബുദ്ധിമുട്ടുണ്ടോ എന്ന് ആളെ ആക്കുന്ന തരത്തിൽ ഒരു ചോദ്യവും. സംഭവം എന്തോ സാധനം ഒരാൾക്ക്‌ എത്തിക്കാൻ ആണ്. എനിക്ക് ഒരു ചിക്കൻ ബിരിയാണി മേടിച്ചു തരാം എന്ന വാഗ്ദാനം ഫലിച്ചു. നോം സമ്മതിച്ചു. ഞാൻ അങ്ങനെ പെരുമ്പാവൂര് നിന്നും ഒരു തൃശ്ശൂർ ബസ്സിൽ അങ്കമാലി വന്നിറങ്ങി. ഓള് കൊച്ചിനേം കൊണ്ടായിരിക്കും വരാ ന്നു വച്ച് ഞാൻ കൊറച്ചു മുട്ടായി ഒക്കെ മേടിച്ചു. പക്ഷെ, മൂപ്പത്തിയാര് ഒറ്റക്കായിരുന്നു. എന്തായാലും ഞങ്ങള് അങ്കമാലി സ്റ്റാൻഡിൽ അങ്ങനെ  മുട്ടായി ഒക്കെ തിന്നങ്ങനെ നിന്നു.ഏറണാകുളം ആയ കാരണവും അവിടെ ആണും പെണ്ണും നിന്നാൽ രണ്ട് സുഹൃത്തുക്കൾ എന്ന നിലക്ക് ആളുകള് കണ്ടോളും എന്ന ധൈര്യം ഉള്ളത് കൊണ്ട് ഞങ്ങൾ അവിടെ നിന്ന് വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നു. ഈ കാര്യത്തിൽ എനിക്ക് ഏറണാകുളം നിവാസികളോട് തികഞ്ഞ ആദരവുണ്ട്. എന്‍റെ നാട്ടിലൊക്കെ ഞാൻ ഇങ്ങനെ ഒരു പെണ്ണുമായി സംസാരിച്ചു നിന്നാ പിന്നെ പെണ്ണ് കെട്ടാൻ നേരത്ത് നാട്ടുകാര് എന്തൊക്കെ കഥ പറയും എന്ന് പറയാൻ പറ്റില്ല. ആ പെങ്കൊച്ചിന്‍റെ സ്ഥിതിയും മോശം ആകും. ഇപ്പഴത്തെ പെങ്കുട്ട്യോൾടെ ഒക്കെ ധൈര്യേ എന്നോ ആ പെണ്ണിന്‍റെ അഹമ്മതി എന്നോ അതുമല്ലെങ്കിൽ അതിലും മോശം വല്ല കമന്‍റും മനസ്സില് പറഞ്ഞു കൊണ്ടാണ് ഓരോ കണ്ണുകളും കടന്നു പോകുക. അതൊരു പക്ഷെ, ഒന്നുമറിയാത്ത ഒരു പറ്റം ഗ്രാമീണരുടെ നിഷ്കളങ്കത തന്നെയാകാം. അങ്ങനെ വിശ്വസിക്കാനാണ് എനിക്കും ഇഷ്ടം. പക്ഷെ, ഇവിടെ കഥ അതല്ല. ആർക്കും അന്യനെ കുറിച്ച് ആധിയില്ല, ആവലാതിയില്ല, പരാതിയില്ല, പരിഭവമില്ല. വരുന്ന ബസ്സിനും പോകുന്ന ബസ്സിനും ഇടക്കുള്ള അൽപനേരം അവർ ചുറ്റും എന്ത് നടക്കുന്നു എന്ന് അധികമൊന്നും ശ്രദ്ധിക്കുന്ന പോലുമില്ല. നീണ്ടുനിവർന്നു കിടക്കുന്ന നഗരതിരക്കുകൾക്കിടയിൽ, റോഡിൽ വീഴുന്ന വെളിച്ചത്തിനിടയിലൂടെ നടന്നു നീങ്ങുന്ന പെണ്‍കുട്ടികളുടെ ഇടയിലും അൽപവസ്ത്രധാരികൾ എന്നോ അർധവസ്ത്രധാരികൾ എന്നോ ആക്ഷേപിക്കാവുന്ന ചുരുക്കം ചിലരെയേ കണ്ടിട്ടുള്ളൂ. തൽക്കാലം അതൊക്കെ എങ്ങനേലും വസ്ത്രം ധരിക്കട്ടെ, ആരുടെലുമൊക്കെ കൂടെ യാത്ര ചെയ്യട്ടെ. നമുക്ക് അങ്കമാലി സ്റ്റാൻഡിലേക്ക് തിരികെ വരാം.

