ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Saturday, August 10, 2013

തിരശ്ശീലക്കുമപ്പുറം : Take 1

താന്‍ നിര്‍മിച്ച മള്‍ടി-സ്റ്റാര്‍ സിനിമയോടൊപ്പം താന്‍ അഭിനയിച്ച സിനിമ പുറത്തിറക്കുക, സ്ക്രീനില്‍ മികവു കൊണ്ട് എല്ലാവരെയും അത്ഭുതപ്പെടുത്തുക, ആ ചിത്രത്തെ ഏറ്റവും മികച്ച നിരയിലെക്കുയര്‍ത്തുക. ഇതൊരു പക്ഷെ, മറ്റൊരു അഭിനേതാവും പ്രകടിപ്പിക്കാത്ത ധൈര്യം ആണ്, ചങ്കൂറ്റം ആണ്. അത് കൊണ്ട് തന്നെ ആണ് മലയാളത്തിന്‍റെ 'പുതിയ മുഖം' ആയി പ്രിത്വി മാറുന്നതും.
അന്യഭാഷാ ചിത്രങ്ങളും താരപുത്രചിത്രവും മത്സരത്തിനുള്ള ഈ സമയത്ത് ഏറ്റവും പുറകിലാകും എന്ന് ഞാനടക്കം ഉള്ള വലിയൊരു സമൂഹം ചിന്തിച്ച ഒരു സിനിമ എല്ലാ ലാപ്പും വിജയകരമായി ഓടി പൂര്‍ത്തിയാക്കി ഒരു യോദ്ധാവിന്‍റെ കരുത്തോടെ നെഞ്ച് വിരിച്ചു നില്‍ക്കുമ്പോള്‍, മുന്‍പെങ്ങും ഇല്ലാത്തവിധം കയ്യടി നേടി മുന്നേറുമ്പോള്‍, അഭിമാനിക്കാവുന്നത് പ്രേക്ഷകര്‍ക്ക്‌ കൂടി ആണ്. മരം ചുറ്റി പ്രേമങ്ങളിലും മെഗാസ്റ്റാര്‍ കോപ്രായങ്ങളിലും ഒതുങ്ങി പോകുമായിരുന്ന കാഴ്ചാനുഭവങ്ങളില്‍ നിന്നും മാറി ചിന്തിക്കാന്‍ ഇവിടത്തെ എഴുത്തുകാരെ, സംവിധായകരെ, നിര്‍മാതാക്കളെ പ്രേരിപ്പിക്കുന്നത് ഈ പ്രേക്ഷക പ്രതികരണങ്ങള്‍ തന്നെ ആണ്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് 'മലര്‍വാടി' ഇറങ്ങിയ സമയത്ത് ഒരു ചാറ്റ് ഷോ ഷൂട്ടിങ്ങിനിടെയുള്ള ഒരു സംഭാഷണത്തില്‍ ശ്രീ.വിനീത് ശ്രീനിവാസന്‍ ഒരു സ്വപ്നത്തെ കുറിച്ച് പറഞ്ഞു.
അഞ്ചു വര്‍ഷം കൊണ്ട് മലയാള സിനിമയില്‍ വലിയൊരു തരംഗം വരും.
[ഇനി പറയുന്ന വാചകം അടിവരയിടണം]
മള്‍ടി-സ്റ്റാര്‍ - അന്യ ഭാഷാ സിനിമകള്‍ക്കിടയില്‍, വലിയ ബഹളങ്ങള്‍ ഒന്നും ഇല്ലെങ്കിലും ഒരു സിനിമക്ക് കഥ കൊണ്ടും പാത്രസൃഷ്ടി കൊണ്ടും ദൃശ്യ ഭാഷ കൊണ്ടും പുതുമ കൊണ്ടും വിജയിക്കാന്‍ ആകുന്ന സാഹചര്യം വരും.
പരുത്തി വീരനെ പുകഴ്ത്തിയ മലയാള പ്രേക്ഷകര്‍ക്ക്‌ അതിനേക്കാള്‍ മികച്ച കാഴ്ച നല്‍കാന്‍ സംവിധായകര്‍ മത്സരിച്ചു കൊണ്ടിരിക്കും.
അന്ന് ചര്‍ച്ച ചെയ്യപ്പെടുന്ന പേരുകള്‍ എന്തായാലും സിനിമാ നടന്മാരുടെത് മാത്രമാകില്ല.

ഈ അവസാനം പറഞ്ഞ കാര്യങ്ങള്‍ സംഭവിച്ചു തുടങ്ങിയിരിക്കുന്നു, അതും മുകളില്‍ പ്രവചിച്ചതിലും നേരത്തെ തന്നെ...!!
ആളും ആരവവും ഇല്ലാതെ ഒറ്റക്കൊരു നടന്‍ പ്രത്യക്ഷപ്പെടുന്ന പോസ്റ്ററുകള്‍ അടുത്തൊന്നും ഇങ്ങനെ നിറഞ്ഞ് കണ്ടിട്ടില്ല.
ആദ്യം 'രാജപ്പന്‍' എന്ന് കൂക്കി വിളിച്ചവരെ നിശ്ശബ്ദരാക്കി, പിന്നീട് സ്തബ്ദരാക്കി, തുടര്‍ന്ന് കയ്യടിപ്പിച്ചു, ഇപ്പൊ ഇതാ ജയ് വിളിപ്പിക്കുന്നു.
നന്ദി പ്രിത്വിരാജ്, ഒരു നടന്‍ എന്നതിലും അപ്പുറം താങ്കള്‍ കൈവരിക്കുന്ന വളര്‍ച്ച ഇനി നമ്മുടെ സിനിമയുടേതു കൂടി ആകുന്നു...
സിംഹഹൃദയങ്ങള്‍ പുഞ്ചിരിക്കട്ടെ, ആട്ടിന്‍കുട്ടിക്ക് നല്ല തീറ്റ കിട്ടട്ടെ, നീലാകാശം മിന്നല്‍പിണരുകള്‍ ഉതിര്‍ക്കട്ടെ...
എക്സ്പ്രസ്സ്‌ വേഗതക്ക് തലൈവന്‍ മറുപടി നല്‍കട്ടെ... 
നരസിംഹവും വല്ല്യെട്ടന്മാരും ഇനിയുമിനിയും മനസ്സ് നിറക്കട്ടെ...

ശുഭദിനം, നല്ല നമസ്കാരം. 

No comments:

Post a Comment