മകള് എന്‍റെ താടി ഉള്ള ഫോട്ടോ കണ്ടിട്ട് എനിക്ക് 'ബിന്ദാദൻ' എന്നൊരു പേരിട്ട കഥയും ഒക്കെ പറഞ്ഞു കൊണ്ട് ഞങ്ങൾ നേരം കളഞ്ഞു.
തൊട്ടപ്പുറത്ത് കുറച്ച്  യുവാക്കൾ, കണ്ടാൽ തൊഴിൽരഹിതർ, ഏതു റിലീസ് പടത്തിനു പോണം എന്ന കൂലങ്കഷമായ ചർച്ചയിൽ ആണ്. ഞാൻ അവരെ ഒരിക്കലും കുറ്റം പറയില്ല, കാരണം ഞാനും ഒരുമാതിരി എല്ലാ പടങ്ങളും ഇത് പോലെ കൂട്ടമായി പോയി കാണുന്ന ആളാണ്‌..,. അവരുടെ സിനിമാ അഭിനിവേശം ഒരു കുറ്റമല്ലെങ്കിലും കയ്യിൽ പുകയുന്ന സിഗരട്ട് ചുരുൾ എന്തോ എന്നെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. അതിൽ നിന്നും ഉയരുന്ന പുക വായുവിൽ അലിഞ്ഞു ചേർന്ന് ഇല്ലാതാകുന്നതും നോക്കി അവർ ചര്‍ച്ച തുടർന്നു. എല്ലാ സിനിമയുടേം മുന്നേ സ്പോഞ്ചിൽ നിന്നും ടാർ പിഴിയുന്ന പോലെ കറുത്ത വെള്ളം പിഴിഞ്ഞിട്ടും ഇവന്മാർക്ക് ഒരു മാറ്റവും ഇല്ലല്ലോ എന്ന് എന്‍റെ സുഹൃത്തും അത്ഭുതം പ്രകടിപ്പിച്ചു. 'പുകഞ്ഞു തീരുന്ന യൗവ്വനം' എന്ന് നോം ഇന്‍റലെക്ച്ച്വൽ സ്റ്റൈലിൽ കമന്‍റ് പറഞ്ഞു.

അപ്പോഴാണ്‌ ഒരു അന്ധൻ നടന്നു വരുന്നത് കണ്ടത്.കയ്യിൽ ഒരു കറുത്ത ബാഗ്‌.., ഒരു സ്റ്റീൽ റോഡ്‌., കറുത്ത കണ്ണട. തപ്പി തപ്പി ആണ് നടന്നു വരുന്നത്. മുന്നില് ആളുണ്ടോ എന്ന് മാത്രേ പുള്ളി നോക്കുന്നുള്ളൂ. നടക്കേണ്ട വഴിയൊക്കെ സുപരിചിതം. ഇത് പോലുള്ള മുഖങ്ങൾ എന്നെ വല്ലാതെ വിഷമിപ്പിക്കാറുണ്ട്. കയ്യില ചില്ലറ ഉണ്ടെങ്കിൽ മിക്കസമയത്തും വല്ലതും കൊടുക്കാറുമുണ്ട്. ഇത്തവണയും പതിവ് തെറ്റിച്ചില്ല. ഞാൻ ചില്ലറ നീട്ടിയപ്പോ അയാളുടെ ഒരു ചോദ്യം : "സാർ, പത്തുരൂപ ഇല്ലേ?"
എനിക്ക് വല്ലാത്ത ദേഷ്യം വന്നു, ഞാൻ എന്തോ സാധനം മേടിച്ച് കൊടുക്കാൻ ബാക്കി ഉള്ള പണം പോലെ ആണ് ചോദിക്കുന്നത്. അവിടെ എല്ലാരുടെയും മുന്നില് വച്ച് ചീത്ത വിളിച്ച് ഒരു സീൻ ഉണ്ടാക്കണ്ട എന്ന് വച്ച് ഞാൻ പത്ത് രൂപ അയാൾക്ക്‌ നൽകി. എന്നിട്ട് സുഹൃത്തുമൊത്തുള്ള സംസാരം തുടർന്നു. പെട്ടെന്ന് പുറകിൽ നിന്ന് തട്ടി വിളിച്ചു കൊണ്ട് ഒരാള് ലോട്ടറി ടിക്കറ്റ്‌ നീട്ടി. അത്രയും ഭാഗ്യം ഉണ്ടെങ്കിൽ ഞാൻ ഇങ്ങനെ ഇരിക്കോ എന്ന് ചോദിച്ചു കൊണ്ട് ലോട്ടറി വാങ്ങാതിരിക്കാറാണ് എന്‍റെ പതിവ്. പക്ഷെ, ആ നീട്ടിയ ലോട്ടറിയുടെ മറുതലക്കൽ ഞാൻ നേരത്തെ പറഞ്ഞ അന്ധൻ ആയിരുന്നു. എന്നിട്ട് ഒരു ചെറിയ ചിരിയോടെ അത് കൈമാറി കൊണ്ട് ഒരു ഡയലോഗും, ഒരു ജോലി ചെയ്യാൻ ഉള്ള ആരോഗ്യം ദൈവം നല്കിയിട്ടുണ്ട് സാർ. അത് കൊണ്ട് ആരുടേയും ഭിക്ഷ വാങ്ങാതെ ഇങ്ങനെ ചെറുതെങ്കിലും ഒരു തൊഴില് ചെയ്തു ജീവിക്കാൻ ആണ് ആഗ്രഹം. ശരിയാണ്, വിയർപ്പിന്‍റെ ക്ഷീണം അറിഞ്ഞവനല്ലേ ഭക്ഷണം രുചി അറിഞ്ഞു കഴിക്കാൻ പറ്റൂ.

ഇത് പറയുമ്പോ ആ മുഖത്ത് തെളിഞ്ഞ ഹീറോയിസം ഒരു സിനിമയിലും ഒരു നായകന്‍റെ മുഖത്തും ഞാൻ കണ്ടിട്ടില്ല. നേരത്തെ പുകഞ്ഞു കൊണ്ടിരുന്ന സിഗരട്ട് പിടിച്ച കൈകളിൽ നിന്നും അത് താഴെ വീണു. അവരെല്ലാവരും അവിശ്വസനീയതയോടെ അയാളെ നോക്കി. എന്‍റെ കാറ്റ് നേരത്തെ പറഞ്ഞ സിഗരറ്റിന്‍റെ പുകയെക്കാൾ മേലെ എത്തിയിരുന്നു. അപ്പോഴേക്കും സുഹൃത്ത്‌ കാണാൻ വന്ന ആൾ മൊബൈലിൽ വിളിച്ചു. വർണപകിട്ട് എന്ന സിനിമയിലെ "ആകാശങ്ങളിൽ വാഴും" എന്ന പാട്ടാണ് അവളുടെ റിംഗ് ടോണ്‍..,. ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട് അയാൾ നടന്നു നീങ്ങുമ്പോൾ ആ റിംഗ്ടോണ്‍ പശ്ചാത്തലസംഗീതം പോലെ പ്ലേ ചെയ്തു കൊണ്ടിരുന്നു. ദൈവത്തിനു സ്തുതി പറയുന്ന ആ ഗാനം ഇത്രയും അർത്ഥവത്തായി അതിനു മുൻപൊരിക്കലും എനിക്ക് തോന്നീട്ടില്ല. പിന്നീടുള്ള അന്വേഷണങ്ങളിൽ ഞാൻ അറിഞ്ഞു ആ മനുഷ്യൻ ഒരു ബിരുദധാരി ആണെന്ന്! അസൗകര്യങ്ങളുടെ ഇരുളിനെ കീറിമുറിച്ച് സൌകര്യങ്ങളുടെ വെളിച്ചം കണ്ടെത്തുന്ന ഇത് പോലുള്ള എല്ലാ വഴിവിളക്കുകൾക്കും ഈ എഴുത്ത് സമർപ്പിക്കുന്നു.

ശുഭദിനം, നല്ല നമസ്കാരം...!!!

6 comments:

 1. അല്ലെങ്കിലും ഞങ്ങൾ എറണാകുളത്തുകാർ പണ്ടേ നല്ല ആൾക്കാരാ ...
  എഴുത്ത്കൊ ള്ളാം . ഇനിയും വരാം

  ReplyDelete
 2. അയാള്‍ മാതൃകയാണ് .അനുഭവങ്ങള്‍ ......വെളിച്ചമാണ് ,വഴികാട്ടിയാണ്.

  ReplyDelete
 3. hats off man.............. നന്നായി വിവരിച്ചു...

  ReplyDelete
 4. കൊള്ളാം.
  ശുഭദിനം....ശുഭരാത്രി....

  ReplyDelete
 5. Ninake vella sinimayum ezhuthi koode

  ReplyDelete